രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തി എണ്ണൂറ്റിപതിനഞ്ചായി. 24 മണിക്കൂറിനിടെ 29 മരണം റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 353 ആണ്. ഡല്‍ഹി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലയാളി നഴ്സിന്റെ കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു. ലോക്ക് ഡൗണ്‍ നീട്ടിയെങ്കിലും രാജ്യത്ത് അവശ്യവസ്തുക്കളുടെ ക്ഷാമമില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് രോഗം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. 1463 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗം ഭേദമായവരുടെ എണ്ണവും ആയിരം പിന്നിട്ടു. രണ്ട് ലക്ഷത്തി മുപ്പത്തേഴായിരം സാമ്പിളുകള്‍ പരിശോധിച്ചുവെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി. പൂര്‍ണ സജ്ജമായ 602 കോവിഡ് ആശുപത്രികള്‍ ഉണ്ട്. 33 ലക്ഷം ആര്‍.ടി പി.സി.ആര്‍ കിറ്റുകള്‍ക്ക് ഒാര്‍ഡര്‍ നല്‍കി. 37 ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉടനെത്തുമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
22 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. 5.29 കോടി ഗുണഭോക്താക്കള്‍ക്ക് റേഷന്‍ വിതരണം ചെയ്തെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഡല്‍ഹിയിലെ രോഗബാധിതരുടെ എണ്ണം ആയിരത്തിഅഞ്ഞൂറ് കവിഞ്ഞു. നഗരങ്ങളില്‍ ഇന്‍ഡോറിന് പിന്നാലെ ജയ്പ്പൂരിലും ആശങ്കയുണര്‍ത്തി കോവിഡ് രോഗം പടരുകയാണ്. ഡല്‍ഹി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മലയാളി നഴ്സിന്‍റെ രണ്ട് വയസുള്ള കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു.
എട്ടു മാസം ഗര്‍ഭിണിയായ മലയാളി നഴ്സും കോവിഡിനെ തുടര്‍ന്ന് എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ ചികില്‍സയിലാണ്. ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പന്ത്രണ്ട് മലയാളി നഴ്സുമാര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നാളെ പുറത്തിറക്കാനിരിക്കെ ഡല്‍ഹി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ അവലോകന യോഗം വിളിച്ചു.
സർക്കാരിന്റേയും പോലീസിന്റേയും നിർദേശങ്ങൾ ലംഘിച്ച് വിദേശത്ത് നിന്നെത്തിയ വിനോദസഞ്ചാരികൾ കോവളത്തെ കടലിൽ കുളിക്കാനിറങ്ങി. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ലൈഫ് ഗാർഡുകൾ എത്തുന്നതിന് മുമ്പാണ് വിദേശികൾ തീരത്തേക്ക് വന്നത്.
നേരത്തെ തന്നെ, ലോക്ക്ഡൗണിനെ തുടർന്ന് ഹോട്ടലിൽ താമസിക്കുന്ന വിദേശികളോട് അവിടെ തന്നെ തുടരാൻ അധികൃതർ നിർദേശിച്ചിരുന്നു.എന്നിട്ടും ഇത് ലംഘിച്ചാണ് വിദേശികൾ കോവളം ബീച്ചിലേക്ക് കൂട്ടത്തോടെ എത്തിയത്. സംഭവത്തിൽ ഹോട്ടലുടമകളുടെ ഭാഗത്തുനിന്ന് വിഴ്ചയുണ്ടായെന്നാണ് പ്രാഥമിക സൂചന.
