Kerala

പത്തനംതിട്ടയിൽ ഭാര്യയുടെ കൈകൾ വെട്ടിയ കേസ് ആസൂത്രിതമെന്ന് പൊലീസ്.
വിദ്യയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ സന്തോഷ് വടിവാളുമായാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ കയറിയത് അടുക്കള വഴി. വിദ്യ ട്യൂഷനെടുത്ത് വരുന്ന വഴി കൊല്ലാനായിരുന്നു ആദ്യ ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് വീട്ടിൽ കയറിയത്.

അഞ്ച് വയസുള്ള കുട്ടിയുടെ മുന്നിൽ വച്ചാണ് വിദ്യയെ വെട്ടിയത്. പ്രതി സന്തോഷ് സംശയ രോഗിയാണെന്ന് പൊലീസ് പറഞ്ഞു. മുൻപ് വിദ്യയുടെ വായ കുത്തി കീറിയതായി പ്രതി മൊഴി നൽകിയിട്ടുണ്ട്. കൊലപ്പെടുത്താൻ തന്നെയാണ് എത്തിയതെന്നും പൊലീസ് വിശദീകരിച്ചു.

അതേസമയം വിദ്യയുടെ ശസ്ത്രക്രിയ പൂർത്തിയായി. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ശസ്ത്രക്രിയ നടന്നത്. അറ്റുപോയ കൈകൾ തന്നിച്ചേർത്തു. യുവതി ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയിൽ അച്ഛൻ വിജയനും വെട്ടേറ്റിരുന്നു . കഴിഞ്ഞ കുറെ നാളുകളായി വിദ്യയും സന്തോഷും വേർപിരിഞ്ഞു കഴിയുകയാണ്. ഇവരുടെ വിവാഹ മോചന കേസ് കോടതിയുടെ പരിധിയിലാണ്. സംഭവത്തിൽ വധശ്രമം അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. തൃശൂർ പെരിഞ്ഞനം കപ്പൽപള്ളിക്ക് സമീപം പുല്ലറക്കത്ത് മുഹമ്മദ് നാസർ (58) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി നോക്കുന്ന നാസർ, താമസസ്ഥലത്തേക്കുള്ള യാത്രക്കിടയിലാണ് അൽ വക്റയിൽ വെച്ച് അപകടത്തിൽപ്പെട്ടത്.

ഇടിയുടെ ആഘാതത്തിൽ മുഹമ്മദ് നാസർ സഞ്ചരിച്ച വാഹനം പൂർണമായും കത്തിനശിച്ചതിനാൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹം വക്റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഖത്തറിൽ തന്നെ ഖബറടക്കം നടത്തും. മുഹമ്മദ് നാസറിന്റെ പിതാവ്; പുല്ലറക്കത്ത് മുഹമ്മദ്. സഹോദരങ്ങൾ: അബ്ബാസ്, ഷൗക്കത്ത് അലി, ജമാൽ, നിയാസ്, റംല, ആസിയ.

 

പൃഥ്വിരാജിന് തന്നോടുള്ള ദേഷ്യം മാറില്ലെന്ന് സംവിധായകന്‍ സിബി മലയില്‍. താന്‍ നൂറ് ശതമാനവും തെറ്റ് ചെയ്തിട്ടില്ല എന്നാല്‍ പൃഥ്വിരാജ് ഇപ്പോഴും ധരിച്ചു വച്ചിരിക്കുന്നത് താനാണ് അദ്ദേഹത്തെ ഒരു സിനിമയില്‍ നിന്നും മാറ്റിയത് എന്നാണ് സംവിധായകന്‍ പറയുന്നത്. അമൃതം എന്ന സിനിമയില്‍ നിന്നും പൃഥ്വിരാജിനെ മാറ്റിയതിനെ കുറിച്ചാണ് സിബി മലയില്‍ സംസാരിച്ചത്. നന്ദനം സിനിമയില്‍ ഒരു പാട്ട് ഷൂട്ട് ചെയ്ത ബന്ധമാണ് ഞാനും പൃഥ്വിരാജും തമ്മിലുള്ളത്. ആ റിലേഷന്‍ഷിപ്പില്‍ ഒരു പ്രശ്‌നങ്ങള്‍ ഉണ്ടായി. അത് 100 ശതമാനവും എന്റെ കുറ്റമല്ല. അദ്ദേഹം ധരിച്ച് വച്ചിരിക്കുന്നത് അങ്ങനെയാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അമൃതം എന്ന സിനിമയില്‍ പൃഥ്വിരാജിനെ ജയറാമിന്റെ അനുജന്‍ ആയിട്ട് കാസ്റ്റ് ചെയ്തിരുന്നു.

