India

ന്യൂസ് ഡെസ്ക്

കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന കെ.എം മാണിയുടെ വിയോഗത്തിനുശേഷം കേരള കോൺഗ്രസ് എമ്മിന്റെ ചെയർമാൻ സ്ഥാനം സംബന്ധിച്ച കാര്യത്തിൽ ജനാധിപത്യ രീതിയിലുള്ള തീരുമാനം ഉണ്ടാകണമെന്ന് യുഡിഎഫ് നേതാക്കള്‍. താത്കാലിക ചെയർമാൻ സ്ഥാനം ഇപ്പോൾ പി.ജെ ജോസഫാണ് വഹിക്കുന്നത്. പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് പുതിയ പാർട്ടി ചെയർമാനെ തീരുമാനിക്കണമെന്നാണ് പാർട്ടി പ്രവർത്തകരുടെ വികാരം. അതു തന്നെയാണ് പാർട്ടിയുടെ ഭരണഘടനയും പറയുന്നത്. ആരായിരിക്കണം അടുത്ത ചെയർമാൻ എന്നതുമായി ബന്ധപ്പെട്ട ഉയർന്നു വരുന്ന അഭിപ്രായ ഭിന്നതയിൽ കേരളാ കോൺഗ്രസ് അണികൾ ദുഃഖിതരാണ്.

പൊടുന്നനെയുണ്ടായ കെ.എം മാണിയുടെ വിയോഗത്തോടെ പാർട്ടി നേതൃത്വം പിടിച്ചെടുക്കാൻ മുതിർന്ന പാർട്ടി നേതാവ് രഹസ്യ നീക്കം നടത്തിയതായാണ് അണികൾ കരുതുന്നത്. കെ എം മാണി അനുസ്മരണത്തിന്റെ മറവിൽ പാർട്ടി പ്രവർത്തകരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾക്കായി ഈ നേതാവിന്റെ മറവിൽ ഒരു പാർട്ടി എം.എൽ.എ ചരടുവലിച്ചതായി പ്രവർത്തകർക്ക് ആക്ഷേപമുണ്ട്. മുതിർന്ന നേതാവിനെ മുന്നിൽ നിറുത്തി, പാർട്ടിയുടെ മുൻ എംഎൽഎയും രാജ്യസഭാ എം പിയുമായിരുന്ന പാർട്ടി ഓഫീസിന്റെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറിയെ സ്വന്തം പാളയത്തിലെത്തിച്ച് നെറികെട്ട രാഷ്ട്രീയക്കളി നടത്തിയത് അപലപനീയമാണെന്ന് കെ.എം മാണി എന്ന നേതാവിനെ ഹൃദയത്തിൽ സൂക്ഷിക്കുന്ന യഥാർത്ഥ കേരള കോൺഗ്രസ് പ്രവർത്തകർ പറയുന്നു.

നിലവിൽ വൈസ് ചെയർമാനായ ജോസ് കെ മാണി എം.പിയെയും അദ്ദേഹത്തിന്റെ വലംകൈയായി പ്രവർത്തിക്കുന്ന ഒരു യുവ എംഎൽഎയെയും തമ്മിൽ തെറ്റിക്കാൻ, അഭ്യൂഹങ്ങൾ പരത്തുന്ന വിധത്തിലുള്ള വാർത്ത പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ മുൻ പ്രസിഡന്റ് വിവിധ ന്യൂസുകൾക്ക് പ്രസിദ്ധീകരിക്കാൻ എത്തിച്ചു നല്കിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. കെ എം മാണിയുടെ മരണത്തെത്തുടർന്ന് മകൻ ജോസ് കെ മാണി പ്രവർത്തന രംഗത്ത് അത്ര സജീവമല്ല എന്നറിഞ്ഞു കൊണ്ട് കിട്ടിയ അവസരത്തിൽ കുത്സിത മാർഗ്ഗത്തിലൂടെ പാർട്ടി പിടിക്കാൻ ശ്രമം നടത്തിയവർക്ക് എതിരെ യുഡിഎഫ് നേതാക്കളും പ്രതികരിച്ചു കഴിഞ്ഞു.

പാർട്ടിയുടെ മുതിർന്ന നേതാവായ പി ജെ ജോസഫിന് ചെയർമാൻ സ്ഥാനത്തിന് അർഹതയുണ്ടെങ്കിലും, അദ്ദേഹത്തിന്റെ പേരുപയോഗിച്ച് പിന്നിൽ നിന്ന് പ്രവർത്തിക്കുന്ന ഉപജാപക വൃന്ദം, അദ്ദേഹത്തിന്റെ  നേതൃ സാധ്യതകൾ ഇല്ലാതാക്കിയിരിക്കുന്ന നിലയിലാണ്. പാർട്ടി നേതാക്കളെ സ്വാധീനിക്കാനും മറുപക്ഷത്ത് എത്തിക്കാനും നടത്തിയ നീക്കങ്ങൾ പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. നിലവിൽ കേരളാ കോൺഗ്രസ് എമ്മിന്റെ ശക്തമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത് ജോസ് കെ മാണി എം.പിയാണ്. കോട്ടയം എംപിയായി നിരവധി വികസന പ്രവർത്തനങ്ങൾ നടത്തുകയും പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിന് ആവശ്യമായ പരിപാടികൾ ആവിഷ്കരിക്കുകയും ചെയ്തത് ജോസ് കെ മാണിയുടെ നേതൃത്വത്തിലാണ്.