ലൈഫ് ഗാർഡുകൾ എത്തുന്നതിന് മുമ്പ് കടലിൽ കുളിക്കാനാകുമെന്ന് ഹോട്ടൽ ഉടമകൾ പറഞ്ഞതായാണ് വിവരം. ദൃശ്യങ്ങൾ വന്നശേഷമാണ് പോലീസ് വിവരം അറിഞ്ഞത്. പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
ബ്രസീലിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം നെയ്മറിന്റെ മാതാവ് നദീനെ ഗോണ്‍സാല്‍വസിന് പുതിയ പങ്കാളി. മകനായ നെയ്മറിനേക്കാള്‍ ആറു വയസിന് ഇളയവനായ 22-കാരനായ ഗെയിമറും മോഡലുമായ തിയാഗോ റാമോസുമായി ഡേറ്റിങിലാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ നദീനെ തന്നെയാണ് അറിയിച്ചത്. ‘ചില കാര്യങ്ങള്‍ നമുക്ക് വിശദീകരിക്കാനാവില്ല. ജീവിക്കാനേ സാധിക്കൂ’ എന്ന കുറിപ്പോടെയാണ് നദീനെ പുതിയ പങ്കാളിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ ആശംസയുമായി നെയ്മര്‍ തന്നെ രംഗത്തെത്തി. ‘സന്തോഷമായിരിക്കൂ അമ്മേ, ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു’-നെയ്മര്‍ കുറിച്ചു. മുന്‍ ഭര്‍ത്താവ് വാഗ്‌നര്‍ റിബെയ്‌റോയും ഇമോജി പങ്കുവച്ച് ആശംസകളറിയിച്ചിട്ടുണ്ട്. നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്നര്‍ റിബെയ്റോയുമായി 2016 മുതല്‍ പിരിഞ്ഞു താമസിക്കുകയാണ് നദീനെ.
നദീനെ ഗോണ്‍സാല്‍വസുമായി പരിചയത്തിലാകുന്നതിനു മുന്‍പുതന്നെ നെയ്മറിന്റെ കടുത്ത ആരാധകനായിരുന്നു റാമോസെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നെയ്മറിനോടുള്ള ആരാധന മൂത്ത് 2017ല്‍ തിയാഗോ റാമോസ് ഒരു മെസേജും അയച്ചിട്ടുണ്ട്; ‘നെയ്മര്‍, നിങ്ങള്‍ മികച്ച കളിക്കാരനാണ്. താങ്കളേപ്പോലൊരു ഫുട്‌ബോള്‍ താരത്തിന്റെ ആരാധകനായിരിക്കുകയെന്നത് നല്‍കുന്ന സന്തോഷം വിവരിക്കാന്‍ വാക്കുകളില്ല. താങ്കളുടെ പ്രകടനം എന്നും എന്നെ വല്ലാതെ പ്രചോദിപ്പിക്കാറുണ്ട്. ഒരു ദിവസം സഹോദരങ്ങളേപ്പോലെ ചേര്‍ന്നിരുന്ന് നമുക്ക് ഈ സന്ദേശം വായിക്കാമെന്നും ഒരുമിച്ചു കളിക്കാമെന്നും പ്രതീക്ഷിക്കുന്നു. നമ്മള്‍ ഒരിക്കല്‍ കണ്ടുമുട്ടുമെന്ന് എനിക്കു തീര്‍ച്ചയുണ്ട്. കാരണം, ലക്ഷ്യങ്ങള്‍ക്കു പിന്നാലെ പോകുന്ന ഒരു സ്വപ്ന ജീവിയാണ് ഞാന്‍. എല്ലാ ആശംസകളും’ ഇതായിരുന്നു റാമോസിന്റെ സന്ദേശം. അടുത്തിടെ നെയ്മറിന്റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ റാമോസ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാന താത്പര്യത്തിനു വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന കഴിവുറ്റനേതാവാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഗവര്‍ണര്‍ പറഞ്ഞു.
അദ്ദേഹം മികച്ച ഭരണാധികാരിയാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യമന്ത്രി കെകെ ശൈലജയും മറ്റ് മന്ത്രിമാരും കൊവിഡ് കാലത്ത് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രവാസികളുടെ കാര്യത്തില്‍ നടപടി വസ്തുതകളുടെ അടിസ്ഥാനത്തില്‍ വേണം. ഓരോ രാജ്യത്തേയും സ്ഥിതി പഠിച്ച് തീരുമാനമെടുക്കണം. കേന്ദ്രസര്‍ക്കാര്‍ വൈകാതെ പോംവഴി കണ്ടെത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗർഭിണിയായ മലയാളി നഴ്സിന്റെ കുഞ്ഞിനും കൊറോണ ബാധ. രണ്ട് വയസ്സായ കുഞ്ഞിനാണ് കൊറോണ ബാധിച്ചത്. നിലവിൽ രണ്ട് പേരുടെയും ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ല. കുഞ്ഞിന്റെ പരിശോധനാഫലം ഇന്നലെ രാത്രിയോടെയാണ് പുറത്ത് വന്നത്.