ഞാന്‍ പൃഥ്വിരാജിനെ പോയി കണ്ടിട്ടില്ലായിരുന്നു. പ്രൊഡ്യൂസര്‍ ആണ് പോയി കഥയൊക്കെ പറഞ്ഞത്. പിന്നീട് പ്രൊഡ്യൂസര്‍മാര്‍ പറഞ്ഞു, ‘അദ്ദേഹം ചോദിക്കുന്ന എമൗണ്ട് കുറച്ച് കൂടുതലാണ്’ എന്ന്. അത് നിങ്ങള്‍ തന്നെ തീരുമാനിക്കുക, അതില്‍ എനിക്ക് റോളില്ലെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് ആ ക്യാരക്ടറിന് എന്താണോ ബജറ്റ് ഉള്ളത് അത് പറയുക. ബജറ്റില്‍ പറ്റില്ലെങ്കില്‍ വേറെ ഓപ്ഷന്‍ നോക്കാമെന്നും ഞാന്‍ പറഞ്ഞു. പൃഥ്വിരാജുമായി ഇവര്‍ സംസാരിച്ചപ്പോള്‍ അത് തമ്മില്‍ ധാരണയില്‍ എത്തിയില്ല. ജയറാമാണ് ഹീറോ, അനുജനായി വേറെ ആളെ കണ്ടെത്താമെന്ന് ഞാന്‍ പറഞ്ഞു.

അങ്ങനെയാണ് ആ സിനിമയില്‍ അരുണ്‍ എന്ന നടന്‍ ആ സിനിമയില്‍ അഭിനയിക്കുന്നത്. അന്ന് പൃഥ്വിരാജും പ്രൊഡ്യൂസറും തമ്മില്‍ ഇതിനെ കുറിച്ച് എന്താ സംസാരിച്ചതെന്ന് എനിക്ക് അറിയുകയുമില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ മനസിലാക്കുന്നത് ഇദ്ദേഹം ധരിച്ചു വച്ചിരിക്കുന്നത് ഞാന്‍ അദ്ദേഹത്തെ സിനിമയില്‍ നിന്നും ഒഴിവാക്കിയതാണ് എന്ന്. എനിക്ക് ഇപ്പോഴും ക്ലാരിറ്റി ഇല്ല. പക്ഷെ അതൊരു അകല്‍ച്ചയായി മാറിയിട്ടുണ്ട്. അത് മാറണ്ട ഘട്ടങ്ങള്‍ കഴിഞ്ഞു എന്നാണ് സിബി മലയില്‍ റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

മലയാള സിനിമയ്ക്ക് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിദ്ദിഖ്. സിദ്ദിഖിന്റെ സംവിധാനത്തിൽ 2003 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ക്രോണിക് ബാച്ചിലർ. മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിൽ നായികയെ തീരുമാനിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ പറ്റി സിദ്ദിഖ് തുറന്ന് പറഞ്ഞതാണ് ശ്രദ്ധ നേടുന്നത്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് മനസ്സ് തുറന്നത്.

മമ്മൂട്ടിയെ നായകനാക്കി, ഫാസിൽ സാറിന്റെ സഹോദരനായ ഖയസ് നിർമ്മിക്കാനിരുന്ന ചിത്രമായിരുന്നു ക്രോണിക്ക് ബാച്ചിലർ. ചിത്രത്തിന് കഥയുണ്ടാക്കാൻ വേണ്ടി താൻ ഖയസിനൊപ്പം ഖത്തറിലേക്ക് പോയിരുന്നു.’ആ വർഷം സെപ്റ്റംബർ 11 നാണ് ന്യൂയോർക്ക് ട്വിൻ ടവറും പെന്റ​ഗണും ആക്രമിക്കപ്പെടുന്നത്.

