കൊച്ചി: ഹാരിസണ്‍സ് പ്ലാന്റേഷന്‍സ് കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം സംബന്ധിച്ച വിധി പ്രസ്താവിച്ചിരിക്കുന്നത്. ഹാരിസണ്‍സ് അന്യായമായി കൈവശപ്പെടുത്തിയിരിക്കുന്ന 38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഇതോടുകൂടി നിര്‍ത്തി വെക്കേണ്ടി വരും.
കേസില്‍ മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയും കോടതി തളളി. ഇവര്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു. പൊതുജനങ്ങളുടെ സമ്മര്‍ദ്ദമുണ്ടാകുന്നതിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കരുതെന്ന് കോടതി വിധിയില്‍ പറഞ്ഞു.
കേസിന്റെ നടത്തിപ്പിനായി ഒന്നുമറിയാത്ത ഗവ. പ്ലീഡര്‍മാരെയാണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചിരുന്നതെന്നും ഒരുതുണ്ട് ഭൂമിപോലും സര്‍ക്കാരിന് തട്ടിപ്പുകാരില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സാധിക്കില്ലെന്നും മുന്‍ റവന്യൂ പ്ലീഡര്‍ സുശീലാ ഭട്ട് വിമര്‍ശിച്ചു. നിലവില്‍ കേരളത്തിലെ ദുരിതമനുഭവിക്കുന്ന ഭൂരഹിതരുടെ അവസ്ഥ തുടരുമെന്നും സുശീലാ ഭട്ട് പറഞ്ഞു.
ആലപ്പുഴ ജില്ലയിലെ വീയപുരം പഞ്ചായത്തിലും, ഹരിപ്പാട് ബ്ലോക്കിലുമായി അഞ്ഞൂറ് ഹെക്ടര്‍ പാടത്തെ നെല്ല് വരളര്‍ച്ചയും അമ്ലത്വവുംമൂലം കരിച്ചില്‍ ബാധിച്ച് നശിച്ചുവെന്നാണ് കൃഷി വകുപ്പിന്‍റെ കണക്ക്. ഇതോടൊപ്പം മാന്നാര്‍ പഞ്ചായത്തിലെ ആറ് പാടശേഖരങ്ങളിലും, ചെന്നിത്തല രണ്ടാം ബ്ലോക്കിലെ എട്ട് പാടശേഖരങ്ങളിലുമായി അഞ്ഞൂറ് ഹെക്ടര്‍ സ്ഥലത്ത് വരിനെല്ല് ബാധിച്ചും കൃഷി നശിച്ചിട്ടുണ്ട്.കുട്ടനാട്– അപ്പര്‍കുട്ടനാട് മേഖലയിലെ ആയിരം ഹെക്ടര്‍ സ്ഥലത്തെ നെല്‍ക്കൃഷി നശിച്ചതായി കൃഷിവകുപ്പ്. കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് അടിയന്തിരമായി ധനസഹായം നല്‍കുമെന്ന് പ്രദേശം സന്ദര്‍ശിച്ച കൃഷിമന്ത്രി വ്യക്തമാക്കി.
അതേസമയം നെല്ല് സംഭരണത്തില്‍ വ്യാപകമായി ഏജന്‍റുമാര്‍ ക്രമക്കേട് കാണിക്കുന്നുവെന്ന ആരോപണവുമായി കര്‍ഷകര്‍ രംഗത്തെത്തി. വൈകി കൃഷിയിറക്കിയതാണ് പ്രധാനമായും പ്രതിസന്ധിക്ക് കാരണമെന്ന് പ്രദേശം സന്ദര്‍ശിച്ച കൃഷിമന്ത്രി പറഞ്ഞു. കൃഷിനാശത്തിന്‍റെ കൃത്യമായ കണക്കെടുക്കുന്നതിന് ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് അടുത്തദിവസം പരിശോധന നടത്തും. മുന്‍വര്‍ഷങ്ങളിലെ പണം കിട്ടാനുള്ളവര്‍ക്കടക്കം ഉടന്‍ നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഈര്‍പ്പം, പതിര് എന്നിവയുടെ പേരില്‍ ഒരു ക്വിന്‍റല്‍ നെല്ലിനൊപ്പം മൂന്ന് കിലോവരെ നെല്ല് സംഭരണസമയത്ത് അധികമായി ആവശ്യപ്പെടുന്നതിനെതിരെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. എടത്വായ്ക്ക് സമീപം തലവടി പഞ്ചായത്തിലെ കര്‍ഷകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പാഡി ഓഫിസര്‍ക്ക് പരാതിയും നല്‍കി.
