തിരുവനന്തപുരം ∙ നിയമവിരുദ്ധമായ അറസ്റ്റിനും പീഡനത്തിനും ഇരയായ മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ എസ്.നമ്പിനാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 1.3 കോടി രൂപ നല്‍കണമെന്ന ശുപാര്‍ശ തത്വത്തില്‍ അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരം നല്‍കിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത 10 ലക്ഷം രൂപയ്ക്കും പുറമേ ആയിരിക്കും ഇത്.
നിയമവിദഗ്ധരുമായി ആലോചിച്ചു തയാറാക്കുന്ന ഒത്തുതീര്‍പ്പു കരാര്‍ തിരുവനന്തപുരം സബ്‌കോടതിയില്‍ സമര്‍പ്പിക്കാനും കോടതിയുടെ തീരുമാനപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. നമ്പി നാരായണന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കാനും കേസ് രമ്യമായി തീര്‍പ്പാക്കുന്നതിനുമുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനു മുന്‍ ചീഫ്‌സെക്രട്ടറി കെ.ജയകുമാറിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ജയകുമാറിന്റെ ശുപാര്‍ശ പരിഗണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം.
മുംബൈ: മഹാരാഷ്ട്രയില്‍ സി.ടി സ്‌കാന്‍ എടുക്കുന്നതിനിടെ യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തിയ മലയാളി യുവാവ് അറസ്റ്റില്‍. സി.ടി സ്‌കാന്‍ എടുക്കുന്നതിനായി തിങ്കളാഴ്ചയാണ് യുവതി ആശുപത്രിയിലെത്തിയത്. സ്‌കാന്‍ ചെയ്യുന്നതിനിടെ ഇയാള്‍ യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും യുവതിയുടെ നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തു.
തുടര്‍ന്ന് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് യുവതി ആശുപത്രി അധികൃതരെ വിവരമറിക്കുകയും ചെയ്തു. ഉല്ലാസ് നഗര്‍ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഉല്ലാസ്‌നഗറിലെ സര്‍വാനന്ദ് ആശുപത്രി ടെക്‌നീഷ്യനാണ് അറസ്റ്റിലായ ജെയിംസ് തോമസ്. ഇയാളുടെ ഫോണ്‍ പരിശോധിച്ചുവരികയാണെന്നും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മനോഹരമായ ഗാനങ്ങളിലൂടെ മലയാളിയുടെ ഹൃദയം കവര്‍ന്ന സംഗീത സംവിധായകനും ഗായകനുമാണ് എം.ജയചന്ദ്രന്‍. ആസ്വാദകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച മലയാളിയുടെ ചുണ്ടുകള്‍ എല്ലായിപ്പോഴും ഈണമിട്ട് പാടിയ ഒരുപിടി ഗാനങ്ങള്‍ക്കാണ് അദ്ദേഹം ഈണം നല്‍കിയത്.
ഇപ്പോഴിതാ, 17 വയസ്സുള്ളപ്പോള്‍ വേദിയില്‍ പാടുന്ന വീഡിയോ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുകയാണ് എം ജയചന്ദ്രന്‍. 31 വര്‍ഷം മുന്‍പുള്ളതാണ് വീഡിയോ. ‘ചെമ്പക പുഷ്പ…’ എന്ന ഗാനം ആലപിക്കുന്നതിന്റെ വീഡിയോയാണിത്. 1988 ഡിസംബര്‍ 3ന് തിരുവനന്തപുരത്തുവെച്ച് നടന്ന കസിന്റെ വിവാഹവിരുന്നിനിടെ ജയചന്ദ്രന്‍ പാടുന്നതിന്റെ വീഡിയോയാണിത്.
എംസി റോഡിൽ വാളകത്ത് നിർത്തിയിട്ട ലോറിയിൽ പുലർച്ചെ രണ്ടരയോടെ ബൈക്കിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. ചോറ്റാനിക്കര പ്രദീപ് നിവാസിൽ സുനിലിന്റെ മകൻ ശ്യാം സുനിൽ (23), പള്ളിക്കര വെമ്പിള്ളി മേപ്പിള്ളിമൂലയിൽ പകിടപ്പറമ്പിൽ കണ്ണന്റെ മകൾ ശ്രാവണി (19) എന്നിവരാണ് മരിച്ചത്.
മൂവാറ്റുപുഴ ഭാഗത്തേക്കു വരികയായിരുന്ന ബൈക്ക് കരട്ടെവാളകത്ത് ലോറിയുടെ പിറകിൽ ഇടിച്ചു കയറുകയായിരുന്നു. രാവിലെ കാൽനട യാത്രികരാണ് അപകടം പൊലീസിനെ അറിയിച്ചത്. ഇരുവരെയും പൊലീസ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
വിവാഹത്തെ ചൊല്ലി വീട്ടുകാരുമായി വഴക്കിട്ട ശ്രാവണി കാമുകനായ ശ്യാം സുനിലിനെ വീട്ടിലേക്കു വിളിച്ചു വരുത്തി ബൈക്കിൽ കയറി പോയെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഫയർ ആൻഡ് സെക്യൂരിറ്റി സ്ഥാപനത്തിൽ ഡ്രൈവറായ ശ്യാം. ശബരിമല തീർഥാടനത്തിനു ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്.
രാത്രി പൊടുന്നനെ ബൈക്കുമായി പോയെന്നാണ് ബന്ധുക്കൾ പൊലീസിനു നൽകിയ വിവരം. മിനിയാണ് ശ്യാമിന്റെ അമ്മ. സഹോദരി: ശരണ്യ. ശ്രീജയാണ് ശ്രാവണിയുടെ അമ്മ. സഹോദരൻ: സാഗർ
സൗദി അറേബ്യ: സൗദി അറേബ്യയുടെ വടക്കന്‍ പ്രവിശ്യയായ അറാറിന് സമീപം ഒഖീല എന്ന പ്രദേശത്ത് ഇന്നലെ (ബുധനാഴ്ച) ( 25/12/2019) ഉണ്ടായ വാഹനാപകടത്തില്‍ തിരുവല്ല സ്വദേശിയായ നേഴ്‌സ് മരണപ്പെട്ടു. തിരുവല്ല ആഞ്ഞിലിത്താനം ജ്യോതി മാത്യു (30 വയസ്സ്) ആണ് മരിച്ചത്.
ഔദ്യോഗിക ആവശ്യാർത്ഥം ഇവര്‍ ജോലി ചെയ്തു വന്നിരുന്ന സ്ഥാപനത്തിന് പുറത്തുള്ള ഒരു ക്യാമ്പിൽ നിന്ന് മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്ഥാപനത്തിന്റെ വാഹനമാണ് അപകടത്തില്‍ പെട്ടത്. ജ്യോതിയുടെ മരണം സംഭവസ്ഥലത്തു വെച്ചുതന്നെയായിരുന്നു. മൂന്നു വര്‍ഷമായി ഓഖീലയിലെ ഒരു ഡിസ്‌പെന്‍സറിയില്‍ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു.
ജോലിയുടെ കോണ്‍ട്രാക്ട് രണ്ടു മാസം കൂടി ബാക്കിയുള്ളത്. തീരുന്നതോടെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങാന്‍ തീരുമാനി ചിരിക്കേ ആണ് ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്.
കോയിക്കല്‍ മാത്യു – തെയ്യമ്മ ദമ്പതികളുടെ മകളാണ് ജ്യോതി. ഭര്‍ത്താവ്: മാത്യു.
ഒഖീല ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉടൻ നാട്ടിലെത്തിക്കും എന്നാണ് അറിയുന്നത്. ഇതിനുള്ള നടപടികള്‍ അറാര്‍ പ്രവാസി സംഘത്തിനു കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി സഹപ്രവർത്തർ അറിയിച്ചു.
സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി നേതാവ് സന്ദീപ് വാര്യരുടെ പ്രസ്താവന കുറച്ചു കൂടിപോയിരുന്നു. സോഷ്യല്‍മീഡിയയിലടക്കം സന്ദീപ് വാര്യക്കെതിരെയുള്ള പോസ്റ്റുകളും ട്രോളുകള്‍ നിരന്നു. ഇപ്പോള്‍ ബിജെപിയും സന്ദീപ് വാര്യരെ തള്ളി. കേന്ദ്രത്തെ വിമര്‍ശിക്കുന്നവരോട് പകപോക്കുന്ന സമീപനം ബിജെപിക്കില്ലെന്ന് എംടി രമേശ് വ്യക്തമാക്കുന്നു. സന്ദീപ് വാര്യരുടെ പ്രതികരണം വ്യക്തിപരമാണ്.
