രാജസ്ഥാനിലെ ജോദ്പുരില്‍ എയിംസിലെ മലയാളി നഴ്സ് ആശുപത്രിയില്‍ തീകൊളുത്തി ജീവനൊടുക്കി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ബിജു പുനോജ് എന്ന ജീവനക്കാരിയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.30 ന് ആയിരുന്നു സംഭവം. കുടുംബപ്രശ്നങ്ങളില്‍ ഇവര്‍ മാനസിക ബുദ്ധിമുട്ടിലായിരുന്നെന്ന് കൂടെ താമസിക്കുന്ന സുഹൃത്ത് പറയുന്നു. പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ കൊണ്ടുവന്നാണ് തീകൊളുത്തി ജീവനൊടുക്കിയതെന്നാണ് പോലീസ് നിഗമനം.
സംഭവം നടന്ന മുറിയുടെ സമീപത്തൂടെ നടന്നുപോയ ആളാണ് വിവരം ആശുപത്രി അധികൃതരെ അറിയിക്കുന്നത്. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പൂട്ട് തകര്‍ത്ത് അകത്തു കടക്കുമ്ബോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
3000 കോടി മുടക്കി ബിജെപി സര്‍ക്കാര്‍ നിര്‍മ്മിച്ച ഏകതാ പ്രതിമയ്ക്കകത്തുള്ള നിരീക്ഷക ഗ്യാലറിയില്‍ ചോര്‍ച്ച. ഗുജറാത്തില്‍ ശനിയാഴ്ച പെയ്ത ശക്തമായ മഴയില്‍ സീലിങ്ങിലെ ചോര്‍ച്ചയിലൂടെ മഴവെള്ളം ഗ്യാലറിയിലേക്ക് വീഴുകയാണെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
കനത്ത മഴയെ തുടര്‍ന്ന് പ്രതിമക്കുള്ളില്‍ വെള്ളം കയറിയിട്ടുണ്ട്. ചോര്‍ച്ച കാരണമാണ് മഴവെള്ളം പ്രതിമക്കുള്ളിലേക്ക് കയറുന്നത്. കാഴ്ചക്കാര്‍ നില്‍ക്കുന്ന സ്ഥലത്താണ് വെള്ളം ചോരുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിനു സ്മാരകം എന്ന നിലയിലാണ് ഗുജറാത്തിലെ കെവാദിയയില്‍ പ്രതിമ നിര്‍മ്മിച്ചത്. പട്ടേലിന്റെ 144-ാം ജന്മദിനമായ ഒക്ടോബര്‍ 31 നായിരുന്നു അനാച്ഛാദനം. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഇതിന്റെ ഉയരം 182 മീറ്ററാണ്.
ഒരേസമയം 200 സന്ദര്‍ശകരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന സന്ദര്‍ശക ഗ്യാലറി തയ്യാറാക്കിയിരിക്കുന്നത് സന്ദര്‍ശകര്‍ക്ക് നര്‍മ്മദയുടെ ഗ്രാന്റ് വ്യൂ ആസ്വദിക്കാവുന്ന തരത്തിലാണ്.
Statue of Unity’s viewing gallery flooded due to heavy rain in Gujarat.
Read full story here: https://t.co/lBKFA85Drd pic.twitter.com/wHQUXiMhXz
— The Indian Express (@IndianExpress) June 29, 2019
എയര്‍ ഇന്ത്യയുടെ യാത്ര വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ലണ്ടനില്‍ ഇറക്കിയ സംഭവം നടന്നത് കഴിഞ്ഞദിവസമാണ്. ലോകത്തെ ഏറെ നേരം മുള്‍മുനയില്‍ നിര്‍ത്തിയ ഈ സംഭവത്തില്‍ ഇപ്പോള്‍ രസകരമായ വഴിത്തിരിവുണ്ടായെന്നാണ് പുതിയ വാര്‍ത്തകള്‍.