പിന്നീട് തിരിച്ച് നാട്ടിൽ വന്ന് കഴിഞ്ഞാണ് ക്രോണിക് ബാച്ചിലറിന്റെ സ്പാർക്ക് വരുന്നത്. പക്ഷേ ഖയസിന് ആ സിനിമ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയില്ല. ലാലിന് ആ സമയത്ത് ഈ പടം ഡിസ്ട്രിബ്യൂഷനും ചെയ്യാൻ പറ്റിയില്ല .വേറൊരു ഡിസ്ട്രിബ്യൂട്ടർ ആ പടം ഏറ്റെടുക്കാൻ തയ്യാറായി. എല്ലാ സിനിമയിലും തനിക്ക് സംഭവിക്കുന്നത് പോലെ തന്നെ ഹീറോയിന്റെ പ്രശ്നം വന്നു. അന്നും ഹീറോയിന്റെ ഡേറ്റ് കറക്ടായി കിട്ടിയില്ല. ഷൂട്ട് തുടങ്ങുകയും വേണം. മമ്മൂക്കയുടെ ഡേറ്റിനനുസരിച്ച് ഹീറോയിന്റെ ഡേറ്റ് കിട്ടണം.

അങ്ങനെ ഷൂട്ടിം​ഗ് തുടങ്ങി. മലബാറിലുള്ളൊരു ഡിസ്ട്രിബ്യൂട്ടർ ആയിരുന്നു’ഷൂട്ടിം​ഗിനിടയ്ക്കൊല്ലാം ഹീറോയിനെ തപ്പിക്കൊണ്ടിരിക്കുന്നു. ഒരുപാട് അന്വേഷണത്തിനാെടുവിലാണ് രംഭയെ കണ്ടെത്തുന്നത്. രംഭ ആ സമയത്ത് തമിഴിൽ സ്റ്റാർ ആയി നിൽക്കുകയാണ്. അങ്ങനെ രംഭ ആ സിനിമയിൽ വന്നു. രംഭ വന്നതോടെ ഡിസ്ട്രിബ്യൂട്ടർ പിൻമാറി. ഇതൊരു കുടുംബ ചിത്രമാണ് രംഭയൊന്നും ശരിയാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ ഈ സിനിമയിൽ രംഭയുടെ ക്യാരക്ടർ കറക്ട് ആണെന്ന് തങ്ങൾ പറഞ്ഞു. രംഭയെ മാറ്റാൻ പറ്റില്ല. മാത്രമല്ല അത്രയും വാല്യുവുള്ള വേറൊരു ഹീറോയിനെ കിട്ടിയിട്ടുമില്ല. അങ്ങനെ ആ ഡിസ്ട്രിബ്യൂട്ടർ മാറി. പത്ത് ദിവസത്തോളം ഷൂട്ട് നടന്നിരുന്നു. പിന്നീട് ഷൂട്ടിം​ഗ് നിർത്തി, ഈ ഡിസ്ട്രീബ്യൂട്ടർ അതുവരെ മുടക്കിയ പൈസ തിരിച്ചു കൊടുത്തിട്ടേ രണ്ടാമത് ഷൂട്ടിം​ഗ് തുടങ്ങാൻ പറ്റുള്ളൂ’

ആ സമയത്ത് ഫാസിൽ സർ ഡിസ്ട്രിബ്യൂഷൻ കമ്പനി തുടങ്ങിയിട്ടുണ്ട്. ഫാസിൽ സാർ ആ സിനിമയുടെ പ്രൊഡ്യസറും ഡിസ്ട്രിബ്യൂട്ടറും ആയി. കൊടുക്കാനുള്ള പണം കൊടുത്ത് സെറ്റിൽ ചെയ്ത് പത്ത് ദിവസത്തിന് ശേഷമാണ് രണ്ടാമത് ഷൂട്ടിം​ഗ് തുടങ്ങിയതെന്നും. പിന്നീട് ചിത്രം സൂപ്പർ ഹിറ്റായി മാറിയെന്നും സിദ്ദിഖ് പറഞ്ഞു.