ഫേസ്ബുക്ക് പോസ്റ്റ് വ്യക്തിപരമാണെന്നും പാര്‍ട്ടി നിലപാടായി കണക്കാക്കേണ്ടതില്ലെന്നും എംടി രമേശ് പറയുന്നു. മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന സിനിമാക്കാര്‍, പ്രത്യേകിച്ച് നടിമാര്‍ കണ്ണീരൊഴുക്കേണ്ടിവരുമെന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞത്.
ഗായികയും അവതാരകയുമായ ജാഗി ജോണിന്‍റെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനം. തലയ്‍ക്കേറ്റ ഗുരുതരപരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. ഇന്നലെ വൈകിട്ട് കുറവൻകോണത്തെ വീട്ടിലെ അടുക്കളയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയ വീടും പരിസരവും പൊലീസും ഫൊറൻസിക് സംഘവും വീണ്ടും പരിശോധിച്ചു. പോസ്റ്റുമോർട്ടത്തിൽ തലക്ക് പിന്നിലേറ്റ പരിക്കാണ് മരണകാരണമെന്നാണ് നിഗമനം. പിടിച്ച് തള്ളി വീഴുമ്പോഴോ, തെന്നിവീണ് ശക്തമായി നിലത്തടിച്ചാലോ ഉണ്ടാകാവുന്ന പരിക്കെന്നാണ് ഫൊറൻസിക് വിദഗ്‍ദരുടെ നിഗമനം. ജാഗിയും മാനസിക അസ്വാസ്ഥ്യമുള്ള അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്‍റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. സുഹൃത്തുക്കളെയും ആരാധകരെയും ഞെട്ടിച്ച് കൊണ്ടായിരുന്നു ജാഗി ജോണിന്‍റെ അപ്രതീക്ഷിത മരണം.
അമ്മ അറിയിച്ചതുനസരിച്ച് അയൽവാസികള്‍ വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മകള്‍ അടുക്കളയിൽ ഉറങ്ങി കിടക്കുന്നുവെന്നും ഭക്ഷണം ലഭിച്ചില്ലെന്നും അമ്മ പറഞ്ഞുവെന്നാണ് അയൽവാസികളുടെ മൊഴി. മരണം ഇന്നലെ സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ആന്തരികാവയങ്ങളുടെ പരിശോധനാഫലം അടക്കമുള്ള കൂടുതൽ ശാസ്ത്രീയവിവരങ്ങൾ കിട്ടാൻ കാത്തിരിക്കുകയാണ് പൊലീസ്.
കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു മരിച്ച മലയാളി യുവാക്കളുടെ മൃതദേഹങ്ങൾ ഇന്നു നാട്ടിലേക്കു കൊണ്ടുപോകും. ക്രിസ്മസ് ദിനത്തിൽ പുലർച്ചെ നടന്ന ദുരന്തം മലയാളി സമൂഹം ഞെട്ടലോടെയാണ് കേട്ടത്. ദുബായ് ഗ്രീൻസ് ഗാർഡൻസ് വില്ല 336ൽ താമസിക്കുന്ന തിരുവനന്തപുരം കവടിയാർ കേശവസദനത്തിൽ ആനന്ദ് കുമാർ (നന്ദു), രാജേശ്വരി(രാജി) ദമ്പതികളുടെ മകൻ ശരത് കുമാർ (21), ഗ്രീൻസ് ഗാർഡൻസിൽ തന്നെ താമസിക്കുന്ന തൊടുപുഴ ആനക്കൂട് സ്വദേശി കൃഷ്ണകുമാറിന്റെ മകൻ രോഹിത് കൃഷ്ണകുമാർ (19) എന്നിവരാണ് ഇന്നലെ അപകടത്തിൽ മരിച്ചത്.
ഇന്നലെ പുലർച്ചെ ഇരുവരുടെയും വീടിന് ഒരു കിലോമീറ്റർ സമീപത്താണ് അപകടമുണ്ടായത്. റോഡിന്റെ തിട്ടയിൽ ഇടിച്ച് ഉയർന്ന കാർ പതിനഞ്ച് മീറ്ററോളം അകലെയുള്ള മരത്തിൽ ഇടിച്ച് തകരുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ ഇരുവരും മരിച്ചു. കാർ പൊളിച്ചാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. ശരത്താണ് കാർ ഓടിച്ചിരുന്നത്. ഇരുവരുടെയും കഴുത്തിന്റെ ഭാഗത്താണ് ആഴത്തിൽ ക്ഷതമുണ്ടായത്. കാർ അമിത വേഗത്തിലായിരുന്നെന്നാണു പൊലീസ് റിപ്പോർട്ട്.
