India

ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാർഥികളായി. തിരുവനന്തപുരത്ത് സി. ദിവാകരനും വയനാട് പിപി. സുനീർ, മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ, തൃശൂർ രാജാജി മാത്യു തോമസ് എന്നിവരാണ് മത്സരിക്കുക.

മത്സരിക്കാനില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. സെക്രട്ടറിയെന്ന നിലയില്‍ തിരഞ്ഞെടുപ്പില്‍ ഭാരിച്ച ഉത്തരവാദിത്തമുണ്ടെന്നു സിപിഐ സംസ്ഥാനനിര്‍വാഹകസമിതിയില്‍ കാനം നിലപാടറിയിച്ചു. തിരുവനന്തപുരം മണ്ഡലത്തിലാണ് കാനത്തിന്റെ പേര് നിര്‍ദേശിച്ചിരുന്നത്. ഇതോടെയാണ് ദിവാകരനു നറുക്ക് വീണത്.

നാലു മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ഥി പാനല്‍ നിശ്ചയിക്കാനാണ് സി.പി.ഐ സംസ്ഥാന നിര്‍വാഹകസമിതി ഇന്നുചേർന്നത്. സംസ്ഥാന നിര്‍വാഹകസമിതി നാലു മണ്ഡലങ്ങളിലേക്കും മൂന്നുപേര്‍ വീതമടങ്ങുന്ന പാനലുകള്‍ തയാറാക്കി. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന ദേശീയ സെക്രട്ടേറിയറ്റും കൗണ്‍സിലുമായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുക.

എന്നാൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ ഇന്ദിര ഭവനിൽ ചേർന്ന കെപിസിസി തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം പേരെടുത്തുള്ള ചർച്ചകളിലേക്ക് കടക്കാതെ പിരിഞ്ഞു. കമ്മിറ്റി അംഗങ്ങളുമായി പ്രത്യേകം ചർച്ച നടത്തി അവരുടെ അഭിപ്രായങ്ങൾ അറിയിക്കാൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തി .

ഡിസിസികൾ നൽകിയ പട്ടിക കൂടി പരിഗണിച്ച് ഈയാഴ്ച അവസാനത്തോടെ സ്ഥാനാർത്ഥി പട്ടിക ഹൈക്കമാൻഡിന് നല്‍കും. സിറ്റിങ് സീറ്റുകളില്‍ നിലവിലുള്ള എംപിമാരുടെ പേരുകള്‍ തന്നെ നല്‍കാനാണ് കെപിസിസി തീരുമാനം. എന്നാല്‍ പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെ പേര് ജില്ലാ നേതൃത്വത്തിന്റെ പട്ടികയില്‍ ഇല്ല. പത്തനംതിട്ട ‍ഡിസിസിക്ക് കെപിസിസിയുടെ വിമര്‍ശനം നേരിടേണ്ടി വന്നു. അനാവശ്യ വിവാദങ്ങളുണ്ടാക്കരുതെന്ന് ഡിസിസിക്ക് നിര്‍ദേശം നൽകി.

എറണാകുളത്ത് കെ.വി.തോമസിന് പകരം പുതിയ പേരുകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ചാലക്കുടിയില്‍ പി.സി.ചാക്കോയുടെ പേര് ഉയര്‍ന്നുവന്നതും വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ മല്‍സരിക്കണമെന്ന അഭിപ്രായം ശക്തമായതും സ്ഥാനാര്‍ഥി നിര്‍ണയചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും.

തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് വി.എം. സുധീരന്‍ വ്യക്തമാക്കി. ഇക്കാര്യം കെ.പി.സി.സി തിരഞ്ഞെടുപ്പ് കമ്മിറ്റിയെ അറിയിച്ചു. തന്റെ പേര് യോഗത്തില്‍ ഉയര്‍ന്നപ്പോഴായിരുന്നു പ്രതികരണം

ഇസ്ലാമാബാദ്: ജെയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹര്‍ ജീവിച്ചിരിപ്പുണ്ടെന്ന് പാക് മാധ്യമങ്ങള്‍. മസൂദ് അസ്ഹറിന്റെ കുടുംബത്തെ ഉദ്ധരിച്ചാണ് പാക് മാധ്യമങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന മസൂദ് അസ്ഹര്‍ മരിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരുന്നില്ല. ഉര്‍ദു ദിനപത്രമായ ജിയോയാണ് മസൂദ് അസ്ഹറിന്റെ കുടുംബത്തെ ഉദ്ധരിച്ച് മരണവാര്‍ത്ത വ്യാജമെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

