കോട്ടയം: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. മുണ്ടക്കയത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോരുത്തോട് അമ്പലവീട്ടില്‍ ദീപു ആണ് മരിച്ചത്. അഴുതയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് ദീപുവിനെ കാണാതായത്. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി.
അതേസമയം ആലപ്പുഴ കടല്‍ത്തീരത്ത് ഇന്നലെ രാവിലെ അടിഞ്ഞ അബുദാബി കമ്പനിയുടെ ബാര്‍ജില്‍ കുടുങ്ങിയ ജീവനക്കാരെ രക്ഷിച്ചു. നാവികസേനയുടെ ഹെലികോപ്റ്റര്‍ രണ്ട് ഇന്തോനീഷ്യക്കാരായ ജീവനക്കാരെയും കൊച്ചിയിലെത്തിച്ചു. ഇന്തൊനീഷ്യയിലെ സബാങ്ങില്‍നിന്ന് അബുദാബിയിലേക്കുപോയ അല്‍ ബത്താന്‍ 10 എന്ന ഡോക്കാണു വഴിതെറ്റി ആലപ്പുഴയിലെത്തിയത്. കാലാവസ്ഥ മോശമായിരുന്നതിനാല്‍ വളരെ പണിപ്പെട്ടാണ് നാവികരെ പുറത്തെത്തിച്ചത്. കോസ്റ്റ് ഗാര്‍ഡിന്റെയും നാവികസേനയുടെയും സംയുക്ത രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ഇവരെ രക്ഷപെടുത്തിയത്.
അല്‍ ബത്താന്‍ 10 എന്ന ഡോക്കിനെപ്പറ്റി ഇന്റര്‍നെറ്റില്‍ ഏപ്രില്‍ 26 വരെയുള്ള വിവരങ്ങളേയുള്ളൂ. അവസാന റിപ്പോര്‍ട്ട് ലഭിച്ചത് അന്ന് 9.21നാണ്. ദുബായില്‍നിന്നു പുറപ്പെട്ട് 21ന് 10 മണിക്ക് ഇന്തൊനീഷ്യയിലെ ബാറ്റാം എന്ന സ്ഥലത്ത് എത്തേണ്ടതാണ് ഡോക്ക് എന്നും കാണുന്നു. ചരക്കു കപ്പല്‍ വിഭാഗത്തിലാണ് അല്‍ ഫത്താനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷനില്‍നിന്നുള്ള റജിസ്റ്റര്‍ നമ്പര്‍ 9841770 ആണ്. ഇത് ഡോക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഡോക്ക് ഇക്കൊല്ലം നിര്‍മിച്ചതാണെന്നാണ് വെബ്‌സൈറ്റിലുള്ളത്. ഇതിന് 1246 ടണ്‍ ഭാരം വഹിക്കാന്‍ കഴിയും.
രണ്ടു ദിവസമായി തുടരുന്ന മഴയ്ക്ക് താല്‍ക്കാലിക ശമനമായി. എന്നാല്‍ ജനജീവിതം സാധാരണനിലയിലായിട്ടില്ല. വീടുകളിലും കടകളിലും വെള്ളം കയറി. ജനങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയിരിക്കുകയാണ്. വെള്ളിയാഴ്ച വരെ ശ്കതമായ മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ പടിഞ്ഞാറന്‍ കാറ്റാണു കേരളത്തില്‍ കനത്ത മഴയ്ക്കു കാരണമായത്.
താഴ്ന്ന പ്രദേശങ്ങളാകെ വെള്ളക്കെട്ടിലാണ്. വ്യാപക കൃഷിനാശവുമുണ്ടായിട്ടുണ്ട്. എറണാകുളം ജില്ലയില്‍ 31 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ നിന്ന് 3254 പേരെ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ക്യാംപുകളില്‍ വൈദ്യസഹായം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ആയിരത്തോളം കുടുംബങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം തേടിയത്. കടലാക്രമണം രൂക്ഷമായ ചെല്ലാനവും വൈപ്പിനും ഉള്‍പ്പെടുന്ന കൊച്ചി താലൂക്കിലാണ് കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങിയത്.
വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ ബന്ധപ്പെട്ട വകുപ്പുമേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതികള്‍ തുടര്‍ന്നാല്‍ കൂടുതല്‍ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുന്നകാര്യവും ജില്ലാ ഭരണകൂടത്തിന്റെ പരിഗണനയിലാണ്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നു കലക്ടര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ പ്ലസ് ടു വരെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കോളെജുകള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ക്കും അവധിയില്ല. വയനാട് മാനന്തവാടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ചെങ്ങന്നൂര്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ ഐസിഎസ്ഇ, സിബിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.മഹാത്മാഗാന്ധി സര്‍വകലാശാല ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട്.
ആലപ്പുഴ: പ്രതികൂല കാലവസ്ഥയില്‍ കോസ്റ്റ്ഗാര്‍ഡിന്റെയും നാവികസേനയുടെയുടെയും സംയുക്ത രക്ഷാപ്രവര്‍ത്തനം വിജയം. ആലപ്പുഴ തോട്ടപ്പള്ളി തീരത്തടിഞ്ഞ ബാര്‍ജില്‍ കുടുങ്ങിയ നാവികരെ രക്ഷപെടുത്തി. ഏതാണ്ട് 12 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് നാവികരെ ബാര്‍ജില്‍ നിന്ന് പുറത്തെത്തിക്കാന്‍ സാധിച്ചത്. നാവികസേനയുടെ ഹെലികോപ്റ്ററില്‍ നാവികരെ സുരക്ഷിതരായി തീരത്തെത്തിച്ചു.
ഇന്തൊനീഷ്യയിലെ സബാങ്ങില്‍നിന്ന് അബുദാബിയിലേക്കുപോയ അല്‍ ബത്താന്‍ 10 എന്ന ഡോക്കാണു നിയന്ത്രണം നഷ്ടമായി ആലപ്പുഴ തോട്ടപ്പള്ളി തീരത്തടിഞ്ഞത്. ഇവര്‍ക്ക് വഴിതെറ്റിയാണ് തീരത്തെത്തിയതെന്നും സൂചനകളുണ്ട്. തീരത്തെത്തിയതോടെ ബാര്‍ജിലെ നാവികര്‍ അതിനുള്ളില്‍ കുടുങ്ങി. കാലവര്‍ഷം ശക്തമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂല സാഹചര്യമായിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് നാവികരെ പുറത്തെത്തിച്ചത്.
അല്‍ ബത്താന്‍ 10 എന്ന ഡോക്ക് അവരുടെ ബേസ് സെന്ററുമായി അവസാനം ബന്ധപ്പെടുന്നത് ഏപ്രില്‍ 26നാണ്. അതിന് ശേഷം ബാര്‍ജിനെക്കുറിച്ചുള്ള സൂചനകള്‍ ലഭ്യമല്ലെന്നാണ് ഇന്റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്ന വിവരം. ദുബായില്‍നിന്നു പുറപ്പെട്ട് 21ന് 10 മണിക്ക് ഇന്തൊനീഷ്യയിലെ ബാറ്റാം എന്ന സ്ഥലത്ത് എത്തേണ്ടതാണ് ഡോക്ക്. നിയന്ത്രണം നഷ്ടമായി ആലപ്പുഴയില്‍ എത്തിയതാകാമെന്നാണ് കരുതുന്നത്. ഡോക്ക് ഇക്കൊല്ലം നിര്‍മ്മിച്ചതാണ്. ഏതാണ്ട് 1,246 ടണ്‍ ഭാരം വഹിക്കാന്‍ ഇവയ്ക്ക് കഴിയും.
