Kerala

സിറോ മലബാർ സഭ ഭൂമിയിടപാടിൽ കർദിനാൾ അടക്കമുള്ളവരുടെ കൂട്ടുത്തരവാദിത്വത്തിൽ വീഴ്ച സംഭവിച്ചെന്ന് സിനഡ്. എന്നാൽ കർദിനാൾ അടക്കമുള്ളവർ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ല. റിയൽ എസ്റ്റേറ്റ്‌കാരൻ സമ്പത്തിക നേട്ടം ലക്ഷ്യമിട്ടു പ്രവർത്തിച്ചത് കണ്ടെത്താൻ അതിരൂപത ഭരണാധികാരികൾക്ക് കഴിഞ്ഞില്ല. ഇക്കാര്യത്തിൽ വിമർശനങ്ങൾ ഉന്നയിച്ചവരുടെ വികാരം സിനഡ് മനസിലാക്കുന്നു. വ്യാജരേഖാ കേസിൽ സിനഡിന്റെ നിർദേശപ്രകാരം വൈദികൻ നൽകിയ മൊഴിക്ക് വിരുദ്ധമായാണ് ബിഷപ്പിനെയും വൈദികരെയും പ്രതിചേർത്തത്. മൊഴിക്ക് വിരുദ്ധമായ നടപടി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതിൽ ബാഹ്യമായ ഇടപെടൽ ഉണ്ടായെന്നു സംശയിക്കുന്നതായും സിനഡ് വിലയിരുത്തി.

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല മാർ ആന്റണി കരിയലിന്. അതിരൂപതയുടെ മെത്രാപ്പൊലീത്തൻ വികാരിയായാണ് നിയമനം. മാറ്റി നിർത്തിയിരുന്ന സഹായ മെത്രാൻമാരിൽ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ മാണ്ഡ്യ രൂപതാധ്യക്ഷനായും ജോസ് പുത്തൻവീട്ടിലിനെ ഫരീദാബാദ് രൂപതയുടെ സഹായമെത്രാനായും നിയമിച്ചു. അതേസമയം കർദിനാളിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസ് പിൻവലിക്കേണ്ടതില്ലായെന്നാണ് സിനഡിന്റെ തീരുമാനം.

എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപന വിവാദത്തെ തുടർന്ന് അതിസങ്കീർണമായിത്തീർന്ന സിറോ മലബാർ സഭയിലെ പ്രശ്നങ്ങൾക്ക് പരിഹരിക്കാനാണ് ഭരണച്ചുമതലാ മാറ്റം. നിലവിൽ മാണ്ഡ്യ രൂപതാധ്യക്ഷനായ മാർ ആന്റണി കരിയിലിനെ സ്വതന്ത്രാധികാരങ്ങളുള്ള മെത്രാപ്പൊലീത്തൻ വികാരിയായാണ് നിയമിച്ചിരിക്കുന്നത്. സാമ്പത്തികം, അതിരൂപതയിലെ സ്ഥാനമാറ്റങ്ങൾ അടക്കമുള്ള കാര്യങ്ങളുടെ ചുമതല പുതിയ മെത്രാപ്പൊലീത്തൻ വികാരിക്കാണ്.

പ്രശ്നങ്ങളെ തുടർന്ന് മാറ്റിനിർത്തപ്പെട്ട സഹായമെത്രാൻമാർക്ക് കേരളത്തിന് പുറത്ത് പുതിയ ചുമതല നൽകി. ഒഴിവുവന്ന മാണ്ഡ്യരൂപതാധ്യക്ഷനായി സെബാസ്റ്റ്യൻ എടയന്ത്രത്തിനെ നിയമിച്ചു. ഫരീദാബാദ് രൂപതയുടെ സഹായമെത്രാനായാണ് ജോസ് പുത്തൻവീട്ടിലിനെ നിയമിച്ചിരിക്കുന്നത്. അതിരൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പുതിയ മെത്രാപ്പൊലീത്തൻ വികാരിയെ സിനഡ് ചുമതലപ്പെടുത്തി.