പാർട്ടി പ്രതിസസികളിലൂടെ കടന്നു പോയപ്പോളൊക്കെ മുതലെടുപ്പിന് ശ്രമിച്ച ഒരു നേതാവിനും പാർട്ടിയെ തീറെഴുതി നല്കാനാവില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. പി. ജെ ജോസഫ് ചെയര്‍മാന്‍, സി എഫ് തോമസ്‌ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍, ജോസ് കെ മാണി വര്‍ക്കിംഗ് ചെയര്‍മാന്‍ എന്നതാണ് ജോസഫ് വിഭാഗം മുന്നോട്ട് വയ്ക്കുന്ന ഏറ്റവും പുതിയ ഉപാധി. എന്നാല്‍ ആര് ആകുന്നതിനോടും വിയോജിപ്പില്ല, പക്ഷെ, അത് പാര്‍ട്ടി ഭരണഘടന പ്രകാരം സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്താകണം എന്നതാണ് ജോസ് കെ മാണിയുടെ നിലപാട്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കും എന്ന് മാണി വിഭാഗം പറയുന്നു. എന്നാല്‍ സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കില്ല എന്ന തീരുമാനവുമായി ജോസഫ് മുന്നോട്ട് പോവുകയാണ്. ഇതിനോട് യോജിക്കാന്‍ യു ഡി എഫിലെ മറ്റ്‌ ഘടകകക്ഷികളും തയാറല്ല. കേരളാ കോണ്‍ഗ്രസ് എം എന്നത് കെ എം മാണിയുടെ പാര്‍ട്ടിയാണെന്നും മാണിയെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ് ആ പാര്‍ട്ടിയില്‍ ഉള്ളതെന്നുമാണ് യു ഡി എഫ് നേതാക്കളുടെ നിലപാട്.

ജനാധിപത്യപരമായ രീതിയില്‍ കാര്യങ്ങള്‍ തീരുമാനിക്കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും രമേശ്‌ ചെന്നിത്തലയുടെയും നിലപാട്. പാര്‍ട്ടിയിലെ പ്രശ്നത്തില്‍ ഇടപെടണമെന്ന് യു ഡി എഫ് നേതാക്കളോട് ജോസഫ് ആവശ്യപ്പെട്ടെങ്കിലും അവരത് നിരസിച്ചു. എ കെ ആന്റണിയുടെ നിലപാടും ജോസഫിന് അനുകൂലമല്ല. അതിനാല്‍ തന്നെ സംസ്ഥാന കമ്മിറ്റി വിളിച്ച് കൂട്ടി പി ജെ ജോസഫ് തന്റെ ആഗ്രഹം വ്യക്തമാക്കട്ടെയെന്നും അവര്‍ തീരുമാനം എടുക്കട്ടെയെന്നുമാണ് നേതാക്കള്‍ പറയുന്നത്. 450 അംഗങ്ങളുള്ള സംസ്ഥാന കമ്മിറ്റിയാണ് കേരളാ കോണ്‍ഗ്രസിനുള്ളത്. അവരെ നോക്കുകുത്തിയാക്കി 7 പേരുടെ പാര്‍ലമെന്‍ററി പാര്‍ട്ടി മീറ്റിംഗ് വിളിച്ച് കാര്യങ്ങള്‍ തീരുമാനിക്കാം എന്ന് ജോസഫ് പറയുന്നത് യു ഡി എഫിലെ നേതാക്കളും തള്ളിക്കളയുന്നു.

ഉൾനാടൻ മത്സ്യസമ്പത്തിന്റെ കലവറയായ പയസ്വിനിപ്പുഴയിലെ നെയ്യങ്കയത്തിൽ വെള്ളം കുറഞ്ഞതോടെ മീൻപിടിക്കാൻ ആളുകളുടെ പ്രവാഹം. മീൻപിടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഇന്നലെ രാവിലെ നെയ്യങ്കയം പുഴ ആളുകളെക്കൊണ്ട് നിറഞ്ഞു. ക്വിന്റൽ കണക്കിനു മീനാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവർ കൊണ്ടുപോയത്. മീനുകളുടെ കൂട്ടക്കുരുതി ശ്രദ്ധയിൽപ്പെട്ടതോടെ സംസ്ഥാന ജൈവ വൈവിധ്യബോർഡിന്റെ നിർദേശപ്രകാരം പൊലീസ് ഇടപെട്ട് മീൻപിടിത്തം തടഞ്ഞു.

