ബിനോയി ജോസഫ്
കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണ്ണായക ചലനം സൃഷ്ടിക്കുന്ന രീതിയിൽ കരുത്തുകാട്ടി കേരള കോൺഗ്രസ് എം സംസ്ഥാന സമ്മേളനം കോട്ടയത്ത് സമാപിച്ചു. കേരള കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും ആസൂത്രിതവും സാങ്കേതിക തികവുമാർന്ന സംഘാടന മികവിന്റെ ഉദാഹരണമായി കോട്ടയം മഹാ സമ്മേളനം മാറി. മാസങ്ങൾ നീണ്ട ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പാർട്ടിയെ അടിമുടി ശക്തമാക്കിയാണ് കേരള കോൺഗ്രസ് ഇത്തവണ കരുത്തു കാട്ടിയത്. പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തിക്കൊണ്ട് ഒറ്റയ്ക്ക് മുന്നോട്ട് പോകുവാൻ പ്രാപ്തമാക്കാൻ തക്കവിധമുള്ള ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത് എന്ന് സമ്മേളനം തെളിയിച്ചു. പാർട്ടി പ്രവർത്തകരായ ആയിരക്കണക്കിന് വനിതകളും സമ്മേളനത്തിൽ ആവേശത്തോടെ പങ്കെടുത്തു. പാർട്ടിയുടെ ശക്തികേന്ദ്രമായ മലബാർ മേഖലയിൽ നിന്നും ഇടുക്കിയടക്കമുള്ള മറ്റു ജില്ലകളിൽ നിന്നും നൂറുകണക്കിന് വാഹനങ്ങളിലാണ് പ്രവർത്തകർ എത്തിയത്.
കേരള കോൺഗ്രസിന്റെ തഴക്കവും പഴക്കവുമുള്ള നേതാക്കന്മാരുടെ പിൻബലത്തിൽ പാർട്ടിയുടെ യുവ നേതൃനിരയാണ് സമ്മേളനത്തിന്റെ ചുക്കാൻ പിടിച്ചത്. ആധുനിക സാങ്കേതിക വിദ്യകളും സോഷ്യൽ മീഡിയയും വേണ്ട രീതിയിൽ ഉപയോഗിച്ച് പാർട്ടി പ്രവർത്തകരെ നിയന്ത്രിക്കാനും വേണ്ട നിർദ്ദേശങ്ങൾ സമയാസമയത്ത് അവരിൽ എത്തിക്കാനും പാർട്ടി നേതൃത്വത്തിനു കഴിഞ്ഞു. കോട്ടയത്തെ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മഹാസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ലക്ഷത്തോളം വരുന്ന പാർട്ടി പ്രവർത്തകർക്ക് വേണ്ട സൗകര്യമൊരുക്കാനും എത്തിച്ചേർത്ത വാഹനങ്ങൾക്ക് സുഗമമായ പാർക്കിംഗ് സജ്ജീകരണങ്ങളും നേതൃത്വം ഒരുക്കിയിരുന്നു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകാതിരിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമുള്ള എല്ലാ പദ്ധതിയും നേതൃത്വം ദിവസങ്ങളോളം കോട്ടയത്ത് ക്യാമ്പ് ചെയ്ത് ഉറപ്പു വരുത്തിയിരുന്നു.
യു ഡി എഫ് വിട്ടതിനു ശേഷം ഒറ്റയ്ക്ക് മുന്നോട്ടു പോവുന്ന കേരള കോൺഗ്രസ് എമ്മിന് ഊർജവും ഉൻമേഷവും പ്രതീക്ഷയും നല്കുന്ന നിലപാടുകളാണ് പാർട്ടി നേതൃത്വം സ്വീകരിച്ചത്. പാർട്ടി ചെയർമാൻ കെ.എം മാണി, വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ്, വൈസ് ചെയർമാൻ ജോസ് കെ മാണി, ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് എന്നിവരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് പാർട്ടിയുടെ സമ്മേളന കാര്യക്രമങ്ങൾ പുരോഗമിച്ചത്. പൊതുജന സൗഹൃദപരമായ രീതിയിൽ സമ്മേളനം നടത്തി മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അനുകരണീയമായ മാതൃക നല്കാനുള്ള നൂതന സംഘാടന രീതികൾക്ക് ജീവൻ നല്കിയത് ജോസ് കെ മാണി എം.പിയാണ്. ലക്ഷത്തോളം വരുന്ന പ്രവർത്തകർ അണിനിരന്ന റാലിയ്ക്ക് നേതൃത്വം നല്കിയത് ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിനായിരുന്നു. സമ്മേളനം നടന്ന വെള്ളിയാഴ്ച പൊതുജനങ്ങൾക്കായി സൗജന്യ ആംബുലൻസ് സേവനവും കോട്ടയത്ത് പാർട്ടി ഒരുക്കിയിരുന്നു.
രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ കേരള കോൺഗ്രസിന്റെ മഹാസമ്മേളനത്തിൽ പാർട്ടി ചെയർമാൻ കെ.എം മാണി കാർഷിക ബദൽ രേഖ അവതരിപ്പിച്ചു. ഒറ്റയ്ക്കു മുന്നോട്ട് പോകാൻ പാർട്ടിയ്ക്ക് കരുത്തുണ്ട്. മുന്നണി സംവിധാനം പാർട്ടിയ്ക്ക് അനിവാര്യ ഘടകമല്ല. മുന്നണി ബന്ധങ്ങളോ രാഷ്ട്രീയ കൂട്ടുകെട്ടുകളോ അല്ല നിലവിൽ ആവശ്യമെന്നും കാർഷിക മൂല്യങ്ങളുടെ യോജിപ്പിനാണ് പാർട്ടി പ്രഥമസ്ഥാനം നല്കുന്നതെന്നും മാണി പറഞ്ഞു. മുന്നണി പ്രവേശനത്തിനായി അല്പം കൂടി കാത്തിരിക്കണം. മുന്നണി പ്രവേശനത്തിനായി ആർക്കും അപേക്ഷ നല്കിയിട്ടില്ല. പാർട്ടിയുടെ നയങ്ങൾ അംഗീകരിക്കുകയും മാന്യമായ സ്ഥാനം നല്കുകയും ചെയ്യുന്ന മുന്നണി ഏതോ അവരുമായി സഖ്യമുണ്ടാക്കുന്നത് പരിഗണിച്ചേക്കാം എന്ന സൂചനയും പാർട്ടി ചെയർമാൻ കെ.എം മാണി നല്കി. യു ഡി എഫിൽ നിന്ന് ഉണ്ടായ നെറികേട് മറക്കാവുന്നതല്ല എന്ന് ജോസ് കെ മാണി സമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയെ തകർക്കാൻ സംഘടിത ശ്രമമുണ്ടായി. ശത്രുക്കളല്ല മിത്രങ്ങളാണ് ചതിച്ചത്. ഇടയനെ അടിച്ചു വീഴ്ത്തി ആട്ടിൻപറ്റത്തെ ചിതറിക്കാൻ ശ്രമിച്ചവർ അതിനു വില നല്കേണ്ടി വരും. കൂടുതൽ കരുത്തോടെ കൂടുതൽ ശക്തിയോടെ കർഷകരുടെയും അദ്ധ്വാനിക്കുന്ന ജനങ്ങളുടെയും ശബ്ദമായി കേരള കോൺഗ്രസ് എം മുന്നോട്ട് പോവുമെന്ന് ജോസ് കെ മാണി പറഞ്ഞു.
