ഡല്‍ഹി ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥികൾക്കു നേരെ ഞായറാഴ്ച നടന്ന മുഖംമൂടി സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ മലയാളികളിൽ ഇഎംഎസിന്റെ കൊച്ചുമകനും. ഇഎംഎസിന്റെ കൊച്ചുമകൻ പ്രഫ. അമീത് പരമേശ്വരനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന് പുറമെ മലയാളി വിദ്യാർത്ഥികളായ നിഖിൽ മാത്യു, ഐശ്വര്യ പ്രതാപ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

അതേസമയം, ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജെഎൻയു യുണിയൻ ചെയർമാൻ ഐഷി ഘോഷിനെ എയിംസിലേക്ക് മാറ്റി. സര്‍വകലാശാലയിലെ സെന്‍റര്‍ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്മെന്‍റിലെ അധ്യാപിക പ്രൊഫ. സുചിത്ര സെൻ തുടങ്ങിയവർക്കും തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നു. എബിവിപി സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ജെഎൻയു യൂണിയൻ പ്രതിനിധികളുടെ ആരോപണം.

മുഖം മറച്ചവർ ഇരുമ്പുകമ്പികളും വടിവാളും മറ്റ് മാരകായുധങ്ങളുമായി വിദ്യാർഥികളെ ക്രൂരമായി മർദിക്കുകയും ഹോസ്റ്റൽ മുറികളും മറ്റും അടിച്ചു തകർക്കുകയുമായിരുന്നു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നു. അക്രമികൾക്ക് പൊലീസും ഒത്താശ ചെയ്തതായി ആരോപണമുണ്ട്. അക്രമി സംഘത്തിൽ മുഖം മറച്ച് ആയുധങ്ങളുമായി എത്തിയ സംഘത്തിൽ പെൺകുട്ടികളുമുണ്ടായിരുന്നു.

ക്യാംപസിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെ നടന്ന ആക്രമണം ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. മൂന്ന് മണിക്കൂറോളമാണ് ക്യാപസിൽ ആക്രമണം അരങ്ങേറിയത്. അക്രമത്തിന് എതിരെ വ്യാപക പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയർന്നിട്ടുള്ളത്.

അതിനിടെ സംഭവത്തില്‍ കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമനും എസ് ജയശങ്കറും പ്രതിഷേധിച്ചു. അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി അമിത്ഷാ ഉത്തരവിട്ടു.രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു. മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

സര്‍വകലാശാലയിൽ നടന്ന അക്രമ സംഭവങ്ങള്‍ ഞെട്ടിക്കുന്നതെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ എയിംസ് ആശുപത്രിയിൽ നേരിട്ടെത്തി പ്രിയങ്ക ഗാന്ധി, സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവര്‍ കണ്ടു. ഡി രാജ അടക്കമുള്ള ഇടതുനേതാക്കൾ ജെഎൻയുവിലെത്തി വിദ്യാര്‍ത്ഥികളെ കാണുകയും ചെയ്തു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അധ്യാപകര്‍ വിസിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു.