India

കോവിഡ്–19 രോഗവ്യപനത്തിന്റെ പശ്ചാതലത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കാസര്‍കോട് ജില്ല. വിലക്കുകള്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ പൊലീസ് വിരട്ടിയോടിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കാത്തവരോട് ഇനി അഭ്യര്‍ഥനയില്ലെന്നും, ശക്തമായ നടപടിയുണ്ടാകുമെന്നും കലക്ടര്‍  പറഞ്ഞു.

നിരോധനാജ്ഞയടക്കമുള്ള നിയന്ത്രണങ്ങള്‍ ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാവിലെ മുതല്‍ അതെല്ലാം ലംഘിക്കപ്പെടുന്ന കാഴ്ചകളാണ് നഗരത്തില്‍ കണ്ടത്. പുതിയ സ്റ്റാന്‍ഡ് പരിസരത്ത് കൂട്ടം കൂടിയവരെ പൊലീസ് വിരട്ടിയോടിച്ചു. വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരുടെ എണ്ണം കൂടുന്നത് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തോടെ കലക്ടര്‍ തന്നെ നേരിട്ട് രംഗത്തിറങ്ങി. അത്യവശ്യക്കാരല്ലാത്തവരെ മുഴുവന്‍ കാര്യത്തിന്റെ ഗൗരവം പറഞ്ഞ് മനസിലാക്കി മടക്കി അയച്ചു.

നിയന്ത്രണങ്ങള്‍ മറികടക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം. ജില്ലയില്‍ കോവിഡ്–19 രോഗം സ്ഥിരീകരിച്ച രോഗികളുടെ സ‍ഞ്ചാരപഥം ഇനി തയ്യാറാക്കില്ല. യാത്ര സംബന്ധിച്ച വിവരങ്ങള്‍ രോഗികള്‍ മറച്ചുവയ്ക്കുന്നതാണ് റൂട്ട് മാപ്പ് വേണ്ടെന്ന തീരുമാനത്തിലേയ്ക്ക് അധികൃതരെ എത്തിച്ചത്.

നഗരത്തില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞ് കിടക്കുകയാണ്. രാവിലെ പതിനൊന്ന് മണി മുതല്‍ അഞ്ചു മണിവരെ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ടെങ്കിലും ചുരുക്കം സ്ഥാപനങ്ങള്‍ മാത്രമാണ് തുറന്നത്.

സംസ്ഥാനത്ത് ജനതാകര്‍ഫ്യൂ നീട്ടി. രാത്രി 9 മണിക്കുശേഷവും ആളുകള്‍ പുറത്തിറങ്ങരുതെന്ന് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നൽകി.

അതേസമയം 75 ജില്ലകള്‍ അടച്ചിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. കര്‍ണാടക ഇന്ന് കേരള, തമിഴ്നാട് ആന്ധ്ര അതിര്‍ത്തികള്‍ അടയ്ക്കും. മാഹിയുടേതുള്‍പ്പെടെ അല്ലാ അതിര്‍ത്തികളും അടയ്ക്കുമെന്ന് പുതുച്ചേരി.

കോവിഡ് ബാധിത ജില്ലകളാണ്‌ കേരളത്തില്‍ അടച്ചിടുന്നത്‌.ജില്ലകള്‍ അടച്ചിടണം. പത്തനംതിട്ട, കാസര്‍കോട്, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം ഈ ജില്ലകളില്‍ അവശ്യസേവനങ്ങള്‍ മാത്രം.

സംസ്ഥാനത്ത് 15 പേരില്‍ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ കാസര്‍കോട്, നാലുപേര്‍ കണ്ണൂരില്‍. കോഴിക്കോട് രണ്ടുപേര്‍. മലപ്പുറത്തും എറണാകുളത്തും രണ്ടു പേർ വീതം. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് 64 പേർ. 59,295 പേര്‍ നിരീക്ഷണത്തില്‍. വീടുകളില്‍ നിരീക്ഷണത്തിലുള്ളത് 58981 പേര്‍. ആശുപത്രികളില്‍ 314 പേർ. സ്രവസാംപിള്‍ പരിശോധിച്ച 2744 പേര്‍ക്ക് രോഗമില്ല.

കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാന്‍ അതീവജാഗ്രത വേണമെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് തയാറെടുത്തുവെന്നും മന്ത്രി പറഞ്ഞു.

