ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നതു ശരിയാണോ? പി.സി. ജോർജിന് ആത്മാർഥത കൂടിയതാണു പ്രശ്നം. പരാതിക്കാരി വീട്ടിൽ വന്നിട്ടുണ്ട്. ഞാൻ സംസാരിച്ചിട്ടുണ്ട്.

സാക്ഷിയാക്കാമെന്നു പറഞ്ഞാണു വിളിച്ചുകൊണ്ടു പോയത്. അറസ്റ്റിനെക്കുറിച്ച് സൂചന ഇല്ലായിരുന്നു. പിണറായിയുടെ പ്രശ്നങ്ങൾ പുറത്തു വരാതിരിക്കാനാണ് പിസി ജോർജിനെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യമുണ്ട്. ഒരു കുടുംബം തകർക്കുന്ന പണിയാണു ചെയ്തത്. എന്റെ കൊന്തയ്ക്ക് സത്യം ഉണ്ടെങ്കിൽ ഈ ചെയ്തതിന് പിണറായി അനുഭവിക്കുമെന്നും ഉഷ ജോർജ് പറഞ്ഞു.

പി.സി.ജോര്‍ജിനെതിരായ പരാതി തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് പരാതിക്കാരി. തെളിവുകളാണ് ആദ്യം നല്‍കിയത്. പിന്നെയാണ് 164 മൊഴി നല്‍കിയത്. എട്ടുവര്‍ഷമായി പി.സി.ജോര്‍ജിനെ അങ്ങോട്ടും ഇങ്ങോട്ടും വിളിച്ചിട്ടുണ്ടെന്നും പരാതിക്കാരി മാധ്യമങ്ങളോടു പറഞ്ഞു.

തിരുവനന്തപുരം മ്യൂസിയം പൊലീസ് തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയാണ് പി.സി. ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് നന്ദാവനം എ.ആര്‍.ക്യാംപിലെത്തിച്ചു. അതേസമയം പരാതിക്കാരി തന്നോട് വൈരാഗ്യം തീര്‍ക്കുകയാണെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു.

ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐയ്ക്ക് കളളമൊഴി നല്‍കാത്തതാണ് വൈരാഗ്യത്തിന് കാരണം. ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതിക്കാരിയുടെ മൊഴി തെറ്റാണെന്ന് സിബിഐയെ അറിയിച്ചിരുന്നു. നിരപരാധിയാണെന്ന് തെളിയുമെന്ന് നൂറുശതമാനം ഉറപ്പുണ്ട്. ഇതുകൊണ്ടൊന്നും പിണറായി രക്ഷപെടില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.