ദുരഭിമാനക്കൊലയിൽ ജീവൻ നഷ്ടമായ കെവിൻ പി.ജോസഫിന്റെ മൃതദേഹം കുമാരനെല്ലൂരിലെ വീട്ടിലെത്തിച്ചു. കെവിന് അന്തിമോചാരമർപ്പിക്കാൻ നിരവധി പേരാണ് നട്ടാശേരിയിലെ വാടക വീട്ടിലേക്ക് എത്തുന്നത്.
കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. രാവിലെ ഒന്‍പത് മണിയോടെ ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പത്തരയോടെയാണ് അവസാനിച്ചത്. പൊതുദർശനത്തിനുശേഷം വൈകിട്ട് മൂന്നോടെ മൃതദേഹം സംസ്കരിക്കും.
സുഹൃത്തുക്കളും നാട്ടുകാരും അടക്കം നിരവധി പേരാണ് കെവിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കെവിന്റെ പോസ്റ്റ്മോർട്ടം നടന്ന കോട്ടയം മെഡിക്കൽ കോളേജിനു മുന്നിലും രാഷ്ട്രീയ പാർട്ടികളുടെയും ദലിത് സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും തടിച്ചുകൂടിയിരുന്നു. ആശുപത്രി മോര്‍ച്ചറിയ്ക്ക് മുന്നില്‍ ചെറിയ രീതിയിൽ സംഘർഷവും ഉണ്ടായി.
കെവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ നീനുവിന്റെ സഹോദരൻ സാനു ചാക്കോ ഉൾപ്പെടെയുളള ബാക്കിയുളള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ട് പങ്കുളള മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നീനുവിന്റെ സഹോദരൻ സാനുവിന്റെ സുഹൃത്ത് ഇഷാൻ, ബന്ധുക്കളായ റിയാസ്, നിയാസ് എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി സാനു ചാക്കോയ്ക്കായി വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സാനു തമിഴ്‌നാട്ടിലുണ്ടെന്നാണ് സൂചന.
കേസിൽ നീനുവിന്റെ അച്ഛൻ ചാക്കോയെയും പ്രതി ചേർത്തിട്ടുണ്ട്. കേസിൽ ആകെ 14 പേർ പ്രതികളാണെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കി.
കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ്, ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കോട്ടയം ജില്ലയില്‍ പുരോഗമിക്കുകയാണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതുവരെ അക്രമസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
കൊല്ലം തെന്മല ഒറ്റക്കൽ സാനു ഭവനിൽ നീനു ചാക്കോ (20)യെ പ്രണയിച്ച് വിവാഹം കഴിച്ചതിനാലാണ് നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി.ജോസഫി (23)നെ ക്രൂരമായി കൊലപ്പെടുത്തിയത്. നീനുവിന്റെ സഹോദരനും സംഘവും ചേർന്നാണ് കെവിനെ ഞായറാഴ്‌ച കോട്ടയത്തുനിന്നും തട്ടിക്കൊണ്ടുപോയത്. ഇന്നലെ രാവിലെ എട്ടരയോടെ കൊല്ലം തെന്മലല ചാലിയക്കര തോട്ടിൽനിന്നും കെവിന്റെ മൃതദേഹം കണ്ടെത്തി.
വീഡിയോ കടപ്പാട് മാതൃഭൂമി ന്യൂസ്
ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയ കെവിൻ പി.ജോസഫ് മുങ്ങി മരിച്ചതായിരിക്കാമെന്ന് പോസ്റ്റ്മോർട്ട്ം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കെവിന്റെ ശരീരത്തിൽ പരിക്കുകൾ ഉണ്ടെങ്കിലും അതൊന്നും തന്നെ മരണകാരണമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അന്തിമ റിപ്പോർട് ആന്തരിക അവയവ പരിശോധനയ്ക്ക് ശേഷം. പ്രതികൾ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു.
തട്ടിക്കൊണ്ട് പോയി കൊന്ന് തള്ളിയ സഹോദരന്‍ ഷാനു ചാക്കോ ഭാര്യ വീടായ പേരൂര്‍ക്കടയിലെത്തിയ ശേഷം നാഗര്‍കോവിലിലേക്ക് കടന്നതയാണ് വിവര. ഇതുവരെ പിടിയിലായത് മൂന്ന് പ്രതികൾ . ഷാനു വിദേശത്തേയ്ക്ക് കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചു. എന്ത് ചെയ്യണമെന്നറിയാത്ത നീനുവിന് താങ്ങായി കെവിന്റെ വീട്ടുകാര്‍ മാത്രം
കോട്ടയം: താന്‍ കെവിന്റെ ഭാര്യയായിത്തന്നെ ജീവിക്കുമെന്ന് നീനു. ഇവിടെ നിന്ന് തന്നെ ആരും കൊണ്ടുപോകരുതെന്നും നീനു പറഞ്ഞു. കെവിനുമായുള്ള ബന്ധത്തില്‍ നിന്ന് പിന്‍മാറണമെന്ന് കേസില്‍ ഇപ്പോള്‍ പിടിയിലായ നിയാസും മറ്റു ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. വിവാഹത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ വെട്ടിക്കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി നീനു പറഞ്ഞു. തന്റെ മാതാപിതാക്കളുടെ അറിവോടെയാണ് കൊലപാതകമെന്നും നീനു പറഞ്ഞു.
കെവിന്റെ കൊല ആസൂത്രിതമാണെന്ന് പിതാവ് രാജനും പറഞ്ഞു. നീനുവിന്റെ ബന്ധുക്കള്‍ ദിവസങ്ങളോളം കോട്ടയത്തുണ്ടായിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ ഇവരെ സഹായിച്ചതായി സംശയമുണ്ടെന്നും രാജന്‍ വ്യക്തമാക്കി. നീനുവിന്റെ സഹോദരന്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്നും അമ്മയ്ക്കു നീനുവിനെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും രാജന്‍ പറഞ്ഞു. ഇയാള്‍ അന്ന് വന്ന അതേ ഇന്നോവയില്‍ തന്നെയാണ് കെവിനെ തട്ടിക്കൊണ്ടു പോയത്. ഇനിയുള്ള കാലം നീനുവിനെ സംരക്ഷിക്കാന്‍തന്നെയാണ് തീരുമാനമെന്നും രാജന്‍ അറിയിച്ചു.
കെവിന്റെ മരണത്തിനു കാരണമായ പോലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ നടക്കുകയാണ്. യുഡ്എഫ്, ബിജെപി, സിഎസ്ഡിഎസ്, കെപിഎംഎസ് പുന്നല വിഭാഗം തുടങ്ങിയവരാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.
കൊല്ലപ്പെട്ട കെവിന്റെ പ്രണയം വീട്ടുകാര്‍ അറിയുന്നത് പ്രശ്‌നം ഉണ്ടായപ്പോള്‍. അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരനും അടുത്ത കൂട്ടുകാര്‍ കുറവുള്ള ആളുമായ കെവിന്‍ പ്രണയം അധികമാരേയും അറിയിക്കാതെ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി നീനുവിന് മറ്റൊരു വിവാഹം ആലോചിക്കുന്നതായി അറിഞ്ഞതിനെ തുടര്‍ന്നായിരുന്നു വെള്ളിയാഴ്ച റജിസ്റ്റര്‍ വിവാഹം ചെയ്തതും പ്രശ്‌നങ്ങള്‍ ഉണ്ടായതും.