 

പാലായിൽ ജോസ്.കെ. മാണിയോ ഭാര്യ നിഷയോ സ്ഥാനാർഥിയാക്കണമെന്ന നിലപാടിലുറച്ച് കേരള കോൺഗ്രസ് ജോസ് വിഭാഗം. ഇ.ജെ. ആഗസ്തിയെ സ്ഥാനാര്‍ഥിയാക്കാനുള്ള സമ്മര്‍ദം ശക്തമായതോടെയാണ് ജോസ് വിഭാഗം കടുത്ത നിലപാടെടുത്തത്.നിഷയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ജോസഫ് വിഭാഗത്തിന് താത്പര്യമില്ല. ഇതോടെയാണ് ഇ.ജെ. ആഗസ്തിയുടെ പേര് സജീവ ചര്‍ച്ചയായത്. കോണ്‍ഗ്രസ് നേതാക്കളും ആഗസ്തിയെ പിന്തുണച്ചതോടെ ജോസ് പക്ഷത്തിന് അപകടം മനസിലായി.

ജോസ് കെ. മാണി സ്ഥാനാര്‍ഥിയാകുന്നത് ഒഴിവാക്കാന്‍ യുഡിഎഫ് നേതാക്കളും സമ്മര്‍ദം ശക്തമാക്കി. ജോസഫ് വിഭാഗത്തിന്‍റെ ആഗ്രഹങ്ങള്‍ക്ക് യുഡിഎഫ് നേതാക്കള്‍ വഴങ്ങുന്നത് കണ്ടാണ് ജോസ്.കെ. മാണിയും കൂട്ടരും നിലപാട് കടുപ്പിച്ചത്.

ഇതോടെയാണ് രാജ്യസഭ അംഗത്വം ഉപേക്ഷിച്ച് പാലായില്‍ ജോസ്. കെ. മാണി മത്സരിക്കണമെന്ന ആവശ്യം ശക്തമായത്. അണികളുടെ സമ്മര്‍ദത്തിന് ജോസ്.കെ. മാണി വഴങ്ങുന്നുവെന്ന് സൂചന ലഭിച്ചതോടെ ഘടകകക്ഷിനേതാക്കള്‍ ഇടപ്പെട്ടു.

തീരുമാനം മുന്നണി ബന്ധത്തെ മാത്രമല്ല പാലായിലെ വിജയത്തെയും ബാധിക്കുമെന്ന് നേതാക്കള്‍ തുറന്നുപറഞ്ഞു. ജോസ് കെ. മാണി മത്സരിക്കുന്നതിലെ എതിർപ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജോസ് വിഭാഗം നേതാക്കളെ അറിയിച്ചു. പുതിയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജോസ് വിഭാഗം നേതാക്കള്‍ ഇന്ന് കോട്ടയത്ത് യോഗം ചേരും. ശനിയാഴ്ച സംസ്ഥാന കമ്മറ്റി ഓഫിസില്‍ ചേരുന്ന ജില്ലാ നേതൃയോഗത്തില്‍ സ്ഥാനാർഥി സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന.

സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശനിയാഴ്ച വരെയാണ് യുഡിഎഫ് അനുവദിച്ചിരുക്കുന്ന സമയം. ഞായറാഴ്ച കോട്ടയത്ത് ചേരുന്ന യുഡിഎഫ് യോഗത്തിലായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം. മുന്നണി ബന്ധത്തെ തന്നെ ഉലയ്ക്കുന്ന രീതിയിലാണ് യുഡിഎഫിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ മുന്നേറുന്നത്

അഗ്‌നിരക്ഷാ സേവന വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് സന്നദ്ധസേവകരെ ഉള്‍പ്പെടുത്തി ജനകീയ ദുരന്തപ്രതിരോധ സേന (സിവില്‍ ഡിഫന്‍സ്) രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

