Kerala

നഗരത്തെ നടുക്കിക്കൊണ്ടാണ് അടുത്തവീട്ടുകാർ പോലും അറിയാതെ ഈശ്വരിയെന്ന യുവതിയുടെ കൊലപാതകം നടന്നത്. ഇരവിപുരത്ത് മദ്യലഹരിയിൽ യുവാവ് ബൈക്കിൽ നിന്നും ഊരിയെടുത്ത കമ്പിവടികൊണ്ട് ഭാര്യയെ തലയ്ക്കടിച്ചുകൊലപ്പെടുത്തുകയായിരുന്നു. ഇരവിപുരം ചന്തയുടെ എതിർവശത്ത് വാടകയ്ക്കുതാമസിക്കുന്ന ഈശ്വരിയാ(27)ണ് മരിച്ചത്.

ശനിയാഴ്ച രാത്രിയോടെയായിരുന്നു കൊലപാതകം. എന്നാൽ ഇയാൾ ഭാര്യയെ തലയ്ക്ക് അടിച്ച് മദ്യലഹരിയിൽ അടുത്തമുറിയിൽ പോയി കിടന്നുറങ്ങി. ഭാര്യ മരിച്ചെന്ന കാര്യം മുരുകൻ അറിയുന്നത് നാട്ടുകാർ കൂടിയപ്പോഴാണ്. മുരുക(42)നെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈശ്വരിയെ മുമ്പും ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. സംശയരോഗിയായിരുന്ന മുരുകന് ഈശ്വരി ജോലിക്ക് പോകുന്നതും ഫോണിൽ സംസാരിക്കുന്നതുമൊന്നും ഇഷ്ടമായിരുന്നില്ല. ഒരിക്കൽ ഫോണിൽ സംസാരിക്കുകയായിരുന്ന ഈശ്വരിയെ കത്തി കൊണ്ട് വയറിൽ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.

പോലീസിൽ പരാതിപ്പെടാൻ അന്ന് പലരും ഈശ്വരിയെ ഉപദേശിച്ചെങ്കിലും അവർ മക്കളെ ഓർത്ത് പിന്മാറുകയായിരുന്നു. മാടൻനട-ഇരവിപുരം റോഡിൽ ഇരവിപുരം മാർക്കറ്റിന്റെ എതിർവശത്ത് വാടകയ്ക്ക് താമസിക്കുന്ന മുരുകനും ഈശ്വരിയ്ക്കും രണ്ട് പെൺമക്കളാണുള്ളത്. സരസ്വതിയും ശങ്കരേശ്വരിയും.

വീട്ടിൽത്തന്നെ വസ്ത്രങ്ങൾ ഇസ്തിരിയിട്ടുനൽകുന്ന ജോലിയാണ് മുരുകന്. ഈശ്വരി മാർക്കറ്റിലെ പച്ചക്കറി കടകളിൽ ഉൾപ്പടെ സഹായിയായി പോയിരുന്നു. മദ്യപിച്ചെത്തുന്ന മുരുകൻ ഭാര്യയോട് പതിവായി വഴക്കിടാറുണ്ടായിരുന്നുവെന്ന് അയൽക്കാരും പറയുന്നു. സംഭവദിവസം ഈശ്വരി മക്കളെ സഹോദരിയുടെ വീട്ടിലാക്കി മടങ്ങിയതായിരുന്നു.

മക്കളെ ഞായറാഴ്ച രാവിലെ എത്തി കൂട്ടിക്കൊണ്ടുവരാമെന്ന് ഫോണിൽ സഹോദരി മഹാലക്ഷ്മിയെ അറിയിച്ചിരുന്നു. എന്നാൽ ബന്ധുക്കൾ രാവിലെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഞായറാഴ്ച രാവിലെ കൂട്ടുകാരി അമ്പിളി ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. തുടർന്നാണ് അമ്പിളി ഈശ്വരിയുടെ വീട്ടിലെത്തുമ്പോൾ

വാതിൽ തുറന്നുകിടക്കുന്ന നിലിലായിരുന്നു. അവരാണ് അകത്തെ മുറിയിൽ കട്ടിലിൽ മരിച്ചനിലയിൽ ഈശ്വരിയെ കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയുമായിരുന്നു. ഈ സമയത്തും ഇതൊന്നുമറിയാതെ അടുത്തമുറിയിൽ ഉറങ്ങുകയായിരുന്ന മുരുകൻ. ഇയാളെ സ്ഥലത്തെത്തിയ ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തു.

