അതിർത്തി പാതകൾ അടച്ച് പഴവും പച്ചക്കറിയും അടക്കമുള്ള അവശ്യ സാധനങ്ങളുടെ കേരളത്തിലേക്കുള്ള നീക്കം തടസ്സപ്പെടുത്തിയ കർണാടക സർക്കാരിന്റെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നതെങ്കിലും യെദിയൂരപ്പ സർക്കാർ കടുംപിടിത്തത്തിൽ തന്നെയാണ്. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കാണിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ടെങ്കിലും കർണാടകക്കാരനായ കേന്ദ്രമന്ത്രി സദാനനന്ദ ഗൗഡ ഇക്കാര്യവുമായി ബന്ധപ്പെട്ടു നടത്തിയ പ്രതികരണം നൽകുന്ന സൂചനയും മറ്റൊന്നല്ല.

മൈസുരുവിൽ നിന്നും മാക്കൂട്ടം വഴി കേരളത്തിലേക്കുള്ള പാത ഒരുകാരണവശാലും തുറക്കുന്ന പ്രശ്‌നമില്ലെന്നും വേണമെങ്കിൽ മൈസുരു- ബാവലി, ചാമ്‌രാജ് നഗർ വഴിയുള്ള റോഡുകളിലൂടെ ഗതാഗതം അനുവദിക്കാം എന്നുമാണ് ഗൗഡ പറയുന്നത്. മാക്കൂട്ടം വഴിയുള്ള പാത തുറക്കാത്തതിന് കാരണമായി മന്ത്രി ചൂണ്ടിക്കാട്ടുന്നത് അത് കരിഞ്ചന്തക്കാർ മാത്രം ഉപയോഗിക്കുന്ന പാതയാണെന്നാണ്. യെദിയൂരപ്പയുടെ തീരുമാനം ഇനിയും അറിവായിട്ടില്ല. ഗൗഡ പറഞ്ഞത് തന്നെയാകണം കർണാടക മുഖ്യന്റെയും നിലപാട്. പ്രധാനമന്ത്രിയിൽ നിന്നും ഇക്കാര്യത്തിൽ മറിച്ചൊരു നിർദ്ദേശം ഉണ്ടാകുമോയെന്നതും കണ്ടറിയുക തന്നെ വേണം.

ഇരിട്ടി കൂട്ടുപുഴയിലെ പാത ഇന്നലെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ കര്‍ണാടക അധികൃതര്‍ മണ്ണിട്ടടച്ചത്. കണ്ണൂർ ജില്ലാ പൊലീസ് മേധാവി ജി.എച്ച്. യതീഷ് ചന്ദ്ര, ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങൾ വിഫലമാവുകയായിരുന്നു. മാക്കൊട്ടത്തിനടുത്ത കൂട്ടുപുഴ അതിർത്തിയിൽ കേരള പൊലീസ് ചെക്ക്പോസ്റ്റ് സ്ഥാപിച്ചതിനോടു ചേര്‍ന്നാണ് കര്‍ണാടകം മണ്ണിട്ട് വഴിയടച്ചിരിക്കുന്നത്. കര്‍ണാടക മുഖ്യമന്ത്രിയോട് കേരള മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ നടപടിയൊന്നും ഉണ്ടായില്ല. കേരളത്തിന്റെ അഭ്യർഥന പ്രകാരം കർണാടക പൊലീസ് പണി താൽകാലികമായി നിർത്തിയെങ്കിലും ഉന്നതതല തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടി കുടക് കളക്ടര്‍ വഴങ്ങിയില്ല.

അതിര്‍ത്തി അടയ്ക്കുന്നത് വീണ്ടും തുടരുകയാണ് ഉണ്ടായത്. ഇതെത്തുടർന്നാണ് തലശ്ശേരി കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ചിട്ട നടപടി ഒഴിവാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചത്. കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാനപ്പെട്ട പാതയാണ് ഇതെന്നും ചരക്കു നീക്കം തടയില്ലെന്ന് ലോക്ക്ഡൌൺ പ്രഖ്യാപിക്കുന്ന വേളയിൽ പ്രധാനമന്ത്രി തന്നെ ഉറപ്പു നൽകിയിരുന്നതായും മുഖ്യമന്ത്രി തന്റെ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇതിനു തൊട്ടുപിന്നാലെയാണ് കൂട്ടുപുഴ പാത തുറക്കില്ലെന്ന കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ പ്രതികരണം എന്നത് ഏറെ ശ്രദ്ധേയമാണ്.

മറ്റു സംസ്ഥാങ്ങളെ അപേക്ഷിച്ച് കൊറോണക്കെതിരായ പോരാട്ടത്തിൽ ബഹുദൂരം മുന്നിലാണെങ്കിലും ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ കർണാടകം പോലുള്ള അതിർത്തി സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം കർണാടകത്തിന്റെ ഈ അപ്രതീക്ഷിത നടപടി കനത്ത ആഘാതം തന്നെയാണ്. ഒരു ഭാഗത്ത് ലോക്ക്ഡൗണിനെ തുടർന്ന് കേരളത്തിൽ കുടുങ്ങിക്കിടക്കുന്ന അതിഥി തൊഴിലാളികൾ അടക്കമുള്ളവർക്ക് സൗജന്യ ഭക്ഷണവും താമസ സൗകര്യവും ഒരുക്കി രാജ്യത്തിനാകമാനം മാതൃകയാകുന്ന ഒരു സംസ്ഥാനത്തോടാണ് പ്രധാനമന്ത്രിയുടെ തന്നെ പാർട്ടി ഭരിക്കുന്ന കർണാടകത്തിന്റെ വക കഞ്ഞികുടി മുട്ടിക്കുന്ന ഈ ഏർപ്പാട്.