ഏജന്‍റുമാര്‍ നടത്തുന്ന ക്രമക്കേടിനെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കൃഷിമന്ത്രി പറഞ്ഞു. കുട്ടനാട് അപ്പര്‍കുട്ടനാട് മേഖലയിലെ വിളവെടുപ്പ് പുരോഗമിക്കുന്നതോടെ കൂടുതല്‍ പരാതികള്‍ ഉയരുമെന്നുറപ്പാണ്.
കാറിനു നേരെയുണ്ടായ ആക്രമണത്തേക്കുറിച്ച് വിശദീകരണവുമായി വി.ടി. ബല്‍റാം എംഎല്‍എ. കൊടി കെട്ടിയ വടികൊണ്ട് വാഹനം ആക്രമിക്കുകയും പോലീസുകാരെ സമരക്കാര്‍ വാഹനത്തിലേക്ക് പിടിച്ചു തള്ളുകയുമായിരുന്നെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം പറഞ്ഞു. സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞുവെന്നായിരുന്നു സംഭവത്തേക്കുറിച്ച് ആദ്യം പുറത്തു വന്ന പ്രചാരണങ്ങള്‍. റോഡിന്റെ ഇടതു ലെയ്ന്‍ പൂര്‍ണ്ണമായി കയ്യേറിയതിനാല്‍ വാഹനം വലതുവശത്തെ ഷോള്‍ഡറിലേക്ക് ഇറക്കിയിട്ട് പോലും വാഹനത്തിന് മുന്നിലേക്ക് തള്ളിക്കയറുകയും തടഞ്ഞുനിര്‍ത്തിയിരുന്ന പോലീസുകാരെ വാഹനത്തിന് മുന്നിലേക്ക് പിടിച്ചു തള്ളുകയുമായിരുന്നുവെന്ന് പോസ്റ്റില്‍ ബല്‍റാം പറയുന്നു.
പൈലറ്റ് ചെയ്ത പോലീസ് ജീപ്പിനു പിന്നില്‍ അതേ സ്പീഡില്‍ വന്ന തന്റെ വാഹനം ബ്രേയ്ക്ക് ചെയ്ത് വലത്തോട്ട് പരമാവധി വെട്ടിച്ചതുകൊണ്ടാണ് കൂടുതല്‍ അപകടം ഇല്ലാതെ പോയത്. കൊടി കെട്ടിയ വടികള്‍ ഉപയോഗിച്ച് അടിച്ചതും പോലീസുകാരെ പിടിച്ചുതള്ളിയതും കാരണം സൈഡ് മിറര്‍ തകര്‍ന്നതടക്കം വാഹനത്തിന് കേടുപാടുകള്‍ പറ്റിെയന്നും ബല്‍റാം പറയുന്നു.
https://www.facebook.com/parakkal.hassan/videos/vb.100000050614670/1902105523134450/?type=2&video_source=user_video_tab
വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് മുന്നില്‍ നിര്‍ലജ്ജം കീഴടങ്ങി അവരുടെ കോഴ പ്രവേശനങ്ങളെ സാധൂകരിക്കാന്‍ നിയമനിര്‍മ്മാണം വരെ നടത്തിക്കൊടുക്കുന്ന ഇന്നത്തെ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടേയും നേതാക്കന്മാര്‍ അവഹേളിച്ചത്രയും ഇവിടെ വേറാരും പഴയകാല കമ്യൂണിസ്റ്റ് നേതാക്കളെയും രക്തസാക്ഷികളേയും അവഹേളിച്ചിട്ടില്ലെന്നും ‘പാവങ്ങളുടെ പടത്തലവന്മാ’ര്‍ ഇന്ന് പുനര്‍ജനിക്കുകയാണെങ്കില്‍ അവര്‍ ആദ്യം ചമ്മട്ടിക്കടിക്കുന്നത് ഇന്നത്തെ സിപിഎം നേതാക്കളെയായിരിക്കുമെന്നും പറഞ്ഞാണ് ബല്‍റാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പോസ്റ്റ് വായിക്കാം
സമാധാനപരമായ ഏത് പ്രതിഷേധത്തേയും ജനാധിപത്യത്തില്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇന്ന് കൂടല്ലൂരില്‍ അക്രമാസക്തമായ നിലയിലാണ് സിപിഎമ്മുകാര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയത്.