കർഷകർക്ക് ദുരിതം സമ്മാനിക്കുന്ന കേന്ദ്രനയങ്ങൾക്ക് എതിരെ സമാന ചിന്താഗതിയുള്ള പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കും. കസ്തൂരി രംഗൻ റിപ്പോർട്ടിൻമേലും പട്ടയ പ്രശ്നങ്ങളിലും പാർട്ടി കർഷകർക്ക് അനുകൂലമായ മാറ്റങ്ങൾക്കായി സർക്കാരിൽ സമ്മർദ്ദം ചെലുത്തും. കേരള രാഷ്ട്രീയ രംഗത്ത് ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകണമെന്ന് പാർട്ടി പ്രതിനിധി സമ്മേളനത്തിൽ ആവശ്യമുയർന്നു. മുന്നണികളോടുള്ള കേരള കോൺഗ്രസിന്റെ നയം വ്യക്തമാക്കാൻ പ്രതിനിധികൾ പാർട്ടി നേതൃത്വത്തോട് അഭ്യർത്ഥിച്ചു. പാർട്ടി വൈസ് ചെയർമാനും സംഘാടക സമിതി ചെയർമാനുമായ ജോസ് കെ മാണി എം.പി സ്വാഗത പ്രസംഗം നടത്തി. പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം പാർട്ടി ചെയർമാൻ കെ.എം മാണി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ജോയി എബ്രാഹാം എം.പി, എം.എൽ.എ മാരായ റോഷി അഗസ്റ്റിൻ, എൻ. ജയരാജ്, മോൻസ് ജോസഫ് തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
മുന്നണി പ്രവേശനത്തെക്കുറിച്ച് പാർട്ടി കൂട്ടായ തീരുമാനമെടുക്കുമെന്ന് സമ്മേളന ശേഷം നടത്തിയ പത്രസമ്മേളനത്തിൽ കെ.എം മാണി പറഞ്ഞു. യുഡിഎഫിലേക്ക് ക്ഷണമുണ്ടായാൽ പോകുമോ എന്ന ചോദ്യത്തിന് ക്ഷണിക്കുന്നവരുടെയെല്ലാം കൂടെ പോകാൻ കഴിയില്ല എന്നും നോക്കിയും കണ്ടും മാത്രമേ തീരുമാനം എടുക്കുകയുള്ളൂ എന്നായിരുന്നു കെ.എം മാണിയുടെ മറുപടി. പിണറായി വിജയന്റെ മൃദുസമീപനം ആണ് താൻ പിന്തുടരുന്നത്. മറ്റു ചിലരെപ്പോലെ കുത്തുകയും നോവിക്കുകയും ചെയ്യുന്ന ആളല്ല പിണറായി വിജയൻ എന്ന് മാണി പത്രലേഖകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
നിയോജകമണ്ഡലം മുതൽ വാർഡ് തലം വരെയുള്ള പ്രവർത്തകരും ഭാരവാഹികളും സമ്മേളന വിജയത്തിനായി അക്ഷീണം പ്രയത്നിച്ചു. വെള്ളിയാഴ്ച നടന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മലബാർ മേഖലയിൽ നിന്നുള്ള പ്രവർത്തകർ രാവിലെ തന്നെ കോട്ടയത്ത് എത്തിച്ചേർന്നിരുന്നു. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള പ്രവർത്തകർ കോടിമതയിൽ നിന്നും ഇടുക്കി, പാലാ, തൊടുപുഴ മേഖലകളിൽ നിന്നുള്ളവർ പോലീസ് പരേഡ് ഗ്രൗണ്ടിനു സമീപത്തു നിന്നും കാസർകോഡ് മുതൽ എറണാകുളം ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ എസ്. എച്ച് മൗണ്ട് കേന്ദ്രീകരിച്ചുമാണ് സമ്മേളന വേദിയായ നെഹ്റു സ്റ്റേഡിയത്തിലേക്ക് എത്തിയത്.
സമ്മേളനത്തിന് മുന്നോടിയായി കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ വാഹന വിളംബര ജാഥകൾ നടത്തി. സമ്മേളന ശേഷം കോട്ടയം നെഹ്റു സ്റ്റേഡിയം പൂർണമായും ശുചീകരിച്ചാണ് പാർട്ടി പ്രവർത്തകർ മടങ്ങിയത്. പ്ലാസ്റ്റിക് കപ്പുകൾ അടക്കമുള്ളവ വേർതിരിച്ച് ശേഖരിച്ച് സംസ്കരിക്കാനുള്ള സംവിധാനം സമ്മേളന സംഘാടകർ ഒരുക്കിയിരുന്നു.
കൊച്ചിയിലെ നാവികസേനയുടെ ആയുധസംഭരണ ശാലയുടെ തൊട്ടരികില്‍ രാജ്യരക്ഷാ നിയമങ്ങളും മറ്റു നിബന്ധനകളും ലംഘിച്ചുകൊണ്ട് നിര്‍മിച്ച കെട്ടിടം പൊളിച്ചു മാറ്റണമെന്നും ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡിസംബര്‍ 16 രാവിലെ 11 മണിക്ക് എടത്തല പഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് നടത്തുന്നു. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നിലമ്പൂരില്‍ പി.വി.അന്‍വറിന്റെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ പോരാടിയ മുരുകേശന്‍ ഇതില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതാണ്
സിനിമാരംഗത്തുള്ളവരും വിദേശ മലയാളികളും ചേര്‍ന്ന് ആരംഭിച്ച പ്രോജക്ട് നിയമ തടസ്സം മൂലം പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. എന്നാല്‍ ഏതു നിയമലംഘനവും നിയമവിധേയമാക്കി മുന്നോട്ടുപോകാന്‍ കഴിയും എന്നുള്ളത് കൊണ്ടാണ് ഇടതുപക്ഷ എം എല്‍ എ കൂടിയായ പി.വി. അന്‍വര്‍ ഇത് വിലയ്ക്ക് വാങ്ങി മുന്നോട്ടു പോകുവാന്‍ തീരുമാനിച്ചത്
അനധികൃതമായി നിര്‍മിച്ച കെട്ടിടം ഇപ്പോള്‍. പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലാണ് ഉള്ളത്. മൂന്നുവട്ടം എന്‍.എ.ഡി അധികൃതര്‍ ആ കെട്ടിടം പൊളിച്ചു മാറ്റണമെന്ന നോട്ടീസ് നല്‍കിയിട്ടും അതെല്ലാം അവഗണിച്ചുകൊണ്ട് അതവിടെ ഇപ്പോഴും നിലനില്‍ക്കുകയാണ്. നാവികസേനയുടെ ആയുധ സംഭരണശാലയുടെ മുഴുവന്‍ ചിത്രങ്ങളും ആ കെട്ടിടത്തില്‍ നിന്നും എടുക്കാം എന്നതും, വയര്‍ലെസ് കേന്ദ്രത്തിന്റെ തൊട്ട് അടുത്താണ് ഈ കെട്ടിടം ഉള്ളത് എന്ന തരത്തിലുള്ള അപകടമാണ് ഇപ്പോള്‍ അവിടെ നിലനില്‍ക്കുന്നത്. ഇത്തരത്തില്ലുള്ള ഒരു കെട്ടിടം അവിടെ തുടരുന്നത് രാജ്യരക്ഷയ്ക്ക് അപകടമാണെന്നും അതിന് രാഷ്ട്രീയ ഉദ്യോഗസ്ഥ മേധാവികള്‍ കൂട്ടുനില്‍ക്കുന്നത് രാജ്യദ്രോഹമാണെന്ന് ആം ആദ്മി പാര്‍ട്ടി കരുതുന്നു.
അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനമെടുത്ത ഒരു സാഹചര്യം കൂടി നാം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. കൂടരഞ്ഞിയിലും മറ്റും അനധികൃത നിര്‍മ്മാണം നടത്തി നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പിവി അന്‍വര്‍ ഈ കെട്ടിടം ഏറ്റെടുത്തതിനു പിന്നില്‍ ദുരൂഹതയുണ്ട് എന്നതും വ്യക്തമാണ്. തന്റെ അധികാരവും പണവും ഉപയോഗിച്ച് അനധികൃത നിര്‍മ്മാണത്തെ അധികൃതമായി മാറ്റിയെടുക്കാന്‍ കഴിയും എന്നുള്ളതുകൊണ്ടാണ് അദ്ദേഹം ഈ കെട്ടിടം ഏറ്റെടുത്തത്.
ഇത്തരം ശക്തികളെ തുറന്നുകാട്ടേണ്ടത് ജനാധിപത്യ വിശ്വാസികളുടേയും രാജ്യ സ്നേഹികളുടെയും മുഴുവന്‍ ആവശ്യമാണ്. അനധികൃതമായി കെട്ടിടം ഉയര്‍ന്നുവന്നതിന് കാരണക്കാരായ പഞ്ചായത്തും അതിന് മുകളിലുള്ള ഉദ്യോഗസ്ഥരേയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു വിശദമായ അന്വേഷണം നടത്തണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഈ മാര്‍ച്ചിലും തുടര്‍ സമരങ്ങളിലും പങ്കെടുക്കാന്‍ എല്ലാ നല്ലവരായ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിക്കുന്നു.
തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉത്സവ ദിനങ്ങള്‍ അവസാനിക്കുന്നു. അനന്തപുരിയിലെ സിനിമാക്കാലത്തിന്‌വര്‍ണ്ണാഭമായി തിരിതാഴുന്നു. ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങ് നിശാഗന്ധിയില്‍ പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണചകോരം പുരസ്‌കാരം പാലസ്തീന്‍ ചിത്രമായ വാജിബ് നേടി. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ഏദന്റെ സംവിധായകന്‍ സഞ്ജു സുരേന്ദ്രനാണ്. ഫിപ്രസി പുരസ്‌കാരവും, മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ബോളിവുഡ് ചിത്രമായ ന്യൂട്ടന്‍ നേടി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം ഏദന് ലഭിച്ചു.
സംവിധായക മികവിനുള്ള പുരസ്‌കാരം അനുജയ്ക്കും ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക് പുരസ്‌കാരം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും നേടി. പ്രത്യേക ജൂറി പുരസ്‌കാരം കാന്‍ഡലേറിയ(സംവിധാനം ജോണി ഹെന്‍ട്രിക്‌സ്)യയും നേടി. വിഖ്യാത സംവിധായകന്‍ അലക്‌സാണ്ടര്‍ സൊക്കൂറോവിന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം തോമസ് ഐസക് സമ്മാനിച്ചു.
മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ല്‍ പരം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ലോക സിനിമാ വിഭാഗത്തിലെ 81 ചിത്രങ്ങളും മതസ്‌ര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങളുള്‍പ്പെടെ 14 ചിത്രങ്ങളുമുണ്ടായിരുന്നു. മത്സരചിത്രങ്ങളില്‍ കാന്‍ഡലേറിയ, ഗ്രെയ്ന്‍, പൊമഗ്രനെറ്റ് ഓര്‍ച്ചാഡ്, ഇന്ത്യന്‍ ചിത്രമായ ന്യൂട്ടന്‍ എന്നിവ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. സമാപന ചടങ്ങ് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു.
ഫേസ്ബുക്കില്‍ കണ്ടുമുട്ടിയ പെണ്‍കുട്ടിയെ വിവാഹം കഴിച്ച യുവാവ് പിന്നീട് യുവതിയെ ഉപേക്ഷിച്ച് നാടുവിട്ടതായി പരാതി. കോട്ടയം കുറുപ്പുന്തറ മാന്‍വെട്ടത്താണ് നാടകീയ സംഭവങ്ങള്‍. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ പെണ്‍കുട്ടി ഭര്‍ത്തൃവീട്ടിലെ വരാന്തയിലാണ് മൂന്നുദിവസമായി താമസം.
ഭര്‍ത്താവിന്റെ വീട്ടുകാര്‍ അകത്തു കയറാന്‍ സമ്മതിക്കുന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പോലീസില്‍ പരാതി നല്കിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും പെണ്‍കുട്ടി ലേഖകനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ വാക്കുകളിലൂടെ.
മധുരവേലിയിലാണ് എന്റെ വീട്. അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചുപോയി. എനിക്കു താഴെ രണ്ടു സഹോദരങ്ങളാണ്. പ്ലസ്ടു കഴിഞ്ഞശേഷം കടുത്തുരുത്തിയില്‍ ലാബ് ടെക്‌നീഷന്‍ കോഴ്‌സ് പഠിക്കുകയാണ്. ഇതിനിടെ ഈ ജനുവരിയിലാണ് മാന്‍വെട്ടം സ്വദേശിയായ യുവാവിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്.
പരിചയം പ്രണയമായി വളര്‍ന്നത് പെട്ടെന്നാണ്. ഒരിക്കല്‍ പോലും നേരിട്ട് കണ്ടില്ലെങ്കില്‍ ഞങ്ങള്‍ തമ്മില്‍ അടുത്തു. ഇതിനിടെ ഒരുദിവസം എന്നെ നേരിട്ട് കാണണമെന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അവന്‍ പറഞ്ഞു. അന്ന് രാത്രി ഒരുമണിയോടെ അവന്‍ വീടിനു മുന്നിലെത്തി. എന്നെ നിര്‍ബന്ധിച്ച് ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് കൊണ്ടുപോകുകയും അവിടെവച്ച് അരുതാത്തത് സംഭവിക്കുകയും ചെയ്തു.
ഇതിനുശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടുകാര്‍ അറിയുകയും ചെയ്തു. ഇതോടെ വലിയ പ്രശ്‌നമായി. വീട്ടുകാര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ അവനെ വിളിക്കുകയും കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ പിന്നീട് ഞാന്‍ വിളിച്ചാല്‍ അവന്‍ ഫോണെടുക്കാതെയായി. ഇതിനിടെ അമ്മ പോലീസില്‍ കേസ് കൊടുത്തതോടെ അവനും വീട്ടുകാരും സ്‌റ്റേഷനിലെത്തി എന്നെ വിവാഹം കഴിക്കാമെന്ന് എഴുതി നല്കി.
