Kerala

വർഷങ്ങൾക്ക് മുമ്പേ വാർത്തകളിൽ നിറഞ്ഞു നിന്നതായിരുന്നു ഒരമ്മയുടെ വയറ്റിൽൽ ഒന്നിച്ച് പിറന്ന ആ അഞ്ച് പേർ. അവരുടെ ജനനത്തെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചുമെല്ലാം എന്നും വാർത്തകൾ വന്നുകൊണ്ടേയിരുന്നു.

ഇപ്പോൾ അവരുടെ വിവാഹം ഉറപ്പിച്ചതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ നാളെ 10. 30ന് ഗുരുവായൂരിൽ വെച്ച് നടത്താനിരുന്ന അവരുടെ വിവാഹം മാറ്റി. ഒമാനിലും, കുവൈറ്റിലും കുടുങ്ങിയ വരൻമാർക്ക് ലോക്ക് ഡൗൺ വന്നതോടെ എത്താൻ സാധിക്കാത്തതിനാലാണ് വിവാഹം മാറ്റിവെച്ചത്.

മസ്‌കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ.എസ്. അജിത്കുമാർ ഫാഷൻ ഡിസൈനറായ ഉത്രയെയും, കുവൈത്തിൽ അനസ്തീഷ്യാ ടെക്നിഷ്യനായ പത്തനംതിട്ട സ്വദേശി ആകാശ് കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തീഷ്യാ ടെക്നിഷ്യയായ ഉത്രജയെയും, കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവർത്തകൻ മഹേഷ് ഓൺലൈൻ മാധ്യമപ്രവർത്തന രംഗത്തുള്ള ഉത്തരയെയും, മസ്‌കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീത് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്സ്തീഷ്യാ ടെക്നീഷ്യയായ ഉത്തമയെയുമാണ് വിവാഹം കഴിക്കുന്നത്.

മെയ് മൂന്നിന് ലോക് ഡൗൺ അവസാനിക്കുകയും വിദേശത്തുള്ള വിനീതും, അജിത്ത്കുമാറും ആകാശും നാട്ടിലെത്തുകയും ചെയ്താൽ സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച്് ജൂലൈയിൽ സാധ്യമായ ദിവസം വിവാഹം നടത്താമെന്ന പ്രതീക്ഷയിലാണ് പഞ്ചരത്നങ്ങളുടെ അമ്മ രമാദേവിയും വരൻമാരുടെ രക്ഷിതാക്കളും.

1995 വൃശ്ചികമാസത്തിലെ (നവംബർ 18) ഉത്രം നാളിൽ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് പ്രേംകുമാർ രമാദേവി ദമ്പതികളുടെ മക്കളായി ഒരേ പ്രസവത്തിൽ , പിന്നീട് പഞ്ചരത്നങ്ങൾ എന്നു പേരു വീണ അഞ്ചു പേരുടെയും ജനനം. ഇവർക്ക് ഒമ്പത് വയസ്സുള്ളപ്പോൾ പിതാവ് അപ്രതീക്ഷിതമായി മരിച്ചു.

തുടർന്ന് ആ വേർപാടിന് ശേഷം പേസ്‌മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി മക്കൾക്ക് താങ്ങും തണലുമായി രമാദേവി എന്ന അമ്മ ജീവിച്ചു. ജീവിതത്തിൽ സംഭവിച്ച തിരിച്ചടികളെ ജീവിച്ചു തോൽപ്പിക്കാൻ ഈ അമ്മ കുടിക്കാത്ത കണ്ണുനീരില്ല. അപ്പോഴൊക്കെ മലയാളികൾ ഇവരോടു ചേർന്നു നിന്നു.

സന്തോഷങ്ങൾക്കിടയിലേക്കുള്ള ഇടിത്തീയായിരുന്നു കുട്ടികളുടെ അച്ഛൻ പ്രേമകുമാറിന്റെ മരണം. പക്ഷേ, മക്കളെ ചേർത്തുപിടിച്ച് തളരാതെ നിന്ന രമാദേവിയെ ഹൃദയം അപ്പോഴേക്കും തളർത്താൻ തുടങ്ങിയിരുന്നു. പ്രതിസന്ധികളെ തൂത്തെറിയാൻ പല ദിക്കുകളിൽ നിന്ന് കരങ്ങൾ നീണ്ടു.