അതേസമയം വിവാഹക്കാര്യം വെള്ളിയാഴ്ച തന്നെ കളിക്കൂട്ടുകാരനും മെഡിക്കല്‍ റെപ്പുമായ ശ്രീവിഷ്ണുവുമായി പങ്കുവെച്ചിരുന്നതായി വിവരമുണ്ട്. ശ്രീവിഷ്ണു വിളിച്ചപ്പോള്‍ കല്യാണമാണെന്നും കാര്യങ്ങള്‍ നേരില്‍ കാണുമ്പോൾ പറയാമെന്നും കെവിന്‍ പറഞ്ഞു. പിന്നീട് സ്വിച്ച് ഓഫ് ചെയ്തതോടെ ശ്രീവിഷ്ണുവിന് കൂടുതലൊന്നും പറയാനായില്ല. ഫോണ്‍ കിട്ടാതായതോടെ വിഷ്ണു മെസേജ് അയച്ചു. തിങ്കളാഴ്ച രാവിലെ കെവിന്‍ കൊല്ലപ്പെട്ട വിവരമറിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് ശ്രീവിഷ്ണുവുമായി സംസാരിച്ച കാര്യം പോലും കെവിന്റെ വീട്ടുകാര്‍ അറിഞ്ഞത്. ഏറ്റുമാനൂര്‍ ഐ.ടി.ഐയിലെ പഠനകാലത്തും അതിനു ശേഷവും മാന്നാനത്ത് പിതൃസഹോദരി വീട്ടിലായിരുന്നു കെവിന്റെ താമസം.
കൊല്ലം തെന്മലയില്‍നിന്നു ബിരുദപഠനത്തിനായി മാന്നാനത്തെത്തിയ നീനുവുമായി അവിടെ വെച്ച് യാദൃച്ഛികമായുണ്ടായ പരിചയം അടുപ്പമായും പിന്നീടു പ്രണയമായും മാറുകയായിരുന്നു. പക്ഷേ കുടുംബാംഗങ്ങളില്‍നിന്നു പോലും കെവിന്‍ ഈ വിവരം മറച്ചുവച്ചു. കോട്ടയം സബ് രജിസ്ട്രാര്‍ ഓഫിസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാണ് കെവിന്റെ കുടുംബവും വിവരമറിഞ്ഞത്. എസ്.എച്ച്. മൗണ്ടില്‍ ടൂവീലര്‍ വര്‍ക്‌ഷോപ് നടത്തുന്ന പിതാവ് ജോസഫിന്റെ (രാജന്‍) തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ ആശ്രയം. ഒരു ഇലക്‌ട്രീഷ്യന്റെ സഹായിയായി വയറിങ് ജോലികള്‍ ചെയ്യുകയായിരുന്ന കെവിന്‍ ഏതാനും നാള്‍ മുൻപ് ദുബായിലേക്ക് പോയത്.
സഹോദരി കൃപയുടെ വിവാഹവും സ്വന്തമായി നല്ലൊരു കിടപ്പാടവുമൊക്കെ കെവിന്റെ സ്വപ്‌നങ്ങളില്‍ ഉണ്ടായിരുന്നു. വീട്ടുകാര്‍ നീനുവിനു വിവാഹമുറപ്പിച്ചെന്ന് അറിഞ്ഞ് ഏകദേശം ഒരു മാസം മുൻപ് കെവിന്‍ നാട്ടിലെത്തിയത്. പരീക്ഷാവിവരം അറിയാനെന്ന പേരില്‍ നീനു 23-നു കോട്ടയത്തെത്തി. ഹിന്ദു ചേരമര്‍ വിഭാഗക്കാരായിരുന്ന കെവിന്റെ കുടുംബം പിന്നീട് ക്രിസ്തുമതം സ്വീകരിച്ചവരാണ്. റോമന്‍ കാത്തലിക് വിഭാഗത്തില്‍പ്പെട്ട, ധനസ്ഥിതിയുള്ള നീനുവിന്റെ കുടുംബത്തിനു കെവിനെ അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല.
നീനു ഫോണിലൂടെ തെന്മലയിലെ വീട്ടില്‍ അറിയിച്ചതോടെ ഭീഷണിയായി. നീനുവിന്റെ ബന്ധുക്കള്‍ പരാതി നല്‍കിയതോടെ കോട്ടയം ഗാന്ധിനഗര്‍ പോലീസ് ഇവരെ വിളിപ്പിച്ചു. കെവിനൊപ്പം ജീവിക്കാനാണു താല്‍പര്യമെന്നു നീനു അറിയിച്ചു. പ്രകോപിതരായ ബന്ധുക്കള്‍ നീനുവിനെ പോലീസിന്റെ മുന്നില്‍ മര്‍ദിച്ചു വാഹനത്തില്‍ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ സംഘടിച്ചതോടെ പിന്‍വാങ്ങി. അതോടെ നീനുവിനെ രഹസ്യമായി അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു മാറ്റി.
