അമേരിക്കയിൽ ഇന്ത്യൻ വംശജയായ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഇല്ലിനോയി യൂണിവേഴ്സിറ്റിയിൽ ഓണേഴ്സ് വിദ്യാർഥിനിയായ റൂത്ത് ജോർജാണു കൊല്ലപ്പെട്ടത്. ശനിയാഴ്ച കോളജ് കാന്പസിലെ ഗരാഷിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ പിന്നിലെ സീറ്റിലാണ് പത്തൊന്‍പതുകാരിയായ റൂത്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഹൈദരാബാദിൽനിന്നുള്ളവരാണ് റൂത്തിന്റെ കുടുംബം.
കൊലയാളിയെന്നു കരുതപ്പെടുന്ന ഡോണൾഡ് തർമൻ എന്ന യുവാവിനെ പോലീസ് ഞായറാഴ്ച ഷിക്കാഗോ മെട്രോ സ്റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്തു. ഇയാൾക്കു യൂണിവേഴ്സിറ്റിയുമായി ബന്ധമില്ല. വെള്ളിയാഴ്ച വൈകിട്ട് മുതൽ റൂത്തുമായി കുടുംബത്തിന് ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇതേതുടർന്നു നടത്തിയ തെരച്ചിലിലാണ് കാന്പസിലെ ഗരാഷിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ റൂത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ തർമൻ റൂത്തിനു പിന്നാലെ നടന്നുപോകുന്നതായി കണ്ടെത്തി. ഇതേതുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
റിട്ട. എസ്ഐ കെ.ആർ. ശശിധരന്റെ കൊലപാതക കേസിൽ പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട യുവാവിനെ പിടികൂടി. ശശിധരന്റെ അയൽവാസിയായ സിജുവിനെ മണർകാട് പോലീസാണ് പിടികൂടിയത്. മണർകാട് നാലുമണിക്കാറ്റിൽ ഇരിക്കുകയായിരുന്നു ഇയാൾ. സംഭവത്തിൽ ഗാന്ധിനഗർ സിഐ അനൂപ് ജോസിനെ സസ്പെൻഡ് ചെയ്തിരുന്നു. സിജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു എന്നാണ് പോലീസ് വാദിച്ചിരുന്നത്. എന്നാൽ സിജു തന്നെയാണു കൊലപാതകം നടത്തിയതെന്നും ഇയാൾ പോലീസിന്റെ കണ്ണുവെട്ടിച്ച് കസ്റ്റഡിയിൽനിന്നു ചാടിപ്പോയതാണെന്നും ശശിധരന്റെ ബന്ധുക്കൾ ആരോപിച്ചു.
ശശിധരനെ കഴിഞ്ഞ ദിവസം തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പരിസരവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിജുവിനെ കസ്റ്റഡിയിൽ എടുത്തത്. ശശിധരനെ കൊല്ലാൻ ഉപയോഗിച്ച ആയുധത്തിനായി സിജുവിന്റെ വീട്ടുപരിസരത്ത് പോലീസ് തെരച്ചിൽ നടത്തി. ഗാന്ധിനഗർ സ്റ്റേഷനിൽനിന്നു വിട്ടയച്ച സിജു ചെമ്മനംപടിയിൽ ഇറങ്ങി. പ്രദേശത്തെ മൂന്നു വിടുകളിലെത്തി സഹായം അഭ്യർഥിച്ചു. വീട്ടുകാർ ഒച്ചവച്ചതോടെ ഓടിമറഞ്ഞു. ഇതോടെ സിജു കടന്നുകളഞ്ഞതാണെന്ന് അഭ്യൂഹം പരന്നു. ഇതോടെ പോലീസ് സ്ഥലത്തെത്തി സിജുവിനെ വിട്ടയച്ചതാണെന്നു നാട്ടുകാരെ അറിയിക്കുകയായിരുന്നു.
പിടികൂടി 24 മണിക്കൂർ കഴിഞ്ഞതിനാൽ സിജുവിനെ വിട്ടതാണെന്നാണ് പൊലീസ് വാദം. എന്നാൽ വീട്ടിലേക്ക് വിട്ട സിജു വീട്ടിലെത്താതെ മുങ്ങി. ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ വരികയും ചെയ്തില്ല. ഇതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മണർകാട് നാലുമണിക്കാറ്റിൽ നിന്ന് ഇയാളെ പിടികൂടിയത്.
ശശിധരന് അടിയേറ്റ സ്ഥലത്ത് നേരത്തെ രണ്ടു പേരെ തലയ്ക്കടിച്ചത് ആര്? ഭീതിയോടെ നാട്ടുകാർ ഇപ്പോൾ ഓർക്കുന്ന സംഭവമാണിത്. ആരാണ് അടിച്ചതെന്നു തിരിച്ചറിയാഞ്ഞതിനാൽ ഇവർ രണ്ടുപേരും പൊലീസിൽ പരാതി നൽകിയില്ല. ശശിധരനും അടി കൊണ്ടവർക്കും സാമ്യം ഒന്നു മാത്രം. സിജുവിന്റെ അയൽവാസികളും ഇയാൾക്ക് വിരോധം ഉള്ളവരും ആയിരുന്നു തലയ്ക്ക് അടിയേറ്റ ഇരുവരും. 7 വർഷം മുൻപാണ് തോപ്പിൽ ബേബിച്ചന് അടിയേറ്റത്. ഫർണിച്ചർ വ്യാപാരിയായ ബേബിച്ചൻ രാത്രി ബൈക്കിൽ വീട്ടിൽ എത്തി ഗേറ്റ് തുറക്കാൻ ശ്രമിച്ചപ്പോൾ പിന്നിൽ നിന്ന് തലയ്ക്ക് അടിയേറ്റു.