കുഞ്ഞ് യാതൊരു വിധ രോഗ ലക്ഷണങ്ങളും കാണിക്കുന്നില്ല എന്നത് ആശ്വാസം നൽകുന്നുണ്ട്. നിലവിൽ എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലുള്ള നഴ്‌സ് എട്ട് മാസം ഗർഭിണിയാണ്.
ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്ന 29ാമത്തെ കൊറോണ കേസാണിത്. 23 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 29പേരാണ് ഈ ആശുപത്രിയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ 1മുതൽ ആശുപത്രി അടച്ചിട്ടിരുന്നു.
പ്രവാസികളെ സ്വീകരിക്കാനായി കേരളം ഒരുങ്ങി. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ വിദേശത്തു നിന്നും കേരളത്തിലേക്ക് എത്തുന്നവരെ എല്ലാവരെയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി ജില്ലകളില്‍ നിരീക്ഷണകേന്ദ്രങ്ങളൊരുക്കും. ഇതുസംബന്ധിച്ച് ജില്ല കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നും കൂട്ടത്തോടെ മടങ്ങിയെത്തുന്ന പ്രവാസികളെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി സ്ഥാപനങ്ങള്‍ കണ്ടെത്തും. ഹോട്ടലുകളും റിസോര്‍ട്ടുകളും ഇതിനായി ഏറ്റെടുക്കും. പത്തുലക്ഷം മലയാളികളെങ്കിലും വിദേശരാജ്യങ്ങളിലുണ്ട്. അതിനാല്‍, ഏതുസാഹചര്യത്തെയും കരുതലോടെയും സുരക്ഷിതമായും നേരിടാനാണ് കേരളത്തിന്റെ ഒരുക്കം.
അതേസമയം, പ്രവാസികളെ തിരികെ എത്തിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. കേന്ദ്രത്തിന്റെ തീരുമാനമറിഞ്ഞശേഷമായിരിക്കും സംസ്ഥാനത്ത് അന്തിമതീരുമാനമുണ്ടാവുകയുള്ളൂ. ഒരുപക്ഷേ പ്രവാസികളെ എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചാല്‍ വിദേശത്തുനിന്നും എത്തുന്നവര്‍ക്ക് നിരീക്ഷണത്തില്‍ കഴിയാനുള്ള സൗകര്യങ്ങളടക്കം മുന്‍കരുതലുകളാണ് കേരളമെടുക്കുന്നത്.
വിദേശത്ത് നിന്നുമെത്തുന്നവര്‍ക്കുള്ള താമസസൗകര്യം കണ്ടെത്താനുള്ള നടപടിയാണ് തുടങ്ങിയത്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനാണ് മുറികള്‍ സജ്ജീകരിക്കുന്നതിനുള്ള ചുമതല. രണ്ടരലക്ഷം മുറികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 1.24 ലക്ഷം മുറികളില്‍ എല്ലാസൗകര്യവും ഉറപ്പുവരുത്തി.
പണം നല്‍കി ഉപയോഗിക്കാന്‍ പാകത്തിലുള്ളതും അല്ലാത്തതുമായ കെയര്‍ സെന്ററുകളാണ് പ്രവസികള്‍ക്കായി തയ്യാറാക്കുക. ആലപ്പുഴയില്‍ പുരവഞ്ചികളിലടക്കം താമസസൗകര്യമുണ്ട്. 2000 കിടക്കകളാണ് പുരവഞ്ചിയിലുള്ളത്. വയനാട് ജില്ലയിലെ മുഴുവന്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും വില്ലകളുമടക്കം 135 സ്ഥാപനങ്ങള്‍ ഇതിനകം ഏറ്റെടുത്ത് കൊറോണ കെയര്‍ സെന്ററുകളാക്കി.
