India

നികുതി വെട്ടിക്കുന്നതിനായി പുതുച്ചേരിയിൽ വാഹന രജിസ്‌ട്രേഷന്‍ നടത്തിയെന്ന കേസിൽ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലാണ് സുരേഷ് ഗോപി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്നും വ്യാജ താമസരേഖകള്‍ നിര്‍മിച്ചുവെന്നും സ്ഥിരീകരിക്കുന്നത്.

കാറിന്റെ പുതുച്ചേരി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് 19.60 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചെന്നാണ് സുരേഷ് ഗോപിക്കെതിരെയുള്ള കേസ്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. പുതുച്ചേരിയില്‍ റജിസ്ട്രേഷന്‍ ചെയ്തതെന്നതിനായി വ്യാജ മേല്‍വിലാസവും സീലും ഉപയോഗിച്ചെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സ്ഥിരീകരിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ മറ്റൊരു വാഹനത്തിന്റെ നികുതി വെട്ടിപ്പിലും ക്രൈംബ്രാഞ്ച് സംഘം ഉടന്‍തന്നെ കുറ്റപത്രം സമര്‍പ്പിക്കും

പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാൻ പുതുച്ചേരിയില്‍ താമസിച്ചുവെന്നതിന് വ്യാജരേഖകളും നിര്‍മിച്ചു. സുരേഷ് ഗോപി ഹാജരാക്കിയ വാടക കരാര്‍, ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമാണെന്നാണ് കണ്ടെത്തല്‍. 2010 ജനുവരി 27 നാണ് സുരേഷ് ഗോപിയുടെ PY 01 BA 999 എന്ന നമ്പറിലുള്ള ഔഡി കാര്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്.

കുറ്റപത്രത്തിന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. ഡിവൈഎസ്‌പി ജോസി ചെറിയാന്റെ നേതൃത്വത്തിലാണ് കുറ്റപത്രം തയ്യാറാക്കിയത്. നേരത്തെ സമാനമായ കേസില്‍ ഉള്‍പ്പെട്ട നടന്‍ ഫഹദ് ഫാസില്‍ പിഴത്തുക ഒടുക്കി കേസ് ഒത്തുതീര്‍ത്തിരുന്നു.

ആഘോഷത്തിമിർപ്പിൽ 2020നെ വരവേറ്റ് കൊച്ചിയും. പതിവുപോലെ ഫോർട്ട്‌കൊച്ചിയിൽ പുതുവർഷത്തെ വരവേൽക്കാൻ ആയിരങ്ങൾ ഒത്തുചേർന്നു. ഹരിത പ്രോട്ടോകോൾ പാലിച്ച് ഒരുക്കിയ പച്ച പാപ്പാഞ്ഞി പുതുവർഷം പിറന്നപ്പോൾ കത്തിയമർന്നു

കിടുവാണ് പൊളിയാണ് അന്ന്യായമാണ്. പാട്ടിനൊപ്പം ചടുലനൃത്തമാടിയ ആയിരങ്ങൾക്ക് പറയാൻ മറിച്ചൊന്നുമില്ലായിരുന്നു …വൈകീട്ട് അഞ്ചുമണി മുതലങ്ങോട്ട് മിനിറ്റ് വച്ചാണ് ഫോർട്ട്‌ കൊച്ചിയിലെ കാർണിവൽ മൈതാനം ജനങ്ങളാൽ നിറഞ്ഞത്.

മൈതാനത്തോട് ചേർന്നാണ് 50 അടിയോളം ഉയരത്തിൽ പപ്പാഞ്ഞിയെ ഒരുക്കിയത്. ഹരിത പ്രോട്ടോകോൾ പാലിച്ഛ് പച്ചയുടുപ്പും പച്ച പാന്റുംമൊക്കെയണിഞ്ഞാണ് പപ്പാഞ്ഞി തലയുയർത്തി നിന്നത്. വന്നവരെല്ലാം പപ്പാഞ്ഞിയെ കണ്ട് വണങ്ങി, സെൽഫിയെടുത്തു, രാത്രിയോടെ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ളവർ ഫോർട്ട്‌ കൊച്ചിയിലെത്തി. ഒരു ദശാബ്ദത്തിന് അന്ത്യം കുറിച്ച് 2020 പിറന്നു ..പപ്പാഞ്ഞി എരിഞ്ഞടങ്ങി