പ്രളയവും മണ്ണിടിച്ചിലും ചുഴലിക്കാറ്റും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ അടിക്കടി ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ജനകീയ സേന രൂപീകരിക്കാന്‍ തീരുമാനിച്ചത്. പ്രകൃതിദുരന്ത വേളയിലെ അടിയന്തര സേവനങ്ങള്‍ക്കു പുറമെ വാഹനാപകടങ്ങള്‍ പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പെട്ടെന്ന് സഹായം എത്തിക്കാനും സിവില്‍ ഡിഫന്‍സ് പ്രയോജനപ്പെടുത്തും. കുട്ടികളുടെയും വയോജനങ്ങളുടെയും സുരക്ഷയ്ക്കും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന സേനയായി ഇതിനെ മാറ്റാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ആധുനിക കമ്പ്യൂട്ടര്‍-മൊബൈല്‍ നെറ്റുവര്‍ക്കുകളുടെ സഹായത്തോടെ സിവില്‍ ഡിഫന്‍സിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കും.

കേരളത്തിലെ 124 ഫയര്‍ ആന്റ് റെസ്‌ക്യു സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ രൂപീകരിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ക്ക് തൃശ്ശൂര്‍ സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലും വിയ്യൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് അക്കാദമിയിലും പരിശീലനം നല്‍കും.

പ്രകൃതിദുരന്ത മുന്നറിയിപ്പുകള്‍ ജനങ്ങളില്‍ എത്തിക്കുക, ആവശ്യമെങ്കില്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികളോട് ആവശ്യപ്പെടുക, ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലീസിനും മറ്റു ബന്ധപ്പെട്ട അധികാരികള്‍ക്കും വേഗത്തില്‍ അറിയിപ്പ് നല്‍കുക, രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെയുള്ള ഇടവേളയില്‍ പ്രാദേശികമായി ചെയ്യാവുന്ന ഒരുക്കങ്ങള്‍ നടത്തുക, ദുരന്തവേളയില്‍ നാട്ടുകാരെ ഒഴിപ്പിക്കാനും ക്യാമ്പുകളില്‍ എത്തിക്കാനും അധികാരികളെ സഹായിക്കുക തുടങ്ങിയവയാണ് സിവില്‍ ഡിഫന്‍സ് സേനയുടെ ചുമതലകള്‍.

പരിശീലനം പൂര്‍ത്തിയാക്കുന്ന വോളണ്ടിയര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. ജില്ലയിലെ ജില്ലാ ഫയര്‍ഫോഴ്‌സ് ഓഫീസര്‍മാരായിരിക്കും വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്ന നോഡല്‍ ഓഫീസര്‍. ഓണ്‍ലൈന്‍ വഴി ഇതിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മികച്ച സേവനം നടത്തുന്ന വോളണ്ടിയര്‍മാരെ സര്‍ക്കാര്‍ ആദരിക്കും.ഡിഫന്‍സ് സേന രൂപീകരിക്കുന്നതിന്റെ ഭാഗമായി ഏഴു തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് പി.സി ജോര്‍ജ്. ബി.ജെ.പിക്കാരനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നും ബി.ജെ.പി ഹിന്ദുത്വശക്തിയാണെന്ന വികാരമാണ് ജനങ്ങള്‍ക്കുള്ളതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് പകരം എന്‍.ഡി.എ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്നാണ് പി.സി ജോര്‍ജിന്റെ ആവശ്യം. ബി.ജെ.പിയോടുള്ള ജനവികാരം മാറാതെ അവര്‍ക്ക് പാലായിലോ കേരളത്തിലോ നേട്ടമുണ്ടാക്കാനാവില്ലെന്നും പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടു.

പാലായില്‍ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ലെന്ന് പി.സി ജോര്‍ജ് നേരത്തെയും പറഞ്ഞിരുന്നു. എന്നാല്‍ ഇത് ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള തള്ളി. പി.സി ജോര്‍ജിന്റെ അഭിപ്രായം വ്യക്തിപരമാണെന്നായിരുന്നു ശ്രീധരന്‍പിള്ള പ്രതികരിച്ചത്.