രാത്രിയിലെ അലോകനയോഗത്തിന് ശേഷമെ ഇന്നത്തെ യഥാര്‍ഥ സ്ഥിതി വ്യക്തമാകുകയുള്ളൂ. മറ്റുജില്ലകളില്‍ കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലായെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളോ മറ്റസുഖങ്ങളോ ഉണ്ടെങ്കിലോ ഐസലേഷന്‍ മുറികളില്‍ മാത്രമേ ചികിത്സിക്കാന്‍ കഴിയുകയുള്ളൂ. ഇത് മുന്നില്‍കണ്ടുള്ള ഒരുക്കങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിയത്. ഓരോ പ്ലാന്‍ അനുസരിച്ച് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, മരുന്നുകള്‍, സുരക്ഷ ഉപകരണങ്ങള്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വലിയ തോതില്‍ കൂട്ടുകയാണെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.

ജനങ്ങള്‍ ജാഗ്രത പുലര്‍ത്തി സാമൂഹ്യ അകലം പാലിച്ച് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൃത്യമായി നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ പ്ലാന്‍ ബിയില്‍ തന്നെ പിടിച്ചു നില്‍ക്കാനാകും. അതല്ല വലിയ തോതില്‍ സമൂഹ വ്യാപനമുണ്ടായാല്‍ പ്ലാന്‍ സിയിലേക്ക് കടക്കും. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ പൂര്‍ണ ഇത് നടപ്പാക്കുക. പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെയെല്ലാം അത്യാവശ്യമില്ലാത്ത വിഭാഗങ്ങള്‍ ഒഴിപ്പിച്ച് രോഗികളുടെ എണ്ണം പരമാവധി കുറച്ച് സൗകര്യമൊരുക്കും. 81 സര്‍ക്കാര്‍ ആശുപത്രികളും 41 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 122 ആശുപത്രികളിലായി 3028 ഐസലേഷന്‍ കിടക്കകളാണ് കണ്ടെത്തിയിരിക്കുന്നത്

വിദേശത്തു നിന്ന് തിരിച്ചെത്തി നിരീക്ഷണത്തിൽ ഉണ്ടായിരുന്നയാള്‍ മരിച്ചു. വീട്ടില്‍ കുഴഞ്ഞു വീണു മരണപ്പെട്ടു എന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴി. ദുബായില്‍ നിന്നെത്തിയ പൂവാര്‍ കല്ലിങ്കവിളാകം സ്വദേശി ഗോപി (52) യാണ് മരിച്ചത്. ഇയാള്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ മാര്‍ച്ച് 10നാണ് ഇയാള്‍ ദുബായില്‍നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് മാറ്റി.

അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 53,013 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 52,785 പേര്‍ വീടുകളിലും 228 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. 70 പേരെ ഇന്ന് ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കി. രോഗലക്ഷണങ്ങള്‍ ഉള്ള 3716 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 2566 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

രാജ്യത്തെ ട്രെയിൻ ഗതാഗതം ഈമാസം 31 വരെ നിർത്തി വയ്ക്കും. നിലവില്‍ പുറപ്പെട്ട ട്രെയിനുകള്‍ യാത്ര പുര്‍ത്തിയാക്കും. ചരക്കുഗതാഗതത്തിന് വിലക്ക് ബാധകമല്ല. റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.യാദവ് സോണൽ ജനറൽ മാനേജർമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിങ്ങിലാണു ഇത് സംബന്ധിച്ചു ധാരണയിലെത്തിയത്. നിലവിലുളള ട്രെയിൻ ഗതാഗത നിയന്ത്രണം ഇന്ന് രാത്രി 10ന് തീരുന്ന മുറയ്ക്കു അടുത്ത 72 മണിക്കൂർ ട്രെയിൻ സർവീസുകൾ പൂർണമായും നിർത്തി വയ്ക്കുന്നത്.

