ഹര്‍ത്താലിന്റെ പേരില്‍ ആളുകള്‍ റോഡില്‍ തെമ്മാടിത്തരം കാണിക്കുകയാണെന്ന് നടി പാര്‍വതി. തന്റെ ട്വിറ്ററിലാണ് പാര്‍വതി ഇക്കാര്യം കുറിച്ചിരിക്കുന്നത്. ജമ്മു കശ്മീരിലെ കത്വയില്‍ 8 വയസുകാരയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ചിലര്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പല ഭാഗങ്ങളിലും അക്രമം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹര്‍ത്താല്‍ അനുകൂലികളാണ് പാര്‍വതിയുടെ വാഹനവും തടഞ്ഞിരിക്കുന്നത്.
ഹര്‍ത്താലിന്റെ പേരില്‍ ചിലര്‍ തെമ്മാടിത്തം നടത്തുകയാണ്. വഴി തടയുകയും റോഡിലിറങ്ങി ആളുകള്‍ അസഭ്യം പറയുകയും ചെയ്യുകയാണ്. കോഴിക്കോട് വിമാനത്താവളം, ചെമ്മാട്, കൊടിഞ്ഞി, താനൂര്‍ റോഡിലാണ് പ്രശ്നം. ഈ സന്ദേശം എത്രയും പെട്ടന്ന് ആളുകളില്‍ എത്തിക്കണമെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും പാര്‍വതി ട്വീറ്റ് ചെയ്തു. പൊലീസ് സ്ഥലത്തെത്തി ആളുകളെ അറസ്റ്റ് ചെയ്യുന്നുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.
സമൂഹ മാധ്യമങ്ങള്‍ വഴി നടത്തിയ ഹര്‍ത്താല്‍ പ്രചരണത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ബസുകള്‍ തടയുകയും കടകള്‍ വ്യാപകമായി അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചിലയിടങ്ങളില്‍ റോഡ് ഉപരോധിച്ച് ടയറുകള്‍ കത്തിച്ചു. അക്രമ സാധ്യതയുള്ള പ്രദേശങ്ങള്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Hooliganism in the name of protest! Roads blocked and people abused on roads from Calicut airport- Chemmad- Kodinji-Tanur. Please pass the message and stay safe! The police force has been intimated and they are making arrests I hear. Please share updates here
— Parvathy T K (@parvatweets) April 16, 2018
കൊച്ചി: കത്വവയില്‍ 8 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ചിലര്‍ സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത വ്യാജ ഹര്‍ത്താലില്‍ വ്യാപക അക്രമം. കാസര്‍ഗോഡ് കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. ബസിന്റെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട് മിഠായി തെരുവിലെ കടകള്‍ പ്രതിഷേധക്കാര്‍ ബലമായി അടപ്പിച്ചു. കണ്ണൂരിലെ പ്രതിഷേധ പ്രകടനം നടത്തിയ 15 ഹര്‍ത്താലനുകൂലികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. കണ്ണൂര്‍ ടൗണ്‍ പരിസരങ്ങളിലെ കടകളില്‍ ഭൂരിഭാഗവും അടഞ്ഞു കിടക്കുകയാണ്.
മലപ്പുറം ജില്ലയിലെ പല ഭാഗങ്ങളിലും ഹര്‍ത്താലനുകൂലികള്‍ പ്രതിഷേധ പ്രകടനം നടത്തി. ബസുകള്‍ തടയുകയും കടകള്‍ വ്യാപകമായി അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചിലയിടങ്ങളില്‍ റോഡ് ഉപരോധിച്ച് ടയറുകള്‍ കത്തിച്ചു. അക്രമ സാധ്യതയുള്ള പ്രദേശങ്ങള്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അതേസമയം തെക്കന്‍ ജില്ലകളില്‍ പ്രതിഷേധം കുറവാണ്. ഇവിടെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും വാഹനങ്ങള്‍ നിരത്തിലിറങ്ങുകയും ചെയ്യുന്നുണ്ട്.
ന്യൂസ് ഡെസ്ക്ക്.
അങ്കമാലിക്കടുത്ത് കറുകുറ്റിക്കു സമീപം പള്ളിപ്പെരുന്നാളിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ ഒരാൾ മരിച്ചു. കറുകറ്റി മുല്ലപ്പറമ്പൻ സാജുവിന്റെ മകൻ സൈമൺ (20) ആണു മരിച്ചത്. നാലുപേർക്കു പൊള്ളലേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. മെൽജോ പൗലോസ്, സ്റ്റെഫിൻ ജോസ്, ജസ്റ്റിൻ ജെയിംസ്, ജോയൽ ബിജു എന്നിവർക്കാണ് പൊള്ളലേറ്റത്. ഇവരിൽ മെൽജോ, സ്റ്റെഫിൻ എന്നിവരെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലും ജസ്റ്റിൻ, ജോയൽ എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രി എട്ടരയോടെയാണ് സംഭവം.
