പിതാവിനെ മക്കൾ കസേരയിലിരുത്തി റോഡിൽ ഉപേക്ഷിച്ചു. ഞായറാഴ്ചയാണ് വട്ടിയൂർക്കാവ് സ്വദേശിയായ റിട്ട. എസ്.ഐ.ക്ക് മക്കളിൽനിന്നു ദുരനുഭവം ഉണ്ടായത്. പെൻഷനായി 27,000 രൂപ മാസവരുമാനവും ഏഴ് ആൺമക്കളും ഉള്ളയാൾക്കാണ് ഈ ദുരനുഭവം ഉണ്ടായതെന്ന് വട്ടിയൂർക്കാവ് പോലീസ് പറഞ്ഞു. നാലുമണിക്കൂറോളം വെയിലത്ത് ഇരിക്കേണ്ടി വന്ന പിതാവിനെ പോലീസും നാട്ടുകാരും ചേർന്ന് മറ്റൊരു മകന്റെ വീട്ടിലാക്കി.
റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യക്ക് അസുഖമാണ്. ഇവരോടൊപ്പം താമസിച്ചിരുന്ന മകനും കുടുംബവും അവരെ കാണാൻ ആശുപത്രിയിലേക്കു പോകുംമുമ്പ് രാവിലെ എട്ടുമണിയോടെയാണ് അച്ഛനെ കസേരയിലാക്കി വീട്ടിനു മുന്നിലെ റോഡിൽ ഇരുത്തിയത്. പന്ത്രണ്ടര കഴിഞ്ഞിട്ടും റിട്ട. എസ്.ഐ. കൊടുംവെയിലിൽ റോഡിൽ ഇരിക്കുന്നതുകണ്ട നാട്ടുകാർ പ്രശ്നത്തിൽ ഇടപെട്ടു. വട്ടിയൂർക്കാവ് പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തി ഇദ്ദേഹത്തെ തൊട്ടടുത്തുള്ള മകന്റെ വീട്ടിലാക്കി. എന്നാൽ, അവിടെ സ്ഥലസൗകര്യമില്ലെന്നുപറഞ്ഞ് അയാൾ കൈയൊഴിഞ്ഞു.
ഉടൻതന്നെ മറ്റൊരു മകന്റെ വീട്ടിലേക്കു പിതാവിനെ മാറ്റി. 20 ദിവസത്തിനുള്ളിൽ ആശുപത്രിയിലുള്ളവർ വരുമെന്നും അതുവരെ താമസിപ്പിക്കാമെന്നും അയാൾ സമ്മതിച്ചതായി വട്ടിയൂർക്കാവ് പോലീസ് അറിയിച്ചു. മക്കൾക്കെതിരേ നിയമനടപടി സ്വീകരിക്കാൻ പിതാവ് തയ്യാറല്ല. 20 ദിവസത്തിനുള്ളിൽ മക്കളെ വിളിച്ചുവരുത്തി ചർച്ചചെയ്ത് പ്രശ്നപരിഹാരം ഉണ്ടാക്കുമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
കരിപ്പൂര്‍ വിമാനത്താവളത്തിൽ ലാന്റിംഗിനിടെ വിമാനം റൺവെയിൽ ഉരസി. തലനാരിഴയ്ക്കാണ് ദുരന്തം വഴിമാറിയത്. സൗദിയിൽ നിന്ന് യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ പുറക് വശം ലാന്റിംഗിനിടെ റൺവെയിൽ ഉരസുകയായിരുന്നു. 180 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
വിമാനത്തിന് കേടുപാടുകളുണ്ടെന്നാണ് വിവരം. സാങ്കേതിക വിദഗ്ധരെത്തി പരിശോധിച്ച ശേഷം മാത്രമെ യാത്ര തുടരാനാകു എന്നും അധികൃതര്‍ അറിയിച്ചു. തിരിച്ചുള്ള വിമാനത്തിന് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് പകരം സംവിധാനം ഏര്‍പ്പാടാക്കിയിട്ടുണ്ട്.