അപ്പോൾ തന്നെ ബോധം മറഞ്ഞതിനാൽ സംഭവിച്ചത് എന്താണെന്നു മനസ്സിലായില്ല. പിന്നീട് ഇവരുടെ കാർപോർച്ചിൽ കിടന്ന വാനും കത്തി നശിച്ചു. ഇവരുടെ വീടിന്റെ ഗേറ്റിലും പരിസരത്തും മനുഷ്യ വിസർജ്യം കവറിൽ കെട്ടി വലിച്ചെറിയുന്നതും പതിവായിരുന്നു. 3 വർഷം മുൻപാണ് അയൽവാസിയായ ചെറുകര ചാക്കോയുടെ തലയ്ക്ക് അടിയേറ്റത്. സ്കൂട്ടറിൽ പോകുമ്പോൾ വഴിയരികിൽ മറഞ്ഞു നിന്ന് ആരോ തലയ്ക്ക് പിന്നിൽ അടിച്ചു. എന്നാൽ സ്കൂട്ടർ നിയന്ത്രണം വിട്ടെങ്കിലും മറിഞ്ഞുവീണില്ല. ഇതിനും കേസ് ഉണ്ടായില്ല. ഇതേ സ്ഥലത്തു വച്ചാണ് ഇന്നലെ ശശിധരനും തലയ്ക്ക് പിന്നിൽ അടിയേറ്റു വീണത്.
ബുധനാഴ്ചയാണ് ശശിധരന്റെ മകൾ പ്രീതിയുടെ പ്രസവ ശസ്ത്രക്രിയ ജോലി സ്ഥലമായ അയർലൻഡിലെ ആശുപത്രിയിൽ നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പോകുന്നതിനായി ശശിധരനും ഭാര്യ സുമയും ഒരുക്കത്തിലായിരുന്നു. 3 മാസം കഴിഞ്ഞു തിരിച്ചുവരും എന്നതിനാൽ വീടും പരിസരവും എല്ലാം ഒരുക്കി. പോകുന്നതിനുള്ള പെട്ടിയും സാധനങ്ങളും അടുക്കി, അയൽവാസികളോട് യാത്രയും പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി വൈകിയും സുഹൃത്തുക്കളും അയൽവാസികളും ഇവരുടെ വീട്ടിൽ എത്തി ഏറെ സമയം സംസാരിച്ചിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 2.30 ന് എയർപോർട്ടിലേക്ക് പോകുന്നതിന് കാർ വരെ ഏർപ്പാടാക്കിയിരുന്നു. ഏതാനും വർഷം മുൻ ഉണ്ടായ ചെറിയ പക്ഷാഘാതത്തെ തുടർന്ന് പ്രഭാത നടത്തം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. രാവിലെ പതിവ് പ്രഭാത നടത്തത്തിനു ഭാര്യയും ഒപ്പം വരാറുണ്ടെങ്കിലും യാത്ര പോകുന്നതിനു പെട്ടി അടുക്കുന്നതിനാൽ തനിച്ചാണ് രാവിലെ നടക്കാൻ പോയത്. രാവിലെ എത്തിയശേഷം ക്ഷേത്രദർശനത്തിന് പോകണമെന്ന് ഭാര്യയോട് പറഞ്ഞിട്ടാണ് ശശിധരൻ നടക്കാൻ ഇറങ്ങിയത്. ശശിധരൻ ഉൾപ്പെടെ അയൽവാസികളുമായി സിജു വിരോധത്തിലാണെന്നു പൊലീസ് പറഞ്ഞു. റോഡിൽ മതിൽ കെട്ടുന്നതിനെച്ചൊല്ലി ഇവർ തമ്മിൽ കേസുണ്ട്. സിജുവിന്റെ വീട്ടിൽ പൊലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
മഹാനാടകത്തില്‍ വമ്പന്‍ വഴിത്തിരിവ്. ശനിയാഴ്ച രാവിലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത്ത് പവാര്‍ സ്ഥാനം രാജിവച്ചു. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും ഓഫീസിലെത്തി ചുമതലയേറ്റെടുക്കാതെയാണ് അജിത്ത് പവാര്‍ രാജിവച്ചത്. നാളെ മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് അജിത്ത് പവാറിന്‍റെ രാജി.
അജിത്ത് പവാര്‍ രാജിക്കത്ത് സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പ് ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് അല്‍പസമയം മുന്‍പ് കേന്ദ്രമന്ത്രിയും ബിജെപി സഖ്യകക്ഷിയായ ആര്‍പിഐയുടെനേതാവുമായ രാംദാസ് അതുലെയും വ്യക്തമാക്കി. വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മാധ്യമങ്ങളെ കാണും എന്നറിയിച്ചിട്ടുണ്ട്. വിശ്വാസവോട്ടെടുപ്പിന് മുന്‍പായി ഫഡ്നാവിസ് രാജിവച്ചേക്കും എന്നാണ് അതുലെയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ വിലയിരുത്തപ്പെടുന്നത്.
പാര്‍ട്ടി പിളര്‍ത്തി ഉപമുഖ്യമന്ത്രിയാകാന്‍ പോയ അജിത്ത് സ്ഥാനം രാജിവച്ചതോടെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനും സഖ്യകക്ഷികളായ ശിവസേനയ്ക്കും കോണ്‍ഗ്രസിനും ഇത് രാഷ്ട്രീയവിജയമാണ്. കടുത്ത സമ്മര്‍ദ്ദം ചെലുത്തി സകല തന്ത്രങ്ങളും പയറ്റി നോക്കിയെങ്കിലും അജിത്ത് പവാര്‍ അടക്കം വെറും മൂന്ന് എംഎല്‍എമാരെയാണ് എന്‍സിപിയില്‍ നിന്നും ബിജെപിക്ക് ചാടിക്കാന്‍ സാധിച്ചത്. ശിവസേന, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നും എംഎല്‍എമാരെ ചോര്‍ത്താനും ഇക്കുറി ബിജെപിക്ക് സാധിച്ചില്ല.