യു.ഡി.എഫ് വിട്ടുവന്നാല്‍ പി.ജെ ജോസഫിനെ എന്‍.ഡി.എ മുന്നണി സ്വീകരിക്കുമെന്നും
പി.സി തോമസിനെ മത്സരിപ്പിച്ചാല്‍ നേട്ടമാകുമെന്നും മകന്‍ ഷോണ്‍ മത്സരിക്കാനില്ലെന്നും പി.സി ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
‘ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി മത്സരിച്ചാല്‍ പാലായില്‍ നാണംകെട്ട തോല്‍വി നേരിടേണ്ടി വരുമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

എറണാകുളം ഗോശ്രീ പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനാല്‍ രാത്രി ചെറിയ വാഹനങ്ങള്‍ മാത്രം കടത്തിവിടാന്‍ തീരുമാനം. എറണാകുളം ഗോശ്രീ പാലത്തില്‍ ഇന്ന് അഞ്ചുമണിയോടെയാണ് വിള്ളല്‍ കണ്ടെത്തിയത്.  തുടര്‍ന്ന് പോലീസ് വാഹന ഗതാഗതം തടഞ്ഞിരുന്നു.നാളെ വിശദമായ പരിശോധനയ്ക്കുശേഷം വലിയ വാഹനങ്ങള്‍ കടത്തി വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

വയനാട്ടിലെ ദുരിതബാധിതരോട് കാര്യങ്ങള്‍ ചോദിച്ചറിയുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ പങ്കുവച്ച് കെ സി വേണുഗോപാല്‍. ദുരിതബാധിതരില്‍ ഒരാളോട് വീടിന് എത്ര നഷ്ടം ഉണ്ടായെന്നും കുട്ടികളെക്കുറിച്ചും രാഹുല്‍ ഗാന്ധി അന്വേഷിക്കുന്നുണ്ട്. തുടര്‍ന്ന് വിഷമിക്കേണ്ടെന്ന് പറയുന്നതും കാണാം.

മാമനുണ്ട്, വിഷമിക്കേണ്ടെന്ന് രാഹുല്‍ ഗാന്ധിയെ ചൂണ്ടി കെ സി വേണുഗോപാല്‍ കുട്ടിയോട് പറയുന്നത് വീഡിയോയില്‍ കാണാം. ഇതാരാണ് എന്നറിയാമോ എന്ന വേണുഗോപാലിന്റെ ചോദ്യത്തിന് രാഹുല്‍ മാമന്‍ എന്ന് കുട്ടി മറുപടി നല്‍കുന്നതും വീഡിയോയില്‍ കാണം. പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് ഉമ്മ നല്‍കിയ ശേഷമാണ് രാഹുല്‍ അവിടെ നിന്നും പോകുന്നത്.

അതേസമയം, നിങ്ങളുടെ എംപിയെ നിങ്ങള്‍ക്ക് വിശ്വസിക്കാമെന്നും എംപിയായിട്ട് മാത്രമല്ല, വയനാട്ടുകാരുടെ സഹോദരനായും മകനായും താന്‍ ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു. വയനാട് സന്ദര്‍ശനത്തിന് ശേഷം മുക്കത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന മല്‍സ്യത്തൊഴിലാളിള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, എന്നിവരേയും കേരളത്തിന്റെ കരുതലിന്റെ പ്രതതീകമായി മാറിയ നൗഷാദിനെയും ചടങ്ങില്‍ ആദരിച്ചു. ഒപ്പം കാസര്‍ക്കോട്ടെ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും കുടുംബത്തിന് കോഴിക്കോട് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സ്വരൂപിച്ച 15 ലക്ഷം രൂപയും ചടങ്ങില്‍വച്ച് രാഹുല്‍ കൈമാറി. വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍ മണ്ഡലങ്ങളിലെ ദുരിത ബാധിതരേയും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.

