Kerala

കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ കള്ളന്മാരുടെയും കൊള്ളക്കാരുടെയും വോട്ട് തേടുന്നതില്‍ തെറ്റില്ലെന്ന് ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. കെ എം മാണിയുടെ എന്‍.ഡി.എ പ്രവേശനം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മുരളീധരന്‍ ഇക്കാര്യം പറഞ്ഞത്. കെ.എം മാണിയെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം പുറത്തു വന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗങ്ങളുടെയും വോട്ട് അഭ്യര്‍ത്ഥിക്കുന്നതില്‍ തെറ്റൊന്നുമില്ല. ബിജെപി ദേശീയനിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് കെ.എം മാണിയെ സന്ദര്‍ശിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ്. വി മുരളീധരന്‍ പറഞ്ഞു. പി. ജയരാജന് വധഭീഷണിയുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടിനെയും മുരളീധരന്‍ വിമര്‍ശിച്ചു. ശുഹൈബ് വധക്കേസില്‍ പ്രതിരോത്തിലായിരിക്കുന്ന ജയരാജനെ രക്ഷിക്കാനുള്ള സിപിഐഎമ്മിന്റെ നാടകമാണ് പുതിയ റിപ്പോര്‍ട്ടെന്ന് അദ്ദേഹം ആരോപിച്ചു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മുന്നണിയിലേക്ക് കൂടുതല്‍ പേരെ എത്തിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്. കേരളാ കോണ്‍ഗ്രസിന്റെ ഇന്ന് നടക്കാനിരിക്കുന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ എന്‍.ഡി.എ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജീവന് ഭീഷണിയുണ്ടെന്ന് പോലീസ്. ഒളിവില്‍ കഴിയുന്ന ആര്‍.എസ്.എസ് ഗുണ്ടാനേതാവ് ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ജയരാജനെ വധിക്കാനുള്ള ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നത് ഞങ്ങളല്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. ജയരാജനെ മഹത്വവത്ക്കരിക്കാനും നാട്ടില്‍ കലാപമുണ്ടാക്കാനുമുള്ള സിപിഎമ്മിന്റെ തന്ത്രമാണ് പുതിയ പോലീസ് റിപ്പോര്‍ട്ടിന് പിന്നിലെന്ന് ബിജെപി ആപരോപിക്കുന്നു.

വധഭീഷണി നിലനില്‍ക്കുന്നുവെന്ന പോലീസ് റിപ്പോര്‍ട്ടിനോട് ജയരാജന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വധഭീഷണിയെ തുടര്‍ന്ന് ജയരാജന്റെ സുരക്ഷ പോലീസ് വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചനകള്‍. ശുഹൈബ് വധത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട സിപിഎമ്മിന്റെ പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു. പോലീസ് കളിക്കുന്ന നാടകത്തിന്റെ ബാക്കി പത്രമാണ് പുതിയ വധഭീഷണിയെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ പറഞ്ഞു.

സിപിഎം പ്രവര്‍ത്തകനായ വാളാങ്കിച്ചല്‍ മോഹനന്‍ വധത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന ആര്‍എസ്എസ് നേതാവ് പ്രനൂബ് ബാബു ഉള്‍പ്പെടുന്ന സംഘമാണ് ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിയുടെ സജീവ പ്രവര്‍ത്തകരായ കതിരൂര്‍ മനോജ്, ധര്‍മ്മടം രമിത്ത് എന്നിവരുടെ കൊലപാതകത്തിന് പകരം വീട്ടുകയാണ് ഇവരുടെ ഉദ്ദേശമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോട്ടയം: ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസ് കെ. മാണിക്കെതിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി തള്ളി. ഷോണ്‍ ജോര്‍ജ് പരാതിയില്‍ പറഞ്ഞിരിക്കുന്ന വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. നിഷയെ ട്രെയിനില്‍ വെച്ച് അപമാനിച്ച രാഷ്ട്രീയ നേതാവിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണ് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതിനെതിരെയാണ് ഷോണ്‍ പരാതി നല്‍കിയത്.

നിഷയുടെ ഈയിടെ പുറത്തിറങ്ങിയ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിലാണ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നോട് ട്രെയിനില്‍ വെച്ച് അപമര്യാദയായി പെരുമാറിയതായി പരാമര്‍ശം ഉള്ളത്. എന്നാല്‍ അപമാനിച്ചയാളുടെ പേരോ മറ്റു വിവരങ്ങളോ നിഷ ജോസ് പുസ്തകത്തിന്‍ വ്യക്തമാക്കിയിട്ടില്ല.