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരുടെ ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. ഇതോടെ ഇവര്‍ ഉടന്‍ ജയില്‍ മോചിതരാകും. 22 വര്‍ഷത്തിന് ശേഷമാണ് മണിച്ചന് മോചിതനാകുന്നത്.

33 പേരെ തെരെഞ്ഞെടുത്തതിന്റെ കാരണം തേടി ഗവര്‍ണര്‍ ഫയല്‍ തിരിച്ചയച്ചിരുന്നു.എന്നാല്‍ വിദഗ്ദ സമിതി വിശദമായി പരിശോധിച്ചാണ് 64 പേരില്‍ 33 പേരെ വിടാന്‍ തീരുമാനം എടുത്തത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. 20 വര്‍ഷം തടവ് പിന്നിട്ടവരെയും പ്രായാധിക്യം ഉള്ളവരെയും രോഗികളെയും ആണ് പരിഗണിച്ചത് എന്നായിരുന്നു വിശദീകരണം.

മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനുള്‍പ്പെടെ 33 തടവുകാരുടെ മോചനത്തിനായി എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എല്ലാ ചട്ടങ്ങളും പാലിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തിയതുകൊണ്ടാണ് ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ ചെയ്ത 64 പട്ടിക 33 ആയി ചുരുങ്ങിയതെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.

പല കാരണങ്ങളായാല്‍ ജയില്‍ ഉപദേശക സമിതികള്‍ തള്ളിയ 33 തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശയില്‍ മൂന്നു പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കാണ് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരിക്കുന്നത്. ആദ്യമായാണ് ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ പ്രകാരം മന്ത്രിസഭാ യോഗം തടവുകാരുടെ മോചനത്തിന് തീരുമാനമെടുത്തത്. മണിച്ചന്റെ മോചന കാര്യത്തില്‍ നാല് ആഴ്ചക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. മെയ് 20നാണ് സുപ്രീംകോടതിയുടെ ഉത്തരവുണ്ടായത്.

മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിയുടെ 75-ാം വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായാണ് മണിച്ചനടക്കമുള്ളവര്‍ക്ക് കൂട്ടമോചനം നല്‍കുന്നത്.

31 പേര്‍ മരിക്കുകയും ആറുപേര്‍ക്ക് കാഴ്ചനഷ്ടമാകുകയും 500 പേര്‍ ചികിത്സതേടുകയുംചെയ്ത മദ്യദുരന്തക്കേസിലെ പ്രതിയായതിനാല്‍ രാജ്ഭവന്‍ മണിച്ചന്റെ ജയില്‍മോചനമെന്ന ആവശ്യത്തെ ഗൗരവമായാണ് കണ്ടിരുന്നത്. മണിച്ചന്റെ സഹോദരങ്ങളായ കൊച്ചനി, മണികണ്ഠന്‍ എന്നിവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി കഴിഞ്ഞവര്‍ഷം വിട്ടയച്ചിരുന്നു.

വ്യാജമദ്യദുരന്ത കേസില്‍ മണിച്ചന് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന, ഗൂഢാലോചനയ്ക്ക് കൂട്ടുനില്‍ക്കല്‍, കാഴ്ചനഷ്ടപ്പെടുത്തല്‍, ചാരായത്തില്‍ വിഷംകലര്‍ത്തല്‍, തെളിവ് നശിപ്പിക്കല്‍, സ്പിരിറ്റ് കടത്തല്‍, ചാരായവില്‍പ്പന തുടങ്ങിയ കുറ്റങ്ങള്‍ക്കായി മറ്റൊരു 43 വര്‍ഷവും വിധിച്ചിരുന്നു. ശിക്ഷ ഒരേകാലത്ത് അനുഭവിച്ചാല്‍ മതി. ജീവപര്യന്തം ജീവിതാവസാനംവരെയാണെന്നും വിചാരണചെയ്ത കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.

ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും മറ്റുചില പ്രതികളുടെ ശിക്ഷയില്‍ ചില മാറ്റങ്ങള്‍ വരുത്തിയെങ്കിലും മണിച്ചന്റെ ശിക്ഷ ഇളവുചെയ്തിരുന്നില്ല.

പൂജപ്പുര സെന്‍ട്രന്‍ ജയിലിലായിരുന്ന മണിച്ചന്‍ ശാന്തപ്രകൃതക്കാരനായതിനാല്‍ നെട്ടുകാല്‍ത്തേരി തുറന്നജയിലിലേക്ക് മാറ്റി. ജയിലില്‍ മികച്ച കര്‍ഷകനായാണ് അറിയപ്പെടുന്നത്.

2000 ഒക്ടോബര്‍ 31-നാണ് മദ്യദുരന്തമുണ്ടാകുന്നത്. വ്യാജമദ്യ നിര്‍മാണത്തിനായി മണിച്ചന്റെ വീട്ടില്‍ ഭൂഗര്‍ഭ അറകള്‍ നിര്‍മിച്ചിരുന്നു. വീര്യംകൂട്ടാനായി സ്പിരിറ്റില്‍ മീഥൈല്‍ ആള്‍ക്കഹോള്‍ കലര്‍ത്തി വിതരണംചെയ്യുകയായിരുന്നു. വിതരണക്കാരി ഹൈറുന്നീസ(താത്ത) തടവ് അനുഭവിക്കേ 2009-ല്‍ മരിച്ചു. മണിച്ചന്റെ ഡയറിയില്‍നിന്ന് ചില സി.പി.എം. നേതാക്കള്‍ക്കും പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും മാസപ്പടി പണം നല്‍കിയതിന്റെ രേഖകള്‍ കണ്ടെത്തിയതും വിവാദമായിരുന്നു.

ഒറ്റയ്ക്ക് താമസിച്ച് വന്നിരുന്ന മുന്‍ പ്രവാസിയായ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11ാം വാര്‍ഡില്‍ പുതുപ്പറമ്പില്‍ ക്രിസ്റ്റി വര്‍ഗീസ് ആണ് മരിച്ചത്. 37 വയസായിരുന്നു. ഇവര്‍ ഇരുനില വീടിന്റെ അടുക്കളയിലാണ് മരിച്ച് കിടന്നത്. മൃതദേഹത്തിനടുത്ത് രക്തം തളം കെട്ടിയിരുന്നു. ഇന്നലെ രാവിലെ പത്തോടെ ഭക്ഷണം വാങ്ങി നല്‍കാന്‍ എത്തിയ അയല്‍ക്കാരനാണ് ക്രിസ്റ്റി മരിച്ചുകിടക്കുന്നത് ആദ്യമായി കണ്ടത്.

വീടിന്റെ മുന്‍വാതില്‍ തുറന്നു കിടക്കുന്ന നിലയിലായിരുന്നു. അയല്‍ക്കാരന്‍ പരിസരവാസികളെയും പൊലീസിനെയും വിവരം അറിയിച്ചു. വീണപ്പോള്‍ തലയുടെ ഇടതുഭാഗത്തുണ്ടായ മുറിവ് മരണകാരണമായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ക്രിസ്റ്റി ഒന്നര വര്‍ഷം മുന്‍പ് മാതാവ് ജൈനമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതോടെ നാട്ടിലെത്തിയതാണ്. പിന്നെ തിരികെപ്പോയില്ല.

