Kerala

വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കേ, അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ വരെ ഇടംപിടിച്ചതാണു നാട്ടില്‍ മടങ്ങിയെത്തിയ ഗള്‍ഫുകാരന്റെ പ്രശ്‌നങ്ങള്‍ പറയുന്ന ”വരവേല്‍പ്പ്” എന്ന സിനിമ. കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നാളെമുതല്‍ മടങ്ങിയെത്തുന്ന പ്രവാസികളാണിപ്പോള്‍ കേരളത്തിലെങ്ങും സംസാരവിഷയം. രോഗവ്യാപന ഭീതിക്കു പുറമേ, തൊഴില്‍ നഷ്ടപ്പെട്ട് എത്തുന്ന പ്രവാസികളുടെ പുനരധിവാസവും വരുമാനനഷ്ടവും സംസ്ഥാനത്തെ അലട്ടുന്നു.

മടങ്ങിയെത്തുന്ന പ്രവാസികളുടെ തൊഴില്‍ശേഷി ഫലപ്രദമായി വിനിയോഗിച്ചാല്‍ പ്രതിവര്‍ഷം 63,000 കോടി രൂപ സംസ്ഥാനത്തിനു ലാഭിക്കാനാകുമെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രവാസികള്‍ മടങ്ങിയെത്തുന്നതിനൊപ്പം ”കേരളത്തെ ഗള്‍ഫാ”യിക്കണ്ട അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്കു മടങ്ങുകയുമാണ്. അവര്‍ ഇട്ടെറിഞ്ഞുപോകുന്ന ലക്ഷക്കണക്കിനു തൊഴിലവസരങ്ങളാണു ഗള്‍ഫില്‍ നിന്ന് ഏറെയൊന്നും സമ്പാദിക്കാതെ മടങ്ങുന്ന മലയാളികളെ കാത്തിരിക്കുന്നത്.

നോര്‍ക്ക റൂട്‌സിന്റെ കണക്കനുസരിച്ച്, വിദേശങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ 40 ലക്ഷത്തോളമാണ്. ഇതരസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നതു 13,73,552 പേര്‍. കഴിഞ്ഞ ഞായറാഴ്ചവരെ വിദേശങ്ങളില്‍നിന്നു മടങ്ങാന്‍ 4.13 ലക്ഷം പേരും ഇതരസംസ്ഥാനങ്ങളില്‍നിന്ന് 1,66,263 പേരുമാണു നോര്‍ക്ക മുഖേന രജിസ്റ്റര്‍ ചെയ്തത്. വിദേശത്തെ തൊഴില്‍ നഷ്ടപ്പെട്ടു മടങ്ങുന്നത് 61,009 പേരാണ്. സംസ്ഥാനസര്‍ക്കാരിന്റെ കണക്കുപ്രകാരം 10 ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ കേരളത്തിലുണ്ട്. അനൗദ്യോഗികമായി ഇത് 35 ലക്ഷത്തോളമാണ്. ഇവരുടെ മടക്കം കേരളത്തില്‍ കുറഞ്ഞതു 10 ലക്ഷം തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കും. അതിഥി തൊഴിലാളികള്‍ പ്രതിവര്‍ഷം അവരവരുടെ നാടുകളിലേക്കയയ്ക്കുന്നത് 63,000 കോടി രൂപയാണ്. വിദേശമലയാളികള്‍ കേരളത്തിലേക്ക് അയയ്ക്കുന്നത് 50,000 കോടി മാത്രം!

നോര്‍ക്കയുടെ പഠനപ്രകാരം, വിദേശമലയാളികളില്‍ ഭൂരിപക്ഷവും തൊഴിലാളികളാണ്. 25,000-35000 രൂപ ശമ്പളം വാങ്ങുന്നവര്‍. കൂടുതല്‍ പണം കിട്ടണമെങ്കില്‍ ഓവര്‍െടെം എടുക്കണം. ഇതേ തുക കേരളത്തില്‍നിന്ന് അതിഥി തൊഴിലാളികളും സമ്പാദിക്കുന്നുണ്ട്. രാവിലെ ആറുമുതല്‍ െവെകിട്ട് ആറുവരെ അധ്വാനിക്കുന്ന അതിഥി തൊഴിലാളികളില്‍ പലരും ഇരട്ടിക്കൂലിയാണ് നേടുന്നത്. സ്വന്തം നാട്ടില്‍ അധ്വാനിക്കാന്‍ മടിക്കുന്ന മലയാളിയാണു താരതമ്യേന കുറഞ്ഞ കൂലിക്കു വിദേശത്തു വിയര്‍പ്പൊഴുക്കുന്നതെന്നു സാരം.

 

 

പ്രവാസികളെ തിരിച്ചെത്തിക്കുന്നതി​​െൻറ ഭാഗമായി ബഹ്​റൈനിൽനിന്ന്​ കൊച്ചിയിലേക്കുള്ള ആദ്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കുള്ള ടിക്കറ്റ്​ വിതരണം തുടങ്ങി. ഇന്ത്യൻ എംബസി തയ്യാറാക്കിയ മുൻഗണനാ പട്ടികയിൽ ഉള്ളവർക്കാണ്​ ടിക്കറ്റ്​ നൽകുന്നതെന്ന്​ ചാർജ്​ ഡി അഫയേഴ്​സ്​ നോർബു നേഗി മാധ്യമങ്ങളോട് പറഞ്ഞു

എയർ ഇന്ത്യ ഒാഫീസ്​ അടച്ചിരിക്കുന്നതിനാൽ എംബസിയിൽ തന്നെയാണ്​ താൽക്കാലിക ഒാഫീസ്​ തുറന്ന്​ ടിക്കറ്റ്​ നൽകുന്നത്​. പട്ടികയിൽ ഉൾപ്പെട്ടവരെ ഇന്ത്യൻ എംബസിയിൽനിന്ന്​ ബന്ധപ്പെടുന്നുണ്ട്​. ഇവർ പാസ്​പോർട്ട്​ അടക്കമുള്ള രേഖകളുമായി എംബസിയിൽ ചെന്ന്​ ടിക്കറ്റ്​ വാങ്ങണം. കൊച്ചിയിലേക്ക്​ 84 ദിനാറും കോഴിക്കോ​േട്ടക്ക്​ 79 ദിനാറുമാണ്​ ടിക്കറ്റ്​ നിരക്ക്​.

യാത്ര പുറപ്പെടുന്നവർ ബഹ്​റൈനിൽ കോവിഡ്​ ടെസ്​റ്റ്​ നടത്തേണ്ടതില്ല. ഇത്രയധികം പേർക്ക്​ ചുരുങ്ങിയ സമയത്തിനുള്ളിൽ ടെസ്​റ്റ്​ നടത്തുക പ്രായോഗികമല്ലെന്നാണ്​ എംബസി അധികൃതർ വ്യക്​തമാക്കിയത്​. യാത്രക്കാർ വിമാനത്തിൽ കയറുന്നതിന്​ മുമ്പ്​ തെർമൽ സ്​​ക്രീനിങ്​ നടത്തും.

പട്ടികയിലുള്ളവരിൽ ലോക്​ഡൗൺ കാലയളവിലെ യാത്രക്ക്​ ടിക്കറ്റ്​ ബുക്ക്​ ചെയ്​തവർക്ക്​ മുഴുവൻ തുകയും തിരിച്ച്​ നൽകുമെന്നാണ്​ എയർ ഇന്ത്യ അധികൃതർ അറിയിക്കുന്നത്​.

