നടിയെ ആക്രമിച്ച കേസിലെ മുഖ്യതെളിവായ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പാവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഇരയായ നടി സുപ്രീംകോടതിയെ സമീപിച്ചു. ദിലീപിന്‍റെ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് നടി ഹര്‍ജി നല്‍കിയത്. മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് പ്രതിക്ക് നല്‍കരുതെന്നും ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
മെമ്മറികാര്‍ഡ് തൊണ്ടിമുതലാണോ, രേഖയാണോ എന്ന് വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ വിചാരണ നടപടികള്‍ കോടതി നിര്‍ത്തിവയ്ക്കാനും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നാളെ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കുമെന്നാണ് കരുതുന്നത്.
ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് തകരാറിലായ സൗദി അറേബ്യയുടെ എണ്ണ ഉത്പാദനം പൂര്‍വ്വസ്ഥിതിയിലാകാന്‍ ആഴ്ചകളെടുത്തേക്കും. ദേശീയ എണ്ണ ഉത്പാദന കേന്ദ്രങ്ങളിലെ, അറ്റകുറ്റപ്പണിയുടെ മൂന്നിലൊരുഭാഗം ഇന്ന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോകരാജ്യങ്ങളിലേക്കുള്ള പ്രതിദിന എണ്ണകയറ്റുമതിയുടെ അഞ്ച് ശതമാനത്തോളം ഇവിടെനിന്നാണ്. ഇതേ തുടര്‍ന്ന് ക്രൂഡ് ഓയിലിന് വില വര്‍ധിച്ചേക്കുമെന്നാണ് ആശങ്ക.
ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ അബ്ക്യൂക്കിലെയും ഖുറൈസിലെയും കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഹൂതി വിമതരുടെ ഡ്രോണ്‍ ആക്രമണമുണ്ടായത്. കരുതല്‍ശേഖരം ഉപയോഗിച്ച് പ്രതിസന്ധി മറികടക്കാനാണ് ശ്രമമെന്ന് സൗദിയും അമേരിക്കയും വ്യക്തമാക്കി. അതേസമയം, ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹചിത്രങ്ങള്‍ അമേരിക്ക പുറത്തുവിട്ടു. ഇക്കാര്യം നിഷേധിച്ച ഇറാന്‍ അമേരിക്ക പരമാവധി നുണ പരത്തുകയാണെന്ന് പ്രതികരിച്ചു. എന്നാല്‍ അടുത്തയാഴ്ച ഇറാന്‍ പ്രസിഡന്റുമായി നിശ്ചയിച്ചിരിക്കുന്ന ചര്‍ച്ചകളില്‍ നിന്ന് പിന്‍മാറില്ലെന്ന് അമേരിക്ക അറിയിച്ചു.
ഇന്ത്യന്‍ സാമ്പത്തിക രംഗത്തും ആശങ്കകളാണ് സമ്മാനിക്കുന്നത്. സൗദിയുടെ എണ്ണ ഉത്പാദനത്തിന്റെ പകുതിയോളം വരും ദിവസങ്ങളില്‍ മുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് മേഖലയിലാകെ സംഘര്‍ഷ സാധ്യതകള്‍ പടരുമ്പോള്‍ ലോകത്ത് പെട്രോളിയം ഉപഭോഗത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിച്ചുവരികയാണ്.
അബ്ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ സംസ്കരണ പ്ലാന്റുകള്‍ക്ക് നേരെ 10 ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് ഹൂതികള്‍ അവകാശപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തെങ്കിലും ഇതിന് പിന്നില്‍ ഇറാനാണെന്ന് ഇതിനോകടം തന്നെ അമേരിക്ക ആരോപിക്കുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില വീണ്ടും 100 ഡോളര്‍ കടക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ലോകരാഷ്ട്രങ്ങള്‍. സവിശേഷമായൊരു സാഹചര്യമാണെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുയാണെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.
