കൊല്ലം കളക്ടറേറ്റില്‍ തിങ്കളാഴ്ച പരാതിക്കാരിയായും വയോധികയും കളക്ടറും തമ്മിലുണ്ടായ യാദൃച്ഛിക കൂടിക്കാഴ്ചയുടെ ചിത്രവും കുറിപ്പും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. സംഭവത്തിന് സാക്ഷിയായ ചാനല്‍ അവതാരകന്‍ ഷൈന്‍കുമാറാണ് ചിത്രവും കുറിപ്പും പോസ്റ്റ് ചെയ്തത്.
കളക്ടറെ കാണാന്‍ എത്തിയ വയോധികയായ സ്ത്രീ പടിക്കെട്ടുകള്‍ കയറി കളക്ടറുടെ ഓഫീസിലേക്ക് നീങ്ങുന്നു. പടി ഇറങ്ങിവന്ന ഒരാള്‍ നിങ്ങളെപ്പോലുള്ള അമ്മമാര്‍ക്ക് കയറാനല്ലേ ഞാന്‍ ലിഫ്റ്റ് വച്ചിരിക്കുന്നതെന്ന് പറഞ്ഞ് വയോധികയുടെ കൈപിടിച്ച് കൂടെക്കൂട്ടി കളക്ടര്‍ ലിഫ്റ്റിലേക്ക് പോകുന്നതാണ് സംഭവം. കളക്ടറെ കാണാന്‍ പോകുന്നു.എന്നിട്ട് കണ്ടോ? ഇല്ല. എന്ന് അമ്മ . എങ്കില്‍ ഞാനാണ് കളക്ടര്‍ . നല്ലവണ്ണം കണ്ടോ എന്ന് പറഞ്ഞാണ് അദ്ദേഹം അവരെ കൈപിടിച്ച് ലിഫ്റ്റിലേക്ക് നീങ്ങിയത്. ഈ ചിത്രം പകര്‍ത്തിയപ്പോള്‍ കളക്ടര്‍ വിലക്കി. അദ്ദേഹത്തിന്റെ വിലക്ക് മറികടന്നാണ് പോസ്റ്റ് ചെയ്യുന്നതെന്നും ഷൈന്‍കുമാര്‍ പറയുന്നു
ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ
സങ്കടങ്ങള്‍ കാണാന്‍ കണ്ണുകളുണ്ടാവണം. ചേര്‍ത്തുപിടിക്കാന്‍ കൈകളും ..അല്പം മുമ്പ് കൊല്ലം കളക്ടറേറ്റില്‍ രണ്ടാം നിലയിലേയ്ക്ക് പടി കയറുമ്പോള്‍ ഒരു ശബ്ദം . നിങ്ങളെപ്പോലുള്ള അമ്മമാര്‍ക്ക് കയറാനല്ലേ ഞാന്‍ ലിഫ്റ്റ് വച്ചിരിക്കുന്നതു്. നോക്കുമ്പോള്‍ കളക്ടര്‍ അബ്ദുള്‍ നാസറാണ്. മുകളിലേക്ക് കയറാന്‍ പാടുപെടുന്ന ഒരമ്മയോട് സംസാരിക്കുകയാണ്. ഞാന്‍ ശ്രദ്ധിച്ചു കളക്ടര്‍ അടുത്ത് ചെന്ന് ആ അമ്മയെ കൈപിടിച്ച് ഇറക്കിക്കൊണ്ടുവരുന്നു താഴെ ലിഫ്റ്റിലേയ്ക്ക്..
എവിടെ പോകുന്നു.? അമ്മയോട് കളക്ടര്‍. കളക്ടറെ കാണാന്‍ പോകുന്നു.എന്നിട്ട് കണ്ടോ? ഇല്ല. എന്ന് അമ്മ . എങ്കില്‍ ഞാനാണ് കളക്ടര്‍ . നല്ലവണ്ണം കണ്ടോ . ആ അമ്മ വിതുമ്പുന്നുണ്ടായിരുന്നു. കരുതി വെച്ചിരുന്ന സങ്കടക്കണ്ണീരത്രയും ആ പടികള്‍ ഏറ്റുവാങ്ങി… പൊതിരെ വിമര്‍ശിക്കുമ്പോഴും ബ്യൂറോക്രസിയിലെ ഈ നന്മകള്‍ കാണാതിരുന്നുകൂടാ. കളക്ടര്‍ ബി.അബ്ദുള്‍ നാസര്‍ ജനാധിപത്യത്തിന്റെ കരുത്താണ്( ഈ ചിത്രം ഞാനെടുത്തപ്പോള്‍ കളക്ടര്‍ വിലക്കി. അതു് മറികടന്ന് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നു )
മഞ്ജു-ശ്രീകുമാര്‍ പ്രശ്‌നത്തില്‍ നൈസായി ഒഴിഞ്ഞ് അമ്മ ഭാരവാഹികള്‍. ഇടപെടാന്‍ പരിമിതിയുണ്ടെന്നാണ് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്. മഞ്ജുവിനെ തൊഴില്‍പരമായി പിന്തുണയ്ക്കുമെന്ന് അമ്മ സംഘടന പറഞ്ഞു.നടി പൊലീസില്‍ നല്‍കിയ പരാതിയില്‍ ഇടപെടാനാകില്ല. ക്രിമിനല്‍ കേസില്‍ ഇടപെടാന്‍ സംഘടനയ്ക്ക് പരിമിതിയുണ്ട്. മഞ്ജു അയച്ച കത്ത് കിട്ടിയെന്നും ഇടവേള ബാബു പറഞ്ഞു. ഇതേ അഭിപ്രായമാണ് ഫെഫ്കയും അറിയിച്ചത്. ഇടപെടാന്‍ പരിമിതിയുണ്ടെന്ന് ഫെഫ്ക അഭിപ്രായപ്പെട്ടു. മഞ്ജുവിന്റെ കത്ത് ലഭിച്ചെങ്കിലും ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാനാകില്ല.