സിനിമ മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെകുറിച്ച്‌ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിനിമാ മേഖലയിലെ പല നടീ നടന്മാരും അപ്രഖ്യാപിത വിലക്കിന് ഇരയാകുന്നു. ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് ലോബികളാണ്. ആര് അഭിനയിക്കണം ആര് അഭിനയിക്കരുതെന്ന് തീരുമാനിക്കുന്നത് ഇവരാണെന്നും, പ്രമുഖരായ പല നടീ നടന്മാരും ഇപ്പോഴും വിലക്ക് നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിനിമയില്‍ അവസരം ലഭിക്കാനായി നടിമാര്‍ കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. സിനിമ ലൊക്കേഷനുകളില്‍ മദ്യം-മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചലച്ചിത്ര മേഖലയിലെ പരാതി പരിഗണിക്കാന്‍ ട്രൈബ്യൂണല്‍ വേണമെന്നും, ശക്തമായ നിയമത്തിലൂടെ മാത്രമേ ഈ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാകുകയുള്ളുവെന്നും കമ്മിഷന്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിനൊപ്പം ഓഡിയോ വീഡിയോ പതിപ്പുകളും സമര്‍പ്പിച്ചിട്ടുണ്ട്.

അജ്മാനിൽ ചികിത്സപ്പിഴവുകാരണം മലയാളി യുവാവ് മരിക്കാനിടയായ സംഭവത്തിൽ ഏകദേശം രണ്ടു കോടിയോളം രൂപ നഷ്ടപരിഹാരമായി ലഭിക്കും.. സംഭവത്തിൽ 10 ലക്ഷം ദിർഹം അതായത് 1.94 കോടി രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതിവിധി.

കൊല്ലം സ്വദേശിയായ അലോഷ്യസ് മെൻഡസ് ആണ് ശരിയായ ചികിത്സ ലഭിക്കാതെ അജ്മാനിൽ വെച്ച് മരണമടഞ്ഞത് .ദുബായിലെ ഒരു കമ്പനിയിൽ മെക്കാനിക്കൽ സൂപ്പർവൈസറായി ജോലിചെയ്യുകയായിരുന്നു അദ്ദേഹം  കഴിഞ്ഞ ദിവസം കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അലോഷ്യസ് അജ്മാനിൽ മലയാളി ഡോക്ടർമാർ നടത്തുന്ന ഒരു മെഡിക്കൽ സെന്ററിൽ പോയത് . എന്നാൽ ശരിയായ രീതിയിൽ രോഗനിർണയം നടത്താൻ വേണ്ട ടെസ്റ്റുകളൊന്നും നടത്താതെ പ്രാഥമിക നിഗമനത്തിന്റെയടിസ്ഥാനത്തിൽ രോഗിക്ക് മരുന്ന് നൽകി മടക്കി അയക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു…..കടുത്ത നെഞ്ചുവേദനയുണ്ടെന്നു പറഞ്ഞെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്നവർ കാര്യമാക്കിയില്ല എന്ന് പരാതിയിൽ പറയുന്നു.

അലോഷ്യസ് വീട്ടിലെത്തി നാല് മണിക്കൂർ കഴിഞ്ഞപ്പോൾ കുഴഞ്ഞുവീണു. പെട്ടെന്നുതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഈ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു…….

ഇതിനെത്തുടർന്നാണ് അലോഷ്യസ് ആദ്യം ചെന്ന ഹോസ്പിറ്റലിനെതിരെ ബന്ധുക്കൾ കേസ് കൊടുത്തത് . ആശുപത്രിക്കെതിരേ ആരോഗ്യവകുപ്പിൽ പരാതി നൽകിയിട്ടുണ്ട്. സഹിക്കാനാകാത്ത നെഞ്ച് വേദദനയുണ്ടെന്നു രോഗി പറഞ്ഞിട്ടും ചികിത്സയിൽ അലംഭാവം കാണിച്ചു എന്നായിരുന്നു കേസ് , കൃത്യസമയത്തു വേണ്ട ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഒരു പക്ഷെ അലോഷ്യസിന്റെ ജീവൻ തിരിച്ചു പിടിക്കാമായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ മെഡിക്കൽ സെന്ററിന്റെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ച ബോധ്യപ്പെട്ടു.. അലോഷ്യസിന്റെ ബന്ധുക്കൾ ദുബായ് അൽ കബ്ബാൻ അഡ്വക്കേറ്റ്‌സിലെ സീനിയർ ലീഗൽ കൺസൾട്ടന്റായ അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ അജ്മാൻ കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസിന്റെ വിചാരണവേളയിൽ കോടതി അന്വേഷണത്തിനായി ഉന്നത മെഡിക്കൽ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ആ കമ്മിറ്റിയുടെ റിപ്പോർട്ടിലും മെഡിക്കൽ സെന്ററിന്റെ വീഴ്ച സ്ഥിരീകരിച്ചു. തുടർന്നായിരുന്നു 10 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതിവിധി ഉണ്ടായത്

വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിൽ പക്ഷിയിടിച്ചു. യന്ത്രം തകരാറിലായി. അടിയന്തരമായി വിമാനം തിരിച്ചിറക്കി. ഒഴിവായത് വൻ ദുരന്തം. തിരുവനന്തപുരം അന്താരാഷ്‍ട്ര വിമാനത്താവളത്തിലാണ് ഞായറാഴ്‌ച രാത്രി സംഭവം നടന്നത് .

169 യാത്രക്കാരുമായി സിംഗപ്പൂരിലേക്ക് പറന്നുയര്‍ന്ന ഫ്ളൈ സ്‌കൂട്ടിന്റെ ടി ആര്‍ 531 എന്ന വിമാനത്തിലായിരുന്നു പക്ഷിയിടിച്ചത്. തുടര്‍ന്ന് വിമാനം യന്ത്രത്തകരാറിലായി. ഉടൻ തിരിച്ചിറക്കാന്‍ അനുമതി തേടി പൈലറ്റ് എയർട്രാഫിക് കണ്‍ട്രോള്‍ ടവറിലേക്ക് സന്ദേശം അയക്കുകയായിരുന്നു . ലാന്‍ഡിങ് നടത്താന്‍ അനുമതി കിട്ടിയതോടെ വിമാനം അടിയന്തിരമായി തിരിച്ചിറക്കി .

തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി ഹോട്ടലുകളിലേക്ക് മാറ്റുകയായിരുന്നു. വിമാനം തകരാര്‍ പരിഹരിച്ച ശേഷം തിങ്കളാഴ്‌ച രാത്രി എട്ടോടെ യാത്രക്കാരുമായി വീണ്ടും സിംഗപ്പൂരിലേക്ക് പറക്കുകയായിരുന്നു . തിരുവനന്തപുരം വിമാനത്താവളത്തില്‍ പക്ഷിയിടിച്ചുള്ള അപകടങ്ങളെ തുടര്‍ന്ന് വിമാനങ്ങള്‍ തിരിച്ചിറക്കുക പതിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിമാനം ലാന്‍ഡിങ് നടത്തുമ്പോഴും പറന്നുയരുമ്പോഴുമാണ് പക്ഷി ശല്യം രൂക്ഷമാകുകയാണ് .

കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജനെ വധിക്കാന്‍ ദാവൂദ് ഇബ്രാഹീം നേതൃത്വം നല്കുന്ന ഡി കമ്പനി പദ്ധതി തയ്യാറാക്കിക്കഴിഞ്ഞുവെന്ന വിവരം അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. അധോലോക കുറ്റവാളിയായ ഛോട്ടാ രാജനെസൂപ്പര്‍ ഹൈ സെക്യൂരിറ്റി ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ഇയാളെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താനുള്ള നീക്കം സംബന്ധിച്ച ഫോണ്‍ സംഭാഷണം അന്വേഷണ ഏജന്‍സികള്‍ ചോര്‍ത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സുരക്ഷ ശക്തമാക്കിയത്.

ഇതേതുടര്‍ന്ന് ഛോട്ടാരാജനെ പാര്‍പ്പിച്ചിട്ടുള്ള തിഹാര്‍ ജയിലിലെ പ്രത്യേക മേഖലയിലെ സുരക്ഷ അധികൃതര്‍ വീണ്ടും വര്‍ധിപ്പിച്ചു. ജയിലിലെ സുരക്ഷ വീണ്ടും ശക്തമാക്കിയെന്ന് ഡല്‍ഹി പ്രിസണ്‍സ് ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഇതിനു പിന്നിലെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താനാണ് നീക്കമെന്ന് വ്യക്തമായതോടെ രാജന് നല്‍കുന്ന ജയില്‍ ഭക്ഷണം കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുമുണ്ട്. കൂടാതെ ജയിലിലെ മൂന്ന് പാചകക്കാരെയും മാറ്റിയിട്ടുണ്ട്.

ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് നാളെ മുതല്‍ കേരളത്തില്‍ നിരോധനം. വ്യാപാരികളുടെ എതിര്‍പ്പ് ഉണ്ടെങ്കിലും നിരോധനവുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് സര്‍ക്കാര്‍. വിശദ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. ക്യാരിബാഗ് അടക്കം പതിനൊന്ന് ഇനം പ്ലാസ്റ്റിക് സാധനങ്ങള്‍ക്കാണ് നിരോധനം. ഇവ നിര്‍മിച്ചാലും വിറ്റാലും കുറ്റം. ആദ്യതവണ 10,​000 രൂപയും ആവര്‍ത്തിച്ചാല്‍ 20,​000 രൂപയും തുടര്‍ന്നാല്‍ 50,​000 രൂപയും പിഴ ഈടാക്കും.നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യസൂചികയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്

പ്ലാസ്റ്റിക് മൂലം പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതവും,​ ആരോഗ്യ പ്രശ്നങ്ങളും കണക്കിലെടുത്താണ് ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുന്നത്. ഉത്തരവ് എല്ലാ പ്ലാസ്റ്റിക് വസ്തുക്കൾക്കും ബാധകമായിരിക്കും. പ്ലാസ്റ്റിക് വിൽപ്പനയും നിർമാണവും സൂക്ഷിക്കലും നിരോധിക്കും. വ്യക്തികൾക്കും കമ്പനികൾക്കുമൊക്കെ നിരോധനം ബാധകമാണ്.എന്നാൽ, ബ്രാന്റഡ് ഉൽപന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങൾക്കും വെള്ളവും മദ്യവും വിൽക്കുന്ന കുപ്പികൾക്കും പാൽക്കവറിനും നിരോധനം ബാധകമല്ല.

മുൻകൂട്ടി അളന്നുവച്ചിരിക്കുന്ന ധാന്യങ്ങൾ, ധാന്യപ്പൊടികൾ, പഞ്ചസാര, മുറിച്ച മീനും മാംസവും സൂക്ഷിക്കാൻ ഉപയോഗിക്കാവുന്ന പാക്കറ്റുകൾ എന്നിവയെയും നിരോധനത്തിൽനിന്ന് ഒഴിവാക്കി. പഴങ്ങളും പച്ചക്കറികളും പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പാക്കറ്റുകൾ നിരോധിച്ചു. നിരോധിച്ചവ നിർമിക്കാനോ വിൽക്കാനോ കൊണ്ടുപോകാനോ പാടില്ല.

നിരോധിക്കുന്നവ

അലങ്കാര വസ്തുക്കൾ
​പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ കപ്പ്,​സ്ട്രോ എന്നിങ്ങനെയുള്ളവ
ക്യാരി ബാഗ്
ടേബിൾമാറ്റ്
വാഹനങ്ങളിൽ ഒട്ടിക്കുന്ന ഫിലിം
പ്ലേറ്റ്,​കപ്പ്,​സ്പൂൺ മുതലായവ
പ്ലാസ്റ്റിക് പതാക
പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റ്
പിവിസി ഫ്ലക്സ് സാധനങ്ങൾ
ഗാർബേജ് ബാഗ്
300 മില്ലിക്കു താഴേയുള്ള പെറ്റ് ബോട്ടിൽ

യാത്രക്കിടയിൽ ഇന്ത്യയിൽ നിന്നുള്ള വയോധികയ്ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ന്യൂയോർക്കിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന വിമാനം റിയാദിൽ അടിയന്തരമായി ഇറക്കുകയുണ്ടായി. അറുപത് വയസുകാരിയായ ആന്ധ്രാ സ്വദേശിനി ബാലനാഗമ്മയെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുള്ള വാർത്ത പുറത്തേക്ക് വന്നത്.