കടങ്ങൾ വീട്ടി. ജില്ലാ സഹകരണ ബാങ്കിൽ രമയ്ക്ക് സർക്കാർ ജോലി നൽകി. ഇതോടെയാണ് രമാദേവിയും മക്കളും വീണ്ടും ജീവിച്ചു തുടങ്ങിയത്. സഹകരണ ബാങ്കിന്റെ പോത്തൻകോട് ശാഖയിൽ ജോലിയുള്ള രമാദേവിയെ ഇപ്പോഴും ഹൃദയം ഓർമിപ്പിക്കാറുണ്ട്, ഒന്നു സൂക്ഷിക്കണമെന്ന്.

അമേരിക്കയില്‍ കൊവിഡ് 19 എടുത്തത് മലയാളി കുടുംബത്തിലെ മൂന്ന് ജീവനുകളാണ്. തിരുവല്ല പുറമറ്റം വെള്ളിക്കര മാളിയേക്കല്‍ വീട്ടില്‍ ഏലിയാമ്മ ജോസ് കൂടി മരിച്ചതോടെയാണ് മരണം മൂന്നായി ഉയര്‍ന്നത്.

ഭര്‍ത്താവ് കെജെ ജോസഫ്. ഭര്‍തൃസഹോദരന്‍ ഈപ്പന്‍ ജോസഫ് എന്നിവരും നേരത്തെ കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഏലിയാമ്മ ജോസഫിന്റെ രണ്ട് മക്കള്‍ കൊറോണ ബാധിച്ച് ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേയ്ക്കുമോ എന്ന ആശങ്കയാണ് നിലവില്‍ ഉള്ളത്.

വയനാടന്‍ ജനതയ്ക്ക് ഒന്നടങ്കം ആശ്രയമായിരുന്നു അന്തരിച്ച ബിസിനസ് പ്രമുഖന്‍ ജോയി അറക്കല്‍. അതുകൊണ്ടുതന്നെ ദുബായില്‍ വെച്ചുള്ള ജോയിയുടെ ആകസ്മിക മരണത്തിന്റെ ഞെട്ടല്‍ ഇപ്പോഴും നാട്ടുകാര്‍ക്ക് വിട്ടുമാറിയിട്ടില്ല.ജോയിയുടെ മരണവിവരമറിഞ്ഞതു മുതല്‍ മാനന്തവാടിയിലെ അറക്കല്‍ പാലസിലേക്ക് നാനാ തുറകളില്‍ നിന്നുള്ളവരാണ് എത്തിച്ചേര്‍ന്നത്.

പ്രമുഖ വ്യവസായിയും ഇന്നോവ റിഫൈനിങ് ആന്‍ഡ് ട്രേഡിങ് എം.ഡിയുമായ വയനാട് മാനന്തവാടി അറക്കല്‍ പാലസില്‍ ജോയി അറക്കല്‍ ദുബൈയില്‍ വെച്ചാണ് മരിച്ചത്. കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നായ അറക്കല്‍ പാലസിന്റെ ഉടമയും വിവിധ വ്യവസായ സ്ഥാപനങ്ങളുടെ മേധാവിയുമായിരുന്ന ജോയി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയ ആളായിരുന്നു.

മാനന്തവാടിക്കാര്‍ക്ക് മാത്രമല്ല വയനാടന്‍ ജനതക്കാകമാനം ആശ്രയമായിരുന്നു ഈ പ്രമുഖനായ ബിസിനസ്സുകാരന്‍. ധര്‍മ്മിഷ്ടനായ ജോയി നാട്ടുകാര്‍ക്ക് വേണ്ടപ്പെട്ടവനായിരുന്നു. നാട്ടിലെങ്ങും സേവനത്തിന്റെ മുദ്ര പതിപ്പിച്ച വ്യവസായ പ്രമുഖന്‍ പ്രളയകാലത്ത് നാട്ടുകാര്‍ക്കായി സ്വന്തം വീട് വിട്ടു കൊടുത്തിരുന്നു.