ഇന്നലെ ഹയാത്ത് ഹോട്ടലില്‍ 162 എംഎല്‍എമാരെ അണിനിര്‍ത്തി ത്രികക്ഷി സംഖ്യം നടത്തിയ ശക്തിപ്രഖ്യാപനത്തോടെ തന്നെ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിന്‍റെ വിധിയെന്തെന്ന് വ്യക്തമായിരുന്നു. ചൊവ്വാഴ്ച തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള സുപ്രീംകോടതിയുടെ ഉത്തരവും ബിജെപിക്കും അജിത്ത് പവാറിനും കനത്ത പ്രഹരമായി മാറി.
അജിത്ത് പവാറിനൊപ്പം പോയ പല എംഎല്‍എമാരേയും ശനിയാഴ്ച മുതല്‍ തന്നെ ശരത് പവാര്‍ തിരിച്ചു കൊണ്ടു വന്നിരുന്നു. മുംബൈ വിമാനത്താവളം വഴി രക്ഷപ്പെടാന്‍ ശ്രമിക്കുകയും പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒളിച്ചിരിക്കുകയും ചെയ്ത ചില എന്‍സിപി എംഎല്‍എമാരെ ശിവസേന നേതാക്കള്‍ പൊക്കി ശരത് പവാര്‍ ക്യാംപിലേക്ക് എത്തിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ട് ദിവസമായി അജിത്ത് പവാറിന്‍റെ സഹോദരങ്ങളെ മധ്യസ്ഥരാക്കി ശരത് പവാറും സുപ്രിയ സുലെയും ചില അനുനയനീക്കങ്ങള്‍ നടത്തിയിരുന്നതായാണ് സൂചന. അജിത്തിനോട് സ്ഥാനം രാജിവച്ച് പാര്‍ട്ടിയിലേക്കും കുടുംബത്തിലേക്കും മടങ്ങി വരാന്‍ ആവശ്യപ്പെട്ട ശരത് പവാര്‍ ത്രികക്ഷി സര്‍ക്കാരില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
7000 കോടി രൂപയുടെ വിഭര്‍ഭ ജലസേചന പദ്ധതി കുംഭക്കോണകേസില്‍ കഴിഞ്ഞ ദിവസം അജിത്ത് പവാറിനെ കുറ്റവിമുക്തനാക്കി എന്‍ഫോഴ്സമെന്‍റ് ഡയറക്ടേറ്റ് എഫ്ഐആര്‍ സമര്‍പ്പിച്ചിരുന്നു. അജിത്ത് പവാര്‍ ബിജെപി ക്യാംപിലെത്തി മൂന്നാം ദിവസമായിരുന്നു ഈ നടപടി.
മഹാരാഷ്ട്രയിലെ അര്‍ദ്ധരാത്രി സര്‍ക്കാര്‍ രൂപീകരണത്തില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍ എന്നിവര്‍ക്കെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ക്ക് സാധ്യത. നിലവില്‍ ഒരു ദിവസത്തേക്ക് മാത്രം ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഇരുവര്‍ക്കുമെതിരെ സ്പീക്കര്‍ ഒ പി ബിര്‍ള കടുത്ത നടപടിക്കൊരുഭങ്ങുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഹൈബി എറണാകുളം എംപിയും പ്രതാപന്‍ തൃശൂര്‍ എംപിയുമാണ്.
പതിനാലാം ലോക്‌സഭ തുടങ്ങിയ ശേഷം ഇതാദ്യമായാണ് അംഗങ്ങളുടെ പ്രതിഷേധം കാരണം സഭാനടപടികള്‍ നേരത്തെ അവസാനിപ്പിക്കേണ്ടി വന്നത്. മഹാരാഷ്ട്രയില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നുവെന്ന മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി സഭയില്‍ പ്രതിഷേധിച്ച ഹൈബിയെയും പ്രതാപനെയും മാര്‍ഷല്‍മാരെക്കൊണ്ട് സ്പീക്കര്‍ സഭയില്‍ നിന്നും പുറത്താക്കിയിരുന്നു.
സഭയില്‍ നിന്നും തങ്ങളെ കൊണ്ടുപോകാനുള്ള മാര്‍ഷല്‍മാരുടെ നീക്കം ഹൈബിയും പ്രതാപനും തടഞ്ഞതോടെ ഇവര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ലോക്‌സഭയിലെ നാടകീയരംഗങ്ങള്‍ക്ക് ശേഷം സ്പീക്കറെ കണ്ട കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, രവിശങ്കര്‍ പ്രസാദ്, പ്രഹ്ലാദ് ജോഷി എന്നിവര്‍ സഭയുടെ അന്തസിന് വിരുദ്ധമായി പ്രവര്‍ത്തിച്ച എംപിമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇരുവരെയും അഞ്ച് വര്‍ഷം വരെ സസ്‌പെന്‍ഡ് ചെയ്യണം എന്ന നിര്‍ദ്ദേശവും സ്പീക്കറുടെ പരിഗണനയിലുണ്ടെന്നാണ് സൂചന.