ഇതനുസരിച്ച് ഒക്ടോബര്‍ 21ന് കടുത്തുരുത്തി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വിവാഹിതരായി. വിവാഹത്തിന് അവന്റെ വീട്ടുകാര്‍ എത്തിയില്ല. ഞങ്ങളെ എന്റെ വീട്ടുകാര്‍ അവന്റെ വീട്ടിലെത്തിച്ചെങ്കിലും അവര്‍ അവിടെ ഇല്ലായിരുന്നു. എന്റെ ബന്ധുക്കള്‍ വാതില്‍ ചവിട്ടി പൊളിച്ചാണ് ഞങ്ങളെ വീട്ടില്‍ കയറ്റിയത്. എന്നാല്‍ വീട്ടുകാര്‍ വന്ന് പ്രശ്‌നമായതോടെ ഞങ്ങള്‍ക്ക് അവിടെ നിന്ന് ഇറങ്ങേണ്ടിവന്നു.
ഇതിനിടെ അവന്‍ എന്നെ വീട്ടിലാക്കിയിട്ട് നാടുവിട്ടു. ജോലിക്കായി ബംഗളൂരുവിലാണെന്ന് പറഞ്ഞെങ്കിലും പിന്നീട് വിളിച്ചിട്ട് എടുക്കുന്നില്ല. ഇപ്പോള്‍ ഞാന്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും അവര്‍ എന്നെ വീട്ടില്‍ കയറ്റിയില്ല.
ഇപ്പോള്‍ ഞാന്‍ വരാന്തയില്‍ പായിട്ടാണ് കിടക്കുന്നത്. മൂന്നുദിവസമായി നാട്ടുകാരാണ് എനിക്ക് ഭക്ഷണം തരുന്നത്. ഭര്‍ത്താവ് തിരിച്ചെത്തിയില്ലെങ്കില്‍ ആത്മഹത്യയല്ലാതെ എന്റെ മുന്നില്‍ വേറെ വഴികളില്ല. അവന്‍ ഗള്‍ഫിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എനിക്ക് നീതി വേണം.
തിരുവന്തപുരം : കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിക്കവേയാണ് മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി പ്രത്യേക മന്ത്രാലയം എന്ന വാഗ്ദാനം രാഹുല്‍ മുന്നോട്ടുവെച്ചത്. കേന്ദ്രത്തില്‍ നിലവില്‍ കൃഷി വകുപ്പിന് കീഴില്‍ കൃഷിമന്ത്രി തന്നെയാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളിലും ഇടപെടുന്നത്. എന്നാല്‍, ഈ സ്ഥിതി മാറ്റി പ്രത്യേക മന്ത്രിയുടെ കീഴിലേയ്ക്ക് മത്സ്യത്തൊഴിലാളികളെ എത്തിക്കാനാണ് കോണ്‍രഗസ് നീക്കമെന്ന് രാഹുല്‍ പറഞ്ഞു.
വേണ്ട വിധത്തിലുള്ള എല്ലാ സഹായവും നല്‍കി കാണാതായവരുടെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് രാഹുല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ‘പടയൊരുക്കം’ മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ തിരുവനന്തപുരത്ത് എത്തിയത്.
ദുരന്തങ്ങളിലെ നഷ്ടം ഇല്ലാതാക്കാന്‍ തങ്ങള്‍ക്ക് കഴിയില്ല. എന്നാല്‍, ജനങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്നും ദുരന്തങ്ങളില്‍ നിന്നും കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ പാഠം ഉള്‍ക്കൊള്ളണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ഹൗസ് ബോട്ടില്‍ ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹൗസ്‌ബോട്ട് ജീവനക്കാരനെ റിമാന്റ് ചെയ്തു. ചേര്‍ത്തല പട്ടണക്കാട് സ്വദേശി ആഞ്ചലോസിനെയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് രണ്ട് ബ്രിട്ടീഷ് യുവതികള്‍ ആലപ്പുഴിയില്‍ നിന്ന് ഹൗസ് ബോട്ടില്‍ കയറിയത്. വൈകീട്ടോടെ യുവതി മസാജ് സെന്ററില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. തനിക്ക് മസാജ് ചെയ്യാനറിയാമെന്ന് ഹൗസ് ബോട്ട് ജീവനക്കാരനായ ആഞ്ചലോസ് യുവതിയോട് പറഞ്ഞു.
തുടര്‍ന്ന് മസാജ് ചെയ്യാന്‍ തുടങ്ങിയ ഹൗസ്‌ബോട്ട് ജീവനക്കാരന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഹൗസ്‌ബോട്ടില്‍ നിന്ന് ഇറങ്ങിയ ഉടന്‍ യുവതി പോലീസില്‍ പരാതിയും നല്‍കി. പിന്നാലെ ബ്രിട്ടീഷ് എംബസിയിലും യുവതി വിവരമറിയിച്ചു. ബ്രിട്ടീഷ് എംബസി ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടുകയും കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിഷയത്തില്‍ ഇടപെടുകയുമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശ പ്രകാരം ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ ടൂറിസം ഉദ്യോഗസ്ഥരെ അന്വേഷിക്കാനായി ചുമതലപ്പെടുത്തി. ഇന്നലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്ത്രീ പീഡനത്തിനാണ് അഞ്ചലോസിനെതിരെ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്
ഓര്‍ക്കാട്ടേരിയില്‍ നിന്നു കാണാതായ മൊബൈല്‍ ഷോപ്പ് ഉടമ അംജാദും ജീവനക്കാരി പ്രവീണയും താമസിക്കുന്ന വാടക വീട്ടില്‍ നിന്നു കൂടുതല്‍ വസ്തുക്കള്‍ പോലീസ് കണ്ടെടുത്തു. നിര്‍മ്മാണം പൂര്‍ത്തിയായ 159 കള്ളനോട്ടുകളും 26 വ്യാജ ലോട്ടറി ടിക്കറ്റുകളും നിര്‍മ്മാണത്തിനായി തയാറാക്കി വച്ചിരിക്കുന്ന നോട്ടുകളും കടലാസു കെട്ടുകളും പോലീസ് കണ്ടെത്തി. ഇതുകൂടാതെ മലയാളത്തിലെ പ്രമുഖ വാര്‍ത്ത ചാനലിന്റെ തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടായിരുന്നു. രാത്രികാലങ്ങളിലാണ് അംജാദും പ്രവിണയും കോഴിക്കോട്‌നഗരത്തില്‍ കറങ്ങിരുന്നത്. ഈ സമയം പോലീസിന്റെ കണ്ണില്‍ നിന്നു രക്ഷപെടാനായി മീഡിയ വണ്‍ ചാനലിന്റെ പേരില്‍ തയാറാക്കിയ ഐഡി കാര്‍ഡുകളാണ് ഉപയോഗിച്ചിരുന്നത്.