അപകടത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും യാത്രക്കാർ. വിമാനം പതിനഞ്ച് മിനിറ്റോളം ആകാശത്ത് വട്ടം കറങ്ങിയെന്നും രണ്ട് തവണ ലാന്റ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന് ശേഷമാണ് പിന്നീട് നിലത്തിറക്കിയതെന്നും യാത്രക്കാർ പറഞ്ഞു.
വിമാനത്തിലുണ്ടായിരുന്ന കാസർഗോഡ് അണങ്കൂർ സ്വദേശി ഫൈസലും കുടുംബവും ഇപ്പോഴും ആ ഞെട്ടലിലാണ്. ലാൻഡിങിനായി തയ്യാറെടുക്കുമ്പോൾ തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ഇവർ പറഞ്ഞു. രണ്ട് തവണ ലാന്റെ ചെയ്യാന്‍ ശ്രമിച്ച ശേഷം വീണ്ടും പറന്നുയര്‍ന്നു.
മൂന്നാമത്തെ തവണ വലിയ ശബ്ദത്തോടെയാണ് ലാന്റ് ചെയ്തത്. ലാന്റ് ചെയ്ത ശേഷവും അമിത വേഗത്തിലായിരുന്നു വിമാനം റണ്‍വേയിലൂടെ സഞ്ചരിച്ചത്. യാത്രക്കാരെല്ലാം പരിഭ്രാന്തരായിരുന്നുവെന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരി റംസീന പറഞ്ഞു.
183 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തെന്നിമാറിയ സ്ഥലത്ത് അൽപംകൂടി മുന്നോട്ട് പോയിരുന്നെങ്കിൽ വിമാനം കൊക്കയിൽ വീഴുമായിരുന്നു. വിമാനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് പ്രശ്നത്തിന് കാരണമെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.
ബത്തേരി–പുൽപള്ളി റൂട്ടിലെ പാമ്പ്ര വനപാതയിൽ കടുവ ഇറങ്ങിയതായി റിപ്പോര്‍ട്ട്. ബൈക്കിന് പിന്നാലെ കടുവ പാഞ്ഞടുക്കുന്ന വിഡിയോ വൈറലായിരിക്കുകയാണ്. ഭയപ്പെടുത്തുന്ന ഈ കൗതുക കാഴ്ച കണ്ട പലരും ഇതുവഴി ബൈക്ക് യാത്ര ഉപേക്ഷിച്ചു. പാമ്പ്ര എസ്റ്റേറ്റിനടുത്തുള്ള ചെതലയം, കുറിച്യാട് റേഞ്ചുകളുടെ അതിർത്തി ഭാഗത്താണ് വനത്തിൽ നിന്ന് റോഡിലേക്ക് കടുവ ബൈക്കിന് പിന്നാലെ അൽപ ദൂരം ഓടുന്ന രംഗമുള്ളത്. ബൈക്ക് യാത്രികൻ പേടികൂടാതെ എടുത്ത വിഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
റോഡ് മുറിച്ചുകടന്ന കടുവ വനത്തിലേക്ക് പ്രവേശിക്കുന്നതും വിഡിയോയിൽ കാണാം. ബൈക്കിന് പിന്നിലിരുന്നയാളാണ് ഈ ദൃശ്യം പകർത്തിയത്. ഈ ഭാഗത്ത് 3 കടുവകളുടെ സാന്നിധ്യം പലപ്പോഴായി കണ്ടിട്ടുണ്ടെന്നും എന്നാൽ ആരെയും ഓടിച്ചതായി അറിവില്ലെന്നും വനംവകുപ്പ് പറയുന്നു. ബന്ദിപ്പൂർ കടുവ സങ്കേതത്തോട് ചേർന്ന് കിടക്കുന്ന വയനാട് വന്യജീവി സങ്കേതത്തിൽ കടുവകൾ കൂടുതലുണ്ട്.എന്നാല്‍ ഈ വിഡിയോ ഏത് ഭാഗത്ത് നിന്നെന്ന് ഉറപ്പിക്കാന്‍ വനംവകുപ്പ് തയാറായിട്ടുമില്ല.