ഇന്ന് രാത്രി 12ന് ശേഷം സർവീസുകളൊന്നും ആരംഭിക്കാൻ പാടില്ല. നിലവിൽ ഒാടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ സർവീസ് അവസാനിപ്പിക്കും.. ട്രെയിൻ യാത്രയിലൂടെ കോവിഡ് 19 പകരുന്നത് ഒഴിവാക്കാനാണു കടുത്ത നടപടികളിലേക്കു റെയിൽവേ നീങ്ങുന്നത്. ജനത കർഫ്യു പ്രഖ്യാപിച്ചിരിക്കുന്ന ഇന്ന് നാനൂറോളം ട്രെയിനുകൾ മാത്രമാണു രാജ്യത്തു സർവീസ് നടത്തുന്നത്.

ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സർക്കാരുകൾ തങ്ങളുടെ സംസ്ഥാനങ്ങളിലേക്കുളള എല്ലാ ട്രെയിൻ സർവീസുകളും അടിയന്തരമായി നിർത്തി വയ്ക്കണമെന്നു റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. മുംബൈ–ജബൽപൂർ ഗോൾഡൻ എക്സ്പ്രസിലെ 4 യാത്രക്കാർക്കും ആന്ധ്ര സമ്പർക്ക് ക്രാന്തി എക്സ്പ്രസിലെ 8 പേർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ചികിൽസയിലുണ്ടായിരുന്ന 2 പേർ ബെംഗളൂരു–ഡൽഹി രാജധാനിയിൽ യാത്ര ചെയ്യുകയും ചെയ്തു.

കമിതാക്കളെ പാറക്കെട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തട്ടക്കുഴ കൂറുമുള്ളാനിയില്‍ അരവിന്ദ് കെ.ജിനു, മുളപ്പുറം കൂനംമാനിയില്‍ മെറിന്‍ രാജു എന്നിവരെയാണ് ചെപ്പുകുളം ഇരുകല്ലിന്‍മുടിയില്‍ നിന്നു ചാടി ജീവന്‍ ഒടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും ശരീരങ്ങള്‍ ഷാള്‍ കൊണ്ട് ബന്ധിച്ച നിലയില്‍ ആയിരുന്നു. തൊടുപുഴയില്‍ നിന്നു എത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങള്‍ മുകളില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.

ഇരുവര്‍ക്കും പതിനെട്ട് വയസായിരുന്നു. മെറിനെ വെള്ളിയാഴ്ച രാത്രി 11ന് ശേഷം വീട്ടില്‍ നിന്നു കാണാതായെന്നു ബന്ധുക്കള്‍ കരിമണ്ണൂര്‍ പൊലീസില്‍ ഇന്നലെ രാവിലെ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ വെളളിയാമറ്റം ടവറിനു കീഴില്‍ ആണെന്നു കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെപ്പുകുളം ഇരുകല്ലിന്‍മുടിക്ക് സമീപം അരവിന്ദിന്റെ ബൈക്ക് കണ്ടെത്തിയത്.

പരിശോധനയില്‍ പാറക്കെട്ടില്‍ നിന്നു 250 അടി കുത്തനെ ഉള്ള താഴ്ചയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തട്ടക്കുഴ ഗവ. വിഎച്ച്‌എസ്‌എസില്‍ കഴിഞ്ഞ വര്‍ഷം പ്ലസ് ടുവിനു ഒരുമിച്ചു പഠിച്ചവരാണ് ഇരുവരും. അരവിന്ദ് തൊടുപുഴയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ്. മെറിന്‍ ആന്ധ്രയില്‍ നഴ്‌സിങ് പഠിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മെറിന്‍ ആന്ധ്രയില്‍ നിന്നു വീട്ടില്‍ എത്തിയത്.

പ്രധാന മന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത് രാജ്യത്ത് പുരോഗമിക്കുന്ന ജനതാ കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. ലോകം നേരിടുന്ന മഹാമാരിയെ നേരിടാൻ ജനങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഒരുപാട് പേര്‍ ഇത് സീരിയസായി കാണുന്നില്ല എന്ന് പറയുന്നതില്‍ സങ്കടമുണ്ടെന്നും കൂട്ടിച്ചേർത്തു. എന്നാൽ മനോരമ ന്യൂസിനോട് നടത്തിയ മോഹന്‍ലാലിന്റെ പ്രതികരണത്തിലെ ചില പരാമർശങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയുടെ വിമർശനം ഏറ്റുവാങ്ങുകയും ചെയ്തു.

ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ വൈകുന്നേരം വീടിന് പുറത്തിറങ്ങി നിന്ന് കയ്യടിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ മോഹൻലാൽ വ്യാഖ്യാനിച്ചതാണ് വിമർശനത്തിന് ഇടയാക്കിയത്. വൈകുന്നേരം അഞ്ച് മണിക്ക് എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുമ്പോള്‍ ഒരുപാട് വൈറസും ബാക്റ്റീരിയയും നശിച്ചുപോകാന്‍ സാധ്യതയുണ്ടെന്നും അത് അങ്ങനെ നശിച്ചുപോകട്ടെ എന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ-

ഞാന്‍ ഇപ്പോള്‍ ഉളളത് മദ്രാസിലാണ്. ചെന്നൈയില്‍ എന്റെ വീട്ടിലാണ്. ഒരാഴ്ച മുമ്പെ ഞാന്‍ ഇവിടെ വന്നിട്ട് പിന്നെ തിരിച്ച് പോകാന്‍ സാധിക്കാതെ വന്നു. എന്റെ അമ്മ എറണാകുളത്താണ്. നമ്മള്‍ വളരെയധികം കെയര്‍ എടുത്തിട്ടാണ് ഇരിക്കുന്നത്. എറണാകുളത്തെ വീട്ടിലേക്ക് ഗസ്റ്റുകളെ ഒന്നും പ്രവേശിപ്പിക്കുന്നില്ല. ആരും വരരുതെന്ന് അറിയിച്ചിട്ടുണ്ട്. കാരണം എന്റെ അമ്മയ്ക്ക് വയ്യാതെ ഇരിക്കുന്നതിനാല്‍ എക്‌സ്ട്രാ കെയര്‍ എടുക്കുകയാണ്. മദ്രാസിലെ വീട്ടിലായാലും നമ്മള്‍ പുറത്ത് പോകാതിരിക്കുകയാണ്. മഹാവിപത്തിനെ നേരിടാന്‍ നമ്മള്‍ ഒറ്റക്കെട്ടായി രാജ്യം നില്‍ക്കുമ്പോള്‍ അതിന്റെ കൂടെ സഹകരിക്കുക എന്നുളളത് ഒരു പൗരന്‍ എന്ന നിലയില്‍ രാജ്യത്തെ സ്‌നേഹിക്കുന്നയാള്‍ എന്ന നിലയില്‍ ലോകത്തെ സ്‌നേഹിക്കുന്നയാള്‍ എന്ന നിലയില്‍ നമ്മുടെ ധര്‍മ്മമാണ്.

ഒരുപാട് പേര്‍ ഇത് സീരിയസായി കാണുന്നില്ല എന്ന് പറയുന്നതില്‍ സങ്കടമുണ്ട്. തനിക്ക് വരില്ല എന്നുളള രീതിയിലാണ്, അല്ലെങ്കില്‍ എന്തെങ്കിലും ചെറിയ പനിയോ കാര്യങ്ങളോ ഉണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യണം. നമുക്ക് മാത്രമല്ല, ഒരുപാട് പേര്‍ക്ക് നാം പകര്‍ന്ന് കൊടുക്കാന്‍ സാധ്യതയുളള ഒരു മഹാവിപത്താണ് ഇവിടെ ഉണ്ടായിരിക്കുന്നത്. അതിനെ ഒറ്റക്കെട്ടായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ പറഞ്ഞത് അനുസരിച്ചും അല്ലെങ്കിലും നമ്മളുടെ സ്വന്തം മനസില്‍ നിന്ന് ധാരണയുണ്ടായി എല്ലാവരും പ്രവര്‍ത്തിക്കണമെന്നാണ് അപേക്ഷിക്കുന്നത്. തീര്‍ച്ചയായും ഇന്ന് ഒമ്പത് മണി വരെ വീട്ടില്‍ നില്‍ക്കുകയും അഞ്ച് മണിക്ക് നമ്മള്‍ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുന്ന വലിയ പ്രോസസാണ്. ആ ശബ്ദം എന്ന് പറയുന്നത് വലിയ മന്ത്രം പോലെയാണ്. ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ച് പോട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു.