അതും എല്ലാ ശത്രുതയും മറന്ന് കൊറോണ എന്ന വലിയ വിപത്തിനെതിരെ ലോകരാജ്യങ്ങൾ കൈകോർക്കുന്ന വേളയിൽ. മന്ത്രി ഇ പി ജയരാജൻ ആരോപിച്ചതുപോലെ ഏതെങ്കിലും കുബുദ്ധികളുടെയോ വക്രബുദ്ധികളുടെയോ ഉപദേശം കേട്ടിട്ടാണോ യെദിയൂരപ്പ കേരളത്തോട് ഇത്ര വലിയ ദ്രോഹം പ്രവർത്തിക്കുന്നത് എന്നറിയില്ല. എങ്കിലും ഒരു കാര്യം ഉറപ്പാണ്. ഏതോ കൊടിയ ശത്രുവിനോട് പെരുമാറുന്ന മട്ടിലാണ് യെദിയൂരപ്പയുടെ ഈ നീക്കം. ഒരു പക്ഷെ കേരളത്തോടുള്ള ഒരു യുദ്ധ പ്രഖ്യാപനം ആയിപ്പോലും ഇതിനെ കാണേണ്ടിയിരിക്കുന്നു.

കേരളത്തിലും മഹാരാഷ്ട്രയിലും കൊറോണ ബാധിതരുടെ എണ്ണം വളരെ കൂടുതലാണെന്നും ആ രണ്ടു സംസ്ഥാനങ്ങളിലും രോഗ ബാധിതരുടെ എണ്ണം അതിവേഗം ഉയരുകയാണെന്നുമാണ് അതിർത്തി പാതകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ടു കർണാടക അധികൃതർ നൽകുന്ന വിശദീകരണം. സ്വന്തം സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചു ഉൽകണ്ഠ ഉണ്ടാവുന്നത് വളരെ നല്ലതാണ്. എന്നാൽ കൊറോണ ബാധിച്ച ആളുകളുടെ സഞ്ചാരമല്ലല്ലോ ഇവിടുത്തെ പ്രശ്നം. കർണാടകത്തിൽ നിന്നുള്ള പച്ചക്കറി അടക്കമുള്ള ഭക്ഷ്യ വസ്തുക്കൾ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടാണല്ലോ. സാധങ്ങൾ കൊണ്ട് പോകുന്ന ഡ്രൈവർമാരും മറ്റും രോഗ ബാധിതർ അല്ലെന്നു ഉറപ്പു വരുത്തിയാൽ പരിഹരിക്കാവുന്ന ഒന്ന് മാത്രമല്ലേ ഇത്? ഇനി മഹാരാഷ്ട്രയെപ്പോലെ തന്നെ തുടക്കത്തിൽ അലസത കാട്ടിയ കർണാടകത്തിൽ അവിടെയുള്ളതിനേക്കാൾ രോഗികൾ ഇല്ലെന്നതിന് എന്താണ് ഉറപ്പ്? എന്തായാലും അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ.

കർണാടക സർക്കാരിന്റെ കടുംപിടിത്തത്തെ വിമർശിക്കുമ്പോൾ തന്നെ നമ്മൾ കേരളീയർ കാണാതെ പോകാൻ പാടില്ലാത്ത ഒന്നുണ്ട്. എന്തിനും ഏതിനും, അത് പഴമായാലും പച്ചക്കറിയായാലും അരിയായാലും അവയൊന്നും ഇവിടെ കൃഷി ചെയ്യാതെ അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഈ ദുശ്ശീലം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ വയലേലകൾ തരിശിടുകയോ അവിടെ വലിയ വീടുകളും ഷോപ്പിംഗ് മാളുകളും നിർമിക്കയോ അല്ലാതെ മലയാളി സ്വന്തം മണ്ണിൽ വിയർപ്പു വീഴ്ത്തിയിട്ടു കാലമെത്രയായി? വലിയ കൃഷിയിടങ്ങൾ തന്നെ വേണമെന്നില്ലല്ലോ, ചുരുങ്ങിയത് സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിയെങ്കിലും കൃഷി ചെയ്യാൻ. അതിന് വീടിന്റെ ടെറസ് മാത്രം മതിയാകും എന്നറിയാമായിരുന്നിട്ടും മെനെക്കെടാൻ വയ്യാത്ത കുഴിമടിയന്മാർക്ക് ഇങ്ങനെയും ചില ശിക്ഷകൾ വന്നു ചേരും. കഷ്ടകാലം വരുമ്പോൾ കൂട്ടത്തോടെ എന്ന് പറഞ്ഞതുപോലെ.

കടപ്പാട് : കെഎ ആന്റണി