തിരുവനന്തപുരത്തെത്തിയശേഷം കാണാനില്ലെന്ന് പരാതി ലഭിച്ച ജര്‍മന്‍ യുവതി കൊല്ലം അമൃതാനന്ദമയി ആശ്രമത്തില്‍ എത്തിയിട്ടില്ല. ഇതോടെ യുവതി എവിടെപ്പോയെന്നതില്‍ ദുരൂഹതകളേറി. കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ രൂപീകരിച്ചു.
ലീസ വെയ്സ എന്ന ജര്‍മ്മന്‍ യുവതി കേരളത്തിലെത്തിയ ശേഷം തിരിച്ച് വന്നിട്ടില്ലെന്നാണ് ഇവരുടെ മാതാവിന്റെ പരാതിയില്‍ പറയുന്നത്. കൊല്ലം അമൃതപുരി എന്നായിരുന്നു യാത്രാരേഖകളിലെ പ്രാദേശികവിലാസം. അതിനാല്‍ അമൃതാനന്ദമയി ആശ്രമത്തില്‍ എത്തിയിട്ടുണ്ടാകുമെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. ആശ്രമത്തില്‍ എത്തി അന്വേഷിച്ചെങ്കിലും ഇവിടെയെത്തിയില്ലെന്നാണ് മൊഴി ലഭിച്ചത്. എന്നാല്‍ 2009ല്‍ ആശ്രമത്തില്‍ വന്നിട്ടുമുണ്ട്. ഇതോടെ മാര്‍ച്ച് 7ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം ലീസ എവിടെപ്പോയി എന്ന കാര്യത്തില്‍ ഒരു സൂചനയുമില്ല.
മുഹമ്മദ് അലി എന്ന യു.കെ പൗരനൊപ്പമാണ് തിരുവനന്തപുരത്തെത്തിയത്. ഇത് ലീസ പ്രണയിക്കുന്ന ആണ് സുഹൃത്താണെന്ന് മാതാവ് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ മുഹമ്മദ് അലി മാര്‍ച്ച് 15ന് തന്നെ തിരിച്ച് പോയി. അതുകൊണ്ട് വിദേശ എംബസിയുടെ സഹായത്തോടെ ഇയാള്‍ നാട്ടില്‍ തിരികെയെത്തിയോയെന്ന് അന്വേഷിച്ച് വിവരം ശേഖരിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതോടൊപ്പം തിരുവനന്തപുരത്തൂടെ അല്ലാതെ മറ്റേതെങ്കിലും വിമാനത്താവളം വഴി ലീസ തിരികെപ്പോയോയെന്നും അന്വേഷിക്കുന്നുണ്ട്.
കോവളം, ശംഖുമഖം പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ അന്വേഷിച്ചെങ്കിലും ആരും കണ്ടതായി പറയുന്നില്ല. കേരളത്തിലെത്തി നൂറിലേറെ ദിവസം കഴിഞ്ഞെന്നതും അന്വേഷണത്തിന് തടസമാകുന്നുണ്ട്. ശംഖുമഖം എ.എസ്.പി R. ഇളങ്കോയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപീകരിച്ചാണ് അന്വേഷണം.
തൃപ്പൂണിത്തുറ എആർ ക്യാംപിലെ പൊലീസുകാരൻ വടയാർ പൊട്ടൻചിറ തുണ്ടത്തിൽ അഭിജിത്തിന്റെ ഭാര്യ ദീപയെയും (30) മകൾ ദക്ഷയെയും (2 വയസ്സ്) മുവാറ്റുപുഴ ആറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ഇന്നലെ ഉച്ചയോടെ വടയാർ ഇളങ്കാവ് ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ കുളിക്കടവിൽ അടിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടത്. അമ്മയുടെ ദേഹത്തോടു ചേർത്ത് കുഞ്ഞിനെ ഷാൾ ഉപയോഗിച്ച് കെട്ടിയ നിലയിലാണ്. പ്രണയിച്ചു വിവാഹം കഴിച്ച അഭിജിത്തും ദീപയും ഭർതൃ ഗൃഹത്തിലായിരുന്നു താമസം.