സംസ്ഥാനത്ത് മേയ് 13 മുതൽ കള്ളുഷാപ്പുകൾ തുറന്നുപ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ള് ചെത്താന്‍ തൊഴിലാളികള്‍ക്ക് നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. ഈ സാഹര്യത്തിലാണ് ഷാപ്പുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നത്. മറ്റ് മദ്യവില്‍പ്പനശാലകള്‍ തുറക്കുന്ന കാര്യം പിന്നീട് പരിഗണിക്കും. മദ്യശാലകള്‍ സ്ഥിരമായി അടച്ചിടുക എന്ന നയം സര്‍ക്കാരിനില്ല. അതേസമയം നിലവില്‍ മറ്റ് സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നപ്പോളുണ്ടായ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. ഇതെല്ലാം പരിഗണിച്ചായിരിക്കും തീരുമാനം – മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മേയ് നാല് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ മാർഗരേഖ, കണ്ടെയ്ൻമെൻ്റ് സോണുകളിലൊഴികെ എല്ലാം സോണുകളിലും മദ്യവിൽപ്പന ശാലകൾക്ക് അനുമതി നൽകിയിരുന്നു. അതേസമയം ബാറുകൾക്ക് മേയ് 17 വരെ കേന്ദ്രം അനുമതി നൽകിയിട്ടില്ല. മദ്യവിൽപ്പനശാലകൾ തുറക്കാനുള്ള അനുമതി ലഭിച്ചതിനെ തുടർന്ന് മിക്കവാറും സംസ്ഥാനങ്ങളിൽ മദ്യവിൽപ്പന തുടങ്ങുകയും മഹാരാഷ്ട്രയിലും ഡൽഹിയിലും മറ്റും ശാരീരിക അകലം സംബന്ധിച്ച വ്യവസ്ഥകൾ കാറ്റിൽപ്പറത്തി മദ്യശാലകൾക്ക് മുന്നിൽ വലിയ തിരക്കുണ്ടാവുകയും ചെയ്തിരുന്നു.

കേരളത്തിൽ ഇന്ന് ആർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടില്ല. ഏഴ് പേർ രോഗമുക്തി നേടി. കോട്ടയം അടക്കം എട്ട് ജില്ലകളിൽ കോവിഡ് രോഗികളില്ല. ആലപ്പുഴയും തിരുവനന്തപുരവും കോവിഡ് മുക്തമായി. ആറ് ജില്ലകളിലാണ് നിലവിൽ കോവിഡ് രോഗികളുള്ളത്. കോട്ടയത്ത് ആറ് പേരുടേയും പത്തനംതിട്ടയിൽ ഒരാളുടേയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. 30 പേരാണ് നിലവിൽ സംസ്ഥാനത്ത് കോവിഡ് ചികിത്സയിൽ കഴിയുന്നത്. രോഗലക്ഷണങ്ങളുമായി ഇന്ന് 58 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 502 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

14670 പേർ നിരീക്ഷണത്തിലാണ്. 14402 പേർ വീടുകളിലും 268 പേർ ആശുപത്രികളിലും. 34599 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 34063 എണ്ണം നെഗറ്റീവ് ആണ്. കണ്ണൂർ ജില്ലയിൽ 18 പേരാണ് ചികിത്സയിലുള്ളത്. കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ നിലവിൽ കോവിഡ് രോഗികളില്ല. ഇന്ന് പുതിയ ഹോട്ട് സ്പോട്ടുകളില്ല. കാസറഗോഡ്, കണ്ണൂർ, വയനാട്, പാലക്കാട്, ഇടുക്കി, കൊല്ലം ജില്ലകളിലാണ് നിലവിൽ രോഗികളുള്ളത്. കാസറഗോഡ് 3, കണ്ണൂര്‍ 18, വയനാട് 4, പാലക്കാട് 1, ഇടുക്കി 1, കൊല്ലം 3 എന്നിങ്ങനെയാണ്. 1154 സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്കയച്ചു. മുന്‍ഗണനാ ഗ്രൂപ്പിലെ 2947 സാമ്പിളുകളില്‍ 2147 എണ്ണം നെഗറ്റീവ് ആണ്.