 

കോയമ്പത്തൂർ എട്ടിമട റെയിൽവേ സ്റ്റേഷനിൽ മലയാളിയായ വനിതാ സ്റ്റേഷൻമാസ്റ്ററെ അജ്ഞാത യുവാവ് കുത്തി പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി നടന്ന സംഭവത്തിൽ ആറന്മുള സ്വദേശി അഞ്ജനയ്ക്കാണ് പരുക്കേറ്റത്. കഴുത്തിന് നേരിയ പരുക്കുള്ള അഞ്ജന പാലക്കാട് റെയിൽവേ ആശുപത്രിയിൽ ചികിൽസയിലാണ്.

ഇന്നലെ രാത്രി ഒന്നിന് എട്ടിമട റയിൽവേ സ്റ്റേഷനിൽ, സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് മുറിയിലേക്ക് കയറി വന്ന യുവാവാണ് സ്റ്റേഷൻ മാസ്റ്ററായ അഞ്ജനയെ കത്തികൊണ്ട് ആക്രമിച്ചത്. കഴുത്തിനും കൈക്കും പരുക്കേറ്റ യുവതിയെ പാലക്കാട് റയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി 7.20 ന് ശേഷം എട്ടിമടയിൽ ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തതിനാൽ യാത്രക്കാർ ആരും സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. മോഷണശ്രമമാണെന്നാണ് പ്രാഥമിക നിഗമനം. അക്രമിയെ കണ്ടെത്താനായി പോത്തന്നൂർ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.നേരത്തെ എട്ടിമട, മദുക്കര പ്രദേശങ്ങളിൽ ട്രെയിനുകൾക്ക് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാർക്ക് പരുക്കേറ്റ സംഭവം ഉണ്ടായിട്ടുണ്ട്.

മലയാളിയായ യുവാവിന് ഭാര്യ നൽകിയ കിടിലൻ സർപ്രൈസാണ് സോഷ്യൽ ലോകത്ത് വൈറലാവുന്നത്. വിവാഹശേഷമുളള ആദ്യ ജന്മദിനത്തിൽ ഭർത്താവിനെ ഞെട്ടിക്കാൻ കടൽ കടന്നാണ് ഭാര്യ എത്തിയത്.

കൂട്ടുകാർക്കൊപ്പം യുവാവ് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഭാര്യ എത്തിയത്. നാട്ടിലുളള ഭാര്യയെ മസ്കറ്റിൽ കണ്ടപ്പോൾ യുവാവ് സ്തബ്ധനായി. എന്തു ചെയ്യണമെന്ന് അറിയാതെ യുവാവ് നിൽക്കുമ്പോൾ ഭാര്യ പൂക്കൾ നൽകിയശേഷം സ്നേഹ ചുംബനം നൽകി. സന്തോഷത്താൽ ഭാര്യയെ ആലിംഗനം ചെയ്ത യുവാവിന് എന്താണ് നടക്കുന്നതെന്ന് വീണ്ടും വിശ്വസിക്കാനായില്ല. ജന്മദിനത്തിൽ ഭാര്യയെ നേരിട്ട് കാണാൻ കഴിഞ്ഞതിന്റെ സന്തോഷവും ഒപ്പം അമ്പരപ്പും യുവാവിന്റെ മുഖത്ത് പ്രകടമായിരുന്നു.

മസ്കറ്റിലായിരുന്നു ജന്മദിനാഘോഷം.ഒരു പ്രവാസിക്ക് ഇത്രയും നല്ലൊരു ജന്മദിന സർപ്രൈസ് ഒരുക്കിയ കൂട്ടുകാർക്ക് സോഷ്യൽ മീഡിയ നിറഞ്ഞ മനസോടെ കൈയ്യടിക്കുകയാണ്.