കഴിഞ്ഞ രാത്രി മീൻപിടിക്കാനെത്തിയവർ വെള്ളം കലക്കിയതാണ് അടിത്തട്ടിലെ മീനുകൾ മുകളിലെത്താൻ കാരണം. ശ്വാസം കിട്ടാതെ പൊങ്ങിയ മീനുകളെ നാട്ടുകാർ പിടിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇതു പ്രചരിച്ചതോടെ വിവിധ ഭാഗങ്ങളിൽ നിന്നു ഒട്ടേറെ പേർ നെയ്യങ്കയത്ത് എത്താൻ തുടങ്ങി. വറ്റിവരണ്ട പുഴ മണിക്കൂറുകൾക്കകം ആളുകളെക്കൊണ്ട് നിറഞ്ഞു. 50 അടിയിലേറെ ആഴമുള്ള നെയ്യങ്കയത്തിൽ ഒരാൾ പൊക്കത്തിൽ മാത്രമേ ഇപ്പോൾ വെള്ളമുള്ളൂ. വെള്ളത്തിൽ ഇറങ്ങി ആളുകൾ അപൂർവയിനം മീനുകളെയടക്കം പിടിച്ചുക്കൊണ്ടുപോകുന്നുവെന്ന വിവരം ലഭിച്ച സംസ്ഥാന ജൈവ വൈവിധ്യബോർഡ് അടിയന്തിര നടപടിക്ക് പൊലീസിനു നിർദേശം നൽകി

രാവിലെ 11ന് ആദൂർ എസ്ഐ പി.നളിനാക്ഷന്റെ നേതൃത്വത്തിൽ പൊലീസ് എത്തുമ്പോഴേക്കും ഭൂരിഭാഗം മീനുകളും ആളുകൾ കൊണ്ടുപോയിരുന്നു. മീൻ പിടിക്കുകയായിരുന്നവരെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. പിന്നീട് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം വിളിച്ചുചേർത്ത് മീൻപിടിത്തം തടയാൻ തീരുമാനിച്ചു. 3 ദിവസത്തേക്ക് പുഴയിൽ പൊലീസ് കാവലും ഏർപ്പെടുത്തി. ഇവിടെ നിന്നു മോട്ടോർ ഉപയോഗിച്ചു വെള്ളം എടുക്കുന്നത് തൽക്കാലത്തേക്ക് നിർത്തി വയ്ക്കാനും തീരുമാനിച്ചു.

മീനുകൾക്ക് ഓക്സിജൻ ലഭിക്കാനായി സമീപത്തെ കുളങ്ങളിൽ നിന്നു വെള്ളം കയത്തിലേക്ക് പമ്പ് ചെയ്തുവിട്ടു. പഞ്ചായത്ത് അംഗങ്ങളായ ശോഭ പയോലം,ടി.ഗോപാലൻ എന്നിവർ രക്ഷാധികാരികളും എം.രാഘവൻ നായർ നെയ്യങ്കയം ചെയർമാനും എം.സരിത് കുമാർ കൺവീനറുമായി നാട്ടുകാരുടെ സമിതിയും രൂപീകരിച്ചു. വെള്ളം കലങ്ങിയതിനാൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് ഭീഷണിയായിട്ടുണ്ട്

വംശനാശഭീഷണി നേരിടുന്നവയടക്കം ഒട്ടേറെ അപൂർവങ്ങളായ മത്സ്യങ്ങളുടെ ആവാസ കേന്ദ്രമാണിത്. കേരളത്തിൽ കണ്ടുവരുന്ന 160 ഓളം തദ്ദേശീയ മത്സ്യങ്ങളിൽ ഭൂരിപക്ഷവും ഇവിടെയുണ്ടെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ. കേരളത്തിൽ വളരെക്കുറച്ച് മാത്രം കണ്ടുവരുന്ന പാലാമ എന്ന ഭീമൻ ആമ, ഏരി, കരിമീൻ, തേൻമീൻ, കൊത്യൻ, കൊഞ്ച്, പുല്ലൻ അടക്കം ഒട്ടേറെ ഇനം മീനുകൾ ഇവിടെയുണ്ട്.

100 ഗ്രാം മുതൽ 10 കിലോ വരെ ഭാരമുള്ള മീനുകളുണ്ട് .ഇവയുടെ നിലനിൽപിനു തന്നെ ഇന്നലത്തെ കൂട്ടക്കുരുതി ഭീഷണിയായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലവും ആവാസവ്യവസ്ഥയുടെ നാശവും കാരണം മത്സ്യങ്ങൾ കുറഞ്ഞുവരുന്ന ഘട്ടത്തിലാണ് ഈ അതിക്രമം.‌

കോഴിക്കോട്: ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത കാരണം ബിജെപിക്ക് കിട്ടുമായിരുന്ന വോട്ടുകൾ യുഡിഎഫിന് പോയിരിക്കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. യുഡിഎഫിന്‍റെ തത്വദീക്ഷയില്ലാത്ത കുപ്രചരണങ്ങളാണ് ഇതിന് കാരണമെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമലയെ പോലും യുഡിഎഫ് ബിജെപിക്കെതിരായാണ് ഉപയോഗിച്ചതെന്നും ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി.