അങ്കമാലി കറുകുറ്റി മാമ്പ്ര അസീസി നഗർ കപ്പേളയിൽ വെടിക്കെട്ടിനിടെ പടക്ക സാമഗ്രികൾ സൂക്ഷിച്ചിരുന്ന പടക്കപ്പുരയിലേക്കു തീപടർന്നാണ് അപകടമുണ്ടായത്. രണ്ടു ദിവസമായി നടക്കുന്ന പെരുന്നാളിന്റെ സമാപനത്തോട് അനുബന്ധിച്ചാണ് വെടിക്കെട്ട് നടത്തിയത്. വെട്ടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന അസീസി ക്ലബിലേക്ക് തീ പടർന്ന് വലിയ ശബ്ദത്തോടെ പൊട്ടുകയായിരുന്നു.
കൊരട്ടി: കൊരട്ടിയിലെ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വീണ്ടും പ്രതിഷേധം. താല്‍ക്കാലികമായി ചുമതലയേല്‍ക്കാന്‍ എത്തിയ വികാരിയെ നാട്ടുകാര്‍ തടഞ്ഞുവച്ചു. കാണിക്ക സ്വര്‍ണം വിറ്റതില്‍ പള്ളിയ്ക്കു നഷ്ടപ്പെട്ട തുക തിരിച്ചടയ്ക്കാതെ ഒത്തുതീര്‍പ്പിന് ഇല്ലെന്ന കടുത്ത നിലപാടിലാണ് ഇടവക വിശ്വാസികള്‍.
കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിലേക്ക് രൂപത താല്‍ക്കാലികമായി നിയോഗിച്ച വികാരി ഫാ.ജോസഫ് തെക്കിനിയത്തിനെ വിശ്വാസികള്‍ മണിക്കൂറുകളോളം തടഞ്ഞുവച്ചു. രാവിലെ അഞ്ചേക്കാലിന് വികാരി കുര്‍ബാന ചൊല്ലിയെങ്കിലും മറ്റുള്ള കുര്‍ബാനയ്ക്കു വിശ്വാസികള്‍ സമ്മതിച്ചില്ല. രണ്ടു കാര്യങ്ങളാണ് വിശ്വാസികള്‍ ഉയര്‍ത്തുന്നത്. കാണിക്ക സ്വര്‍ണം വിറ്റതിലെ ക്രമക്കേടിലൂടെ പള്ളിയ്ക്കു നഷ്ടമായ പണം തിരിച്ചുകിട്ടണം. പള്ളിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണം. ഈ ആവശ്യങ്ങള്‍ നടപ്പാക്കാതെ കൊരട്ടി പള്ളിയില്‍ യാതൊരു ഒത്തുതീര്‍പ്പിനും വിശ്വാസികള്‍ ഇല്ല. മൂന്നും നാലും മാസം കഴിഞ്ഞ ശേഷം നടപടിയെടുക്കാമെന്ന നിലപാടിലാണ് രൂപത നേതൃത്വം. കാലതാമസം വരുത്തി പ്രശ്നം മയപ്പെടുത്തി കൊണ്ടുവരാനുള്ള രൂപതയുടെ ശ്രമവും ഇതോടെ പാളി.
വികാരി മാത്യു മണവാളനെ രൂപത നേതൃത്വം കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പകരം താല്‍ക്കാലികമായി എളംകുളം പള്ളിയിലെ വികാരിയെ കൊരട്ടിയിലേയ്ക്കു നിയോഗിക്കുകയായിരുന്നു. വികാരിയെ മാറ്റിയതോടെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രൂപത നേതൃത്വം. പള്ളിയ്ക്കു നഷ്ടപ്പെട്ട സ്വര്‍ണവും പണവും പകരം വയ്ക്കാതെ, പ്രശ്നങ്ങള്‍ തീരില്ലെന്ന് ഇതോടെ ഉറപ്പായി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരെ പരസ്യമായി മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ച വൈദികനാണ് മാത്യു മണവാളന്. മാധ്യമങ്ങളുമായി കൊരട്ടി പള്ളിയിലെ പ്രശ്നം ചര്‍ച്ച ചെയ്യരുതെന്ന് രൂപത നേതൃത്വം വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. കര്‍ദ്ദിനാളിനെതിരെ വൈദികര്‍ക്ക് മാധ്യമങ്ങളോട് പറയാമെങ്കില്‍ കൊരട്ടി പള്ളിയിലെ പ്രശ്നങ്ങളും പറയുമെന്നാണ് വിശ്വാസികളുടെ നിലപാട്.