മുംബൈയില്‍ നിന്നും ന്യൂജഴ്സിയിലെ നെവാര്‍ക്ക് പോകുകയായിരുന്ന എഐ 191 യാത്രവിമാനമാണ് ലണ്ടനിലെ സ്റ്റാന്‍സ് സ്റ്റഡ് വിമാനത്താവളത്തില്‍ ഇറക്കിയത്. ബ്രിട്ടീഷ് സമയം രാവിലെ പത്ത് മണിയോടെയാണ് സംഭവം. എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഈ മെയില്‍ സന്ദേശം ലഭിച്ചു. ഈ സമയം ബ്രിട്ടണ്‍ കടന്ന് നോര്‍ത്ത് അയര്‍ലന്‍ഡിന് മുകളിലായിരുന്നു വിമാനം. ജാഗ്രതാ നിര്‍ദേശം ലഭിച്ചതിന് പിന്നാലെ കൊണിംഗ്‍സ ബേയിലെ ബ്രിട്ടീഷ് വ്യോമസേനാ വിമാനത്താവളത്തില്‍ നിന്നും രണ്ട് യുദ്ധവിമാനങ്ങള്‍ എയര്‍ ഇന്ത്യ വിമാനത്തിന് അടുത്തേക്ക് പറന്നു
വിമാനം ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്ക് കൊണ്ടു വരാന്‍ പൈലറ്റിനോട് ആവശ്യപ്പെട്ടു. പൈലറ്റ് ഇതനുസരിച്ച് വിമാനം ലണ്ടനിലേക്ക് തിരിച്ചുവിട്ടു. രണ്ട് യുദ്ധവിമാനങ്ങളും വിമാനത്താവളം വരെ എയര്‍ ഇന്ത്യ വിമാനത്തെ അനുഗമിച്ചു. എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ലാന്‍ഡിംഗ് സമയത്ത് മറ്റു വിമാനങ്ങളുടെ ടേക്ക് ഓഫും ലാന്‍ഡിംഗും താല്‍കാലികമായി നിര്‍ത്തി വച്ചു. ലാന്‍ഡ് ചെയ്‍ത വിമാനത്തെ ടെര്‍മിനലില്‍ നിന്നും മറ്റൊരിടത്തേക്ക് മാറ്റിയിട്ട ശേഷമാണ് അന്താരാഷ്ട്ര ടെര്‍മിനലില്‍ നിന്നുള്ള വ്യോമഗതാഗതം വിമാനത്താവള അധികൃതര്‍ പുനസ്ഥാപിച്ചത്.
ഇത്രയും നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഉദ്യോഗസ്ഥര്‍ വിമാനം പരിശോധിച്ചു തുടങ്ങി. മുംബൈയില്‍ നിന്നും കയറ്റിയ ലഗേജില്‍ ബോംബുണ്ടെന്നായിരുന്നു ഇ മെയില്‍ സന്ദേശം. എന്നാല്‍ വിമാനത്തില്‍ വിശദമായ പരിശോധന നടത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്തംവിട്ടു. ബോംബ് പോയിട്ട് യാത്രികരുടെ ഒരൊറ്റ ലഗേജു പോലും വിമാനത്തില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ അന്വേഷിച്ചപ്പോള്‍ അവിടെ നിന്നും വിവരം കിട്ടി. ലഗേജുകള്‍ എല്ലാം അവിടെ ഭദ്രമായിട്ടുണ്ട്. ലഗേജുകള്‍ കയറ്റാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ മറന്നുപോയിരുന്നു. എന്നാല്‍ മറന്നതല്ല, സ്ഥലം ഇല്ലാത്തതിനാല്‍ ലഗേജുകള്‍ കയറ്റാത്തതായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും മുംബൈയിലെ ലഗേജുകളില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു.
സാങ്കേതിക പ്രശ്നങ്ങളാല്‍ ലഗേജുകള്‍ കൃത്യസമയത്ത് എത്തിക്കുന്നതില്‍ എയര്‍ ഇന്ത്യ പലപ്പോഴും വീഴ്‍ച വരുത്തുന്നതായി യാത്രികര്‍ പരാതിപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ ലഗേജ് ഒപ്പമില്ലെന്ന് അറിഞ്ഞപ്പോള്‍ ആദ്യമായി സന്തോഷം തോന്നിയെന്നാണ് പല യാത്രികരും പറയുന്നത്.