ദുബായ് ഡിപിഎസ് സ്കൂളിലെ പഠന കാലം മുതൽ സുഹൃത്തുക്കളായ ഇരുവരും മരണത്തിലും ഒന്നിച്ചു. ശരത് അമേരിക്കയിലെ ബോസ്റ്റൺ യൂണിവഴ്സിറ്റിയിലും രോഹിത് യുകെയിലെ മാഞ്ചസ്റ്റർ യൂണിവഴ്സിറ്റിയിലും ഉന്നത വിദ്യാഭ്യാസം ചെയ്യുകയായിരുന്നു. ഇരുവരും അവധിക്ക് ദുബായിൽ എത്തിയതാണ്. സൃഹൃത്തുക്കളായ മറ്റ് രണ്ടുപേരെയും കണ്ട ശേഷം എല്ലാവരും ഡിസ്കവറി ഗാർഡൻസിൽ നിന്ന് ആഹാരവും കഴിച്ചു. ഒരു സൃഹൃത്ത് സ്വന്തം കാറിൽ വീട്ടിലേക്ക് പോയതിനെ തുടർന്ന് മറ്റ് മൂന്നുപേരും കാറിൽ ഗാർഡൻസിലേക്കു പുറപ്പെടുകയായിരുന്നു. ഒരാളെക്കൂടി വീട്ടിൽ എത്തിച്ച ശേഷം രോഹിതിനെ വീട്ടിലാക്കാൻ പോകുമ്പോഴായിരുന്നു അപകടം. പുലർച്ചെ മൂന്നോടെയാണ് അപകടം ഉണ്ടായതെങ്കിലും വീട്ടുകാർ വിവരം അറിഞ്ഞത് രാവിലെ എട്ടിനു ശേഷമാണ്. മക്കൾ കൂട്ടുകാരന്റെ വീട്ടിൽ ഉറങ്ങുകയാകുമെന്നാണ് ഇരുവീട്ടുകാരും കരുതി.
ഇരു കൂട്ടുകാരും ഇന്ന് കേരളത്തിലേക്കു പോകാൻ ടിക്കറ്റും ബുക്കു ചെയ്തിരുന്നതാണ്. എന്നാൽ വീടുകൾക്ക് വെറും ഒരുകിലോ മീറ്റർ അകലെ വച്ച് ഇരുവരെയും മരണം കവർന്നു. പഠനത്തില്‍ സമർഥരായിരുന്ന ഇരുവരെയും കുറിച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പറയാൻ നല്ലതു മാത്രം. വ്യവസായിയായ ആനന്ദ് കുമാറിന്റെ ഏക മകനാണ് ശരത്. കൃഷ്ണകുമാറിന്റെ രണ്ടു മക്കളിൽ ഇളയ ആളാണ് രോഹിത്. ഇന്ന് നാട്ടിലെത്തി നാളെ തന്റെ മകനൊപ്പം ശബരിമലയിൽ പോകാനിരിക്കുകയായിരുന്നെന്നും മരണവാർത്ത വിശ്വസിക്കാനായില്ലെന്നും തിരുവനന്തപുരം കെബിപിൽ ഉദ്യോഗസ്ഥനും ആനന്ദ്കുമാറിന്റെ ബന്ധുവുമായ സൂരജ് പറഞ്ഞു.