കഴിഞ്ഞ മാര്‍ച്ച് 22 നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്നയെ (20) രാവിലെ 9.30 മുതല്‍ കാണാതായത്. എന്നാല്‍ കാണാനില്ലെന്ന് ചുണ്ടിക്കാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി 25 ദിവസം പിന്നിടുമ്പോഴും ജെസ്ന എവിടെ എന്ന ചോദ്യത്തിനുള്ള ഉത്തരം ഇരുട്ടില്‍ത്തന്നെ.
കാണാതായ ദിവസം രാവിലെ എട്ടു മണിയോടെ ജെസ്ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടതാണ്. പിതാവ് ജെയിംസ് ജോലി സ്ഥലത്തേക്ക് പോയി. മൂത്ത സഹോദരി ജെഫിമോളും സഹോദരന് ജെയ്സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്ക്കാരോടു പറഞ്ഞാണ് ജെസ്ന വീട്ടില്‍ നിന്നിറങ്ങുകിയത്. ഒരു ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറ ടൗണില്‍ എത്തിയത്. പിന്നീട് ജെസ്നയെ കുറിച്ച് വിവരമൊന്നും ഇല്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്ന. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായതിനാല്‍ ജെസ്നയ്ക്ക് അടുത്ത സുഹൃത്തുക്കളും കുറവാണ്.
ജെസ്നയെ കാണാതായതോടെ അന്നു രാത്രി ഏഴരയോടെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. ജെസ്ന ഉപയോഗിച്ചിരുന്ന ഫോണും കോള്‍ലിസ്റ്റും പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചെങ്കിലും അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ല. അതിനാല്‍ തന്നെ കേസ് ഏറെക്കുറേ വഴിമുട്ടിയ അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. വീട്ടില്‍ നിന്നിറങ്ങുമ്പോല്‍ ജെസ്ന കയ്യില്‍ ഒന്നും കരുതിയിട്ടുമില്ല.
ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ദീപ മനോജ് എന്ന് സാമൂഹ്യ പ്രവര്‍ത്തക ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടിയിരിക്കുകയാണ്.
ദീപ മനോജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്;
പ്രിയപ്പെട്ടവരേ… കഴിഞ്ഞ മാർച്ച് 22 നു Jesna Maria James എന്ന ഈ കൊച്ചു മിടുക്കിയെ കാണാതായിട്ട് ഇന്ന് 20 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു.. ഇന്ന് അവളുടെ പപ്പയോടും ചേച്ചിയോടും സംസാരിക്കാൻ എനിക്കായി.. എന്റെ പാപ്പൻ വഴി ഞാൻ ജെയിംസ് ചേട്ടന്റെ നമ്പർ മേടിച്ചു..
കണ്ണീരോടെ ജെയിംസ് ചേട്ടൻ മകളുടെ വരവിനായി കാത്തിരിക്കുന്നു.. കാഞ്ഞിരപ്പള്ളി st. ഡൊമിനിക് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനി ആണ് ജെസ്ന . കൂട്ടുകെട്ടുകളോ അനാവശ്യ സംസാരമോ ഒന്നുമില്ലാത്ത ഈ കൊച്ചു മിടുക്കി പഠനത്തിൽ മാത്രം ശ്രദ്ധ പുലർത്തിയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.. അവളുടെ ചേച്ചി ഗദ്ഗദങ്ങൾക്കു നടുവിൽ പറഞ്ഞു തന്ന കഥയാണ് നിങ്ങളോട് പങ്കു വക്കുന്നത്.. അവരുടെ അമ്മ ന്യുമോണിയ ബാധിച്ചു 9 മാസം മുൻപ് ഇഹലോക വാസം വെടിഞ്ഞു.. ആ വേദന ഈ കുഞ്ഞുങ്ങളെ വല്ലാതെ തളർത്തിയിരുന്നു.. ചേച്ചി എറണാകുളത്തു പഠിക്കുന്നു.. സഹോദരൻ അമൽ ജ്യോതിയിലും.. അമ്മയുടെ മരണശേഷം വീട്ടിൽ പപ്പക്കും സഹോദരനും ആഹാരം ഉണ്ടാക്കാൻ കഴിയാത്തതിൽ തന്റെ ഹോസ്റ്റൽ ജീവിതം അവസാനിപ്പിച്ചു അവൾ വീട്ടിൽ നിന്നും കോളേജിൽ പോയി വരികയായിരുന്നു….