രാഷ്ട്രീയ കാരണം പറഞ്ഞ് കഴിഞ്ഞ മൂന്ന് മാസമായി തൃത്താലയിലെ സിപിഎമ്മുകാര്‍ ജനപ്രതിനിധിയായ എന്റെ സഞ്ചാരസ്വാതന്ത്ര്യം തടയാനും പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കാതിരിക്കാനും ശ്രമിച്ചു വരികയാണ്. രണ്ട് തവണ ഓഫീസും വീടും ആക്രമിച്ചും നേരിട്ട് കല്ലെറിഞ്ഞും വാഹനം തകര്‍ത്തുമൊക്കെയുള്ള ആദ്യ ദിവസങ്ങളിലെ ആവേശത്തിനൊക്കെ ശേഷം പൊതുവില്‍ സമാധാനപരമായ പ്രതിഷേധങ്ങളായിരുന്നു പിന്നീടൊക്കെ അരങ്ങേറിയത്. പോലീസുമായി സഹകരിച്ച് റോഡിന്റെ സൈഡില്‍ നിന്നുള്ള പ്രതിഷേധമാണ് പതിവ്.
എന്നാല്‍ ഇക്കഴിഞ്ഞ ദിവസം തിരുമിറ്റക്കോട് പള്ളിപ്പാടം സ്‌ക്കൂള്‍ വാര്‍ഷിക പരിപാടിക്കിടെ അതിരുകടന്ന് കൊടികെട്ടിയ വടികള്‍ കൊണ്ട് വാഹനം ആക്രമിക്കപ്പെടുന്ന അനുഭവമാണുണ്ടായത്. അതിന്റെ കുറേക്കൂടി അക്രമാസക്തമായ രീതിയാണ് സിപിഎം ക്രിമിനലുകള്‍ ഇന്ന് കൂടല്ലൂരില്‍ പ്രദര്‍ശിപ്പിച്ചത്. റോഡിന്റെ ഇടതു ലെയ്ന്‍ പൂര്‍ണ്ണമായി കയ്യേറിയതിനാല്‍ വാഹനം വലതുവശത്തെ ഷോള്‍ഡറിലേക്ക് ഇറക്കിയിട്ട് പോലും വാഹനത്തിന് മുന്നിലേക്ക് തള്ളിക്കയറുകയും തടഞ്ഞുനിര്‍ത്തിയിരുന്ന പോലീസുകാരെ വാഹനത്തിന് മുന്നിലേക്ക് പിടിച്ചു തള്ളുകയുമായിരുന്നു സമരക്കാര്‍. പൈലറ്റ് ചെയ്ത പോലീസ് ജീപ്പിനു പിന്നില്‍ അതേ സ്പീഡില്‍ വന്ന എന്റെ വാഹനം ബേയ്ക്ക് ചെയ്ത് വലത്തോട്ട് പരമാവധി വെട്ടിച്ചതുകൊണ്ടാണ് കൂടുതല്‍ അപകടം ഇല്ലാതെ പോയത്. കൊടി കെട്ടിയ വടികള്‍ ഉപയോഗിച്ച് അടിച്ചതിന്റേയും പോലീസുകാരെ പിടിച്ചുതള്ളിയതിന്റേയും കാരണത്താല്‍ സൈഡ് മിറര്‍ തകര്‍ന്നതടക്കം വാഹനത്തിന് കേടുപാടുകള്‍ പറ്റി.