 

കോവിഡ് ലോക്ക് ഡൗണ്‍ മൂലം മുടങ്ങിയ എസ് എസ് എൽ സി, ഹയർസെക്കൻ്ററി പരീക്ഷകള്‍ മെയ് 21 മുതല്‍ 29 വരെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം മെയ് 13 മുതല്‍ നടത്തും. പരീക്ഷകൾ പൂർത്തിയാക്കാനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചുകൊണ്ടിരിക്കുന്നതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. ജൂണ്‍ 1ന് സ്‌കൂള്‍ തുറന്നില്ലെങ്കിലും വിക്‌ടേഴ്‌സ് ചാനലിലൂടെ കുട്ടികൾക്ക് ക്ലാസുകൾ നടത്തും. ഓൺലൈനിലും മൊബൈലിലും ഇത് ലഭ്യമാക്കും. വിക്ടേഴ്സ് ചാനൽ നൽകുന്നുണ്ടെന്ന് പ്രാദേശിക കേബിൾ ടിവി ഓപ്പറേറ്റർമാരും ഡിടിഎച്ച് സേവനദാതാക്കളും ഉറപ്പുവരുത്തണം. ഈ സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് പ്രത്യേക സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങളിലെ 81609 അധ്യാപകര്‍ക്ക് പരിശീലനം ഓണ്‍ലൈനായി തുടങ്ങിയിരുന്നു. ഇത് പൂര്‍ത്തിയാക്കും.

ഭർത്താവിന്റേയും മൂത്തമകളുടേയും മുഖം അവസാനമായി ഒരു നോക്കു കാണാൻ നിറവയറുമായി പ്രസവ വാർഡിൽ നിന്നും വീട്ടിലേക്കു വന്ന ഒരു വീട്ടമ്മയുടെ ദുരന്തം. സഹതപിക്കാനോ സ്വന്തനിപ്പിക്കാനോ കഴിയാതെ ഒരു ഗ്രാമം വിറങ്ങലിച്ചു നിന്ന നിമിഷം .മറ്റത്തിൽ വീടിന്റെ മുൻപിൽ വെള്ള പുതപ്പിച്ച് കിടത്തിയ രണ്ടു മൃതദേഹങ്ങൾക്കരികിലായി കണ്ണീർ വറ്റി അർധബോധാവസ്ഥയിൽ ഇരിക്കുന്ന രേവതിയുടെ അവസ്ഥ കണ്ട് ഒരു നാടാകെ വിങ്ങിപ്പൊട്ടി. നിറവയറിൽ കൈകൾ ചേർത്തുവച്ച് പരിതപിച്ച രേവതിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ അവരുടെ അമ്മയും കണ്ണീർ മറയ്ക്കാൻ പാടുപെട്ടു.

ദേശീയപാതയിൽ മുട്ടത്ത് നിയന്ത്രണം വിട്ട കാറിടിച്ച് മരിച്ച തൃക്കാക്കര തോപ്പിൽ അരവിന്ദ് ലെയ്ൻ മറ്റത്തിൽ മജേഷിന്റെയും (35), മകൾ അർച്ചനയുടെയും (എട്ട്)സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനാണ് ആശുപത്രിയിൽനിന്ന് രേവതി വീട്ടിലേക്ക് മടങ്ങിയത്.

ഭർത്താവിന്റെയും മകളുടെയും മരണവാർത്ത രേവതിയെ അറിയിച്ചിരുന്നില്ല. അപകടത്തിൽ പരിക്കുപറ്റി എന്നുമാത്രമാണ് അറിയിച്ചിരുന്നത്. ഇരുവരും വീട്ടിലേക്ക് വരുന്നത് കാത്തിരുന്ന രേവതിക്ക് അരികിലേക്ക് ആദ്യമെത്തിയത് അർച്ചനയുടെ അനക്കമില്ലാത്ത ശരീരമായിരുന്നു. മകളെ കണ്ട് അലറിവിളിച്ച് കരഞ്ഞ രേവതിക്ക് പ്രഹരമാവുകയായിരുന്നു മിനിറ്റുകൾക്കകം ഭർത്താവ് മജേഷിന്റെ മൃതദേഹവും വീടിന് വെളിയിൽ തയ്യാറാക്കിയിരിക്കുന്ന പന്തലിലേക്കെത്തിച്ച സംഭവവും.

