ചേർത്തല: താലൂക്ക് ആശുപത്രിയിൽ വയറുവേദനയ്ക്കു ചികിത്സയ്ക്കെത്തി, മരുന്നു കഴിച്ചയാൾ ശരീരമാകെ വ്രണങ്ങൾ നിറഞ്ഞ് ഗുരുതരാവസ്ഥയിൽ. മരുന്നിന്റെ പാർശ്വഫലമാകാമെന്ന് ആശുപത്രി അധികൃതർ. വയലാർ കൂട്ടുങ്കൽ ബിജുവാണ് (40) ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
കഴിഞ്ഞ 1ന് രാത്രി 7.30ന് താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ് ബിജു ചികിത്സ തേടിയത്. മരുന്നു കഴിച്ചതിനു ശേഷം കണ്ണിനു പുകച്ചിലും കാഴ്ചക്കുറവും അനുഭവപ്പെട്ടു. ശരീരത്തിലും വായിലും വ്രണങ്ങളുണ്ടായി. 3ന് വീണ്ടും ആശുപത്രിയിലെത്തി, കിടത്തി ചികിത്സ തുടങ്ങി. രോഗം ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്‌തു.
ദേഹമാസകലം തൊലി പൊളിഞ്ഞു പോകുന്ന അവസ്ഥയാണ് ബിജുവിന്. കുടലിനെയും വൃക്കയെയും കണ്ണിനെയും ബാധിച്ചേക്കാമെന്ന് മെഡിക്കൽ കോളജിലെ ഡോക്ടർമാർ പറഞ്ഞതായി ബിജുവിന്റെ ഭാര്യ അമ്പിളി പറഞ്ഞു. ബിജു കെട്ടിട നിർമാണ തൊഴിലാളിയാണ്. സ്കൂൾ വിദ്യാർഥികളായ രണ്ടു മക്കളുമുണ്ട്. സംഭവം സംബന്ധിച്ചു മന്ത്രി പി.തിലോത്തമനും ചേർത്തല താലൂക്ക് ആശുപത്രി സൂപ്രണ്ടിനും ബിജുവിന്റെ കുടുംബം പരാതി നൽകിയിട്ടുണ്ട്.
വായുകോപത്തിനുള്ള മരുന്നിന്റെ പാർശ്വഫലമാകാം ഇത് എന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നതെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എൻ. അനിൽകുമാർ പറഞ്ഞു. ഡ്യൂട്ടി ഡോക്ടറും ഇക്കാര്യം പറഞ്ഞു. മരുന്നിന് അലർജി ഉണ്ടെന്നു ബിജു ഡോക്ടറോട് പറഞ്ഞതായോ ഡോക്ടർ അക്കാര്യം ചോദിച്ചതായോ ചീട്ടിൽ രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായും സൂപ്രണ്ട് അറിയിച്ചു.മൂന്നു മാസം മുൻപ് പാമ്പ് കടിയേറ്റു ഇവിടെ വന്നയാൾക്ക് ശരിയായ ചികിത്സ ലഭിക്കാത്തതു മൂലം മരിച്ചത് വിവാദമായിരുന്നു
ഇടക്കൊച്ചിയിൽ യുവാവിനെ കാണാതായ സ്ഥലത്തിന് സമീപം രക്തക്കറ കണ്ടെത്തിയത് ആശങ്ക പരത്തി. തോപ്പുംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ കണങ്കാട്ടുകടവ് പാലത്തിന് കീഴെയാണ് മണ്ണിലും ചുവരിലുമായി രക്തം പരന്നത് കണ്ടെത്തിയത്. കാണാതായ ആളുടെ ബൈക്ക് ഇതിന് സമീപത്ത് നിന്ന് കിട്ടുകയും ചെയ്തു.
ഉച്ചയോടെ പരിസരവാസികൾ വിവരമറിയിച്ചാണ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചത്. പാലത്തിന് കീഴെ രക്തം തളംകെട്ടി ഉണങ്ങിയത് കാണാം. ചുവരിൽ രക്തം തെറിച്ച് പടർന്നതിന്റെ തൊട്ടടുത്ത് ഇങ്ങനെ രക്തം പുരണ്ട കൈകൾ കൊണ്ട് പിടിച്ചതിന്റെ അടയാളവും ഉണ്ട്. ഇതിന് തൊട്ടടുത്താണ് കരുവേലിപ്പടിയിൽ നിന്ന് കാണാതായ വിനുരാജിന്റെ ബൈക്ക് കണ്ടെത്തിയത്. നാലു ദിവസം മുൻപാണ് 37കാരനായ വിനുരാജ് വീട്ടിൽ നിന്ന് പോയത്. പൊലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. പാലത്തിന് കീഴിൽ നിന്ന് ബൈക്കും കിട്ടിയതോടെ തൊട്ടടുത്ത് കായലിൽ ഫയർ ഫോഴ്‌സ് സംഘത്തെ എത്തിച്ച് തിരച്ചിൽ നടത്തി. സിറ്റി പൊലീസ് കമ്മിഷണർ അടക്കം ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു. ഫോറൻസിക് സംഘവും എത്തി തെളിവെടുപ്പ് നടത്തി.
പി.ജെ. ജോസഫിനും കോൺഗ്രസിനുമെതിരെ വിമർശനവുമായി കേരള കോൺഗ്രസ് മാസിക പ്രതിച്ഛായ. മുറിവുണങ്ങാത്ത മനസുമായാണ് കെ.എം.മാണി മടങ്ങിയതെന്ന് പ്രതിച്ഛായയില്‍ ലേഖനം . ബാർ കോഴ വിവാദത്തിൽ അന്വേഷണം നീട്ടി കൊണ്ടുപോകാൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചു.
മന്ത്രിസഭയിൽ നിന്ന് ഒരുമിച്ച് രാജി വയ്ക്കാമെന്ന നിർദ്ദേശം മാണി മുന്നോട്ട് വച്ചെങ്കിലും പി.ജെ. ജോസഫ് തയ്യാറായില്ല. പിന്നീട് മാണിക്ക് ഒറ്റക്ക് രാജി വക്കേണ്ടി വന്നെന്നും ലേഖനത്തില്‍ പറയുന്നു. മന്ത്രിസഭയെ പുറത്തു നിന്ന് പിന്തുണക്കാമെന്നും നിർദ്ദേശം വച്ചതിനെ ജോസഫ് എന്തുകൊണ്ട് എതിർത്തുവെന്നത് ദുരൂഹമെന്നും ലേഖനത്തിലുണ്ട്. പത്രാധിപർ കുര്യാസ് കുമ്പളക്കുഴിയുടേതാണ് ലേഖനം.
‘ബാര്‍ കോഴ വിവാദം സത്യവും മിഥ്യയും” എന്ന പുസ്തകത്തിലെ ഒരു അധ്യായമാണു പ്രതിഛായയില്‍ ലേഖനമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ലക്കത്തില്‍ പത്രാധിപര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി എഴുതിയ പ്രധാന ലേഖനത്തിലാണ് പരാമർശം.
രാഷ്ട്രീയരംഗത്തു വളരുന്തോറും മാണിയുടെ എതിര്‍ചേരിയില്‍ ശത്രുക്കളുടെ എണ്ണം പെരുകുകയായിരുന്നു. സഖ്യങ്ങളില്‍ ഏര്‍പ്പെടുമ്പോഴും സഹകരിച്ച് പ്രവര്‍ത്തിക്കുമ്പോഴും നേതാക്കള്‍ അദ്ദേഹത്തെ ഒട്ട് അസൂയയോടും ഭയത്തോടെയുമാണു കണ്ടിരുന്നത്. തരംകിട്ടിയാല്‍ അദ്ദേഹത്തെ തകര്‍ക്കണമെന്നായിരുന്നു അവരില്‍ പലരുടെയും ഉള്ളിലിരിപ്പ്. മാണിയുടെ തന്നെ െശെലി കടമെടുത്താല്‍, ”കെട്ടിപ്പിടിക്കുമ്പോള്‍ കുതികാലില്‍ ചവിട്ടുന്നവര്‍”.
അമ്പതു വര്‍ഷം കാത്തിരുന്നിട്ടാണ് മാണിയുടെ ശത്രുക്കള്‍ക്ക് ഒരു കനകാവസരം െകെവന്നത്, അതായിരുന്നു ബാര്‍ കോഴ വിവാദം. രാഷ്ട്രീയ പ്രതിയോഗികള്‍ ഉറഞ്ഞുതുള്ളി. വാളും കഠാരയുമായി നാലുപാടുനിന്നും പാഞ്ഞടുത്തു. ”ഹാ, ബ്രൂട്ടസേ നീയും” എന്നു ജൂലിയസ് സീസറെപ്പോലെ നിലവിളിക്കാന്‍ മാത്രമാണ് ഈ രാഷ്ട്രീയ ചക്രവര്‍ത്തിക്കു കഴിഞ്ഞതെന്നു ലേഖനത്തില്‍ പറയുന്നു. ബാര്‍ കോഴ വിവാദം പൊട്ടിപ്പുറപ്പെട്ട 2014 ഒക്‌ടോബര്‍ 31-ന് അര്‍ധരാത്രി കെ.എം. മാണിയെന്ന വന്‍ നേതാവിന്റെ കൊടിയിറക്കം ആരംഭിക്കുകയായിരുന്നു.
കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. അതിന്റെ നേതാവിനെ തര്‍ക്കാനുളള ശ്രമം ആദ്യമാണ്. ”ഇടയനെ അടിക്കുക ആടുകള്‍ ചിതറട്ടേ” എന്ന തന്ത്രമാണു പയറ്റുന്നത്. വേണ്ടിവന്നാല്‍ മന്ത്രിസ്ഥാനം രാജിവച്ചു പ്രതികരിക്കണമെന്നും മന്ത്രിസഭയ്ക്ക് പുറത്തുനിന്നു പിന്തുണ നല്‍കണമെന്നുമുള്ള നിര്‍ദേശം കെ.എം. മാണിയെയും കേരളാ കോണ്‍ഗ്രസിനെയും സ്‌നേഹിക്കുന്നവര്‍ മുന്നോട്ടുവച്ചു. അപ്പോള്‍ ”ഔസേപ്പച്ചന്‍ സമ്മതിക്കുമോ” എന്നായിരുന്നു മാണിക്കു സന്ദേഹം. സാര്‍ പറഞ്ഞാല്‍ സമ്മതിക്കുമെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ അതു മാത്രം സംഭവിച്ചില്ല. അതിന്റെ കാരണം ഇപ്പോഴും ദുരൂഹം.
ബാര്‍ കോഴ ആരോപണത്തില്‍ ത്വരിതാന്വേഷണം നടത്തുമെന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. കെ.എം. മാണി അര്‍ധമനസോടെയാണു സമ്മതം മൂളിയത്. 45-ദിവസത്തിനുള്ളില്‍ ത്വരിതാന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാമെന്നാണ് ഉറപ്പ് കിട്ടിയത്. അതില്‍ ഒരു ചതി ഒളിഞ്ഞിരുന്നോ എന്ന് അറിയില്ല. പക്ഷേ കേസന്വേഷണം നീണ്ടുപോയി. ”എന്നെ ജയിലിലടയ്ക്കാനാണാ നീക്കം” എന്നുപോലും ഒരിക്കല്‍ കെ.എം. മാണി പൊട്ടിത്തെറിച്ചുവെന്നും ലേഖനത്തിൽ പറയുന്നു.
ന്യൂഡല്‍ഹി: വ്യോമസേനയുടെ വിമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയത് 128 അനൗദ്യോഗിക യാത്രകള്‍. ഇവയില്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി നടത്തിയ യാത്രകളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മോഡി നടത്തിയ യാത്ര ചെലവിലേക്കായി ഏതാണ്ട് 89 ലക്ഷം രൂപയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യോമസേനയ്ക്ക് നല്‍കിയിരിക്കുന്നത്.
വ്യക്തിപരവും രാഷ്ട്രീയപരവുമായി ആവശ്യങ്ങള്‍ക്കായി ഔദ്യോഗിക സൗകര്യങ്ങള്‍ ഉപയോഗിക്കരുതെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയിരുന്നു. അത്തരം ആവശ്യങ്ങള്‍ക്കായി പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഔദ്യോഗിക സേവനങ്ങള്‍ ഉപയോഗിച്ചാല്‍ സര്‍ക്കാരിലേക്ക് പണം അടയ്ക്കണമെന്നും കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ലംഘനമാണ് മോഡി നടത്തിയിരിക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍ സൂചിപ്പിക്കുന്നത്.
നിലവില്‍ ആഭ്യന്തര യാത്രകള്‍ക്കായി സ്വകാര്യ വിമാന സര്‍വീസുകള്‍ ഈടാക്കുന്നതിന്റെ എത്രയോ മടങ്ങ് കുറവ് തുക മാത്രമാണ് വ്യോമസേന ഈടാക്കുന്നത്. ഇക്കാര്യത്തില്‍ 1999ലെ താരിഫ് നിലയാണ് വ്യോമസേന പിന്തുടരുന്നത്. ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ളവ ചെറിയ ചെലവില്‍ ലഭ്യമാകാനും മോഡിക്ക് ഇതുവഴി സാധിച്ചു. ഉത്തര്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍, ബീഹാര്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ മോഡി പര്യടനം നടത്തിയത് വ്യോമസേനയുടെ ഹെലികോപ്റ്ററിലാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി പണം നല്‍കിയത് പ്രധാനമന്ത്രി ഓഫീസാണ്.
മൃഗശാലയിലെ കുരങ്ങിനെപ്പോലെയാണ് തന്നെ പരിഗണിക്കുന്നതന്ന് അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ക്രിസ്റ്റ്യന്‍ മിഷേല്‍. ക്രിസ്റ്റ്യന്‍ മിഷേലിന്‍റെ പരാതിക്ക് പിന്നാലെ സ്പെഷ്യല്‍ സിബിഐ ജഡ്ജി അരവിന്ദ് കുമാര്‍ തീഹാര്‍ ജയില്‍ ഉദ്യോഗസ്ഥരോട് വെള്ളിയാഴ്ച ഹാജരാകാന്‍ പറഞ്ഞു.
ജയിലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെ 16 കിലോ കുറഞ്ഞെന്നാണ് മിഷേലിന്‍റെ ആരോപണം. യൂറോപ്യന്‍ ഭക്ഷണം ജയിലില്‍ ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചതായും ക്രിസ്റ്റ്യന്‍ മിഷേല്‍ പരാതിയില്‍ പറയുന്നു. കൂടെ താമസിക്കുന്നവര്‍ ജയിലിനുള്ളില്‍ തന്നെ മലമൂത്ര വിസര്‍ജനം നടത്തുകയാണെന്നും തന്നെ അതിന് നിര്‍ബന്ധിക്കുകയാണെന്നും ക്രിസ്റ്റ്യന്‍ മിഷേലിന്‍റെ പരാതിയിലുണ്ട്. കുടുംബത്തോടൊപ്പം ഈസ്റ്റര്‍ ആഘോഷിക്കാന്‍ ഏഴുദിവസത്തെ ജാമ്യം നല്‍കണമെന്ന് അപേക്ഷിച്ചെങ്കിലും കോടതി നിരസിച്ചിരുന്നു.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽ വെളളിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാകും. പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ട് സമൻസ് അയച്ചിരുന്നു. കോടതിയിൽ ഹാജരാകുന്ന ഫ്രാങ്കോ മുളയ്ക്കൽ ജാമ്യം നീട്ടി ലഭിക്കാൻ അപേക്ഷ നൽകിയേക്കും. കുറ്റപത്രത്തിന്‍റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പു നല്‍കിയ ശേഷം കേസ് വിചാരണയ്ക്കായി കോട്ടയം ജില്ലാ കോടതിയിലേക്കു മാറ്റും.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ രൂപതാ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കഴിഞ്ഞ സെപ്റ്റംബർ 21 നാണ് അറസ്റ്റിലാകുന്നത്. വൈക്കം ഡിവൈഎസ്‌പി കെ. സുഭാഷിന്റെ നേതൃത്വത്തിൽ നടത്തിയ 9 മാസത്തെ അന്വേഷണത്തിനൊടുവിൽ കുറ്റപത്രം സമര്‍പ്പിച്ചു. മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം, അധികാരം ദുരുപയോഗം ചെയ്ത് ലൈംഗിക പീഡനം തുടങ്ങി ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന 5 കുറ്റങ്ങളാണ് പ്രതി ഫ്രാങ്കോക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിൽ 5 വർഷം മുതൽ 10 വർഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകളുമുണ്ട്.
പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഉള്ള കേസുകൾ മാത്രമെ മജിസ്ട്രേറ്റ് കോടതിയിൽ പരിഗണിക്കാനാകൂ. അതിനാൽ കുറ്റപത്രത്തിന്‍റെയും അനുബന്ധ രേഖകളുടെയും പകര്‍പ്പു നല്‍കിയ ശേഷം കേസ് വിചാരണയ്ക്കായി കോട്ടയം ജില്ലാ കോടതിയിലേക്കു മാറ്റും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് പുറമേ 4 ബിഷപ്പുമാരും 11 പുരോഹിതരും 25 കന്യാസ്ത്രീകളും രഹസ്യമൊഴി രേഖപ്പെടുത്തിയ 7 മജിസ്‌ട്രേട്ടുമാരും പ്രധാന സാക്ഷികളാണ്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലാണന്ന് വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം രതിന്‍ റോയ്. ഇന്ത്യ അതിവേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന എന്‍ഡിഎ സര്‍ക്കാര്‍ വാദവും മോദിയുടെ സാമ്ബത്തിക ഉപദേഷ്ടാവ് തള്ളി. മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം,ജിഎസ്ടി എന്നിവ സാമ്ബത്തിക പ്രതിസന്ധിയുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നിലവിലെ പോക്ക് ശരിയല്ലെന്ന മോദി ഉപദേശകന്റെ വിമര്‍ശനം.
ബ്രസീല്‍, ദക്ഷിണാഫ്രിക തുടങ്ങിയ രാജ്യങ്ങള്‍ നേരിടുന്ന തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കാണ് രാജ്യം നീങ്ങി കൊണ്ടിരിക്കുന്നത്. കയറ്റുമതി അടിസ്ഥാനമാക്കി ഇന്ത്യന്‍ സബദ്‌വ്യവസ്ഥ നിര്‍ണ്ണയിച്ച് വരുന്നത് 1991ല്‍ നിറുത്തിയതിന് ശേഷം പൗരന്‍മാരുടെ ഉപഭോഗത്തിനെ ആശ്രയിച്ചാണ് സബദ്‌വ്യവസ്ഥ മുന്നേറി കൊണ്ടിരുന്നത്. ഈ സാധ്യതയുടെ പരമാവധിയില്‍ രാജ്യം എത്തി. ഇനി അങ്ങോട്ട് മുരടിപ്പ് നേരിടേണ്ടി വരുമെന്ന് മോദിയുടെ സാമ്ബത്തിക ഉപദേശക സമിതി അംഗം രതിന്‍ റോയ് പറയുന്നു.
ഒരു ഇംഗ്ലീഷ് ചാനലിന് അനുവദിച്ച് അഭിമുഖത്തിലാണ് രാജ്യത്തെ അപകടകരകമായ സാമ്പത്തിക സ്ഥിതിയുടെ പോക്കില്‍ രതിന്‍ റോയ് ആശങ്ക പങ്ക് വച്ചത്. ഘടനാപരമായ മാറ്റം സാമ്ബത്തിക നയത്തില്‍ വന്നില്ലെങ്കില്‍ ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധി ഇന്ത്യ കാണും.നമ്മള്‍ കരുതുന്നതിലും ആഴത്തിലുള്ളതാണ് പ്രതിസന്ധിയെന്നും രതിന്‍ റോയ് വ്യക്തമാക്കി.
അതേസമയം 2030 ആകുമ്പോള്‍ ഇന്ത്യ ലോകത്തിലെ മൂന്ന് വന്‍ശക്തികളെ പിന്തള്ളി ഒന്നാമതാകുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവന നടത്തിയിരുന്നു. സാമ്പത്തിക ശക്തിയുടെ കാര്യത്തില്‍ റഷ്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളെ പിന്നിലാക്കി ഇന്ത്യ കുതിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ ശക്തിപ്പെടുത്തി. 2014ല്‍ പത്ത് രാജ്യങ്ങളുടെ പട്ടികനോക്കിയാല്‍ ഇന്ത്യ ഒന്‍പതാം സ്ഥാനത്തായിരുന്നു. എന്നാല്‍ 2018 ല്‍ ഇന്ത്യ ആറാം സ്ഥാനത്തായി. ഏതാനും മാസങ്ങള്‍ക്ക് ശേഷം ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ: ഐഎൻഎസ് വിരാട് യുദ്ധക്കപ്പലിൽ മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി കുടുംബത്തോടൊപ്പം ഉല്ലാസയാത്ര നടത്തിയിട്ടില്ലെന്നു മുൻ നാവികസേനാ മേധാവി റിട്ട. അഡ്മിറൽ എൽ. രാമദാസ്. യുദ്ധക്കപ്പലിൽ ലക്ഷദ്വീപിലേക്ക് രാജീവ്ഗാന്ധി ഔദ്യോഗിക യാത്രയാണു നടത്തിയതെന്ന് അഡ്മിറൽ(റിട്ട.) രാംദാസ് വ്യക്തമാക്കി. ദ്വീപ് വികസനസമിതി യോഗത്തിൽ അധ്യക്ഷത വഹിക്കാനാണ് രാജീവ്ഗാന്ധി പോയതെന്നും ഐഎൻഎസ് വിരാടിലോ അനുഗമിച്ചിരുന്ന നാല് യുദ്ധക്കപ്പലുകളിലോ ഒരു പാർട്ടിയും നടന്നിട്ടില്ലെന്നും റിട്ട. അഡ്മിറൽ രാംദാസ് പ്രസ്താവനയിൽ പറഞ്ഞു.
കവരത്തിയിൽ ദ്വീപ് വികസന യോഗത്തിൽ പങ്കെടുക്കാനാണു രാജീവ്ഗാന്ധിയും ഭാര്യയും എത്തിയതെന്ന് അന്നത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ വജാഹത് ഹബീബുള്ള പറഞ്ഞു. രണ്ടു ദിവസത്തെ ഔദ്യോഗിക പരിപാടികൾക്കുശേഷം കുടുംബാംഗങ്ങൾക്കും മറ്റ് അതിഥികൾക്കും ഒപ്പം ചേരാൻ ബംഗാരം ദ്വീപിലേക്ക് രാജീവ്ഗാന്ധി പോയെന്നും ഹബീബുള്ള കൂട്ടിച്ചേർത്തു.
1987ൽ രാജീവ്ഗാന്ധിയുടെ ഔദ്യോഗിക സന്ദർശനത്തിനിടെ എല്ലാ പ്രോട്ടോകോളും പാലിച്ചിരുന്നുവെന്ന് വൈസ് അഡ്മിറൽ വിനോദ് പാസ്റിച പറഞ്ഞു. ഐഎൻഎസ് വിരാടിന്റെ ചുമതല വഹിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. തിരുവനന്തപുരത്തുനിന്ന് ലക്ഷദ്വീപിലേക്കു പോയ യുദ്ധക്കപ്പലിൽ വിദേശികളോ മറ്റ് അതിഥികളോ ഉണ്ടായിരുന്നില്ലെന്ന് പാസ്റിച പറഞ്ഞു.
മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍മൂലം വിയന്നയിലേക്ക് തിരിച്ചു വിട്ടു. വിയന്ന വിമാനത്താവളത്തിലിറക്കിയ വിമാനത്തിന് 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് ലണ്ടനിലേക്ക് യാത്ര തുടരാനായത്. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയില്‍ നിന്ന് ഹീത്രു വിമാനത്താവളത്തിലേക്ക് 300 യാത്രക്കാരുമായി തിരിച്ച എയര്‍ ഇന്ത്യ 131 വിമാനത്തിനാണ് യാത്രക്കിടെ എഞ്ചിന്‍ തകരാര്‍ സംഭവിച്ചത്. ഇതേ തുടര്‍ന്ന് വിയന്നയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. എയര്‍ ഇന്ത്യയുടെ സാങ്കേതിക സംഘം വിയന്നയിലെത്തി പ്രശ്‌നം പരിഹരിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച വിമാനം സുരക്ഷിതമായി ലണ്ടനിലെത്തി.
അർത്തുങ്കൽ കടലിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച സുഹൃത്തുക്കളായ രണ്ടു വിദ്യാർത്ഥിനികളിൽ ഒരാളെ കാണാതായി. പുലിമുട്ടിലെ കല്ലിൽ പിടിച്ചുകിടന്ന രണ്ടാമത്തെയാൾ കഷ്ടിച്ചു രക്ഷപ്പെട്ടു. പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്തായിരുന്നു ആത്മഹത്യാശ്രമം. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് മായിത്തറ കളത്തിൽവെളിയിൽ ഉദയകുമാറിന്റെ മകൾ സാന്ദ്രയെയാണ് (17) അർത്തുങ്കൽ ഫിഷ്ലാന്റിംഗ് സെന്ററിൽ തെക്കേ പുലിമുട്ടിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കടലിൽ കാണാതായത്.
ചേർത്തല സ്വദേശിനിയും സഹപാഠിയുമായ കൂട്ടുകാരിയുമൊത്ത് ഇന്നലെ രാവിലെ കലവൂരിലെ ആരാധനാലയത്തിൽ പോയ ശേഷമാണ് ഇരുവരും അർത്തുങ്കൽ കടപ്പുറത്തെത്തിയത്. ഇതിനിടെ പ്ലസ്ടു ഫലം മൊബൈൽ ഫോണിലൂടെ അറിഞ്ഞു. സാന്ദ്ര ഫിസിക്സിനും മാത്തമാറ്റിക്സിനും പരാജയപ്പെട്ടപ്പോൾ കൂട്ടുകാരിക്ക് മൂന്നു വിഷയങ്ങളാണ് നഷ്ടമായത്. കടപ്പുറത്തെത്തിയ ഇരുവരും തീരത്തുകൂടി നടന്ന് പുലിമുട്ടിൽ എത്തിയ ശേഷം മൊബൈൽ ഫോണുകൾ പഴ്സിലാക്കി കല്ലിനിടയിലേക്ക് എറിഞ്ഞു.
തുടർന്ന് കൂട്ടുകാരിയെ ചേർത്തുപിടിച്ച് സാന്ദ്ര കടലിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.സാന്ദ്രയെ പിന്തിരിപ്പിക്കാൻ കൂട്ടുകാരി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സാന്ദ്ര തിരയിൽപ്പെട്ട് മുങ്ങിത്താഴ്ന്നു. പുലിമുട്ടിലെ കല്ലിൽ പിടിച്ച് വളരെ പണിപ്പെട്ട് കരയിലേക്കു തിരിച്ചു കയറി രക്ഷപ്പെട്ട കൂട്ടുകാരിയാണ് വിവരം പ്രദേശവാസികളെ അറിയിക്കുന്നത്.ഉടൻ തന്നെ അർത്തുങ്കൽ പൊലീസും അഗ്നിശമന സേനയും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.
കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ കായംകുളം വലിയഴീക്കലിൽ നിന്നു ഫിഷറീസ് വകുപ്പിന്റെ ബോട്ട് എത്തിച്ച് തിരച്ചിൽ തുടരുകയാണ്. മത്സ്യത്തൊഴിലാളികൾ പൊന്തുവള്ളങ്ങളിൽ എത്തി വലവിരിച്ച് തിരച്ചിൽ നടത്തുന്നത് രാത്രി വൈകിയും തുടർന്നു. ശക്തമായ തിരമാലകളും കാറ്റും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. അർത്തുങ്കൽ പൊലീസ് കേസെടുത്തു.