ശബരിമല ബിജെപിക്ക് സുവര്‍ണാവസരമായിരുന്നു എന്ന് മുൻപ് അഭിപ്രായപ്പെട്ട പിഎസ് ശ്രീധരൻ പിള്ള എക്സിറ്റ്പോൾ ഫലങ്ങൾ വന്ന ശേഷം പക്ഷെ ശബരിമല പ്രക്ഷോഭത്തെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയല്ല ബിജെപി കണ്ടതെന്നാണ് അഭിപ്രായപ്പെട്ടത്. ലാഭ നഷ്ടങ്ങൾ നോക്കിയില്ല ശബരിമല പ്രക്ഷോഭം ബിജെപി ഏറ്റെടുത്തതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. അത് ജനങ്ങളോടുള്ള പ്രതിബദ്ധതയാണെന്നും ശ്രീധരൻ പിള്ള വിശദീകരിച്ചു.

തിരുവനന്തപുരം ഒഴിച്ച് നിര്‍ത്തിയാൽ ബിജെപിക്ക് പറയത്തക്ക സാധ്യത കൽപ്പിക്കാത്ത എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി ക്യാമ്പിൽ വലിയ നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളത്. എക്സിറ്റ് പോളുകൾ വിശ്വാസത്തിലെടുക്കുന്നില്ലെന്നും പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.

കെവിൻ വധക്കേസിലെ സാക്ഷി രാജേഷിന് പ്രതികളുടെ മര്‍ദ്ദനം. മുപ്പത്തേഴാം സാക്ഷി രാജേഷിനെ ആറാം പ്രതി മനു പതിമൂന്നാം പ്രതി ഷിനു എന്നിവർ മർദിച്ചുവെന്ന് പരാതി. കോടതിയിൽ സാക്ഷി പറയരുതെന്നാവശ്യപ്പെട്ടായിരുന്നു മർദനം

കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ട് പോയ കാര്യം പതിനൊന്നാം പ്രതിയായ ഫസിൽ തന്നോട് പറഞ്ഞിരുന്നുവെന്നാണ് മുപ്പത്തേഴാം സാക്ഷി രാജേഷിന്‍റെ മൊഴി. പുനലൂരിൽ നിന്ന് കോട്ടയത്തേക്ക് വരുമ്പോഴായിരുന്നു മർദ്ദനമെന്നാണ് രാജേഷ് കോടതിയിൽ പറഞ്ഞത്. പരാതിയെ തുടര്‍ന്ന് പുനലൂർ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു.പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊച്ചി: നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് തീര്‍ത്ഥാടനത്തെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ. കാന്‍ ചലച്ചിത്ര മേളയില്‍ നടക്കുന്ന ‘റെഡ് കാര്‍പ്പറ്റിന്’ തുല്യമാണ് മോദിയുടെ തീര്‍ത്ഥാടന യാത്രയെന്നാണ് പ്രധാന പരിഹാസം. കേദാര്‍ നാഥിലെ അമ്പലത്തിലെ മോദി സന്ദര്‍ശനത്തിനായി പ്രത്യേകം അലങ്കരിച്ച ചുവന്ന തുണി വിരിച്ചിരുന്നു. ഇതാണ് ട്രോളന്‍മാര്‍ പരിഹാസത്തിനായി ഉപയോഗിച്ചിരിക്കുന്നത്. നേരത്തെ ഗുഹയില്‍ ധ്യാനത്തിലിരിക്കുന്ന മോദിയുടെ ചിത്രങ്ങള്‍ പരിഹാസം ഏറ്റുവാങ്ങിയിരുന്നു.

പുരാതന കാലത്ത് നിര്‍മ്മിതമായതായണ് മോദി ധ്യാനിക്കുന്ന രുദ്ര ഗുഹയെന്നും മുനിമാര്‍ ഇവിടെ തപസിരുന്നുവെന്നും വാദിച്ച് ചിലര്‍ നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാല്‍ സത്യം മറ്റൊന്നാണ്. ആധുനിക സൗകര്യങ്ങളോടു കൂടിയ ധ്യാന കേന്ദ്രത്തിന് സമാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ദുദ്ര ഗുഹ. മോദിയുടെ പ്രത്യേക നിര്‍ദേശത്തില്‍ 8.50 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 3000 രൂപ നല്‍കിയാല്‍ ആര്‍ക്കും ഇവിടെ ധ്യാനത്തിനായി എത്താം. മൂന്ന് ദിവസം മിനിമം ബുക്ക് ചെയ്താലെ പ്രവേശനം ലഭിക്കുക.

സാധാരണയായി ഒറ്റയ്ക്കാണ് മുനിമാര്‍ തപസിരിക്കാറുള്ളത്. എന്നാല്‍ മോദിയിരിക്കുമ്പോള്‍ ഒപ്പം ഒരു ക്യാമറയുമുണ്ടായിരുന്നുവെന്ന് ചിലര്‍ പരിഹാസവും ഉന്നയിക്കുന്നുണ്ട്. കേദാര്‍നാഥ് ക്ഷേത്രത്തില്‍ പൂജകളും പ്രാര്‍ത്ഥനകള്‍ക്കുമായി രണ്ട് ദിവസമാണ് മോദി ചെലവഴിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്‍പ് മോദി കൂടുതല്‍ തീര്‍ത്ഥയാത്രകള്‍ നടത്തുമെന്നാണ് അഭ്യൂഹങ്ങള്‍.