രേവതിയെ പ്രസവത്തിനായി പാതാളത്തെ ഏലൂർ ഇഎസ്‌ഐസി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പ്രസവത്തിന് മൂന്നോ നാലോ ദിവസം കൂടി ഉണ്ടായിരിക്കെ ചൊവ്വാഴ്ച പ്രസവദിവസമാക്കുകയായിരുന്നു. ഇതിനുവേണ്ട ആശുപത്രി രേഖകളിലൊക്കെ ഒപ്പിട്ട് കൊടുത്ത ശേഷം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു മജേഷിന്റെയും മകളുടെയും ദാരുണാന്ത്യം.

ഇരുവരുടെയും മരണത്തെ തുടർന്ന് രേവതിക്ക് പ്രസവത്തിനുള്ള മരുന്നുകൾ നൽകിയില്ല. ചൊവ്വാഴ്ച രാവിലെയോടെ രേവതിയെ മജേഷിനും മകൾക്കും അപകടം പറ്റിയതായി അറിയിച്ചു. എന്നാൽ ഇരുവരും മരിച്ച വിവരം അറിയിച്ചില്ല. ചൊവ്വാഴ്ച ഉച്ചയോടെയാണ് രേവതിയെ ഉച്ചയ്ക്ക് 1.50ഓടെ ബന്ധുക്കൾ ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ തൃക്കാക്കരയിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. മരണാനന്തര ചടങ്ങുകൾക്കു ശേഷം രേവതിയെ ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചു. മൃതദേഹങ്ങളിൽ ആദരാഞ്ജലികൾ അർപ്പിക്കാനായി നിരവധിയാളുകൾ വീട്ടിലെത്തിയിരുന്നു.

കോവിഡ് 19 നിർദേശങ്ങൾ പാലിച്ച് പോലീസിന്റെ സഹായത്തിലാണ് കാണാനെത്തിയവരെ നിയന്ത്രിച്ചത്. പിടി തോമസ് എംഎൽഎ, തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ ഉഷ പ്രവീൺ, മുൻ എംഎൽഎ എഎം യൂസഫ്, ബിജെപി ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ തുടങ്ങിയവരും വീട്ടിലെത്തിയിരുന്നു.

പരേതനായ ബാബുവിന്റേയും ഇന്ദിരയുടേയും മകനായ മജേഷ് ഇടപ്പള്ളിയിലെ ഓട്ടോ ഡ്രൈവറാണ്. ബിജെപി തൃക്കാക്കര അയ്യനാട് ഏരിയ കമ്മിറ്റിയംഗമാണ്. കളമശ്ശേരി സെയ്ന്റ് ജോസഫ്‌സ് സ്‌കൂളിലെ മൂന്നാം ക്ലാസുകാരിയായിരുന്നു മരിച്ച അർച്ചന. കാക്കനാട് അത്താണി ശ്മശാനത്തിൽ ഇരുവരുടെയും സംസ്‌കാരം നടത്തി.

ലയണൽ മെസിയുടെ ഗോൾ അനുകരിച്ച് സോഷ്യൽമീഡിയയെ അമ്പരപ്പിച്ച മിഷാൽ അബുലൈസെന്ന പന്ത്രണ്ടുകാരനെ തേടി ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും അഭിനന്ദന പ്രവാഹം. മിഷാലിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. മിഷാലിന്റെ ഗോളടി മികവിനെ തന്റെ ഇൻസ്റ്റഗ്രാം ഔദ്യോഗിക അക്കൗണ്ടിൽ സ്‌റ്റോറി ആക്കുകയായിരുന്നു റെയ്‌ന.

‘നമ്മളുടെ സ്വന്തം കേരളത്തിൽ നിന്ന് നമ്മളുടെ സ്വന്തം മെസി.’ എന്ന അടികുറിപ്പോടെയാണ് റെയ്‌ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ് മലപ്പുറം ജില്ലയിലെ മമ്പാട് സ്വദേശിയായ മിഷാലിന്റെ ഫ്രീകിക്ക്. ബാഴ്‌സലോണയുടെ അർജന്റീനൻ താരം ലയണൽ മെസിയുടെ ഒരു ഫ്രീകിക്ക് അതുപോലെ അനുകരിക്കുകയായിരുന്നു പന്ത്രണ്ടുകാരൻ. ഗോൾപോസ്റ്റിന്റെ ഇടതുമൂലയിലായി മുകളിൽ തൂക്കിയിട്ട ഒരു വളയത്തിലൂടെയാണ് മിഷാൽ പന്ത് കടത്തിയത്.