പിന്നീട് ബോംബ് ഭീഷണി വ്യാജമാണെന്ന് ഉറപ്പുവരുത്തി വിമാനം തിരികെ നെവാര്‍ക്കിലേക്ക് പുറപ്പെടുകയായിരുന്നു. യുദ്ധവിമാനങ്ങള്‍ താഴ്ന്നു പറന്നത് ബ്രിട്ടനിലെ ഡെര്‍ബി അടക്കമുള്ള പ്രദേശങ്ങളില്‍ ആശങ്കയിലാഴ്‍ത്തിയെന്നതാണ് മറ്റൊരു കൗതുകം. സോണിക് ബൂമിന് തുല്യമായ അവസ്ഥ യുദ്ധവിമാനം താഴ്ന്നു പറന്നതിനെ തുടര്‍ന്നുണ്ടായെന്ന് സംഭവത്തിന് സാക്ഷികളായവര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം ലണ്ടനില്‍ ഇറക്കി എന്ന് ആദ്യം ട്വീറ്റ് ചെയ്‍ത എയര്‍ ഇന്ത്യ പിന്നീട് ഈ ട്വീറ്റ് ഡെലീറ്റ് ചെയ്‍തതും കൗതുകമായി.
നെടുമങ്ങാട് പത്താംക്ളാസ് വിദ്യാർഥിനി മീരയുടെ കൊലപാതകത്തിൽ നടുങ്ങി നാട്. കൊലപാതകം ഒളിപ്പിക്കാൻ മീരയുടെ അമ്മ പറഞ്ഞ നുണക്കഥകളും നാട്ടുകാരെ അമ്പരപ്പിച്ചു. അകാരണമായി അനീഷ് മീരയെ വഴക്ക് പറഞ്ഞതിലുള്ള മനോവിഷമം കൊണ്ട് മീര വാടക വീട്ടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് മഞ്ജുഷ പൊലീസിനോട് പറഞ്ഞത്.
പത്താം തീയതി നടന്ന സംഭവത്തിനുശേഷം മീരയുടെ മൃതദേഹം ബൈക്കിൽ നടുക്ക് ഇരുത്തി മഞ്ജുഷയും അനീഷും ചേർന്ന് ഓടിച്ച് അഞ്ച് കിലോമീറ്ററോളം അകലെ കാരാന്തലയിൽ അനീഷിന്റെ വീട്ടിന് ചേർന്നുള്ള പുരയിടത്തിലെ കിണറ്റിൽ തള്ളുകയായിരുന്നുവെന്നും മഞ്ജുഷ പൊലീസിനോടു പറഞ്ഞു. വെള്ളത്തിൽ പൊങ്ങിവരാതിരിക്കാൻ മൃതദേഹത്തിൽ സിമന്റ് കട്ടകൾ വച്ചുകെട്ടുകയും ചെയ്തു. കിണറ്റിന് മുകളിലെ വല മാറ്റി മൃതദേഹം തള്ളിയ ശേഷം കിണർ വീണ്ടും വലയിട്ടു മൂടി.
നാട്ടുകാർ പതിവായി സഞ്ചരിക്കുന്ന പ്രദേശത്തെ കിണറ്റിൽ ഇരുപതു ദിവസത്തോളം ആരുമറിയാതെ മീരയുടെ മൃതദേഹം കിടന്ന വാർത്ത ഞെട്ടലോടെയാണ് നാട്ടുകാർ അറിഞ്ഞത്. അമ്മയ്ക്കൊപ്പം മീരയും എവിടെയോ യാത്ര പോയെന്നാണ് അയൽവക്കത്തുള്ളവരും കരുതിയിരുന്നത്. അനീഷ് അവിവാഹിതനാണ്. മഞ്ജുഷയുടെ ആദ്യ ഭർത്താവ് മരിച്ചുപോയിരുന്നു. ഇതിനു ശേഷമാണ് അനീഷുമായി അടുപ്പത്തിലായത്
കരുപ്പൂർ ഹൈസ്‌ക്കൂളിലെ പത്താംക്ലാസ് പരീക്ഷയിൽ മികച്ച മാർക്കു നേടിയാണ് മീര വിജയിച്ചത്. അച്ഛൻ മരിച്ചതോടെ കൂടുതൽ സമയവും മുത്തച്ഛനോടും മുത്തശ്ശിയോടുമൊപ്പമായിരുന്നു കൂടുതലും മീര കഴിഞ്ഞിരുന്നത്. 10-ാം തീയതിയാണ് മീരയെ കാണാതായത്. കൊലപാതകം നടന്നതും അന്നുതന്നെയാണെന്നാണൂ പൊലീസ് കരുതുന്നത്
കാണാതായ മകൾ തമിഴ്‌നാട്ടിലേയ്ക്ക് പോയെന്നും താനും അന്വേഷിച്ച് അങ്ങോട്ടേക്ക് പോവുകയാണെന്നുമാണ് ഫോണിൽ അമ്മ വത്സലയോട് മഞ്ജുഷ പറഞ്ഞത്. എന്നാൽ വത്സല പിന്നെ മഞ്ജുഷയെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴെല്ലാം ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. വീണ്ടും ദിവസങ്ങൾ കാത്തിരുന്ന ശേഷമാണ് 17നു വൽസല പൊലീസിൽ പരാതി നൽകിയത്.