അഭിജിത്തിന്റെ പിതാവ് ടി.ആർ. സതീശൻ പറയുന്നത് : ‘‘വ്യാഴം രാത്രി അഭിജിത്തും ഭാര്യ ദീപയും തമ്മിൽ വഴക്കുണ്ടായി. രാത്രി 10 ന് അഭിജിത്ത് ഡ്യൂട്ടിക്കായി ക്യാംപിലേക്കു പോയ ശേഷം വീട്ടുകാർ ഉറങ്ങി. പുലർച്ചെ 3 നു ഉണർന്നപ്പോൾ ദീപയുടെ മുറിയിൽ വെളിച്ചം ഉണ്ടായിരുന്നു. ഉറങ്ങാതെ ഇരുന്ന ദീപയോട് ഉറങ്ങാൻ പറഞ്ഞ ശേഷം വീണ്ടും കിടന്നു.രാവിലെ ഉണർന്നപ്പോൾ വീടിന്റെ കതകു തുറന്നു കിടക്കുന്നതു കണ്ട് നോക്കിയപ്പോൾ ദീപയെയും കുഞ്ഞിനെയും കണ്ടില്ല .പോകാൻ സാധ്യത ഉള്ള വീടുകളിൽ അന്വേഷണം നടത്തിയിട്ടും വിവരം ഒന്നും ലഭിക്കാതെ വന്നതോടെ തലയോലപ്പറമ്പ് പൊലീസിൽ അറിയിച്ചു.
പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വിവരം ഒന്നും ലഭിച്ചില്ല. ഇന്നലെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.’’ സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് സിഐ ക്ലീറ്റസ് കെ. ജോസഫിന്റെ നേതൃത്വത്തിൽ അഭിജിത്തിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇടവട്ടം രണ്ടു കണ്ടത്തിൽ ശിവദാസന്റെയും രമണിയുടെയും മൂന്നു പെൺമക്കളിൽ ഇളയ ഇരട്ടകളിൽ ഒരാളാണ് ദീപ. വൈക്കം എസ്പി അർവിന്ദ് സുകുമാർ, തഹസിൽ ദാർ കെ.എം. നാസർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. സംസ്കാരം ഇന്ന് ഇടവട്ടത്ത് ദീപയുടെ വീട്ടുവളപ്പിൽ നടക്കും.സംഭവത്തിലെ ദുരൂഹത അകറ്റുന്നതിനു സമഗ്ര അന്വേഷണം നടത്തണം എന്ന് ദീപയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
റിമാൻഡ് പ്രതി കുമാറിനെ (49) പീരുമേട് താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോകുംമുൻപ് സബ് ജയിലിൽവച്ചുതന്നെ മരിച്ചതായി സഹതടവുകാരൻ കുമളി ചെങ്കര സ്വദേശി സുനിൽ സുകുമാരൻ. ജയിലിലും മർദനമേറ്റതായും മരിച്ച ദിവസം രാവിലെ ഒരു ഉദ്യോഗസ്ഥൻ കുമാറിന് ഗുളിക കൊടുത്തതായും സുനിൽ വെളിപ്പെടുത്തി.