മൗലാന മസൂദ് അസ്ഹര്‍ രാജ്യത്തുണ്ടെന്നും വിവിധ രോഗങ്ങള്‍ ബാധിച്ച് വീടുവിട്ട് പുറത്തുപോകാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നും പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷി കഴിഞ്ഞ ദിവസം ഒരു ചാനലിന് നല്‍കി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. വൃക്ക രോഗബാധിതനായ മസൂദ് റാവല്‍പിണ്ടിയിലെ ഒരു സൈനിക ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ഇന്ത്യന്‍ സൈന്യവും സ്ഥിരീകരിച്ചിരുന്നു. പിന്നാലെയാണ് മരണ വാര്‍ത്ത പുറത്തുവന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തീവ്രവാദ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധി കേന്ദ്രം മസൂദ് അസദാണെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കണ്ടെത്തല്‍. ഇന്ത്യയിലെ ജയിലില്‍ നിന്നും തീവ്രവാദികള്‍ മോചിപ്പിച്ച ശേഷമാണ് മസൂദ് ജെയ്‌ഷെ മുഹമ്മദ് രൂപീകരിച്ച് പ്രത്യക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കിറുങ്ങത്. 2001ലെ പാര്‍ലമെന്റ് ആക്രമണം, 2008ലെ മുംബൈ ഭീകരാക്രമണം, 2016ലെ പത്താന്‍കോട്ട് ആക്രമണം തുടങ്ങിയവ ആസൂത്രണം ചെയ്തതും മസൂദ് അസറാണ്.

‘ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’ എന്ന സിനിമയുമായി ബന്ധപ്പെട്ട് പ്രസിദ്ധ സിനിമാ താരവും ഡയറക്ടറുമായ ഹരിശ്രീ അശോകന്റെ കാരിക്കേച്ചര്‍ ഉള്‍പെടുത്തി ഒരു പ്രദര്‍ശനം എറണാകുളത്തെ സരിത സിനിമാ തിയേറ്ററില്‍ തുടങ്ങി, കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കരളയും കോമു സണ്‍സും സംയുക്തമായിട്ടാണ് ഈ ഇവന്റ് സംഘടിപ്പിച്ചത്. ഹരിശ്രീ അശോകന്റെ സിനിമയുടെ ആദ്യ പ്രദര്‍ശനത്തിന് തന്നെ മലയാള സിനിമയില്‍ ആദ്യമായി ഒരു ഹാസ്യതാരത്തിന്റെ ഇത് വരെ അഭിനയിച്ച കഥാപാത്രങ്ങയ്യടെ കാരിക്കേച്ചര്‍ ഉള്‍പ്പെടുത്തിയാണ് എക്‌സിബിഷന്‍ നടത്തുന്നത്.

സിനിമയില്‍ അഭിനയിച്ച ഒട്ടുമിക്ക പേരും തീയേറ്ററില്‍ എത്തിയിരുന്നു, ഹരിശ്രീ അശോകന്‍, നടന്‍ ധര്‍മജന്‍, സിനിമയിലെ നായിക, മറ്റ് അഭിനേതാക്കള്‍ സിനിമയുമായി അണിയറ പ്രവര്‍ത്തകരടക്കം നിരവധി പേരുടെ കാരിക്കേച്ചറുകള്‍ സിനിമയുടെ പേരടിച്ച ക്യാന്‍വാസില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ തല്‍സമയം വരച്ചു കൊടുത്തു.

പ്രദര്‍ശങ്ങളുടെ ക്യൂറേറ്റര്‍ ഇബ്രാഹീം ബാദുഷയാണ്, ബഷീര്‍ കിഴിശ്ശേരി, ഹസ്സന്‍ കോട്ടപ്പറമ്പില്‍, ബാദുഷ, പ്രിന്‍സ്, കണ്ണന്‍ചിത്രാലയ, സതീഷ് കാക്കയങ്ങാട്, നിസാര്‍ ,ജോബ്, ജയരാജ് തുടങ്ങിയ കാരിക്കേച്ചറിസ്റ്റുകള്‍ പങ്കെടുത്തു. ആസിഫലി കോമു കോഡിനേറ്റര്‍ ആയിരുന്നു.

ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വ്യോമമേഖലയില്‍ ജാഗ്രത നിര്‍ദേശം. വിമാനത്താവളങ്ങളും വിമാനക്കമ്പനികളും സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടേതാണ് മുന്നറിയിപ്പ്.

എയര്‍പോര്‍ട്ട് കെട്ടിടങ്ങള്‍, വ്യോമത്താവളങ്ങള്‍, ഹെലിപാഡുകള്‍, ഏവിയേഷന്‍ ട്രെയിനിങ് കേന്ദ്രങ്ങള്‍ തുടങ്ങിയവയ്ക്ക് 20 ഇന സുരക്ഷാമാര്‍ഗ്ഗരേഖ നിര്‍ദേശിച്ചു. യാത്രക്കാരുടെ പരിശോധന കര്‍ശനമാക്കുക, ടെര്‍മിനലുകള്‍ക്ക് മുന്നില്‍ പാര്‍ക്കിംഗ് നിരോധിക്കുക, യാത്രാവിമാനങ്ങള്‍ ഒഴികെയുളളവയുടെ പറക്കലിന് നിയന്ത്രണം ഏര്‍പ്പെടുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. മറ്റൊരു നിര്‍ദേശം ഉണ്ടാകുന്നതുവരെ ഇത് തുടരണമെന്നാണ് അറിയിപ്പ്.

കടല്‍ വഴി ആക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറംകടലില്‍ കണ്ടാല്‍ വിവരം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.കടല്‍ വഴിയും ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ആലപ്പുഴ: സിനിമയില്‍ കാണുന്ന പണക്കാരന്‍..ലണ്ടന്‍ മലയാളി.. ജീവിതം ആര്‍ഭാടം. സുഖകരം എന്നീങ്ങനെയുള്ള മോഹന വാഗ്ദാനങ്ങളില്‍ വീണുപോയി സ്ത്രീജനങ്ങള്‍. വിവാഹവാഗ്ദാനം നല്‍കി പീഡനവും 30 ലക്ഷത്തോളം രൂപയുടെ തട്ടിപ്പും നടത്തിയ ആര്‍ട്ടിസ്റ്റ് പിടിയില്‍. കണ്ണൂര്‍ തളിപ്പറമ്പ് പെരുമ്പടവ് കരിപ്പാല്‍ വടക്കേടത്തിട്ടുംകുന്നേല്‍ സൈനോജ് ശിവനെയാണ് (34) നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പില്‍ സൈനോജിന്റെ വീട്ടുകാര്‍ക്കും പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.

സോഷ്യല്‍മീഡിയ വഴിയാണ് സൈനോജ് സ്ത്രീകളുമായി പരിചയം സ്ഥാപിക്കുന്നതെന്നും ഇയാളുടെ പേരില്‍ ഒട്ടേറെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിലവിലുണ്ടെന്നും പോലീസ് കണ്ടെത്തി. ഓയില്‍ പെയിന്റിങ് കലാകാരനായ സൈനോജ് ലണ്ടനിലാണെന്നും സമ്ബന്നനാണെന്നും ധരിപ്പിച്ചാണ് പരാതിക്കാരിയുമായി ബന്ധം സ്ഥാപിച്ചത്. വിവിധ സ്ഥലങ്ങളില്‍ വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്ന സ്ത്രീയുടെ പരാതിയിലാണ് നടപടി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. സൈനോജിന് കാറുകളും സ്വര്‍ണാഭരണങ്ങളും മറ്റും വാങ്ങിക്കൊടുത്തെന്നു പരാതിയില്‍ പറയുന്നു.