സാമ്പത്തികമായും ഭദ്രമായ കുടുംബമായിരുന്നു കുന്നത് ജെയിംസ് ചേട്ടന്റേത്.. കൺസ്ട്രക്ഷൻ ജോലികളിൽ തിരക്കാണെങ്കിലും ഭാര്യയുടെ വിയോഗത്തിന് ശേഷം മക്കളുടെ കാര്യത്തിൽ ഒരമ്മയുടെ സ്നേഹം കൂടി നൽകാൻ ജെയിംസ് ചേട്ടൻ ശ്രദ്ധിച്ചിരുന്നു എന്ന് നാട്ടുകാരും മക്കളും സാക്ഷ്യം നൽകുന്നു..
ഇവൾ എവിടെ ?? 20 ദിവസങ്ങൾ കഴിഞ്ഞിട്ടും ജെയിംസ് ചേട്ടൻ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുത്തിട്ടും ഇവളെ എന്ത് കൊണ്ടു കണ്ടെത്താൻ കഴിഞ്ഞില്ല.. FIR ഫയൽ ചെയ്തിട്ടും അന്വേഷണം എങ്ങും എത്തിയില്ല…
ദയവായി നിങ്ങൾ share ചെയ്യൂ.. ഇവളെ കണ്ടെത്താൻ നിങ്ങളുടെ ഒരു share നാകുമെങ്കിൽ നമുക്കതു ചെയ്യാം… തളർന്ന കുടുംബത്തെ കൈ പിടിച്ചു ഉയർത്താൻ നിങ്ങൾ എന്നെ സഹായിക്കില്ലേ ???
ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ തോമാശ്ലീഹാ ഇന്ത്യയില്‍ വന്നതിന് തെളിവില്ലെന്ന നിലപാട് വസ്തുതാ വിരുദ്ധമെന്ന് സീറോ മലബാര്‍ സഭ. തോമാശ്ലീഹാ ഇന്ത്യയില്‍ വന്നിട്ടുണ്ട്. ചരിത്ര രേഖകള്‍ ഇത് തെളിയിക്കുന്നുവെന്നും സീറോ മലബാര്‍ സഭ വ്യക്തമാക്കുന്നു. സീറോ മലബാര്‍ സഭയുടെ ഉത്ഭവം തോമാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തില്‍ നിന്നുമാണ്. വിയോജിക്കുന്നവര്‍ ന്യൂനപക്ഷം മാത്രമെന്നും കൂരിയ ബിഷപ് മാര്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു.
ചില ചരിത്രകാരന്മാരും ക്രൈസ്തവ സഭകളും പ്രചരിപ്പിക്കുന്നതുപോലെ തോമാശ്ലീഹ കേരളത്തില്‍ വന്നിട്ടില്ലെന്ന് സീറോ മലബാര്‍ സഭയുടെ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞിരുന്നു. ക്രൈസ്തവ സഭകളില്‍ ജാതി നിര്‍ണ്ണായക ഘടകമാണെന്നും തേലക്കാട് പറഞ്ഞിരുന്നു. തോമാശ്ലീഹ ബ്രാഹ്മണരെ ക്രിസ്ത്യാനികളാക്കിയെന്ന തരത്തിലുള്ള മിത്തുകള്‍ തകര്‍ക്കപ്പെടണമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസിന്റെ ഫെയ്സ്ബുക് പോസ്റ്റിനെക്കുറിച്ച് പ്രതികരിക്കവേയായിരുന്നു ഫാദര്‍ പോള്‍ തേലക്കാട്ടിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍.
”ഒന്നാം നൂറ്റാണ്ടില്‍ ഇവിടെ തോമാശ്ലീഹാ വന്ന് ബ്രാഹ്മണരെ മാമോദീസാ മുക്കിയെന്ന് പറയുന്നത് ശുദ്ധ അസംബന്ധം തന്നെയാണ്. അക്കാര്യം ബെനഡിക്ട് മാര്‍പാപ്പ പോലും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേരളത്തിലെ ചില മതമേധാവികള്‍ അതംഗീകരിക്കാന്‍ തയ്യാറായില്ല. തോമാശ്ലീഹാ കേരളത്തിലെത്തിയെന്നതിന് വ്യക്തമായ തെളിവില്ല,” തേലക്കാട്ട് പറഞ്ഞിരുന്നു
ക്രൈസ്തവ സഭകളില്‍ മെത്രാനെ തിരഞ്ഞെടുക്കുമ്പോള്‍ ജാതി നിര്‍ണ്ണായക ഘടകമാണെന്ന് തേലക്കാട് പറഞ്ഞിരുന്നു. ”ബ്രാഹ്മണ്യത്തിന്റെ കേരളത്തിലേക്കുള്ള വരവോടെയാണ് ക്രൈസ്തവര്‍ക്കിടയില്‍ ജാതിയുടെ വേര്‍തിരിവുകള്‍ കടന്നു വന്നത്. അത് ഇന്നും നിലനില്ക്കുന്നു. സുറിയാനി ക്രിസ്ത്യാനികളും ലത്തീന്‍ ക്രിസ്ത്യാനികളും തമ്മില്‍ സാമൂഹ്യപരമായ അന്തരം ഇന്നും നിലനില്‍ക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമല്ലേ?” ”മാര്‍ക്സിസത്തിലും ക്രൈസ്തവതയിലും സവര്‍ണ്ണ ജാതിബോധം കടന്നു വന്നതോടെയാണ് രണ്ടിലും ജാതി കാഴ്ചപ്പാടുകള്‍ വേരോടിത്തുടങ്ങിയത്. ഇഎംഎസും പി. ഗോവിന്ദപ്പിള്ളയും പേരിനൊപ്പം വാല് ചേര്‍ക്കുന്നത് ഈ സവര്‍ണ ജാതി ബോധം കൊണ്ടു തന്നെയാണെന്നതില്‍ സംശയമില്ല,” തേലക്കാട്ട് വിശദീകരിക്കുന്നു.