‘ജയിലിൽ കുമാറിന്റെ സമീപത്തെ സെല്ലിലായിരുന്നു ഞാൻ. 21 ന് രാവിലെ അവശനിലയിലാണു കുമാറിനെ കണ്ടത്. അൽപം വെള്ളം തരുമോ എന്നു കരഞ്ഞു യാചിച്ചു കുമാർ നിലത്ത് കമഴ്ന്നു വീണു. ഈ സമയം ജയിലിൽ യോഗാദിന പരിപാടികൾ നടക്കുകയായിരുന്നു. അതുകഴിഞ്ഞു തടവുകാർ എത്തിയപ്പോൾ മരിച്ചു കിടക്കുന്ന കുമാറിനെയാണ് കണ്ടത്’
മരിക്കുന്നതിന്റെ തലേന്ന് രാത്രി 7ന് നെഞ്ചുവേദന അനുഭവപ്പെടുന്നതായി കരഞ്ഞു പറഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല. രാത്രി 7ന് ആരംഭിച്ച കുമാറിന്റെ ഉച്ചത്തിലുള്ള കരച്ചിൽ 12 മണി വരെ തുടർന്നു. വെളുപ്പിന് 5 മണിക്ക് എത്തിയ ഉദ്യോഗസ്ഥൻ, നീ ഞങ്ങളെ ഉറക്കുകയില്ല അല്ലേ എന്നു ചോദിച്ച് അസഭ്യവർഷം നടത്തി. ഇതിനിടെ, തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരും കൂട്ടമായി കുമാറിനെ മർദിച്ചുവെന്ന വിവരം പുറത്തുവന്നു. 12 ന് കുട്ടിക്കാനം മുതൽ പുളിയൻമല വരെയുളള യാത്രയ്ക്കിടെ കുമാറിനു നിരന്തരം മർദനമേറ്റു.
കേരള രാഷ്ട്രീയ സാമൂഹിക ചരിത്രം പരിശോധിച്ചാൽ കേരള സമൂഹം മതനിരപേക്ഷ സ്വഭാവം കൈ വരച്ചതിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നൽകിയ വലിയ സംഭാവന മനസ്സിലാക്കാൻ സാധിക്കും. സാമൂഹികമായി പിന്നോക്കം നിന്ന വലിയ ഭൂരിപക്ഷമായ ജനവിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിനും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിന് ഉണ്ടായ സാമൂഹിക മുന്നേറ്റത്തിനും ഇടതുപക്ഷ ആശയങ്ങളും പ്രസ്ഥാനങ്ങളും നൽകിയ സംഭാവനയെ ചോദ്യം ചെയ്യാൻ സാധിക്കില്ല.
” നമ്മൾ കൊയ്യും വയലുകളെല്ലാം നമ്മുടെതാകും പൈങ്കിളിയെ” എന്ന് വയലാർ പാടിയപ്പോൾ അത് ഒരു സാമൂഹിക നവോദ്ധാനത്തിൻെറ ഉണർത്തുപാട്ടായി . ഇടതുപക്ഷ ആശയങ്ങൾ കേരളത്തിൽ ഉണ്ടാക്കിയ സാമൂഹിക മുന്നേറ്റത്തിന്റെ സംഭാവനകൾ വിശദമായ പഠനത്തിനും ഒരു സോഷ്യൽ ഓഡിറ്റിങ്ങിനും വിധേയമാക്കേണ്ടതാണ്. കേരളത്തിന്റെ മതനിരപേക്ഷത സുഗമമായി നിലനിർത്താൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നൽകുന്ന പങ്കിന്റെ ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ തെളിവാണ് ഇടതുപക്ഷം ഭരണത്തിൽ എത്തുമ്പോൾ മത-രാഷ്ട്രീയ സംഘടനകളുടെ ദുർബലമാകുന്ന വിലപേശൽ ശേഷി.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് സംഭവിച്ച തിരിച്ചടി കേരളത്തിന്റെ മതനിരപേക്ഷിത സ്വഭാവത്തിനു സംഭവിച്ച അപചയത്തിന് തെളിവാണ്. സാമൂഹിക നവോത്ഥാനത്തിന് നൂറ്റാണ്ടിലെ ഏറ്റവും വലിയ നേർക്കാഴ്ചയായി പുരോഗമന ചിന്താഗതിക്കാർ ഉയർത്തിക്കൊണ്ടുവന്ന ശബരിമല വിഷയം ഇടതുപക്ഷത്തിന് ഏറ്റ തിരിച്ചടിക്ക് കാരണമായെങ്കിൽ കേരളത്തിന്റെ പ്രമുഖമായ രാഷ്ട്രീയ സാമൂഹിക ‘പ്രബുദ്ധതയ്ക്ക്’ എന്തൊക്കെയോ വ്യതിയാനങ്ങൾ സംഭവിക്കുന്നു എന്ന് കരുതണം.
