ഷാർജയിൽ നിന്നും നാട്ടിലെത്തി കൊറോണ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കണ്ണൂർ സ്വദേശി കുഴ‍ഞ്ഞ് വീണ് മരിച്ചു. ചേലേരി സ്വദേശിയായ അബ്ദുള്‍ ഖാദര്‍ (65) ആണ്‌ മരിച്ചത്. വിമാനത്താവളത്തില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ ഇന്നലെ രാത്രിയില്‍ കുഴഞ്ഞ് വീണ നിലയിൽ കണ്ടെത്തുകയായിരുന്നു.

പതിവ് പരിശോധനകൾക്കായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നാട്ടിലെത്തിയപ്പോഴായിരുന്നു ഇദ്ദേഹത്തെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാദമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹൃദ്രോഗത്തെ തുടര്‍ന്ന് നേരത്തെ ചികിത്സതേടിയിരുന്ന വ്യക്തികൂടിയാണ് ഇദ്ദേഹം. ഈമാസം 21-ന് നാട്ടിലെത്തിയ സമയം മുതല്‍ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്നു അബ്ദുൾ ഖാദര്‍.

അതേസമയം, നീരീക്ഷണത്തിൽ ഉണ്ടായിരുന്നതിനാൽ തന്നെ ഇദ്ദേഹത്തിന്റെ ശരീര ശ്രവങ്ങൾ പരിശോധിക്കാൻ തീരുമാനമായിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. മൃതദേഹം പരിയാരം മെഡിക്കല്‍ കേളേജിലേക്ക് മാറ്റി

കേരളത്തിൽ ഇന്നലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ അബ്ദുള്‍ ഖാദര്‍ അസ്വസ്ഥനായിരുന്നു എന്നും വിവരമുണ്ട്. ഇതിന്റെ ഭാഗമായി ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം കൗൺസിലിങ്ങ് ഉൾപ്പെടെ നൽകുകയും ചെയ്തിരുന്നു.