പട്ടാപ്പകൽ നടുറോഡിൽ ഭാര്യയെ ദാരുണമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ജീവനൊടുക്കി. ജാമ്യത്തിൽ ഇറങ്ങിയ ശേഷം കിണറ്റിൽ ചാടിയാണ് ജീവിതം അവസാനിപ്പിച്ചത്. കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് സെൽവരാജ് ആണ് മരിച്ചത്. 46 വയസായിരുന്നു.

കഴിഞ്ഞവർഷം ഓഗസ്റ്റ് 31നാണ് സെൽവരാജ് തന്റെ രണ്ടാം ഭാര്യയെ കൊലപെടുത്തിയത്.ശാസ്തവട്ടം ജംഗ്ഷനിൽ നടുറോഡിൽ സെൽവരാജിൻറെ ഭാര്യയായിരുന്ന 37കാരി പ്രഭയെ കഴുത്തറുത്ത് കൊലപെടുത്തുകയായിരുന്നു. ഈ കേസിൽ കഴിഞ്ഞ ദിവസമാണ് സെൽവരാജ് ജാമ്യത്തിൽ ഇറങ്ങിയത്.

വൈകീട്ടോടെ വീട്ടുവളപ്പിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. നേരത്തെ കുടുംബപ്രശ്‌നത്തെ തുടർന്ന് പ്രഭയും സെൽവരാജും പിരിഞ്ഞു താമസിക്കുകയിരുന്നു. ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ സെൽവരാജ് അവിടെയെത്തുകയും ഇരുവരും സംസാരിച്ചു നടക്കുന്നതിനിടയിൽ കത്തി കൊണ്ട് കഴുത്തറുക്കുകയുമായിരുന്നു.

രക്തം വാർന്നാണ് പ്രഭ മരണത്തിന് കീഴടങ്ങിയത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. ഭാര്യയെ ഒപ്പം താമസിക്കാൻ വിളിച്ചിട്ടും വരാത്തതിലുള്ള വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. 10 വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. സെൽവരാജിന്റെ രണ്ടാമത്തേയും പ്രഭയുടെ മൂന്നാമത്തെയും വിവാഹവുമായിരുന്നു.

തനിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനങ്ങളില്‍ മറുപടിയുമായി ഗവര്‍ണ്ണര്‍. ഇപ്പോള്‍ മറനീക്കി മുഖ്യമന്ത്രിയുടെ തനിരൂപം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ച്ചയില്‍ പറഞ്ഞു.മുഖ്യമന്ത്രിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണ്ണര്‍

ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. തന്റെ ഫോണ്‍കോളുകള്‍ക്കും കത്തിനും പോലും മറുപടി നല്‍കാറില്ല.

കണ്ണൂര്‍ സര്‍വകലാശാലയില്‍ തനിക്കെതിരെ നടന്ന ആക്രമണം ഗൂഢാലോചനയാണെന്നും ഇത് തെളിയിക്കുന്ന എല്ലാ രേഖകളും പുറത്തുവിടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.

തിരുവനന്തപുരത്ത് എത്തിയ ഉടന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാവില്ലെന്ന് വിശദീകരിക്കുന്ന മുഖ്യമന്ത്രിയുടെ കത്ത് പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.എനിക്കെതിരെ വധശ്രമം നടന്നപ്പോള്‍ കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ തടഞ്ഞു.

തനിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ മുഖ്യമന്ത്രിക്ക് പരസ്യ മറുപടിയുമായി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കെതിരെ മൂന്നുവര്‍ഷം മുമ്പ് വധശ്രമമുണ്ടായെന്നും അപ്പോഴെല്ലാം അക്രമകാരികള്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ തടഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം പറഞ്ഞു.

എനിക്കെതിരെ വധശ്രമമുണ്ടായപ്പോള്‍ കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ തടഞ്ഞത് ആരാണ്. ആര്‍ക്കാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല. തിരശ്ശീലയ്ക്ക് പിന്നില്‍ കളിക്കുന്നത് ആരാണെന്ന് എനിക്ക് മനസ്സിലായി.

അതേസമയം, നിയമസഭ പാസാക്കിയ സര്‍വകലാശാലാ, ലോകായുക്ത ബില്ലുകള്‍ക്ക് ഗവര്‍ണര്‍ ഉടന്‍ അംഗീകാരം നല്‍കില്ലെന്ന് സര്‍ക്കാരിന് ഉറപ്പായിതിനാലാണ് ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തിയത്. ഗവര്‍ണറുടെ നീക്കങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും അതിനാല്‍ ഇനി കാര്യങ്ങള്‍ രാഷ്ട്രീയമായി തന്നെ നേരിടാമെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍.