തൃപ്തി ദേശായിയുടെ വരവിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബിജെപി-ആർഎസ്എസ് ബന്ധമുള്ളയാളാണ് തൃപ്തി ദേശായി. ബിജെപിക്കും ആർഎസ്എസ്സിനും സ്വാധീനമുള്ള പൂനെയിൽ നിന്നാണ് ഇവരെത്തിയതെന്നും അദ്ദേഹം പറഞ്ഞു. യാത്രയ്ക്ക് കൃത്യമായ അജണ്ടയും തിരക്കഥയുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ ആക്ടിവിസ്റ്റായ ബിന്ദു അമ്മിണിക്കൊപ്പമാണ് തൃപ്തി ദേശായി എത്തിയതെന്നതെ ശ്രദ്ധേയമാണ്. ഒരു ചാനലിനെ മാത്രമാണ് തൃപ്തി ദേശായി തങ്ങളുടെ വരവിനെക്കുറിച്ച് അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. തീർത്ഥാടനം അലങ്കോലപ്പെടുത്താനുള്ള മനപ്പൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തൃപ്തി ദേശായി വരുന്ന വിവരം പ്രക്ഷോഭകാരികൾ നേരത്തെ തന്നെ അറിഞ്ഞിരുന്നുവെന്ന് കടകംപള്ളി ചൂണ്ടിക്കാട്ടി. കോട്ടയം വഴി ശബരിമലയിലേക്ക് ഇവർ പോകുമെന്നാണ് ആദ്യം മാധ്യമങ്ങളിലൂടെ എല്ലാവരും അറിഞ്ഞത്. എന്നാൽ തൃപ്തി ദേശായി തന്റെ തീരുമാനം മാറ്റി കമ്മീഷണർ ഓഫീസിലേക്ക് പോകുകയായിരുന്നു. ഇത് അറിഞ്ഞ ഒരു സംഘമാളുകൾ കമ്മീഷണർ ഓഫീസിന്റെ മുൻവശത്ത് കാത്തു നിന്നിരുന്നു. എങ്ങനെയാണ് ഇവർ തൃപ്തിയുടെ തീരുമാനം അറിഞ്ഞതെന്ന് മന്ത്രി ചോദിച്ചു.
ശബരിമലയിൽ അസ്വസ്ഥത സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. ബിജെപിയുടെ പ്രമുഖ നേതാവിന്റെ നേതൃത്വത്തിലാണ് സ്ത്രീയുടെ നേര്‍ക്ക് മുളക് സ്പ്രേ നടത്തിയത്. മറ്റു മാധ്യമങ്ങളൊന്നും തൃപ്തി വരുന്നതറിയാതെ അക്കാര്യം ഒരു ചാനലുമാത്രം അറിഞ്ഞതില്‍ ഗൂഢാലോചനയുണ്ടെന്നും മന്ത്രി ആവര്‍ത്തിച്ചു.
അതെസമയം തൃപ്തിയോടും സംഘത്തോടും മടങ്ങിപ്പോകാൻ പൊലീസ് ആവശ്യപ്പെട്ടു. സുരക്ഷ നൽകാനാകില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയില്‍ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാലാണ് ഈ നിലപാട്. കോടതിയുട മുൻ വിധിക്കുള്ള സ്റ്റേ നീക്കം ചെയ്തുവോ അതോ നിലനിൽക്കുന്നുണ്ടെയെന്ന കാര്യത്തിൽ നിയമവിദഗ്ധർ രണ്ടു തട്ടിലാണ്. എന്നാൽ സുപ്രീംകോടതി നേരത്തെ നൽകിയ വിധിക്ക് സ്റ്റേയില്ലെന്നാണ് തൃപ്തി ദേശായി അവകാശപ്പെടുന്നത്.
തൃപ്തി ദേശായിക്കൊപ്പം ഭൂമാതാ ബ്രിഗേഡിലെ നാലുപേരും സംഘത്തിലുണ്ട്.
തൃപ്തി ദേശായി ആർഎസ്എസ് അജണ്ടയുള്ളയാളാണെന്ന് സർക്കാർ നേരത്തെയും നിലപാടെടുത്തിരുന്നു. കഴിഞ്ഞ ശബരിമല തീർത്ഥാടനക്കാലത്ത് മന്ത്രി വിഎസ് സുനിൽകുമാർ തൃപ്തി ദേശായിയെ ‘ആർഎസ്എസ് ആക്ടിവിസ്റ്റ്’ എന്നാണ് വിശേഷിപ്പിച്ചത്.”
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നതിനായി രാജ്യം വിട്ട മലയാളികളടങ്ങുന്ന സംഘം കീഴടങ്ങിയതായി റിപ്പോർട്ട്. അഫ്ഗാൻ സൈന്യത്തിന് മുന്നിലാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 22 അംഗ സംഘം കീഴടങ്ങിയത്. ഇവരിൽ പത്തിലേറെ പേർ മലയാളികളാണെന്നാണ് വിവരം. വാർത്ത കേന്ദ്ര പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
2016 ജൂണിലാണ് 21 പേർ മതപഠനത്തിനും ശ്രീലങ്കയിൽ വ്യാപാരത്തിനുമെന്നു പറഞ്ഞു വീടുവിട്ടിറങ്ങിയത്. ഇവർ പിന്നീടു തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുൽ റാഷിദിന്റെ നേതൃത്വത്തിൽ അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രത്തിൽ എത്തിയതായി കേന്ദ്ര–സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതിൽ ചിലർ അമേരിക്കൻ വ്യോമാക്രമണത്തിൽ പലപ്പോഴായി കൊല്ലപ്പെട്ടതായി പിന്നീടു ടെലിഗ്രാം സന്ദേശങ്ങൾ വഴി നാട്ടിൽ വിവരം ലഭിച്ചു. കഴിഞ്ഞ 3 മാസത്തിലേറെയായി ആരുടെയും വിവരങ്ങൾ ലഭിച്ചിരുന്നില്ല.