ഒരു ദിവസത്തേക്കാണ് നമ്മള്‍ എല്ലാവരും വീട്ടിലിരിക്കാന്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. പ്രളയത്തെയും നിപ്പയെക്കാളുമൊക്കെ വലിയ സാഹചര്യമാണ് ഇപ്പോഴുളളത്. അതിനെ തീര്‍ച്ചയായും നമ്മള്‍ അതിജീവിക്കും. നമ്മുടെ കാലാവസ്ഥ, ഇത് നേരിടാനുളള ധൈര്യം, സര്‍ക്കാരിന്റെ നിലപാടുകള്‍, ആരോഗ്യപ്രവര്‍ത്തകരുടെ അദ്ധ്വാനം ഇതെല്ലാം കൊണ്ട് നമ്മള്‍ ഇതിനെ അതിജീവിക്കുമെന്നാണ് കരുതുന്നത്’.

പോര്‍ച്ചുഗലിൽ നിന്ന് ദുബായിലെത്തിയ മലയാളി ഇരട്ട സഹോദരന്മാർ കഴിഞ്ഞ മൂന്ന് ദിവസമായി ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ മൂന്നിൽ കുടുങ്ങി. കോവിഡ്–19 വ്യാപനത്തെ തുടർന്ന് യൂറോപ്പിൽ നിന്നുള്ളവർക്ക് ഇന്ത്യ പ്രവേശനം തടഞ്ഞതാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പോർചുഗലിലെ ലിസ്ബണിൽ നിന്നെത്തിയ തിരുവനന്തപുരം കായംകുളം പുതിയതുറ സ്വദേശികളായ ജാക്സൺ, ബെൻസൺ എന്നിവരാണ് കൃത്യമായി ഭക്ഷണം കഴിക്കാതെയും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാനുമാകാതെ ദുരിതത്തിലായത്.

യൂറോപ്പിൽ കൊറോണ ഭീഷണിയെ തുടർന്ന് നഗരം വിജനമായിത്തുടങ്ങിയപ്പോൾ, ഇൗ മാസം 18ന് പ്രദേശിക സമയം രാവിലെ 11.30ന് എമിറേറ്റ്സ് എയർലൈൻസിൽ ദുബായ് വഴി നാട്ടിലേയ്ക്ക് തിരിക്കുകയായിരുന്നു. ലിസ്ബൺ രാജ്യാന്തര വിമാനത്താവളത്തിൽ തന്നെ ഇവരുടെ തിരുവനന്തപുരത്തേയ്ക്കുള്ള യാത്രാ നടപടികളും പൂർത്തീകരിച്ചിരുന്നു. തങ്ങളുടെ ആരോഗ്യ നില പരിശോധിച്ച് കോവിഡ്–19 ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നതായി ഇരുവരും കാര്യങ്ങൾ ചോദിച്ചറിഞ്ഞ മാധ്യമപ്രവർത്തകരോട് പറയുന്നു

പിറ്റേന്ന് പുലർച്ചെ മൂന്നിന് ദുബായിലെത്തിയ ഇവർക്ക് 21 മണിക്കൂറിന് ശേഷമായിരുന്നു തിരുവനന്തപുരത്തേയ്ക്കുള്ള യാത്ര. എന്നാൽ, തുടർ യാത്രയ്ക്കുള്ള അനുമതി എമിറേറ്റ്സ് എയർലൈൻസിന് ഇന്ത്യൻ അധികൃതരിൽ നിന്ന് ലഭിച്ചില്ല. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേയ്ക്കുള്ള യാത്രക്കാർ അധികം വൈകാതെ അതാത് വിമാനങ്ങളിൽ യാത്ര തിരിച്ചപ്പോൾ, 18ന് ഉച്ചയ്ക്ക് 12ന് ശേഷം തിരുവനന്തപുരത്തേയ്ക്ക് യാത്രാ വിലക്കുണ്ടെന്നും അനുമതി ലഭിച്ചാൽ മാത്രമേ കൊണ്ടുപോവുകയുള്ളൂ എന്നുമായിരുന്നു ജാക്സണും ബെൻസണും അധികൃതർ നൽകിയ മറുപടി.