സംവിധായകന്‍ സിദ്ദിഖിന്റെ മമ്മൂട്ടിയെ കുറിച്ചുള്ള പരാമര്‍ശത്തിനെതിരെ ഹരീഷ് പേരടി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ഗള്‍ഫ് ഷോയില്‍ നടനും എഴുത്തുകാരനുമായ ശ്രീരാമകൃഷ്ണനെ മമ്മൂട്ടി ഒരു തമാശയുടെ പേരില്‍ ഒഴിവാക്കിയെന്ന് പറഞ്ഞതിനെ വിമര്‍ശിച്ചു കൊണ്ടാണ് ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.

ശ്രീരാമാന്‍ ഇല്ലാതെ ഞാന്‍ ഈ ഷോയുടെ കൂടെ വരുന്നില്ല എന്ന് ് പറയാമായിരുന്നു എന്നും ആ ഷോയുടെ എല്ലാ പങ്കും പറ്റിയതിന് ശേഷം ഇന്ന് വിശ്രമ ജീവിതത്തിലിരുന്നു കൊണ്ട് പറയുന്ന സ്റ്റോറി പരമ ബോറാണ് എന്നും ഹരീഷ് പേരടി കുറിപ്പില്‍ പറഞ്ഞു.

ഹരീഷിന്റെ കുറിപ്പ്

സിദ്ധിഖ് എന്ന സംവിധായകന്‍ സഫാരി ചാനലില്‍ ഇരുന്ന് പറയുന്നു..ശ്രീരാമേട്ടന്‍ ഒരു തമാശ പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തെ മമ്മുക്ക ഗള്‍ഫ് ഷോയില്‍നിന്ന് ഒഴിവാക്കിയെന്ന് …എന്റെ പ്രിയപ്പെട്ട സിദ്ധിക്കേട്ടാ നിങ്ങള്‍ക്ക് അന്ന് തന്നെ മമ്മുക്കയോട് പറയാമായിരുന്നു..ശ്രീരാമേട്ടന്‍ ഇല്ലാതെ ഞാന്‍ ഈ ഷോയുടെ കൂടെ വരുന്നില്ലാ എന്ന് …പറയേണ്ടത് പറയേണ്ട സമയത്ത് പറയാതെ..ആ ഷോയുടെ എല്ലാ പങ്കും പറ്റിയതിനു ശേഷം ഇന്ന് വിശ്രമ ജീവിതത്തിന്റെ ആദ്യ പര്‍വ്വത്തിലെ ഈ സര്‍വീസ് സ്റ്റോറി പരമ ബോറാണ് ..

സത്യസന്ധമായ ആത്മകഥകള്‍ ഞാന്‍ വായിക്കാറുണ്ട്…പക്ഷെ ഇത്..എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ട് നിന്നതിനുശേഷമുള്ള ഇല്ലാത്ത ഓക്കാനം ഉണ്ടാക്കലാണ്…ബാക്കി ശ്രീരാമേട്ടനും മമ്മുക്കയും പറയട്ടെ…ഞാന്‍ മനസ്സിലാക്കിയ ശ്രീരാമേട്ടനും മമ്മുക്കയും ഇപ്പോഴും സൗഹൃദമുള്ളവരാണ്…അതുകൊണ്ട്തന്നെ സൗഹൃദങ്ങളില്‍ വിഴുപ്പലക്കാന്‍ അവര്‍ തയ്യാറാവാനുള്ള സാധ്യതയില്ല…ഈ എഴുത്ത് ഇന്ന് തന്നെ എഴുതേണ്ടതാണെന്ന് തോന്നിയതുകൊണ്ടാണ് നാളെക്ക് മാറ്റി വെക്കാത്തത്…മൂന്ന് പേര്‍ക്കും ആശംസകള്‍..

സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തിന്റെ പലയിടങ്ങളിലായി തെരുവുനായ്ക്കളെ കൂട്ടമായി കൊലപെടുത്തുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോൾ നായ്ക്കളെ കൂട്ടമായി കൊല്ലുന്നതിൽ ആശങ്ക അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ.