പ്രതിഷേധത്തിന്റെ പേരില്‍ എത്ര കാലം ഈ സമരാഭാസങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാണ് തൃത്താലയിലെ സിപിഎമ്മുകാര്‍ ആഗ്രഹിക്കുന്നതെന്ന് അറിയില്ല. ഏതായാലും ജനപ്രതിനിധി എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും എന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ സിപിഎമ്മിന്റെ ഭീഷണിക്കും അക്രമത്തിനും സാധിക്കില്ല എന്ന് അവരെ വിനീതമായി ഓര്‍മ്മപ്പെടുത്തുന്നു. ഈ വിഷയം ഇപ്പോഴും തലയിലേറ്റി നടക്കുന്നവരുടെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്താണെന്ന് തൃത്താലയിലും പുറത്തുമുള്ള മുഴുവനാളുകള്‍ക്കും ഇതിനോടകം മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്.
ഒരു കാര്യം ഉറപ്പ്, വിദ്യാഭ്യാസക്കച്ചവടക്കാര്‍ക്ക് മുന്നില്‍ നിര്‍ലജ്ജം കീഴടങ്ങി അവരുടെ കോഴ പ്രവേശനങ്ങളെ സാധൂകരിക്കാന്‍ നിയമനിര്‍മ്മാണം വരെ നടത്തിക്കൊടുക്കുന്ന ഇന്നത്തെ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടേയും നേതാക്കന്മാര്‍ അവഹേളിച്ചത്രയും ഇവിടെ വേറാരും പഴയകാല കമ്യൂണിസ്റ്റ് നേതാക്കളെയും രക്തസാക്ഷികളേയും അവഹേളിച്ചിട്ടില്ല. ‘പാവങ്ങളുടെ പടത്തലവന്മാ’ര്‍ ഇന്ന് പുനര്‍ജനിക്കുകയാണെങ്കില്‍ അവര്‍ ആദ്യം ചമ്മട്ടിക്കടിക്കുന്നത് ഇന്നത്തെ സിപിഎം നേതാക്കളെയായിരിക്കും.
ജില്ലാ ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ വിഭാഗത്തിലുള്ള സേനയില്‍നിന്ന് ഒന്നരവര്‍ഷം മുന്‍പു വിരമിച്ച പൊലീസ് നായ സെല്‍മ (11) വിടപറഞ്ഞു. കുരുക്കഴിയാത്ത പല കുറ്റകൃത്യങ്ങളിലും കേരള പൊലീസിനു തുമ്പുണ്ടാക്കിക്കൊടുത്ത സെല്‍മ പരിശീലകനായ കുമരകം കദളിക്കാട്ട് മാലിയില്‍ കെ.വി.പ്രേംജിയുടെ സംരക്ഷണയിലായിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്കു പ്രത്യേക അപേക്ഷ നല്‍കിയാണു പ്രേംജി സെല്‍മയെ സ്വന്തമാക്കിയത്. വിരമിച്ച നായയെ പരിശീലകന്‍തന്നെ സ്വന്തമാക്കിയതു കേരള പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായായിരുന്നു. കരള്‍രോഗമാണു മരണകാരണം. കോടിമതയിലെ വെറ്ററിനറി ആശുപത്രിയില്‍ രണ്ടുദിവസമായി ചികില്‍സയില്‍ ആയിരുന്ന സെല്‍മയെ ഞായറാഴ്ച പ്രേംജി വീട്ടിലേക്കു കൊണ്ടുവന്നു. ഏറെ സൗകര്യങ്ങള്‍ നല്‍കിയാണു പ്രേംജി സെല്‍മയെ സംരക്ഷിച്ചത്. വീട്ടുമുറ്റത്ത് നിര്‍മിച്ച കൂടിനുള്ളില്‍ ഫാനും മറ്റുമുണ്ടായിരുന്നു. സെല്‍മയുടെ ജന്മദിനം കേക്ക് മുറിച്ചാണു വീട്ടുകാര്‍ എല്ലാവര്‍ഷവും ആഘോഷിച്ചിരുന്നത്. 2008 ജനുവരി ഒന്നിന് ആറുമാസം പ്രായമുള്ളപ്പോഴാണ് ‘ലാബ്രഡോര്‍ റിട്രൈവര്‍’ ഇനത്തില്‍പെട്ട സെല്‍മ സംസ്ഥാന പൊലീസിന്റെ ഭാഗമാകുന്നത്. സല്‍മയെന്ന പേരു നല്‍കിയതും പ്രേംജിയാണ്.