തങ്ങളുടെ തുടർ യാത്രാ നടപടികൾ ലിസ് ബണിൽ നേരത്തെ പൂർത്തിയായതെന്നറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഇരുവരും പ്രതിസന്ധിയിലാവുകയും വിമാനത്താവളത്തിൽ തന്നെ കുടുങ്ങുകയുമായിരുന്നു. നാളെ (ഞായർ) മുതൽ ഇന്ത്യയിലേയ്ക്ക് രാജ്യാന്തര വിമാന സർവീസ് നിർത്തലാക്കുമെന്നതിനാൽ ഇന്ന് തന്നെ യാത്ര തിരിക്കാൻ സാധിച്ചാലേ രക്ഷയുള്ളൂ. പോർചുഗൽ വീസ റദ്ദാക്കിയാണ് ഇരുവരും വന്നത് എന്നതിനാൽ മടക്കയാത്രയും അസാധ്യമാണ്.

ആദ്യ രണ്ട് ദിവസം ഭക്ഷണത്തിനുള്ള കൂപ്പൺ എമിറേറ്റ്സ് എയർലൈൻസ് അധികൃതർ നൽകിയെങ്കിലും ഇപ്പോൾ സ്വന്തം കീശയിൽ നിന്ന് പണമെടുത്താണ് രണ്ടു നേരം ഭക്ഷണം കഴിക്കുന്നതെന്നും ഇതിന് തന്നെ വൻ തുക ചെലവായെന്നും ജാക്സൺ പറഞ്ഞു. യത്രക്കാർക്കുള്ള കസേരയിലിരുന്നാണ് ഉറങ്ങുന്നത്. ഇവിടുത്തെ കുളിമുറി ഉപയോഗിക്കുന്നുണ്ടെങ്കിലും ദിനചര്യകളാകെ താളം തെറ്റി. കൊണ്ടുവന്ന വസ്ത്രങ്ങളെല്ലാം മുഷിഞ്ഞുതുടങ്ങി. ഇനിയും വൈകിയാൽ തങ്ങൾ ഏറെ ദുരിതത്തിലാകുമെന്നും എത്രയും പെട്ടെന്ന് തങ്ങളെ ഇന്ത്യയിലെത്തിക്കുകയോ യുഎഇയിൽ പുറത്തിറങ്ങാൻ അനുവദിക്കുകയോ ചെയ്യണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

നോർക്കയും സംഭവത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡ‍ന്റ് ഇ.പി.ജോൺസണും ഇവരെ സഹായിക്കാനുള്ള ശ്രമം നടത്തിവരുന്നു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി വി.മുരളീധരനും ഇടപെട്ട് തങ്ങളുടെ പ്രതിസന്ധിക്ക് പരിഹാരണം കാണണമെന്നും ജാക്സണും ബെൻസണും പറഞ്ഞു.

കോവിഡ് വ്യാപനം ചെറുക്കാന്‍ രാജ്യം ഒറ്റക്കെട്ടായി ജനത കര്‍ഫ്യു തുടങ്ങി. രാത്രി ഒന്‍പതുവരെ വീടിനു പുറത്തിറങ്ങാതെ കര്‍ഫ്യു നടപ്പാക്കണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. കര്‍ഫ്യുവിന് പൂര്‍ണ പിന്തുണയുമായി കേരളവും ഒപ്പമുണ്ട്. അവശ്യസേവനങ്ങള്‍ ഒഴികെ എല്ലാം മുടക്കമാണ്.

കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, ട്രെയിന്‍, മെട്രോ തുടങ്ങിയ ഒന്നും പ്രവര്‍ത്തിക്കില്ല. ഹോട്ടല്‍, ബാര്‍, ബവ്റിജസ്, വ്യാപാര സ്ഥാപനങ്ങള്‍, മാളുകള്‍ ഒന്നും തുറക്കില്ല. വീട്ടില്‍ കഴിയുന്നവര്‍ ഇന്ന് വീടും പരിസരവും വൃത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

∙ ബ്രിട്ടൻ: സമ്പൂർണ അടച്ചുപൂട്ടലിലേക്ക്. ഇതുവരെ അടയ്ക്കാതിരുന്ന ബാർ, പബ്, തിയറ്റർ, റസ്റ്ററന്റ്, നൈറ്റ് ക്ലബ്, ജിംനേഷ്യം എന്നിവയടക്കമുള്ള എല്ലാ വിനോദ കേന്ദ്രങ്ങളും അടയ്ക്കാൻ ഉത്തരവ്.
∙ യുഎസ്: ഏറ്റവും വലിയ സംസ്ഥാനമായ കലിഫോർണിയ, ന്യൂയോർക്ക്, ഇല്ലിനോയ്, കണക്ടികട്ട് സംസ്ഥാനങ്ങളിൽ ‘സ്റ്റേ അറ്റ് ഹോം’ ഉത്തരവ്. അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള 3 നഗരങ്ങളും ഇതോടെ നിശ്ചലാവസ്ഥയിൽ – ന്യൂയോർക്ക്, ലൊസാഞ്ചലസ്, ഷിക്കാഗോ.