കേരളത്തിൽ ഭയാനകമായ കാര്യങ്ങളാണു സംഭവിക്കുന്നതെന്നും ശിഖർ ധവാൻ ട്വിറ്ററിൽ കുറിച്ചു. ‘കേരളത്തിൽ നായ്ക്കളെ കൂട്ടത്തോടെ കൊല്ലുന്നതു ഭയപ്പെടുത്തുന്ന കാര്യമാണ്. ഇത്തരം നീക്കങ്ങൾ പുനഃപരിശോധിക്കണം’ധവാൻ ട്വീറ്റ് ചെയ്തു. ക്രൂരമായ കൊലപാതകങ്ങൾ അവസാനിപ്പിക്കുന്നതിന് അഭ്യർഥിക്കുകയാണെന്നും ധവാൻ കൂട്ടിച്ചേർത്തു.

നായ്ക്കളുടെ ശല്യം രൂക്ഷമയതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളെ വിഷം കൊടുത്തും അടിച്ചും കൊലപെടുത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതോടെയാണ് ധവാൻ തന്റെ പ്രതികരണം അറിയിച്ചത്. വിഷം ഉള്ളിൽ ചെന്നാണ് ഭൂരിഭാഗം നായ്ക്കൾ ചാകുന്നതെന്നാണു നിഗമനം.

കൊല്ലം ചെങ്കോട്ടയിലെ ആവണീശ്വരം റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി ഇടിച്ച് രണ്ടുപേര്‍ മരണപ്പെട്ടു. വിളക്കുടി ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവില്‍ രണ്ടാം വാര്‍ഡ് അംഗവുമായ കുന്നിക്കോട് നദീറ മന്‍സില്‍ (തണല്‍) എം റഹീംകുട്ടി (59), ആവണീശ്വരം കാവല്‍പുര പ്ലാമൂട് കീഴ്ച്ചിറ പുത്തന്‍ വീട് ഷാഹുല്‍ ഹമീദിന്റെ മകള്‍ സജീന (40) എന്നിവരാണ് മരണപ്പെട്ടത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.20-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ കൊല്ലത്തേക്ക് പോകാന്‍ തീവണ്ടി കാത്ത് നില്‍ക്കുകയായിരുന്നു ഈ സമയത്ത് ഇരുവരും. അതിനിടെ റഹീംകുട്ടിയുടെ പോക്കറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ ട്രാക്കിലേക്ക് വീഴുകയായിരുന്നു.

ഈ ഫോണെടുക്കാന്‍ റഹീംകുട്ടി ട്രാക്കിലേക്ക് ഇറങ്ങി. ആ സമയം രണ്ടാമത്തെ ട്രാക്കിലൂടെ ചെങ്കോട്ട കൊല്ലം സ്പെഷ്യല്‍ തീവണ്ടി വരുന്നുണ്ടായിരുന്നു. ഇതുകണ്ട സജീന, റഹീംകുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.

സജീനയുടെ കൈയില്‍ പിടിച്ച് ട്രാക്കില്‍നിന്നും പ്ലാറ്റ്ഫോമിലേക്ക് കയറാന്‍ റഹീംകുട്ടി ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഇരുവരും തീവണ്ടിക്ക് മുന്നില്‍പ്പെടുകയുമായിരുന്നു. തീവണ്ടിയിടിച്ച സജീന തല്‍ക്ഷണം മരിച്ചു. റഹീംകുട്ടിയുടെ കാലിനാണ് പരിക്കേറ്റത്. അദ്ദേഹത്തിന്റെ കാലുകള്‍ അറ്റുപോയിരുന്നു. കൊട്ടാരക്കര സ്വകാര്യാശുപത്രിയില്‍ വെച്ചാണ് റഹീംകുട്ടി മരണപ്പെട്ടത്.