മൂവാറ്റുപുഴയാറിൽ അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് സ്വദേശി ദീപ (30) മകൾ ദക്ഷ (2) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ ദേഹത്ത് കെട്ടിവച്ച് ദീപ ആറ്റില്‍ച്ചാടുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. പൊട്ടന്‍ചിറയിലെ ഭര്‍തൃവീട്ടില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് ദീപയെയും കുഞ്ഞിനെയും കാണാതായത്.
ആഭരണങ്ങളും മൊബൈല്‍ ഫോണും വീട്ടില്‍ വച്ചാണ് ദീപ വീടുവിട്ടിറങ്ങിയത്. ഇരുവരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലിസില്‍ പരാതിയും നല്‍കിയിരുന്നു. പോലിസും അഗ്‌നിശമനസേനയും നടത്തിയ തിരച്ചിലില്‍ മൂവാറ്റുപുഴയാറില്‍ വടയാര്‍ ദേവിക്ഷേത്രത്തിന് സമീപത്തുനിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വ്യാഴാഴ്ച രാത്രി ദീപയും ഭർത്താവ് അഭിജിത്തും തമ്മിൽ വഴക്കിട്ടിരുന്നു. മൊബൈൽ ചാറ്റിങ്ങിനെ തുടർന്നുള്ള പ്രശ്‌നങ്ങളാണ് വഴക്കിൽ കലാശിച്ചത് എന്നാണ് സൂചന. അതിനുശേഷം അഭിജിത്ത് തിരികെ കൊച്ചി എആർ ക്യാമ്പിലേക്ക് പോയി. ദീപയും ദക്ഷയും വീട്ടിലുണ്ടായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ മൂന്നിനും ആറിനുമിടയിലാണ് ദീപയെ കാണാതാവുന്നത് എന്നാണ് സൂചന. കുട്ടിയേയും എടുത്ത് ദീപ വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദീപയുടെയും ദക്ഷയുടെയും മൃതദേഹങ്ങൾ ലഭിച്ചത്.
മൂന്നു വർഷം മുൻപായിരുന്നു അഭിജിത്തിന്റെയും ദീപയുടെയും വിവാഹം. ഇവരുടേത് പ്രണയവിവാഹമായിരുന്നു. രണ്ടുപേരും ആന്ധ്രയിൽ നഴ്സിങ് പഠനത്തിന് ഒരുമിച്ചുണ്ടായിരുന്നു. ഈ പഠനവേളയിലാണ് ഇവർ തമ്മിലുള്ള സൗഹൃദം പ്രണയത്തിലേക്കും തുടർന്ന് വിവാഹത്തിലേക്കും വഴിമാറുന്നത്. നഴ്സിങ് പഠനം പൂർത്തിയാക്കിയെങ്കിലും അഭിജിത്തിന് പൊലീസിൽ ജോലി ലഭിച്ചു. ദീപ സൗദിയിൽ നഴ്സായിരുന്നു. പക്ഷെ ദക്ഷ ജനിച്ചശേഷം ദീപ പിന്നീട് സൗദിയിൽ പോയില്ല.
വാളയാറില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. പതിനാലാം മൈലിൽ കണ്ടെയ്നർ ലോറിക്കു പിന്നിൽ വാൻ ഇടിച്ച് മൂന്ന് കുട്ടികളടക്കം ആണ് മരിച്ചത്. എട്ടു പേർക്ക് പരിക്കേറ്റു. തമിഴ്നാട് കോയമ്പത്തൂർ കുനിയമ്പത്തൂർ സ്വദേശികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്.