പെട്രോളിയം ഉപഭോഗത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ആവശ്യമുള്ള പെട്രോളിയത്തിന്റെ 80 ശതമാനവും പ്രകൃതി വാതകത്തിന്റെ 18 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ഇന്ത്യയ്ക്ക് എണ്ണയും പ്രകൃതി വാതകവും നല്‍കുന്ന ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടാകുന്ന ഏത് മാറ്റവും ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വിലയെ മാത്രമല്ല ഇവിടുത്തെ സാമ്പത്തിക സ്ഥിതിയെത്തന്നെ കാര്യമായി ബാധിക്കും. ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വിലയില്‍ ഒരു ഡോളറിന്റെ വര്‍ദ്ധനവുണ്ടായാല്‍ പോലും വാര്‍ഷിക കണക്കില്‍ അത് 10,700 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇന്ത്യയ്ക്കുണ്ടാക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 111.9 ബില്യന്‍ ഡോളറാണ് എണ്ണ ഇറക്കുമതിക്കായി ഇന്ത്യ ചിലവഴിച്ചത്.
സാമ്പത്തിക രംഗത്തെ മാന്ദ്യത്തിനൊപ്പം എണ്ണവില ഉയരുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2009 ജൂലൈയില്‍ ബാലരിന് 149 ഡോളര്‍ വരെ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച 60.25 ഡോളറിനായിരുന്നു എണ്ണ വ്യാപാരം. 2017ല്‍ 47.56 ഡോളറും 2018ല്‍ 56.43 ഡോളറുമായിരുന്നു ശരാശരി വില. 2019 ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം 59.35 ഡോളറും സെപ്തംബര്‍ 12ന് ശരാശരി വില 60.05 ഡോളറുമായിരുന്നു. ആക്രമണത്തിന്റെ ആഘാതം തങ്ങള്‍ക്ക് എളുപ്പത്തില്‍ മറികടക്കാനാവുമെന്ന ആത്മവിശ്വാസം അരാംകോ പങ്കുവെച്ചിട്ടുണ്ട്. അത് സാധ്യമായില്ലെങ്കില്‍ ഇതുവരെയെത്താത്ത ഉയരത്തിലേക്കാവും എണ്ണവില കുതിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ സേവന ദാതാക്കളായ (പബ്ലിക് സർവീസ് ബ്രോഡ്‌കാസ്റ്റർ) ദൂരദർശന് ഇന്നേക്ക് 60 വയസ്സ് തികഞ്ഞു. 1959 സെപ്റ്റംബർ 15 ന് സ്ഥാപിതമായ ദൂരദർശൻ ഇന്ത്യൻ ടെലിവിഷനിൽ സുവർണ്ണ കാലഘട്ടത്തിന് വഴിയൊരുക്കി. ദൈനംദിന വാർത്തകളും സായാഹ്ന പരിപാടികളും കാണുന്നതിന് ഇന്ത്യയിലെ കുടുംബങ്ങളെ സ്വീകരണമുറിയിലെക്ക് കൊണ്ടുവരിക എന്ന ആശയത്തിൽ നിന്നാണ് ദൂരദർശന് തുടക്കം കുറിക്കുന്നത്.
“പൊതുസേവന ടെലികാസ്റ്റിംഗിൽ മിതമായ പരീക്ഷണം” എന്ന നിലക്കാണ് ദൂരദർശൻ സേവനങ്ങൾ ആരംഭിച്ചത്. 1965 മുതലാണ് ദൂരദർശൻ ദിവസവും പ്രക്ഷേപണം ആരംഭിച്ചത്. അറുപത് വർഷത്തെ സേവനത്തെ അടയാളപ്പെടുത്തുന്നതിനായി, സർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശൻ വർഷങ്ങളായിട്ടുള്ള അതിന്റെ പ്രശസ്തമായ പരിപാടികൾ ഉയർത്തിക്കാട്ടുന്ന നിരവധി വീഡിയോകൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറക്കി.