ഇന്ത്യന്‍ വിങ് കമാണ്ടര്‍ അഭിനന്ദ് വര്‍ദ്ധമാന്റെ അഭിമാന വാര്‍ത്തകളാണ് എവിടേയും. അതിനിടെ അഭിനന്ദ് പാകിസ്ഥാനെ മാത്രമല്ല അമേരിക്കയേയും വിറപ്പിച്ചുവെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. പാകിസ്താന്റെ എഫ് 16 വിമാനങ്ങളെ പഴഞ്ചന്‍ റഷ്യന്‍ വിമാനമാായ മിഗ് 21 ഉപയോഗിച്ച് ഇന്ത്യയുടെ അഭിനന്ദ് തകര്‍ത്ത് തരിപ്പണമാക്കിയപ്പോള്‍ തകര്‍ന്ന് തരിപ്പണമായത് ലോക പോലീസായ അമേരിക്കയുടെ അഹങ്കാരവും. ആഗോള ഭീകരതക്കെതിരായ പോരാട്ടത്തില്‍ സ്വയം പ്രതിരോധത്തിനായി നല്‍കിയ വിമാനം എന്തിന് ഇന്ത്യക്കെതിരെ ഉപയോഗിച്ചു എന്നതിന് പാക്കിസ്ഥാനോട് അമേരിക്ക വിശദീകരണം ചോദിച്ചു കഴിഞ്ഞു.

മറ്റൊരു രാജ്യത്തിന് എതിരെ ഈ വിമാനം ഉപയോഗിക്കുന്നതിന് അമേരിക്കന്‍ നിയമപ്രകാരം വിലക്കുണ്ട്. ഈ വിലക്ക് ലംഘിച്ചതിനും ലോകത്തിന് മുന്നില്‍ നാണം കെടുത്തിയതിനും പാക്കിസ്ഥാന് എതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്നതാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ നിലപാട്. ഇതു സംബന്ധമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പെന്റഗണ്‍ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. 1980ലാണ് അമേരിക്കയില്‍ നിന്നും പാക്കിസ്ഥാന്‍ എഫ് 16 യുദ്ധ വിമാനങ്ങള്‍ വാങ്ങിയത്. ഇന്ത്യയില്‍ പതിച്ച അംറാം 120 മിസൈല്‍ എഫ് 16 വിമാനത്തില്‍ മാത്രം ഘടിപ്പിക്കാവുന്നതാണ്. ഇതിന്റെ അവശിഷ്ടം അമേരിക്കക്ക് ഇതിനകം തന്നെ ഇന്ത്യ കൈമാറിയിട്ടുണ്ട്. എഫ് 16 വിമാനം ഉപയോഗിച്ചിട്ടില്ലന്ന പാക്കിസ്ഥാന്‍ വാദം പൊളിക്കുന്നതാണ് ഈ തെളിവ്. അഭിനന്ദന്‍ മിഗ് 21 മായി പിന്തുടര്‍ന്ന് വെടിവെച്ചിട്ടപ്പോള്‍ പാക്ക് അധീന കാശ്മീരിലാണ് എഫ് 16 വീണത്.

പാരച്ചൂട്ടില്‍ താഴെ ഇറങ്ങിയ സ്വന്തം വൈമാനികനെ ഇന്ത്യക്കാരനാണെന്ന് തെറ്റി ധരിച്ച് ജനക്കൂട്ടം തല്ലിക്കൊല്ലുകയും ചെയ്തു. അഭിനന്ദനെ പിടികൂടിയപ്പോള്‍ രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് ആദ്യം പാക്കിസ്ഥാന്‍ പറഞ്ഞത് അവരുടെ ഈ യുദ്ധ വിമാനം കൂടി അബദ്ധത്തില്‍ ചേര്‍ത്തായിരുന്നു. എന്നാല്‍ അഭിനന്ദന്‍ വെടിവെച്ചിട്ട എഫ് 16 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും പ്രചരിച്ചതോടെ പാക്ക് കള്ളക്കഥ പൊളിഞ്ഞടങ്ങുകയായിരുന്നു. പാക്ക് പ്രതിരോധത്തിന്റെ കരുത്തെന്ന് അഹങ്കരിച്ച എഫ് 16 വെടിവെച്ചിട്ട ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ണ്ടറെ സൈനിക അകമ്പടിയോടെ നിരുപാധികം വിട്ടു നല്‍കേണ്ട ഗതികേടാണ് പിന്നീട് പാക്കിസ്ഥാനുണ്ടായത്. ഇന്ത്യയെ സംബന്ധിച്ച് അഭിമാനിക്കാന്‍ കഴിയുന്ന നേട്ടമാണിത്. 70കളില്‍ രൂപപ്പെടുത്തിയ തങ്ങളുടെ മിഗ് 21 ഇപ്പോഴും സൂപ്പറാണെന്ന് റഷ്യക്കും ഇനി തല ഉയര്‍ത്തി പറയാം.