മലപ്പുറം ജില്ലയിലെ മമ്പാട് ഗവൺമെന്റ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മിഷാൽ. നാലാം ക്ലാസ് മുതൽ സഹോദരൻ വാജിദിനൊപ്പം ഫുട്‌ബോൾ കളിക്കാൻ തുടങ്ങിയതാണ്. മലപ്പുറം ജില്ലാ ടീമിന്റെ മുൻ ഗോൾകീപ്പറായ അബുലൈസ് കണിയനാണ് പിതാവ്.

മെസിയുടെ കടുത്ത ആരാധകനായ മിഷാൽ, പത്താം നമ്പർ ജഴ്‌സിയണിഞ്ഞ് മെസിയുടെ മാനറിസങ്ങൾ ഉൾപ്പെടെ അനുകരിച്ചാണ് പ്രകടനം കാഴ്ചവച്ചത്.

മുമ്പൊരിക്കൽ ക്രിസ്റ്റ്യാനോ റൊണാൾഡോയേയും മിഷാൽ അനുകരിച്ച് സോഷ്യൽമീഡിയയുടെ കൈയ്യടി നേടിയിരുന്നു.

 

എക്സൈസ് സംഘത്തെയും പോലീസിനെയും വെട്ടിച്ച് പാലിയേക്കര ടോള്‍ പ്ലാസ തകര്‍ത്ത് കടന്ന സ്പിരിറ്റ് വാഹനം പിടികൂടി.എക്‌സൈസ് സംഘമാണ് സ്പിരിറ്റ് കടത്തിയ വാഹനവും, വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ വിനോദിനെയും പിടികൂടിയത്.

അതേസമയം, പിടികൂടിയ വാഹനത്തില്‍ നിന്നും സ്പിരിറ്റ് കണ്ടെത്താനായില്ല. പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിക്കേഡും തകര്‍ത്താണ് സ്പിരിറ്റ് കടത്ത് സംഘം രക്ഷപ്പെട്ടത്. 150 കിലോമീറ്റര്‍ പിന്തുടര്‍ന്നെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് വാഹനം പിടികൂടാനായിരുന്നില്ല.

എറണാകുളം തൃശ്ശൂര്‍ അതിര്‍ത്തിയില്‍ അങ്കമാലിക്ക് സമീപം പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. സ്വകാര്യ ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയയോട് ചേര്‍ന്ന് സ്പിരിറ്റുമായി വാഹനം കിടക്കുന്നത് എക്‌സൈസ് സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു.

എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ടതോടെ സ്പിരിറ്റ് കടത്ത് സംഘം വാഹനം മുന്നോട്ടെടുത്തു. തൃശ്ശൂര്‍ ഭാഗത്തേക്കായിരുന്നു പോയത്. ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും വാഹനം നിര്‍ത്താതെ പോവുകയും പാലിയേക്കര ടോള്‍ പ്ലാസയുടെ ബാരിക്കേഡ് ഇടിച്ചു തെറിപ്പിക്കുകയുമായിരുന്നു.

പട്ടിക്കാട് എട്ടംഗ പോലീസ് സംഘം വാഹനം പിടികൂടാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ കടന്നു. പാലക്കാട് എത്തുന്നതിന് മുന്‍പ് വാഹനം തിരിച്ച് മംഗലം ഡാമിലേക്കുള്ള വഴിയെ പോയി. ഇത്രയും നേരം എക്‌സൈസ് സംഘം സ്പിരിറ്റ് ലോറിയെ പിന്തുടര്‍ന്നെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു.

വിദേശത്തുനിന്നു തിരിച്ചെത്തുന്ന മലയാളി പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന്‍ 14 ദിവസമാക്കി മാറ്റിയേക്കും.
പ്രവാസികള്‍ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലും തുടര്‍ന്ന് ഏഴ് ദിവസം വീട്ടില്‍ ക്വാറന്റൈന്‍ എന്നായിരുന്നു ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നത്.

