തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു അതി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ശരണ്യക്കും കാമുകനുമെതിരെ ഒരാഴ്്ചക്കകം കുറ്റപത്രം നല്‍കുമെന്ന് കണ്ണൂര്‍ ഡിവൈഎസ്പി.നാടിനെ ഞെട്ടിച്ച കൊലപാതകത്തില്‍ പരമാവധി തെളിവുകളെല്ലാം ശേഖരിച്ചാണ് പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയത്.

കഴിഞ്ഞ ഫെബ്രുവരി പതിനേഴിന് പുലര്‍ച്ചെ മൂന്നരയ്ക്ക് ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ എടുത്ത് ശരണ്യ കടല്‍ക്കരയിലേക്ക് കൊണ്ടുപോയി. രണ്ട് തവണ കടല്‍ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞ് മരണമുറപ്പാക്കിയ ശേഷം തിരിച്ചുവന്ന് കിടന്നുറങ്ങി.

ഭര്‍ത്താവിനെ കുടുക്കാന്‍ ലക്ഷ്യമിട്ട കൊലപാതകത്തില്‍ ചോദ്യം ചെയ്ത പോലീസ് സംഘത്തെ വലയ്ക്കുന്ന തരത്തിലായിരുന്നു കസ്റ്റഡിയില്‍ ശരണ്യയുടെ ആദ്യത്തെ മൊഴി.

പോലീസ് ശബ്ദമുയര്‍ത്തിയപ്പോഴെല്ലാം ശരണ്യയും പൊട്ടിത്തെറിച്ചു. ശരണ്യയുടെ പങ്കിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച ചോദ്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി. മൂന്നു മാസത്തിന് ശേഷം വീട്ടില്‍ വന്ന് അന്ന് തങ്ങണമെന്ന് നിര്‍ബന്ധം പിടിച്ച് ഭര്‍ത്താവാണ് കൊല നടത്തിയതെന്നതായിരുന്നു ശരണ്യ പോലീസിന് മുന്നില്‍ വെച്ച കഥ. ഭര്‍ത്താവിനൊപ്പം കിടത്തിയ ശേഷമാണ് കുഞ്ഞിനെ കാണാതായത് എന്നായിരുന്നു വാദം.

8 മണിക്കൂറുകളിലധികം നീണ്ടിട്ടും ശരണ്യ കുറ്റം സമ്മതിക്കാന്‍ തയാറായിരുന്നില്ല. ചോദ്യം ചെയ്യലിനിടെ 17 തവണ കാമുകന്‍ നിധിന്റെ ഫോണ്‍ വന്നത് വഴിത്തിരിവായി. കൂടുതല്‍ സാഹചര്യ തെളിവുകള്‍ നിരത്തിയതോടെ പിടിച്ചുനില്‍ക്കാനാകാതെ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു.

അതേസമയം, ശരണ്യയുടെ വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്റെ അംശമുണ്ടായിരുന്നു. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയ ദഹിക്കാത്ത പാലിന്റെ അംശം, കടല്‍ഭിത്തിക്കരികില്‍ നിന്ന് കിട്ടിയ ശരണ്യയുടെ ചെരിപ്പ്, ചോദ്യം ചെയ്യലിനിടെ തുടര്‍ച്ചായായുണ്ടായ കാമുകന്റെ ഫോണ്‍ വിളികള്‍.

കൊലപാതകം നടത്തിയതിന്റെ തലേ ദിവസം രണ്ടരമണിക്കൂറിലധികം കാമുകന്‍ ശരണ്യയുമായി സംസാരിച്ചിരുന്നു. ശരണ്യയുടെ പേരില്‍ ലക്ഷങ്ങള്‍ ലോണെടുക്കാന്‍ നിതിന്‍ ശ്രമിച്ചിരുന്നു. ഇതിനായി ഇയാള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പെടെയുള്ള രേഖകള്‍ ശരണ്യയുടെ വീട്ടില്‍ നിന്നും കണ്ടെത്തി.

ശരണ്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇത് ഭര്‍ത്താവിനെ കാണിക്കുമെന്ന് നിതിന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ ഇയാള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കില്ല.