![]()
മീഡിയ ഐടി കാര്‍ഡില്‍ അംജാദിന്റെ ഫോട്ടോയ്‌ക്കൊപ്പമുള്ള പേര് അജു വര്‍ഗീസ് എന്നാണ്. കണ്ണട ധരിച്ച ഫോട്ടോയാണു പ്രവിണ കാര്‍ഡിനായി ഉപയോഗിച്ചിരിക്കുന്നത്.പ്രവീണ റിപ്പോര്‍ട്ടര്‍ സംഗീത മേനോന്‍ എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്. അംജാദ് ബേപ്പൂരില്‍ നിന്നു സ്‌കൂട്ടറില്‍ വന്ന സമയം പോലീസ് കൈ കാണിച്ചപ്പോള്‍ ഈ ഐഡി കാര്‍ഡ് ഉപയോഗിച്ചു രക്ഷപെടുകയായിരുന്നു. കേരള പോലീസ് ക്രൈം സ്‌ക്വാഡിന്റെ ഒരു തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി. ഇതിലും അംജാദിന്റെ ഫോട്ടോയാണ് ഉപയോഗിച്ചിരിക്കുന്നത്. പേര് അജ്മല്‍ എന്നായിരുന്നു. എന്നാല്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയയിട്ടില്ല ഇതു കൂടാതെ വീട്ടിലേയ്ക്ക് ആരെങ്കിലും വരുന്നതു കാണാനായി ബക്കറ്റില്‍ സൗണ്ട് സെന്‍സര്‍ സംവിധാനമുള്ള ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയയ 100ന്റെ 156 കള്ളനോട്ടുകളും ഇവിടെ നിന്നു കണ്ടെടുത്തു. ഒറ്റനോട്ടത്തില്‍ ഒര്‍ജിനലിനെ വെല്ലുമെങ്കിലും തോട്ടു നോക്കിയാല്‍ വ്യത്യാസം അറിയാം.

500 രൂപ സമ്മാനം ലഭിച്ച കേരള ഭാഗ്യക്കുറിയുടെ 26 ടിക്കറ്റുകളും ഇവര്‍ വ്യാജമായ നിര്‍മ്മിച്ചിരുന്നു. ഇതില്‍ ചിലതു കോഴിക്കോട്ടെ ലോട്ടറി വില്‍പ്പനക്കാരനു നല്‍കി തുക വാങ്ങുകയും ചെയ്തിട്ടുണ്ട്. മൂന്നു പ്രിന്റര്‍, ഒരു ലാപ് ടോപ്പ്, ഒരു ടാബ്, കട്ടിങ് മെഷീന്‍ രണ്ടു കെട്ടു കടലാസ് എന്നിവയുടെ സഹായത്തോാടെയാണു കള്ളനോട്ടു നിര്‍മ്മാണം. ഒര്‍ജിനല്‍ നോട്ട് സ്‌ക്യാന്‍ ചെയ്തു കളര്‍ പ്രിന്റ് എടുത്താണു നോട്ടു നിര്‍മ്മാണം നടത്തുന്നത്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ഉടന്‍ കിട്ടാന്‍ കോടതിയെ സമീപിക്കും എന്നു കോഴിക്കോട് റൂറല്‍ എസ് പി പറഞ്ഞു. ഡിസംബര്‍ 9 ന് രാത്രിയാണ് ഇരുവരും കോഴിക്കോടു നിന്നു പിടിയിലായത്.
കടപ്പാട് : എസിവി. ന്യൂസ് വടകര
കൊച്ചി: ജിഷ വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അമീറുളിന് വധശിക്ഷ വിധിച്ചത്. ഇയാള്‍ കുറ്റക്കാരനാണെന്ന് ചൊവ്വാഴ്ച കോടതി വിധിച്ചിരുന്നു. കൊലപാതകത്തിനാണ് വധശിക്ഷ നല്‍കിയത്. തെളിയിക്കപ്പെട്ട മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് ജീവപര്യന്തവും പത്ത് വര്‍ഷവും ഏഴ് വര്‍ഷവും വീതം തടവും അഞ്ച്‌ലക്ഷം രൂപ പിഴയും ശിക്ഷയായി നല്‍കി. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ കഴിഞ്ഞിരുന്ന അമീറുള്‍ ഇസ്ലാം വീട്ടില്‍ അതികത്രമിച്ചു കയറുകയും ജിഷയെ ബലാല്‍സംഗം ചെയ്തശേഷം ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ ദൃക്‌സാക്ഷികളില്ലെന്നും പ്രതിക്കെതിരായ തെളിവുകള്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ.ബി.എ.ആളൂര്‍ വാദിച്ചു. അതിനാല്‍ ശിക്ഷ അനുഭാവപൂര്‍ണ്ണമാകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് നിര്‍ഭയ കേസിന് സമാനാണെന്നും അസാധാരണമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പ്രതിക്ക് പ്രായത്തിന്റെ ഇളവ് നല്‍കേണ്ടതില്ലെന്നും അതിക്രൂരമായ പീഡനവും കൊലയുമാണ് കേസില്‍ തെളിഞ്ഞതെന്നും ശിക്ഷ സംബന്ധിച്ച വാദത്തില്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പ്രതിക്ക് ചെയ്ത തെറ്റില്‍ പശ്ചാത്താപമില്ലെന്നും അതിനാലാണ് തുടരന്വേഷണം ആവശ്യപ്പെട്ടതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അസമീസ് ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് വീണ്ടും അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് അമീറുള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു.
നീതിപീഠം ദൈവമെന്ന് രാജേശ്വരി

കൊച്ചി : തന്റെ മകളെ പിച്ചിച്ചീന്തിയ അമീളുറിന് വധശിക്ഷ നല്‍കിയ നീതിപീഠം ദൈവമാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി. വിധിയില്‍ സന്തോഷമുണ്ടെന്നും ഈ ലോകത്ത് ഇനി ഒരു അമ്മമാര്‍ക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്നും രാജേശ്വരി പറഞ്ഞു. അമീറിന് വധശിക്ഷ നല്‍കിയ കോടതിയോടും അന്വേഷണ സംഘത്തോടും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.
പൊട്ടിക്കരഞ്ഞുകൊണ്ടാണ് രാജേശ്വരി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇനിയൊരു സൗമ്യക്കോ, ഭാവനയ്‌ക്കോ നേര്‍ക്ക് ഇത്തരം നീചന്മാരുടെ കൈ ഉയരരുത്. മറ്റൊരു പെണ്‍കുട്ടിയുടെ അമ്മയ്ക്കു കൂടി തന്റെ ഈ ഗതി ഉണ്ടാകരുതെന്നും രാജേശ്വരി പറഞ്ഞു.
കോടതിയില്‍ നിന്നും അനുകൂലമായ വിധി ലഭിച്ചുവെന്ന് ജിഷയുടെ സഹോദരി ദീപ പ്രതികരിച്ചു. ഒന്നരവര്‍ഷത്തോളമായുള്ള പ്രാര്‍ത്ഥനയാണ് ഇന്ന് ഫലത്തില്‍ എത്തിയിരിക്കുന്നത്. വളരെ വിഷമത്തോടെയാണ് ഇന്ന് കോടതിയുടെ പടി കയറിയത്. പോയ സഹോദരി തിരിച്ചു വരില്ല, അതുകൊണ്ടു തന്നെ അവളെ പിച്ചിച്ചീന്തിയ ആളുടെ ജീവനറ്റ ശരീരം കണ്ടാല്‍ മാത്രമേ ജിഷയുടെ ആത്മാവ് സന്തോഷിക്കൂ എന്നും ദീപ പറഞ്ഞു.