ശ്രീകുമാര്‍ മേനോന്‍ ഫെഫ്ക അംഗമല്ലെന്നും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ഇന്നാണ് ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു ഫെഫ്കയ്ക്ക് കത്ത് നല്‍കിയത്. മൂന്നുവരിയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു കത്ത്.അതേസമയം, സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ മഞ്ജു വാരിയരുടെ പരാതി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി. പൊലീസ് ആസ്ഥാനത്തെ പ്രത്യേക സംഘം പരാതി പരിശോധിക്കുമെന്നും തുടര്‍ നടപടി പ്രാഥമിക അന്വേഷണത്തിന് ശേഷമെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
ലൈംഗിക ഉത്തേജനത്തിന് വേണ്ടി കരടികളെ കൊന്ന് അതിന്റെ വൃഷണം തിന്നുന്ന വ്യക്തി ഒടുവില്‍ പൊലീസ് പിടിയില്‍. മധ്യപ്രദേശ് സ്വദേശിയായ ജസ്രത്ത് യെര്‍ലെന്‍ എന്നയാളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ആറ് വര്‍ഷത്തോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഇയാള്‍ വലയിലായിരിക്കുന്നത്. കടുവ വേട്ടക്കാരന്‍ എന്ന നിലയില്‍ നേരത്തെ തന്നെ ഇയാള്‍ വനം വകുപ്പിന്റെ ഹിറ്റ്‌ലിസ്റ്റിലുണ്ടായിരുന്നു.
കാട്ടില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ കരടികളുടെ വൃഷണം നഷ്ടപ്പെടുന്നു എന്ന് അധികൃതര്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം വരുന്നത്. കരടികളുടെ വൃഷണം കഴിച്ചാല്‍ ലൈംഗീക ഉത്തേജനം ലഭിക്കും എന്നത് മധ്യപ്രദേശിലെ ഗോത്ര വര്‍ഗങ്ങള്‍ക്കിടയിലെ വിശ്വാസമാണ്. വനം വകുപ്പിന്റെ പ്രത്യേക ദൗത്യസേനയാണ് ഇയാളെ കുടുക്കിയത്.
വിചിത്രമായ രീതികളുടെ പേരിലാണ് യെര്‍ലെന്‍ ആദ്യം തന്നെ പ്രത്യേക ദൗത്യ സേനയുടെ ശ്രദ്ധയില്‍പ്പെടുന്നത്. കാന്‍സര്‍, ആസ്തമ, കലശലായ വേദന തുടങ്ങിയവയ്‌ക്കൊക്കെ കരടികളുടെ പിത്താശയവും പിത്തരസവും ഫലപ്രദമാണെന്ന വിശ്വാസവും ചിലയിടങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ഇതുകൊണ്ടുതന്നെ അന്താരാഷ്ട്ര വിപണിയില്‍ കരടികളുടെ ആന്തരികാവയവങ്ങള്‍ക്ക് ആവശ്യക്കാരെറേയാണ്.
ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളുടെ ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേയ്ക്കും ഹരിയാനയിലെ 90 സീറ്റുകളിലേയ്ക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ തുടങ്ങും. മഹാരാഷ്ട്രയിലെ പോളിംഗ് ശതമാനം കഴിഞ്ഞ തവണത്തേക്കാള്‍ ഇത്തവണ കുറഞ്ഞിരുന്നു. 2014ല്‍ 63.13 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ ഇത് 60.46 ആയി കുറഞ്ഞു.
പുറത്തുവന്ന എക്‌സിറ്റ് പോളുകളെല്ലാം ബിജെപിക്ക് അനുകൂലമാണ്. ഹരിയാനയില്‍ ബിജെപിയും കോണ്‍ഗ്രസും ഏതാണ്ട് ഒപ്പത്തിനൊപ്പമായിരിക്കുമെന്നും ആര്‍ക്കും ഭൂരിപക്ഷമില്ലാതെ തൂക്ക് സഭ വരുമെന്നാണ് ഇന്ത്യ ടുഡേയുടെ പ്രവചനം. ഇത് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസം. മറ്റെല്ലാം സര്‍വേകളും പറയുന്നത് ഇരു സംസ്ഥാനങ്ങളിലും വന്‍ ഭൂരിപക്ഷത്തോടെ ബിജെപി, അല്ലെങ്കില്‍ ബിജെപി സഖ്യം ഭരണത്തുടര്‍ച്ച നേടുമെന്നാണ്. ഇരു സംസ്ഥാനങ്ങളിലും പരമാവധി സീറ്റുകൾ നേടുക എന്നത് ബിജെപിയെ സംബന്ധിച്ച് പ്രധാനമാണ്. രാജ്യസഭയിൽ ഭൂരിപക്ഷമില്ലാഞ്ഞിട്ടും പ്രതിപക്ഷ കക്ഷികളുടെ തന്നെ പിന്തുണയോടെ സുപ്രധാനവും വിവാദവുമായ ബില്ലുകൾ പാസാക്കാൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. എന്നാൽ രാജ്യസഭയിൽ കൂടി പ്രതിപക്ഷത്തിൻ്റെ വെല്ലുവിളി പൂർണമായും അവസാനിപ്പിക്കേണ്ടത് ബിജെപിയെ സംബന്ധിച്ച് അനിവാര്യമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായിരുന്നു ബിജെപി – ശിവസേന സഖ്യത്തിൻ്റെ ഏറ്റവും വലിയ താരപ്രചാരകർ. ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളിലും കേന്ദ്രീകരിച്ചു പ്രചാരണം ശക്തമാക്കി. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 പിൻവലിച്ചതും മറ്റുമാണ് പ്രധാന ആയുധമാക്കിയത്. തങ്ങൾ വയ്ക്കുന്ന പ്രചാരണ അജണ്ടയിലേയ്ക്ക് കോൺഗ്രസിനെ കൊണ്ടുവരാൻ ബിജെപിക്ക് ഒരുപരിധി വരെ കഴിഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അടക്കമുള്ള നേതാക്കൾ ആർട്ടിക്കിൾ 370 സംബന്ധിച്ചും വി ഡി സവർക്കറിന് ഭാരത് രത്ന നൽകാനുള്ള തീരുമാനം സംബന്ധിച്ചും കോൺഗ്രസ് നേതൃത്വത്തിൻ്റേതിൽ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത് ശ്രദ്ധേയമായി. ആർട്ടിക്കിൾ 370 താൽക്കാലികമായാണ് ഭരണഘടനയിൽ ഉൾപ്പെടുത്തിയത് എന്നാണ് മൻമോഹൻ സിംഗ് പറഞ്ഞത്. വി ഡി സവർക്കറിനോട് എതിർപ്പില്ലെന്നും അദ്ദേഹത്തിൻ്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം അജണ്ടയാക്കിയുള്ള ബിജെപിയുടെ പ്രവർത്തനങ്ങളോടാണ് കോൺഗ്രസിന് എതിർപ്പെന്നും മൻമോഹൻ സിംഗ് പറഞ്ഞത് വലിയ വിവാദമായി. കർഷക പ്രശ്നം രൂക്ഷമായ മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത് എത്രത്തോളം ബിജെപി നേതൃത്വത്തിലുള് ഭരണസഖ്യങ്ങളെ ബാധിക്കുമെന്ന് പറയാനാകില്ല. ലോക് സഭ തിരഞ്ഞെടുപ്പിൽ ഇരു സംസ്ഥാനങ്ങളിലും വൻ വിജയമാണ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ നേടിയത്.
മഹാരാഷ്ട്രയിൽ വലിയ തോതിലുള്ള വിമത ശല്യമാണ് ബിജെപിയും ശിവസേനയും നേരിട്ട വെല്ലുവിളി. ഇത്തവണ ശക്തമായ മത്സരം കാഴ്ച വയ്ക്കാൻ പോലും കഴിയാത്ത നിലയിലാണ് കോൺഗ്രസും എൻസിപിയുമെന്നും അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിൽ ഒരു രസമില്ലെന്നുമാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രചാരണത്തിനിടെ പറഞ്ഞത്. അതേസമയം വിമതർ വല്ലാതെ കളിച്ചാൽ തിരിച്ചടിയുണ്ടാകുമെന്ന് ഫഡ്നാവിസ് പ്രവർത്തകരോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ബിജെപി – ശിവസേന സഖ്യവുമായി താരതമ്യപ്പെടുത്തിയാൽ കോൺഗ്രസ് – എൻസിപി സഖ്യം ദുർബലമായാണ് വിലയിരുത്തപ്പെടുന്നത്. കോൺഗ്രസിനും എൻസിപിക്കും വിമതശല്യവും കൊഴിഞ്ഞുപോക്കും നേരിടേണ്ടി വന്നിരുന്നു. കോൺഗ്രസിനെ സംബന്ധിച്ച് രാഹുൽ ഗാന്ധി പ്രസിഡൻ്റ് സ്ഥാനം രാജി വച്ചതിനെ തുടർന്ന് സോണിയ ഗാന്ധി വീണ്ടും പ്രസിഡൻ്റ് ആയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പുകളാണ്. മഹാരാഷ്ട്രയിലും ഹരിയാനയിലും വിരലിലെണ്ണാവുന്ന റാലികളിൽ മാത്രം പങ്കെടുത്ത രാഹുൽ ഗാന്ധി പൊതുവെ നിസംഗതയാണ് പ്രചാരണത്തിൽ പ്രകടിപ്പിച്ചത്. രാഹുൽ ഗാന്ധിക്കൊപ്പമുള്ളവരും അതൃപ്തരാണ് ഒപ്പം പ്രധാനമന്ത്രി മോദിയോടുള്ള സമീപനത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുന്ന നേതാക്കളും. ഇത്തരത്തിൽ വലിയ ആശയക്കുഴപ്പത്തിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.
ഹരിയാനയില്‍ 32 മുതല്‍ 44 വരെ സീറ്റ് ബിജെപിക്കും 30 മുതല്‍ 42 വരെ സീറ്റ് കോണ്‍ഗ്രസിനുമാണ് ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ പ്രവചിച്ചിരിക്കുന്നത്. ഐഎന്‍എല്‍ഡി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഓംപ്രകാശ് ചൗട്ടാലയുടെ മകന്‍ അജയ് സിംഗ് ചൗട്ടാലയും കൊച്ചുമകന്‍ ദുഷ്യന്ത് ചൗട്ടാലയും നയിക്കുന്ന ജനനായക് ജനതാ പാര്‍ട്ടി (ജെജപി) ആറ് മുതല്‍ 10 വരെ സീറ്റുകള്‍ നേടിയേക്കാമെന്നും ഇന്ത്യ ടുഡേ പറയുന്നു. അതേസമയം മഹാരാഷ്ട്രയി ബിജെപി – ശിവസേന സഖ്യം 166നും 194നും ഇടയിൽ സീറ്റുകൾ നേടി ഭരണത്തുടർച്ച നേടുമെന്നാണ് ഇന്ത്യ ടുഡേ പ്രവചിച്ചത്.
ടൈംസ് നൗവിന്റേതുള്‍പ്പടെയുള്ള മൂന്ന് സര്‍വേകള്‍ 200ലധികം സീറ്റാണ് മഹാരാഷ്ട്രയില്‍ ബിജെപി – ശിവസേന സഖ്യത്തിന് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് – എന്‍സിപി സഖ്യത്തിന് 75 സീറ്റില്‍ കൂടുതല്‍ ഒരു സര്‍വേയും പ്രവചിക്കുന്നില്ല. ടൈംസ് നൗ, ടിവി മറാത്തി സിസെറോ, സിഎന്‍എന്‍ ന്യൂസ് 18-ഐപിഎസ്ഒഎസ്, ഇന്ത്യ ടുഡേ – ആക്‌സിസ് മൈ ഇന്ത്യ തുടങ്ങിയവയുടെ എക്‌സിറ്റ് പോളുകളാണ് പുറത്തുവന്നത്. ഇതില്‍ ടിവി മറാത്തി, ഇന്ത്യ ടുഡേ സര്‍വേകള്‍ ഒഴികെയുള്ളവയെല്ലാം എന്‍ഡിഎ 200 സീറ്റിന് മുകളില്‍ നേടുമെന്ന് പ്രവചിക്കുന്നു. ടിവി മറാത്തി 197 സീറ്റാണ് ബിജെപി ശിവസേന സഖ്യത്തിന് നല്‍കുന്നത്. കോൺഗ്രസിന് 75ഉം മറ്റുള്ളവര്‍ക്ക് 10ഉം.
