കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് പരിക്ക്. പൊലീസ് നടത്തിയ ലാത്തിചാർജിൽ എംഎൽഎയുടെ തലയ്ക്ക് അടിയേൽക്കുകയായിരുന്നു.
യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ആക്രമിച്ചതെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു.മാർച്ചിനു നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ഇതിനു പിന്നാലെയാണ് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിചാർജ് നടത്തിയത്. റോഡ് ഉപരോധിക്കുന്ന കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്.
നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലേയ്ക്ക് പോകാനുള്ള പരിശോധനകൾ പൂർത്തിയാക്കി വിമാനത്തിൽ കയറാൻ തുടങ്ങുന്ന സമയത്താണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശ്രുശ്രൂഷകൾക്കുശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
വിവാദ പരാമര്ശങ്ങളിലൂടെ തുടർച്ചയായി കോളിളക്കം സൃഷ്ടിക്കുന്ന സിനിമാനിരൂപകനാണ് പല്ലിശേരി. ദിലീപ് കാവ്യ പ്രണയത്തെ കുറിച്ചും പ്രിത്വിരാജിനോടുള്ള ശത്രുതയെ കുറിച്ചും പല്ലിശ്ശേരി പറയുന്നത് ഇങ്ങനെ,
ദിലീപ് ഒരു നായക നടനിൽ നിന്നും സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്ന ചിത്രമാണ് മീശമാധവൻ. ആ ചിത്രത്തിൽ ദിലീപ് തിരക്കഥയിൽ അധികമായി എഴുതി ചേർത്ത സീനുകൾ ഉണ്ട് എന്നാണ് പല്ലിശ്ശേരി പറയുന്നത്.
കാവ്യ മാധവൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വീടിന്റെ മച്ച് പൊളിച്ച് ഇറങ്ങുന്നതും അരഞ്ഞാണം മോഷ്ടിക്കുന്നതുമായ സീൻ ദിലീപ് എഴുതി ചേർത്തത് ആണെന്നാണ് പല്ലിശ്ശേരിയുടെ വാദം. ആ സീൻ വമ്പൻ സ്വീകാര്യത നേടുന്നതിന് ഒപ്പം കാവ്യയുടെ എല്ലാം ദിലീപ് കവർന്നു എന്നാണ് അണിയറ സംസാരം ഉണ്ടായി എന്നും പല്ലിശേരി പറയുന്നു.
ദിലീപിന്റെ അടുത്ത സുഹൃത്ത് ആയ കൊച്ചിൻ ഹനീഫയോട് ഇതിനെ കുറിച്ചു ചോദിച്ചപ്പോൾ നിന്റെ മുഖത്ത് അണിഞ്ഞിരിക്കുന്ന മഞ്ഞ കണ്ണടയാണ് ഇതുപോലെ ഒരു വാർത്ത കേൾക്കാൻ കാരണം എന്നും പറയുന്നു.
എന്നാൽ പിന്നീട് ദിലീപ് നിരവധി കൊമേഷ്യൽ ചിത്രങ്ങൾ ചെയ്ത് മുന്നേറുമ്പോൾ ആണ് ദിലീപിന് ദേശിയ അവാർഡ് മോഹം ഉണ്ടായത് എന്നും അങ്ങനെയാണ് കഥാവശേഷൻ എന്ന ചിത്രം പണം മുടക്കി ദിലീപ് ചെയ്തത് എന്നും പല്ലിശേരി പറയുന്നു.
തുടർന്ന് ദിലീപ് കാവ്യ പ്രണയം കൊടുംബിരി കൊണ്ട് നിൽക്കുന്ന സമയത്താണ് കാവ്യ കൊച്ചിൻ ഹനീഫയോട് ആ ചോദ്യവുമായി എത്തുന്നത് എന്നും പല്ലിശേരി പറയുന്നു. ഹനീഫക്ക് പിറക്കാത്ത പെങ്ങൾ പോലെ ആയിരുന്നു കാവ്യ മാധവൻ.
ദീർഘകാല സുഹൃത്തും സഹപ്രവർത്തകനുമായ പ്രിയദർശനുമൊത്തുള്ള പഴയ ചിത്രം പങ്കുവെച്ച് മോഹൻലാൽ. ‘ഈ ചിത്രം സുഖമുള്ള ഒരോർമയാണ്’ എന്ന കമന്റോടെയാണ് ചിത്രം ഫേസ്ബുക്കിൽ ലാൽ പങ്കുവെച്ചിരിക്കുന്നത്.