വെമ്പായം വട്ടപ്പാറ കല്ലയം കാരമൂട് നമ്പാട്ടിൽ വിനോദ് ( 35 ) കഴുത്തിൽ ആഴത്തിൽ മുറിവേറ്റു മരിച്ച സംഭവത്തിൽ ഭാര്യ രാഖിയുടെ മൊഴിയും മകൻ രണ്ടാംക്ലാസ്സുകാരന്റെ മൊഴിയും തെളിവുകളും ലഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും വട്ടപ്പാറ പൊലീസിന് കേസ് എങ്ങുമെത്തിക്കാനാകുന്നില്ല.പ്രതിയെന്നു കരുതപ്പെടുന്ന ടിപ്പർ ലോറി ഡ്രൈവർ തൊഴുവൻകോട് സ്വദേശി മനോജ് പൊലീസ് കസ്റ്റഡിയിലാണെന്നാണ് വിവരം.

എന്നാൽ ഇപ്പോഴും ഇവരുടെ മൊഴികളിലെ വൈരുദ്ധ്യത കാരണം പൊലീസിനു തീരുമാനത്തിലെത്താൻ കഴിയുന്നില്ലത്രെ. ആദ്യം ആത്മഹത്യയെന്ന വിലയിരുത്തലായിരുന്നുവെങ്കിലും മകന്റെയും ഭാര്യയുടെയും മൊഴിയിലെ വൈരുദ്ധ്യവും വിനോദിന്റെ കഴുത്തിലെ ആഴത്തിലുള്ള മുറിവിനെക്കുറിച്ചുള്ള ഡോക്ടറുടെ നിരീക്ഷണവും കൊലപാതകമെന്ന നിഗമനത്തിലേക്ക് എത്തിക്കുകയായിരുന്നു.

തുടർന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ടിപ്പർ ഡ്രൈവറായുള്ള കുടുംബസുഹൃത്ത് സംഭവ സ്ഥലത്തുണ്ടായിരുന്നതായി രാഖി വെളിപ്പെടുത്തിയത്. അമ്മ രണ്ടു കൈകളും പുറകോട്ടു പിടിച്ചപ്പോൾ മാമൻ കത്തികൊണ്ട് പിതാവിന്റെ കഴുത്തിൽ കുത്തുകയായിരുന്നു എന്നായിരുന്നു മകന്റെ വെളിപ്പെടുത്തൽ. ആദ്യമൊന്നും ഇത് രാഖി സമ്മതിച്ചില്ലെങ്കിലും പിന്നീടു സമ്മതിച്ചതായാണ് വിവരം.

ആറു വയസ്സുള്ള ചെറുമകനെയും മൂന്നു വയസ്സുള്ള ചെറുമകളെയും വിട്ടുകിട്ടണമെന്നും അല്ലാത്തപക്ഷം അവരുടെ ജീവൻ തന്നെ അപകടത്തിലാകുമെന്നും കൊല്ലപ്പെട്ട വിനോദിന്റെ പിതാവ് ജോസഫ് . വിനോദിന്റയും കല്ലയം പൊന്നറക്കുന്ന് സ്വദേശി രാഖിയുടെയും വിവാഹം കഴിഞ്ഞിട്ട് 10 വർഷത്തോളമായി.

രാഖിയുമായി ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടെന്നും പലതവണ വിനോദിന് ശാരീരിക മർദനം ഏൽക്കേണ്ടിവന്നിരുന്നെന്നും ജോസഫ് പറയുന്നു. തലയ്ക്കും മുഖത്തിനും കൈക്കും സാരമായ പരുക്കുകളോടെ വിനോദ് വട്ടപ്പാറ സറ്റേഷനിൽ നിരവധി തവണ പരാതികൾ നൽകിയിട്ടുണ്ടെന്നും പൊലീസ് ഗൗരവമായി എടുത്തില്ലെന്നും നടപടിയുണ്ടായില്ലെന്നും ജോസഫ് പറയുന്നു. ഭാര്യയെ വിട്ടു പോകാനായിരുന്നുവത്രെ അന്നു പൊലീസിന്റെ നിർദേശം. രണ്ടു കുട്ടികൾക്കു വേണ്ടിയാണ് രാഖിയെ പിരിയാതെ കഴിയുന്നതെന്ന് വിനോദ് തന്നോടു പലവട്ടം പറഞ്ഞതായും ജോസഫ് പറഞ്ഞു.