1959 ൽ ഓൾ ഇന്ത്യ റേഡിയോയുടെ സ്റ്റുഡിയോകൾക്കുള്ളിൽ ഒരു ചെറിയ ട്രാൻസ്മിറ്ററും താൽക്കാലിക സ്റ്റുഡിയോയും വച്ച് പരീക്ഷണാടിസ്ഥാനത്തിലാണ് ദൂരദർശൻ പ്രക്ഷേപണം ആരംഭിച്ചത്. ആറ് വർഷത്തിന് ശേഷം, 1965 ൽ അവതാരകയായ പ്രതിമ പുരി അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ആദ്യത്തെ വാർത്താ ബുള്ളറ്റിൻ വായിച്ചു. ബഹിരാകാശത്തേക്ക് ആദ്യമായി സഞ്ചരിച്ച യൂറി ഗഗാറിന്റെ അഭിമുഖവും അവർ നടത്തി. അതുവരെ, എല്ലാ സാധാരണ ദൈനംദിന പ്രക്ഷേപണങ്ങളും അഖിലേന്ത്യാ റേഡിയോ ആണ് പ്രവർത്തിപ്പിച്ചിരുന്നത്.
1982 ഓഗസ്റ്റ് 15 ന് ദൂരദർശൻ ന്യൂഡൽഹിയിലെ സ്വന്തം ടിവി സ്റ്റുഡിയോയിൽ നിന്ന് ഡിഡി 1 എന്ന പേരിൽ ദേശീയ ടെലികാസ്റ്റ് സേവനം അവതരിപ്പിച്ചു. അതേ വർഷം, സ്വാതന്ത്ര്യദിനത്തിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രസംഗത്തിന്റെ ലൈവ് കളർ ടെലികാസ്റ്റ് പ്രേക്ഷകർ കണ്ടു. തുടർന്ന് ഡൽഹിയിൽ നടന്ന 1982 ഏഷ്യൻ ഗെയിംസിന്റെ കളർ ടെലികാസ്റ്റ് നടന്നു. കൃഷിയെക്കുറിച്ചുള്ള ഏറ്റവും ദൈർഘ്യമേറിയ ടി.വി ഷോയായ കൃഷി ദർശനും 1967 ൽ ആദ്യമായി സംപ്രേഷണം ചെയ്യുകയും 80 ഗ്രാമങ്ങളിൽ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ജനപ്രിയ ഷോയ്ക്ക് പകരമായി കാർഷിക-ടെലിവിഷൻ ചാനലായ കിസാൻ ടിവിയുമായി 2014 ൽ ദൂരദർശൻ എത്തി.
90 കൾക്ക് മുമ്പുള്ള ദശകങ്ങളിൽ ഓൾ ഇന്ത്യ റേഡിയോ പോലെ ദൂരദർശനും സർക്കാർ നിയന്ത്രണത്തിലായി. 90 കളുടെ തുടക്കത്തിൽ പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കപ്പെടുകയും പബ്ലിക് ബ്രോഡ്കാസ്റ്റർ സ്വയംഭരണാധികാരമുള്ളതായിരിക്കണമെന്ന് ഒരു നിയമനിർമാണം പാസാക്കുകയും ചെയ്തപ്പോൾ സ്ഥാപനത്തിന് സ്വയംഭരണാവകാശം ഉറപ്പുനൽകി. 1997 ൽ പ്രസാർ ഭാരതി നിയമം പാസാക്കി. ഇത് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു. പ്രസാർ ഭാരതി സൃഷ്ടിക്കപ്പെട്ടപ്പോൾ, ദൂരദർശന്റെയും ആകാശവാണിയുടെയും എല്ലാ സ്വത്തുക്കളും കോർപ്പറേഷന് കൈമാറി, പക്ഷേ ഇത് കമ്പനി നിയമത്തിന്റെ പരിധിയിൽ വരാത്തതിനാൽ, പ്രസാർ ഭാരതി സാങ്കേതികമായി ഒരു കോർപ്പറേഷനായിരുന്നില്ല.