‘ഈ ചിത്രം സുഖമുള്ള ഒരോർമ്മയാണ്… സിനിമാ സ്വപ്നങ്ങൾ കണ്ടത്.. പല കഥാപാത്രങ്ങളും ജനിച്ചത്… ഈ സൗഹൃദത്തിൽ നിന്നാണ്… ആദ്യ ചിത്രം മുതൽ മരയ്ക്കാർ വരെ… ആദ്യ കയ്യടി മുതൽ വലിയ ആഘോഷങ്ങൾ വരെ… ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേർന്നു നിന്ന സൗഹൃദം….’
രണ്ടുപേരുടെയും കൂട്ടുകെട്ടിലുള്ള പുതിയ ചിത്രം കുഞ്ഞാലി മരയ്ക്കാർ തിയറ്ററുകളിലെത്താനിരിക്കെയാണ് തങ്ങളുടെ സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തുന്ന ചിത്രവുമായി ലാൽ എത്തിയിരിക്കുന്നത്.
‘സ്പീഡ് കുറച്ചു വണ്ടി ഓടിച്ചില്ലെങ്കിൽ അടിച്ചു കരണം പൊട്ടിക്കും’! ഉളുപ്പുണ്ണിയിൽ ട്രെക്കിങ് ജീപ്പ് അപകടങ്ങൾ തുടർക്കഥയായതോടെ നാട്ടുകാർക്ക് ഇത്തരമൊരു ബോർഡ് വെക്കുകയല്ലാതെ നിവർത്തിയില്ലായിരുന്നു. വിനോദസഞ്ചാരികളുടെ ജീവന് യാതൊരു സുരക്ഷയും ഇല്ല. മരണപ്പാച്ചിൽ നടത്തുന്ന ജീപ്പ് സർവീസുകളെ നിയന്ത്രിക്കാൻ നിയമപാലകർക്ക് കഴിയാത്ത സാഹചര്യം അപകടങ്ങളുടെ എണ്ണം വർധിപ്പിക്കുന്നു. വാഗമൺ–ഉളുപ്പുണി, വണ്ടിപ്പെരിയാർ –സത്രം റൂട്ടിൽ ആണ് സഞ്ചാരികളുമായി ട്രെക്കിങ് ജീപ്പുകൾ ചീറിപ്പായുന്ന കാഴ്ച . കൊടുംവളവ്, പാറക്കെട്ടുകൾ,
കുത്തനെയുള്ള ഇറക്കം, ഉയരത്തിലുള്ള മലനിരകൾ ഇത്തരത്തിൽ അപകട സാധ്യത നിറഞ്ഞ റോഡുകളിലൂടെ മത്സരയോട്ടം നടക്കുമ്പോൾ പൊലീസ്, മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കാഴ്ചക്കാരായി മാറി നിൽക്കുന്നുവെന്നാണ് ആരോപണം. അമിത വേഗം കാരണം നാട്ടുകാരും പൊറുതി മുട്ടിയിരിക്കുകയാണ്. വേഗം കുറച്ചു വാഹനം ഓടിച്ചില്ലെങ്കിൽ അടികൊടുക്കുമെന്നു ബാനർ എഴുതിക്കെട്ടേണ്ട സ്ഥിതിവരെയായി. ജില്ലാ ഭരണകൂടവും ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ ഭാരവാഹികളും പരാതികൾ പലതും കണ്ടില്ലെന്ന് നടിക്കുന്നു എന്ന ആക്ഷേപവും ശക്തം.
മൂന്ന് മാസത്തിനിടെ വാഗമൺ–ഉളുപ്പുണി റൂട്ടിൽ ഒട്ടേറെ അപകടങ്ങൾ നടന്നു സെപ്റ്റംബർ 7 തമിഴ്നാട് സ്വദേശികൾ പോയ ജീപ്പ് 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് 8 സഞ്ചാരികൾക്ക് പരുക്ക്.അപകടത്തിൽ പരുക്കേറ്റ ചെന്നൈ സ്വദേശിയായ 10വയസ്സുകാരൻ ഇപ്പോഴും ചികിത്സയിൽ.സെപ്റ്റംബർ 10 ജീപ്പ് നിയന്ത്രണം വിട്ടു ഉളുപ്പുണിയിൽ മറിഞ്ഞു പരുക്കേൽക്കാതെ യാത്രക്കാർ രക്ഷപ്പെട്ടു.