ഐഎസ് ഭീകർക്കെതിരായ ആക്രമണം യുഎസ് സൈനികരുടെ പിന്തുണയോടെ അഫ്ഗാൻ ശക്തമാക്കിയതോടെയാണ് കീഴടങ്ങൽ. അഫ്ഗാനിസ്ഥാനിലെ അഛിൻ ജില്ലയിലാണ് സംഘം കീഴടങ്ങിയതെന്നും മന്ത്രാലയം വ്യക്തമാക്കി. ഇവർ വീട്ടുതടങ്കലിലാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മഹാരാഷ്ട്ര നിയമസഭയില്‍ നാളെ 5 മണിക്കു മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. കുതിരക്കച്ചവടം തടയാന്‍ വിശ്വാസ വോട്ടെടുപ്പ് വേണമെന്നു സുപ്രീം കോടതി പറഞ്ഞു. വൈകിട്ട് അഞ്ചു മണിക്കു മുന്‍പ് വിശ്വാസവോട്ട് പൂര്‍ത്തിയാക്കണം. രഹസ്യ ബാലറ്റ് പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഓപ്പണ്‍ ബാലറ്റ് ഉപയോഗിക്കണം. നടപടിക്രമം തത്സമയം സംപ്രേഷണം ചെയ്യണം. പ്രോടെം സ്പീക്കര്‍ നടപടികള്‍ നിയന്ത്രിക്കണമെന്നും കോടതി പറഞ്ഞു.
14 ദിവസമാണ് കഴിഞ്ഞ 23നു ഗവര്‍ണര്‍ അനുവദിച്ചതെന്നാണ് ഫഡ്‌നാവിസിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി ഇന്നലെ കോടതിയില്‍ വ്യക്തമാക്കിയത്. ഇതു കോടതി തള്ളി. ഉടന്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിക്കാരായ ശിവസേനയുടെയും എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും ആവശ്യം.
കഴിഞ്ഞ വര്‍ഷം കര്‍ണാടക കേസില്‍ സ്വീകരിച്ച നിലപാട് തന്നെയാണ് സുപ്രീംകോടതി ഇക്കാര്യത്തിലും സ്വീകരിച്ചത്. കര്‍ണാടകയില്‍ ബി.എസ്. യെഡിയൂരപ്പയ്ക്ക് ഗവര്‍ണര്‍ വാജുഭായ് വാല 15 ദിവസം അനുവദിച്ചപ്പോള്‍, കോടതി അത് ഒരു ദിവസമായി കുറച്ചിരുന്നു. കോടതി നേരത്തെ പലപ്പോഴും സമയം വെട്ടിക്കുറച്ചിട്ടുണ്ടെന്ന് ഇന്നലെ ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടിയിരുന്നു.
മഹാരാഷ്ട്രയിൽ ഭൂരിപക്ഷം എങ്ങനെ തെളിയിക്കുമെന്നതിനു ബിജെപിക്ക് ഒരുത്തരമേയുള്ളൂ– അമിത് ഷാ. ആദ്യം മടിച്ചുനിന്ന ദേശീയ അധ്യക്ഷൻ തുനിഞ്ഞിറങ്ങിയാൽ ഭൂരിപക്ഷം നിഷ്പ്രയാസം നേടാമെന്ന നിലപാടാണ് നേതാക്കൾക്ക്. അതെങ്ങനെ എന്നതു തൽക്കാലം അമിത്ഷായ്ക്കു മാത്രമേ അറിയൂ. മോദിയും അമിത് ഷായും നേരിട്ട് ഇടപെട്ടപ്പോൾ ഒരു രാത്രി കൊണ്ടു ഭരണം പിടിച്ചത് വെറുതേ വിശ്വാസ വോട്ടിൽ കൊണ്ടുകളയാനല്ല എന്നാണ് ആത്മവിശ്വാസത്തിൽ നിന്നു വ്യക്തമാകുന്നത്. ശിവസേന–എൻസിപി–കോൺഗ്രസ് എന്നീ പാർട്ടികൾക്ക് ആശയപരമായി ഒന്നിച്ചു നിൽക്കാനേ കഴിയില്ലെന്നും വിശ്വാസവോട്ടിൽ അതു പ്രതിഫലിക്കുമെന്നുമാണ് പരസ്യമായി പറയുന്നതെങ്കിലും അതിനപ്പുറത്തുള്ള തന്ത്രങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്.
ശിവസേന–എൻസിപി– കോൺഗ്രസ് സഖ്യത്തിലെ എംഎൽഎമാർ തന്നെയാണ് മുഖ്യലക്ഷ്യം. ഓപ്പറേഷൻ ലോട്ടസ് എന്നു തന്നെ പേര്. ആ പാർട്ടികളിൽ നിന്നു വിട്ടു വന്ന 4 പേർക്കാണ് സംസാരിക്കാനുള്ള ചുമതല. നിരന്തരം ചർച്ച നടക്കുന്നുണ്ട്. ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും വിശ്വാസ വോട്ടെടുപ്പു സമയത്ത് വിട്ടുനിന്നാലും മതിയെന്നാണ് എംഎൽഎമാരോടു പറഞ്ഞിരിക്കുന്നത്.
നിലവിൽ 105 പേരുള്ള ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാൻ 40 പേർ കൂടി വേണം. 288 അംഗ നിയമസഭയിൽ കുറച്ചു പേർ വിട്ടു നിന്നാൽ ഭൂരിപക്ഷത്തിനുളള സംഖ്യ കുറയും. 2014 ൽ എൻസിപിയുടെ 41 പേർ വിട്ടു നിന്നപ്പോൾ ബിജെപി വിശ്വാസ വോട്ടു നേടിയതിന്റെ ചരിത്രവുമുണ്ട്. രാജ്യസഭയിൽ മുത്തലാഖ് അടക്കം പല ബില്ലുകളും ഇതുപോലെ പാസാക്കിയെടുത്തിട്ടുമുണ്ട്.
