തോട്ടിലൂടെ ഒരു പാവക്കുട്ടി ഒഴുകിപ്പോകുന്നതായാണു മൂലേശേരിച്ചിറ വീട്ടിൽ ജോയൽ തോമസും പുത്തൻപുരയിൽ എസ്.മാർട്ടിനും ആദ്യം വിചാരിച്ചത്. സൂക്ഷിച്ചു നോക്കിയപ്പോഴാണ് ഒഴുകിമാറുന്നതു തങ്ങളുടെ ആന്റോച്ചനാണെന്നു മനസിലായത്. ഉടൻ വെള്ളത്തിലേക്കുചാടി കുട്ടിയെ കരയ്ക്കു കയറ്റുകയായിരുന്നു.

ബഹളം കേട്ട് ഓടിയെത്തിയ സമീപവാസിയായ കൊടുപ്പുന്നക്കളത്തിൽ റിനിയാണു കുട്ടിയ്ക്കു പ്രഥമ ശുശ്രൂഷ നൽകിയത്. റിനിയുടെ തലയിൽ കമഴ്ത്തിക്കിടത്തി വട്ടംചുറ്റിച്ചതോടെയാണു കുഞ്ഞ് അനങ്ങിയത്. ഇതോടെ റിനിയുടെ ഭർത്താവ് തോമസ് ബൈക്കിൽ മറ്റൊരാളെയും കയറ്റി കുട്ടിയെ ആശുപത്രിയിലെ ത്തിക്കുകയായിരുന്നു.

ദുരിതാശ്വാസ ക്യാംപിൽനിന്നു സാധനങ്ങൾ വാങ്ങി മടങ്ങിയെത്തിയ യുവതി തോട്ടിൽ വീണു മരിച്ചു. ഒഴുകിപ്പോയ ഒന്നേമുക്കാൽ വയസ്സുള്ള മകൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൈനകരി പഞ്ചായത്ത് 14–ാം വാർഡ് മൂലശേരി ലിനോജിന്റെ ഭാര്യ നീതു ജോർജ് (26) ആണ് ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെ വീടിനടുത്തുള്ള തോട്ടിൽ മുങ്ങി മരിച്ചത്. മകൻ ആന്റോച്ചൻ തോട്ടിലൂടെ ഒഴുകുന്നതു കണ്ട് അയൽക്കാർ രക്ഷിക്കുകയായിരുന്നു.

തുടർന്നു നീതുവിനെ തിരഞ്ഞപ്പോഴാണു തോട്ടിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കുഞ്ഞ് അപകടനില തരണം ചെയ്തു.

ദുരിതാശ്വാസ ക്യാംപിൽനിന്നു സാധനങ്ങൾ വാങ്ങി വീട്ടിലെത്തിയ നീതു അയൽവാസിയുടെ റേഷൻ കാർഡ് തിരികെ നൽകാൻ പോയി മടങ്ങവേ കൽക്കെട്ടിൽനിന്നു കാൽ വഴുതി വീണതാകാമെന്നു പൊലീസ് പറയുന്നു.

നീതുവിന്റെ വിയോഗം അയൽക്കാർക്ക് ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല. 11.20നുള്ള ബസിൽ മെഡിക്കൽ കോളജിൽ പോയിരുന്നെങ്കിൽ നീതു തങ്ങളുടെ കൂടെ ഉണ്ടായേനെയെന്ന് അയൽവാസികൾ വിതുമ്പുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന അയൽവാസിയെ കാണാൻപോകാൻ ഒരുങ്ങവെയാണു സഹായം വിതരണം ചെയ്യുന്നതായുള്ള വിവരം അറിഞ്ഞത്. ഇതോടെ സഹായം വാങ്ങിയശേഷം പോകാമെന്നു തീരുമാനിക്കുകയായിരുന്നു. കുട്ടമംഗലം എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നിന്നു സഹായം വാങ്ങി തിരികെ എത്തിയശേഷമാണു വിധി നീതുവിനെ തട്ടിയെടുത്തത്.

മീനപ്പള്ളി പാടശേഖരത്തിന്റെ പുറംബണ്ടിൽ താമസിക്കുന്ന നീതുവിന്റെ കുടുംബം പാടശേഖരം മടവീണതോടെ വീടൊഴിഞ്ഞിരുന്നു. ഒന്നരയാഴ്ച മുൻപാണു തിരികെ എത്തിയത്. 3 വർഷം മുൻപാണ് ആര്യാട് തോട്ടുങ്കൽ വീട്ടിൽ തങ്കച്ചന്റെയും എൽസമ്മയുടെ മകളായ നീതുവിനെ ലിനോജ് വിവാഹം കഴിക്കുന്നത്.

മടവീണെങ്കിലും ഇവിടെ തന്നെ കഴിയാൻ തീരുമാനമെടുത്തെങ്കിലും മകനെ ഓർത്താണു കുടുംബവീട്ടിലേക്കു മാറിയത്. ഭർത്താവിന്റെ അമ്മ ലിസി ഹരിയാനയിലുള്ള മകളുടെ അടുത്തേക്കു പോയതിനാൽ ഭർതൃപിതാവ് അപ്പച്ചൻകുട്ടിയും ലിനോജും നീതുവും മകനുമാണു വീട്ടിലുള്ളത്. ജെസിബി ഓപ്പറേറ്ററായ ലിനോജും കൂലിപ്പണിക്കാരനായ അപ്പച്ചൻകുട്ടിയും ജോലിക്കുപോയാൽ പിന്നെ നീതുവും കുട്ടിയും മാത്രമാണു വീട്ടിലുള്ളത് വീട്ടുജോലിക്കുശേഷം പിഎസ്‌സി പരിശീലനവുമായി കഴിയുകയായിരുന്നു നീതു.