നിര്‍ധന കുടുംബങ്ങള്‍ക്കായി വീടുകള്‍ പണിതു നല്‍കിയും, മാതാവിന്റെ ഓര്‍മ്മക്കായി ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന് ധനസഹായം നല്‍കിയും നിര്‍ധന യുവതികള്‍ക്ക് മംഗല്യ ഭാഗ്യമൊരുക്കിയും കപ്പല്‍ ജോയിയെന്ന അറക്കല്‍ ജോയി നാട്ടുകാര്‍ക്കൊപ്പമുണ്ടായിരുന്നു.

അതുകൊണ്ടുതന്നെ നാടിന്റെ പ്രിയപ്പെട്ടവന്റെ വിയോഗം നാട്ടുകാരെ ഒന്നടങ്കം വിഷമത്തിലാഴ്ത്തിയിരിക്കുകയാണ്. മരണവിവരമറിഞ്ഞതുമുതല്‍ മാനന്തവാടിയിലെ അറക്കല്‍ പാലസിലേക്ക് നാനാ തുറകളില്‍ നിന്നുള്ളവരാണ് എത്തിച്ചേര്‍ന്നത്. സാമൂഹിക അകലം ഉറപ്പുവരുത്താന്‍ പോലീസിന് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു.

[ot-video][/ot-video]

കോഴിക്കോട് സ്‌ഫോടനത്തില്‍ അച്ഛനും മകനും പരിക്കേറ്റു. പയ്യോളിയിലാണ് സംഭവം. പാഴ് വസ്തുക്കള്‍ കത്തിക്കുന്നതിനെടയാണ് സ്‌ഫോടനം ഉണ്ടായത്. കിഴൂര്‍ സ്വദേശിയായ നാരായണന്‍, മകന്‍ ബിജു എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. നാരായണനും മകന്‍ ബിജുവും വീടും പരിസരവും വൃത്തിയാക്കിയ ശേഷം പാഴ് വസ്തുക്കള്‍ ടാര്‍ വീപ്പയില്‍ നിറയ്ക്കുകയും ഇതിന് തീ കൊടുക്കുകയും ചെയ്തു.

അല്‍പ്പസമയത്തിനു ശേഷം ടാര്‍ വീപ്പ പൊട്ടിത്തെറിക്കുകയും സമീപത്തുണ്ടായിരുന്ന ഇരുവര്‍ക്കും സ്‌ഫോടനത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
സ്‌ഫോടനത്തിന് പുറകെ പയ്യോളി പോലീസും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സ്‌ഫോടനകാരണം കണ്ടെത്താനായില്ല. കത്തിച്ച സാധനങ്ങളില്‍ കരിമരുന്നും ഉള്‍പ്പെട്ടിരുന്നെന്നാണ് പ്രാഥമിക നിഗമനം.

ബെഞ്ചമിൻ നെതന്യാഹുവും ഗാന്റ്സും തമ്മിലുള്ള സഖ്യ കരാറിന്റെ വെളിച്ചത്തിൽ വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ പിടിച്ചെടുക്കാനുള്ള ഇസ്രായേൽ സർക്കാരിന്റെ തീരുമാനത്തിനെതിരെ യൂറോപ്യൻ യൂണിയനും യു.എന്നും രംഗത്ത്. ജർമ്മനി, ഫ്രാൻസ്, യുണൈറ്റഡ് കിംഗ്ഡം ഉൾപ്പെടെ നിരവധി രാജ്യങ്ങള്‍ പരസ്യ പ്രതികരണവുമായി മുന്നോട്ടുവന്നു. അത്തരമൊരു നീക്കം ഇസ്രയേൽ-പലസ്തീൻ പ്രശ്നത്തിന് അന്താരാഷ്ട്ര പിന്തുണയോടെ നടക്കുന്ന പരിഹാര ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാണെന്ന് യുഎന്നിന്റെ പ്രത്യേക മിഡിൽ ഈസ്റ്റ് പ്രതിനിധി നിക്കോളായ് മ്ലഡെനോവ് പറഞ്ഞു.