ഷോണിന്റെ പരാതി പരിശോധിച്ച ഈരാറ്റുപേട്ട പോലീസ് പ്രശ്‌നത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. തനിക്കെതിരെ നടക്കുന്ന വ്യാപക അപകീര്‍ത്തി പ്രചാരണങ്ങള്‍ അന്വേഷിക്കണമെന്ന് പരാതിയില്‍ ഷോണ്‍ പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് നിഷ പരാതി നല്‍കാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കി.

തിരുവനന്തപുരം: ബിജെപി മുന്നണി വിപുലപ്പെടുത്താനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചു. കെ.എം മാണിയെ എന്‍.ഡി.എ പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമാകാന്‍ കെ.എം മാണിക്ക് കുമ്മനം രാജശേഖരന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്. ആര്‍ക്ക് വേണമെങ്കിലും മുന്നണിയുടെ ഭാഗമാകാമെന്നും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു. കെ.എം മാണിയുടെ പ്രതികരണത്തിന് അനുസരിച്ച് ഘടകകക്ഷികളുടെ യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യവെച്ചാണ് പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപി രംഗത്തു വന്നിരിക്കുന്നത്. ചെങ്ങന്നൂരില്‍ ബിജെപി തോറ്റാല്‍ സംസ്ഥാന നേതൃത്വം പിരിച്ചു വിടുമെന്ന് അമിത് ഷാ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കിയിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണിയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് കുമ്മനം രാജശേഖരന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് നടക്കാനിരിക്കുകയാണ്. എന്‍ഡിഎ പ്രവേശം സംബന്ധിച്ച കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. കഴിഞ്ഞ ദിവസം കെ.എം മാണിയുമായി ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് ക്ഷണിച്ച് കുമ്മനം രംഗത്ത് വന്നിരിക്കുന്നത്.

കോട്ടയം: മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിക്കുകയും അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് പോലീസില്‍ പരാതി നല്‍കി. ജോസ് കെ മാണി എം.പിയുടെ ഭാര്യ നിഷയോട് ട്രെയിനില്‍ വെച്ച് അപമര്യാദയായി പെരുമാറിയ രാഷ്ട്രീയ നേതാവിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് പുതിയ പരാതി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന തന്റെ പുസ്തകത്തിലാണ് നിഷ ഒരു രാഷ്ട്രീയ നേതാവിന്റെ മകനില്‍നിന്ന് മോശമായ പെരുമാറ്റം ട്രെയിന്‍ യാത്രക്കിടെ നേരിടേണ്ടി വന്നതിനെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. സംഭവം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അപമര്യാദയായി പെരുമാറിയ നേതാവിന്റെ മകന്‍ ഷോണ്‍ ആണെന്ന് ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അതേസമയം നിഷയ്ക്കൊപ്പം ട്രെയിന്‍ യാത്ര ചെയ്തിട്ടുണ്ടെന്ന് ഷോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഭാര്യയുടെ പിതാവായ നടന്‍ ജഗതി ശ്രീകുമാറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മടങ്ങുന്ന വഴി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നിഷയുമായി സംസാരിച്ചിരുന്നു. എന്നാല്‍ ട്രെയിനില്‍ വച്ച് സംസാരിച്ചിട്ടില്ല. ചില സിപിഎം നേതാക്കളും ഒപ്പമുണ്ടായിരുന്നതായി ഷോണ്‍ പറഞ്ഞു. കോട്ടയം എസ്.പിക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആലപ്പുഴ: നാവികസേനയുടെ ഹെലികോപ്ടര്‍ ആലപ്പുഴയില്‍ അടിയന്തരമായി നിലത്തിറക്കി. കൊച്ചിയില്‍ നിന്ന് നിരീക്ഷണപ്പറക്കലിനായി പോല ചേതക് ഹെലികോപ്ടറാണ് മുഹമ്മയില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത്. മുഹമ്മ കെ.പി മെമമ്മാറിയല്‍ സ്‌കൂള്‍ ഗ്രൗണ്ടിനോട് ചേര്‍ന്നാണ് ചേതക് ഹെലികോപ്ടര്‍ ഇറക്കിയത്

രണ്ടു പേരായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് പരിക്കില്ല. രാവിലെ 11.20ഓടെയാണ് സംഭവം. എന്‍ജിനില്‍ സാങ്കേതികത്തകരാറ് ഉണ്ടായതിനെത്തുടര്‍ന്ന് കോക്പിറ്റിസല്‍ അപായ സിഗ്നല്‍ കാണിക്കുകയും പൈലറ്റുമാര്‍ ഹെലികോപ്ടര്‍ അടിയന്തരമായി നിലത്തിറക്കുകയുമായി