അതുകൊണ്ടു മാത്രമാണ് താൻ കുട്ടികളെ ആവശ്യപ്പെടുന്നതെന്നും അല്ലാത്ത പക്ഷം കുട്ടികളുടെ ജീവൻ തന്നെ അപകടത്തിൽപ്പെടാമെന്നും ജോസഫ് മനോരമയോട് പറഞ്ഞു.ഇവർക്ക് വീടു വയ്ക്കാനായി കുടുംബവീടിനു സമീപത്തായി മൂന്നുസെന്റ് സ്ഥലം വാങ്ങിയിട്ടിരുന്നു. ആറു വർഷത്തിനു മുൻപാണ് മൈലമൂട്ടിൽ നിന്നു രാഖിയുടെ നിർബന്ധപ്രകാരം കല്ലയത്ത് വാടകയ്ക്ക് വീടെടുത്തു പോകുന്നത്. മൂന്നു വർഷം മുൻപാണ് കാരമൂട്ടിലെ വിജനമേഖലയിലെ വാടക വീട്ടിലെത്തുന്നത്.

രാജ്യത്ത് വീണ്ടും എന്‍ ഡി എ ഭരണം ഉണ്ടാകുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി രംഗത്തെത്തി. മോദിക്ക് വേണ്ടി ഉണ്ടാക്കിയ എക്സിറ്റ് പോളുകളാണ് ഇന്ന് പുറത്തുവന്നതെന്നാണ് ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. ചാനലുകള്‍ക്ക് എവിടുന്നാണ് ഇത്തരം സര്‍വ്വെ ഫലം കിട്ടിയതെന്ന് മനസിലാകുന്നില്ലെന്നും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തെറ്റാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപിയും അഭിപ്രായപ്പെട്ടിരുന്നു. ബിജെപിക്കും എൻഡിഎക്കും അതിഗംഭീര വിജയം പ്രവചിച്ചതിന് പിന്നാലെയാണ് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും തെറ്റാണെന്ന് ശശി തരൂർ പറഞ്ഞത്. വിദേശ രാജ്യമായ ഓസ്ട്രേലിയയിൽ നടന്ന സമീപകാല തെരഞ്ഞെടുപ്പ് സാഹചര്യങ്ങളെ ഉദാഹരിച്ചുകൊണ്ടായിരുന്നു ശശി തരൂർ എംപിയുടെ ട്വീറ്റ്.

“എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഓസ്ട്രേലിയയിൽ കഴിഞ്ഞ ആഴ്ച 56 എക്സിറ്റ് പോൾ ഫലങ്ങളാണ് തെറ്റാണെന്ന് തെളിഞ്ഞത്. ഇന്ത്യയിലെ വോട്ടർമാർ ആർക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്താറില്ല. ആർക്കാണ് വോട്ട് ചെയ്തതെന്ന് ചോദിക്കുന്നവർ സർക്കാർ ഉദ്യോഗസ്ഥരോ സർക്കാർ പ്രതിനിധികളോ ആയിരിക്കാമെന്ന് ഭയപ്പെടുന്നവരാണവർ. 23ാം തീയ്യതി യഥാർത്ഥ റിസൾട്ട് വരാനായി കാത്തിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ട്വിറ്ററിൽ തന്റെ ഔദ്യോഗിക അക്കൗണ്ടിലാണ് അദ്ദേഹം ഇത് കുറിച്ചത്. ബിജെപി നയിക്കുന്ന എൻഡിഎ കേവല ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്നാണ് ബഹുഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിച്ചത്. ഇന്ത്യ ടുഡെ ബിജെപി മുന്നണിക്ക് 365 സീറ്റ് വരെ കിട്ടിയേക്കാമെന്നാണ് പ്രവചിച്ചത്.

പാലാ സീറ്റിനായുള്ള പിസി ജോർജിന്റെ പോരാട്ടത്തിന് ബിജെപി സംസ്ഥാന നേതൃത്വം ഒടുവിൽ ഇങ്ങനെ ഒരു സമവാക്യത്തിൽ എത്തിയതായാണ് അറിയാൻ കഴിഞ്ഞത്. പത്തനംതിട്ട മണ്ഡലത്തിൽ സുരേന്ദ്രൻ ജയിച്ചാൽ പാലാ സീറ്റ് ഷോൺ ജോർജ്ജിന് നൽകാമെന്ന് ധാരണയായതായി ചില അടുത്ത വൃത്തങ്ങൾ മലയാളംയുകെ ന്യൂസിനോട് പ്രതികരിച്ചു. സുരേന്ദ്രന് നൽകിയ പിന്തുണയുടെ പേരിൽ പിസി ജോർജ്ജ് മകനുവേണ്ടി നേരത്തെ സീറ്റ് ആവശ്യപ്പെടും എന്നു വ്യക്തമാക്കിയിരുന്നു. ലോക്സഭാ തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ എൻഡിഎയിലേക്ക് ചേക്കേറിയ പിസി ജോർജ്ജ് പത്തനംത്തിട്ടയിൽ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന് വേണ്ടി മികച്ച പ്രവർത്തനം കാഴ്ച്ചവച്ചിരുന്നു. ഇതിന് പിന്നാലെ സംഘപരിവാർ അനുകൂല പ്രസ്താവനകൾ കൊണ്ട് പിസി മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കേരളത്തിൽ മോദി പങ്കെടുത്ത പരിപാടികളിൽ പിസി നിറസാന്നിധ്യം ആയിരുന്നു.

പാലാ നിയമസഭാ മണ്ഡലത്തിൽ തനിക്കുള്ള മുൻതൂക്കം അദ്ദേഹം നേരത്തെ തന്നെ സംസ്ഥാന കമ്മറ്റിയെ അറിയിച്ചിരുന്നു. എന്നാൽ ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി ഇതിനെ എതിർത്തതായി റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ പിസി ജോർജ്ജ് പരുങ്ങലിലായിരുന്നു. കഴിഞ്ഞ തവണ സ്ഥാനാർഥിയായി മികച്ച മത്സരം കാഴ്ചവച്ച എൻ ഹരി തന്നെ മത്സരിക്കണം എന്നാണ് ജില്ലാ കമ്മറ്റിയുടെ ആവശ്യം. പക്ഷെ എൽഡിഎഫും യുഡിഎഫും കടുത്ത മത്സരം കാഴ്ചവക്കുന്ന പാലായിൽ ബിജെപി വിജയസാധ്യത ഇല്ല എന്നാണ് പിസിയുടെ ആക്ഷേപം. മറിച്ച് തന്റെ മകൻ മത്സരിച്ചാൽ കേരളാ കോൺഗ്രസിലെ തന്നെ വലിയൊരു ഭാഗം വോട്ട് ലഭിക്കും എന്നാണ് ജോർജ്ജ് സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചിരിക്കുന്നത്.

എന്നാൽ പിസി ജോർജ്ജിന്റെ എൻഡിഎയിലേക്കുള്ള കടന്ന് വരവ് പൂഞ്ഞാറിന് പുറത്ത് സ്വാധീനം സൃഷ്ടിക്കില്ല എന്നാണ് ബിജെപി കോട്ടയം ജില്ലാ കമ്മറ്റി വിലയിരുത്തിയിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയെ പിന്തുണക്കുകയും, കൃത്യമായ ഇടവേളകളിൽ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുകയും ചെയ്യുന്ന പിസി ജോർജ്ജ് പാലായിൽ മത്സരരംഗത്ത് വന്നാൽ തങ്ങൾക്ക് ലഭിക്കുന്ന നിക്ഷ്പക്ഷ വോട്ടുകൾ നഷ്ടപ്പെടും എന്ന് ജില്ലാ കമ്മറ്റി ആശങ്ക അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ പിസിയുടെ റബ്ബർ കർഷക വിരുദ്ധ പ്രസ്താവനകളും ഇക്കുറി തിരിച്ചടിയായേക്കും എന്നുറപ്പാണ്. കേരളാ കോൺഗ്രസിൽ മാണിയുടെ മകന്റെ രാഷ്ട്രീയ വളർച്ചയെ മക്കൾ രാഷ്ട്രീയം എന്നു ആക്ഷേപിച്ച് പുറത്ത് പോയ പിസി ജോജ്ജ് മകനെ പുതിയ പാർട്ടി രൂപീകരിച്ചു സ്ഥാനാർഥിയാക്കുന്നതിൽ വൻ പരിഹാസം ഉയർന്നു കഴിഞ്ഞു. പാലായിൽ സ്ഥാനാർത്ഥി കൂടി ആകുന്നതോടെ എതിർ പക്ഷം എങ്ങനെ പ്രതികരിക്കും എന്നുള്ള വരും വരായികകൾ കണ്ടറിയണം. എന്തായാലും ഹരിയുടെ നേത്രത്തിൽ ഉള്ള ജില്ലാ നേതൃത്വം ശക്തമായ പ്രതിഷേധവുമായി രംഗം കൊഴുപ്പിക്കുന്നു

മോദിയുടെ കേദാര്‍നാഥ് യാത്രയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജിന്റെ ട്വീറ്റ്. മോദിയെ ദ’ലൈ’ലാമ എന്ന് അഭിസംബോധന ചെയ്ത് കൊണ്ടാണ് പ്രകാശ് രാജിന്റെ പരിഹാസം.

അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ-

‘ മോദി നുണയനായ ലാമയാണ്. ഒരു പേഴ്‌സ് പോലുമില്ലാത്ത പ്രിയപ്പെട്ട സന്യാസി. വസ്ത്രശേഖരത്തിനും ക്യാമറസംഘത്തിനും ഫാഷന്‍ ഷോയ്ക്കും പണം ചിലവിടുന്നയാള്.

ഇന്നലെയാണ് പ്രധാനമന്ത്രി കേദാര്‍നാഥിലെത്തിയത്. തുടര്‍ന്ന് അദ്ദേഹം കേദാര്‍നാഥിലെ ഗുഹയില്‍ രാത്രി മുഴുവന്‍ ധ്യാനത്തിലിരിക്കുകയാണെന്നാണ് അവകാശപ്പെട്ടത്. കിടക്കയും തലയിണയും ഹാങ്ങറുമൊക്കെ ഗുഹയില്‍ സജ്ജീകരിച്ചത് ധ്യാനത്തിലിരിക്കുന്നവെന്ന അവകാശവാദത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നു. മോദിയുടെ മുഖത്തെ കണ്ണടകള്‍ എടുത്തുമാറ്റാത്തതും പരിഹാസ വിഷയമായിരുന്നു.

നിശബ്ദ പ്രചരണ വേളയിലാണ് ടി.വി ചാനലുകള്‍ തോറും കേദാര്‍നാഥ് സന്ദര്‍ശിക്കുന്ന മോദിയുടെ വീഡിയോ സംപ്രേഷണം ചെയ്യുന്നത്. തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉറക്കം തുടരുകയാണെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

വോട്ടെടുപ്പും ചൂടേറിയ തിരഞ്ഞെടുപ്പ് ദിനങ്ങളുമൊക്കെ തന്നെ. പക്ഷെ ഹോട്ട് ലുക്കിലെത്തുന്ന പോളിംഗ് ഉദ്യോഗസ്ഥകളുടെ ഗ്ലാമറിന് പിന്നാലെയുളള പരക്കം പാച്ചിലിലാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍.കടുത്ത മഞ്ഞക്കളർ സാരി ചുറ്റി സ്ലീവ്ലെസ് ബ്ലൗസുമിട്ട് കൂളിംഗ് ഗ്ലാസ്സും ഒരു കയ്യിൽ ഇവിഎം മെഷീനുമായി നടന്ന് പോകുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയെ ആയിരുന്നു കഴിഞ്ഞ ദിവസം തിരഞ്ഞത്. ഉത്തർപ്രദേശിലെ ലക്നൗ പോളിംഗ് സ്റ്റേഷനിലെത്തിയ റീന ദ്വിവേദിയായിരുന്നു അത്. എന്നാലിപ്പോൾ റീനയ്ക്ക് പിന്നാലെ മറ്റൊരു ഉദ്യോഗസ്ഥ കൂടി താരമായിരിക്കുകയാണ്. ഭോപ്പാലിൽ നിന്ന് പകർത്തിയ നീല നിറത്തിലുള്ള മോഡേൺ വസ്ത്രമണിഞ്ഞ ഈ ഫോട്ടെയ്ക്കായുള്ള തിരച്ചിൽ െചന്ന് നിന്നത് യോഗേശ്വരി ഗോഹിതെ എന്ന ബാങ്കുദ്യോഗസ്ഥയ്ക്ക് മേലാണ്.

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും റീന പോളിംഗ് ഓഫീസറായിരുന്നെങ്കിലും അന്നൊന്നും ആരും അറിഞ്ഞില്ല. സഹപ്രവർത്തകൻ ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിലിട്ടതോടെ ഷെയറും ഫ്രണ്ട്സ് റിക്വസ്റ്റും സെൽഫിയുമായങ്ങനെ മേളമായി. ഇത് തന്റെ അമ്മയാണെന്ന് ഒമ്പതാംക്ലാസ് വിദ്യാർത്ഥി അദിത് കൂട്ടുകാരോട് പറഞ്ഞിട്ടും വിശ്വസിച്ചില്ലെന്നും ഒടുവിൽ വിഡിയോ കോളിലൂടെയാണ് മകന്റെ കൂട്ടുകാരുടെ സംശയം മാറ്റിയതെന്നും റീന പറഞ്ഞു. ചെറുപ്പത്തിലേ വിവാഹം കഴിഞ്ഞെങ്കിലും ഫാഷൻ, ടിവി രംഗത്ത് ഇനിയും അവസരങ്ങളുണ്ടെന്ന പ്രതീക്ഷയിലാണ് റീന. ഒപ്പം റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ അടുത്ത സീസണിൽ ക്ഷണം കിട്ടിയാലും സന്തോഷം.

ഭോപ്പാലിലെ കാനറാബാങ്ക് ഉദ്യോഗസ്ഥയായ യോഗേശ്വരി ഗോഹിതെ ഗോവിന്ദ്പുരയിലെ ഐടിഐ പോളിംഗ് ബൂത്തിലെത്തിയപ്പോഴാണ് ഫോട്ടോ വൈറലായത്. എന്നാൽ ഒറ്റ ദിവസം കൊണ്ട് ലഭിച്ച പ്രശസ്തിയിൽ അതൃപ്തയാണ് യോഗേശ്വരി. ധരിക്കുന്ന വസ്ത്രമോ ബാഹ്യസൗന്ദര്യമോ കണ്ടല്ല ഒരാളെ വിലയിരുത്തേണ്ടതെന്നും ജോലിയോടുള്ള ആത്മാർത്ഥതയും ഉത്തരവാദിത്തവുമാണ് ശ്രദ്ധിക്കപ്പെടേണ്ടതെന്നും യോഗേശ്വരി പറഞ്ഞു. ഏതായാലും ഇരുവരും സോഷ്യൽ മീഡിയ താരങ്ങളായി മാറിക്കഴിഞ്ഞു.

RECENT POSTS
Copyright © . All rights reserved