കെവിന്‍ അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലേക്കു പോയി. പക്ഷേ ഈ കരുതലും തുണയായില്ല. ഞായറാഴ്ച പുലര്‍ച്ചെയാണ് മൂന്നു വാഹനങ്ങളിലായി എത്തിയ സംഘം മാന്നാനം പള്ളിപ്പടിയിലെ വീടു തല്ലിത്തകര്‍ത്ത് കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയത്. യാത്രയ്ക്കിടെ അനീഷിനെ വഴിയില്‍ ഇറക്കിവിട്ടു. കെവിനെപ്പറ്റി വിവരം ലഭിച്ചില്ല. എവിടെ എന്ന ചോദ്യത്തിന് ഉത്തരമായത് ഇന്നലെ രാവിലെ തെന്മലയില്‍ മൃതദേഹം കണ്ടെത്തിയപ്പോഴാണ്.
പ്രണയവിവാഹത്തിന്‍റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ കൊല്ലപ്പെട്ട കോട്ടയത്ത് സംഘര്‍ഷവും നാടകീയ രംഗങ്ങളും. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനുമുന്നിലാണ് സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ്.പിക്കുനേരെ പാഞ്ഞടുത്തു. കൊടി ഉപയോഗിച്ച് എസ്.പി മുഹമ്മദ് റഫീഖിനെ അടിക്കുകയും ചെയ്തു. തിരുവഞ്ചൂരും ഐജി വിജയ് സാഖറെയും തമ്മില്‍ സ്ഥലത്ത് രൂക്ഷമായ വാഗ്വാദമുണ്ടായി.
പൊലീസ് സ്റ്റേഷനു മുന്നില്‍ രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കുത്തിയിരിക്കുകയാണ്. വന്‍ പ്രതിഷേധത്തിനാണ് കോട്ടയം സാക്ഷ്യം വഹിക്കുന്നത്. കെവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കൈക്കൂലി വാങ്ങി അന്വേഷണം വൈകിപ്പിച്ച പൊലീസുകാരുടേത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഞ്ഞടിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. കോട്ടയം ഗാന്ധി നഗർ സ്റ്റേഷനു മുന്നിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉപവാസം തുടങ്ങി.
ഇതോടെ പ്രണയവിവാഹത്തിന്‍റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ കൊല്ലപ്പെട്ട സംഭവം സംസ്ഥാനത്ത് രാഷ്ട്രീയ വിവാദമായി വളരുകയാണ്. ചെങ്ങന്നൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് സംസ്ഥാന പൊലീസ് വീണ്ടും പ്രതിക്കൂട്ടിലാകുന്നത്.
തിരോധാനക്കേസിൽ നടപടി വൈകിച്ച എസ്.ഐയെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ കോട്ടയം എസ്പിയെയും മാറ്റിയിരുന്നു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഗാന്ധിനഗർ എസ്ഐ എം.എസ്.ഷിബുവിനാണ് സസ്പെൻഷൻ. മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയതിന് കോട്ടയം എസ്പി: മുഹമ്മദ് റഫീഖിനെ മാറ്റിനിര്‍ത്തുകയും ചെയ്തു. പൊലിസ് ആസ്ഥാനത്തെ എഐജി ഹരിശങ്കർ കോട്ടയം എസ്പി.
പ്രണയവിവാഹത്തിന്‍റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കോട്ടയം സ്വദേശിയായ നവവരന്‍റെ മൃതദേഹം കണ്ടെത്തി. കോട്ടയം നട്ടാശേരി സ്വദേശി കെവിന്‍ പി. ജോസഫിന്റെ മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടിലാണ് കണ്ടെത്തിയത്. ദുരഭിമാനക്കൊല നടത്തിയത് കെവിന്‍റെ ഭാര്യയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളാണെന്നാണ് പ്രാഥമിക വിവരം.
മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്ന കെവിനൊപ്പം നീനുചാക്കോ ഇറങ്ങിപ്പോയതാണ് ബന്ധുക്കളെ പ്രകോപിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് നീനുവിന്‍റെ സഹോദരന്‍റെ നേതൃത്വത്തിലുള്ള ഗൂണ്ടാസംഘം കെവിനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയത്. മര്‍ദിച്ചവശനാക്കിയശേഷം അനീഷിനെ വഴിയില്‍ ഉപേക്ഷിച്ചിരുന്നു. കെവിനുവേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
തൃശ്ശൂര്‍: മകനെ അന്വേഷിച്ച് വീട്ടിലെത്തിയ ഗുണ്ടാസംഘം അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. ഇരിങ്ങാലക്കുട മൊന്തച്ചാലില്‍ വിജയനെയാണ് മാരകായുധങ്ങളുമായി എത്തിയ സംഘം വെട്ടിക്കൊന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികള്‍ സ്ഥലത്തെ പ്രധാന ഗുണ്ടകളാണെന്നാണ് കരുതുന്നത്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.
ഇരിങ്ങാലക്കുട കനാല്‍ ബേസില്‍ ഞായറാഴ്ച രാത്രി 11 മണിക്കാണ് സംഭവം. ബൈക്കിലെത്തി വിജയന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ശേഷം ഇവരുടെ മകനെ തിരക്കുകയായിരുന്നു. എന്നാല്‍ ആ സമയത്ത് വിജയന്റെ മകന്‍ വിനു അവിടെ ഉണ്ടായിരുന്നില്ല. ഗുണ്ടകള്‍ അതിക്രമിച്ച് കയറുന്നത് തടയാന്‍ ശ്രമിച്ച വിജയനെ ഇവര്‍ വാളുകൊണ്ട് വെട്ടി വീഴ്ത്തുകയായിരുന്നു. പ്രതിരോധിക്കാന്‍ ശ്രമിച്ച ശ്രമിച്ച ഭാര്യ അംബികക്കും വെട്ടേറ്റു. വീട്ടിലുണ്ടായിരുന്ന അംബികയുടെ അമ്മയെയും ഗുണ്ടകള്‍ ആക്രമിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച്ച വൈകുന്നേരം ഇരിങ്ങാലക്കുട ടൗണില്‍ വെച്ച് വിനു ചിലരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഇവര്‍ക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. രാത്രി ആക്രമണത്തിന് സാധ്യതയുണ്ടായിരുന്നതായി വിനുവിന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇരിങ്ങാലക്കുട കെഎസ്ഇ ഉദ്യോഗസ്ഥനാണ് മരിച്ച വിജയന്‍.
ആലപ്പുഴ: പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ ഭാര്യയെ ഡയറക്ടേറ്റ് ഓഫ് മാനേജ്‌മെന്റ് ടെകനോളജി ആന്റ് ടീച്ചേഴ്‌സ് എജുക്കേഷന്‍ ഡയറക്ടറായി നിയമിച്ചതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നു. കഴിഞ്ഞ ദിവസമാണ് ഡോക്ടര്‍ ജൂബിലി നവപ്രഭയെ കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി ചുമതലയേറ്റത്.
മന്ത്രിപത്‌നിക്കായി യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്നും ആരോപണം ഉയരുന്നുണ്ട്. പ്രതിമാസം 35000 രൂപ ശമ്പളത്തില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സര്‍വ്വകലാശാലക്ക് കീഴിലെ 10 സ്വാശ്രയ ബിഎഡ് സെന്ററുകളുടേയും 29 യുഐടികളുടയും ഏഴു സ്വാശ്രയ എംബിഎ കേന്ദ്രങ്ങളുടെയും ചുമതലയാണ് നല്‍കിയത്.