കാഞ്ഞിരപ്പള്ളി: ഇതു എന്തൊരു നാട്.. ഇങ്ങനെയും മനുഷ്യരുണ്ടോ ..? നമുക്കെന്തു പറ്റി..? മനസാക്ഷി മരവിച്ചുപോയോ ..? കരുണയും പരസ്‌നേഹവും വറ്റിപ്പോയോ ? മനസ്സ് കല്ലാണോ…? കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളിയില്‍ ബൈക്കും ബസ്സും കൂട്ടയിടിച്ചു ബൈക്ക് യാത്രികന്‍ മരിച്ച സ്ഥലത്തു അരങ്ങേറിയ സംഭവങ്ങള്‍ അറിഞ്ഞവര്‍ മൂക്കത്തു വിരല്‍ വച്ചുകൊണ്ടു ചോദിക്കുന്ന ചോദ്യങ്ങളാണിത്…
അറിഞ്ഞവരെയെല്ലാം ഞെട്ടിച്ച, കാഞ്ഞിരപ്പള്ളിയെ നാണക്കേടിന്റെ പടുകുഴിയിലാക്കിയ ആ സംഭവങ്ങള്‍ ഇങ്ങനെ :
രാവിലെ എട്ടുമണിയോടെ റോഡരികില്‍ കൂട്ടിയിട്ടിരുന്ന മെറ്റലില്‍ കയറി, പാളി, നിയന്ത്രണം തെറ്റിവന്ന ബൈക്ക് വേഗത്തില്‍ വന്ന ബസ്സില്‍ ഇടിച്ചു തകര്‍ന്നു. ബൈക്ക് യാത്രികന്‍ ഗുരുതര പരിക്കുകളോടെ ബൈക്കില്‍ നിന്നും ബസ്സിന്റെ മുന്‍പില്‍ വീണു പിടഞ്ഞുകൊണ്ടു കിടക്കുന്നു ..തലയില്‍ വച്ചിരുന്ന ഹെല്‍മെറ്റ് തെറിച്ചു പോയി.. ഇടിയുടെ ശക്തിയില്‍ അയാളുടെ തലപൊട്ടി, വായില്‍ നിന്നും രക്തം കുടുകുടെ പുറത്തേക്കു വന്നുകൊണ്ടിരിക്കുന്നു …
ഇടിച്ച ബസ്സിലെ ജീവനക്കാരും, യാത്രക്കാരും, അതുവഴി വന്ന മറ്റു യാത്രക്കാരും, നാട്ടുകാരും ആ പാവം മനുഷ്യന്റെ ചുറ്റും കൂടി നില്‍ക്കുന്നു.. ആരും അയാളെ സഹായിക്കുവാന്‍ ശ്രമിച്ചില്ല , ചിലര്‍ മൊബൈല്‍ ഫോണില്‍ ആ ‘ അപൂര്‍വ രംഗം’ ചിത്രീകരിക്കുന്നു.. വിലപ്പെട്ട പത്തു മിനിറ്റുകള്‍ അങ്ങനെ കടന്നു പോയി.. ആ പത്തുമിനിറ്റുകള്‍ക്ക് ആ മനുഷ്യന്റെ ജീവന്റെ വിലയുണ്ടായിരുന്നു….
ആ സമയത്തു അതുവഴി കടന്നുപോയ ഒരു യുവവൈദികന്‍ തന്റെ വാഹനം നിര്‍ത്തി അപകടത്തില്‍ പെട്ടയാളുടെ അടുത്തെത്തി.. തല പൊട്ടിയിട്ടുണ്ട്, വായില്‍ നിന്നും രക്തം ഒഴുകുന്നുണ്ട് ..അതല്ലാതെ മറ്റു പരിക്കുകള്‍ ഒന്നും തന്നെ കാണുന്നില്ല. സഹായിച്ചാല്‍ ഒരു പക്ഷെ ആ വിലപ്പെട്ട ജീവന്‍ രക്ഷപെട്ടേക്കാം. ..
വൈദികന്‍ പിന്നെ ഒന്നും ആലോചിച്ചില്ല .. അയാളെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുവാന്‍ തീരുമാനിച്ചു.. താന്‍ വന്ന വാഹനത്തില്‍ അയാളെ കൊണ്ടുപോകുവാന്‍ വൈദികന്‍ തീരുമാനിച്ചു.. അതനുസരിച്ചു അപകടത്തില്‍ പെട്ടയാളെ തന്റെ വാഹനത്തിലേക്ക് കയറ്റുവാന്‍ ആരെക്കിലും സഹായിക്കുവാന്‍ അവിടെ കൂടി നിന്നവരോട് വൈദികന്‍ അഭ്യര്ത്ഥിച്ച . ബൈക്കിനടിയില്‍ പെട്ടുപോയ അയാളെ ഒറ്റയ്ക്ക് എടുത്തു വാഹനത്തില്‍ കയറ്റുവാന്‍ അദ്ദേഹത്തിന് സാധിക്കില്ലായിരുന്നു. പക്ഷെ ആ കൂടിനിന്നവര്‍ യാതൊന്നു പ്രതികരിക്കാതെ മുഖം തിരിച്ചു മാറി നില്‍ക്കുവാനാണ് ശ്രമിച്ചത്. മനസ്സാക്ഷി കല്ലാക്കിയ ഒരുകൂട്ടം മനുഷ്യര്‍ .. വൈദികന്‍ അവിടെ നിന്നവരില്‍ പലരോടും കൈകൂപ്പി ആ ജീവന്‍ രക്ഷിക്കുവാന്‍ ഒരുകൈ സഹായത്തിനു വേണ്ടി കേണപേക്ഷിച്ചു ..
ആ അപേക്ഷ കണ്ടു മനസ്സലിഞ്ഞ അവിടെ കൂടി നിന്നവരില്‍ രണ്ടുമൂന്നു പേര്‍ ആ വൈദികന്റെ അടുത്തെത്തി അപകടത്തില്‍ പെട്ടയാളെ താങ്ങിപിടിച്ചു വൈദികന്റെ വാഹനത്തിന്റെ പിന്‍സീറ്റില്‍ കിടത്തി കൊടുത്തു.. അതോടെ അവരും തങ്ങളുടെ കടമ നിര്‍വഹിച്ചു പിന്മാറി.
വൈദികന്‍ അവിടെ കൂടി നിന്നവരോട്, വണ്ടിയില്‍ കിടത്തിയ ഗുരുതരമായി പരിക്കേറ്റയാളെ താങ്ങിപിടിക്കുവാന്‍ തന്റെയൊപ്പം വാഹനത്തില്‍ കൂടെയിരിക്കുവാന്‍ ആരെക്കിലും ആശുപത്രിയിലേക്ക് വരണമെന്ന് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ അതുകേട്ടിട്ടും ആരും അനങ്ങിയില്ല. അമ്പരന്നുപോയ വൈദികന്‍ വീണ്ടും വീണ്ടും ആപ്‌കേക്ഷിച്ചപ്പോള്‍ ഫയര്‍ ഫോഴ്‌സിലെ ജീവനക്കാരനായ ഷാജി എന്നയാള്‍ സഹായിക്കുവാന്‍ മുന്‍പോട്ടു വന്നു. അങ്ങനെ വൈദികനും ഷാജിയും ചേര്‍ന്ന് ആ പാവത്തിനെ വാഹനത്തില്‍ താങ്ങിയിരുത്തി ആശുപത്രിയില്‍ എത്തിച്ചു.. എങ്കിലും ആ വിലപ്പെട്ട ജീവന്‍ അവര്‍ക്കു രക്ഷിക്കുവാനായില്ല ..