ന്യൂയോർക്കിൽ നിന്ന് അബുദാബി വഴി ഇന്ത്യയിലേക്ക് പോകുന്ന ഇത്തിഹാദ് വിമാനത്തിനാണ് വെള്ളിയാഴ്ച വൈകീട്ട് റിയാദ് കിങ് ഖാലിദ് ഇൻറർനാഷണൽ എയർപ്പോർട്ടിൽ എമർജൻസി ലാൻഡിങ് നടത്തേണ്ടിവന്നിരുന്നത്. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനി ബാല നാഗമ്മയെ ഉടനെ ആസ്റ്റർ സനദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ഐസിയുവിൽ കഴിയുന്ന രോഗി അപകടനില തരണം ചെയ്തതായും അധികൃതർ വ്യക്തമാക്കുകയുണ്ടായി. വയോധികയ്ക്ക് ബോധം തിരിച്ചുകിട്ടി. ന്യൂയോർക്കിലുള്ള മകൻ സുരേഷിൻറെ അടുത്തുനിന്ന് സ്വദേശത്തേക്കുള്ള മടക്കയാത്രയിലായിരുന്നു ബാല നാഗമ്മ ഏർപ്പെട്ടിരുന്നത്. വിമാനത്തിൽ വെച്ച് ശാരീരികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് സഹയാത്രക്കാർ ജീവനക്കാരെ വിവരം അറിയിക്കുകയും പൈലറ്റ് തൊട്ടടുത്തുള്ള വിമാനത്താവളം ഏതെന്ന് കണ്ടെത്തി റിയാദിൽ അടിയന്തരമായി ഇറക്കാൻ അനുമതി തേടുകയുമായിരുന്നു ചെയ്തത്.

അതോടൊപ്പം തന്നെ ലാൻഡിങ് നടത്തിയ ഉടൻ വിമാനത്താവളത്തിലെ മെഡിക്കൽ ടീം രോഗിയെ ഏറ്റെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മലയാളി സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാടാണ് റിയാദിൽ ബാല നാഗമ്മയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് തന്നെ. അസുഖം ഭേദപ്പെട്ടാലുടൻ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി

മൂന്നുമാസത്തെ വിസിറ്റിങ് വിസയിലെത്തി തെരുവിൽ കച്ചവടം ചെയ്തും തെണ്ടിയും ല്ക്ഷങ്ങൾ സമ്പാദിക്കുന്നവർ യു.എ.ഇയിലുണ്ടെന്ന് ദുബായ് പൊലീസ് .ഭിക്ഷാടനം പോലെ തെരുവു കച്ചവടവും ദുബായിൽ വിലക്കിയിട്ടുണ്ടെന്ന് ദുബായ് പൊലീസിന്റെ കുറ്റാന്വേഷണവിഭാഗം അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു.

തെരുവു കച്ചവടക്കാരിലേറെയും അനധികൃതമായി ദുബായിൽ തങ്ങുന്നവരാണ്. നഗരത്തിന്റെ അപരിഷ്‌കൃതമായ മുഖമായി ഇവർ മാറുകയാണ്. ഇവർ കുറ്റകൃത്യങ്ങൾ ചെയ്താൽ കണ്ടെത്തുകയും പ്രയാസമാണെന്ന് അദ്ദേഹം പറയുന്നു.

ഭിക്ഷാടനത്തിന്റെ മറ്റൊരു രൂപമാണ് തെരുവ് കച്ചവടമെന്നും അദ്ദേഹം പറയുന്നു. കാലപ്പഴക്കം ചെന്നവയോ നിലവാരമില്ലാത്തവയോ ആയ സാധനങ്ങളാണ് ഇവർ വിൽക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തുന്നതിന് ജനങ്ങൾ സഹകരിക്കണമെന്നും അവരെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്നും ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. സമൂഹത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയാമ് അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2017-ൽ യു.എ.ഇയിൽ അനധികൃതമായി തങ്ങിയിരുന്ന 34,881 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുമുമ്പത്തെവർഷം അറസ്റ്റിലായവരുടെ എണ്ണം 49,205 ആയിരുന്നു. 2017-ൽ അറസ്റ്റിലായവരിൽ 2355 പേർ തെരുവ് കച്ചവടക്കാരും 1840 പേർ ഭിക്ഷയാചിക്കുന്നവരുമായിരുന്നു. 2016-ൽ അറസ്റ്റിലായ ഒരു ഭിക്ഷക്കാരൻ മാസം 50 ലക്ഷത്തോളം രൂപ സമ്പാദിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. വിനോദ സഞ്ചാരിയെന്ന നിലയിൽ മൂ്ന്നുമാസത്തെ ടൂറിസ്റ്റ് വിസയിലെത്തിയാണ് ഇയാൾ ഭിക്ഷയാചിച്ചിരുന്നത്.