മനുഷ്യഗന്ധം കണ്ടെത്തുന്നതിലായിരുന്നു മിടുക്ക്. ഒന്‍പതരവയസ്സിനിടെ ആയിരത്തിലേറെ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായി സെല്‍മ അഞ്ചുതവണ സംസ്ഥാന ഡ്യൂട്ടിമീറ്റില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. സെല്‍മയുടെ മരണവിവരം അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം ഒട്ടേറെപ്പേര്‍ കുമരകത്തെ പ്രേംജിയുടെ വീട്ടിലെത്തി. വീട്ടുവളപ്പില്‍ ആചാരപ്രകാരംതന്നെയാണ് സെല്‍മയ്ക്ക് അന്ത്യവിശ്രമം ഒരുക്കിയത്. മുണ്ടക്കയത്തെ കവര്‍ച്ചാനാടകത്തിലെ പ്രതിയായ വീട്ടമ്മയെ പിടികൂടി; വീട്ടമ്മ മുക്കുപണ്ടം കിണറ്റിലിട്ടശേഷം സ്വര്‍ണം മോഷണം പോയതായി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സെല്‍മ മണം പിടിച്ചു മുക്കുപണ്ടം എറിഞ്ഞ കിണറ്റിനരികിലെത്തി, കൂട്ടിക്കലിലെ കുരിശടി തകര്‍ത്ത കേസിലെ പ്രതികളുടെ വീടുകളിലെത്തി തിരിച്ചറിഞ്ഞു, നാഗമ്പടത്തെ സദന്‍ കൊലക്കേസില്‍ പ്രതി ഒളിച്ചിരുന്ന ഓടയില്‍നിന്നു പിടികൂടാന്‍ സഹായിച്ചതു സെല്‍മയായിരുന്നു, പാമ്പാടി വെള്ളൂര്‍ 12-ാം മൈലില്‍ പുരയിടത്തില്‍ പശുവിനെക്കെട്ടാന്‍ പോയ വീട്ടമ്മയെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയെ കുടുക്കി, പഴയിടം ഇരട്ടക്കൊലപാതകത്തിലെ പ്രതി ബൈക്ക് വച്ചിരുന്ന സ്ഥലം സെല്‍മ പൊലീസിനു കാട്ടിക്കൊടുത്തു,കറുകച്ചാലില്‍ വീട്ടമ്മയെയും മകളെയും തലയ്ക്കടിച്ചശേഷം മോഷണം നടത്തിയ പ്രതികളെ കോളനിയിലെ വീട്ടില്‍നിന്നു പിടികൂടാന്‍ സഹായിച്ചു, പാലാ അല്‍ഫോന്‍സ കോളജിലെയും മറിയപ്പള്ളി സ്‌കൂളിലെ കംപ്യൂട്ടര്‍ മോഷണത്തിനും തെളിവുണ്ടാക്കി.ഇങ്ങനെ സെല്‍മയുടെ കുറ്റാന്വേഷണ മികവിനു ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും.
തൃശൂര്‍ കെന്നല്‍ ക്ലബ് പൊലീസ് അക്കാദമിയില്‍ 2008-ലെ ആദ്യ ബാച്ചിലെ അംഗമായിരുന്നു സെല്‍മ. ഒന്‍പതുമാസം പരിശീലനം. ആ ഗ്രൂപ്പിലെ 11 നായ്ക്കളില്‍ ഒന്നാം സ്ഥാനക്കാരിയായി. മൂന്നുമാസം അനുസരണശീലത്തിനുള്ള പരിശീലനമാണ്. ഇതു പൂര്‍ത്തിയായാല്‍ എന്തു പറഞ്ഞാലും അനുസരിക്കുന്നവരാകും നായകള്‍. അടുത്തപടിയായി മണം പിടിക്കാനുള്ള പരിശീലനമാണ്. ഇതു കഴിഞ്ഞ് അന്വേഷണരംഗത്തേക്ക് ഇറക്കും. പരിശീലനം കഴിഞ്ഞാല്‍ കൃത്യമായി ജീവിത ചിട്ടകളിലേക്കു നായ്ക്കള്‍ മാറും. ജാഗ്രതയും ശ്രദ്ധയും കൂടും. പ്രാഥമികാവശ്യങ്ങള്‍ക്കു ദിവസവും പുലര്‍ച്ചെ 6.15നു കൂട്ടില്‍നിന്നു പുറത്തിറക്കുന്നതോടെയാണു പരിശീലനം ആരംഭിക്കുക. തുടര്‍ന്നു ഭക്ഷണം. വൈകിട്ടു 3.30നു വീണ്ടും പുറത്തിറക്കും. അരമണിക്കൂറിനുശേഷം വീണ്ടും പരിശീലനം. ഇതാണു ദിനചര്യ. ഇത്തരം നായ്ക്കള്‍ പ്രാഥമികാവശ്യങ്ങളൊന്നും കൂട്ടില്‍ നിര്‍വഹിക്കില്ല. ഒരു ദിവസം പുറത്തിറക്കിയില്ലെങ്കില്‍പോലും പ്രാഥമികാവശ്യങ്ങള്‍ കൂട്ടില്‍ നിര്‍വഹിക്കില്ലെന്നു പരിശീലകനായ പ്രേംജി പറയുന്നു.