നാടിനു മാത്രമല്ല, ലോകത്തിലെ മനുഷ്യര്‍ക്ക് മുഴുവനും മാതൃകയായ ആ വൈദികന്റെ പേര് ഫാ . മനു കെ. മാത്യു കിളികൊത്തിപ്പാറ. ആനക്കല്ല് സൈന്റ് ആന്റണിസ് പബ്ലിക് സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആണദ്ദേഹം . കാളകെട്ടി അസ്സീസ്സി അന്ധവിദ്യാലയത്തില്‍ വിശുദ്ധ കുര്‍ബാന ശുശ്രൂഷ അര്‍പ്പിച്ച ശേഷം സ്‌കൂളിക്കുലേക്ക് തിരിച്ചു വരുന്ന സമയത്താണ് അപകടം വഴിയില്‍ കണ്ടത്.
സമയത്തു സഹായം കിട്ടാതെ അവിടെ പിടഞ്ഞു തീര്‍ന്ന ആ മനുഷ്യന്റെ പേര് റെജി വര്‍ഗ്ഗീസ്. ഷാര്‍ജയിലെ പ്രവാസി ജീവിതത്തിനു വിരാമമിട്ടുകൊണ്ടു നാട്ടില്‍ തിരിച്ചെത്തി കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ വീടുവച്ചു കുടുംബസമേതം താമസിക്കുന്ന, അദ്ദേഹം മൂന്നു കൊച്ചു പെണ്‍കുട്ടികളുടെ പിതാവാണ്. ഇളയ കുട്ടിക്ക് രണ്ടു വയസ്സ് ..
പിറവത്ത് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അദ്ദേഹം ജോലിസ്ഥലത്തേക്ക് പോകുന്ന വഴിക്കാണ് അപകടത്തില്‍ പെട്ടത്.. ഒരുപക്ഷെ അവിടെ കൂടി നിന്നവരില്‍ ആരെങ്കിലും സഹായിച്ചിരുന്നങ്കില്‍ ആ വിലപ്പെട്ട ജീവന്‍ രക്ഷപെട്ടേനെ.. ആ മൂന്നു കുഞ്ഞു പെണ്‍കുട്ടികള്‍ക്ക് സ്‌നേഹനിധിയായ പിതാവിനെ തിരികെ കിട്ടുമായിരുന്നു….രണ്ടു വയസ്സുമാത്രം പ്രായമുള്ള ആഞ്ജലീന എന്ന് പേരുള്ള ഇളയ കുഞ്ഞിന് അച്ഛന്റെ സ്‌നേഹം മതിവരുവോളം ലഭിച്ചേനെ .. വിധിയെന്ന് കരുതുന്നതിനു പകരം, കുറെ മൃഗമനസ്സുകളുള്ള മനുഷ്യരുടെ കണ്ണില്‍ച്ചോരയില്ലാതെ പ്രവര്‍ത്തിമൂലമാണ് ആ ജീവന്‍ നഷ്ടപെട്ടത് എന്ന് കരുതുന്നതാണ് ശരി
മറ്റുള്ളവരെ ആപത്തില്‍ സഹായിക്കാതിരിക്കുന്നതു കുറ്റകരമാണ് എന്നകാര്യം നാം എന്നാണ് മനസ്സിലാക്കുന്നത് … ജീവന്‍ നിലനിര്‍ത്തുവാന്‍ പരസഹായം വേണ്ടിവരുന്ന സന്ദര്‍ഭങ്ങള്‍ ആര്‍ക്കും സംഭവിക്കാം എന്നകാര്യം നാം മനസ്സിലാക്കാത്തതെന്ത് ? ‘ ഇന്ന് ഞാന്‍, നാളെ നീ ‘ എന്ന വാക്യത്തിന്റെ അര്‍ഥം നാം എന്താണ് മനസ്സിലാക്കാത്തത് ? മനുഷ്യന്‍ എന്ന ജീവി എന്നും ഒരു പ്രഹേളിക തന്നെ .. ആര്‍ക്കും മനസ്സിലാകാത്ത ഒരു പ്രഹേളിക .. അവരില്‍ മിന്നലാട്ടം പോലെ ചില നല്ല മനുഷ്യര്‍ ഉണ്ടാവാറുണ്ട് .. ഫാദര്‍ മനുവിനെപ്പോലെ ..
തൃശൂര്‍: ബാറില്‍ കയറി മൂക്കറ്റം മദ്യപിച്ചശേഷം ബില്ലടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും ഭീഷണിപ്പെടുത്തിയെന്നും സ്റ്റാഫിനെ തെറിയഭിഷേകത്തില്‍ മൂടിയെന്നും ആക്ഷേപം. ഞായറാഴ്ച രാത്രി ഒളരിയിലെ നിയ റീജന്‍സിയിലാണ് സംഭവം. എന്റെ മുഖം നന്നായി ഓര്‍മ്മവച്ചോളൂ എന്നും നാളെ ഞാന്‍ ഇവിടെ വരിക ലൈറ്റ് ഇട്ട വണ്ടിയില്‍ ആയിരിക്കുമെന്നും പറഞ്ഞായിരുന്നു വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിഷോര്‍ ഭീഷണിപ്പെടുത്തിയതെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു. ഞാന്‍ ആരാണെന്ന് നിനക്കൊക്കെ അപ്പോള്‍ മനസ്സിലാകുമെന്ന് പറഞ്ഞ് സ്ഥലംവിട്ട ഇന്‍സ്‌പെക്ടര്‍ ചൊവ്വാഴ്ച വീണ്ടും സഹ ഇന്‍സ്‌പെക്ടറുമായി എത്തുകയും സ്ഥാപനത്തിന് മുന്നില്‍ നിന്ന് പുറത്തേക്കിറങ്ങുന്ന വാഹനങ്ങളെല്ലാം തടുത്ത് പരിശോധിക്കുകയും ചെയ്തു.
നിങ്ങളെങ്ങനെ ഇനി ബിസിനസ് ചെയ്യുമെന്ന് കാണട്ടെയെന്നുപറഞ്ഞായിരുന്നു പ്രകടനമെന്ന് ചൂണ്ടിക്കാട്ടി ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ കുടുംബസമേതം റസ്റ്റൊറന്റില്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടേയും സംഘത്തിന്റെയും ഭീഷണിപ്പെടുത്തലും സ്റ്റാഫിനെ അധിക്ഷേപിക്കലും അരങ്ങേറിയത്. ഹോസ്പിറ്റാലിറ്റി രംഗത്ത് ഏറെപ്പേര്‍ ഇഷ്ടപ്പെടുന്ന സ്ഥാപത്തെ കളങ്കപ്പെടുത്തുന്ന നടപടിയാണ് വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് സ്ഥാപനത്തിന്റെ പരാതി.