ഒരു വര്‍ഷം മുന്‍പ് ജൈനമ്മ മരിച്ചതോടെ വീട്ടില്‍ ക്രിസ്റ്റി തനിച്ചായി. ജൈനമ്മ നേരത്തെ ഗള്‍ഫില്‍ ലാബ് അസിസ്റ്റന്റായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ബന്ധുക്കളും അയല്‍ക്കാരുമായി ക്രിസ്റ്റിക്കും മാതാവിനും അധികം സഹകരണമുണ്ടായിരുന്നില്ലെന്ന് നോര്‍ത്ത് പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

യുക്രൈൻ യൂണിവേഴ്‌സിറ്റികളിൽ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് റഷ്യയിൽ പഠന സൗകര്യമൊരുക്കുമെന്ന് റഷ്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്‌കിൻ. മുമ്പുള്ള അക്കാദമിക വർഷം നഷ്ടമാകാതെ തന്നെ റഷ്യൻ സർവകലാശാലകളിൽ തുടർപഠനം നടത്താമെന്നും അദ്ദേഹം അറിയിച്ചു. റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈൻ വിട്ടുപോന്ന 20000 വിദ്യാർഥികളുടെ ഭാവി എന്താകുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾക്ക് റഷ്യയിലും സൗകര്യം ലഭിക്കുമെന്ന് റഷ്യൻ ഹൗസ് ഡയറക്ടറും റഷ്യൻ ഫെഡറേഷൻ കൗൺസുലുമായ രതീഷ് സി നായർ പറഞ്ഞു. എന്നാൽ യുക്രൈനിലെ അതേ ഫീസ് റഷ്യയിൽ മതിയാകില്ലെന്ന സൂചനയും അദ്ദേഹം നൽകി. ഇത്തരം വിവരങ്ങൾ അറിയാൻ തിരുവനന്തപുരം റഷ്യൻ ഹൗസിനെ സമീപിക്കാമെന്നും അദ്ദേഹം അറിയിച്ചു.

റഷ്യൻ വിദ്യാഭ്യാസ വകുപ്പിന്റെ പേജിൽ വിവരങ്ങൾ ലഭ്യമാകുമെന്നും അധികൃതർ പറഞ്ഞു. തുടർപഠനം സാധ്യമാക്കാൻ നോർക്കയുമായി ചേർന്ന് ചർച്ച പുരോഗമിക്കുകയാണ്.

ഓടുന്ന ബൈക്കിൽ നിന്നും തള്ളിയിട്ട് കൊലപ്പൈടുത്താൻ ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന കൊടുമ്പ് സ്വദേശി ഗിരീഷ് (33) മരിച്ചു. പാലക്കാട് കല്ലിങ്കൽ ജംങ്ഷനിൽ വ്യാഴാഴ്ച രാത്രിയിലാണ് ബൈക്കിൽ നിന്ന് വലിച്ച് താഴെയിട്ടതിനെത്തുടർന്ന് യുവാവിന് പരിക്കേറ്റത്.

തലയുടെ പിൻഭാഗത്ത് സാരമായി പരുക്കേറ്റ ഗിരീഷ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബൈക്ക് മറിഞ്ഞുണ്ടായ അപകടമെന്നാണ് ആദ്യം കരുതിയിരുന്നത്. സംശയം തോന്നി പോലീസ് നടത്തിയ അന്വേണത്തിൽ വ്യക്തി വൈരാഗ്യം കാരണം മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്ത് ഗിരീഷിനെ ബോധപൂർവം തള്ളിയിട്ടതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ഗിരീഷിനെ തള്ളി വീഴ്ത്തിയ തിരുവാലത്തൂർ സ്വദേശി സജു, ബൈക്കോടിച്ചിരുന്ന അക്ഷയ് എന്നിവർ റിമാൻഡിലാണ്. ചന്ദ്രനഗറിലെ ബാറിൽ നിന്ന് മദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങും വഴി മുൻ വൈരാഗ്യം കാരണം ആസൂത്രിത അപകടമുണ്ടാക്കി യുവാക്കൾ രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് പോലീസ് നടത്തിയ അന്വേഷണമാണ് സ്വാഭാവിക അപകടമെന്ന് കരുതിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്.

വനത്തിന്റെ ഓരോ സ്പന്ദനവും അറിയുന്ന അച്ഛനെ അതേവനത്തിനുള്ളിൽ വെച്ച് കാണാതായിട്ട് ഒരു മാസം പിന്നിടുമ്പോൾ വഴിക്കണ്ണുമായി കാത്തിരുന്ന മകൾക്ക് നിരാശ. സൈലന്റ് വാലി വനമേഖലയിൽ നിന്നും കാണാതായ വനംവകുപ്പ് വാച്ചർ രാജന്റെ മകൾ രേഖയാണ് വിവാഹദിനത്തിലും അച്ഛനെ കാത്തിരുന്നത്.