ഡല്‍ഹി പൊതുമരാമത്ത് വകുപ്പിലും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വകുപ്പിലും നടക്കുന്ന അഴിമതിയില്‍ ബ്യൂറോക്രസിക്കെതിരെ ആംദ്മി പാര്‍ട്ടി രംഗത്ത്. വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം വാര്‍ത്താക്കുറിപ്പി പുറത്തിറക്കി. പൊതുമരാമത്ത് വകുപ്പിലും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വകുപ്പിലും നടമാടുന്ന ക്രമക്കേടുകളെ കുറിച്ച് ഒരു അന്വേഷണം നടത്താന്‍ ഡല്‍ഹി നിയമസഭാ പരാതി കമ്മിറ്റി ശുപാര്‍ശ നല്‍കിയിരുന്നു. ഈ ഗുരുതരമായ അഴിമതിക്ക് എതിരെ അന്വേഷണം നടത്താന്‍ അനുകൂലിക്കുന്നതിന് പകരം ചീഫ് സെക്രട്ടറിയും അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും പരാതി കമ്മിറ്റി റിപ്പോര്‍ട്ടിനെ ഡല്‍ഹി ഹൈക്കോടതിയില്‍ വെല്ലുവിളിക്കുന്ന നടപടിയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
ഡല്‍ഹി നിയമസഭക്ക് എതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ ഡല്‍ഹിയിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഈ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലെ ഓഫീസര്‍മാര്‍ക്ക് അനുമതി നല്‍കിയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലൂടെ ഇപ്പോള്‍ വെളിച്ചത്ത് വന്നിരിക്കുന്നു.
അഴിമതി കേസില്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലെ ഈ ഓഫീസര്‍മാരെ സംരക്ഷിക്കാന്‍, ഹാജരാകുന്ന വക്കീലന്മാര്‍ക്ക് പൊതു ഖജനാവില്‍ നിന്നും ഭീമമായ തുക നല്‍കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയതായും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ നിന്നും വ്യക്തമാകുന്നു.
കഴിഞ്ഞ വര്‍ഷം 2017 ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഡല്‍ഹിയിലെ പരിധിയില്‍ വരുന്ന മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വകുപ്പിലേയും പൊതു മരാമത്ത് വകുപ്പിലേയും നൂറിലധികം ഓടകള്‍ ഡല്‍ഹി നിയമസഭാ പരാതി കമ്മിറ്റി സന്ദര്‍ശിച്ചിരുന്നു.
ഒരു മുന്നറിയിപ്പും നല്‍കാതെയുള്ള ഈ സ്ഥല സന്ദര്‍ശനത്തില്‍പൊതു മരാമത്ത് വകുപ്പിലെയും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വകുപ്പിലേയും ഉയര്‍ന്ന ഉദ്യോഗസ്ഥരും പരാതി കമ്മിറ്റി അംഗങ്ങളൊടൊപ്പം ഉണ്ടായിരുന്നു. ഓടകള്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭാ കമ്മിറ്റിക്ക് മുമ്പാകെയും ഡല്‍ഹി ഹൈക്കോടതി മുമ്പാകെയും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വകുപ്പും പൊതുമരാമത്ത് വകുപ്പും
സമര്‍പ്പിച്ച അധിക റിപ്പോര്‍ട്ടുകളും കെട്ടിചമച്ചതും യാഥാര്‍ത്ഥ്യവുമായി പുല ബന്ധം പോലും ഇല്ലാത്തതാണെന്നും കണ്ടെത്തിയിരിക്കുന്നു. നൂറുശതമാനം ചെളിയും വാരി വൃത്തിയാക്കി എന്ന് കാണിച്ച ഓടകള്‍ ചണ്ടിയും ചെളിയും നിറഞ്ഞ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു.
ആഴത്തില്‍ വേരോടിയ ഈ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്താന്‍ വിജിലന്‍സിനോടും ആന്റി കറപ്ഷന്‍ ബ്യൂറോയോടും നിയമസഭാ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആന്റി കറപ്ഷന്‍ ബ്യൂറോയുടെയും വിജിലന്‍സ് വകുപ്പിന്റെയും തലവനായ ലഫ്റ്റനന്റ് ജനറല്‍ അന്വേഷണം നടത്താന്‍ താല്‍പര്യം എടുത്തിട്ടില്ല. അന്നത്തെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ശ്രീ. അശ്വനി കുമാറിന് എതിരെ നടപടി സ്വീകരിക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തു എങ്കിലും ഒരു നടപടിയും ലഫ്റ്റനന്റ് ജനറലിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
ഈ ഓഫീസറെ ശിക്ഷിക്കുന്നതിന് പകരം ശ്രീ. അശ്വനി കുമാറിന് പുതുച്ചേരി ചീഫ് സെക്രട്ടറി ആയി പ്രൊമോഷന്‍ നല്‍കി ആദരിക്കുകയാണ് ചെയ്തത്. നടപ്പില്‍ വരുത്തി എന്ന് ചീഫ് സെക്രട്ടറി ഉറപ്പാക്കേണ്ട അതിപ്രധാനമായ ശുപാര്‍ശകള്‍ നിയമസഭാ കമ്മിറ്റി എടുത്തിട്ടുണ്ട്.
എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന് വേണ്ടി അത് നടപ്പാക്കുന്നതിന് പകരം അത് നടപ്പിലാക്കാതിരിക്കാന്‍ ലഫ്റ്റനന്റ് ജനറലിന്റെ ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് പരസ്യമായി സഹായം ചെയ്തു കൊടുക്കുന്നു. പരാതി കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ ലഫ്റ്റനന്റ് ജനറലിന്റെ ഓഫീസ് ഈ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുക മാത്രമല്ല ചെയ്തത്. വക്കീലിന്റെ ഫീസ് കൊടുക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഈ കേസ് നിരാകരിച്ചെങ്കിലും ലഫ്റ്റനന്റ് ജനറലും ചീഫ് സെക്രട്ടറിയും ഒരു നടപടിയും സ്വീകരിക്കാന്‍ മുതിര്‍ന്നില്ല.
കോയമ്പത്തൂർ: മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന (52) മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു അന്ത്യം. ടീനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. ടീനയ്ക്ക് നിരന്തരം ഭീഷണികള്‍ ഉണ്ടായിരുന്നെന്നും ഗുരുതരമായ രോഗങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ടീനയുടെ ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആക്ഷന്‍ സമിതിയും ആവശ്യപ്പെട്ടു.
2011 ജനുവരി 24നാണ് പുതുശേരിയിലെ വീട്ടിൽ ശശീന്ദ്രനെയും രണ്ട് മക്കളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രത്യേക പൊലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് തെളിയിക്കാനായിരുന്നില്ല. തുടർന്ന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടീന ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതി സിബിഐയ്ക്ക് കൈമാറിയിരുന്നു.
തൃശൂർ: പള്ളിക്കൂടത്തിൽ പോകാത്ത വെള്ളാപ്പള്ളി തന്നോട് തമാശ കളിക്കാൻ വരേണ്ടെന്ന് പി.സി. ജോർജ് എംഎൽഎ. തൃശൂരിൽ കേരള ജനപക്ഷം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം വെള്ളാപ്പള്ളി നടേശനെ കടന്നാക്രമിച്ചത്. ഗുരുദേവൻ എന്ന വാക്ക് തെറ്റില്ലാതെ എഴുതാൻ പോലും വെള്ളാപ്പള്ളിക്കു കഴിയില്ല. കുറെനാളായി തനിക്കെതിരേ വെള്ളാപ്പള്ളി തുടങ്ങിയിട്ട്. കുറേനാൾ മിണ്ടാതിരുന്നു. വെള്ളാപ്പള്ളി കുറച്ച് സത്യവും നീതിയും പുലർത്തണമെന്നും പി.സി. ജോർജ് പറഞ്ഞു.
കനത്തമഴയെത്തുടർന്ന് ഏഴ് ജില്ലകൾക്ക് നാളെ അവധി. തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു, തിരൂവനന്തപുരം ജില്ലയിലെ നാളത്തെ അവധിക്കു പകരം ഈ മാസം 21 ന് പ്രവർത്തി ദിവസം ആയിരിക്കും
ആലപ്പുഴ ജില്ലയിൽ കനത്ത മഴയും വെള്ളക്കെട്ടും കണക്കിലെടുത്താണ് കലക്ടർ അവധി പ്രഖ്യാപിച്ചത്. മുൻനിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്കും മറ്റു പരീക്ഷകൾക്കും അവധി ബാധകമല്ല. കഴിഞ്ഞ 11ന് അവധി നൽകിയ അമ്പലപ്പുഴ,ചേർത്തല, കുട്ടനാട് താലൂക്കുകളിലെ വിദ്യാലങ്ങൾക്ക് 21ന് പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിരുന്നത് പിൻവലിച്ചിട്ടുണ്ട്. ഇതിനു പകരം ഈമാസം 28നും നാളത്തെ അവധിക്കു പകരം ഓഗസ്ത് നാലിനും പ്രവൃത്തിദിനമായിരിക്കും.