ആക്രമണ കരുത്തില്‍ റഷ്യയുടെ മിഗ് 21 ന് മുന്നില്‍ അമേരിക്കയുടെ എഫ് 16 ചാമ്പലായത് ആയുധ വിപണിയില്‍ റഷ്യയെ സംബന്ധിച്ച് പുതിയ പ്രതീക്ഷ നല്‍കുന്നതാണ്. വയസന്‍ യുദ്ധവിമാനം ആയാലും അത് ഇന്ത്യയുടെ കൈകളില്‍ എത്തിയാല്‍ അപകടകാരിയായി മാറുമെന്ന് തെളിയിക്കാന്‍ ഇന്ത്യക്കും കഴിഞ്ഞു. ഇന്ത്യന്‍ വ്യോമസേനയുടെ കരുത്താണ് ഇതിലൂടെ പ്രകടമായിരിക്കുന്നത്. അതേസമയം അഭിനന്ദന്‍ വര്‍ദ്ധമാന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ ഡീബ്രീഫിങ് ഇന്ന് ആരംഭിച്ചേക്കും. പാകിസ്താനില്‍ ശാരീരിക പീഡനം ഉണ്ടായില്ലെന്നും മാനസിക പീഡനമുണ്ടായെന്നും അഭിനന്ദന്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സംഝോത എക്‌സ്പ്രസ്സ് ഇന്ന് സര്‍വീസ് പുനരാരംഭിക്കും.

പാകിസ്ഥാനിലെ 60 മണിക്കൂറുകള്‍ക്ക് ശേഷം ഇന്ത്യയില്‍ എത്തിയ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ സൈനിക ചട്ടങ്ങള്‍ പ്രകാരമുള്ള നടപടി ക്രമങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പാകിസ്ഥാനില്‍ എത്തിയത് എങ്ങനെ, അവിടെ നേരിട്ട ഉപദ്രവങ്ങള്‍ എന്തൊക്കെ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാന്‍ അഭിനന്ദനെ ഉദ്യോഗസ്ഥര്‍ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കും. വ്യോമസേന ഇന്റലിജന്‍സ്, ഐബി, റോ എന്നീ ഏജന്‍സികള്‍ ആണ് വിവരങ്ങള്‍ ശേഖരിക്കുക. പാകിസ്ഥാന്‍ പുറത്തു വിട്ട അഭിനന്ദന്റെ വീഡിയോ ഭീഷണിപ്പെടുത്തിയാണ് ചിത്രീകരിച്ചതെന്ന് വ്യക്തമായാല്‍ ജനീവ കണ്‍വന്‍ഷന്റെ ലംഘനമായി ഉന്നയിക്കാനും ഇന്ത്യ പദ്ധതിയിടുന്നുണ്ട്.

അഭിനന്ദന്‍ വര്‍ദ്ധമാന്‍ പ്രതിരോധ മന്ത്രിയെയും വ്യോമസേനാ മേധാവിയെയും ഇന്നലെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. പാക് സൈനിക ഉദ്യോഗസ്ഥരില്‍നിന്ന് ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും മാനസികമായി വളരെയധികം പീഡിപ്പിച്ചെന്നും അഭിനന്ദന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ വിശദമായ പരിശോധനയ്ക്ക് വിധേയനായ അഭിനന്ദന്റെ ആരോഗ്യ നിലയില്‍ പ്രശ്‌നങ്ങള്‍ ഇല്ല. ആക്രമണത്തില്‍ മുഖത്തും ശരീരത്തിലുമുള്ള പരിക്കുകള്‍ ഭേദമാവുന്നു. അഭിനന്ദനുമായി കുടുംബാംഗങ്ങള്‍ സമയം ചെലവഴിച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നങ്ങളുടെ സാഹചര്യത്തില്‍ നിര്‍ത്തി വെച്ചിരുന്ന സംഝോത എക്‌സ്പ്രസ്സ് ഇന്ന് മുതല്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