‘1967 ൽ ഇസ്രായേൽ കൈവശപ്പെടുത്തിയ പ്രദേശങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള യൂറോപ്യൻ യൂണിയന്റെ നിലപാട് മാറ്റമില്ലാതെ തുടരുകയാണെന്ന്’ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ മീറ്റിംഗിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട യൂറോപ്യൻ യൂണിയന്‍ വിദേശ നയ മേധാവി ജോസെപ് ബോറെൽ പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിന്മേൽ ഇസ്രയേൽ ഉന്നയിക്കുന്ന പരമാധികാരം യൂറോപ്യൻ യൂണിയൻ അംഗീകരിക്കുന്നില്ല എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഏതു തരത്തിലുള്ള കൂട്ടിച്ചേര്‍ക്കലുകളും അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമായി യൂറോപ്യൻ യൂണിയൻ കാണുമെന്നും സാഹചര്യത്തെയും അതിന്റെ വിശാലമായ പ്രത്യാഘാതങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും അതിനനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബോറലിന്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച ഇസ്രായേൽ അത് അംഗരാജ്യങ്ങളുടെ നിലപാടിനെ പ്രതിനിധീകരിക്കുന്നില്ലെന്നും പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളുമായുള്ള ഞങ്ങളുടെ ബന്ധത്തിന്‍റെ ആഴം കണക്കിലെടുക്കുമ്പോൾ, കഴിഞ്ഞ ഒരു ദിവസംകൊണ്ട് അങ്ങനെയൊരു നായ വ്യതിയാനം സംഭവിക്കില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ആരുടെ നയത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് അത്ഭുതത്തോടെയാണ് ഞങ്ങള്‍ നോക്കിക്കാണുന്നതെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രി യിസ്രേൽ കാറ്റ്സ് പറഞ്ഞു.

എന്നാല്‍, ‘ഇസ്രയേലുമായുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, കൂട്ടിച്ചേർക്കൽ ചോദ്യം ചെയ്യപ്പെടാതെ അനായാസമായി നടത്താമെന്ന് ഇസ്രായേല്‍ കരുതേണ്ടെന്ന്’ യുഎൻ സുരക്ഷാ സമിതിയില്‍ നടന്ന ചര്‍ച്ചയില്‍ ഫ്രഞ്ച് അംബാസഡർ നിക്കോളാസ് ഡി റിവിയേർ പറഞ്ഞു. ഈ നടപടി അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുമെന്നും സമാധാന പ്രക്രിയയെ അപകടത്തിലാക്കുമെന്നും യുണൈറ്റഡ് കിംഗ്ഡവും നിലപാടെടുത്തു. അധിനിവേശ പലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്ന നടപടി നിലവിലെ അന്താരാഷ്‌ട്ര തലത്തിലുള്ള പ്രശ്ന പരിഹാര ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നും എതിര്‍ക്കപ്പെടെണ്ടതാണെന്നും ജര്‍മ്മനിയും വ്യക്തമാക്കി.

കോവിഡ് വ്യാപനം ലോകത്തിന്റെ സർവ്വകോണുകളിലും എത്തിയതോടെ പലവിധ ദുരിതത്തിലാണ് ജനങ്ങളെല്ലാം. സ്വന്തം രാജ്യത്തേക്ക് പോലും പോകാൻ കഴിയാതെ കോവിഡ് ഭയത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയവും നരിവധിയാണ്.

ഗൾഫ് രാജ്യങ്ങളിൽ ഇതേ പൊലെ ലക്ഷക്കണക്കിന് മലയാളികൾ ആണുള്ളത്. ഇതിൽ ഗർഭിണികളും കുട്ടികളും എല്ലാം ഉൾപ്പെടും. ഇപ്പോഴിതാ കോഴിക്കോട് സ്വദേശിനിയായ ഗർഭിണിയായ ആതിര എന്ന യുവതി നാട്ടിലെത്താൻ വേണ്ടി കേന്ദ്ര ഗവൺമെന്റിന്റേയും അടിയന്തിര നടപടികൾക്കായി ഇൻകാസ് യൂത്ത് വിങ് എന്റെ പേരിൽ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുകയാണ്.