ഇവിടെയാണ് കേരളം ബംഗാളിൻെറ വഴിക്കാണോ സഞ്ചരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നത്. ജാതിമത ശക്തികൾക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായിരുന്നു ബംഗാൾ. ഇന്ത്യ വിഭജനത്തെത്തുടർന്ന് ഉണ്ടായ വർഗീയകലാപങ്ങളും അഭയാർഥി പ്രവാഹവും എല്ലാം ജാതിമത ശക്തികൾക്ക് ബംഗാളിൽ പിടിമുറുക്കാനുള്ള അന്തരീക്ഷം ഒരുക്കിയിരുന്നു. എന്നാൽ ജാതിമതചിന്തകൾക്ക് ഉപരിയായി മാനവികതയ്ക്ക് പ്രാധാന്യം നൽകിയിരുന്ന ഒരു പറ്റം നേതാക്കൾ ബംഗാളിനെ മതേതര ഇന്ത്യയുടെ കളിത്തൊട്ടിലായി വളർത്തിക്കൊണ്ടുവന്നു. ഡോക്ടർ ബി സി റോയ്, അജയ് മുഖർജി, ജ്യോതിബസു, പ്രഫുല്ല ചന്ദ്രസെൻ തുടങ്ങിയ നേതാക്കളുടെ ശ്രമങ്ങൾ ബംഗാളിനെ വർഗീയ കോമരങ്ങളിൽ നിന്ന് അകറ്റിനിർത്തി. മാനവികതയ്ക്ക് പ്രാധാന്യം നൽകിയ ഈ നേതാക്കന്മാർ ബംഗാളിൽ ഉയർത്തിയ സംരക്ഷണഭിത്തി ആണ് തകർന്നടിഞ്ഞിരിക്കുന്നത്. ബംഗാളിലെ പോലെ കേരളത്തിലും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തിരിച്ചടി നേരിടുകയാണെങ്കിൽ പകരം ഉയർന്നു വരുന്നത് വർഗീയശക്തികൾ ആയിരിക്കും എന്ന് നിസ്സംശയം പറയാം. ഇതാണ് കേരളവും ബംഗാളിന്റെ വഴിക്കാണോ എന്ന് സംശയിക്കാൻ കാരണം.
വലതുപക്ഷ ഭരണകാലത്ത് മതജാതി ശക്തികൾക്ക് ഭരണ-രാഷ്ട്രീയ മേഖലകൾ ലഭിക്കുന്ന സ്വാധീനം ഇടതുഭരണത്തിൽ ഇല്ലാത്തതും ഇന്നത്തെ കേരളത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിൽ ഇടതുപക്ഷത്തിന്റെ പങ്കിന്റെ തെളിവാണ്. വലതുപക്ഷ ഭരണം കൈയാളുമ്പോൾ സർവ്വകലാശാലകളും മന്ത്രി നിയമനങ്ങളിലും തൊട്ടു സർവതിലും കൈകടത്താൻ ജാതിമത ശക്തികൾക്ക് സാധിച്ചിരുന്നു. ഇത്തരത്തിലുള്ള കൈകടത്തലുകൾക്ക് അതിർവരമ്പിടാനും സർവോപരി മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയെ താങ്ങി നിർത്താനും ഇടതുപക്ഷത്തിന്റെ നിലനിൽപ്പ് അത്യന്താപേഷിതമാണ് .
ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
നെടുമങ്ങാട്ടെ പെൺകുട്ടിയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് അമ്മയും സുഹൃത്തും. ഇരുവരുടെയും ബന്ധം എതിർത്തതിനാലാണ് കുട്ടിയെ കൊന്നതെന്ന് മൊഴി നൽകി. കുട്ടിയുടെ അമ്മ മഞ്ജുഷയെയും, സുഹൃത്ത് അനീഷിനെയും റിമാൻഡ് ചെയ്തു നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മ മഞ്ജുഷയും സുഹൃത്ത് അനീഷും കുറ്റം സമ്മതിച്ചത്.