സെപ്റ്റംബർ 13 ഉളുപ്പുണി വനമേഖലക്കു സമീപം അപകടം യാത്രക്കാർ കഷ്ടിച്ചു രക്ഷപ്പെട്ടു.ഈ മാസം 12 ന് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ട്രക്കിങ് ജീപ്പ് ഇടിച്ചു ഓട്ടോ ഡ്രൈവർക്ക് പരുക്ക്.പരുക്കേറ്റ ഗോപാലകൃഷ്ണൻ ഇപ്പോഴും കോട്ടയം മെഡിക്കൽ കോളജിൽ.വെള്ളിയാഴ്ച ജീപ്പ് മറിഞ്ഞു എറണാകുളം സ്വദേശികളായ 6 പേർക്ക് പരുക്ക്.
ട്രക്കിങ് നടത്തുന്ന വാഹനങ്ങളുടെ കാര്യക്ഷമത, ഡ്രൈവർമാരുടെ പരിചയസമ്പത്ത് എന്നിവ പരിശോധിക്കാറില്ല. വാഹനത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നു ഉണ്ടോ എന്നതു സംബന്ധിച്ച് അന്വേഷണം നടത്താറില്ല. ഓരോ ട്രിപ്പുകളിലും കയറ്റാവുന്ന സഞ്ചാരികളുടെ എണ്ണം സംബന്ധിച്ച കർശന നിർദേശം നടപ്പാക്കൂന്നില്ല. ജീപ്പുകൾക്ക് സമയക്രമം നിശ്ചയിക്കാൻ കഴിയാത്ത അവസ്ഥ. ഇത് മത്സരയോട്ടത്തിനു ഇടയാക്കുന്നു. വിവിധ വകുപ്പുകളുടെ ഏകോപനം, അവലോകനം.ഡ്രൈവർമാർക്ക് ആവശ്യമായ നിയമ ബോധവൽക്കരണം നൽകാത്ത സ്ഥിതി.
നെടുമ്പാശേരി അത്താണിയിലെ ബാര്‍ ഹോട്ടലിന് മുന്നിെല കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യൽ മിഡിയയിൽ . മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. അതേസമയം കൊല്ലപ്പെട്ട ബിനോയിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
നാട്ടുകാർ നോക്കി നിൽക്കെ കാറിലെത്തിയ മൂന്നംഗ സംഘമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ ബിനോയിയാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. റോഡരുകിൽ നിന്നിരുന്ന ബിനോയിയുടെ തലയിലാണ് വെട്ടേറ്റത്. തലയിലും മുഖത്തും തുടരെ വെട്ടിയ പ്രതികൾ ബിനോയിയുടെ മുഖം വികൃതമാക്കി. ഗുണ്ടകൾക്കിടയിലെ കുടിപ്പകയാണ് കൊലപാതക കാരണമെന്ന് എറണാകുളം റൂറൽ എസ്.പി കെ.കാർത്തിക് പറഞ്ഞു.
പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ പിടികൂടുന്നതിന് മൂന്ന് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചുവെന്നും സ്ഥലത്തെത്തിയ എസ്.പി പറഞ്ഞു. നിരവധി കാപ്പാ കേസുകളിൽ പ്രതിയായ ബിനുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നാണ് സൂചന. മരിച്ച ബിനോയിയും നിരവധി കേസുകളിൽ പ്രതിയാണ്.
ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം
കൊല്ലം ജില്ലയിലെ പുനലൂർ മുനിസിപ്പാലിറ്റിയിലാണ് 56 വർഷം പിൻചരിത്രമുള്ള ഈ വീടുള്ളത്.
ജന്മം കൊണ്ട് മുസ്ലീമായ ഫസുലുദ്ദീൻ അലികുഞ്ഞും ക്രിസ്ത്യാനിയായ ആഗ്നസ് ഗബ്രിയേലുമാണ് ‘കാസ്റ്റലസ് ഹൗസ് എന്ന് പേരുള്ള ഈ വീടിന്റെ ഉടമസ്ഥർ. രണ്ട് തലമുറകളായി ജാതി ഇല്ലാത്തവരാണ് ഈ വീട്ടിലെ അംഗങ്ങളെല്ലാം.
തുടക്കം ഇങ്ങനെ ; പ്രണയിച്ച കുറ്റത്തിന് വീട്ടുതടങ്കലിൽ കഴിഞ്ഞ ആഗ്‌നസിനെ 1973 ൽ കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തു മോചിപ്പിച്ചു ഫസുലുദ്ദീൻ. എന്നാൽ ഇരുവരും വിവാഹിതരായില്ല. വിവാഹ സർട്ടിഫിക്കറ്റോ മതപരമായ ആചാരമോ ഇല്ലാതെ 19 വർഷത്തോളം ഒരുമിച്ച് താമസിച്ചു.