“അതിനാൽ ഇത് ഒരു നിയമാനുസൃത സ്വയംഭരണ സ്ഥാപനമാണ്. ദൂരദർശൻ, ആകാശവാണിയിലെ എല്ലാ ജീവനക്കാരും കേന്ദ്ര സർക്കാരിന്റെ ജീവനക്കാരായി തുടർന്നു (പ്രസാർ ഭാരതിക്ക് കൈമാറിയതിനുശേഷം). കോർപ്പറേറ്റ് സ്വയംഭരണാധികാരമുള്ള ഈ ഹൈബ്രിഡ് മാതൃക അതിനുണ്ട്, എന്നാൽ അതിനുള്ളിൽ പ്രവർത്തിക്കുന്ന എല്ലാവരും സർക്കാരിന്റെ ജീവനക്കാരാണ്. അതിനാൽ ഇത് വളരെ സവിശേഷമായ ഒരു സാഹചര്യമാണ്, ” ദൂരദർശൻ സി.ഇ.ഒ ശശി ശേഖർ വെമ്പതി എഴുതുന്നു.
ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഡിഡി ന്യൂസിലും അതിന്റെ പ്രാദേശിക ചാനലുകളിലും ബിജെപിക്ക് ഏറ്റവും കൂടുതൽ സമയം ലഭിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിമർശനത്തിനിടയാക്കിയിരുന്നു.
എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നൽകിയ കവറേജ് സംബന്ധിച്ച് ചാനലിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. ഭരണകക്ഷിയായ ബിജെപിയ്ക്ക് ഡിഡി ന്യൂസ് മുൻഗണന നൽകുന്നുണ്ടെന്ന് കമ്മീഷന് നൽകിയ പരാതിയിൽ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ആരോപിച്ചു.
ഇന്ത്യൻ ടെലിവിഷൻ വ്യവസായത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയോടെ, ദൂരദർശൻ ഒരു പരിധിവരെ തിരിച്ചടി നേരിട്ടു. 1991 ലെ സാമ്പത്തിക പരിഷ്കാരങ്ങളും ആശയവിനിമയ സാങ്കേതികവിദ്യയിലേക്കുള്ള ഉദാരവൽക്കരണവും വിദേശ, ഇന്ത്യൻ മാധ്യമ കമ്പനികൾക്ക് ടെലിവിഷനിലേക്ക് പ്രവേശിക്കാൻ അനുവാദം നൽകി.
ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ ആകർഷിക്കുന്ന 800 ലധികം ലൈസൻസുള്ള ചാനലുകൾ ഇന്ന് ഉണ്ട് . 1991 ൽ ഇത് ഒരെണ്ണം ആയിരുന്നു. ആദ്യത്തെ 24 × 7 വാർത്താ ചാനൽ ആരംഭിച്ചത് 1998 ലാണ്; 2014 ആയപ്പോഴേക്കും ഇത് 400 എണ്ണം ആയി. 15 ലധികം ഭാഷകളിലായി ചാനലുകളുടെ എണ്ണം വർദ്ധിച്ചു വരികയാണ്.
വെല്ലുവിളികൾക്കിടയിലും ദൂരദർശൻ അതിന്റെ പ്രക്ഷേപണം തുടരുന്നു. ഈ വർഷം ആദ്യം, ഇന്ത്യയുടെ ദൂരദർശൻ അയൽരാജ്യമായ ബംഗ്ലാദേശിൽ സംപ്രേഷണം ചെയ്യുന്നതിനായി കരാർ ഒപ്പിട്ടു. ബംഗ്ലാദേശിന്റെ സ്ഥാപക പിതാവ് ഷെയ്ഖ് മുജിബുർ റഹ്മാന്റെ ജീവിതത്തെക്കുറിച്ച് ശ്യാം ബെനഗൽ സംവിധാനം ചെയ്ത ഒരു ഫീച്ചർ ചിത്രവും ബംഗ്ലാദേശ് വിമോചന യുദ്ധത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയും പ്രസാർ ഭാരതിയും ബംഗ്ലാദേശും സംയുക്തമായി നിർമ്മിക്കുമെന്ന് കരാറിൽ തീരുമാനിച്ചു.