എന്നാല്‍, തിരിച്ചെത്തുന്ന പ്രവാസികള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തന്നെ 14 ദിവസം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് ക്വാറന്റൈന്‍ നീട്ടാനുള്ള ആലോചനയുണ്ടായത്. ഉന്നതതല അവലോകന യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുക്കും.

വിദേശത്തുനിന്നുള്ള പ്രവാസികളുടെ മടക്കം നാളെ മുതലാണ് ആരംഭിക്കുന്നത്. രാജ്യത്തെ പതിമൂന്ന് നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ പ്രവാസികളെ തിരികെയെത്തിക്കുന്നത്. ഗള്‍ഫിലെ ആറു രാജ്യങ്ങളിലേക്ക് ആദ്യ ആഴ്ച സര്‍വീസുകളുണ്ട്. അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും ഏഴും ആറും സര്‍വീസുകളാണ് നടത്തുക.

ബംഗ്ലാദേശ്, ഫിലിപ്പിയന്‍സ് , മലേഷ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലുള്ളവരെയും മടക്കി എത്തിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസിനാണ് കേരളത്തിലേക്കുള്ള സര്‍വ്വീസിന്റെ ചുമതല.

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികളെ തിരികെ എത്തിക്കാൻ ഏർപ്പെടുത്തിയ വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം. നാളെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഗൾഫിൽ നിന്നും ഒരു വിമാനം മാത്രമാണ് എത്തുക. അബുദാബിയിൽ നിന്നുള്ള വിമാനം മാത്രമാണ് എത്തുക.

രാത്രി 9.25 ന് ശേഷമാണ് വിമാനം എത്തുക. നാളെ രാത്രി 10.15 ന് എത്തുമെന്ന് അറിയിച്ചിരുന്ന ദോഹയിൽ നിന്നുള്ള വിമാനത്തിന്റെ സമയം മാറ്റി. ദോഹയിൽ നിന്നുള്ള വിമാന സർവീസ് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. വിമാനജീവനക്കാർക്ക് കോവിഡ് ടെസ്റ്റ് നടത്തേണ്ടതിനാലാണ് ഷെഡ്യൂൾ മാറുന്നത് എന്നാണ് സൂചന.

ദുബായിയിൽ നിന്നും കോഴിക്കോട്ടേക്കും അബുദാബിയിൽ നിന്നും കൊച്ചിയിലേക്കും പുറപ്പെടുന്ന വിമാനത്തിന്റെ സമയത്തിൽ മാറ്റമില്ലെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. 189 സീറ്റുകളുള്ള എയർ ഇന്ത്യയുടെ 737 ബോയിങ് വിമാനമാണ് പ്രവാസികളെ കൊണ്ടുവരാനായി ഏർപ്പെടുത്തിയിട്ടുള്ളത്. അതിനാൽ സാമൂഹിക അകലം അടക്കം പരിഗണിച്ച് പരമാവധി 160 ഓളം പേരെ മാത്രമേ കയറ്റാനാകൂ എന്നാണ് അധികൃതർ അറിയിക്കുന്നത്. നേരത്തെ 200 ഓളം യാത്രക്കാർ ഓരോ സർവീസിലും ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്.

അതേസമയം മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് സ്രവപരിശോധന ഉണ്ടാകില്ല. പിസിആർ ടെസ്റ്റ് ഉണ്ടാകില്ലെന്നും, വിമാനത്തിൽ കയറ്റും മുമ്ബ് റാപ്പിഡ് ടെസ്റ്റും തെർമൽ സ്‌ക്രീനിങും നടത്തുമെന്നാണ് അറിയിപ്പ്. സൗകര്യം ലഭ്യമാണെങ്കിൽ പിസിആർ ടെസ്റ്റിന് എംബസികൾക്ക് തീരുമാനിക്കാം എന്നാണ് തീരുമാനം.

RECENT POSTS
Copyright © . All rights reserved