കോക്പിറ്റില്‍ അപായ സിഗ്‌നല്‍ കണ്ടതിനെ തുടര്‍ന്നാണ് നിലത്തിറക്കിയത്. ഹെലികോപ്ടറില്‍ രണ്ടു പേര്‍ ഉണ്ടായിരുന്നുവെന്നും, ആര്‍ക്കും പരിക്കില്ലെന്നും നാവികസേന അറിയിച്ചു. എഞ്ചിന് സാങ്കേതിക തകരാര്‍ കണ്ടത്തിയതിനെ തുടര്‍ന്നാണ് ഇന്നു രാവിലെ 11.20 ഓടെ വെട്ടയ്ക്കല്‍ ബീച്ചിനോട് ചേര്‍ന്ന് ആളൊഴിഞ്ഞ മേഖലയില്‍ നിലത്തിറക്കേണ്ടി വന്നത്

പാലാ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി പാളയം. ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ച് ബിജെപി നേതാക്കള്‍ കെ.എം മാണിയുമായി ചര്‍ച്ച നടത്തി. ബിജെപിയുടെ മുതിര്‍ന്ന നേതാവ് പി.കെ. കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരുടെ സംഘമാണ് മാണിയെ കണ്ടത്. ചെങ്ങന്നൂരില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് നാളെ ചേരുന്ന കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെടുക്കും.

കെഎം മാണിയെ എന്‍.ഡി.എ സഖ്യത്തിലെത്തിച്ച് ചെങ്ങന്നൂരില്‍ മുന്‍തൂക്കം നേടാമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ ബിജെപി നേതാക്കളുമായി നടന്ന കൂടിക്കാഴ്ച വെറും സൗഹൃദസന്ദര്‍ശനമാണെന്നാണ് കേരളാ കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചെങ്ങന്നൂരില്‍ വിജയിച്ചില്ലെങ്കില്‍ ബിജെപിയുടെ സംസ്ഥാന നേതൃത്വം പിരിച്ചുവിടുമെന്ന് നേരത്തെ അമിത് ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ത്രികോണ മത്സരം ഉറപ്പായ ചെങ്ങന്നൂരില്‍ മൂന്നു മുന്നണികളും ശക്തമായ പ്രചരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ബിജെപിയുമായി ചെങ്ങന്നൂരില്‍ സഹകരിക്കില്ലെന്ന ബിഡിജെഎസ് നിലപാട് എന്‍ഡിഎ സഖ്യത്തിന് തിരിച്ചടിയാകുമെന്നാണ് സൂചന. ഉപതെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ടു ചെയ്യാനാവും കേരളാ കോണ്‍ഗ്രസ് അണികള്‍ നല്‍കാന്‍ പോകുന്ന നിര്‍ദേശമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നാളെ നടക്കുന്ന മീറ്റിംഗില്‍ ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക സ്ഥീരീകരണം ഉണ്ടാകും.

കല്‍പ്പറ്റ: വയനാട്ടിലെ ആദിവാസി ഊരുകളില്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുന്നു. കല്‍പ്പറ്റയില്‍ ആദിവാസി യുവതി കെഎസ്ആര്‍ടിസി ബസിനുള്ളില്‍ പ്രസവിച്ചു. കോഴിക്കോട് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോയ കെ.ആര്‍.ടി.സി ബസില്‍ വെച്ചാണ് യുവതി പ്രസവിച്ചത്. അമ്പലവയല്‍ നെല്ലറച്ചാല്‍ സ്വദേശി ബിജുവിന്റെ ഭാര്യ കവിത കഴിഞ്ഞ കുറേ ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ചികിത്സ പൂര്‍ത്തിയാക്കി മടങ്ങുന്ന വഴിക്കാണ് സംഭവം.

പ്രസവം നടന്നയുടന്‍ യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര സാഹചര്യമായതുകൊണ്ട് ബസില്‍ തന്നെയാണ് കവിതയെ ആശുപത്രിയിലെത്തിച്ചത്. അതേ സമയം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വയനാട് ജില്ലാ കളക്ടര്‍ ആശുപത്രിയിലെത്തി യുവതിയേയും കുട്ടിയേയും സന്ദര്‍ശിച്ചു.