മഹാരാഷ്ട്രയില്‍ ബിജെപി – ശിവസേന സഖ്യം 230 സീറ്റുകളിലും കോൺഗ്രസ് – എന്‍സിപി സഖ്യം 48 സീറ്റുകളിലും മറ്റുള്ളവര്‍ 10 സീറ്റുകളിലും ജയിക്കുമെന്ന് ടൈംസ് നൗ പറയുന്നു. ബിജെപി – ശിവസേന സഖ്യത്തിന് 243, കോൺഗ്രസ് – എന്‍സിപി സഖ്യത്തിന് 41, മറ്റുള്ളവര്‍ക്ക് നാല് എന്നാണ് സിഎഎന്‍ ന്യൂസ് 18 പ്രവചനം.
ഹരിയാനയില്‍ ബിജെപി 71 സീറ്റും കോഗ്രസ് 11 സീറ്റും നേടുമ്പോള്‍ ഐഎന്‍എല്‍ഡി – അകാലി ദള്‍ സഖ്യത്തിന് ഒന്നും കിട്ടില്ല. മറ്റ് കക്ഷികൾ എട്ട് സീറ്റ് നേടുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു. ബിജെപി 75-80, കോഗ്രസ് 9-12, ഐഎന്‍എല്‍ഡി – അകാലി ദള്‍ – 0-1, മറ്റുള്ളവര്‍ 1-3 എാണ് ഇന്ത്യ ന്യൂസ് – പോള്‍സ്ട്രാറ്റ് പ്രവചനം. ന്യൂസ് എക്‌സ് പോള്‍സ്ട്രാറ്റ് പറയുന്നത് ബിജെപി 75-80, കോഗ്രസ് 9-12, ഐഎന്‍എല്‍ഡി – അകാലിദള്‍ 0 -1, മറ്റുള്ളവര്‍ 1-3 എന്നിങ്ങനെയാണ്.
ജാമ്യം കിട്ടിയ ഡി കെ ശിവകുമാര്‍ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിഎന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക ക്രമക്കേട് കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് ജയിലിലായ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ ഡല്‍ഹി തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. കര്‍ണാടക മുന്‍ മന്ത്രിയായ ഡി കെ ശിവകുമാറിന് ഇന്നലെ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം നല്‍കിയത്. രാജ്യം വിട്ടുപോകരുതെന്ന് ശിവകുമാറിനോട് കോടതി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണച്ചവര്‍ക്ക് നന്ദി, ഞാന്‍ തിരിച്ചുവന്നിരിക്കു – ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയ്ക്കും ശിവകുമാര്‍ നന്ദി പറഞ്ഞു. എനിക്ക്് കരുത്ത് പകരനായി അവര്‍ ജയിലില്‍ വന്ന് എന്നെ കണ്ടു – ശിവകുമാര്‍ പറഞ്ഞു.
ശിവകുമാറിന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെയോ കേസിനേയോ ബാധിക്കില്ല എന്ന് ജഡ്ജി വിലയിരുത്തിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ തെളിവുകള്‍ അന്വേഷണ ഏജന്‍സിയുടെ പക്കലായതിനാല്‍ ശിവകുമാറിന് തെളിവ് നശിപ്പിക്കാന്‍ സാധ്യമല്ല. സാക്ഷികളെ സ്വാധീനിക്കാന്‍ ശിവകുമാര്‍ ശ്രമിച്ചതിന് തെളിവില്ല എന്നും കോടതി പറഞ്ഞു.
സെപ്റ്റംബറിലാണ് എന്‍ഫോഴ്‌സ്‌മെന്റ്, ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. നികുതി വെട്ടിയ്ക്കുകയും കോടിക്കണക്കിന് രൂപ അനധികൃതമായി ട്രാന്‍സാക്ഷന്‍ നടത്തുകയും ചെയ്ത് പണത്തട്ടിപ്പ് നടത്തി എന്നാണ് ശിവകുമാറിനെതിരായ കേസ്. ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. 2013ല്‍ ഐശ്വര്യയുടെ പേരിലുണ്ടായിരുന്ന ഒരു കോടി രൂപയുടെ സ്വത്ത് 2018ല്‍ എങ്ങനെ 100 കോടിയായി എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദിച്ചത്. മകളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ടുള്ള ശിവകുമാറിന്റെ പണമിടപാടുകളില്‍ കള്ളപ്പണമുണ്ടോ എന്ന് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നു.
2017ല്‍ രാജ്യസഭ തിരഞ്ഞെടുപ്പിനിടെ ഗുജറാത്തിലെ 44 കോണ്‍ഗ്രസ് എംഎല്‍എമാരെ, കൂറ് മാറാതിരിക്കാനായി ബംഗളൂരുവിലെ തന്റെ റിസോര്‍ട്ടില്‍ കൊണ്ടുവന്ന താമസിപ്പിച്ചതോടെയാണ് ശിവകുമാര്‍ വാര്‍ത്താതാരമായത്്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടര്‍ ആയും ക്രൈസിസ് മാനേജര്‍ ആയും ശിവകുമാര്‍ അറിയപ്പെട്ടു. ബിജെപിയുടെ കണ്ണിലെ കരടായി. 2017 ഓഗസ്റ്റില്‍ ശിവകുമാറിന്റെ കേന്ദ്രങ്ങളില്‍ ആദായ നികുതി അധികൃതര്‍ റെയ്ഡ് നടത്തിയിരുന്നു.
രാജി വച്ച്, കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാക്കിയ വിമത പാര്‍ട്ടി എംഎല്‍എമാരെ തിരിച്ചുകൊണ്ടുവരാനായി അവര്‍ താമസിച്ചിരുന്ന മുംബയ് ഹോട്ടലിന് മുന്നിലെത്തിയ ശിവകുമാര്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിശ്വാസവോട്ടി്ല്‍ പരാജയപ്പെട്ട കുമാരസ്വാമി സര്‍ക്കാര്‍ വീഴാതിരിക്കാനുള്ള ശ്രമങ്ങള്‍ അവസാനം വരെ ശിവകുമാര്‍ നടത്തിയിരുന്നു.
ഉപതിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ അന്തരീക്ഷത്തെ മേഘാവൃതമാക്കുമോ തെളിക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി. വ്യാഴാഴ്ച രാവിലെ എട്ടരയോടെ അഞ്ചു മണ്ഡലങ്ങളിലെ ആദ്യ ഫലസൂചനകള്‍ പുറത്തു വരും. പത്തു മണിയോടെ രാഷ്ട്രീയ ചിത്രം വ്യക്തമാകും.
മഴയെത്തുടര്‍ന്നു പോളിങ് ശതമാനം കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് മുന്നണികള്‍. നഗര സ്വഭാവമുള്ള വട്ടിയൂര്‍ക്കാവ്, എറണാകുളം മണ്ഡലങ്ങളിലെ പോളിങ് കുറഞ്ഞതിന്റെ കാരണങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ചര്‍ച്ചയാണ്. പോളിങ് കുറഞ്ഞത് ഇവിടങ്ങളിലെ ഫലത്തെ സ്വാധീനിക്കുമോയെന്ന് ആശങ്കയുണ്ട്. രാഷ്ട്രീയത്തെക്കാള്‍ സമുദായ സമവാക്യങ്ങള്‍ ചര്‍ച്ചയായ തിരഞ്ഞെടുപ്പിലെ അടിയൊഴുക്കുകളെക്കുറിച്ച് പ്രവചിക്കാനാകാത്ത അവസ്ഥയിലാണ് മുന്നണികള്‍.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ റിഹേഴ്സലായതിനാല്‍ മൂന്നു മുന്നണികളും ആകാംക്ഷയോടെയാണ് തിരഞ്ഞെടുപ്പു ഫലം കാത്തിരിക്കുന്നത്. വിധി സൃഷ്ടിക്കുന്ന രാഷ്ട്രീയ ചലനങ്ങള്‍ക്ക് കേരളവും കാതോര്‍ക്കുന്നു. യുഡിഎഫിന് അനുകൂലമായി നിലപാടെടുത്ത എന്‍എസ്എസിന്റെ വാക്കുകള്‍ സമുദായ അംഗങ്ങള്‍ എങ്ങനെ സ്വീകരിച്ചു എന്നതും നാളെയറിയാം.
ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചു സീറ്റുകളില്‍ നാലും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. അരൂര്‍ ഒഴികെയുള്ള നാല് സീറ്റുകള്‍ എന്തുവില കൊടുത്തും അവര്‍ക്ക് നിലനിര്‍ത്തിയേ തീരൂ. മഞ്ചേശ്വരത്തും എറണാകുളത്തും വിജയിക്കാനാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും വിജയം ഉറപ്പെന്ന് അവകാശപ്പെടുമ്പോഴും ആശങ്കകള്‍ ബാക്കിയാണ്. എക്സിറ്റ് പോളുകളുടെ പ്രവചനം അതു വര്‍ധിപ്പിക്കുന്നു.
വട്ടിയൂര്‍ക്കാവില്‍ 5000ത്തിലധികം വോട്ടിന്റെയും കോന്നിയില്‍ 2000 വോട്ടിന്റെയും ഭൂരിപക്ഷം ലഭിക്കുമെന്ന റിപ്പോര്‍ട്ടാണ് പ്രാദേശിക നേതൃത്വം കെപിസിസിക്കു കൈമാറിയതെങ്കിലും ഈ കണക്കുകള്‍ നേതൃത്വം അതേപടി ഉള്‍കൊണ്ടിട്ടില്ല. കോന്നിയില്‍ മുന്‍ എംഎല്‍എ അടൂര്‍ പ്രകാശിന്റെ പിന്തുണ സംബന്ധിച്ച് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമുണ്ട്. ഫലം എതിരാണെങ്കില്‍ അടൂര്‍ പ്രകാശിനു മറുപടി പറയേണ്ടി വരും. കൈവശമുള്ള ഏതെങ്കിലും സീറ്റ് എല്‍ഡിഎഫ് പിടിച്ചാല്‍ അതിന്റെ സമ്മര്‍ദത്തോടെ വരുന്ന തിരഞ്ഞെടുപ്പുകളെ നേരിടേണ്ടി വരും. പാലായില്‍ ജയിച്ച എല്‍ഡിഎഫിന്റെ വിജയത്തിന് മധുരം കൂടും.
അരൂരിനു പുറമേ വട്ടിയൂര്‍ക്കാവും കോന്നിയും വിജയിക്കുമെന്നാണ് എല്‍ഡിഎഫ് നേതൃത്വം പറയുന്നത്. എറണാകുളത്തും മഞ്ചേശ്വത്തും പ്രതീക്ഷ പുലര്‍ത്തുന്നു. യുഡിഎഫിന്റെ കൈവശമുള്ള ഒരു സീറ്റെങ്കിലും പിടിച്ചെടുത്താല്‍ ആത്മവിശ്വാസത്തോടെ തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാം. അരൂര്‍ നിലനിര്‍ത്തുകയും വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്താവുകയും ചെയ്താലും ആശ്വസിക്കാം. തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ശക്തികൂടും.
എറ്റവും സമ്മര്‍ദത്തില്‍ ബിജെപിയാണ്. സംഘടനാപരമായ പോരായ്മയും വോട്ടു ബാങ്കിലെ ചോര്‍ച്ചയും വലിയ തിരിച്ചടിയാകുമെന്നു ഫലം വരുന്നതിനു മുന്‍പു തന്നെ നേതൃത്വത്തിലെ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. മഞ്ചേശ്വരത്തും കോന്നിയിലും വട്ടിയൂര്‍ക്കാവിലുമായിരുന്നു പ്രതീക്ഷ. എന്നാല്‍ ഫലം വരാനൊരുങ്ങുന്ന ഈ ഘട്ടത്തില്‍ പ്രതീക്ഷ മഞ്ചേശ്വരം മാത്രമായി ചുരുങ്ങുന്നു. നേതാക്കളുടെ ശരീര ഭാഷയിലും തിരിച്ചടിയുടെ സൂചനകള്‍ വ്യക്തം. ഒ. രാജഗോപാല്‍ അടക്കമുള്ള നേതാക്കള്‍ സംഘടനാ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. സംഘടനാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ ഉപതിരഞ്ഞെടുപ്പു ഫലം എതിരായാല്‍ അതു പാര്‍ട്ടിയില്‍ പൊട്ടിത്തെറികള്‍ക്ക് കാരണമായേക്കാം. നേതൃമാറ്റമെന്ന പതിവ് ആവശ്യം ഉയരാം.