കോവിഡ് പകർച്ചയിൽ ചൈനയെ വീണ്ടും ‘കുത്തി’ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ചൈനയോടു ബഹുമാനമുണ്ട്. പ്രസിഡന്റ് ഷി ചിൻ പിങ് എന്റെ സുഹൃത്താണ്. പക്ഷേ, കൊറോണ വൈറസ് ചൈനയിൽ തുടങ്ങി, കൈവിട്ടു പോയത് കഷ്ടമായി’ എന്നു വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു. ചൈനയും റഷ്യയും ഇറാനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ആരോപിച്ചു.

∙ ചൈന: തദ്ദേശീയ കോവിഡ് ബാധ തുടർച്ചയായ മൂന്നാം ദിവസവും ഉണ്ടായില്ലെങ്കിലും വിദേശത്തു നിന്നെത്തിയ കൂടുതൽ പേർക്കു രോഗം സ്ഥിരീകരിച്ചു. യുഎസിൽ നിന്നും യൂറോപ്പിൽ നിന്നും തിരിച്ചെത്തിയ വിദ്യാർഥികളും പ്രവാസികളുമായ 41 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഹോങ്കോങ്ങിൽ 48 ‘ഇറക്കുമതി’ കേസുകൾ റിപ്പോർട്ട് ചെയ്തു.

∙ ഫ്രാൻസിൽ സമ്പർക്ക വിലക്കിന്റെ ആദ്യദിനം നിർദേശങ്ങൾ ലംഘിച്ചതിന് 4000 പേർക്കു പിഴയിട്ടു.

∙ ആഫ്രിക്കയിലും പടരുന്നു. പരിശോധനാ സംവിധാനങ്ങളുടെ അഭാവവും മറ്റുമുള്ളതുകൊണ്ട് യഥാർഥ രോഗബാധിതരുടെ സംഖ്യ സംബന്ധിച്ച് പല രാജ്യങ്ങളിലും വ്യക്തതയില്ല.

∙ ലാറ്റിനമേരിക്കയിൽ ക്യൂബയും ബൊളീവിയയും അതിർത്തികൾ അടച്ചു.

∙ സിംഗപ്പുരിൽ ആദ്യ മരണങ്ങൾ. 75 കാരിയും 64 കാരനുമാണ് മരിച്ചത്.

∙ ദക്ഷിണ കൊറിയയിൽ 147 പുതിയ കേസുകൾ, സമൂഹവ്യാപനം തുടരുന്നു

∙ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കർഫ്യൂ

∙ തായ്‍ലൻഡിൽ 89 പുതിയ കേസുകൾ, ഒരു ദിവസത്തെ ഏറ്റവും കൂടിയ എണ്ണം

∙ ജോർദാനിൽ ദേശീയ കർഫ്യൂ

∙കാനഡയിൽ രോഗബാധിതർ 1000 കടന്നു, അഭയാർഥികളെ പ്രവേശിപ്പിക്കുന്നത് നിർത്തി

∙ കൊളംബിയയിൽ 19 ദിവസത്തെ സമ്പർക്ക വിലക്ക് ചൊവ്വാഴ്ച മുതൽ

∙ ജപ്പാനിൽ രോഗബാധിതർ 1000 കടന്നു

∙ ജോർജിയയിൽ ഒരു മാസം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ നിർദേശം.

∙ പാക്കിസ്ഥാനിൽ രോഗബാധിതരുടെ എണ്ണം 510 ആയി

∙ കോവിഡ്, ലോക സാമ്പത്തികവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് രാജ്യാന്തര നാണയനിധി. പ്രതിസന്ധി നീണ്ടുനിൽക്കില്ലെന്ന് പ്രതീക്ഷ.