യാക്കോബായ സഭാ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, താന്‍ ഇനി കുടുംബയോഗ വാര്‍ഷികങ്ങളില്‍ പങ്കെടുക്കില്ലെന്നും സഭയില്‍ ജാതിമേധാവിത്തവും സ്വത്വവും പാരമ്പര്യവും ഊട്ടിയുറപ്പിക്കുന്ന കലപാരിപാടികളാണ് കുടുംബ യോഗങ്ങളെന്നും ഫെയ്സ്ബുക്കില്‍ എഴുതിയിരുന്നു. ബ്രാഹ്മണരെ തോമശ്ലീഹ മതം മാറ്റിയെന്നത് അബദ്ധമാണെന്നും ബിഷപ് എഴുതിയിരുന്നു.
ഇനി മുതല്‍ കുടുംബയോഗ വാര്‍ഷികം എന്ന പേരില്‍ കേരളത്തില്‍ മെയ്, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കില്ല. കൃത്രിമമായി സൃഷ്ടിച്ചെടുത്ത ‘മേല്‍ജാതി’ സ്വത്വവും പാരമ്പര്യവും ഊട്ടി ഉറപ്പിക്കുവാനുള്ള കലാപരിപടികളാണ് ഇവയില്‍ ഒട്ടേറെയും. ഒന്നുകില്‍ പകലോമറ്റം, അല്ലെങ്കില്‍ കള്ളിയാങ്കല്‍ ഇങ്ങിനെ പോകും ഇവരുടെ എല്ലാവരുടെയും വേരുകള്‍! അവിടെയെല്ലാം ഉണ്ടായിരുന്ന ‘ഇല്ലങ്ങളി’ലെ ബ്രാഹ്മണരെ തോമാശ്ലീഹ ക്രിസ്ത്യാനികളാക്കിയവരാണ് ഈ കുടുംബങ്ങളുടെയെല്ലാം പൂര്‍വ്വികര്‍ പോലും! ഇത്തരം അബദ്ധങ്ങള്‍ എല്ലാം ചേര്‍ത്ത് കുടുംബ ചരിത്രം പുസ്തകവുമാക്കി വക്കും. അടിസ്ഥാന രഹിതവും സവര്‍ണ്ണ ജാതിബദ്ധവും പ്രതിലോമകരവുമായ ഈവിധ മിത്തുകള്‍ തകര്‍ക്കപ്പെടണം വ്യക്തിപരമായ അടുപ്പങ്ങള്‍ കൊണ്ട് ഇത്തരം പല പരിപാടികളിലും പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്: കുറ്റബോധമുണ്ട്. ഇനി ആവില്ല, ബിഷപ് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.