മനുഷ്യന്റെ കണ്ണിനെ പ്രതീകപ്പെടുത്തുന്ന ദൂരദർശന്റെ ലോഗോ, ലക്ഷക്കണക്കിന് വരുന്ന പ്രേക്ഷകർക്ക് ഗൃഹതുരത്വം ഉണർത്തുന്ന ഓർമ്മയാണ്. എന്നാൽ ഈ വർഷം ആദ്യം, സർക്കാർ ഉടമസ്ഥതയിലുള്ള ബ്രോഡ്കാസ്റ്റർ 1959 മുതൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ലോഗോ മാറ്റാനുള്ള പ്രക്രിയ ആരംഭിച്ചു. ദൂരദർശൻ നവീകരിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കത്തെ പലരും കാണുന്നത്.
Celebrating #60GloriousYearsOfDD#Doordarshan pic.twitter.com/tro6Kdkwf5
— Doordarshan National (@DDNational) September 13, 2019
സെപ്റ്റംബര്‍ 22ന് യുഎസിലെ ടെക്‌സാസില്‍ ഹൗഡി മോദി പരിപാടി സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. ഹൂസ്റ്റണിലെ ഇന്ത്യന്‍ വംശജരാണ് പരിപാടി സംഘടിപ്പിക്കുന്നത്. 50,000ത്തിലധികം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ഇരു നേതാക്കളും ഉഭയകക്ഷി ചര്‍ച്ച നടത്തുകയും ചെയ്യും. വാഷിംഗ്ടണിലോ ന്യൂയോര്‍ക്കിലോ ആയിരിക്കും ചര്‍ച്ച നടക്കുക. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ പ്രഖ്യാപിച്ചേക്കും. മാസങ്ങള്‍ നീണ്ട വ്യാപാര സംഘര്‍ഷത്തിന് ഇതോടെ അയവ് വരുമെന്നാണ് ഇരു രാജ്യങ്ങളുടേയും പ്രതീക്ഷ.
സെപ്റ്റംബര്‍ 27ന് മോദി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നുണ്ട്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കും. കാശ്മീര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ച് നില്‍ക്കുകയും പാകിസ്താന്‍ നിരന്തരം യുഎന്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നതിന് ഇടയിലാണ് ഇത്. പ്രശ്‌ന അന്താരാഷ്ട്ര നീതിന്യായ കോടതിയിലേയ്ക്ക് കൊണ്ടുവരാനുള്ള പാകിസ്താന്റെ നീക്കം പരാജയപ്പെട്ടിരുന്നു.
അതേസമയം ജമ്മു കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ഇന്ത്യ ഗവണ്‍മെന്റിന്റെ തീരുമാനത്തില്‍ വലിയൊരു വിഭാഗം യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നത്. അതേസമയം 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും ജനവിധി തേടാനൊരുങ്ങുന്ന ട്രംപിനെ സംബന്ധിച്ച് ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരുടെ വോട്ട് നിര്‍ണായകമാണ്. വിവിധ യുഎസ് കമ്പനി സിഇഒമാരെ മോദി 28ന് കാണും.
പത്ത് ദിവസം പ്രായമുള്ള കുഞ്ഞിനെ കൗമാരക്കാരനെ ഏല്‍പ്പിച്ച് അച്ഛനും അമ്മയും കല്യാണം കഴിക്കാന്‍ പോയപ്പോള്‍ എറണാകുളം ബോട്ട് ജെട്ടിയില്‍ ഇന്നലെ നടന്നത് നാടകീയ സംഭവങ്ങള്‍. കൈക്കുഞ്ഞുമായി ബോട്ട് ജെട്ടിയില്‍ നാട്ടുകാര്‍ കണ്ടെത്തിയ കൗമാരക്കാരനെ പോലീസിലേല്‍പ്പിച്ചപ്പോഴാണ് ട്വിസ്റ്റുകള്‍ ഏറെയുള്ള കഥ പുറത്തുവന്നത്. സംഭവം എറണാകുളം സെന്‍ട്രല്‍ പോലീസ് അഴിമുഖത്തോട് വിശദീകരിച്ചത് ഇങ്ങനെ:
ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് കൗമാരക്കാരന്റെ കയ്യില്‍ പത്ത് ദിവസം പോലും പ്രായമാകാത്ത കുഞ്ഞിനെ കണ്ടത്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന ആളാണെന്ന് കരുതിയാണ് നാട്ടുകാര്‍ പോലീസിനെ അറിയിച്ചത്. മാതാപിതാക്കള്‍ ഇല്ലാത്ത കുഞ്ഞും കൗമാരക്കാരന്റെ പരുങ്ങലുമാണ് നാട്ടുകാരെ ഈ നിഗമനത്തിലെത്തിച്ചത്. നാട്ടുകാരുടെ ചോദ്യം ചെയ്യലിലും പയ്യന്‍ ഒന്നും വിട്ടുപറയാന്‍ തയ്യാറായില്ല. അതോടെ പ്രശ്‌നം റോഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ മുന്നിലെത്തി.
