ചാത്തൻപാറയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച സംഭവത്തിന് പിന്നാലെ ഉയർന്ന ആരോപണങ്ങളെ തള്ളി ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം. കുടുംബനാഥന്റെ തട്ടുകടയ്ക്ക് അരലക്ഷം പിഴ ഈടാക്കിയെന്ന ആരോപണമാണ് ഫുഡ് ആന്റ് സേഫ്റ്റി വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ അനിൽകുമാർ നിഷേധിച്ചത്. തട്ടുകയ്ക്ക് 5000 രൂപ പിഴ മാത്രമാണ് ഈടാക്കിയതെന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്തു.

പണം മണിക്കുട്ടൻ അടച്ചിരുന്നു എന്നും ഇതിന്റെ റസീപ്റ്റ് ട്രഷറിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. അഭി എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ തട്ടുകടയിൽ പരിശോധന നടത്തിയത്. പോത്ത് ഇറച്ചിയാണെന്ന വ്യാജേന കടയിൽ നിന്നും പട്ടിയിറച്ചിയാണ് നൽകിയത് എന്ന സംശയം ചൂണ്ടികാട്ടി നൽകിയതായിരുന്നു പരാതി.

തുടർന്ന് 29 ാം തിയ്യതി രാവിലെ ആറ്റിങ്ങൽ സർക്കിളിലെ ഫുഡ് സേഫ്റ്റി ഓഫീസർ ഉൾപ്പെടുന്ന ടീം പരിശോധനക്കായി പോയി. ശേഷം രജിസ്ട്രേഷൻ ഹാജരാക്കിയില്ല, വൃത്തിയില്ലായ്മ എന്നിങ്ങനെ പത്തോളം ന്യൂനതകൾ കാണിച്ച് കടയുടെ ഉടമസ്ഥന് നോട്ടീസ് അയച്ചിരുന്നു. തുടർന്ന് രജിസ്ട്രേഷൻ ഹാജരാക്കാത്തതിനാൽ പിഴ ഈടാക്കണം എന്നാവശ്യപ്പെട്ടപ്പോൾ അതിന് തയ്യാറാണെന്ന് അറിയിച്ച് അവർ എഴുതി ഒപ്പിട്ടു തന്നു. മണികുട്ടൻ എന്നയാൾക്ക് വേണ്ടി ഗിരിജ എന്ന സ്ത്രീയാണ് ഒപ്പിട്ട് തന്നത്. ഇതിന്റെ മഹ്സറും റിപ്പോർട്ടും ജില്ലാ ഓഫീസിലേക്ക് മെയിൽ ലഭിച്ചിട്ടുണ്ടെന്നും കമ്മീഷണർ പറയുന്നു.

പിന്നീട് 30 ാം തിയ്യതി ഒരു മണിയോട് അടുപ്പിച്ച് ഒരാൾക്കൊപ്പം ഗിരിജ ഓഫീസിലേക്ക് വന്നു. അത് മണിക്കുട്ടനാണോയെന്ന് അറിയില്ല. കടയ്ക്ക് രജിസ്ട്രേഷൻ ഉണ്ടെന്നും പരിശോധന നടക്കുന്ന സമയം അത് മണിക്കുട്ടന്റെ കൈയ്യിലായിരുന്നുവെന്നും തനിക്ക് അക്കാര്യം അറിയില്ലായിരുന്നുവെന്നും ഗിരിജ പറഞ്ഞു. പരിശോധിച്ചപ്പോൾ അത് ശരിയായിരുന്നു. മറ്റ് ന്യൂനതകൾ പരിഹരിച്ചെന്നും അവർ വ്യക്തമാക്കി. അക്കാര്യം സ്ഥലം ഇൻസ്പെക്ടറെ ഞാൻ അറിയിച്ചു. പരിശോധിക്കാമെന്ന് അദ്ദേഹം മറുപടി നൽകി. തട്ടുകടയ്ക്ക് ഫൈൻ അടയയ്‌ക്കേണ്ടതുണ്ട് എന്നതിനാൽ 5000 രൂപയാണെന്ന് ഗിരിജയെ അറിയിച്ചു.

ഇവർ ട്രഷറിയിൽ അടക്കാമെന്ന് സമ്മതിച്ച് മടങ്ങി. മൂന്ന് ദിവസം സമയമുണ്ടെന്നും അറിയിച്ചിരുന്നു. പിന്നീട് മൂന്ന് മണിക്ക് അവർ തിരിച്ചുവന്നു. പണം അടച്ച രസീത് ഉൾപ്പെടെയാണ് തിരിച്ചുവന്നത്. ഇത്രയുമാണ് സംഭവിച്ചതെന്നും 50000 രൂപ പിഴ ഈടാക്കി എന്ന തരത്തിൽ വരുന്ന വാർത്തകൾ തെറ്റാണെന്നും അനിൽകുമാർ പറയുന്നു.

അതേസമയം, മണിക്കുട്ടന്റെ കുടുംബത്തിന് ഭീമമായ കടബാധ്യത ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഇതാണ് കൂട്ടആത്മത്യയിലേക്ക് നയിച്ചതെന്നും സംശയിക്കപ്പെടുന്നുണ്ട്.

ഇന്ന് രാവിലെയോടെയാണ് ചാത്തൻപാറ സ്വദേശി കടയിൽ വീട്ടിൽ മണിക്കുട്ടനും (46), ഭാര്യ സന്ധ്യ (36), മക്കൾ അമേയ (13), അജീഷ് (19), അമ്മയുടെ സഹോദരി ദേവകി (85) എന്നിവരെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടനെ തൂങ്ങി മരിച്ചനിലയിലും, മറ്റുളളവർ വിഷം കഴിച്ച് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.