ഇനി ഒരു പെൺകൊടിയേയും വേട്ടനായ്ക്കൾ ഭക്ഷണമാക്കാതിരിക്കട്ടെ, ഏവർക്കും വിഷു ആശംസകൾ……
മലയാളിയ്ക്ക് കണികാണാനുള്ള കാലമായി. പതിവ് പോലെ പൂത്തുലഞ്ഞ കണിക്കൊന്നകള്‍ വിഷു ദിനം ആയപ്പോഴേക്കും കൊഴിഞ്ഞ് തുടങ്ങി. വീട്ടിലുള്ള കൊന്നപ്പൂവ് മതിയെന്ന് ആശ്വസിച്ചിരുന്നവര്‍ പൂവിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. നഗരങ്ങളിലാണ് ഈ വിഷുപ്പാച്ചിലുകാരുടെ എണ്ണം കൂടുതല്‍.ഈ അവസരം മുതലാക്കി കണിക്കൊന്ന പാക്കറ്റുകളിലാക്കി പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എറണാകുളത്തെ പ്രമുഖ ഷോപ്പിംഗ് മാളില്‍ കണിക്കൊന്നയ്ക്ക് കിലോയ്ക്ക് 250 രൂപയാണ് വില. അതും പറിച്ച് വെച്ചിട്ട് വാടിത്തുടങ്ങിയ പൂവുകളാണ് പാക്കറ്റിലുള്ളത്.പക്ഷെ കണികാണാന്‍ കൊന്നപ്പൂവ് അന്വേഷിച്ച് നടക്കാന്‍ നേരമില്ലാത്ത മലയാളി ഇത് വില കൊടുത്ത് വാങ്ങുന്നു. പൂവ് മാത്രമല്ല കണിവെയ്ക്കാനുള്ള കണിവെള്ളരിയും, ചക്കയും, പഴവുമൊക്കെയുള്ള കോമ്പോ പാക്കിന് 279 രൂപയാണ് വില. ഇവയെല്ലാം ചൂടപ്പം പോലെ വിറ്റഴിയുന്നു. സദ്യ വരെ ബുക്ക് ചെയ്യുന്ന ഉണ്ണുന്ന കാലത്ത് കണിക്കൊന്ന ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന കാലം വിദൂരമല്ല.
കണിക്കൊന്ന……
വിഷുവിന് കണിവയ്ക്കാനുപയോഗിക്കുന്നതുകൊണ്ടാണ് ഇതിന് കണിക്കൊന്ന എന്ന പേരുവന്നത്. പ്രധാനമായും ഏപ്രില്‍, മെയ് മാസങ്ങളിലാണ് കണിക്കൊന്ന പൂക്കുന്നത്. പൂങ്കുലയ്ക്ക് ഒരടിയില്‍ കൂടുതല്‍ നീളമുണ്ടാകും.
നേര്‍ത്ത തണ്ടില്‍ അനേകം മൊട്ടുകളും പൂക്കളും ഒരുമിച്ച് കാണും. കേരളത്തിലങ്ങളോമിങ്ങോളം കൊന്നമരം കാണപ്പെടുന്നു. നമ്മുടെ സംസ്ഥാന പുഷ്പം കൂടിയാണ് കണിക്കൊന്ന.
കൊന്നപ്പൂവ് വിഷുവിന്റെ അഴകും കാഴ്ചയും വേനലില്‍ സ്വര്‍ണത്തിന്റെ നിധിശേഖരം തരുന്ന മരം എന്നു കൊന്നയെപ്പറ്റി ഇതിഹാസങ്ങളിലുണ്ട്.
കൊന്നകള്‍ വിവിധ തരമുണ്ട്. കടക്കൊന്ന, കണിക്കൊന്ന, മണിക്കൊന്ന, ചെറുകൊന്ന എന്നിവ മുഖ്യം. മ്യാന്മര്, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ഇലകൊഴിയും കാടുകളിലും നാട്ടിന്പുറങ്ങളിലുമായി ഇവ വളരുന്നു. രാജവൃക്ഷം, സുവര്‍ണക, രാജതരു, ഗിരിമാല, സുന്ദലി എന്നിവ കൊന്നയുടെ ഭാരതീയ നാമങ്ങളാണ്. ലെഗുമിനോസ സസ്യകുടുംബത്തില്‍ അംഗമാണ് കണിക്കൊന്ന. കാഷ്യഫിസ്റ്റുലലിന്‍ എന്നാണ് ശാസ്ത്രീയനാമം. സസ്യശാസ്ത്രജ്ഞനായ ഡയസ് കോറിഡസ് നല്കിയ ഗ്രീക്കു പേരാണ് കാഷ്യ. കുഴല്‍ പോലെയിരിക്കുന്നതുകൊണ്ട് ഫിസറ്റുല എന്നു ജാതിപ്പേര്. ഇംഗ്ലീഷില്‍ ഇന്ത്യന്‍ ലംബര്‍നം എന്നും കണിക്കൊന്നയ്ക്ക് പേരുണ്ട്. സംസ്കൃതത്തില്‍ കര്‍ണികാരം.
മറ്റു ഇന്ത്യന്‍ ഭാഷകളില്‍ കണിക്കൊന്ന ഇനിപ്പറയുന്ന പേരുകളില്‍ അറിയപ്പെടുന്നു. അമല്‍ടാസ് (ഹിന്ദി), സുനാരി (ഉറുദു), റെല (തെലുങ്ക്) ആവാരംപൂ (തമിഴ്) കക്കെ (കന്നട).