ലോകത്താകെ കോവിഡ് ബാധിതർ 3,07,627

മരണം 13,050

നേരിയ രോഗമുള്ളവർ 1,89,480

ഗുരുതരാവസ്ഥയിലുള്ളവർ 9,300

ഭേദമായവർ‌ 93,640

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കഴിഞ്ഞ ദിവസമാണ് അവസാനിപ്പിക്കേണ്ടിവന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ അവരുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബോസിലെത്തിയ മത്സരാര്‍ത്ഥിയാണ് ദയ അശ്വതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദയയുടെ ഹൗസ് എന്‍ട്രി പ്രേക്ഷകരില്‍ ഏറെ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട ദയയെ ആയിരുന്നില്ല ബിഗ് ബോസ് ഹൗസില്‍ കണ്ടത്.

ചെറിയ കാര്യങ്ങള്‍ക്ക് പോലും കരയുകയും എപ്പോഴും പരിഭവവും പരാതിയുമായി നടക്കുന്ന ആളെയായിരുന്നു. എല്ലാവരുമായി വളരെ പെട്ടെന്ന് അടുത്ത ദയ ബിഗ് ബോസ് ഹൗസില്‍ ഏറ്റവും കൂടുതല്‍ ആത്മബന്ധം പുലര്‍ത്തിയിരുന്നത് ഡോക്ടര്‍ രജിത് കുമാറിനോടായിരുന്നു. എന്നാല്‍ ഹൗസില്‍ തങ്ങളുടെ പേരുകള്‍ ചര്‍ച്ചയായി തുടങ്ങിയപ്പോള്‍ രജിത് തന്നെ സ്വമേധയാല്‍ ദയയില്‍ നിന്ന് അകലം പാലിക്കുകയായിരുന്നു. ഡോക്ടറിന്റെ ഈ മാറ്റം ദയയെ ചൊടിപ്പിച്ചിരുന്നു. ഷോ അവസാനിച്ചിട്ടും രജിത്തിനെ വെറുതെ വിടാതെ അദ്ദേഹത്തോടുള്ള ആരാധന പരസ്യമാക്കി ദയ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസം ദയ ഫേസ്ബുക്കില്‍ പങ്കുവെച്ച കവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. രജിത്തിന്റെ പഴയ കാല ചിത്രത്തിനോടൊപ്പം ദയയുടെ ചിത്രവും ചേര്‍ത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ വിവാദം സൃഷ്ടിക്കുകയായിരുന്നു.

ദയയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രജിത് ആരാധകര്‍ രംഗത്തെത്തി. പ്രതിഷേധം കനത്തപ്പോള്‍ ദയ തന്നെ ചിത്രം ഡിലീറ്റ് ചെയ്യുകയായിരുന്നു. ചിത്രം ഡിലീറ്റ് ചെയ്തതിന് പിന്നാലെ ഒരു പോസ്റ്റും ദയ പങ്കുവെച്ചിരുന്നു. ചുമ്മാതാട്ടേ…. ഈ ജന്മത്ത് എനിക്ക് വിവാഹം, ഭര്‍ത്താവ് എന്നത് ഒന്നേയുള്ളു അത് എന്റെ 16-വയസ്സില്‍ നടന്നു 22 വയസ്സില്‍ തീര്‍ന്നു ഓര്‍മ്മിക്കാന്‍ ഈ ഓര്‍മ്മ മതി. എനിക്ക് എന്റെ മക്കള്‍ ഉണ്ട് കട്ടക്ക്. എനിക്ക് മരിക്കും വരെ..എന്ന് ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ദയ അശ്വതിയുടെ  കുമ്പസാര  പോസ്റ്റിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. രജിത് കുമാറുമായി പ്രശ്നങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് ബിഗ് ബോസ് മത്സരാര്‍ഥിയായി പ്രദീപ് ചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇവര്‍ രംഗത്തെത്തിയിരുന്നു. പ്രദീപ് തന്നെ കണ്ടപ്പോള്‍ മുന്‍ പരിചയം കാണിച്ചില്ലെന്നും തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും ഇവര്‍ പലപ്രാവശ്യം ഹൗസിലും മോഹന്‍ലാല്‍ എത്തിയപ്പോള്‍ അദ്ദേഹത്തിനോടും പറഞ്ഞിരുന്നു.

RECENT POSTS
Copyright © . All rights reserved