ന്യൂഡല്‍ഹി: നടി ആക്രമണക്കേസില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം ആവശ്യപ്പെട്ട് നടന്‍ ദിലീപ്. കേസ് ഒരാഴ്ച്ചത്തേക്ക് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

മെമ്മറി കാര്‍ഡ് ദിലീപിന് കൈമാറാന്‍ കഴിയിലെന്നും ദൃശ്യങ്ങള്‍ നടിയെ അപമാനിക്കാന്‍ ഉപയോഗിച്ചേക്കാമെന്നും അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കുകയായിരുന്നു. ഇതിന് മറുപടി നല്‍കാനാണ് ദിലീപ് ഒരാഴ്ച്ച സമയം ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജിയുടെ തുടര്‍വാദം നാളെയാണ് നടക്കേണ്ടത്. അപേക്ഷ സമര്‍പ്പിച്ച സാഹചര്യത്തില്‍ വാദം നീളാനാണ് സാധ്യത. കേസില്‍ ദിലീപിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിക്കും നാളെ ഹാജരാകന്‍ അസൗകര്യമുണ്ടെന്ന് അപേക്ഷയില്‍ പറയുന്നു.

നേരത്തെ സമാന ആവശ്യം ഉന്നയിച്ച് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മെമ്മറി കാര്‍ഡ് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന പ്രൊസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി ദിലീപിന്റെ ഹര്‍ജി തള്ളി. കേസില്‍ തന്റെ നിരപരാധിയാണെന്നും മെമ്മറി കാര്‍ഡിലുള്ള ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും ദിലീപ് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇതൊന്നും മുഖവിലക്കെടുത്തില്ല.