ആലപ്പുഴ: വള്ളംകളിയുടെ ഭാഗമായി മൂന്ന് ദിവസം ആലപ്പുഴയുടെ ആകാശ കാഴ്ചകൾ കാണാം. കുട്ടനാടിന്‍റെ സൗന്ദര്യവും കായലോര കാഴ്ചകളും നുകരാം. ഡി.ടി.പി.സിയാണ് ജനങ്ങള്‍ക്കായി ഹെലികോപ്ടർ സഞ്ചാരമൊരുക്കുന്നത്. നെഹ്റു ട്രോഫി വള്ളംകളിയുടെയും പ്രഥമ സിബിഎല്ലിന്‍റെയും ഭാഗമായി സഞ്ചാരികളെ ആലപ്പുഴയിലേക്ക് ആകർഷിക്കുകയാണ് ഡി.ടി.പി.സിയുടെ ലക്ഷ്യം. ആദ്യ വരുമാനം പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം.

ആലപ്പുഴ ബീച്ചിന് സമീപത്തെ റിക്രീയേഷൻ മൈതാനത്ത് 30, 31,1 തിയതികളിലായി പത്ത് മിനിട്ട് ദൈർഘ്യമുള്ള ഹെലികോപ്റ്റർ സഞ്ചാരമാണ് ഒരുക്കുന്നത്. 2500 രൂപയാണ് ടിക്കറ്റ് നിരക്ക്. ആദ്യ ദിവസത്തിലെ ആദ്യ അഞ്ച് മണിക്കൂറിലെ വരുമാനം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഡി.ടി.പി.സി. സംഭാവന ചെയ്യുമെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള, ഡി.ടി.പി.സി. സെക്രട്ടറി എം.മാലിൻ എന്നിവർ അറിയിച്ചു.

ചിപ്സൻ ഏവിയേഷനുമായി ചേർന്നാണ് യാത്ര ഒരുക്കുന്നത്. ഒരേ സമയം പത്ത് പേർക്ക് യാത്ര ചെയ്യാം. 30 ന് വൈകിട്ട് നാലു മുതൽ ആറ് വരെയും 31, 1 തിയതികളിൽ രാവിലെ എട്ടു മുതൽ പത്തുവരെയുമാണ് സർവീസ് നടത്തുന്ന സമയം. ഹെലികോപ്ടർ ടൂറിസം സഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്ന പ്രതീക്ഷയിലാണ് ഡി.ടി.പി.സി. ഇതിലൂടെ കൂടുതൽ സഞ്ചാരികളെ ആലപ്പുഴയിൽ എത്തിക്കുകയെന്നതാണ് ലക്ഷ്യം.

കോഴിക്കോട് കൊയിലാണ്ടി എ.ആര്‍ ക്യാപിലെ എസ്.ഐ ജി.എസ്.അനിലിനെയാണ് പയ്യോളി പൊലിസ് അറസ്റ്റ് ചെയ്തത്. മകനെ അപായപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

പയ്യോളി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പരാതിയില്‍ പറയുന്നതിങ്ങനെയാണ്.മകനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം തുടങ്ങിയത്. 2017 സെപ്റ്റബര്‍ മുതല്‍ നിരവധി തവണ ഇത് തുടര്‍ന്നു. തലശേരിയിലെ ലോഡ്ജില്‍ എത്തിച്ചാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് വടകര, കൊയിലാണ്ടി, പയ്യോളി എന്നിവിടങ്ങളിലും എത്തിച്ചു.യുവതിയെ നിരന്തരം എസ്.ഐ ഭീഷണിപ്പെടുത്തിയിരുന്നു.കഴിഞ്ഞ ദിവസം യുവതിയെ മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിപ്പറക്കാന്‍ ശ്രമിക്കുകയും ചെയ്തു.

മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ സംശയം തോന്നി പൊലിസ് നടത്തിയ അന്വേഷണത്തിലാണ് യുവതി പീഡന വിവരം പുറത്തു പറഞ്ഞത്. പീഡനം,. ശാരീരിക മര്‍ദനം, തട്ടികൊണ്ടുപോകല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

Copyright © . All rights reserved