കുട്ടിയുടെ അച്ഛന്‍ തന്റെ ചേട്ടനാണെന്നും അവര്‍ തലേന്ന് കോട്ടയത്തേക്ക് ഒരു ആവശ്യത്തിന് പോയിരിക്കുകയാണെന്നും താനും അവിടേക്ക് പോകുകയാണെന്നുമാണ് പയ്യന്‍ പറഞ്ഞത്. എന്നാല്‍ കോട്ടയത്ത് പോകാന്‍ എറണാകുളം ബോട്ട് ജെട്ടിയില്‍ എത്തിയതെന്തിനാണെന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. തുടര്‍ന്ന് പിങ്ക് പോലീസെത്തി കുഞ്ഞിനെയും പയ്യനെയും എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ചു. അവിടെ വച്ച് കുട്ടിയുടെ മാതാപിതാക്കളുടെ നമ്പര്‍ വാങ്ങി പോലീസ് വിളിക്കുകയും ചെയ്തു. ഇരുവരോടും വൈകിട്ട് സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. വൈകിട്ട് ഇവര്‍ എത്തിയതോടെയാണ് ആദ്യം ആശങ്ക നിറച്ച രസകരമായ കഥയുടെ ചുരുളഴിഞ്ഞത്.
പയ്യന്റെ പിതൃസഹോദര പുത്രനാണു കുഞ്ഞിന്റെ പിതാവ്. കൊച്ചിയിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാളും കുട്ടിയുടെ അമ്മയും വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് ജീവിച്ചുവരുകയായിരുന്നു. ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന ഇവരുടെ കല്യാണം ചില കാരണങ്ങളാല്‍ വൈകിയിരുന്നു. പകരം ശനിയാഴ്ചത്തേക്കാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടയ്ക്ക് കുഞ്ഞ് ജനിക്കുകയും ചെയ്തു. ഇത് ഇരുവരുടെയും വീട്ടില്‍ അറിഞ്ഞിരുന്നില്ല. കല്യാണശേഷം കുഞ്ഞിന്റെ കാര്യം വീട്ടില്‍ അറിയിക്കാം എന്നാണ് ഇവര്‍ കരുതിയിരുന്നത്.
വിവാഹം വരെ കുഞ്ഞിനെ മാറ്റിനിര്‍ത്താനായി സഹോദരനെ ചുമതലയേല്‍പിച്ച് ഇരുവരും വിവാഹത്തിനായി നാട്ടിലേക്കു പോവുകയായിരുന്നു. വിവാഹം കഴിഞ്ഞാലുടന്‍ കുട്ടിയുമായി നാട്ടിലെത്താന്‍ അനുജന് നിര്‍ദേശവും നല്‍കിയിരുന്നു. എന്തായാലും ഇവരുടെ വിശദീകരണം ലഭിച്ചതോടെ പൊലീസ് കേസ് എടുക്കാതെ ഇവരെയും കുട്ടിയേയും കൗമരക്കാരനെയും വിട്ടയച്ചു.