പാക്കിസ്ഥാനിൽനിന്നു തനിക്കു മാനസികമായ പീഡനം നേരിടേണ്ടിവന്നതായി വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ. ശാരീരികമായ ആക്രമണങ്ങൾ പാക്കിസ്ഥാനികളിൽനിന്ന് ഉണ്ടായിട്ടില്ലെന്നും അഭിനന്ദൻ പറഞ്ഞതായാണു വിവരമെന്നു ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു

അതേസമയം ഡൽഹിയിൽ ആശുപത്രിയിൽ കഴിയുന്ന അഭിനന്ദൻ വർധമാനെക്കാണാൻ പ്രതിരോധമന്ത്രി നിർ‌മലാ സീതാരാമൻ നേരിട്ടെത്തി. ആശുപത്രിയിലെത്തിയ മന്ത്രി വ്യോമസേന ഉന്നതോദ്യോഗസ്ഥർക്കൊപ്പമാണ് അഭിനന്ദനുമായി കൂടിക്കാഴ്ച നടത്തിയത്. ശനിയാഴ്ച രാവിലെ വ്യോമസേന മേധാവി ബി.എസ്. ധനോവയും അഭിനന്ദനെ കണ്ടിരുന്നു.

പാക്കിസ്ഥാന്റെ കസ്റ്റഡിയിലായതും തുടർന്ന് അവിടെ നടന്ന സംഭവങ്ങളും അഭിനന്ദൻ വ്യോമസേനാ മേധാവിയോടു വിവരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അഭിനന്ദ് വർധമാനെ പാക്കിസ്ഥാൻ ഇന്ത്യയ്ക്കു കൈമാറുന്നത്. തുടർന്നു വിശദമായ പരിശോധനകൾക്കായി അദ്ദേഹത്തെ ഡൽഹിയിലേക്കു കൊണ്ടുപോകുകയായിരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. രണ്ട് സി.ആര്‍.പി.എഫ് ജവാന്മാരും രണ്ട് കാശ്മീരീ പോലീസ് ഉദ്യോഗസ്ഥനും ഒരു പ്രദേശവാസിയുമാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഹന്ദ്വാരയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്ന വീട് സുരക്ഷാസേന വളഞ്ഞതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. എന്നാല്‍ ഭീകരര്‍ ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടതായിട്ടാണ് സൂചന. ഇവര്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം ഹരിന്ദ്വാരയ്ക്ക് സമീപത്ത് വെച്ച് രണ്ട് ഭീകരരെ വധിച്ചിരുന്നു. ഈ പ്രദേശത്തിന് തൊട്ടടുത്താണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. എത്ര ഭീകരരാണ് വീടിനുള്ളിലും പരിസര പ്രദേശങ്ങളിലും ഒളിഞ്ഞിരിക്കുന്നതെന്ന് വ്യക്തമല്ല. മൂന്നിലധികം പേരുണ്ടെന്നാണ് വിവരം. ഞായറാഴ്ച പുലര്‍ച്ചെയോടെ സൈന്യം നടത്തിയ തിരച്ചിലിലാണ് തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തുന്നത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് അഞ്ച് പേര്‍ കൊല്ലപ്പെട്ടത്. അതിര്‍ത്തി പ്രദേശത്ത് സൈന്യം വലിയ ജാഗ്രതയിലാണ്. കഴിഞ്ഞ ദിവസം 18ലധികം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു.

പൂഞ്ചിലെ സലോത്രി, മന്‍കോട്ട്, കൃഷ്ണഗടി, ബാലകോട്ട് എന്നിവിടങ്ങളിലും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം തുടരുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. 60 തവണയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ പാക്‌സ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കഴിഞ്ഞ ദിവസം ഉറിയില്‍ നാല് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ പ്രദേശവാസിക്ക് പരിക്കേറ്റിട്ടുണ്ട്.

വാഷിംഗ്‍ടൺ: ഇന്ത്യൻ അതിർത്തി കടന്ന് പറന്നെത്തിയ പാക് യുദ്ധവിമാനങ്ങൾ എഫ് 16 ആണെന്ന് ഇന്ത്യ തെളിവ് പുറത്തു വിട്ടതോടെ കൂടുതൽ വിവരങ്ങൾ തേടി അമേരിക്ക. അത്യാധുനിക എഫ് 16 വിമാനങ്ങൾ ഉപയോഗിച്ച് അംറാം (AMRAAM) എന്ന മിസൈലാണ് ഇന്ത്യക്ക് നേരെ പാകിസ്ഥാൻ തൊടുത്തത് എന്ന് സേനാമേധാവികൾ തെളിവ് സഹിതം പുറത്തുവിട്ടിരുന്നു.