വിവാഹദിനത്തിലെങ്കിലും അച്ഛൻ കൈപിടിച്ച് നൽകാനെത്തുമെന്ന് പ്രതീക്ഷിച്ചായിരുന്നു മകൾ രേഖ ഓരോദിവസവും തള്ളി നീക്കിയിരുന്നത്. എന്നാൽ എല്ലാപ്രതീക്ഷകളും തകിടം മറിഞ്ഞു. ശനിയാഴ്ച രാവിലെ നടന്ന വിവാഹത്തിലേക്ക് അപ്രതീക്ഷിതമായി അച്ഛനെത്തുമെന്ന് തന്നെ രേഖ കൊതിച്ചെങ്കിലും ഒന്നുമുണ്ടായില്ല.

അച്ഛന് എന്തുപറ്റി എന്നെങ്കിലും അറിഞ്ഞാൽ കുറച്ചെങ്കിലും ആശ്വാസമാകുമെന്ന് രേഖ പറയുന്നു. രാജന് വഴിതെറ്റാനോ അപകടത്തിൽപ്പെടാനോ ഒരു സാധ്യതയുമില്ലെന്നാണ് രേഖയും ബന്ധുക്കളും പറയുന്നത്. രാജനെ വനത്തിനുള്ളിൽ വെച്ച് കാണാതായിട്ട് 38 ദിവസമായി.

കാണാതായെന്ന് അറിഞ്ഞ ദിവസം തൊട്ട് സർക്കാറിന്റെ മുഴുവൻ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിച്ച് തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചില്ല. സൈലന്റ് വാലി ദേശീയ ഉദ്യാനത്തിൽ സൈരന്ധ്രി വാച്ച് ടവറിന് സമീപത്തുള്ള മെസിൽ നിന്നും ഭക്ഷണം കഴിച്ച് സമീപത്തെ ക്യാമ്പിലേക്ക് പോയ രാജനെ പിന്നെയാരും കണ്ടിട്ടില്ല.

രാജനെ കണ്ടെത്താനായി പോലീസ്, ഫോറസ്റ്റ്, കമാൻഡോ സംഘങ്ങളടക്കം ദിവസങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും ഒരു സൂചന പോലും ലഭിച്ചില്ല. പതിറ്റാണ്ടുകളായി സൈലന്റ് വാലി കാടുകളെ അറിയുന്ന ആളാണ് രാജൻ. അതുകൊണ്ടു തന്നെ ഗതിമാറി സഞ്ചരിക്കുകയോ വഴിതെറ്റുകയോ ഉണ്ടാകില്ല. മകളുടെ വിവാഹം ഉറപ്പിച്ചതിന്റെ സന്തോഷത്തിലായിരുന്നു എന്നത് കൊണ്ട് തന്നെ സ്വയം അപായപ്പെടുത്തിയതാണെന്ന സംശയവും ആർക്കുമില്ല.

നടൻ ടൊവീനോ തോമസിന്റെ താരങ്ങളുടെ വിളിപ്പേരിൽ മതം കലർത്തുന്നതിനെതിരായ കമന്റിനോട് പ്രതികരിച്ച് ശ്രീജിത്ത് പണിക്കർ. ഒരാൾ ഹിന്ദു ആയതു കൊണ്ട് ഏട്ടനെന്നും മുസ്ലിം ആയതു കൊണ്ട് ഇക്കായെന്നും ക്രിസ്ത്യാനി ആയതു കൊണ്ട് ഇച്ചായനെന്നും വിളിക്കുന്നതിൽ പന്തികേടണ്ട് എന്ന് ഈയടുത്ത് നൽകിയ അഭിമുഖത്തിൽ ടൊവീനോ അഭിപ്രായപ്പെട്ടിരുന്നു. തന്നെ ഇച്ചായൻ എന്ന് വിളിക്കുന്നത് ചേരാത്ത ട്രൗസറാണെന്ന് ആയിരുന്നു നടന്റെ പ്രതികരണം. മുൻപും സമാനമായ പ്രതികരണം ടൊവീനോ നടത്തിയിരുന്നു.