മഞ്ജുഷയും സുഹൃത്ത് അനീഷിനും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതോടെയാണ് പതിനാറുകാരിയെ കൊന്നതെന്നാണ് മൊഴി. കുട്ടിയെ കിടക്കയിലേക്ക് തള്ളിയിട്ട് ഷാൾ കഴുത്തിൽ കുരുക്കിയാണ് കൊന്നതെന്ന് ഇരുവരും സമ്മതിച്ചു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരെ അടുത്തയാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങിക്കും. കൊലപാതകമാണെന്ന് നേരത്തെ പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു. കുട്ടിയുടെ കഴുത്തിലെ മൂന്ന് ഏല്ലുകൾക്ക് പൊട്ടലുണ്ട്.
ഇന്നലെയാണ് നെടുമങ്ങാട് കരിപ്പൂരിലെ പൊട്ടക്കിണറ്റിൽ കാരാന്തല സ്വദേശിയായ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടാവ്ച മുമ്പാണ് മഞ്ജുഷയെയും കുട്ടിയെയും പറണ്ടോടുളള വാടകവീട്ടിൽ നിന്നും കാണാതായത്. രണ്ടാഴ്ചയിലേറെയായിരുന്നു. മകൾ ഒളിച്ചോടിയെന്നും പൊലീസ് അന്വേഷണത്തിൽ മഞ്ജുഷയെയും ഇടമല സ്വദേശി അനീഷിനെയും തമിഴ്നാട്ടിൽ നിന്നും കണ്ടെത്തി.
ചോദ്യം ചെയ്യലിൽ കുട്ടി ആത്മഹത്യ ചെയ്തെന്നാണ് മഞ്ജുഷ ആദ്യം മൊഴി നൽകിയത്. വഴക്കുപറഞ്ഞതിന് മകൾ തൂങ്ങിമരിച്ചെന്നും മാനക്കേട് ഭയന്ന് മൃതദേഹം കിണറ്റിൽ കല്ലു കെട്ടി താഴ്ത്തി എന്നുമായിരുന്നു മൊഴി. തുടർന്ന് കിണർ പരിശോധിച്ച് പൊലീസ് മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
തിരുവനന്തപുരം: കേരള സന്ദർശനത്തിനെത്തിയ വിദേശ വനിതയെ കാണാനില്ലെന്ന് പരാതി. ജർമ്മൻ സ്വദേശി ലിസ വെയ്സിനെ കാണാനില്ലെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ജർമ്മൻ കോൺസുലേറ്റ് ഡിജിപിക്ക് കത്തയച്ചു. യുവതിയുടെ അമ്മ കോൺസുലേറ്റിന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ജർമ്മൻ കോൺസുലേറ്റ് ഡിജിപിക്ക് കത്തയച്ചത്.
സംഭവത്തില്‍ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദേശ വനിത മാർച്ച് 7 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യു എസ് പൗരൻ മുഹമ്മദലി നാട്ടിലേക്ക് മടങ്ങി പോയതായും പൊലീസ് പറഞ്ഞു.
രാജസ്ഥാനിലെ ജോദ്പുരില്‍ എയിംസിലെ മലയാളി നഴ്സ് ആശുപത്രിയില്‍ തീകൊളുത്തി ജീവനൊടുക്കി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ബിജു പുനോജ് എന്ന ജീവനക്കാരിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30 ന് ആയിരുന്നു സംഭവം. കുടുംബപ്രശ്നങ്ങളില്‍ ഇവര്‍ മാനസിക ബുദ്ധിമുട്ടിലായിരുന്നെന്ന് കൂടെ താമസിക്കുന്ന സുഹൃത്ത് പറയുന്നു. പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ കൊണ്ടുവന്നാണ് തീകൊളുത്തി ജീവനൊടുക്കിയതെന്നാണ് പോലീസ് നിഗമനം.
സംഭവം നടന്ന മുറിയുടെ സമീപത്തൂടെ നടന്നുപോയ ആളാണ് വിവരം ആശുപത്രി അധികൃതരെ അറിയിക്കുന്നത്. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പൂട്ട് തകര്‍ത്ത് അകത്തു കടക്കുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.