പ്രായോഗിക ആവശ്യങ്ങൾക്കായി, 1992 ലാണ് ദമ്പതികൾ തങ്ങളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്. അവരുടെ കുടുംബ സ്വത്ത് സുരക്ഷിതമാക്കാനും അവരുടെ മക്കൾക്ക് അവകാശം ലഭിക്കുമെന്ന് ഉറപ്പാക്കാനും പ്രത്യേക വിവാഹ നിയമത്തിലെ മുൻകാല വ്യവസ്ഥ പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തു.
1974 ൽ ആദ്യമകൻ ജനിച്ചപ്പോൾ, ‘കാസ്റ്റ്ലെസ്’ എന്ന് പേരിട്ട ഇവർ 1975 ൽ ജനിച്ച രണ്ടാം കുഞ്ഞിന് ‘കാസ്റ്റ്ലെസ് ജൂനിയർ’ എന്ന് നാമകരണം ചെയ്തു. ഏറ്റവും ഇളയവൾ, 1983 ൽ ജനിച്ച മകൾ ഷൈൻ ജാതിയില്ലാത്തവൾ. സ്കൂൾ രേഖകളായാലും മറ്റേതെങ്കിലും രേഖകളായാലും, മാതാപിതാക്കൾ ജാതി, മത നിരകളിൽ ‘ഇല്ല ‘എന്ന് നൽകി. ബന്ധുക്കളും പരിചയക്കാരും ആശങ്ക പ്രകടിപ്പിച്ചപ്പോൾ കുട്ടികൾക്ക് 18 വയസ്സ് ആകുമ്പോൾ സ്വയം തിരഞ്ഞെടുക്കാം എന്നാണ് അവർ പറഞ്ഞത്. എന്നാൽ കുടുംബം പോലെ തന്നെ ജാതിയില്ലാതെ തുടരാൻ തന്നെയാണ് മക്കളും തീരുമാനിച്ചത്. വിവാഹം കഴിച്ചവരോട് മുൻകൂറായി വ്യവസ്ഥകൾ പറഞ്ഞിരുന്നു.
സ്വാഭാവിക ജീവിതം സാധ്യമാകുമോ എന്ന് ഭയപ്പെട്ടവർക്ക് മുന്നിൽ വിജയം കൈവരിച്ച്
ജീവിച്ചു കാണിച്ചു കൊടുത്തു അവർ മൂന്ന് പേരും.
ദുബായിൽ താമസിക്കുന്ന എംബിഎകാരനായ കാസ്‌റ്റ്‌ലെസ് ഭാര്യ സബിതക്കൊപ്പം അവരുടെ കുട്ടികൾക്ക് ‘ആൽഫ കാസ്‌റ്റ്‌ലെസ്’, ‘ഇന്ത്യൻ ജാതിയില്ലാത്തവർ’ എന്ന് പേരിട്ടു. ഉഡുപ്പി ലോ കോളേജിലെ പൂർവ്വകാലവിദ്യാർത്ഥിയായ ‘കാസ്‌റ്റ്‌ലെസ് ജൂനിയർ’ പുനലൂർ ബാർ അസോസിയേഷനിലെ അംഗമാണ്. രാജാലക്ഷ്മി എന്ന ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ചു, അവരുടെ രണ്ട് പെൺമക്കൾക്ക് ‘അഗ്ന കാസ്റ്റ്ലെസ് ജൂനിയർ’, ‘ആൽഫ കാസ്റ്റ്ലെസ് ജൂനിയർ’ എന്നും പേരിട്ടു. അദ്ധ്യാപികയും പിഎച്ച്ഡി വിദ്യാർഥിനിയുമായ ‘ഷൈൻ കാസ്‌റ്റ്‌ലെസ്’ വിദേശത്ത് ജോലി ചെയ്യുന്ന ‘ചെഗുവേരയെ’ വിവാഹം കഴിച്ചു. ദമ്പതികൾക്ക് ഒരു മകൾ, പേര് അലീഡ ചെഗുവേര.
കുടുംബത്തിന്റെ സ്വാധീനം എന്നതിനേക്കാളുപരി ജാതിയില്ലാത്തവരായി തുടരുക എന്നത് വ്യക്തിപരമായ തീരുമാനം മാത്രമാണ് എന്ന് ഈ രണ്ടു തലമുറക്കാർ ഒന്നടങ്കം പറയുന്നു. കാസ്റ്റ്ലെസ്സായി ജീവിതം മുന്നോട്ടു പോകുന്നു.