അതേസമയം, ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ സമുദായത്തിലെ ബഹുമാന വാക്കുകൾ കൊണ്ട് സംബോധന ചെയ്യുന്നതിൽ എന്തെങ്കിലും പന്തികേടുണ്ടോ എന്ന് ആലോചിച്ചു നോക്കി. അങ്ങനെ വിളിക്കുന്നത് ആദരവും സ്‌നേഹവും ആണെന്നു മാത്രമേ തോന്നിയുള്ളൂവെന്നാണ് ശ്രീജിത്ത് പണിക്കരുടെ അഭിപ്രായം.

‘ടൊവിനോയുടെ നിലപാട് തീർച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ തന്നെ ഫേസ്ബുക്ക് പോസ്റ്റുകൾ ഒന്നുനോക്കി. ലാലേട്ടൻ, ജയേട്ടൻ, രാജുവേട്ടൻ, പദ്മകുമാറേട്ടൻ, ശ്രീയേട്ടൻ, മമ്മൂക്ക, സിദ്ദിഖ് ഇക്കാ, നാദിർഷ ഇക്കാ, ജാഫറിക്കാ, കമലിക്കാ, ബാദുഷ ഇക്കാ, നസീറിക്കാ, ചാക്കോച്ചൻ എന്നൊക്കെയാണ് ആൾക്കാരെ സംബോധന ചെയ്തിരിക്കുന്നത്.’

‘എല്ലാം അതാത് മതത്തിൽ സ്‌നേഹവും ആദരവും പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന നല്ല സംബോധനകൾ തന്നെ. അത് നിഷ്‌കളങ്കത തന്നെയല്ലേ? അല്ലാതെ ചേരാത്ത ട്രൗസർ അല്ലല്ലേ’- എന്ന് ശ്രീജിത്ത് പണിക്കർ ചോദിക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിയുമായി നടന്‍ ദിലീപിന് അടുപ്പമില്ലെന്ന് വാദിക്കുമ്പോഴും സൗഹൃദം തെളിയുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ദിലീപിന്റെ വാദങ്ങളെ പെളിക്കുന്നതാണ് കല്യാണരാമന്‍ സിനിമയിലെ ചിത്രങ്ങള്‍. ഷാഫിയുടെ സംവിധാനത്തില്‍ ലാല്‍ നിര്‍മ്മിച്ച് 2002ല്‍ എത്തിയ കല്യാണ രാമന്‍ എന്ന ചിത്രത്തില്‍ പള്‍സര്‍ സുനി അഭിനയിച്ചിട്ടുള്ളതിന്റെ ചിത്രങ്ങളാണ് പലകോണിലും പ്രചരിക്കുന്നത്.

സുനിയെ അറിയില്ലെന്ന് ദിലീപ് വാദിക്കുമ്പോഴും വര്‍ഷങ്ങളായി ദിലീപിന്റെ സിനിമകളില്‍ മുഖം കാണിക്കുന്ന സുനിയുടെ ചിത്രങ്ങളും പുറത്ത് വന്നുകഴിഞ്ഞു. സുനിയെക്കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന് മുന്നില്‍ ദിലീപ് മൊഴി നല്‍കിയത്.മുന്‍പ് പല നടന്മാരുടേയും ഡ്രൈവറായി പ്രവര്‍ത്തിച്ച പള്‍സര്‍ സുനി ഏറെക്കാലം നടന്‍ മുകേഷിന്റെ ഡ്രൈവറായിരുന്നു.

സ്വഭാവദൂഷ്യവും അമിതവേഗതയും കാരണമാണ് സുനിയെ തന്റെ ഡ്രൈവർ സ്ഥാനത്ത് നിന്ന് നീക്കിയതെന്നായിരുന്നു മുകേഷിന്റെ മൊഴി.മാര്‍ട്ടിന്‍ അടക്കമുള്ള ഗുണ്ടാസംഘങ്ങളുമായി ചേര്‍ന്ന് ക്വട്ടേഷന്‍ ഏറ്റെടുത്തത് നടന്‍ ദിലീപിന്റെ നിര്‍ദേശ പ്രകാരമാണ് എന്ന പള്‍സര്‍ സുനിയുടെ മൊഴിയായിരുന്നു കേസില്‍ ജനപ്രിയനിലേക്ക് അന്വേഷണം എത്തിച്ചത്.

