കെട്ടിടനികുതി നിശ്ചയിക്കുന്നതിന്റെ ഭാഗമായി വീട് അളക്കാനെത്തിയ വില്ലേജ് ഓഫിസറെയും ജീവനക്കാരനെയും കെട്ടിടയുടമ മർദിച്ചു. മർദനമേറ്റ കുളത്തുമ്മൽ വില്ലേജ് ഓഫിസർ ഇബനീസർ, ഫീൽഡ് അസിസ്റ്റന്റ് രതീഷ്കുമാർ എന്നിവരെ കാട്ടാക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണു സംഭവം.റവന്യു വകുപ്പിനു ലഭിക്കേണ്ട കെട്ടിടനികുതി നിശ്ചയിക്കുന്നതിന്റെ ഭാഗമായാണു വില്ലേജ് ഓഫിസറും സംഘവും എട്ടിരുത്തി ബർമാറോഡിലുള്ള എഎം ഹൗസിൽ ഷഹറുദീന്റെ വീട്ടിലെത്തിയത്. വീട് അളക്കുന്നതിനിടെ ഭാര്യ അറിയിച്ചതിനെത്തുടർന്ന് ഷഹറുദീൻ വീട്ടിലെത്തി. വന്നപാടെ വീട് അളക്കുകയായിരുന്ന വില്ലേജ് ഓഫിസറെ മർദിച്ചു.

ഒപ്പമുണ്ടായിരുന്ന ഫീൽഡ് അസിസ്റ്റന്റ് രതീഷിനും മർദനമേറ്റു. ടേപ്പ് വലിച്ചു പൊട്ടിച്ച്, കഴുത്തിനു കുത്തിപ്പിടിച്ച് വീടിനു പുറത്താക്കുകയായിരുന്നു. കെട്ടിടനികുതിയായി റവന്യു വകുപ്പിന് ഒറ്റത്തവണ നൽകേണ്ട നികുതി നിശ്ചയിക്കുന്നതിനു റവന്യു സംഘം വീടുകളിലെത്തുക പതിവാണ്. എത്ര ചതുരശ്ര അടിയാണ് എന്നു കണ്ടെത്തിയാണു നികുതി നിശ്ചയിക്കുക. ഇങ്ങനെ നിശ്ചയിക്കുന്ന നികുതി ഒടുക്കേണ്ട ബാധ്യത കെട്ടിടയുടമയ്ക്കുണ്ട്. ഒരുതവണ മാത്രമേ ഇത്തരത്തിൽ നികുതി റവന്യു വകുപ്പിനു നൽകേണ്ടതുള്ളൂ. എന്നാൽ, ഭൂരിഭാഗം പേരും റവന്യു നികുതി ഒടുക്കാറില്ല. സർക്കാരിന്റെ കർശന നിർദേശത്തെ തുടർന്നാണ് ഇപ്പോൾ റവന്യു സംഘം നികുതി നിർണയത്തിനിറങ്ങിയിട്ടുള്ളത്.

ഒടുക്കലിന്റെ ഭാഗമായാണു റവന്യു അധികൃതർ വീട് അളക്കാനെത്തിയത്. ഇതിനു വില്ലേജ് ഓഫിസർക്കും സംഘത്തിനും മർദനമേറ്റ വീടിനു സമീപത്തെ ഏഴു വീടുകൾക്കു നികുതി നിശ്ചയിക്കാൻ ഇന്നലെ അളവ് നടത്തിയിരുന്നു. ഇവിടെയൊന്നും ചെറുത്തുനിൽപുണ്ടായില്ല. എട്ടാമതാണു മർദനമേറ്റ എഎം ഹൗസിലെത്തിയത്. ഇതേസമയം, ഷഹറുദീന്റെ ഭാര്യ ആൻസി വില്ലേജ് ഓഫിസർക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചു. ദുരുദ്ദേശ്യത്തോടെ തന്റെ വീട്ടിലെത്തിയെന്നാണു പരാതിയെന്നു പൊലീസ് പറഞ്ഞു. എന്നാൽ, ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽനിന്നു രക്ഷപ്പെടാനുള്ള തന്ത്രമാണു പ്രതിയുടെ പരാതിയെന്നു റവന്യു ജീവനക്കാർ ആരോപിച്ചു.