ശരീരഭാഗങ്ങള്‍ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകം നടത്തിയത് വിദഗ്ധനായ കൊലപാതകിയെന്ന് ക്രൈംബ്രാഞ്ച്. ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റിയതും അവ ഉപേക്ഷിക്കാന്‍ തെരഞ്ഞെടുത്ത മാര്‍ഗവും മറ്റും അടിസ്ഥാനമാക്കിയാണ് പ്രതി വിദഗ്ധനായ കൊലപാതകിയാണെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.
കഴുത്ത് മുറുക്കിയാണ് കൊലനടത്തിയത്. മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മൃതദേഹം ഒരു ദിവസം സൂക്ഷിച്ചതിന് ശേഷമാണ് ശരീരഭാഗങ്ങള്‍ അറുത്തുമാറ്റിയത്. ശരീരഭാഗങ്ങളിലൊന്നും രക്തം തളം കെട്ടി നിന്നിരുന്നില്ല. ഇക്കാരണത്താലാണ് രക്തം കട്ടപിടിച്ച ശേഷം അറുത്തുമാറ്റിയതാവാമെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നത്.
ശരീര ഭാഗങ്ങള്‍ അറുത്തുമാറ്റാന്‍ മൂര്‍ച്ചയേറിയ വസ്തുമാണ് ഉപയോഗിച്ചത്. ഒരുപക്ഷേ മാര്‍ബിള്‍ മുറിക്കുന്ന ബ്ലേഡോ, കൈകൊണ്ടുപയോഗിക്കാവുന്ന മരം മുറിയ്ക്കുന്ന മെഷിനോ ഇതിനായി ഉപയോഗിച്ചിരിക്കാം. മുറി ഭാഗങ്ങളില്‍ മാംസം ചിന്നിച്ചിതറിയിട്ടുണ്ട്. അതിനാല്‍ മുറിയ്ക്കുന്നതിനിടെ ബ്ലേഡ് ഒന്നില്‍കൂടുതല്‍ തവണ മുറിയിലൂടെ കടന്നുപോയിരിക്കാമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ശരീരത്തിലെ എല്ലിന് ഭാഗങ്ങള്‍ ഒഴിവാക്കി കൃത്യമായി മാസംഭാഗങ്ങളില് കൂടിയാണ് മുറിച്ചത്. വിദഗ്ധനായ ആള്‍ക്കല്ലാതെ ഇത്തരത്തില്‍ കൃത്യം നടത്താന്‍ സാധിക്കില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. കൃത്യം നടന്ന സ്ഥലവും ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച സ്ഥലവും വ്യത്യസ്തമാണ്. കഴുത്തിന് താഴേയുള്ളതും അരയ്ക്ക് മുകളിലുള്ളതുമായ കൈകളില്ലാത്ത ശരീര ഭാഗം റോഡരികില്‍ നിന്നാണ് കണ്ടെത്തിയത്. ഇതിന് സമീപത്തൊന്നും രക്തമോ മറ്റൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കൃത്യം നടത്തിയത് മറ്റൊരിടത്ത് നിന്നാണെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിക്കുന്നത്.
വിവിധ ഭാഗങ്ങളില്‍ നിന്നാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെങ്കിലും ഉപേക്ഷിച്ചത് ഒരിടത്തായിരിക്കാമെന്നാണ് നിഗമനം. ഇരുവഞ്ഞി പുഴയില്‍ ഉപേക്ഷിക്കാനുള്ള സാധ്യതയാണുള്ളതെന്ന് അന്വേഷണസംഘം സംശയിക്കുന്നു. ഇരുവഞ്ഞിപുഴ കടലില്‍ ചേരുന്ന അഴിമുഖത്ത് നിന്നാണ് ശരീരഭാഗങ്ങളില്‍ കൂടതലും കണ്ടെത്തിയത്. പുഴയില്‍ ഉപേക്ഷിച്ച ഭാഗങ്ങള്‍ ഒഴുകി കടലിലെത്തിയെന്നാണ് സംശയിക്കുന്നത്. ജൂണ്‍ മാസമായതിനാല്‍ മഴവെള്ളത്തിനൊപ്പം ഇവ കടലില്‍ വേഗത്തില്‍ എത്തിച്ചേര്ന്നതാവാമെന്നും ക്രൈംബ്രാഞ്ച് അന്വേഷണസംഘം പറയുന്നു.