സമുദായ സംഘടനകള്‍ അടുത്തെങ്ങും കാണാത്ത തരത്തിലുള്ള ഇടപെടല്‍ നടത്തിയ തിരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയത്. സമദൂര നിലപാട് സ്വീകരിച്ചിരുന്ന എന്‍എസ്എസ് ശരിദൂരമെന്ന നിലപാടിലേക്കു മാറിയത് തിരഞ്ഞെടുപ്പിനെ വലിയ രീതിയില്‍ സ്വാധീനിച്ചു. പിന്തുണ യുഡിഎഫിനാണെന്ന് അവര്‍ പറയാതെ പറഞ്ഞു. യുഡിഎഫിന്റെ വിജയം എന്‍എസ്എസിന്റെ അഭിമാന പ്രശ്നമാണ്. യുഡിഎഫിനു തിരിച്ചടി നേരിട്ടാല്‍ അതു എന്‍എസ്എസ് നിലപാടുകള്‍ക്കുള്ള തിരിച്ചടിയായി വ്യാഖ്യാനിക്കപ്പെടാം. എസ്എന്‍ഡിപി ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും അവരുടെ പിന്തുണ ലഭിക്കുമെന്നു എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. എല്‍ഡിഎഫിന് പ്രതീക്ഷിക്കുന്ന വിജയം ലഭിച്ചാല്‍ എസ്എന്‍ഡിപിയുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടും.
സഭാ നേതൃത്വങ്ങളുടെ പിന്തുണ ഏതു മുന്നണിക്കൊപ്പമാണെന്നതും ഉപതിരഞ്ഞെടുപ്പോടെ വ്യക്തമാകും. സമുദായ സംഘടനകളുടെ നിലപാടുകൾ സമുദായാംഗങ്ങൾ സ്വീകരിച്ചോ ഇല്ലയോ എന്നത്, വരുന്ന തിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ സമവാക്യങ്ങളെയും മാറ്റാം.
കാമുകനും ഭർത്താവും പുഴയിൽ വീണ് മരിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. സൂറത്ത് സ്വദേശി ഖുശ്ബു പട്ടേലാണ് ചൊവ്വാഴ്ച പൊലീസ് പിടിയിലായത്. ഖുശ്ബുവിന്റെ ഭർത്താവ് കമൽ (35), കാമുകൻ തുഷാർ പട്ടീൽ (28) എന്നിവരാണ് പുഴയിൽ വീണ് മരിച്ചത്. ഖുശ്ബുവിന്റെ പദ്ധതിപ്രകാരം കമലിനെ കൊല്ലാനെത്തിയതായിരുന്നു തുഷാര്‍. ഇതിനിടിയില്‍ തുഷാറും കമലും തമ്മില്‍ തല്ലുകൂടുകയും ഇരുവരും നിയന്ത്രണംവിട്ട് പുഴയിലേക്ക് വീഴുകയുമായിരുന്നു.
സംഭവം നടന്ന ദിവസം തിങ്കളാഴ്ച രാത്രി ഇലക്ട്രീഷനായ കമലിനോട് വൈരവ് ഗ്രാമത്തിലെത്തി തന്നെയും മകളെയും കൂട്ടികൊണ്ടുപോകാൻ ഖുശ്ബു ആവശ്യപ്പെട്ടു. ഇതുപ്രകാരം വൈരവിലെത്തിയ കമൽ ഖശ്ബുവിനെയും മകളെയും കൂട്ടി വീട്ടിലേക്ക് പുറപ്പെട്ടു. കോസം കാന്താര ഗ്രാമത്തിലുള്ള പുഴയ്ക്ക് സമീപം കമലിനെ എത്തിക്കാനായിരുന്നു ഖുശ്ബുവിന്റെ പദ്ധതി. അങ്ങനെ പുഴയ്ക്ക് സമീപമെത്തിയപ്പോൾ തനിക്ക് കാറ്റുകൊള്ളാൻ തോന്നുന്നുണ്ടെന്നും ബൈക്ക് നിർത്തണമെന്നും ഖുശ്ബു കമലിനോട് ആവശ്യപ്പെട്ടു.
പുഴയ്ക്ക് സമീപം ബൈക്ക് നിർത്തിയ ഉടൻ കുമാറിനെ വഴിയരികിൽ കാത്തുനിന്ന തുഷാർ ആക്രമിക്കുയായിരുന്നു. കമലിനെ പുഴയിലേക്ക് തള്ളിയിടുന്നതിനിടയിലാണ് തുഷാറും പുഴയിലേക്ക് വീണത്. പുഴയിലേക്ക് മറിഞ്ഞുവീഴുന്നതിനിടെ കമൽ തുഷാറിന്റെ ഷർട്ടിൽ കയറിപിടക്കുകയും വലിച്ച് പുഴയിലേക്ക് ഇടുകയുമായിരുന്നു. പുഴയിലേക്ക് വീണ ഇരുവരും പരസ്പരം കൊല്ലാൻ ശ്രമിക്കുന്നതിനിടെ മുങ്ങുകയായിരുന്നുവെന്ന് ജഹാൻഗിപുര പൊലീസ് പറഞ്ഞു. സ്വകാര്യ ബാങ്കിലെ പ്യൂൺ ആണ് തുഷാർ പട്ടീൽ.
മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ചൊവ്വാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹം പൊലീസും അഗ്നിശമനസേനയും ചേർന്ന് പുറത്തെടുത്തത്. കൊലപാതകത്തിന് പദ്ധതിയിട്ടതിനും കമലിനെ സംഭവസ്ഥലത്തെത്തിച്ചതിനുമാണ് ഖുശ്ബുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഒരുവർഷം മുമ്പ് ഒരു സെമിനാറിൽ വച്ചാണ് തുഷാറും ഖുശ്ബവും പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലാകുകയായിരുന്നു. നാല് മാസങ്ങൾക്ക് മുമ്പാണ് തുഷാറുമായുള്ള ബന്ധം കമൽ കണ്ടുപിടിക്കുന്നത്. തനിക്ക് തുഷാറിനൊപ്പം ജീവിക്കണമെന്നും വിവാഹമോചനം വേണമെന്നും ഖുശ്ബു ആവശ്യപ്പെട്ടിരുന്നെങ്കിലും കമൽ അത് നിഷേധിച്ചു. ഇതിന് പിന്നാലെയാണ് കമലിനെ കൊല്ലാൻ ഖുശ്ബുവും തുഷാറും പദ്ധതിയിടുന്നത്.
മുമ്പ് ഇതേ പുഴയിൽവച്ച് കമലിനെ മുക്കിക്കൊല്ലാൻ ഇരുവരും പദ്ധതിയിട്ടിരുന്നു. അത് തുഷാർ എത്താൻ വൈകിയതിനെ തുടർന്ന് പദ്ധതി പാളിപ്പോകുകയായിരുന്നു. എന്നാൽ, രണ്ടാമത്തെ ശ്രമം വിജയിച്ചെങ്കിലും ഖുശ്ബുവിന് ഇരുവരേയും നഷ്ടമായിരിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധഭീഷണി മുഴക്കി പാകിസ്ഥാൻ പോപ്പ് ഗായിക റാബി പിര്‍സാദ വീണ്ടും രംഗത്ത്. പ്രതീകാത്മകമായി സൂയിസൈഡ് ബോംബ് ബെല്‍റ്റ് ധരിച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് മോദിക്കെതിരെ റാബി വധഭീഷണി മുഴക്കിയിരിക്കുന്നത്. ട്വിറ്ററിലൂടെ പങ്കുവച്ച ചിത്രത്തിന്റെ അടിക്കുറിപ്പിൽ പ്രധാനമന്ത്രിയെ ഹിറ്റ്‌ലര്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ‘കശ്മീരി കി ബേട്ടി ‘എന്ന ഹാഷ് ടാഗും ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, റാബിയയുടെ ട്വീറ്റിനെതിരെ വ്യാപക പരിഹാസവും പ്രതിഷേധവുമാണ് ഉയരുന്നത്. പാകിസ്ഥാന്റെ പരമ്പരാഗത വസ്ത്രത്തിൽ കാണാൻ കൊള്ളാം, സൂയിസൈഡ് ബോബ് ബെൽറ്റ് ധരിച്ചുള്ള വസ്ത്രം പാകിസ്ഥാന്റെ ദേശീയ വസ്ത്രമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരിക്കുകയാണ്, സൂയിസൈഡ് ബോബ് ബെൽറ്റ് പൊട്ടുമോ എന്ന് നോക്കാനായി ഒരു ഡമോ കാണിക്കാമോ എന്നിങ്ങനെ നിരവധി പരിഹാസരൂപേണയുള്ള കമന്റുകളാണ് ട്വീറ്റിന് താഴെ വന്നിരിക്കുന്നത്.
പാകിസ്ഥാനിൽ നിന്നുള്ള സോഷ്യൽമീഡിയ ഉപയോക്താക്കളും റാബിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ലാഹോര്‍ സ്വദേശിയായ റാബിയുടെ ഇത്തരം പോസ്റ്റുകൾ ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ പ്രതിച്ഛായ തകരുന്നതിന് കാരണമാകുമെന്നാണ് പാകിസ്ഥാനിൽനിന്നുള്ളവരുടെ പ്രധാന വിമർശനം. പ്രതിഷേധം ശക്തമായതോടെ റാബി ട്വീറ്റ് പിന്‍വലിച്ചു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതില്‍ പ്രതിഷേധിച്ചാണ് റാബി പിര്‍സാദ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സെപ്തംബറിൽ മോദിയെയും ഇന്ത്യന്‍ ജനങ്ങളെയും ഭീഷണിപ്പെടുത്തി സംഗീത വീഡിയോ തയാറാക്കി റാബി രംഗത്തെത്തിയിരുന്നു. മുതലകളുടെയും പാമ്പുകളുടെയും നടുവിലിരുന്ന് ഗാനമാലപിക്കുന്ന വീഡിയോ ആയിരുന്നു റാബി പങ്കുവച്ചിരുന്നത്.
പാമ്പുകളെയും മുതലയെയും മോദിക്ക് സമ്മാനമായി നല്‍കുമെന്നായിരുന്നു അന്ന് റാബിയുടെ ഭീഷണി. എന്നാല്‍, വീഡിയോ വൈറലായതോടെ പെരുമ്പാമ്പ്, മുതല തുടങ്ങിയ വന്യജീവികളെ അനധികൃതമായി കൈവശം വച്ച കുറ്റത്തിന് പിഴയൊടുക്കണമെന്ന് പാകിസ്ഥാനിലെ പഞ്ചാബ് വന്യജീവി വകുപ്പ് റാബിയോട് നിർദ്ദേശിച്ചിരുന്നു.
മഞ്ജു വാരിയരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസ്. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ജില്ലാ കൈംബ്രാഞ്ച് എസിപി സി.ഡി. ശ്രീനിവാസന്‍ അന്വേഷിക്കും. സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി, ഗൂഢഉദ്ദേശ്യത്തോടെ സ്ത്രീയെ പിന്തുടര്‍ന്നു, സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി എന്നിങ്ങനെ മൂന്നു വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം.