ഞായറാഴ്ച രാത്രി എട്ടരയോടെയാണ് കിഷോറും കൂട്ടുകാരും കുടുബവും ഹോട്ടലില്‍ എത്തിയത്. മറ്റെവിടെനിന്നോ മദ്യപിച്ച ശേഷമായിരുന്നു വരവ്. കുടുംബത്തെ റസ്‌റ്റൊറന്റില്‍ ഇരുത്തിയ ശേഷം ഹോട്ടലിലെ ബാറിലേക്ക് കൂട്ടുകാരുമൊത്ത് പോയി. മദ്യപിച്ചശേഷം സ്റ്റാഫ് ബില്‍ നല്‍കിയതോടെയാണ് ഭീഷണിപ്പെടുത്തല്‍ തുടങ്ങിയത്. ഹോട്ടല്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ലോബി ഏരിയയില്‍ നിന്ന് ഭീഷണിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പരാതി.
ഇതിന് പിന്നാലെ ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ഹോട്ടലിന് മുന്നില്‍ ഔദ്യോഗിക വാഹനത്തില്‍ എത്തുകയും ഗെയ്റ്റിന് മുന്നില്‍ വാഹനമിട്ട് പരിശോധന ആരംഭിക്കുകയുമായിരുന്നു. ഹോട്ടലിലേക്ക് വരുന്നവരും പോകുന്നവരുമായ അതിഥികളെ എല്ലാവരേയും പരിശോധിക്കാന്‍ തുടങ്ങി. നിങ്ങളെങ്ങനെ ബിസിനസ് നടത്തുമെന്ന് കാണട്ടെയെന്ന് പറഞ്ഞായിരുന്നു പ്രകടനമെന്നും ഹോട്ടല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുണ്ടുടുത്ത് കാഷ്വല്‍ വേഷത്തില്‍ ആയിരുന്നു കിഷോര്‍ എന്നും ഹോട്ടല്‍ ലോബിയില്‍വച്ച് അസഭ്യവര്‍ഷം നടത്തിയെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിട്ടുണ്ട്. ഏമാന്റെ അസഭ്യവര്‍ഷവും പ്രകടനവും വിവരിച്ച് ഒഡി കണ്‍സള്‍ട്ടന്റായ സന്ദീപ് കുമാര്‍ ഫേസ്ബുക്കില്‍ വീഡിയോയും ചിത്രങ്ങളും സഹിതം പോസ്റ്റ് നല്‍കി.
സന്ദീപ് നല്‍കിയ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
എന്റെ മുഖം നന്നായി ഓര്‍മ്മവച്ചോളൂ… നാളെ ഞാന്‍ ഇവിടെ വരിക ലൈറ്റ് ഇട്ട വണ്ടിയില്‍ ആയിരിക്കും. ഞാന്‍ ആരാണെന്ന് നിനക്കൊക്കെ അപ്പോള്‍ മനസ്സിലാകും.” കൂട്ടുകാരുമൊത്ത് ഫോര്‍ സ്റ്റാര്‍ ഹോട്ടലിലെ ബാറില്‍ കയറി മൂക്കറ്റം മദ്യപിച്ച് കഴിഞ്ഞപ്പോള്‍ ബില്ല് മൊത്തം ഫ്രീയാക്കി കിട്ടണം എന്നായിരുന്നു തൃശ്ശൂരിലെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിഷോര്‍ അവര്‍കളുടെ ആഗ്രഹം. കള്ളിമുണ്ടും ധരിച്ചു കസേരയുടെ മുകളില്‍ കാലും കയറ്റി വച്ച് ഇരുന്നായിരുന്നു ബില്ലടക്കില്ല എന്ന ഭീഷണി. ജീവനക്കാര്‍ അതിനു സമ്മതിച്ചില്ല. അപ്പോള്‍ പറഞ്ഞ വാക്കുകള്‍ ആണ് തുടക്കത്തില്‍ ഉദ്ധരിച്ചത്. തുടര്‍ന്ന് നടന്നത് വലിയ അസഭ്യ വര്‍ഷം ആയിരുന്നു. പറഞ്ഞതെല്ലാം ഇവിടെ എടുത്തെഴുതുന്നതില്‍ സഭ്യത എന്ന വലിയൊരു പരിമിതിയുണ്ട്.
എവിടെടാ നിന്റെ മുതലാളി…അവനെ ഞാന്‍ എടുത്തോളാം തുടങ്ങിയ പതിവ് ഭീഷണികളും ഇടയില്‍ ഉണ്ടായി. തൃശൂര്‍ ഒളരിയിലെ നിയാ റീജന്‍സിയില്‍ ഞായറാഴ്ച വൈകിട്ട് ആണ് കിഷോറും സുഹൃത്തുക്കളും അടങ്ങുന്ന ഒരു വലിയ സംഘം എത്തുന്നത്. സംഘത്തിലെ ആളുകള്‍ നല്ല നിലയില്‍ മദ്യപിച്ചിരുന്നു. ഭക്ഷണ ശാലയില്‍ പോയി ഫുഡ് ഓര്‍ഡര്‍ ചെയ്തതിനു ശേഷം ബാറില്‍ പോയി വീണ്ടും മദ്യപിച്ചു. ഫുഡ് ലേറ്റ് ആകുമെന്ന് കണ്ടു വീണ്ടും പോയി മദ്യപിച്ചു. അപ്പോഴാണ് തര്‍ക്കം ഉണ്ടായത്.
വിനോദ സഞ്ചാരികള്‍ അടക്കം സന്നിഹിതരായ ഹോട്ടലിലെ റിസപ്ഷനില്‍ വന്നു തെറി വിളിക്കുന്നതിനിടയില്‍ കൂട്ടത്തില്‍ ഒരാളുടെ മുണ്ട് അഴിഞ്ഞും വീണു. (സിസി ടി വി ദൃശ്യങ്ങള്‍ ഉണ്ട്). വലിയ ഭീകരാന്തരീക്ഷം ആണ് ഏമാന്‍ അവിടെ സൃഷ്ടിച്ചത്. സ്വയം അപഹാസ്യന്‍ ആകുന്നതിനോപ്പം അയാള്‍ സ്വന്തം പദവിയെയും അവഹേളിച്ചു. മാന്യമായി നടക്കുന്ന ഒരു ഹോസ്പിറ്റാലിട്ടി സ്ഥാപനത്തെ അവഹേളിച്ചു. പിറ്റേന്ന് വന്നു നിങ്ങളെ എടുത്തോളാം എന്ന് പറഞ്ഞു ഏമാന്‍ പോയപ്പോള്‍ അത് കുടിച്ച മദ്യത്തിന്റെ വീര്യം ആണെന്നായിരുന്നു കരുതിയത്.
ചൊവ്വാഴ്ച സഹ ഇന്‍സ്‌പെക്ടര്‍മാരുമായി വീണ്ടുമെത്തി. പറഞ്ഞപോലെ യൂണിഫോമില്‍ തന്നെ. ലൈറ്റ് ഇട്ട വണ്ടി. ഹോട്ടലിലേക്ക് വരുന്നതും പുറത്തേയ്ക്ക് പോകുന്നതുമായ സകല വാഹനങ്ങളും തടഞ്ഞു പരിശോധന തുടങ്ങി. സകലര്‍ക്കും പിഴ. റോഡില്‍ ട്രാഫിക് സ്തംഭനം. ഒടുവില്‍ കോപാകുലരായ നാട്ടുകാര്‍ കൈവയ്ക്കും എന്ന സാഹചര്യം വന്നപ്പോള്‍ ആണ് ഏമാന്‍ സ്ഥലം വിട്ടത്.