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയും നാടന്‍ പാട്ട് കലാകാരനുമായ മടവൂര്‍ സ്വദേശി രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി അലിഭായി കുറ്റം സമ്മതിച്ചു. ഖത്തറിലെ വ്യാപാരിയും സുഹൃത്തുമായ അബ്ദുല്‍ സത്താറാണ് രാജേഷിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് ഇയാള്‍ പോലീസില്‍ സമ്മതിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട രാജേഷും സത്താറിന്റെ മുന്‍ ഭാര്യയും നൃത്താധ്യാപികയുമായ യുവതിയും തമ്മിലുണ്ടായിരുന്ന ബന്ധമാണ് വൈരാഗ്യത്തിന് കാരണമെന്ന് അലിഭായ് പോലീസിന് മൊഴി നല്‍കി. രാജേഷ് നൃത്താധ്യാപികയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നതായും സത്താറിന് സംശയമുണ്ടായിരുന്നു. ഇതാണ് രാജേഷിനെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന് പിന്നിലുള്ള കാരണം.
കേസില്‍ ഇതുവരെ നാല് പേരാണ് പിടിയിലായിരിക്കുന്നത്. അലിഭായി എന്ന മുഹമ്മദ് താലിഫ്, സ്വാതി സന്തോഷ്, എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ഓച്ചിറ സ്വദേശി യാസിന്‍, കൊല്ലം സ്വദേശി സനു എന്നിവരാണ് പിടിയിലായിരിക്കുന്നത്. നേരത്തെ അലിഭായിയെ പിടികൂടാന്‍ കേരള പോലീസ് ഇന്റര്‍പോളിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഖത്തറില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെയാണ് അലിഭായി പിടിയിലായത്.
പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ വാര്‍ത്ത രാജ്യമങ്ങുമുള്ള മാധ്യമങ്ങള്‍ ഏറ്റെടുത്തതാണ്. ജിഷ മരിച്ചശേഷം അവരുടെ അമ്മയും സഹോദരിമാരുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചു. എന്നാലിപ്പോള്‍ ജിഷയുടെ അമ്മയുടെ ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ തെറിവിളിയാണ് നടക്കുന്നത്. അവരുടെ മുടിയിലെ പുതിയ മാറ്റവും ആഡംബര ജീവിതവുമൊക്കെയാണ് തെറിവിളിക്കാധാരം. ഇത്രയും ക്രൂരമായി കൊല്ലപ്പെട്ട ഒരു മകളുടെ ഓര്‍മകളെ മായ്ച്ചുകളഞ്ഞ് മകളുടെ പേരില്‍ ലഭിച്ച ലക്ഷങ്ങള്‍കൊണ്ട് ജിഷയുടെ അമ്മ രാജേശ്വരി ഇപ്പോള്‍ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നാണ് ആരോപണം. അടുത്തിടെ ഇവര്‍ക്കുണ്ടായിരുന്ന പോലീസ് സുരക്ഷ പിന്‍വലിച്ചിരുന്നു.