ലൈംഗികമായി ഉപദ്രവിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി നടനെ കാണിക്കുകയും ചെയ്തിരുന്നു എന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയത്. കേസില്‍ ദിലിപിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത് കോളിളക്കം തീര്‍ത്തിരുന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ബിജു പൗലോസ് ഉള്‍പ്പടെയുള്ള പൊലീസുകാരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസും സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയിലൂടെയാണ് പുറംലോകം അറിഞ്ഞത്.

ദിലീപ് കേസില്‍ പള്‍സര്‍ സുനി ജയിലില്‍ നിന്ന് എഴുതിയ കത്ത് വിവാദമായി തീരുകയും ചെയ്തിരുന്നു. കോടികള്‍ വാഗ്ദാനം ചെയ്തിട്ടാണ് താന്‍ ഈ ദൗത്യം ഏറ്റെടുത്തതെന്നായിരുന്നു സുനിയുടെ മൊഴി, ജയിലില്‍ ജീവന് ഭീഷണിയുണ്ടെന്നും സുനി മാതാവിന് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു.

അമ്പലപ്പുഴയിൽ ദുരൂഹസാഹചര്യത്തിൽ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്ന് വ്യക്തമായി. പുറക്കാട് ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡിൽ രമ(63)യെ ഭർത്താവ് ശശി(66) കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിൽ മരിച്ചനിലയിലാണ് രമയെ കണ്ടത്. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശശിയെ പോലീസ് പ്രതിയെന്ന് സംശയിച്ചത്. പിന്നീട് ഇയാളുടെ പ്രവർത്തികളിൽ നിന്നും പോലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു. രാവിലെ ഒൻപതരയ്ക്ക് ഉറക്കമുണർന്നപ്പോൾ ഭാര്യ തറയിൽ മരിച്ചുകിടക്കുന്നതു കണ്ടെന്നായിരുന്നു ശശിയുടെ മൊഴി.

എന്നാൽ, അന്നു രാവിലെ 9.45-ന് രമയെ അനുജത്തി സുശീല ഫോണിൽ വിളിച്ചപ്പോൾ അസ്വാഭാവികമായ നിലയിലായിരുന്നു പെരുമാറ്റം. പത്തു സെക്കൻഡ് സംസാരിച്ചശേഷം രമ മിണ്ടാതിരുന്നു. പിന്നെ ഫോൺ കട്ടായി. ഭയം തോന്നിയ സുശീല ഉടനെ ശശിയെ വിളിച്ചപ്പോൾ രമ ചത്തിരിക്കുന്നു എന്നായിരുന്നു മറുപടി. സുശീലയുടെ ഈ മൊഴിയും അന്വേഷണത്തിൽ നിർണായകമായി.

രമയുടെ തലയ്ക്കേറ്റ പരിക്കിന്റെ കാഠിന്യത്തിലാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലയിൽ കൈകൾ കൊണ്ട് ഇടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇവരുടെ തലയിൽ ആറും ശരീരത്തിനു മൂന്നും മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി.

തലയിലെ മുറിവുണ്ടായതെങ്ങനെ എന്ന് കണ്ടെത്താനായി ശശിയെയും മകൻ ശരത്തിനെയും ചോദ്യംചെയ്തിരുന്നു. മകൻ ഉപദ്രവിച്ചതാകാമെന്നാണ് ശശി പോലീസിനോടു പറഞ്ഞത്. എന്നാൽ, സംഭവം നടന്ന ദിവസം രാവിലെ എട്ടുമണിക്ക് ശരത് പരീക്ഷ എഴുതാൻ ചേർത്തലയ്ക്കു പോയതായി പോലീസ് കണ്ടെത്തി.