കൊന്നത്തൊലിയില്‍ ടാനിന് അടങ്ങിയിട്ടുണ്ട്. തുകല്‍ സംസ്കരിക്കാന്‍ ഇതുപയോഗിക്കുന്നു. ബംഗാളില്‍ കണിക്കൊന്നയുടെ ഫലത്തിനുള്ളിലെ പള്‍പ്പ് ഉപയോഗിച്ച് പുകയിലയുടെ രുചി വര്‍ധിപ്പിക്കാറുണ്ട്. സന്താള്‍ വര്‍ഗക്കാര്‍ കണിക്കൊന്നയുടെ പൂവും ആഹാരമായി ഉപയോഗിക്കാറുണ്ട്. കൊന്ന പൂക്കുമ്പോള്‍ ഉറങ്ങിയാല്‍ മരുത് പൂക്കുമ്പോള്‍ പട്ടിണി എന്നു പഴമൊഴിയുണ്ട്. കൃഷിയുടെ കാലം വിളിച്ചറിയിക്കുന്നു കൊന്ന. അപ്പോള്‍ മടിപിടിച്ചാല്‍ ശിഷ്ടകാലം ദാരിദ്ര്യമായിരിക്കും ഫലം എന്നു സാരം.
കോലാഹലമേട്ടില്‍ ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്ന കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും. വാഗമണ്‍ മൊട്ടക്കുന്ന് ഭാഗത്ത് നിരാത്തില്‍ പ്രവീണിന്റെ ഭാര്യ വിജീഷയെ(26)യാണ് ജീവപര്യന്തം തടവിനും 25,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ച് ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍കുമാര്‍ വിധി പ്രസ്താവിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം കഠിനതടവ് കൂടി അനുഭവിക്കേണ്ടി വരും.
2013 ഒക്ടോബര്‍ പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്നേഹത്തിലായിരുന്ന വിജിഷയുടേയും പ്രവീണിന്റെയും വിവാഹത്തിന് വിജിഷയുടെ വീട്ടുകാര്‍ എതിരായിരുന്നു. ഇതിനാല്‍ വിവാഹം കഴിക്കാതെ തന്നെ പ്രവീണിന്റെ വീട്ടില്‍ ദമ്ബതികളെപ്പോലെ ഒരുവര്‍ഷത്തോളം ജീവിച്ചു വരികയായിരുന്നു. തുടര്‍ന്ന് 2013 ഒക്ടോബര്‍ 17 ന് ആലപ്പുഴ കളര്‍കോടില്‍ നിര്‍ധനരായ യുവതീ യുവാക്കള്‍ക്കായി നടത്തിയ സമൂഹ വിവാഹത്തിലായിരുന്നു ഇരുവരുടേയും വിവാഹം. ഗര്‍ഭിണിയാണെന്ന കാര്യം മറച്ചുവച്ചാണ് വിജിഷ കതിര്‍മണ്ഡപത്തില്‍ എത്തിയത്.
വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ വിജിഷ െവെകുന്നേരത്തോടെ കുളിമുറിയില്‍വച്ച് ഇരട്ടക്കുട്ടികളെ പ്രസവിച്ചു. ഈ സമയം പ്രവീണിന്റെ അമ്മയും കുഞ്ഞമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. കുളിമുറിയില്‍ കയറിയ വിജിഷ പാവടവള്ളി കെട്ടുവീണു എന്നുപറഞ്ഞ് ഇത് മുറിക്കുന്നതിനായി കത്തി ആവശ്യപ്പെട്ടു. അമ്മ ഇതെടുത്തു നല്‍കുകയും ചെയ്തു. തുടര്‍ന്ന് അമിത രക്തസ്രാവത്തെ തുടര്‍ന്ന് വിജിഷ കുളിമുറിയില്‍ വീണു. ശബ്ദം കേട്ടെത്തിയ അമ്മയും കുഞ്ഞമ്മയും ഭര്‍ത്താവിനെ വിളിച്ചുവരുത്തി വിജിഷയെ ആശുപത്രിയിലെത്തിച്ചു. ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചതിനാല്‍ വിജിഷ പ്രസവിച്ച കാര്യവും കഴുത്തറുത്തതും അപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനയ്ക്കിടെ വിജിഷ പ്രസവിച്ചിട്ടുണ്ടെന്നും കുട്ടിയെ കൊണ്ടുവന്നാല്‍ മാത്രമേ ചികിത്സിക്കുകയുള്ളൂവെന്നും ഡോക്ടര്‍ പറഞ്ഞതോടെ പ്രവീണ്‍ വീട്ടിലുണ്ടായിരുന്ന പിതാവിനെ വിവരം അറിയിച്ചു. ഇദ്ദേഹം നടത്തിയ പരിശോധനയിലാണ് ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്നശേഷം തുണിയില്‍ പൊതിഞ്ഞുവച്ചതായി കണ്ടെത്തിയത്. രണ്ടുകുട്ടികളുടേയും മൃതദേഹം മെഡിക്കല്‍ കോളജില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തി.
വിജിഷയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതോടെ പോലീസ് അറസ്റ്റ് ചെയ്യകുയായിരുന്നു. താന്‍ പ്രസവിച്ചിട്ടില്ലെന്നും കുട്ടികളെ കൊലപ്പെടുത്തില്ലെന്നുമായിരുന്നു ഇവര്‍ കോടതിയില്‍ ബോധിപ്പിച്ചത്. കഴുത്തറുത്ത നിലയില്‍ പോലീസുകാര്‍ എവിടെനിന്നോ കൊണ്ടുവന്ന കുട്ടികളുടെ മൃതദേഹമുപയോഗിച്ച് മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ സഹായത്തോടെ തെളിവുണ്ടാക്കി പോലീസ് കുറ്റപത്രം നല്‍കിയെന്നാണ് വിജിഷ വാദിച്ചത്. എന്നാല്‍ വിജിഷ ഗര്‍ഭിണിയാണെന്ന കാര്യം തനിക്കറിയാമായിരുന്നെന്നും വിവാഹം കഴിക്കാത്തതിനാല്‍ മാനക്കേട് ഭയന്ന് മറ്റാരോടും ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നും വണ്ണം കൂടുതലായതിനാല്‍ ഗര്‍ഭിണിയാണെന്ന കാര്യം മറ്റാരുടേയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നും പ്രവീണ്‍ കോടതിയില്‍ മൊഴിനല്‍കിയിരുന്നു.
പ്രവീണിന്റെയും ചികിത്സിച്ച ഡോക്ടറുടേയും മൊഴികളും മെഡിക്കല്‍ പരിശോധനാത്തെതളിവുകളുമാണ് വിജിഷ കുറ്റക്കാരിയാണെന്ന് കണ്ടെത്തുന്നതിന് സഹായിച്ചത്. പീരുമേട് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന പി.വി. മനോജ്കുമാറാണ് കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവണ്മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ബി.സുനില്‍ദത്ത് ഹാജരായി.
കൊച്ചി: കത്വയില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസുകാരിയെ അപമാനിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. കൊച്ചി മരട് സ്വദേശി വിഷ്ണു നന്ദകുമാറിനെതിരെ പനങ്ങാട് പോലീസാണ് കേസെടുത്തത്. ഇരു വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് ഐപിസി 153 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ജാമ്യമില്ലാ വകുപ്പാണ് ഇത്. കോട്ടക് മഹീന്ദ്ര ബാങ്കിന്റെ പാലാരിവട്ടം ബ്രാഞ്ചില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന വിഷ്ണുവിനെ ബാങ്ക് പിരിച്ചു വിട്ടിരുന്നു. ഇയാള്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് പിരിച്ചു വിട്ടതായി ബാങ്ക് അറിയിച്ചത്. ഇയാള്‍ക്കെതിരെ പോലീസില്‍ നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കൊച്ചി പോലീസ് കമ്മീഷണര്‍ക്കുള്‍പ്പെടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്.
ഇവളെയെല്ലാം ഇപ്പോളേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യക്കെതിരെ ബോംബായി വന്നേനെ എന്നായിരുന്നു വിഷ്ണുവിന്റെ കമന്റ്. പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധമുയരുന്നതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ ഈ കമന്റ് പ്രത്യക്ഷപ്പെട്ടത്.
കൊച്ചി: കത്വയില്‍ ക്ഷേത്രത്തിനുള്ളില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ബിജെപിയെ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത് ചെങ്ങന്നൂരില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനിരിക്കെ ആസിഫയുടെ കൊലപാതകം ബിജെപിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചനകള്‍
‘ഈ വീട്ടില്‍ പത്ത് വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ ഉണ്ട് ദയവായി ബിജെപിക്കാര്‍ വോട്ട് ചോദിച്ച് വീട്ടില്‍ കയറരുത്’ പോസ്റ്ററില്‍ പറയുന്നു.
അമ്പലത്തില്‍ വെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ട ആസിഫയ്ക്ക് പിന്തുണയുമായി ലക്ഷക്കണക്കിന് ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. അതേ സമയം ആസിഫയുടെ കൊലപാതകത്തെ ന്യായീകരിച്ച് രംഗത്ത് വന്ന വിഷ്ണു നന്ദകുമാര്‍ എന്ന ബാങ്ക് അസിസ്റ്റന്റ് മാനേജരെ ജോലിയില്‍ നിന്നും പുറത്താക്കി.