അജിത് പവാറിന്റെ പേരിലുള്ള 70,000 കോടി രൂപയുടെ അഴിമതിക്കേസുകൾ നിമിഷാർധം കൊണ്ട് ഒഴിവാക്കിയത് പലർക്കുമുള്ള പ്രലോഭനമാണ്. അത് എൻസിപിയിലെ ചെറുമീനുകളെയല്ല ലക്ഷ്യമിടുന്നതെന്നാണ് സൂചനകൾ. ശരദ് പവാർ കൂടി അറിഞ്ഞു കൊണ്ടാണ് ഇതെല്ലാമെന്നാണ് ബിജെപി നേതാക്കളിൽ ചിലർ ഇപ്പോഴും പറയുന്നത്.
ശിവസേനയുമായി ചർച്ച നടന്നപ്പോഴേ പവാർ സ്വീകരിച്ച അഴകൊഴമ്പൻ നയം ഇതിന്റെ തെളിവായി അവർ ഉയർത്തിക്കാട്ടുന്നുമുണ്ട്. പക്ഷേ, മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കിയത് ഈ നേതാക്കളിൽ പലരും സത്യപ്രതിജ്ഞാ സമയത്താണ് അറിഞ്ഞത്.
അജിത് പവാറിനൊപ്പം 30 പേരെങ്കിലും വരുമെന്നാണ് പാർട്ടി കരുതുന്നത്. 36 പേർ വന്നാലേ കൂറുമാറ്റ നിരോധന നിയമത്തിൽ നിന്നു രക്ഷപ്പെടാനാവൂ. നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന സാഹചര്യത്തിൽ അജിത് പവാർ ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്യാൻ നിർദേശിച്ചാൽ എംഎൽഎമാർക്ക് അനുസരിക്കേണ്ടി വരുമെന്നാണ് ബിജെപിയുടെ വാദം.
അവരെല്ലാവരും ഒപ്പിട്ട കത്ത് അജിത്തിന്റെ പക്കലുണ്ട്. ബിജെപി–എൻസിപി സർക്കാർ എന്ന് അജിത് സുപ്രീം കോടതിയിലടക്കം ആവർത്തിക്കുന്നതും എൻസിപി മൊത്തമായി തങ്ങളുടെ കൂടെയാണെന്ന വാദത്തിനു ബലമേകാനാണ്. റിബലുകളടക്കം 15 സ്വതന്ത്രർ കൂടി ബിജെപിക്കൊപ്പമുണ്ടെന്നാണു പാർട്ടിയുടെ കണക്ക്.
ശബരിമലയിലേക്ക് തിരിച്ച ബിന്ദുഅമ്മിണിയെ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ മുളകു പൊടിയെറിയുന്ന ദൃശ്യങ്ങൾ പുറത്ത്. തുടർന്ന് ഇയാളെ പിന്നിലൂടെ ചെന്ന് ബിന്ദു ഇടിക്കുന്നതും കാണാം. പ്രതിഷേധക്കാരും ബിന്ദു അമ്മിണിയും തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. മുളക് പൊടിയെറിഞ്ഞയാളെ ബിന്ദു ചൂണ്ടിക്കാട്ടി. ഈ വ്യക്തിയെ പൊലീസ് കസ്റ്റഡിയില്‍ കസ്റ്റഡിയിലെത്തു. ബിന്ദുഅമ്മിണിെയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
എന്നാൽ മുളക് പൊടിയെറിഞ്ഞെന്ന ആരോപണം കള്ളമെന്നു സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. തടഞ്ഞവരോടു ബിന്ദു അമ്മിണി ക്ഷോഭത്തോടെ പൊട്ടിത്തെറിച്ചു. ഇതിനിടെ പ്രതിഷേധക്കാരിൽ ഒരാളെ ബിന്ദു കരണത്തടിച്ചെന്നു ആരോപണത്തെത്തുടർന്നും വാക്കേറ്റമുണ്ടായി. കഴിഞ്ഞവര്‍ഷം ശബരിമലദര്‍ശനം നടത്തിയ വ്യക്തിയാണ് ബിന്ദു അമ്മിണി.
ശബരിമലയിൽ പോകാൻ തൃപ്തി ദേശായിക്കും സംഘത്തിനും പൊലീസ് സംരക്ഷണമില്ല. മടങ്ങിപ്പോകണമെന്ന് കൊച്ചി ഡിസിപി അറിയിച്ചു. നിയമോപദേശം യുവതീപ്രവേശത്തിന് എതിരെന്ന് പൊലീസ് വ്യക്തമാക്കി.എന്നാൽ ശബരിമല ദര്‍ശനം നടത്താതെ മടങ്ങിപ്പോകില്ല തൃപ്തി ദേശായി നിലപാടെടുത്തു. ഭൂമാത ബ്രിഗേഡിലെ നാലുപേരും തൃപ്തിക്കൊപ്പം കൊച്ചിയില്‍ കമ്മിഷണർ ഓഫിസിലാണ്.
പമ്പ വഴി ശബരിമലയിലേക്ക് പോകാന്‍ സുരക്ഷ തൃപ്തി ആവശ്യപ്പെട്ടിരുന്നു. പൊലീസ് നിലപാട് അറിയാനാണ് കമ്മീഷണര്‍ ഓഫീസില്‍ കാത്തിരിക്കുന്നതെന്നും തൃപ്തി പറഞ്ഞു. തൃപ്തിയും ഭൂമാതാബ്രിഗേഡിലെ നാലുപേരും നെടുമ്പാശേരിയിലെത്തിയത് പുലര്‍ച്ചെയാണ്. സ്ത്രീ പ്രവേശനത്തിന് സ്റ്റേ ഇല്ല. തടഞ്ഞാല്‍ കാരണം എഴുതിനല്‍കേണ്ടിവരുമെന്നും തൃപ്തി ദേശായി പറഞ്ഞു. കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ ഹിന്ദു സംഘടനകളുടെ പ്രതിഷേധം തുടരുന്നു.