ഇന്നലെ രാത്രി തന്നെ ആനന്ദ് തിരുവനന്തപുരത്ത് നിന്ന് ദുബായിലെത്തി. ഇന്ന് വൈകിട്ട് നാലിന് എംബാമിങിന് ശേഷം ശരത്തിന്റെ മൃതദേഹം രാത്രി ഒൻപതിന് എമിറേറ്റ്സ് വിമാനത്തിൽ തിരുവനന്തപുരത്തേക്കു കൊണ്ടുപോകും. രോഹിതിന്റെ മൃതദേഹം കൊച്ചിയിലേക്കും കൊണ്ടുപോകും. ശരത്തിന്റെ സംസ്കാരം നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ എംബാമിങ് പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഗ്രീൻസിലെ വില്ലയിൽ രാജിക്കൊപ്പം താമസിക്കുന്ന രാജിയുടെ മാതാവിനെ ചെറുമകന്റെ മരണ വിവരം ഇന്നലെ അറിയിച്ചിരുന്നില്ല. ഇന്നു രാവിലെ അറിയിച്ചാൽ മതിയെന്ന തീരുമാനത്തിലാണ് ബന്ധുക്കൾ. മുത്തശ്ശിയും ചെറുമകനും തമ്മിൽ നല്ല ആത്മബന്ധമായിരുന്നു.
തിരുവനന്തപുരം ∙ മോട്ടർ വാഹന ഉദ്യോഗസ്ഥരുടെ കണ്ണിൽ പെടാതെയും ഹെൽമറ്റ് ധരിക്കാതെയും വാഹനം ഓടിച്ച ശേഷം വീട്ടിലെത്തുമ്പോൾ പരിശോധനയിൽ നിന്നു രക്ഷപ്പെട്ടു എന്ന് ആശ്വസിക്കാൻ വരട്ടെ. നിയമലംഘനം കണ്ടെത്തിയ മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ് വീട്ടിലെത്തിയേക്കും. ദേശീയ, സംസ്ഥാന പാതകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളാണു വകുപ്പിന്റെ മൂന്നാം കണ്ണായി പ്രവർത്തിക്കുന്നത്.
ഇവയിൽ പതിയുന്ന ചിത്രങ്ങളിൽ നിന്നു ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്തി, വാഹന റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഉടമയ്ക്കു നോട്ടിസ് അയയ്ക്കുകയാണു വകുപ്പ്. ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന ചിത്രം അടക്കമുള്ള നോട്ടിസുകളാണ് ഉടമകൾക്ക് അയച്ചു നൽകുന്നത്. നോട്ടിസ് ലഭിച്ച് 15 ദിവസത്തിന് അകം 500 രൂപ പിഴ അടച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരും.
പിഴ അടയ്ക്കാത്തവരുടെ വാഹനങ്ങളെ സംബന്ധിച്ച സേവനങ്ങൾ വാഹൻ സോഫ്റ്റ്‌വെയർ വഴി തടയും. ക്യാമറകളിൽ പതിയുന്ന ചിത്രങ്ങൾ വകുപ്പിന്റെ എറണാകുളത്തെ കൺട്രോൾ റൂം വഴി ശേഖരിച്ചാണു നോട്ടിസുകൾ അയയ്ക്കുന്നത്. ഇതിനു പുറമെ ഉദ്യോഗസ്ഥർ സ്വന്തം ക്യാമറകളിൽ പകർത്തുന്നതും ഇമെയിൽ, വാട്സാപ് മുഖേന പൊതുജനങ്ങൾ അയയ്ക്കുന്നതുമായ മോട്ടർവാഹന ലംഘനങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളും അതത് ആർടിഒമാർ ശേഖരിച്ചു നോട്ടിസ് അയയ്ക്കുന്നുണ്ട്. വകുപ്പിന്റെ ഓഫിസുകളിൽ നേരിട്ടോ ഓൺലൈൻ ആയോ പിഴ അടയ്ക്കാം. അക്ഷയ കേന്ദ്രങ്ങൾ വഴിയും അടയ്ക്കാൻ സൗകര്യമുണ്ട്.
ചെറുകിട ഇടത്തരം വ്യവസായ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്കു സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയേക്കുന്ന മികച്ച വനിതാ സംരംഭകക്കുള്ള ജില്ലാതല അവാർഡ് കമേലിയ ഗാർമെൻറ്സ് ഉടമ ശ്രീമതി ബിന്ദു സജിക്ക് ലഭിച്ചിരിക്കുന്നു… 2019 ഡിസംബർ 11നു വൈകിട്ട് 4.30നു തിരുവനന്തപുരം മസ്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ വെച്ചു നടന്ന ചടങ്ങിൽ ബഹു. വ്യവസായ, വാണിജ്യ മന്ത്രി ശ്രീ. ഇ. പി. ജയരാജൻ അവാർഡ് വിതരണം നിർവഹിച്ചു.