പ്രതികൂല കാലാവസ്ഥയെ തുടർന്നു കൊല്ലം ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സർവകലാശാല പരീക്ഷകൾക്കു അവധി ബാധകമല്ല. അങ്കണവാടികളിൽ കുട്ടികൾക്ക് അവധി നൽകിയിട്ടുണ്ടെങ്കിലും ജീവനക്കാർ ജോലിക്കെത്തണം. അവധി നൽകിയ സാഹചര്യത്തിൽ 21ന് പ്രവൃത്തിദിനമായിരിക്കും.
അതേസമയം, സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമായി. മധ്യകേരളത്തില്‍ ഇന്നുപുലര്‍ച്ച മുതല്‍ കനത്ത മഴ ലഭിക്കുന്നു. രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂരില്‍ മരം വീണ് ഒരാള്‍ മരിച്ചു.
ഇന്നലെ മുതല്‍ ശക്തമായ കാറ്റോടുകൂടി പെയ്യുന്ന മഴ പലയിടത്തും വ്യാപകമായ നാശമുണ്ടാക്കി. വൈദ്യുതി വിതരണത്തെയും ബാധിച്ചിട്ടുണ്ട്. വൈക്കത്തും കായംകുളത്തുമാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. ഉരുള്‍പൊട്ടല്‍ സാധ്യതയുളള സ്ഥലങ്ങളിലും തീരദേശത്തും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കണ്ണൂർ ഇരിട്ടി എടത്തൊട്ടിയിൽ ഓടുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണ് യാത്രക്കാരി ആര്യപറമ്പ് സ്വദേശിനി കാഞ്ഞിരക്കാട്ട് സിത്താരയാണ് മരിച്ചു.
ഓട്ടോയിലുണ്ടായിരുന്ന നാലുപേര്‍ക്ക് പരുക്കേറ്റു. ഇടുക്കിയിലെ കട്ടപ്പന വലിയകണ്ടത്തും ആനവിലാസം ചേലച്ചുവട്ടിലും മരം കടപുഴകിവീണ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 127. 5 അടിയായി. കൊല്ലം മണ്ണാമലയില്‍ വീടിനുമുകളില്‍മരം വീണ് നാലുപേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളുടെ മലയോരത്തും കൃഷിനാശം വ്യാപകമാണ്.
വയനാട്ടില്‍ മഴ നേരിയ തോതില്‍ കുറഞ്ഞെങ്കിലും താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലാണ്. തീരദേശത്ത് പലയിടത്തും കടലാക്രണം രൂക്ഷമായി. എറണാകുളം ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെളളത്തിനടിയിലായി. ചെറിയ റോഡുകളിലടക്കം വെള്ളകെട്ട് രൂക്ഷമാണ്. നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായി.
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ ലൈംഗീക പീഡനപരാതി നല്‍കിയ കന്യാസ്ത്രീ ഭീഷണിപ്പെടുത്താന്‍ രൂപത ശ്രമിച്ചതായി വെളിപ്പെടുത്തല്‍. പീഡനത്തിന് ഇരയായ കന്യാസ്ത്രീയ്‌ക്കെതിരെ രണ്ട് വര്‍ഷം മുന്‍പ് ലഭിച്ച പരാതി ഉപയോഗിച്ചാണ് രൂപത ഭീഷണിപ്പെടുത്താനുള്ള ശ്രമം നടത്തിയിരിക്കുന്നത്. ബിഷപ്പിനെതിരെ പരസ്യമായി രംഗത്ത് വരുന്നതിന് രണ്ട് ദിവസം മുന്‍പാണ് സഭ പഴയ പരാതി കുത്തിപ്പൊക്കിയത്.