രാജേശ്വരി തികഞ്ഞ അവജ്ഞയോടെയാണ് തങ്ങളോടു പെരുമാറിയിരുന്നതെന്ന പൊലീസുകാരുടെ പരാതിയെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചത്. മുടി ചീകിക്കെട്ടിക്കുന്ന ജോലിവരെ ചെയ്യിച്ചിട്ടുണ്ടെന്നു വനിതാ പൊലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. ജനറല്‍ ആശുപത്രിയിലും മറ്റും ചികിത്സയില്‍ കഴിയുമ്പോള്‍ രാജേശ്വരി കിടന്ന കട്ടിലിന്റെ ചുവട്ടില്‍ നിലത്താണ് പൊലീസുകാരെ കിടത്തിയിരുന്നത്. എന്നാല്‍, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നാണ് ജിഷയുടെ അമ്മ പറയുന്നത്. അര്‍ബന്‍ ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്തിരിക്കുന്ന പണത്തിന്റെ പലിശകൊണ്ടാണ് എന്റെ ചെലവുകളൊക്കെ ഞാന്‍ നടത്തുന്നത്. മകളെ നഷ്ടപ്പെട്ട അമ്മ സമാധാനമായി ഉറങ്ങുമെന്നാണോ നിങ്ങള്‍ കരുതുന്നത്. എനിക്ക് പണത്തിന്റെ വില അറിയാം. അതുകൊണ്ട് തന്നെ ഞാന്‍ അനാവശ്യമായി ചെലവാക്കില്ലെന്നും രാജേശ്വരി പറയുന്നു.
ഇടുക്കി: പ്രശസ്ത ഫോട്ടോഗ്രാഫര്‍ സലിം പുഷ്പനാഥ് കുഴഞ്ഞുവീണ് മരിച്ചു. വന്യജീവി, ട്രാവല്‍, ഫുഡ് ഫോട്ടോഗ്രാഫി മേഖലയില്‍ പ്രശസ്തനായിരുന്നു. കുമളി ആനവിലാസം പ്ലാന്റേഷന്‍ റിസോര്‍ട്ടില്‍ ഇന്നു രാവിലെയാണു കുഴഞ്ഞുവീണത്. കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആശുപത്രിയില്‍ എത്തുന്നതിനു മുമ്പു തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഡിറ്റ്ക്ടീവ് നോവലിസ്റ്റായ കോട്ടയം പുഷ്പനാഥിന്റെ മകനാണ് സലിം പുഷ്പനാഥ്.
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. അലിഭായി എന്ന് അറിയപ്പെടുന്ന സാലിഹ് ബിന്‍ ജലാല്‍ ആണ് പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയതിനു പിന്നാലെ ഇന്ന് രാവിലെയാണ് ഇയാള്‍ പിടിയിലായത്. മറ്റൊരു പേരിലാണ് ഇയാള്‍ തിരുവനന്തപുരത്തെത്തിയത്. വിസ റദ്ദാക്കാന്‍ പോലീസ് സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് ഇയാള്‍ കള്ളപ്പേരില്‍ നാട്ടിലെത്തിയതെന്നാണ് കരുതുന്നത്.
മടവൂരിലെ സ്വന്തം സ്റ്റുഡിയോയില്‍ വെച്ചാണ് രാജേഷിന് വെട്ടേറ്റത്. ആക്രമണം നടത്തിയ സംഘത്തിലെ കരുനാഗപ്പള്ളി സ്വദേശി ഷന്‍സീര്‍ നേരത്തേ അറസ്റ്റിലായിരുന്നു. സംഘത്തിലെ മൂന്നാമനായ അപ്പുണ്ണി രാജേഷിനെ പിടിച്ചു നിര്‍ത്തുകയും അലിഭായിയും ഷന്‍സീറും ചേര്‍ന്ന് വെട്ടുകയുമായിരുന്നു. വടിവാളുകള്‍ ഷന്‍സീറാണ് പിന്നീട് ഒളിപ്പിച്ചത്.
രാജേഷുമായി സൗഹൃദമുണ്ടായിരുന്ന ഖത്തറിലെ നൃത്താധ്യാപികയുടെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ നല്‍കിയെന്നതിനു വ്യക്തമായ തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായി പിണങ്ങിക്കഴിയുന്ന അധ്യാപിക രാജേഷുമായി അടുത്തതും ഭാര്യ മാറിത്താമസിച്ചതോടെ ബിസിനസ് തകര്‍ന്നതുമാണ് ഇയാളെ ഇതിന് പ്രേരിപ്പിച്ചത്. മാര്‍ച്ച് 27ന് പുലര്‍ച്ചെയാണു മടവൂരിലെ സ്റ്റുഡിയോയില്‍ രാജേഷ് വെട്ടേറ്റ് കൊല്ലപ്പെട്ടത്.