മറ്റ് ജില്ലകളിലും ഏറ്റെടുക്കേണ്ട ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും പട്ടിക തയ്യാറാക്കി. നിലവില്‍ ഏതു രാജ്യത്താണോ കഴിയുന്നത് അവിടെ സുരക്ഷിതമായി കഴിയണമെന്നാണ് ഇക്കാര്യത്തില്‍ ഇപ്പോഴും കേന്ദ്രത്തിന്റെ സമീപനം. തൊഴിലാവശ്യത്തിനെത്തിയവരെ തിരികെക്കൊണ്ടുപോകണമെന്ന് യു.എ.ഇ. ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു നിലപാട് മറ്റൊരിടത്തുനിന്നും ഉണ്ടായിട്ടില്ല.
ജില്ലകളില്‍ തയ്യാറായ മുറികളും കിടക്കകളും
തിരുവനന്തപുരം 7500 മുറികള്‍
പത്തനംതിട്ട 8100 മുറികള്‍
വയനാട് 135 കെട്ടിടങ്ങള്‍
ആലപ്പുഴ 10,000 കിടക്കകള്‍
മലപ്പുറം 15,000 കിടക്കകള്‍
കണ്ണൂര്‍ 4000 കിടക്കകള്‍
തൃശൂര്‍ 7581 മുറികള്‍
കോഴിക്കോട് 15,000 മുറികള്‍
യുവതിയെ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങൽ കോട്ടക്കൽ എംഎ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ഷർമില ഷെറിൻ(24) ആണ് മരിച്ചത്.
വടകര ഏറാമല സ്വദേശിനിയാണ് ഷർമില. ഷർമിലയുടേയും തിക്കോടി കോടിക്കൽ പോക്കർ വളപ്പിൽ ജംഷീറിന്റേയും വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. വിദേശത്തായിരുന്ന ഭർത്താവ് ഏതാനും മാസമായി നാട്ടിലുണ്ട്.
ശനിയാഴ്ച വൈകീട്ടോടെ ഇവരുടെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ഇവർക്ക് ഒരു വയസുള്ള മകനുണ്ട്. മരണത്തിയിൽ യുവതിയുടെ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിട്ടുണ്ട്. ഇതോടെ പൊലീസ് അന്വേഷണം തുടങ്ങി.കോഴിക്കോട് മെഡിക്കൽ കോളെജിൽ പോസ്റ്റുമോർട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ ഏഴ് നിര്‍ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനങ്ങള്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കുക, എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക, സ്വന്തം വീടിന്റെ കരുതല്‍ ഉറപ്പാക്കുക, ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കുക, തൊഴില്‍ നിന്ന് ആരെയും പിരിച്ചു വിടരുത്, ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിക്കുക, പ്രായമായവരെയും പാവപ്പെട്ടവരെയും സഹായിക്കുക എന്നിവയാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍. രാജ്യത്തെ
അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോഡി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അതേസമയം ലോക്ക് ഡൗണ്‍ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മെയ് മൂന്നുവരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ആദ്യഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്ന ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധ ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ലോകത്താകമാനം വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ ഇന്ത്യ ഒരുപരിധി വരെ പിടിച്ചുനിര്‍ത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊറോണ പ്രതിരോധത്തില്‍ ഇതുവരെ രാജ്യം വിജയിച്ചുവെന്നും മറ്റ് പല രാജ്യങ്ങളിലും ഇന്ത്യയിലേക്കാള്‍ 30%ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
രോഗത്തിനെതിരായ യുദ്ധത്തില്‍ ജനങ്ങള്‍ അച്ചടക്കമുള്ള സൈനികരായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഇന്ത്യ ആഗോള മാതൃകയായെന്നും തുടക്കത്തിലേ പ്രശ്‌നം കണ്ടെത്തിയത് ഇന്ത്യയ്ക്ക് തുണയായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സമൂഹ്യ അകലം പാലിക്കല്‍ തന്നെയാണ് രോഗം തടയാനുള്ള ഏറ്റവും വലിയ മാര്‍ഗമെന്നും രാജ്യത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
ന്യൂഡൽഹി∙ കോവിഡ് പ്രതിസന്ധിമൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഇപ്പോൾ തിരികെയെത്തിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ആളുകൾ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. യാത്ര അനുവദിച്ചാൽ നിലവിൽ കേന്ദ്രസർക്കാരിന്റെ യാത്രാവിലക്കിനു വിരുദ്ധമാകും. ഹർജികൾ നാല് ആഴ്ചത്തേക്കു മാറ്റിവച്ചു.