ശബരിമലയിലേക്ക് തിരിച്ച ബിന്ദുഅമ്മിണിക്കു നേരെ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നിൽ ആക്രമണമുണ്ടായി. ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് ശ്രീനാഥ് എന്നയാൾ ബിന്ദുവിന്റെ മുഖത്ത് മുളക് സ്പ്രേ ചെയ്തു. ഇതിന്റെ വിഡിയോയും പുറത്തു വന്നു. തുടർന്ന് ഇയാളെ പിന്നിലൂടെ ചെന്ന് ബിന്ദു ഇടിക്കുന്നതും കാണാം. പ്രതിഷേധക്കാരും ബിന്ദു അമ്മിണിയും തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. മുളക് പൊടിയെറിഞ്ഞയാളെ ബിന്ദു ചൂണ്ടിക്കാട്ടി. ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് ശ്രീനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിന്ദുഅമ്മിണിെയ പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയി
എന്നാൽ മുളക് പൊടിയെറിഞ്ഞെന്ന ആരോപണം കള്ളമെന്നു സ്ഥലത്തുണ്ടായിരുന്നവർ പറയുന്നു. തടഞ്ഞവരോടു ബിന്ദു അമ്മിണി ക്ഷോഭത്തോടെ പൊട്ടിത്തെറിച്ചു. ഇതിനിടെ പ്രതിഷേധക്കാരിൽ ഒരാളെ ബിന്ദു കരണത്തടിച്ചെന്നു ആരോപണത്തെത്തുടർന്നും വാക്കേറ്റമുണ്ടായി. കഴിഞ്ഞവര്‍ഷം ശബരിമലദര്‍ശനം നടത്തിയ വ്യക്തിയാണ് ബിന്ദു അമ്മിണി. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിലയ്ക്കലില്‍ വാഹനപരിശോധന കര്‍ശനമാക്കി. എല്ലാ വാഹനങ്ങളും പരിശോധിക്കുന്നു
ശബരിമലയിലേക്ക് യുവതികളുടെ വരവിനെക്കുറിച്ച് ദേവസ്വം ബോര്‍ഡിന് അറിവില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എന്‍. വാസു പറഞ്ഞു. വിധിയില്‍ വ്യക്തത ഇല്ല. നിലവിലെ സമാധാന അന്തരീക്ഷം നിലനിർത്തുകയാണ് വേണ്ടത്. ഇപ്പോൾ തടസങ്ങൾ ഒന്നുമില്ലാതെ ഭക്തർ എത്തുന്നുണ്ട്. സമാധാന അന്തരീക്ഷമാണ് ഉള്ളത്. ഇത് തുടർന്ന് ഉണ്ടാകണമെന്നും വാസു പറഞ്ഞു.
സര്‍ക്കാര്‍ ഭക്തജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ആചാരം സംരക്ഷിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിക്കണം. ഉറപ്പ് പാലിച്ചില്ലെങ്കില്‍ ഭക്തജനങ്ങള്‍ക്ക് മറ്റുവഴികള്‍ തേടേണ്ടിവരുമെന്നും കുമ്മനം പറഞ്ഞു
മുംബൈ ∙ ഏഷ്യയിലെ മുൻനിര കറൻസികൾ പരിഗണിക്കുമ്പോൾ മൂല്യത്തകർച്ചയിൽ ദുർബലതലത്തിലേക്ക് ഇന്ത്യൻ രൂപ. രൂപയുടെ മൂല്യം നടപ്പു സാമ്പത്തികപാദത്തിലെ ഏറ്റവും താഴ്ന്ന തലത്തിലെത്തി.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ച കുറവായത് കണക്കിലെടുത്ത് റേറ്റിങ് എജൻസിയായ മൂഡീസ് ഇൻവെസ്റ്റേഴസ് സർവീസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ഈ മാസമാദ്യം ‘നെഗറ്റീവ്’ ആക്കിയിരുന്നു. വായ്പയ്ക്ക് എത്രമാത്രം അർഹതയുണ്ടെന്നത് നിർണയിക്കുന്ന ഈ റേറ്റിങ് നെഗറ്റീവായതും രൂപയുടെ വിലയിടിവിന് ആക്കം കൂട്ടുന്നതായാണ് വിലയിരുത്തൽ.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ആറു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് ഈ ആഴ്ച റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് രൂപയുടെ ഇടിവ് കൂടുതൽ പ്രകടമായത്. ജൂലൈയിലെ മൂല്യവർധനയിൽ നിന്ന് അഞ്ചു ശതമാനത്തിന്റെ ഇടിവാണ് രൂപ നേരിടുന്നത്. പൊതു കടത്തിന്റെ തോത് വർധിച്ചതും ബാങ്കിതര ധനകാര്യ കമ്പനികൾക്കിടയിൽ കിട്ടാക്കടം വർധിക്കുന്നതും മറ്റും രൂപയുടെ മൂല്യം കുറയാൻ കാരണമായി വിലയിരുത്തപ്പെടുന്നു. വളർച്ചാ നിരക്ക് കുറയുന്നത് മൂലധനനിക്ഷേപത്തിന്റെ തോത് കുറയ്ക്കുമെന്നതിനാൽ രൂപയുടെ മൂല്യതകർച്ച ഇനിയും വർധിക്കുമെന്ന സൂചനയുണ്ട്.
തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരെ രണ്ടു പൈസ ഇടിവോടെ 71.73 എന്ന തലത്തിലായിരുന്നു രൂപ. തുടർന്ന് 3 പൈസ ഇടിവോടെ 71.74 എന്ന തലത്തിലെത്തി. ബാങ്കുകളും ഇറക്കുമതിക്കാരും ഡോളർ വാങ്ങിക്കൂട്ടിയതാണ് രൂപയുടെ വിലയിടിവിന് ഇടയാക്കിയതെന്നാണ് സൂചന. ഒപ്പം ക്രൂഡോയിൽ വിലവർധനയും രാജ്യാന്തരതലത്തിൽ ഡോളർ ശക്തിപ്പെടുന്നതുമാണ് മറ്റു ഘടകങ്ങൾ.
വളർച്ചാനിരക്കിലെ ഇടിവാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് മുംബൈ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ലിമിറ്റഡിലെ ചീഫ് ഇക്കണോമിസ്റ്റ് ഇന്ദ്രാനിൽ പാൻ പറഞ്ഞു. ‘സാമ്പത്തികതലത്തിലെ വെല്ലുവിളികൾക്കൊപ്പം, രൂപയുടെ മൂല്യം ദുർബലമാകാനും ഇത് ഇടയാക്കും. വളർച്ചാനിരക്കിലെ മോശം സാഹചര്യങ്ങൾ മൂലധന പ്രവാഹം കുറയ്ക്കുന്നതിലേക്കും നയിക്കാം. അതാകട്ടെ രൂപയെ വലിയതോതിൽ ബാധിക്കും.’ – അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം കഴിഞ്ഞ പാദത്തിൽ 4.6 ശതമാനമായി കുറഞ്ഞിരുന്നു. ഇത് 2013 ലെ ആദ്യ മൂന്ന് മാസത്തിനുശേഷം ഏറ്റവും താഴ്ന്നതാണെന്ന് ബ്ലൂംബെർഗ് സർവേയിലെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിക്കുന്നത് രാജ്യത്തിന്റെ വളർച്ചാനിരക്ക് 4.2 ശതമാനമായി കുറയുമെന്നാണ്. 2012 മുതല്‍ കണക്കാക്കിയാൽ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണിത്.
ഈ മാസമാദ്യം രൂപയുടെ മൂല്യം ഡോളറിനെതിരെ 72.2425 എന്ന നിലയിലെത്തിയിരുന്നു. സെപ്റ്റംബറിൽ ഒൻപതു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 72.4075ൽ ആയിരുന്നു മൂല്യം. ധനകാര്യ വ്യവസ്ഥയിൽ രൂപയുടെ പണലഭ്യത വർധിപ്പിക്കുന്നതിനായി റിസർവ് ബാങ്ക് ഡോളർ വാങ്ങൽ വർധിപ്പിച്ചിരുന്നു. ഇതോടെ വിദേശനാണ്യ കരുതൽ ശേഖരം 448 ബില്യൻ ഡോളറിലെത്തുകയും ചെയ്തു.
മലയാളികള്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന താരമാണ് ജഗതി അദ്ദേഹത്തിന്‍റെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം കിടിലന്‍ പരിപാടികളോടെയാണ് വിവാഹ ചടങ്ങുകള്‍ നടന്നത് നിരവധി താരങ്ങള്‍ പങ്കെടുത്ത വിവാഹം വളരെ ആര്‍ഭാടത്തോടെ കൊച്ചിയില്‍ വെച്ച് നടന്നു. എന്നാല്‍ മകളുടെ വിവാഹത്തിന് അച്ഛന്‍ എത്തിയില്ല അദ്ദേഹത്തിന്‍റെ ആരോഗ്യ പ്രശ്നങ്ങള്‍ കാരണമായിരിക്കാം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നടന്‍ എത്താതിരുന്നത് കഴിഞ്ഞ ദിവസം നടന്ന സ്റ്റേജ് പരിപാടിയില്‍ ജഗതി ശ്രീകുമാര്‍ പങ്കെടുത്തിരുന്നു ഒരുപാട് ആരാധകര്‍ അദ്ദേഹത്തിന്‍റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് മകളുടെ വിവാഹത്തിന് അദ്ദേഹത്തെ കാണാന്‍ സാധിക്കുമെന്ന ആരാധകരുടെ പ്രതീക്ഷ വെറുതെയായി.
ഇപ്പൊ താരത്തിന്‍റെ മകളുടെ വിവാഹ റിസപ്ഷനില്‍ വെച്ചുള്ള കിടിലന്‍ ഡാന്‍സ് ആണ് വൈറല്‍ ആകുന്നത് ഭംഗിയുള്ള സാരി അണിഞ്ഞുള്ള വേഷമായിരുന്നു ശ്രീലക്ഷ്മിയുടേത് താര പുത്രിയുടെ വിവാഹത്തില്‍ നിരവധി താരങ്ങളും പങ്കെടുത്തിരുന്നു. വിവാഹ ദിനത്തിലെ ശ്രീലക്ഷ്മിയുടെ മേക്കപ്പില്‍ പോലും വളരെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു വളരെ വ്യത്യസ്തമായ രീതിയില്‍ ആയിരുന്നു മേക്കപ്പ് ത്രീഡി മേക്കപ്പ് എന്നാണ് ഈ മേക്കപ്പ് രീതിക്ക് പൊതുവേ പറയാറുള്ളത്. നിരവധി താരങ്ങളുടെ മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയാണ് ഹിന്ദു വധുവായി ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയത്. ഉത്തരേന്ത്യന്‍ രീതിയില്‍ വേഷം ധരിച്ചാണ് ശ്രീലക്ഷ്മി എത്തിയത് വസ്ത്രങ്ങളില്‍ പോലും പ്രത്യേകത തോന്നിയിരുന്നു എന്തായാലും താരപുത്രിയുടെ വിവാഹം ഗംഭീരമായി എന്ന് തന്നെ പറയാം.