കൊല്ലപ്പെട്ടതാരാണെന്ന് കണ്ടെത്തിയാല്‍ പ്രതിയെ പിടികൂടാനാവുമെന്നാണ് അന്വേഷണസംഘം പറയുന്നത്. ലഭ്യമായ ശരീരഭാഗങ്ങളും തലയോട്ടിയും അടിസ്ഥാനമാക്കി രണ്ടുവര്‍ഷത്തിന് ശേഷം കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം ക്രൈംബ്രാഞ്ച് തയാറാക്കി. 165 സെന്റീമീറ്റര്‍ നീളമുള്ള ഇതരദേശക്കാരനായ 25 വയസുള്ള യുവാവാണ് മരിച്ചതെന്നാണ് നിഗമനം. മരിക്കുന്നതിന് മുമ്പ് യുവാവ് മദ്യപിച്ചിരുന്നതായും നാല് മണിക്കൂര്‍ മുമ്പ് ഭക്ഷണം കഴിച്ചിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ.സ്റ്റീഫന്‍ പറഞ്ഞു.
ശരീരലക്ഷണങ്ങളും മറ്റും കണക്കിലെടുത്താണ് ഇതരദേശക്കാരനാണ് കൊല്ലപ്പെട്ടതെന്ന് നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നത്. പുകയില ഉത്പന്നങ്ങള്‍ പതിവായി ഉപയോഗിച്ചവരില്‍ കാണുന്ന രീതിയില്‍ പല്ലില്‍ കറപിടിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടതാരെന്ന് കണ്ടെത്തിയാല്‍ മാത്രമേ കൊലയാളിയെ കുറിച്ച് അന്വേഷിക്കാനാവൂ. മൂന്ന് ഭാവങ്ങളിലുള്ള രേഖാചിത്രമാണിപ്പോള്‍ പോലീസ് പുറത്തുവിട്ടത്.
2017 ജൂണ്‍ 26 നാണ് കേസിനാസ്പദമായ സംഭവം. ചാലിയം കടലോരത്ത് നിന്ന് ഇടത് കൈയുടെ ഭാഗമായിരുന്നു ആദ്യം ലഭിച്ചത്. മൂന്നു ദിവസത്തിന് ശേഷം ഇതേ ഭാഗത്ത് നിന്ന് വലതു കൈയും കണ്ടെത്തി. അന്വേഷണം നടക്കുന്നതിനിടെ അഞ്ചു ദിവസത്തിന് ശേഷം ജൂലൈ ആറിന് തിരുവമ്പാടി എസ്റ്റേറ്റ് റോഡില്‍ അരയ്ക്ക് മേല്പോട്ടുള്ള ഭാഗവും കണ്ടെത്തി. പഞ്ചസാര ചാക്കിലായിരുന്നു ശരീരഭാഗം ഉപേക്ഷിച്ചിരുന്നത്. ഈ സംഭവത്തില്‍ തിരുവമ്പാടി പോലീസും കേസെടുത്തു.
പിന്നീട് അടുത്തമാസം ഓഗസ്റ്റ് 13 ന് ചാലിയത്ത് നിന്ന് തലയോട്ടിയും കണ്ടെടുത്തു. കൈകളും തലയോട്ടിയും കണ്ടെത്തിയ സംഭവത്തില്‍ ബേപ്പൂര്‍ പോലീസായിരുന്നു കേസെടുത്തത്. ഒരാളുടെ തന്നെ ശരീരഭാഗങ്ങളാണിതെന്ന് പോലീസ് സംശയിച്ചു. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ ഒരാളുടെത് തന്നെയാണെന്ന് കണ്ടെത്തി. 2017 സപ്റ്റംബര്‍ 16 ന് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടും പോലീസിന് ലഭിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായതിനാല്‍ പിന്നീട് ലോക്കല്‍ പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി.
2017 ഒക്ടോബര്‍ നാലിനാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സംസ്ഥാനത്തിനകത്തും സമീപ സംസ്ഥാനങ്ങളിലുമായി പോലീസ് അന്വേഷണം നടത്തി. കാണാതായവരെ കുറിച്ചായിരുന്നു അന്വേഷിച്ചിരുന്നത്. എന്നാല്‍ ഫലമുണ്ടായില്ല. തുടര്‍ന്ന് ദേശീയ ക്രൈംറെക്കോര്‍ഡ് ബ്യൂറോ വഴിയും അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഇതരദേശതൊഴിലാളിയാണെന്ന സംശയത്തെ തുടര്‍ന്ന് മുക്കം ഭാഗങ്ങളില്‍ പോലീസ് അന്വേഷണം നടത്തി.