ദുബായിലെ സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുന്ന ആതിരയുടെ വാക്കുകൾ ഇങ്ങനെ ഞാൻ 7 മാസം ഗർഭിണിയാണ്. നാട്ടിലേക്ക് യാത്ര ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. കോവിഡ് കാലത്ത് വിമാന സർവീസുകൾ നിലച്ചതും യാത്രാനുമതി നിഷേധിച്ചതും മൂലം ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. മാതാപിതാക്കളെ ഇവിടേക്ക് എത്തിക്കാൻ നിർവാഹമില്ല. എന്നെപ്പോലെ നിരവധി ഗർഭിണികൾ നാട്ടിലേക്ക് വരാനുള്ള കാത്തിരിപ്പിലാണ്.

കേന്ദ്ര ഗവൺമെന്റിന്റേയും അടിയന്തിര നടപടികൾക്കായി ഇൻകാസ് യൂത്ത് വിങ് എന്റെ പേരിൽ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. എത്രയും പെട്ടെന്ന് പരിഹാരം കാണുമെന്നാണ് പ്രതീക്ഷ. ദുബായിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന കോഴിക്കോട് മുയിപ്പോത്ത് സ്വദേശിനി ആതിര ഗീതാ ശ്രീധരന്റേതാണ് ഈ വാക്കുകൾ.

ലോക് ഡൗൺ അതിരുകൾ കൊട്ടിയടച്ചതോടെ നാട്ടിലേക്ക് പോകാൻ പോലുമാകാതെ അന്യനാട്ടിൽ കുടുങ്ങിയപ്പോയ ആയിരക്കണക്കിന് ഹതഭാഗ്യരിൽ ഒരാൾ. സാധാരണ തൊഴിലാളികൾ തൊട്ട് സന്ദർശക വിസയിൽ വരെയെത്തിയ നിരവധി പേരാണ് ഗൾഫ് നാടുകളിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. അക്കൂട്ടത്തിൽ ഗർഭിണികളുടെ അവസ്ഥയാണ് വേദനിപ്പിക്കുന്നത്.

പ്രിയപ്പെട്ടവരുടെ സാന്ത്വനം പോലും നിഷേധിക്കപ്പെട്ട് അന്യനാട്ടിൽ അവർ വേദനയോടെ കഴിച്ചുകൂട്ടുന്നു. ഭർത്താവ് നിതിൻചന്ദ്രനൊപ്പം ദുബായിൽ താമസിക്കുന്ന ആതിരയാകട്ടെ ജൂലായ് ആദ്യ വാരം കുഞ്ഞിന് ജന്മം നൽകാനിരിക്കയാണ്. ഈ സാഹചര്യത്തിലാണ് തന്നെപ്പോലെ വേദന അനുഭവിക്കുന്ന ഗർഭിണികൾക്കു കൂടി വേണ്ടി ഹർജി ഫയൽ ചെയ്തത്. ഏഴ് മാസം കഴിഞ്ഞാൽ വിമാന യാത്ര അനുവദനീയമല്ലാത്തതിനാൽ തന്നെപ്പോലുള്ള ഗർഭിണികളെ എത്രയും പെട്ടെന്ന് ഇന്ത്യയിലെത്തിക്കണമെന്നാണ് അപേക്ഷ.

ദുബായിലെ കെട്ടിട നിർമാണ കമ്പനിയിലെ ഉദ്യോഗസ്ഥനായ നിതിൻ ഇക്കാര്യത്തിൽ തീർത്തും നിസഹായനാണ്. ഇവിടെ പ്രസവം നടത്താൻ വൻതുക ചെലവാകും എന്നതിനാലാണ് ഭാര്യയെ നാട്ടിലേക്ക് അയക്കാൻ നിർബന്ധിതനാകുന്നത്.

മാത്രമല്ല ആദ്യ പ്രസവമായതിനാൽ തന്നെ ബന്ധുക്കളുടെ പരിചരണവും ആഗ്രഹിക്കുന്നുണ്ട്. കേന്ദ്ര ഗവൺമെന്റും സിവിൽ വ്യോമയാന വകുപ്പും ഈ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. മേയ് മൂന്നിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാനാകൂ.
ഈ സാഹചര്യത്തിലാണ് സന്നദ്ധ സംഘടനയായ ഇൻകാസിന്റെ യൂത്ത് വിങ് ആതിരയുടെ പേരിൽ സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്

ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പിന്റെ നടത്തിപ്പിനെ സംബന്ധിച്ച് കൂടുതല്‍ സാധ്യതകള്‍ മുന്നോട്ട് വെച്ച് ഐസിസി യോഗം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ നടത്താന്‍ മൂന്ന് സാധ്യതകളാണ് ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് യോഗം മുന്നോട്ട്‌ വെച്ചത്. ഒന്ന് ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15വരെ നിശ്ചയിച്ച തീയതികളില്‍ തന്നെ ലോകകപ്പ് നടത്തുക, ഏതെങ്കിലും സാഹചര്യത്തില്‍ ലോകകപ്പ് നീട്ടിവെക്കേണ്ടിവന്നാല്‍ അടുത്തവര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ലോകകപ്പ് നടത്തുക, മൂന്നാമത്തെതായി ലോകകപ്പ് 2022ലേക്ക് മാറ്റിവെക്കുക എന്നതാണ്.

ഐസിസിയിലെ 12 പൂര്‍ണ അംഗങ്ങളും മൂന്ന് അസോസിയേറ്റ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. ഇവരില്‍ ഭൂരിഭാഗവും ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ലോകകപ്പ് നടത്തുന്നതിനെ അനുകൂലിച്ചു. ലോകകപ്പ് നീട്ടിവെച്ചാല്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഐപിഎല്‍ നടത്താന്‍ ബിസിസിഐക്ക് വഴിയൊരുങ്ങും. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് റദ്ദാക്കുകയായിരുന്നു. ലോകകപ്പിന് മുമ്പ് ഐപിഎല്‍ നടത്തുന്നത് കളിക്കാര്‍ക്ക് മത്സര പരിചയം ഉറപ്പുവരുത്തുമെന്നാണ് ബിസിസിഐ നിലപാട്. അതേസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് പ്രധാന്യം കൊടുക്കണമെന്നും കൊവിഡ് മൂലം മാറ്റിവെച്ച പരമ്പരകളിലെ പോയന്റുകള്‍ പങ്കിടരുതെന്നും ബിസിസിഐ യോഗത്തില്‍ ആവശ്യപ്പെട്ടു.

ദുബായില്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരനായ തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ ചേറ്റുവ സ്വദേശി കുറുപ്പത്ത് കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകന്‍ ഷംസുദ്ധീന്‍ (65) ആണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്.ഇന്ന് പുലര്‍ച്ചെ ദുബായ് ക്വിസൈസ് അസ്റ്റര്‍ മെഡിസിറ്റിയില്‍ വെച്ചായിരുന്നു അന്ത്യം. കൊവിഡ് ലക്ഷണങ്ങളോടെ ഒരാഴ്ചയായി ചികിത്സയിലായിരുന്നു ഇയാള്‍.

ദുബായ് പോലീസിലെ മെക്കാനിക്കല്‍ മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞ 48 വര്‍ഷമായി ജോലി ചെയ്യുകയായിരുന്നു. വിരമിക്കാനിരിക്കെയാണ് കൊറോണ വൈറസ് പിടിപെട്ടത്.

കൊവിഡ് 19 വൈറസ് ബാധമൂലം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ച കുഞ്ഞിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. കുട്ടിയുടെ മരണം സ്ഥിരീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുമ്പോള്‍ തന്നെ കുഞ്ഞിന്റെ നില അതീവ ഗുരുതരമായിരുന്നു. കുഞ്ഞിന് ശ്വാസ തടസം അനുഭവപ്പെട്ടതിനാല്‍ കൊവിഡ് സ്പെഷ്യല്‍ വാര്‍ഡിലേക്ക് മാറ്റുകയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു

ആദ്യ പരിശോധനാഫലം പോസിറ്റീവാണ്. രണ്ടാമത് പരിശോധിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരണത്തിന് കീഴടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി കിണഞ്ഞു പരിശ്രമിച്ചിരുന്നു. എന്നാല്‍ ഹൃദയവാല്‍വിന് ഉള്‍പ്പെടെ നിരവധി വൈകല്യങ്ങളുള്ള കുട്ടിയായതിനാല്‍ രക്ഷപ്പെടുത്താന്‍ പ്രയാസമായിരുന്നു. നമ്മുടെ കഴിവിന്റെ അപ്പുറത്തായിരുന്നു കുട്ടിയുടെ ആരോഗ്യനില എന്നുമാണ് ആരോഗ്യമന്ത്രി പറഞ്ഞത്. കുഞ്ഞിന്റെ മൃതദേഹം കൊറോണ പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും സംസ്‌കരിക്കുകയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതേസമയം കുഞ്ഞിന് എങ്ങനെയാണ് വൈറസ് ബാധ ഉണ്ടായതെന്നത് പരിശോധിച്ചുവരികയാണ്. കുഞ്ഞിന്റെ മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കൊ കൊറോണ വൈറസ് ബാധയില്ല.

ഇടുക്കിയിയില്‍ നാലുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി. ഏലപ്പാറ-2, മണിയാറന്‍കുടി-1, പുഷ്പകണ്ടം-1 എന്നിങ്ങനെയാണ് പുതുതായി രോഗം ബാധിച്ചവര്‍. അതേ സമയം ജില്ലയിലെ നിലവിലുള്ള ഇളവുകള്‍ക്ക് മാറ്റമില്ലെന്ന് കളക്ടര്‍. അസുഖം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഒരാള്‍ക്ക് മകനില്‍ നിന്നാണ് രോഗം പടര്‍ന്നത്.

പുതിയ രോഗികളെല്ലാവരും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇവരെ ഇന്നലെ രാത്രി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായും ഇടുക്കി കളക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. എലപ്പാറയില്‍ 62 കാരിയായ അമ്മയ്ക്കും 35 കാരനായ മകനുമാണ് രോഗം ബാധിച്ചത്. മൈസൂരില്‍ നിന്ന് ബൈക്കില്‍ മാര്‍ച്ച് 25ന് ആണ് മകന്‍ വീട്ടിലെത്തിയത്. പിന്നീട് ക്വാറന്റൈനിലായിരുന്നു.

മകനില്‍ നിന്നാണ് അമ്മയ്ക്ക് രോഗം പകര്‍ന്നത്. 65 കാരനായ അച്ഛനും യുവാവിന്റെ ഭാര്യയും 9 മാസം പ്രായമായ കുട്ടിയുമാണ് വീട്ടിലുള്ളത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. നെടുങ്കണ്ടം പുഷ്പകണ്ടത്ത് 30 കാരിക്ക് ചെന്നൈയില്‍ നിന്നാണ് രോഗം പിടിപെട്ടതെന്ന് സംശയിക്കുന്നു. പഠന ആവശ്യത്തിന് ചെന്നൈയില്‍ പോയിട്ട് മാര്‍ച്ച് 18ന് വീട്ടിലെത്തിയ ഇവര്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

മണിയാറന്‍കുടി സ്വദേശിയായ 35കാരന്‍ പൊള്ളാച്ചിയില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ലോറിയില്‍ അങ്കമാലിയിലെത്തി അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ വരുമ്പോള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പിന്നീട് ക്വാറന്റൈനിലാക്കി. നാല് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ മുമ്പ് രോഗം സ്ഥിരീകരിച്ച 10 പേരും ഈ മാസം പാതിയോടെ ആശുപത്രി വിട്ടിരുന്നു. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച പാലാ സ്വദേശി കോട്ടയത്തിന്റെ കണക്കിലാണ് വരിക.

ഏലപ്പാറയില്‍ രോഗം സ്ഥിരീകരിച്ച യുവാവിന്റെയും അവസ്ഥ. 29-ാമത്തെ ദിവസമാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 27-ാമത്തെ ദിവസമാണ് സ്രവമെടുത്തത്. ഇത്തരത്തില്‍ ഏറെ വൈകി ലക്ഷണങ്ങള്‍ കാണിക്കുന്നത് ആരോഗ്യവകുപ്പിനേയും ഭയപ്പാടിലാക്കുകയാണ്. സാധാരണയായി 5-14 ദിവസം വരെയാണ് അസുഖം ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങുന്ന സമയമെങ്കിലും ഇത്രയധികം വൈകുന്നത് ജില്ലാ ഭരണകൂടത്തേയും ആശങ്കയിലാക്കുകയാണ്.

RECENT POSTS
Copyright © . All rights reserved