ഇതിനിടെ സുപ്രീംകോടതിയില്‍ തിരിച്ചടിച്ചത് ഹര്‍ജി നല്‍കിയവരുടെ അവധാനതയില്ലായ്മയെന്നു മന്ത്രി കെ.ടി.ജലീല്‍ കുറ്റപ്പെടുത്തി. ഒരുമാസത്തേക്കു പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള സാധ്യത അടച്ചുവെന്നും ജലീല്‍ തുറന്നടിച്ചു. ആളുകളുടെ കണ്ണില്‍പൊടിയിടാന്‍ ആലോചനയില്ലാത്ത ഇടപെടലുകള്‍ നടത്തരുത്. കോടതിയില്‍ പോകുംമുന്‍പ് കേന്ദ്രത്തെയാണ് സമീപിക്കേണ്ടിയിരുന്നത്. തിരികെയെത്തുന്നവരെ സ്വീകരിക്കാന്‍ സംസ്ഥാനം തയാറെടുത്തിരുന്നെന്നും ജലീല്‍ പറഞ്ഞു.
വിദേശത്തുനിന്ന് എത്തുന്നവരിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാർ യാത്രാവിലക്ക് ഏർപെടുത്തിയത്. ഗൾഫ് രാജ്യങ്ങൾക്കു പുറമേ യുഎസ്, ബ്രിട്ടൻ എന്നിവിടങ്ങളിലും ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നു. അവരെയും തിരികെയെത്തിക്കണമെന്നും ആവശ്യമുണ്ട്. ഇവരെയൊക്കെ ഇപ്പോൾ ഇന്ത്യയിലെത്താൻ അനുവദിച്ചാൽ അതു രോഗവ്യാപനത്തിനു കാരണമായേക്കും. അങ്ങനെ സംഭവിച്ചാൽ നിലവിലെ ലോക്ഡൗണും യാത്രാവിലക്കും ലക്ഷ്യങ്ങളും തകിടം മറിയാൻ ഇടയാകും.
പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ചികിത്സാ സൗകര്യങ്ങളുൾപ്പെടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം. അക്കാര്യത്തിൽ സർക്കാർ ഇടപെടുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രവാസികളെ ഇപ്പോൾ നാട്ടിലെത്തിക്കുന്നതു പ്രായോഗികമായി തെറ്റായ കാര്യമാണെന്നും എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം ഹർജിയിലെ ആവശ്യങ്ങൾ കോടതി പൂർണമായി തള്ളിയിട്ടില്ല. ഒരു മാസം കഴിഞ്ഞ് ഇടപെടൽ വേണമെങ്കിൽ പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കൊവിഡ് 19 പ്രതിരോധത്തില്‍ സഹായം പ്രഖ്യാപിച്ച് അമൃതാനന്ദമയി മഠം. 13 കോടി രൂപയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മഠം നല്‍കുന്നതെന്ന് അറിയിച്ചു. പിഎം കെയര്‍സ് ഫണ്ടിലേക്ക് 10 കോടി രൂപയും, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 3 കോടി രൂപയുമാണ് നല്‍കുക.
കൂടാതെ കൊവിഡ്-19 രോഗികള്‍ക്ക് കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(അമൃത ആശുപത്രി) സൗജന്യ ചികിത്സയും നല്‍കുന്നതായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കൊവിഡ് ദുരന്തവും അതിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളും മൂലം മാനസികസമ്മര്‍ദ്ദവും, വിഷാദവും മറ്റു മാനസിക വെല്ലുവിളികളും അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അമൃത സര്‍വകലാശാലയും, അമൃത ആശുപത്രിയും ചേര്‍ന്ന് ഒരു മാനസികാരോഗ്യ ടെലിഫോണ്‍ സഹായകേന്ദ്രവും ആരംഭിച്ചിട്ടുണ്ട്.