പാലാ: പാലായില്‍ എൻസിപിയില്‍ പൊട്ടിത്തെറി. എന്‍സിപി ദേശീയ സമിതി അംഗം ജേക്കബ്ബ് പുതുപ്പള്ളിയുടെ നേതൃത്വത്തില്‍ 42 പേര്‍ പാര്‍ട്ടി വിട്ടു. മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തേയും എല്‍ഡിഎഫിനെയും സമീപിച്ചിരുന്നു. എന്നാല്‍, ഒടുവില്‍ കാപ്പൻ തന്നെ സ്ഥാനാര്‍ത്ഥിയായതോടെ അസംതൃപ്തിയിലായിരുന്നു. പിന്നാലെയാണ് പാര്‍ട്ടി വിട്ടത്.
അതേസമയം, ഈ 42 പേരെയും സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേരത്തെ തന്നെ പുറത്താക്കിയതാണെന്നാണ് എന്‍സിപി നേതൃത്വത്തിന്‍റെ പ്രതികരണം. ഉഴവൂര്‍ വിജയനും മാണി സി കാപ്പനും തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളെന്നാണ് സൂചന.
മുണ്ടക്കയം : മുപ്പത്തിയൊന്നാം മൈലിന് സമീപത്തുവച്ചുണ്ടായ ബസ്സപകടത്തിൽ നൂറിലധികം
പേർക്ക് പരിക്ക് . തെറ്റായ ദിശയിലൂടെ അമിതവേഗത്തിൽ എത്തിയ കെ.എസ്.ആര്‍.ടി.സി ബസ് സ്വകാര്യ ബസിൽ മുഖാമുഖം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളുടെയും മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു . ഇരു ബസുകളുടെയും ഡ്രൈവര്‍മാരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇരുപതിലധികം പേരെ കോട്ടയം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആര്‍.ടി.സി ബസിന്റെ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് അപകടകാരണമെന്ന് യാത്രക്കാര്‍ പറയുന്നു.

ഞായറാഴ്ച 2.15ന് കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയപാതയില്‍ മുണ്ടക്കയം മുപ്പത്തിയൊന്നാം മൈലിന് സമീപമാണ് അപകടം നടന്നത്. കട്ടപ്പനയില്‍ നിന്നും ചങ്ങനാശ്ശേരിക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ ചങ്ങനാശ്ശേരിയില്‍ നിന്നും കട്ടപ്പനയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ ഇടിക്കുകയായിരുന്നു. സ്വകാര്യ ബസിന്റെ സീറ്റുകള്‍ ഇളകി വേര്‍പെട്ട നിലയിലായിരുന്നു.

കാഞ്ഞിരപ്പള്ളിയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘം, ജെ.സി.ബി ഉപയോഗിച്ച് ഇരുബസുകളും വലിച്ചുമാറ്റിയതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒന്നര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഓണാവധി അവസാനിക്കുന്ന ദിവസമായതിനാല്‍ ഇരു ബസുകളിലും പതിവിലും എറെ തിരക്കായിരുന്നു.
അമരാവതി: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. 20ലേറെപ്പേരെ രക്ഷപ്പെടുത്തിയെന്നും 25 ലേറെപ്പേരെ കാണാനില്ലെന്നുമാണ് വിവരം. കാണാതായവർക്കായി ദുരന്തനിവാരണസേന തെരച്ചിൽ തുടരുകയാണ്. 11 ജീവനക്കാരടക്കം 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കിഴക്കൻ ഗോദാവരി ജില്ലയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം.
ദേവപട്ടണത്തിനടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തിൽനിന്ന് വിനോദസഞ്ചാര കേന്ദ്രമായ പാപ്പികൊണ്ടാലുവിലേക്ക് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. ആന്ധ്രപ്രദേശ് ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷന്റേതാണ് അപകടത്തിൽപ്പെട്ട ബോട്ടെന്നാണ് വിവരം. കാണാതായവർക്കായി ഹെലികോപ്റ്ററിലും തെരച്ചിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആന്ധ്ര സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഒപ്പം മന്ത്രിമാരുടെ സംഘത്തോടും രക്ഷാപ്രവർത്തകരോടും എത്രയും വേഗം അപകടസ്ഥലത്ത് എത്താൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിർദേശിക്കുകയും ചെയ്തിരുന്നു.
ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ മങ്ങുന്നതായി റിപ്പോര്‍ട്ട്. പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ഓര്‍ബിറ്ററിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബന്ധം നഷ്ടമായ ലാന്‍ഡറിനെ കണ്ടെത്തിയിട്ട് ഒരാഴ്ചയായിട്ടും ബന്ധം പുന:സ്ഥാപിക്കാന്‍ കഴിയാത്തതാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നത്. ഒരു ചാന്ദ്ര ദിവസം – അതായത് ഭൂമിയിലെ 14 ദിവസങ്ങളാണ് വിക്രം ലാന്‍ഡറിന് ചന്ദ്രനില്‍ ദൗത്യമുള്ളത്. ഇനി ഒരാഴ്ച മാത്രമേ ലാന്‍ഡറിന് ആയുസ് ബാക്കിയുള്ളൂ.
സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയിലുള്ള സമയത്ത് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങേണ്ടിയിരുന്ന ലാന്‍ഡറുമായുള്ള ബന്ധം, നിര്‍ദ്ദിഷ്ട ലാന്‍ഡിംഗ് പ്രദേശത്ത് നിന്ന് 2.1 കിലോമീറ്റര്‍ അകലെ നഷ്ടമാവുകയായിരുന്നു. സെപ്റ്റംബര്‍ എട്ടിന് തന്നെ തെര്‍മല്‍ ഇമേജിലൂടെ ലാന്‍ഡര്‍ കണ്ടെത്താനായില്ലെങ്കിലും ബന്ധം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉദ്ദേശിച്ചിരുന്ന സോഫ്റ്റ് ലാന്‍ഡിംഗിന് പകരം ഹാര്‍ഡ് ലാന്‍ഡിംഗാണ് നടന്നത്. ചാന്ദ്രോപരിതലത്തില്‍ പര്യവേഷണം നടത്തേണ്ട പ്രഗ്യാന്‍ റോവര്‍ വിക്രം ലാന്‍ഡറിനകത്താണുള്ളത്.
ബാറ്ററി ചാര്‍ജ്ജ് തീര്‍ന്നുകൊണ്ടിരിക്കുകയാണ്. സമയം കഴിയുന്തോറും ദൗത്യം അസാധ്യമായി മാറിക്കൊണ്ടിരിക്കുകയാണ് എന്ന് ഒരു ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. ഐഎസ്ആര്‍ഒ ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡിംഗ് നെറ്റ്‌വര്‍ക്കിലെ സംഘം ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. അതേസമയം കാര്യമായ പ്രതീക്ഷയില്ല. സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് ബാറ്ററികള്‍ റീചാര്‍ജ്ജ് ചെയ്യാനുള്ള സാധ്യതയും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഹാര്‍ഡ് ലാന്‍ഡിംഗ് സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കി. സിഗ്നലുകള്‍ സ്വീകരിക്കാന്‍ കഴിയാത്ത വിധം ലാന്‍ഡറിന് കേടുപാടുകള്‍ സംഭവിച്ചിരിക്കാം എന്ന് ഐഎസ്ആര്‍ഒ കരുതുന്നു.
കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് കടപ്പുറത്ത് തിരമാലയിറ ങ്ങിയപ്പോൾ കണ്ടത് തീരം നിറയെ മത്തി. കിലോമാറ്ററുകളോളം നീളത്തിലാണ് മത്തികള്‍ തീരത്തെത്തിയത്. ഈ അപൂര്‍വ്വ പ്രതിഭാസം കാഞ്ഞങ്ങാട് തീരദേശഗ്രാമങ്ങളായ ചിത്താരിയിലും അജാനൂരിലുമാണ്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. സമാന സംഭവം നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയുമധികം മത്തി കിട്ടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ആഴക്കടലില്‍ ട്രോളിംഗിന് പോവുന്ന ബോട്ടുകളില്‍ നിന്ന് രക്ഷനേടാന്‍ തീരത്തോട് അടുത്ത് വരുന്ന മത്തിക്കൂട്ടം തിരമാലകളില്‍ പെട്ട് തീരത്തെത്തുന്നതാണെന്നാണ് പ്രതിഭാസത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത്.