തിരുവനന്തപുരം: ബി.ജെ.പിയും സി.പി.എംഉം ദളിതര്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടെന്ന് ആം ആദ്മി പാര്‍ട്ടി. ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനകളുടെ നേതാവിനെ അറസ്റ്റ് ചെയ്യുകയെന്നത് കേട്ട് കേള്‍വി പോലും ഇല്ലാത്ത സംഭവമാണ്. ഇതിലൂടെ സര്‍ക്കാരിന്റെ ദളിത് വിരുദ്ധ നയം മറ നീക്കി പുറത്തുവന്നിരിക്കുന്നതെന്ന് ആം ആദ് മി പാര്‍ട്ടി ആരോപിച്ചു.
കേരളത്തില്‍ രാഷ്ട്രീയ കക്ഷികളും, തൊഴിലാളി സംഘടനകളും വ്യാപാരികളുംപലപ്പോഴും ഹര്‍ത്താല്‍ നടത്തിയിട്ടുണ്ട് എങ്കിലും, ഇത് വരെ ഉണ്ടാകാത്ത ഒരു നടപടി ഇന്നലെ നടന്നത്. എന്തുകൊണ്ട് ഇടതു സര്‍ക്കാര്‍ ഇതിനു മുമ്പ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത നേതാക്കളെ ഒന്നും അറസ്റ്റ് ചെയ്തില്ല എന്നതിന് വിശദീകരണം നല്‍കേണ്ടതുണ്ട്.
ചരിത്രം പരിശോധിച്ചാല്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ഹര്‍ത്താലുകള്‍ കേരളത്തില്‍ നടത്തിയിട്ടുള്ളത് സിപിഎം ആയിരിക്കും. ഗീതാനന്ദന്‍ അടക്കമുള്ളവരുടെ അറസ്റ്റിനെ ആം ആദ്മി പാര്‍ടി ശക്തമായി അപലപിക്കുന്നതായി അറിയിച്ചു.
തൃശൂര്‍: പൊലീസുകാര്‍ക്കു ചെരിഞ്ഞ തൊപ്പി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഡിജിപിയെ അസഭ്യം പറഞ്ഞ സിവില്‍ പൊലീസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. തൃശൂര്‍ നഗരാതിര്‍ത്തിയിലെ പൊലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന ജോഫിന്‍ ജോണിയെയാണ് കമ്മിഷണര്‍ രാഹുല്‍ ആര്‍.നായര്‍ സസ്‌പെന്‍ഡ് ചെയ്തത്. ആറു മാസത്തേക്കാണ് സസ്‌പെന്‍ഷന്‍.
തൃശൂര്‍ സായുധസേനാ ക്യാംപിലെ പൊലീസുകാര്‍ ഒന്നടങ്കം അംഗമായ ‘സായുധസേന തൃശൂര്‍’ എന്ന വാട്‌സാപ് ഗ്രൂപ്പിലായിരുന്നു അസഭ്യവര്‍ഷം. സിഐ മുതല്‍ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ വരെയുള്ളവര്‍ക്കു ചെരിഞ്ഞ തൊപ്പി ഏര്‍പ്പെടുത്താനുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവിനെക്കുറിച്ചുള്ള പത്രവാര്‍ത്ത സേനാംഗങ്ങളിലൊരാള്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരുന്നു. ഈ വാര്‍ത്തയ്ക്കു കീഴിലാണു ജോഫിന്റെ അസഭ്യവര്‍ഷം വന്നത്. ഗ്രൂപ്പിലെ മറ്റംഗങ്ങള്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമുയര്‍ത്തുകയും ചെയ്തിരുന്നു
മുഖ്യമന്ത്രിയും ഡിജിപിയും ഉള്‍പ്പെടെ പൊലീസിന്റെ ഭാഷയും പെരുമാറ്റവും നന്നാക്കണമെന്നു ആവര്‍ത്തിച്ചു നിര്‍ദേശിക്കുന്നതിനിടെയായിരുന്നു ഡിജിപിക്കെതിരെ പൊലീസുകാരന്റെ അസഭ്യവര്‍ഷം.