ഇവിടെയുള്ള കരാറുകരേയും ഇതരദേശതൊഴിലാളികളേയും ഉള്‍പ്പെടുത്തികൊണ്ട് യോഗം ചേര്‍ന്നെങ്കിലും മരിച്ചയാളുടെ വിവരങ്ങള്‍ ലഭിച്ചില്ല. ഇതേതത്തുടര്ന്നാണ് തലയോട്ടി അടിസ്ഥാനമാക്കി രേഖാചിത്രം തയാറാക്കിയത്. രേഖാചിത്രത്തില്‍ സാമ്യമുള്ളയാളുളെ കാണാതായിട്ടുണ്ടെങ്കില്‍ അക്കാര്യം അറിയിക്കണമെന്നും തുടരന്വേഷണത്തിന് ഇത് ഏറെ സഹായകരമാവുമെന്നും ക്രൈംബ്രാഞ്ച് അന്വേഷണസംഘം വ്യക്തമാക്കി. ഫോണ്‍: 9497990212,
ജഗതി ശ്രീകുമാറിന്റെ മകളും അഭിനേത്രിയുമായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയായി. ജിജിൻ ജഹാംഗീർ ആണ് ശ്രീലക്ഷ്മിയുടെ വരൻ. 5 വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. ലുലു ബോൽഗാട്ടി സെന്ററിൽവെച്ചായിരുന്നു വിവാഹം. ബോളിവുഡ് സുന്ദരികളെപ്പോലെ ഉത്തരേന്ത്യൻ രീതിയിലുള്ള വേഷമണിഞ്ഞാണ് ശ്രീലക്ഷ്മി എത്തിയത്. വരൻ ജഹാംഗീറാകട്ടെ മെറൂൺ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു വേഷം. മലയാളസിനിമയിൽ നിന്നുള്ള നിരവധിപ്പേർ കല്യാണത്തിന് എത്തി.
‘ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും.’–ഭാവിവരന്റെ കൈ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്ര പങ്കുവച്ച് ശ്രീലക്ഷ്മി കുറിച്ചു. വൈകാതെ തന്നെ ഞാന്‍ മിസിസ് ആവുമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും നടി പറയുന്നു.
അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ ശ്രീലക്ഷ്മി ബിഗ്ബോസ് പരിപാടിയിലൂടെ കൂടുതൽ ശ്രദ്ധനേടി. ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയാണ് താരം.
ചെറുപ്പത്തിലെ ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ചിരുന്ന ശ്രീലക്ഷ്മി നല്ലൊരു നര്‍ത്തകി കൂടിയാണ്.ജോലിക്കൊപ്പം നൃത്തവും കലയും ഒപ്പം കൊണ്ടുപോകാനായിരുന്നു ശ്രീലക്ഷ്മിയുടെ ആഗ്രഹം. ഗള്‍ഫ് തനിക്ക് വല്ലാത്ത സുരക്ഷിതത്വ ബോധം നല്‍കുന്നുവെന്നും അച്ഛനുണ്ടായ അപകടം ജീവിതത്തിലെ വഴിത്തിരിവായിരുന്നുവെന്നും ശ്രീലക്ഷ്മി പറയുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി നൃത്ത രംഗത്ത് സജീവമായ ശ്രീലക്ഷ്മി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയില്‍ പ്രഗത്ഭരുടെ കീഴില്‍ അഭ്യസിച്ചിട്ടുണ്ട് 2016 ല്‍ പുറത്തിറങ്ങിയ വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വഴിതെറ്റി ഒരു എത്തും പിടിയും കിട്ടാതെ ആമിന എന്ന മരിയ ഇടുക്കിയിലെത്തുന്നത്. പേടിച്ചും വിറച്ചും അടുത്തുള്ള ബസ് സ്റ്റോപ്പില്‍ എങ്ങോട്ടെന്നില്ലാതെ കാത്തിരുന്ന ആ യുവതിയെ പിന്നീട് ഓട്ടോക്കാരായ സുഹൃത്തുക്കള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ജന്മനാ ബധിരയും സംസാരശേഷിയുമില്ലാത്ത യുവതിയില്‍ നിന്നും ജന്മദേശം തപ്പിയെടുക്കാന്‍ അന്ന് ആ പ്രദേശത്തുള്ള ആര്‍ക്കും തന്നെ സാധിച്ചിരുന്നില്ല. മലയാളം അറിയാത്ത ആ യുവതി ഒടുവില്‍ കൈകൊണ്ട് എഴുതി തന്റെ പേര് ആമിനയാണെന്നും തനിക്ക് അഞ്ച് സഹോദരികളുണ്ടെന്നും പൊലീസിന് പറഞ്ഞുകൊടുത്തു. കൈകളില്‍ 786 എന്ന് ടാറ്റു ചെയ്തിരുന്നു.