 

നിയമനവിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പേഴ്‌സണല്‍ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ തന്റെ പേര് ആരോപിച്ചതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ഇതില്‍പരം അസംബന്ധം മറ്റൊരാള്‍ക്കും പറയാന്‍ കഴിയില്ല. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ച് ആയിരിക്കണം സംസാരം. നാടിനേക്കുറിച്ച് അറിയാവുന്നവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ആലോചിക്കാന്‍ കഴിയുമോ? എന്തൊരു അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്. തീരുമാനത്തില്‍ പിശകുണ്ടെങ്കില്‍ പരിശോധിക്കാം. ഇങ്ങനെ പ്രതികരണം നടത്താന്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

‘ഇതാണോ ഗവര്‍ണര്‍ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്? ഭീഷണിസ്വരത്തില്‍ ആരാണ് സംസാരിക്കുന്നതെന്ന് നാട് കാണുന്നുണ്ട്. എന്തെങ്കിലും ഗുണം ഉണ്ടായിക്കോട്ടെ എന്ന് കരുതി നോക്കി നില്‍ക്കുകയായിരുന്നു. എന്തും വിളിച്ച് പറയാമെന്നാണോ? എന്ത് കൈക്കരുത്ത് ഭീഷണിയുമാണ് പ്രയോഗിച്ചത്. എന്താണ് ഉദ്ദേശ്യം? സംഘടനകളുടെ പ്രവര്‍ത്തനം നിരോധിക്കാനാണോ ഉദ്ദേശിച്ചത്? അവരുടെ പ്രചാരണം രാജ്ഭവനിലാണോ നടത്തേണ്ടത്. ഇതിന്റെ അപ്പുറവും പറയാന്‍ കഴിയുമെന്ന് അറിയാമല്ലോ. വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കില്‍ പ്രകടിപ്പിക്കാന്‍ ഭരണഘടനാപരമായ രീതികള്‍ ഉണ്ട്. ഗവര്‍ണര്‍ ഒപ്പുവെയ്ക്കുന്ന കാര്യത്തില്‍ ആശങ്കയില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വതന്ത്ര സ്വാഭാവം നിലനിര്‍ത്താനാണ് ശ്രമിച്ചത്,’ മുഖ്യമന്ത്രി പ്രതികരിച്ചു.

‘അദ്ദേഹത്തിന്റെ സംസാരം കേട്ടിട്ടില്ല. ഗവര്‍ണറുടെ കാര്യത്തില്‍ പൊതുവില്‍ സ്വീകരിച്ചുവരുന്ന ഒരു സമീപനമുണ്ട്. പക്ഷെ, ആ സമീപനത്തില്‍ മാത്രം നില്‍ക്കാന്‍ പറ്റുന്ന ഒരു ഘട്ടമല്ല ഇത്എന്നാണ് മനസിലാക്കുന്നത്. കാരണം അദ്ദേഹം പറഞ്ഞതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തത് ഞാന്‍ കണ്ടത് ഇങ്ങനെയാണ്; ‘പേഴ്‌സണല്‍ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രി അറിയാതിരിക്കുമോ? മുഖ്യമന്ത്രി അറിയാതെ നിയമിക്കാന്‍ ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം വന്നെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ?’ ഇതാണ് അദ്ദേഹം ചോദിച്ചതായി കാണുന്നത്. മാത്രമല്ല, ‘അനധികൃതമായി നിയമനങ്ങള്‍ നടത്താനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കില്ല.’ ഇതില്‍പരം അസംബന്ധം ഒരാള്‍ക്കും പറയാന്‍ കഴിയില്ല. ’

മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ഒരു ബന്ധു. ആ ബന്ധു ഒരു വ്യക്തിയാണ്. അയാള്‍ക്ക് അയാളുടെ സ്വാതന്ത്ര്യവും അവകാശമുണ്ട്. അര്‍ഹതയുള്ള ജോലിക്ക് അപേക്ഷിക്കാനും. അതിന് ‘ഞാന്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധു ആണല്ലോ മുഖ്യമന്ത്രിയുടെ അനുമതി വാങ്ങണം’ എന്ന് ആരെങ്കിലും ചിന്തിക്കുമോ? നാടിനേക്കുറിച്ച് അറിയാവുന്ന ആര്‍ക്കെങ്കിലും അങ്ങനെ ആലോചിക്കാന്‍ പറ്റുമോ? എന്തൊക്കെ അസംബന്ധങ്ങളാണ് എഴുന്നള്ളിക്കുന്നത്?’ മുഖ്യന്ത്രേി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved