ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ബെഡ്‌ഫോർഡിലുള്ള ബ്രൂണൽ റോഡിലെ ഒരു വ്യവസായ യൂണിറ്റിൽ വ്യാഴാഴ്ച ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. പരിക്കേറ്റ മൂന്ന് പേരെ അടിയന്തിര ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി ബെഡ്‌ഫോർഡ്‌ഷയർ പൊലീസ് അറിയിച്ചു. ഉച്ചകഴിഞ്ഞ് 3.50 ഓടെയാണ് സ്ഫോടനത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ്, അഗ്നിരക്ഷാസേന, ആംബുലൻസ് സംഘങ്ങൾ എന്നിവ സംഭവസ്ഥലത്തെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവസമയത്ത് സമീപപ്രദേശങ്ങളിലുണ്ടായിരുന്നവർ വലിയ സ്ഫോടന ശബ്ദം കേട്ടതായി സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചു. ബോംബ് പൊട്ടിത്തെറിച്ചതുപോലുള്ള ശബ്ദമായിരുന്നു എന്നാണ് ഒരു പ്രദേശവാസി കുറിച്ചത്. സ്ഫോടനത്തിന് പിന്നാലെ അവശിഷ്ടങ്ങൾ താഴേക്ക് വീഴുന്ന ശബ്ദവും കേട്ടതായി മറ്റുചിലർ അഭിപ്രായപ്പെട്ടു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയ പൊലീസ് പൊതുജനങ്ങളെ സ്ഥലത്തുനിന്ന് അകറ്റി നിർത്തുകയും പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തു.

സംഭവത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സാങ്കേതിക പരിശോധനകളും തെളിവെടുപ്പും പൂർത്തിയാക്കിയ ശേഷം അന്വേഷണം ഹെൽത്ത് ആൻഡ് സേഫ്റ്റി എക്‌സിക്യൂട്ടീവിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. മരിച്ചയാളുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിച്ച ശേഷമേ പുറത്തുവിടുകയുള്ളൂ. അതേസമയം, സംഭവത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ അനാവശ്യ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് പൊലീസ് അഭ്യർഥിച്ചു. സുരക്ഷാ മുൻകരുതലായി ഏർപ്പെടുത്തിയിരുന്ന കോർഡൺ പിന്നീട് നീക്കിയതോടെ സംഭവസ്ഥലത്തിന് ചുറ്റുമുള്ള റോഡുകൾ വീണ്ടും തുറന്നു.