ശേഷം പൊലീസ് മുന്‍കൈയ്യില്‍ അവരെ തൊട്ടടുത്തുള്ള ആശ്രമത്തിലെത്തിച്ചു. അവരുടെ കുടുംബത്തെയും വേരുകളെയും തിരഞ്ഞുള്ള പ്രയത്നം പിന്നീട് എങ്ങുമെത്തിയില്ല. കേരളത്തില്‍ തുടര്‍ന്നുള്ള ജീവിതം നയിച്ച ആമിന വൈകാതെ തന്റെ ജീവിത പങ്കാളിയെ ഇടുക്കിയില്‍ നിന്നും കണ്ടുപിടിച്ചു. 2003ല്‍ ആശ്രമത്തില്‍ സാമൂഹിക സേവനത്തിന് പോയ റോഡിമോന്‍ ആമിനയെ കാണുകയും വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു. അവര്‍ മരിയ എന്ന പേര് നല്‍കുകയും ശേഷം ആലപ്പുഴയിലേക്ക് താമസം മാറുകയും ചെയ്തു.
ഈയടുത്താണ് മരിയ അപ്രതീക്ഷിതമായി ആമിര്‍ ഖാന്‍ നായകനായ പഴയ ഹിന്ദിഗാനം ശ്രദ്ധിക്കുന്നത്. 1995 പുറത്തിറങ്ങിയ ഹിന്ദി ചിത്രം അക്കേല ഹം അക്കേല തും (Akele Hum Akele Tum ) എന്ന ചലച്ചിത്രത്തിലെ ഒരു ഗാനരംഗമായിരുന്നു അത്. ആമിര്‍ ഖാനും മകനും സൈക്കിളില്‍ ചുറ്റിയടിക്കുന്ന ദൃശ്യങ്ങള്‍ ടി.വിയില്‍ കണ്ട മരിയ ഒരു നിമിഷം ഞെട്ടിപോയി. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ കണ്ടു പരിചയിച്ച പാര്‍ക്കും പരിസരവും. മരിയ ആ പഴയ ഓര്‍മകള്‍ ഭര്‍ത്താവായ റോഡിമോനോട് ആംഗ്യ ഭാഷയില്‍ പറഞ്ഞു മനസ്സിലാക്കി. മുബൈയിലെവിടെയോ ആണ് ഈ പ്രദേശം എന്ന് ഭര്‍ത്താവ് റോഡിമോന് മനസ്സിലായി. ആ സിനിമയുടെ സംവിധായകന്‍ മന്‍സൂര്‍ ഖാനോട് ആ ചിത്രീകരണ സ്ഥലത്തെക്കുറിച്ച് അന്വേഷിച്ച ഭര്‍ത്താവിന് പക്ഷെ വലിയ പ്രതീക്ഷ നല്‍കുന്ന സൂചനയൊന്നും അവരില്‍ നിന്നും ലഭിച്ചില്ല.
മുബൈക്കടുത്തുള്ള ഫാന്റസി ലാന്റ് അമ്യൂസ്മെന്റ് പാര്‍ക്കിന് സമീപത്ത് നിന്നാണ് ചിത്രീകരിച്ചതെന്നാണ് സംവിധായകന്‍ മന്‍സൂര്‍ ഖാന്‍ ഭര്‍ത്താവ് റോഡിമോനോട് പറഞ്ഞത്. മരിയയുടെ വീടിലേക്ക് ഇവിടെ നിന്നും അര മണിക്കൂര്‍ മാത്രമേ ദൂരമേയുള്ളുവെന്നും ഹൃദയത്തിന്റെ ആകൃതിയിലുള്ള ഒരു പതാക തന്റെ കോളനിയിലുണ്ടെന്നും മരിയ ഓര്‍ത്തെടുത്തു. കല്ല് പാകിയ റോഡുകളും നിരനിരയായ വീടുകളും ഇതിനിടയിലുണ്ടായിരുന്നെന്നും അടുത്ത് തന്നെ റെയില്‍വേ ട്രാക്ക് ഉണ്ടായിരുന്നുവെന്നും മരിയ പറയുന്നു. ഇപ്പോള്‍ മനസ്സിലുള്ള അടയാളങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥലം കണ്ടെത്താനുള്ള പ്രയത്നത്തിലാണ് മരിയയും കുടുംബവും. അതിനുളള സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. സാംസ്കാരിക മന്ത്രി എ.കെ ബാലനെ കണ്ട് സഹായം തേടാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.