ശശിയെ ചോദ്യംചെയ്തപ്പോൾ തറയിൽ തെന്നിവീണെന്നും തറയിൽ കിടന്നെന്നും കട്ടിലിൽ കിടന്നെന്നുമൊക്കെ മാറ്റിമാറ്റി പറഞ്ഞു. കൊന്നിട്ടില്ലെന്നും അറിയിച്ചു. ഇതേത്തുടർന്ന് ശശിയുടെ മുൻകാലരീതികൾ പോലീസ് പരിശോധിച്ചു. പിന്നീട് ഭാര്യയോടും മകനോടും വൈരാഗ്യമുള്ളതായി പോലീസ് കണ്ടെത്തി.

മുറിവുകൾ വീഴ്ചയിലുണ്ടായതല്ലെന്ന് ഡോക്ടർ അറിയിച്ചു. രമ 20 കൊല്ലമായി ആസ്ത്മയ്ക്കും പത്തുകൊല്ലമായി പാർക്കിൻസണിനും ചികിത്സയിലാണ്. പാർക്കിൻസൺ നാലാംഘട്ടത്തിലാണ്. ഈ അവസ്ഥയിൽ കൈകൊണ്ട് ശക്തിയായി ഇടിച്ചാൽ മരണപ്പെടുമെന്നു പോലീസ് കണ്ടെത്തി. ശശിക്കെതിരേ 12 സാഹചര്യത്തെളിവുകൾ പോലീസ് കണ്ടെത്തി. ഇയാൾ ഭാര്യയെ നേരത്തേ പലതവണ ഇടിച്ചതായി അയൽവാസികളും ബന്ധുക്കളും പോലീസിൽ മൊഴിനൽകി.

അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുടെ വീട്ടിലെത്തിയ പോലീസ് സംഭവം പ്രതീകാത്മകമായി പുനഃസൃഷ്ടിച്ചു. മെഡിക്കൽ കോളേജ് ഫൊറൻസിക് സർജൻ ഡോ. സ്നേഹൽ അശോകും ഉണ്ടായിരുന്നു. ഡിവൈഎസ്പി ബിജു വി നായരുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ എസ് ദ്വിജേഷും സംഘവുമാണ് പ്രതിയെ അറസ്റ്റുചെയ്തത്.എസ്‌ഐ മാരായ ടോൾസൻ പി ജോസഫ്, ബൈജു, സിപിഒമാരായ എംകെ വിനിൽ, ടോണി, രാജീവ്, ദിനു, അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

തലസ്ഥാനത്ത് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചയാള്‍ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രന്‍ (50) ആണ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് കഴിഞ്ഞമാസം 28നാണ് നാട്ടുകാര്‍ ചന്ദ്രനെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.

പാത്രങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. ചിറയിന്‍കീഴ് വച്ചാണ് മര്‍ദനമേറ്റത്. പരാതി എഴുതി നല്‍കാത്തതിനാല്‍ ചന്ദ്രനെതിരെ പോലീസ് കേസെടുത്തിരുന്നില്ല. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ ചന്ദ്രനും പരാതി നല്‍കിയിരുന്നില്ല. ഇയാള്‍ അള്‍സറിന് ചികിത്സ തേടി മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയും നടത്തിയിരുന്നു.

സമീപത്തെ വീട്ടില്‍ നിന്ന് പാത്രം മോഷ്ടിച്ചു എന്നാരോപിച്ചാണ് നാട്ടുകാര്‍ ചന്ദ്രനെ കെട്ടിയിട്ട് മര്‍ദിച്ചത്. പോലീസ് എത്തി പിന്നീട് ചന്ദ്രനെ കസ്റ്റഡിയില്‍ എടുത്ത് വിട്ടു. ശാരീരിക അസ്വസ്ഥതകള്‍ കാരണം ആശുപത്രിയില്‍ പ്രവേശിച്ച ചന്ദ്രന് കഴിഞ്ഞ ദിവസം ഒരു ശസ്ത്രക്രിയ നടന്നിരുന്നു. മര്‍ദനമാണ് മരണ കാരണം എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

RECENT POSTS
Copyright © . All rights reserved