13 പേരാണ് 13 പേരാണ് ഒമ്നി വാനിലുണ്ടായിരുന്നത്. ചന്ദ്രനഗറിൽ താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു സംഘം. അഞ്ചു പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ള ഒരു കുട്ടിയുടെ നില ഗുരുതരമാണ്. വാൻ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.
ചാലക്കുടിയിലെ തെരഞ്ഞെടുപ്പില്‍ തോറ്റപ്പോഴുണ്ടായ സംഭവം ഓര്‍മ്മിച്ച് ഇന്നസെന്റ്. ഇടതുപക്ഷത്തിന്റെ 19 പേരും തോറ്റപ്പോഴാണ് ചെറിയ സമാധാനം തോന്നിയതെന്ന് തമാശരൂപേണ ഇന്സെന്റ് പറയുന്നു. ഇരുപത് സീറ്റിൽ പത്തൊൻപത് എണ്ണവും പോയി. ബാക്കി ഒരു സീറ്റ് ആണ് ഉള്ളത്. ആ സ്ഥാനാർഥി പതുക്കെ കയറി കയറി വരുന്നുണ്ട്. പാർട്ടി എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. അവനും കൂടി തോൽക്കുകയാണെങ്കില്‍ എന്നാണ് ഞാൻ ആ സമയത്ത് വിചാരിച്ചത്- ഇന്നസെന്റ് തമാശയും കാര്യവുമായി പറയുന്നു. വിഷൻ ഇരിങ്ങാലക്കുട ഞാറ്റുവേല വേദിയിലാണ് ഇന്നസെന്റ് ഇക്കാര്യം പറയുന്നത്.
തോറ്റുകഴിഞ്ഞപ്പോൾ ഒരാളും എന്നെ വിളിക്കാറില്ല, അല്ലെങ്കിൽ ഫോണിൽ ഭയങ്കര വിളികളാണ്. ആ തീവണ്ടി കൊരട്ടിയിൽ നിർത്തണം, ചാലക്കുടിയിൽ നിർത്തണം എന്നൊക്കെ പറയും. കൊരട്ടിയിൽ ട്രെയിൻ നിർത്തിതരണം എന്നു പറഞ്ഞ് ഒരാള്‍ വിളിക്കുമായിരുന്നു. എംപിയായി പോയതുകൊണ്ട് ഈ അപേക്ഷകളുമായി ഞാൻ ഡല്‍ഹിയിൽ ചെല്ലും. സത്യത്തിൽ ആ ട്രെയിൻ ജീവിതകാലത്ത് ഒരിക്കലും കൊരട്ടിയിൽ നിർത്താൻ പോകുന്നില്ല. തിരുവനന്തപുരം വിട്ടാൽ എറണാകുളമാണ് ഒരു സ്റ്റോപ്പ്. ഈ നിവേദനവുമായി മൂന്നാമത്തെ പ്രാവിശ്യം ചെന്നപ്പോൾ മന്ത്രി ഒരാളോട് സ്വകാര്യം പറഞ്ഞു. അത് എന്താണ് എന്ന് എനിക്ക് ഏകദേശം മനസ്സിലായി. ഇയാളുടെ തലയ്ക്കു വല്ല അസുഖവും ഉണ്ടോയെന്ന് അദ്ദേഹം പറഞ്ഞത്.
കൊരട്ടിയിലെ കാര്യം എന്തായെന്ന് ചോദിച്ച് വീണ്ടും വിളിച്ചു. കൊരട്ടിയിൽ ട്രെയിൻ നിർത്തിതരാമെന്ന് ഞാൻ പറഞ്ഞു. ഫോണില്‍ ആയതിനാല്‍ അയാള്‍ കെട്ടിപ്പിടിച്ചില്ല എന്നേയുള്ളു. അയാള്‍ എന്നെ കുറെ പുകഴ്‍ത്തി. പക്ഷേ ഞാൻ പറഞ്ഞു, കൊരട്ടിയില്‍ നിര്‍ത്തിയാല്‍ ആ ട്രെയിൻ മുന്നോട്ടുപോകില്ല. അവിടെ തന്നെ കിടക്കുമെന്ന്. അതിനുശേഷം അയാൾ എന്നെ വിളിച്ചിട്ടില്ല. പലർക്കും അങ്ങനെ ചുട്ടമറുപടി കൊടുത്തിട്ടുണ്ട്. പിന്നെ എങ്ങനെ ഞാൻ തോൽക്കാതിരിക്കും.