ശ്രീകുമാർ മേനോൻ തന്നെയും തന്‍റെ കൂടെ നിൽക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നതായി കാട്ടിയാണ് മഞ്ജു വാര്യർ ഡിജിപി ലോക്നാഥ് ബെഹ്‌റ പരാതി നൽകിയത്. ഒടിയന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാർ മേനോനാണ്. തനിക്കെതിരെ ചിലര്‍ സംഘടിതമായ നീക്കം നടത്തുന്നുവെന്നും മഞ്ജു വാരിയർ പരാതിയിൽ പറയുന്നു. ക്രിമിനൽ കേസായതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നാണ് സിനിമാ സംഘടനകളുടെ നിലപാട്.
തന്നോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ പ്രമുഖ മാധ്യമപ്രവർത്തകനോടൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചാണ് മഞ്ജു വാര്യർ പരാതി നൽകിയത്. ‘നാരദാ ന്യൂസ്’ എന്ന ഓൺലൈൻ മാധ്യമത്തിന്റെ ഉടമ മാത്യു സാമുവലിനെതിരെയും മഞ്ജു പരാതി നൽകിയിട്ടുണ്ട്. മാത്യു സാമുവലിന്റെ മാധ്യമം ഉപയോഗിച്ച് തന്നെ അപകീർത്തിപ്പെടുത്താൻ പദ്ധതിയിട്ടതായും പരാതിയിൽ പറയുന്നുണ്ട്.
ശ്രീകുമാർ മേനോൻ ഗൂഢാലോചന നടത്തുന്നതിന്റെയും മറ്റും ഓഡിയോ ക്ലിപ്പുകളും വീഡിയോ ക്ലിപ്പുകളും അടങ്ങിയ തെളിവുകൾ സഹിതമാണ് മഞ്ജു വാര്യർ പരാതി നൽകിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ശ്രീകുമാർ മേനോന് നിയമപരമായി പ്രതികൂലമാകുന്നതരത്തിലുള്ള നിരവധി തെളിവുകൾ പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് മഞ്ജു വാര്യർ പരാതി നൽകിയത്. പൊലീസ് ആസ്ഥാനത്തെ പ്രത്യേക സംഘം പരാതി പരിശോധിക്കുമെന്നും തുടർ നടപടി പ്രാഥമിക അന്വേഷണത്തിന് ശേഷം സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ വീണ്ടും ഷോണ്‍ ജോര്‍ജ്. ശ്രീകുമാര്‍ മേനോനെതിരെ കഴിഞ്ഞ വര്‍ഷം ഷോണ്‍ പേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഒരു വീഡിയോയാിരുന്നു. ഈ പോസ്റ്റ് വീണ്ടും എടുത്തുപറഞ്ഞു കൊണ്ടാണ് ഷോണ്‍ ജോര്‍ജ് എത്തിയത്. ഇത് ഞാന്‍ ഇന്ന് പറഞ്ഞതല്ല എന്നായിരുന്നു പോസ്റ്റിന്റെ തലകെട്ട്.
ദിലീപിനെ കേസില്‍ കുടുക്കുവാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നടത്തിയ തട്ടിപ്പാണ് രണ്ടാമൂഴം സിനിമയെന്നായിരുന്നു ഷോണ്‍ ജോര്‍ജ് വീഡിയോയിലൂടെ ആരോപിച്ചത്. ശ്രീകുമാര്‍ മേനോനെതിരെ പി.സി. ജോര്‍ജ് മുമ്പ് നടത്തിയ പ്രസ്താവന ശരിവെച്ച് സംസാരിക്കുകയായിരുന്നു ഷോണ്‍. 2018 ഒക്ടോബര്‍ പതിനൊന്നിനായിരുന്നു വീഡിയോ അപ്‌ലോഡ് ചെയ്തത്.
നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് എങ്ങനെ കുടുങ്ങിയെന്ന സത്യം ഇനി പുറത്ത് വരും… എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ അദ്ദേഹം പങ്കുവച്ചത്. ആദ്യം കയ്ക്കും പിന്നെ മധുരിക്കും. നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാകുമ്പോള്‍ പി.സി. ജോര്‍ജ് പറഞ്ഞിരുന്നു, ഇതിന്റെ പുറകില്‍ പ്രമുഖ സംവിധായകനുണ്ട്. ദിലിപീനെതിരെ ഗൂഢാലോചന നടന്നതും ആ സംവിധായകന്റെ നേതൃത്വത്തിലാണ്. അയാള്‍ പുറത്തിറക്കാന്‍ പോകുന്നുവെന്നു പറയപ്പെടുന്ന ബ്രഹ്മാണ്ഡപടം രണ്ടാമൂഴം അതൊരു കള്ളക്കഥയാണ്. അതൊരിക്കലും നടക്കാന്‍ പോകുന്നില്ല.
ദിലീപിനെ കുടുക്കുവാനായി സന്നാഹങ്ങള്‍ ഒരുക്കുവാന്‍ അദ്ദേഹം നടത്തിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴമെന്ന സിനിമയുടെ പ്രഖ്യാപനമെന്ന് പി.സി. ജോര്‍ജ് അന്ന് പറഞ്ഞിരുന്നു. അത് ഇന്ന് എം.ടി സാറും ശരിവെച്ചിരിക്കുകയാണ്. ഈ പ്രോജക്ട് നടക്കില്ലെന്നു മാത്രമല്ല അദ്ദേഹത്തെയും ഈ സംവിധായകന്‍ വഞ്ചിച്ചിരിക്കുന്നു.
ഞാന്‍ പേരുപറയുന്നില്ല. നിങ്ങള്‍ക്കെല്ലാം മനസ്സിലായെന്ന് വിശ്വസിക്കുന്നു. ഇനിയും കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. ദിലീപിനെ കുടുക്കിയതാണെന്ന വാദം ചുമ്മാ പറയുന്നതല്ല, വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണ്. കുടുക്കിയതിനു പിന്നില്‍ ഈ സംവിധായകന്‍ തന്നെയാണെന്ന് യാതൊരു സംശയവുമില്ല. പി.സി ജോര്‍ജ് പറഞ്ഞതെല്ലാം സത്യമാണെന്ന് ബോധ്യപ്പെടുന്ന തെളിവുകള്‍ ഇനിയും പുറത്തുവരുമെന്നും ഷോണ്‍ പറഞ്ഞു.