വിമാനത്തിൽ നിന്ന് ഇറങ്ങിയ യാത്രക്കാരെ ആറു ഗ്രൂപ്പുകളായി തിരിച്ചു. 30 പേർ വീതമുള്ള ഓരോ ഗ്രൂപ്പും ഇമിഗ്രേഷൻ ക്ലിയറൻസും ആരോഗ്യപരിശോധനയും കഴിഞ്ഞാണ് പുറത്തിറങ്ങിയത്. വിമാനത്തിൽ 49 ഗർഭിണികൾ ഉണ്ടായിരുന്നു. ഇവരെയും ഹൃദ് രോഗമുള്ളവരെയും 10 വയസിൽ താഴെയുമുള്ള കുട്ടികൾ ഉള്ളവരെയും വീടുകളിൽ ക്വാറന്റിനിൽ വിട്ടു.

പരിശോധനയിൽ രോഗലക്ഷണം പ്രകടിപ്പിച്ചവരെ പ്രത്യേക കവാടത്തിലൂടെ പുറത്തിറക്കി ആംബുലനസിൽ ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 7 ആംബുലൻസുകളാണ് വിമാനതാവളത്തിൽ നിന്ന് യാത്ര തിരിച്ചത്. മറ്റ് യാത്രക്കാരെ അവരവരുടെ ജില്ലകളിലെ ക്വാറൻന്റിൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. ടാക്സികളിലും കെഎസ്ആർടിസി ബസുകളിലുമാണ് ഇവർ യാത്ര തിരിച്ചത്. ആദ്യം വിമാനതാവളത്തിൽ നിന്ന് പുറത്തിറങ്ങിയത് ടാക്സികളായിരുന്നു.

പിന്നാലെ കെഎസ്ആർടിസി ബസുകളും യാത്ര തിരിച്ചു. എറണാകുളം ജില്ലക്കാരെയും ഒരു കാസർകോട് കാരനെയും ക്വാറന്റിൻ സൗകര്യം ഒരുക്കിയ കളമശേരി എസ് സി എം എസ് കോളജ് ഹോസ്റ്റലിലേക്ക് മാറ്റി. ഇന്ന് ബഹറിനിൽ നിന്നുള്ള പ്രവാസികൾ കൊച്ചിയിൽ എത്തും. വരും ദിവസങ്ങളിലും വിദേശരാജ്യങ്ങളിൽ നിന്നുള്ളവർ കൊച്ചിയിൽ വന്നിറങ്ങും

കരിപ്പൂരില്‍ വിമാനമിറങ്ങിയ പ്രവാസികളുടെ ആദ്യസംഘം ക്വാറന്റീനില്‍ പ്രവേശിച്ചു. 5 കൈക്കുഞ്ഞുങ്ങളടക്കം 182 പേരാണ് ആദ്യവിമാനത്തില്‍ എത്തിയത്. 3 പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. റിയാദില്‍ നിന്നുളള വിമാനം ഇന്നു രാത്രി എട്ടരക്ക് കരിപ്പൂരിലെത്തും. പുലര്‍ച്ചെ രണ്ടരയോടാണ് നാട്ടിലെത്തിയവരുടെ ക്വാറന്റീന്‍ നടപടികള്‍ പൂര്‍ത്തിയായത്

അല്‍പം ആശങ്കയോടെയാണെങ്കിലും സ്വന്തം നാടണഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു എല്ലാവരും. കൃത്യസമയം പാലിച്ച് രാത്രി 10.32ന് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ IX 344വിമാനം കരിപ്പൂരിന്റെ റണ്‍വേയില്‍ സ്പര്‍ശിച്ചു. പരിശോധനയുടെ സൗകര്യാര്‍ഥം 15 പേരെ വീതമാണ് വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്.

വീട്ടിലും കോവിഡ് കെയര്‍ സെന്ററിലും ക്വാറിന്റീനില്‍ പോവുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കാന്‍ പരിശോധനക്കൊപ്പം പരിശീലനവും നല്‍കിയിരുന്നു. ചുമയും ജലദോഷവുമുളള ഒരാളേയും പൊളളലേറ്റ മറ്റൊരാളേയും മഞ്ചേരി മെഡിക്കല്‍ കോളജിലും വൃക്കരോഗം ബാധിച്ചാളെ കോഴിക്കോട് മെഡിക്കല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

യാത്രക്കാരില്‍ 19 പേര്‍ ഗര്‍ഭിണികളും 51 പേര്‍ അടിയന്തിര ചികില്‍സ ആവശ്യമുളളവരും 7 പേര്‍ 10 വയസില്‍ താഴെ പ്രായമുളളവരുമാണ്. വീട്ടിലും സ്വകാര്യ ഹോട്ടലുകളിലും ക്വാറന്റീനില്‍ കഴിയാന്‍ സൗകര്യം ലഭിച്ചവര്‍ക്ക് ടാക്സി സൗകര്യവും ലഭ്യമാക്കിയിരുന്നു. മലപ്പുറം ജില്ലക്കാരായ 53 പേര്‍ക്ക് കാളികാവ് അല്‍സഫ ആശുപത്രിയിലാണ് ക്വാറന്റീന്‍ സൗകര്യം ഒരുക്കിയത്. ഒാരോ ജില്ലയിലേയും സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലേക്ക് പോവുന്നതിനായി സുരക്ഷ അകലം പാലിച്ചുകൊണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളാണ് സജ്ജമാക്കിയിരുന്നത്.