എന്റെ വീട്ടിൽ ഇലക്‌ഷൻ റിപ്പോർട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. ചെയർമാൻ ഉണ്ട്, എന്റെ ഭാര്യയും മക്കളുമുണ്ട്. ഫലം വന്നുകൊണ്ടിരിക്കുമ്പോൾ എല്ലാവരും വിചാരിച്ചു ഇപ്പോ ജയിക്കുമെന്ന്. കുറച്ചു കഴിഞ്ഞപ്പോൾ എതിർസ്ഥാനാർഥി എന്റെ മുകളിലായി. അപ്പോൾ എനിക്ക് ചെറിയൊരു വിഷമം വന്നു. ഇതുകണ്ട് ചെയർമാൻ എന്നോടുപറഞ്ഞു, പേടിക്കേണ്ട, കയ്പമംഗലം എണ്ണീട്ടില്ല എന്ന്. പക്ഷേ കയ്പമംഗലവും എണ്ണി. ഒന്നു കൂടി ഞാൻ താഴേക്ക് വന്നു.
എന്റെ കാര്യം മാത്രമാണോ ഇങ്ങനെയെന്നറിയാൻ മറ്റുള്ള ആളുകളുടെ സ്ഥലം കൂടി നോക്കി. അപ്പോഴാണ് മനസമാധാനമായത്. തൃശൂര്‍ മുതൽ എല്ലാ സ്ഥലങ്ങളിലും സ്ഥാനാർഥികൾ താഴെ. ഇത് മനുഷ്യന്റെ പൊതു സ്വഭാവമാണ്. തോൽക്കാൻ പോകുകയാണല്ലോ എന്നൊരു വിഷമം എന്നിലുണ്ടായിരുന്നു. എന്നാൽ കുറച്ച് കഴിഞ്ഞപ്പോൾ അത് പതിയെ പതിയെ മാറി, പത്തൊമ്പതുപേരും തോൽക്കാൻ പോകുകയാണല്ലോ എന്നായി മനസ്സിൽ. അങ്ങനെ ഓർത്തപ്പോൾ ഒരു ചെറിയ സന്തോഷം.
അങ്ങനെ ഇരുപത് സീറ്റിൽ പത്തൊമ്പത് എണ്ണവും പോയി. ബാക്കി ഒരു സീറ്റ് ആണ് ഉള്ളത്. ആ സ്ഥാനാർഥി പതുക്കെ കയറി കയറി വരുന്നുണ്ട്. പാർട്ടി എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. അവനും കൂടി തോൽക്കുകയാണെങ്കില്‍ എന്നാണ് ഞാൻ ആ സമയത്ത് വിചാരിച്ചത്. മനുഷ്യന്റെ സ്വഭാവത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞുവരുന്നത്.
ഈ ഇരുപതുപേരിൽ ഞാൻ മാത്രം തോറ്റൂ എന്നു പറഞ്ഞാൽ എന്റെ മാനസികാവസ്ഥ എന്താകും. പുറത്തിറങ്ങി നടക്കാൻ പറ്റുമോ?. നാട്ടുകാർക്കും അതിൽ വിഷമമുണ്ടാകും. ആലപ്പുഴയില്‍ ആരിഫ് മാത്രം എനിക്ക് ചെറിയൊരു ദുഃഖം തന്നു. വളരെ ചെറുതാണ് കേട്ടോ.
അതുപോലെ മറ്റൊരു സംഭവം. ഞാൻ മുമ്പ് ടിവിയിലൊക്കെ പറഞ്ഞിട്ടുള്ളതാണ്. ദേശീയ അവാർഡ് പ്രഖ്യാപിക്കുന്നു. ഞാൻ ടിവിയിൽ നോക്കുകയാണ്. ഇന്ത്യയിലെ ഏറ്റവുംനല്ല നടന്റെ ലിസ്റ്റിൽ അമിതാഭ് ബച്ചൻ, മമ്മൂട്ടി, ഇന്നസെന്റ്. ടിവിയുെട സ്ക്രോളിൽ ഈ മൂന്നുപേരുടെയും പേര് പോകുന്നുണ്ട്. പത്താംനിലയിലെ തീവണ്ടി എന്ന സിനിമയ്ക്കുവേണ്ടിയാണ് എന്നെ തെരഞ്ഞെടുത്തത്. ഒരു റൗണ്ട് കഴിഞ്ഞു, രണ്ട് കഴിഞ്ഞു, മൂന്നാമത്തെ റൗണ്ട് കഴിഞ്ഞപ്പോൾ എന്നെ കാണാനില്ല.