മെയ് മാസം നാലിന് നടത്തിയ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും നിയമന ഉത്തരവില്‍ പറയുന്നു. ഓരോ കോഴ്‌സിനും ഒരു ഡയറക്ടര്‍ എന്ന നിലവിലെ സ്ഥിതി മാറ്റി ഒറ്റ ഡയറക്ടര്‍ എന്ന പുതിയ തസ്തിക ഉണ്ടാക്കിയാണ് നിയമനം. മുന്‍പ് സര്‍വകലാശാല പ്രൊഫസര്‍മാരെയാണ് ഡയറക്ടര്‍ തസ്തികയില്‍ നിയമിച്ചിരുന്നു.
ഒരൊറ്റ ഡയറക്ടറെന്ന പുതിയ തസ്തിക ഉണ്ടാക്കിയപ്പോള്‍ യോഗ്യത സര്‍വ്വീസിലുള്ള പ്രൊഫസറില്‍ നിന്നും വിരമിച്ച പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ വൈസ്പ്രിന്‍സിപ്പല്‍ എന്നാക്കി മാറ്റി. ഇത് മന്ത്രി പത്‌നിക്കു വേണ്ടിയെന്നാണ് ആക്ഷേപം. ആലപ്പുഴ എസ്ഡി കോളേജില്‍ നിന്നും വൈസ് പ്രിന്‍സിപ്പലായാണ് ജൂബിലി നവപ്രഭ വിരമിച്ചത്.
തിരുവനന്തപുരം: സംസ്ഥാന ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ലഭിച്ചത് അപ്രതീക്ഷിത ഗവര്‍ണര്‍ സ്ഥാനം. കേരളത്തിലെ ബിജെപിയുടെ ചുമതല 2015ല്‍ നല്‍കിയതുപോലെ അപ്രതീക്ഷിതമായാണ് ഗവര്‍ണര്‍ സ്ഥാനവും നല്‍കിയിരിക്കുന്നത്. നേതൃസ്ഥാനത്തു നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്രനേതൃത്വം സ്വീകരിച്ച നടപടിയാണെന്ന വിമര്‍ശനവും കുമ്മനത്തിന്റെ ഗവര്‍ണര്‍ സ്ഥാനബ്ധിയില്‍ ഉയരുന്നുണ്ട്.
മിസോറാം ഗവര്‍ണറായി കുമ്മനം പോയിക്കഴിഞ്ഞാല്‍ സംസ്ഥാന നേതൃസ്ഥാനത്തേക്ക് ആരാകും എത്തുക എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. കെ.സുരേന്ദ്രനാണ് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത. സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ മൂന്നുദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
എം ടി രമേശ്, പി കെ കൃഷ്ണദാസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. യുവമോര്‍ച്ചാ പ്രസിഡന്റായി നടത്തിയ പ്രവര്‍ത്തനങ്ങളും നിലപാടിലെ കണിശതയും സംഘാടനമികവും സുരേന്ദ്രന് അനുകൂലമാകമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കേരളത്തിലെ സംഘടനാതലത്തില്‍ അടിമുടി മാറ്റം വരുത്താനാണ് കേന്ദ്രനേതൃത്വം ലക്ഷ്യം വയ്ക്കുന്നത്.
തിരുവനന്തപുരം: നിപ്പ വൈറസ് ബാധിതര്‍ക്ക് സൗജന്യ സേവനം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ച ഡോ.കഫീല്‍ ഖാന്‍ യാത്ര റദ്ദാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നിന്ന് വരേണ്ടെന്ന് അറിയിപ്പ് ലഭിച്ചതിനാലാണ് അവസാന നിമിഷം യാത്ര റദ്ദാക്കിയതെന്ന് കഫീല്‍ ഖാന്‍ അറിയിച്ചു. ഇന്നലെ രാത്രിയാണ് സന്ദേശം ലഭിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൗജന്യ സേവനത്തിന് തയ്യാറാണെന്നായിരുന്നു കഫീല്‍ ഖാന്‍ അറിയിച്ചിരുന്നത്.
എയിംസില്‍ നിന്നുള്ള വിഗദ്ധ സംഘം എത്തുന്നതിനാല്‍ വരേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. എന്നാല്‍ താന്‍ വിദഗ്ദ്ധ സംഘം വരുന്ന കാര്യത്തിനല്ല എത്തുന്നതെന്നും സൗജന്യ സേവനത്തിനാണെന്നും വ്യക്തമാക്കിയിട്ടും വിശദീകരണം ലഭ്യമായില്ല. ഇന്ന് കൊച്ചിയിലേക്ക് താന്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് നിപ്പ വൈറസ് ബാധിതര്‍ക്ക് സൗജന്യ സേവനം നല്‍കാന്‍ തന്നെ അനുവദിക്കണമെന്ന് കഫീല്‍ ഖാന്‍ അഭ്യര്‍ത്ഥിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെ സ്വാഗതം ചെയ്യുകയും ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ മുകളില്‍ നിന്നുള്ള നിര്‍ദേശം വരട്ടെയെന്നായിരുന്നു സൂപ്രണ്ടിന്റെ പ്രതികരണം. സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡോ.കഫീല്‍ ഖാന് മറ്റൊരാശുപത്രിയില്‍ മെഡിക്കല്‍ പ്രാക്ടീസ് നടത്താനാവില്ലെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.
കഴിഞ്ഞ 2 ദിവസങ്ങളായി 12 പേരുടെ ജീവന്‍ അപഹരിച്ച തൂത്തുകുടിയില്‍ നടന്ന ക്രൂരമായ നരഹത്യക്ക് തമിഴ്‌നാട് സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ഒരുപോലെ ഉത്തരവാദികളാണെന്ന് ആം ആദ് മി പാര്‍ടി.
ബിജെപി സര്‍ക്കാരിന്റെയും മോഡിയുടെയും ഏറ്റവും വലിയ പ്രചാരകരില്‍ ഒരാള്‍ ആണ് അനില്‍ അഗര്‍വാള്‍ എന്ന വേദാന്തയുടെ ഉടമസ്ഥന്‍. ആ സാഹചര്യത്തില്‍ ഈ കമ്പനിക്ക് വേണ്ടി ഏതറ്റം വരയും പോകാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറായത് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണ്. വളരെ ദുര്‍ബ്ബലമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് സര്‍ക്കാരിനു, കേന്ദ്രത്തിന്റെ പിന്‍ബലം ഇല്ലാതെ നില നില്‍ക്കാനാവില്ല എന്നതും സത്യമാണ്. ജനകൂട്ടത്തിനു നേരെ വെടിവെക്കുന്നതിനു കൃത്യമായി ഉത്തരവുകള്‍ ഇല്ലതിരുന്നിട്ടും ഷാര്‍പ് ഷൂട്ടര്‍മാരായ ആളുകളെ പോലീസ് വാനിന്റെ മുകളില്‍ കയറ്റി നിര്‍ത്തി സമര നേതാക്കളെ കൃത്യമായി ഉന്നംവെച്ച് വെടിവച്ചു വീഴ്ത്തുന്ന ഹീനമായ പ്രവര്‍ത്തനം ഇനി ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ലെന്നും ആംആദ്മി പാര്‍ടി പറഞ്ഞു.
കഴിഞ്ഞ 2 പതിറ്റാണ്ടായി അവിടെ പ്രവര്‍ത്തിച്ചു വരുന്ന ആ കമ്പനി അവിടെ തുടര്‍ന്ന് പ്രവര്‍ത്തിക്കന്‍ പാടില്ല അതിന്റെ നടത്തിപ്പിനായി ഇതുവരെ സാമ്പത്തികമായി സഹായിച്ച മുഴുവന്‍ പേരെയും, അന്വേഷണത്തിലൂടെ കണ്ടെത്തി ശിക്ഷിക്കണം എന്നും ആം ആദ്മി ആവശ്യപ്പെടുന്നു.