ഇലന്തൂരിലെ നരബലി നടത്താനുള്ള ഐഡിയ പറഞ്ഞതും സ്ത്രീകളെ എത്തിച്ചതും എല്ലാം ഷാഫി എന്ന റഷീദ് ആണെന്ന് പോലീസ് കണ്ടെത്തല്‍. ശ്രീദേവി എന്ന പേരില്‍ ഷാഫി ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയാണ് ഭഗവലിനെ സമീപിച്ചത്.

അടുത്ത സൗഹൃമുണ്ടാക്കിയ ഇയാള്‍ പിന്നീട് പെരുമ്പാവൂരില്‍ ഒരു സിദ്ധനുണ്ടെന്നും അയാളുടെ പേര് റഷീദ് എന്നാണെന്നും ഇയാളെ സന്തോഷിപ്പിച്ചാല്‍ നല്ലത് വരുമെന്നും അറിയിച്ചു. ഇതു വിശ്വസിച്ച ഭഗവല്‍ സിങ് ഈ സിദ്ധന്റെ നമ്പറും ശ്രീദേവിയില്‍ നിന്നും വാങ്ങി. റഷീഗ് കാരണം കുടുംബത്തില്‍ കൂടുതല്‍ സമ്പത്തും ഐശ്വര്യവും കൊണ്ടുവരാനാകുമെന്നും താന്‍ ഇതിന്റെ ഗുണം അനുഭവിക്കുന്നുണ്ടെന്നും ശ്രീദേവിയായി നടിച്ച ഷാഫി പറഞ്ഞിരുന്നു.

സിദ്ധന്റെനമ്പറെന്ന് പറഞ്ഞ് ഷാഫി നല്‍കിയത് സ്വന്തം മൊബൈല്‍ നമ്പറായിരുന്നു. ഇതിലേക്ക് വിളിച്ച ഭഗവലിനെ നേരിട്ട് കാണാനായി സിദ്ധനായി ചമഞ്ഞ് റഷീദ് എത്തി. ലൈലയുമായും ഭഗവലുമായും നമല്ല സൗഹൃദം സ്ഥാപിക്കാനും ഷാഫിക്ക് സാധിച്ചു.

തുടര്‍ന്ന് തന്നെ കൂടുതല്‍ സന്തോഷിപ്പിച്ചാല്‍ കുടുംബത്തിന് ഐശ്വര്യം ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ച് ഭഗവല്‍ സിങ്ങിന്റെ ഭാര്യ ലൈലയെ ഷാഫി ലൈംഗികമായി ഉപയോഗിച്ചു. തുടര്‍ന്നാണ് നരബലി നല്‍കിയാല്‍ കൂടുതല്‍ സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്ന് ഷാഫി ഇവരോട് പറഞ്ഞത്. ശ്രീദേവിക്ക് ഇത്തരത്തിലാണ് വലിയ നേട്ടമുണ്ടായതെന്നും ഷാഫി പറഞ്ഞു.

ഇക്കാര്യം ശ്രീദേവിയോട് ഫേസ്ബുക്കിലൂടെ ചോദിച്ച ഭഗവലിന് സംതൃപ്തി നല്‍കുന്ന മറുപടിയാണ് ഷാഫി നല്‍കിയത്. ഇതോടെ നരബലി നല്‍കാനായി ലൈലയും ഊഗവലും തീരുമാനിച്ചു. ഈ സമയത്തും ശ്രീദേവി എന്ന പേരിലെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് ഷാഫി ആണെന്ന് ഭഗവലിന് അറിയില്ലായിരുന്നു.

തുടര്‍ന്ന് ഷാഫി കാലടിയില്‍ താമസിക്കുന്ന അതീവ ദാരിദ്രത്തില്‍ കഴിയുന്ന റോസ്ലിനെ സമീപിച്ചത്. പത്തുലക്ഷം രൂപ നല്‍കാമെന്നും സിനിമയില്‍ അഭിനയിക്കാമെന്നും റോസ്ലിന് വാഗ്ദാനം നല്‍കി. ഇത് വിശ്വസിച്ച റോസ്ലിനെ തിരുവല്ലയില്‍ എത്തിച്ച് ആഭിചാര പൂജകള്‍ നടത്തി കൊലപ്പെടുത്തുകയായിരുന്നു.

റോസ്ലിനെ കട്ടിലില്‍ കെട്ടിയിട്ട ശേഷം കഴുത്തറുത്തത് ഭഗവല്‍ സിങ്ങിന്റെ ഭാര്യ ലൈലയായിരുന്നു. നരബലി കൊണ്ട് നേട്ടമുണ്ടാകുമെന്ന് കരുതി ഇവര്‍ കത്തിയെടുക്കാന്‍ മടിച്ചതുമില്ല. റോസ് ലിന്റെ കഴുത്ത് അറുത്ത ശേഷം ജനനേന്ദ്രിയത്തില്‍ കത്തി കയറ്റിയിറക്കി രക്തം പുറത്തേക്ക് ഒഴുക്കി കളഞ്ഞു. ഇത് ശേഖരിച്ച് വീട്ടില്‍ തളിച്ച് ശുദ്ധീകരണം നടത്താനും ഷാഫി ഭഗവലിനോട് ആവശ്യപ്പെട്ടിരുന്നു. ഏകദേശം രണ്ടരലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് ഷാഫി മടങ്ങിയത്.

എന്നാല്‍ നരബലി കൊണ്ടും വലിയ നേട്ടമൊന്നും ഉണ്ടായില്ലെന്ന് അറിയിച്ച് വീണ്ടും ഭഗവല്‍ ഷാഫിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് രണ്ടാമതൊരു നരബലി കൂടി നടത്താമെന്ന് ഷാഫി അറിയിച്ചത്. ഒരുമാസത്തിനു ശേഷമാണ് അടുത്ത ഇരയെ തേടി ഷാഫി വീണ്ടും ഇറങ്ങിയത്.

തുടര്‍ന്ന് കടവന്ത്രയില്‍നിന്ന് പത്മയെ റോസ്‌ലിന് നല്‍കിയ അതേ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഷാഫി കൂട്ടിക്കൊണ്ടുപോയത്. രാത്രി ഇലന്തൂരിലെത്തിച്ച പത്മയെയും കൊലപ്പെടുത്തി. ലൈല തന്നെയാണ് ഇത്തവണയും പത്മയുടെ കഴുത്തറുത്തത്. തുടര്‍ന്ന് ജനനേന്ദ്രിയത്തില്‍ കത്തികയറ്റിയിറക്കി. ഈ കൊലപാതക സമയത്തും ഭഗവല്‍ സിങ്ങ് അവിടെയുണ്ടായിരുന്നുവെന്നാണ് ഷാഫി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

പൂര്‍ണമായി ഷാഫിയുടെ മൊഴി വിശ്വസിക്കാത്ത പോലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമെ കൂടുതല്‍ വ്യക്തത വരൂ എന്നാണ് അറിയിക്കുന്നത്. ഇയാളുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് ഭഗവല്‍ സിങ്ങിനെയും ലൈലയെയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് കൊച്ചിയിലെത്തിച്ചത്. ഇവരും ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തി. കൊലപാതകങ്ങളില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് ഇവരും പറയുന്നത്. എന്നാല്‍ ഇക്കാര്യത്തിലും കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട് എന്ന നിലപാടിലാണ് പോലീസ്.