തന്റെ ഭര്‍ത്താവുമായി കന്യാസ്ത്രീക്ക് അവിഹിത ബന്ധമുണ്ടെന്ന് കാണിച്ച് 2016 നവംബറിലാണ് ബന്ധുവായ യുവതി രൂപതയ്ക്ക് പരാതി നല്‍കിയത്. ഈ പരാതി രൂപത പരിഗണിക്കുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതിപ്പെടുമെന്ന് ബോധ്യമായതോടെയായിരുന്നു ഈ നടപടി. മദര്‍ ജനറാള്‍ കന്യാസ്ത്രീയോട് അവിഹിത ബന്ധം ആരോപിച്ചുള്ള പരാതിയുടെ മേല്‍ വിശദീകരണം ആവശ്യപ്പെട്ടതിന് പിന്നില്‍ ഭീഷണി തന്ത്രമാണെന്നാണ് സൂചന.
നേരത്തെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മദര്‍ ജനറാള്‍ രംഗത്ത് വന്നിരുന്നു. ബിഷപ്പ് പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കന്യാസ്ത്രീ സഭയ്ക്കുള്ളിലെ ഉന്നതര്‍ക്ക് പരാതി നല്‍കിയതോടെയാണ് മദര്‍ ജനറാള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. കന്യാസ്ത്രീക്കെതിരെ ലഭിച്ച പരാതിയും ഇക്കാരണത്താലാണ് രൂപത കുത്തിപ്പൊക്കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഫുട്ബോൾ ലോകകപ്പിൽ തോൽവിയുടെ രുചിയറിഞ്ഞ ബ്രസീലിനെ പരിഹസിച്ചവരെ കരഞ്ഞുകൊണ്ട് വിരൽ തുമ്പിൽ നിർത്തിയ ബാലനായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ താരം. സംഭവം ഹിറ്റായതോടെ ഈ ബാലന് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവസംവിധായകൻ അനീഷ് ഉപാസന രംഗത്തെത്തിയിരുന്നു. ഇവനെയൊന്ന് തപ്പിയെടുത്ത് തരാമോ? പുതിയ ചിത്രമായ മധുരക്കിനാവിലേക്കാണ് എന്നായിരുന്നു രസകരമായ വീഡിയോ പങ്കുവെച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഇപ്പോഴിതാ സോഷ്യൽമീഡിയായുടെ ഇടപെടലിൽ ഈ കൊച്ചു മിടുക്കനെ കണ്ടെത്തിയിരിക്കുകയാണ് അദ്ദേഹം.
എറണാകുളം പുത്തൻവേലിക്കര കുത്തിയ റോഡ് സ്വദേശിയായ ഡേവിസിന്റെയും സിനിയുടെയും മകനായ ഈ കുട്ടി ചിന്തുവെന്ന വിളിപ്പേരിലറിയപ്പെടുന്ന എവിൻ ഡേവിസ് ആണ്. പറവൂർ ഇൻഫന്റ് ജീസസ് സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് എവിൻ. ലോകകപ്പ് മത്സരം ആരംഭിച്ചപ്പോൾ മുതൽ എവിനും സഹോദരൻ നാലാം ക്ലാസ് വിദ്യാർഥിയായ എഡ്വിനും പിതൃസഹോദര മക്കളായ ജിത്തുവും ജോണുമെല്ലാം ഒരോ മത്സരവും കാണുമായിരുന്നു.
അർജന്റീന ആരാധകനായ എഡ്വിനാണ് ബ്രസീലിന്റെ കാര്യം പറഞ്ഞ് എവിനെ പ്രകോപിപ്പിച്ചത്. കളിയാക്കിയവരോട് എവിൻ കരഞ്ഞ് കൊണ്ട് ക്ഷോഭിക്കുന്ന ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയായിൽ പങ്കുവെച്ചതും ഈ സഹോദരങ്ങൾ തന്നെ. പിന്നീട് ഈ സംഭവം സോഷ്യൽമീഡിയ ഏറ്റെടുക്കുകയായിരുന്നു. ദൃശ്യങ്ങൾ അനീഷ് ഉപാസനയുടെ ശ്രദ്ധയിൽപെട്ടപ്പോൾ എവിന്റെ ജീവിതത്തിൽ ഇതൊരു വഴിത്തിരിവാകുകയായിരുന്നു. മധുരക്കിനാവിൽ മികച്ച വേഷം തന്നെ നൽകുമെന്ന് അനീഷ് ഉപാസന അറിയിച്ചു.
ഇടുക്കി മൂന്നാറില്‍ മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു. മൂന്നാര്‍ പെരിയവരാ ഫക്ടറി ഡിവിഷനില്‍ വിഷ്ണു (30) ഭാര്യ ജീവ (26), ആറുമാസം പ്രായമുള്ള കൈക്കുഞ്ഞ് എന്നിവരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഇന്ന് രാവിലെ ഏഴരയോടെയാണ് ദാരുണ സംഭവം അരങ്ങേറിയത്. ഭര്‍ത്താവുമായി വഴക്കിട്ട ശിവരഞ്ജിനി കുട്ടിയെയെയും കൊണ്ട് പുഴയില്‍ ചാടിയെന്നും പിന്നാലെ ഇവരെ രക്ഷിക്കാന്‍ വിഷ്ണുവും ചാടുകയായിരുന്നെന്നാണ് പ്രാഥമിക വിവരമെന്ന് മൂന്നാര്‍ സി ഐ സാം ജോസ് അറിയിച്ചു.
ശക്തമായ ഒഴുക്കും നിര്‍ത്താതെ പെയ്യുന്ന മഴയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവുന്നുണ്ട്. മൂവരെയും കാണാതായ സ്ഥലത്തുനിന്നും നൂറു മീറ്റര്‍ അകലെ മുതലാണ് തിരച്ചില്‍ ആരംഭിച്ചിട്ടുള്ളത്. ഫയര്‍ ഫോഴ്സ്, പൊലീസ് വിഭാഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചില്‍.സ്ഥലത്തെത്തിയ ദേവികുളം തഹസില്‍ദാര്‍ കെ.പി ഷാജി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ദമ്പതികൾ തമ്മില്‍ വഴക്കുണ്ടായി എന്ന് അയല്‍ക്കാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണ ഇന്ന് രാവിലെയും ഇവര്‍ തമ്മില്‍ കലഹിച്ചു. തുടര്‍ന്നാണ് ശിവരഞ്ജിനി കുട്ടിയെയും കൊണ്ട് പുഴയിലേയ്ക്ക് ചാടിയത്.
ഫാക്ടറി ഡിവിഷനിലെ ഇവരുടെ വീട്ടില്‍ നിന്നും മാറ്ററുകള്‍ മാത്രം അകലത്തിലാണ് പുഴ സ്ഥിതിചെയ്യുന്നത്. പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ചിരുന് പാലത്തില്‍ നിന്നാണ് ശിവരഞ്ജിനി കുട്ടിയുമായി പുഴയില്‍ച്ചാടിയതെന്നാണ് ദൃസാക്ഷികള്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്.
കൊച്ചി: മാനാത്തുപാടം ഷാജിയുടേയും പ്രീതാഷാജിയുടെയും കിടപ്പാടം സംരക്ഷിക്കണമെന്ന് ആംആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. വിഷയത്തില്‍ പ്രതിഷേധമുയരണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. പ്രീതാഷാജിയുടെയും കിടപ്പാടം സംരക്ഷിക്കാന്‍ നടത്തിയ ജപ്തി തടയല്‍ സര്‍ഫാസി വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയ അഡ്വ.പി.ജെ മാനുവല്‍, ജെന്നി എന്നിവരടക്കം നാലു പേരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി രാത്രിയില്‍ വീടു കയറി അറസ്റ്റ് ചെയ്ത പൊലീസ് നടപടി ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതല്ലെന്നും ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി.
ജപ്തി നടപടി തെറ്റാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി തന്നെ സമ്മതിച്ചതാണ്. ഈ കള്ളക്കടക്കെണിയില്‍ നിന്നും ആ കുടുംബത്തെ മോചിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതുമാണ്. ആ നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഈ അറസ്റ്റ് എന്ന് വ്യക്തമാണ്. സര്‍ക്കാര്‍ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെടുന്നതായും ആംആദ്മി പാര്‍ട്ടി പറഞ്ഞു.