അടിയന്തിര സഹായമായി 5000 രൂപ അനുവദിച്ചതായി കളക്ടര്‍ അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍മാരുടെ അനുമതിയില്ലാതെയാണ് കവിത ഡിസ്ചാര്‍ജ് ആവശ്യപ്പെട്ട് സ്വദേശത്തേക്ക് തിരിച്ചു പോന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. പൂര്‍ണ ഗര്‍ഭിണിയായ കവിതയെ ആംബുലന്‍സിലോ കാറിലോ കൊണ്ടുവരാനുള്ള പണം കൈവശമില്ലാത്തതാണ് ഇവരെ കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യാന്‍ പ്രേരിപ്പിച്ചത്.

കൊല്ലം: ചാത്തന്നൂരില്‍ ദമ്പതികളും മകനും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത് ഇന്ന് രാവിലെ. ഇന്ന് രാവിലെ ഗള്‍ഫില്‍ നിന്നെത്തി സഹോദരിയേയും കുടുംബത്തേയും കാണാനുള്ള യാത്രയ്ക്കിടെയാണ് ഷിബുവിനേയും കുടുംബത്തേയും മരണം കവര്‍ന്നത്. ഇന്ന് പ്രാദേശിക സമയം 2:30 നോട് അടുത്താണ് അപകടം ഉണ്ടായത്. അമിതവേഗത്തില്‍ എത്തിയ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചതിനെ തുടര്‍ന്നാണ് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഷിബു (40) ഭാര്യ സിജി (34) മകന്‍ ആദിത്യന്‍ (11) എന്നിവര്‍ മരിച്ചത്. ഇളയ കുട്ടി ആദിഷ് ചെറിയ പരുക്കുകളോടെ രക്ഷപെട്ടു. ഇന്ന് പുലര്‍ച്ചെയാണ് ഷിബു റാസല്‍ഖൈമയില്‍ നിന്ന് നാട്ടിലെത്തിയത്.

ആദിച്ചനെല്ലൂരില്‍ താമസിക്കുന്ന സഹോദരിയെ കാണാന്‍ പോകുന്ന വഴിക്ക് ആണ് അപകടമുണ്ടായത്. ചാത്തന്നൂര്‍ സ്റ്റാന്‍ഡേര്‍ഡ് ജങ്ഷനില്‍ വച്ച് ഷിബുവും കുടുംബവും സഞ്ചരിച്ച സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ഇടിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് കാത്തുനില്‍ക്കുകയായിരുന്ന മൂത്ത മകനേയും യാത്രയില്‍ ഒപ്പം കൂട്ടിയിരുന്നു. കൊട്ടിയത്തെ കിംസ് ആശുപത്രിയില്‍ വച്ചാണ് സിജിയും ആദിത്യനും മരിച്ചത്. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വച്ചാണ് ഷിബു മരിച്ചത്.

അപകടത്തിൽ മരിച്ച ഷിബു Ras Al Khaimah Al Jazeera Port ലെ ജീവനക്കാരനാണ്. മൂത്ത മകന്റെ പരീക്ഷ കഴിഞ്ഞതോടെ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ഷിബു. ഭാര്യാപിതാവും അജ്‌മാനിലാണ് ജോലിചെയ്യുന്നത്. ദുബായിലുള്ള പ്രശസ്‌തമായ ഒരു എയർലൈൻസിലാണ് ഷിബുവിന്റെ സഹോദരൻ ജോലി ചെയ്യുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോട് കൂടി ശവസംസ്‌കാരം നടക്കുമെന്നാണ് അടുത്ത ബന്ധുക്കളിൽ നിന്ന് അറിയുവാൻ കഴിയുന്നത്.

കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ കുട്ടികള്‍ മൊബൈലില്‍ ചിത്രീകരിച്ചിരിക്കുന്ന ആ വീഡിയോ വ്യാജമാണെന്ന് വെളിപ്പെടുത്തലുമായി സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍ രംഗത്തു വന്നിരിക്കുകയാണ്.

സെല്‍ഫിയെടുക്കുന്ന സമയത്ത് അപകടം സംഭവിക്കുന്ന വീഡിയോ തന്റെ സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങളാണെന്ന് സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ്ബില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ നിര്‍മ്മിക്കാന്‍ പോകുന്ന സിനിമയുടെ പ്രമേയം വാര്‍ത്തകള്‍ മാറിമറിയുന്നതിനെക്കുറിച്ചാണെന്നും വിഷയത്തിന് പ്രസക്തി ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെതെന്നും അദ്ദേഹം പറയുന്നു. ആലപ്പുഴ സ്വദേശിയായ വൃദ്ധ കിണറ്റില്‍ വീണു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

RECENT POSTS
Copyright © . All rights reserved