ഒരു ഭിക്ഷക്കാരൻ ദിവസം ശരാശരി ഒന്നരലക്ഷം രൂപയോളം സമ്പാദിക്കുന്നുണ്ടെന്നാണ് ദുബായ് പൊലീസിന്റെ കണക്ക്. മണിക്കൂറിൽ 25,000 രൂപയോളം. വെള്ളിയാഴ്ചകളിലാണ് ഇവർക്ക് കൂടുതൽ പണം കിട്ടുന്നത്. പള്ളികൾക്ക് മുന്നിൽ ഭിക്ഷയാചിക്കുന്നവർക്ക് വാരിക്കോരിയാണ് പണം കൊടുക്കുന്നതെന്നും പൊലീസ് പറയുന്നു. ജോലിക്കുള്ള വിസയിൽ എത്തിയവർ പോലും വെള്ളിയാഴ്ചകളിൽ ഭിക്ഷാടനം നടത്താറുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ദർശന ടി .വി , മലയാളം യുകെ ന്യൂസ് ടീം

കേരള സർക്കാർ ജനുവരി 1 മുതൽ സംസ്ഥാനത്ത് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ ജലാശയങ്ങളിലും പൊതുസ്ഥലത്തും പ്ലാസ്റ്റിക് മലിനീകരണം അരുതെന്ന് പറഞ്ഞുകൊണ്ട് ഫോർട്ട്‌കൊച്ചി ബീച്ചിൽ സൃഷ്ടിച്ചിരിക്കുന്ന ‘ദി ട്രാപ്’ എന്ന കലാസൃഷ്ടി ശ്രദ്ധേയമാകുന്നു .

ആളുകൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിഞ്ഞ 1500 പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചുകൊണ്ട് 25 അടി ഉയരത്തിലും ആറടി വ്യാസത്തിലുമാണ് ഈ മനോഹരമായ കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്. ഇത് കാണുവാനായി നിരവധി ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. കുപ്പിയുടെ ഉള്ളിൽ പ്രവേശിക്കുവാനും സൗകര്യമൊരുക്കിയിട്ടുണ്ട് എന്നതാണ് പ്രത്യേകത.

ദി ട്രാപിലേക്ക് പ്രവേശിച്ച് കഴിഞ്ഞാൽ ഓരോ കുപ്പിക്കുള്ളിലും മനുഷ്യൻ കുടുങ്ങിനിൽക്കുന്ന പ്രതീതി കാഴ്ച്ചക്കാരിൽ ഉണ്ടാകുന്നു. ഉള്ളിൽ കണ്ണാടികൾ ഘടിപ്പിച്ചിരിക്കുന്നതിനാൽ കാലിഡോസ്കോപ്പ് നൽകുന്ന ദൃശ്യഭംഗിയും ഇതിന് നൽകാനാകും. ഇടപ്പള്ളി സ്വദേശിയും സയൻസ് ഫിലിം മേക്കറും പരസ്യചിത്രരംഗത്ത് രണ്ട് പതിറ്റാണ്ട് പരിചയമുള്ള കെ.കെ അജിത്കുമാറിന്റേതാണ് ‘ദി ട്രാപ്’ന്റെ ആശയവും സാക്ഷാത്കാരവും.
കൊച്ചിൻ ഷിപ് യാർഡിന്റെ പിന്തുണയോടെ ജില്ലാഭരണകൂടം, ശുചിത്വമിഷൻ, ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല എന്നിവയുടെ സഹകരണത്തിൽ ഒന്നരലക്ഷം രൂപചെലവിലാണ് ഈ കലാസൃഷ്ടിക്ക് രൂപം നൽകിയത്.
സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധന തീരുമാനങ്ങൾ നടപ്പാക്കുമ്പോൾ ഈ കലാസൃഷ്ടിക്ക് പ്രാധാന്യം വളരെയേറെയാണ്.

 

ഫോട്ടോ : ദർശന ടി .വി , മലയാളം യുകെ ന്യൂസ് ടീം

Copyright © . All rights reserved
➤