മമ്മൂട്ടിയും അമിതാഭ് ബച്ചനും മാത്രമമായി. ആ സമയത്ത് ഞാൻ മനസ്സിൽ വിചാരിച്ചു, മമ്മൂട്ടിക്ക് കിട്ടരുത്. എന്റെ ഉള്ളിൽ അങ്ങനെ തോന്നി. അവസാനം മമ്മൂട്ടി പുറത്തായി. അമിതാഭ് ബച്ചൻ മാത്രമായി. ആ സമയത്ത് മനസമാധാനം വന്നെങ്കിലും പെട്ടന്നുതന്നെ അത് സങ്കടമായി മാറി. ജ്യേഷ്ഠനായും അച്ഛനായും സുഹൃത്തായുമൊക്കെ ഞാൻ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബകാര്യങ്ങൾ എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ കുടുംബ കാര്യങ്ങള്‍ ഞാൻ പറഞ്ഞിട്ടുണ്ട്. അമ്മ സംഘടനയിൽ വർഷങ്ങളോളം എനിക്കൊപ്പം സെക്രട്ടറിയായി നിന്നിട്ടുണ്ട്. പിന്നെ എന്തിനാണ് ഞാൻ അങ്ങനെ ആലോചിച്ചതെന്ന് മനസ്സിൽ ഓർത്തു. അവസാനം ഉത്തരം കിട്ടി, ഇത്തരം കുശുമ്പും കുന്നായ്‍മയും ഒക്കെ ചേർന്നതാണ് മനുഷ്യൻ- ഇന്നസെന്റ് പറയുന്നു.
വീഡിയോ കടപ്പാട് : ഇരിങ്ങാലക്കുട വോയിസ്
16 കാരിയായ വിദ്യാർഥിനിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. സംഭവത്തിൽ അമ്മയേയും അമ്മയുടെ കാമുകനേയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിന് 19 ദിവസത്തെ പഴക്കമുണ്ട്. ഉപയോഗശൂന്യമായ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലാണ് മൃതദേഹം. നെടുമങ്ങാട് സ്വദേശികളായ മഞ്ജുഷ, അനീഷ് എന്നിവരാണ് പിടിയിലായത്.
പെൺകുട്ടിയെ കാണാനില്ലെന്ന് മുത്തശ്ശിയാണ് പൊലീസിൽ പരാതി നൽകിയത്. ഭർത്താവുമായി അകന്നു കഴിയുന്ന മഞ്ജുഷ, മകളുമായി വാടക വീട്ടിലായിരുന്നു താമസം. ഇവർ താമസിച്ചിരുന്ന വീടിനടുത്താണ് അനീഷ് താമസിച്ചിരുന്നത്. അമ്മയും മകളും തമ്മിൽ വഴക്കുണ്ടായെന്നും തുടർന്ന് മകൾ തൂങ്ങി മരിച്ചെന്നുമാണ് പ്രതികൾ നൽകിയ മൊഴി. പിന്നീട് മൃതദേഹം ബൈക്കിൽ കയറ്റി കിണറ്റിൽ തള്ളുകയായിരുന്നുവെന്നും ഇവർ പൊലീസിനോട് പറഞ്ഞു. പിന്നീട് ഇവർ തമിഴ്നാട്ടിലേക്ക് പോയി.
കുട്ടി ഇവരുടെ കൂടെയുണ്ടായിരിക്കുമെന്നാണ് നാട്ടുകാരും ബന്ധുക്കളും കരുതിയത്. എന്നാൽ ഇവരുടെ കൂടെ മകൾ ഇല്ലെന്ന കാര്യം അറിഞ്ഞതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം കിണറ്റിലാണെന്ന കാര്യം അറിഞ്ഞത്.
തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂരിൽ 16 വയസ്സുകാരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അമ്മയെയും അമ്മയുടെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാമുനൊപ്പം ഒളിച്ചോടിയ വീട്ടമ്മയുടെ മകളുടെ മൃതദേഹമാണ് പൊട്ടകിണറ്റിലെന്നാണ് സംശയം. 42 വയസുളള മദ്ധ്യവയസ്ക 15 കാരിയായ മകളുമായി 26കാരനൊപ്പം കഴിഞ്ഞ ദിവസം ഒളിച്ചോടിയിരുന്നു. വീട്ടമ്മയേയും മകളേയും കാണാനില്ലെന്ന് കാട്ടി ബന്ധുകള്‍ നല്‍കിയ പരാതിയില്‍ ഇവരെ നെടുമങ്ങാട് പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ മകള്‍ ഇവര്‍ക്കൊര്‍പ്പം ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് കാമുകന്‍റെ വീട്ടിലെ കിണറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ച നിലയില്‍ മൃതദേഹം കാണപ്പെട്ടത്.
ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ സ്ത്രീ കുട്ടിയുമായി നെടുമങ്ങാട് പറന്തോട് എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. 15 ദിവസമായി കുട്ടിയെയും അമ്മയെയും കാണാനില്ലായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു.അമ്മയെ പിന്നീട് സംശയാസ്പദമായ സാഹചര്യത്തിൽ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. അമ്മയെയും സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
നെടുമങ്ങാട് കരിപ്പൂര്‍ വില്ലേജ് ഒാഫിസിന് സമീപം ഇടമല പളളിക്ക് സമീപത്ത് രാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത് വെളിച്ചക്കുറവ് ഉളളതിനാല്‍ പോലീസിന് കിണറ്റിലിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. രാവിലെയോടെ ഇന്‍ക്വസ്റ്റ് നടത്തും. പെണ്‍കുട്ടിയുടെ മൃതദേഹം ആണെങ്കില്‍ അമ്മ മഞ്ജുവും കാമുകനേയും പ്രതികളാക്കും
എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. മാര്‍.സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍.ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. വത്തിക്കാന്‍ ഇടപെട്ട് ഇരുവരെയും ചുമതലകളില്‍ നിന്ന് നീക്കിയതായി കഴിഞ്ഞ ദിവസം അതിരൂപതയില്‍ നിന്നുള്ള അറിയിപ്പുണ്ടായിരുന്നു.
ഭൂമി ഇടപാട് വിവാദത്തെ തുടര്‍ന്ന് എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ച മാര്‍ ജേക്കബ് മനത്തോടത്തിനെയും ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. മാര്‍ ജേക്കബ് മനത്തോടത്ത് പാലക്കാട് രൂപത ബിഷപ്പായി തുടരും.
എറണാകുളം-അങ്കമാലി അതിരൂപതയുടെ പൂര്‍ണ ഭരണചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് മാത്രമായിരിക്കും എന്നും വത്തിക്കാനില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. സഹായ മെത്രാന്‍ സ്ഥാനത്തു നിന്ന് മാറ്റിയ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവരുടെ പുതിയ ചുമതലയെ കുറിച്ച് അടുത്ത സിനഡ് തീരുമാനിക്കും.
എറണാകുളം-അങ്കമാലി അതിരൂപതയിലെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട പ്രതിമാസ ബജറ്റും സ്ഥാവരജംഗമ വസ്തുക്കളുടെ നടത്തിപ്പ് സംബന്ധിച്ചുള്ള പ്രധാന രേഖകളും മേജര്‍ ആര്‍ച്ചു ബിഷപ്പ് സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിന് നല്‍കേണ്ടതാണെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന മാര്‍ ജേക്കബ് മനത്തോടത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും പഠിച്ച ശേഷമാണ് വത്തിക്കാന്‍ ഈ തീരുമാനങ്ങളെല്ലാം എടുത്തതെന്ന് ഉത്തരവില്‍ പറയുന്നു.
സിറോ മലബാര്‍ സഭയുടെ അടുത്ത സിനഡ് ചേരുന്ന 2019 ഓഗസ്റ്റ് വരെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണ നിര്‍വഹണത്തില്‍ കര്‍ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ സ്ഥിരം സിനഡിനോടാണ് ആലോചന നടത്തേണ്ടത്. രാജ്യത്ത് നിലവിലുള്ള സിവില്‍ നിയമങ്ങളെ മാനിച്ചുകൊണ്ട് അതിരൂപതയുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ ഇക്കാലയളവില്‍ സ്വീകരിക്കാവുന്നതാണെന്നും വത്തിക്കാൻ പറയുന്നു.