അമേരിക്കയാണ് പാകിസ്ഥാന് എഫ് 16 വിമാനങ്ങൾ നൽകിയത്. അമേരിക്കൻ നിർമിത വിമാനങ്ങളായ എഫ് 16 ദുരുപയോഗം ചെയ്തതിന് തെളിവ് തേടുമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‍മെന്‍റ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് പാകിസ്ഥാനുമായുള്ള വിമാനക്കരാറിന്‍റെ ലംഘനമാണെന്നാണ് അമേരിക്കയുടെ പ്രാഥമിക നിഗമനം. ഇത് സ്ഥിരീകരിക്കാനാണ് അമേരിക്ക പാകിസ്ഥാനിൽ നിന്ന് കൂടുതൽ വിവരം തേടിയത്.

വിദേശരാജ്യങ്ങൾക്ക് ആയുധങ്ങളും യുദ്ധവിമാനങ്ങളും നൽകുന്ന കരാറിലെ എല്ലാ വ്യവസ്ഥകളും പുറത്തുവിടാനാകില്ലെന്നും എന്നാൽ കരാർ ലംഘനമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അമേരിക്കയ്ക്ക് അവകാശമുണ്ടെന്നും യുഎസ് സ്റ്റേറ്റ് പ്രതിരോധമന്ത്രാലയത്തിന്‍റെ വക്താവ് ലഫ്. ജനറൽ കോൺ ഫോൾക്‍നർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

പാകിസ്ഥാൻ യുദ്ധവിമാനങ്ങളാണ് ഉപയോഗിച്ചതെന്നതിന് കൃത്യമായ തെളിവുകൾ സേനാമേധാവികൾ പുറത്തു വിട്ടിരുന്നു. എഫ് 16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് തൊടുക്കുന്ന അംറാം (AMRAAM) എന്ന മിസൈലാണ് പാകിസ്ഥാൻ ഉപയോഗിച്ചത് എന്ന തെളിവാണ് ഇന്ത്യ പുറത്തു വിട്ടത്. അതിർത്തിയിൽ സംഘർഷമുണ്ടാകുമ്പോൾ, പ്രകോപനപരമായ രീതിയിൽ ഈ വിമാനങ്ങൾ ഉപയോഗിക്കരുതെന്ന് അമേരിക്കയും പാകിസ്ഥാനും തമ്മിലുള്ള കരാറിലുണ്ടെന്നാണ് സൂചന.

അതിർത്തി കടന്നെത്തിയത് എഫ് 16 യുദ്ധവിമാനങ്ങളല്ലെന്നായിരുന്നു പാകിസ്ഥാൻ വ്യക്തമാക്കിയത്. ഇത്തരം പ്രകോപനപരമായ രീതിയിൽ എഫ് 16 വിമാനങ്ങൾ ഉപയോഗിക്കുന്നതിലൂടെ അമേരിക്കയും പാകിസ്ഥാനും തമ്മിലുള്ള കരാർ റദ്ദാകാൻ വരെ സാധ്യതയുണ്ട്.

2016-ലാണ് അമേരിക്ക പാകിസ്ഥാന് എട്ട് എഫ് 16 വിമാനങ്ങൾ കൈമാറിയത്. ഇതിനെ ഇന്ത്യ ശക്തമായി എതിർക്കുകയും ചെയ്തിരുന്നു. ആഗോളതലത്തിൽത്തന്നെ ഏറ്റവും വലിയ ആയുധവിൽപനക്കാരാണ് അമേരിക്ക. കർശനമായ ആയുധക്കരാറുകൾ അടിസ്ഥാനപ്പെടുത്തിയാണ് അമേരിക്ക മറ്റ് ലോകരാജ്യങ്ങൾക്ക് ആയുധങ്ങൾ വിൽക്കുന്നത്.

ആയുധങ്ങൾ ദുരുപയോഗം ചെയ്താൽ ഏകപക്ഷീയമായി കരാറുകൾ റദ്ദാക്കാൻ വരെ അമേരിക്ക തയ്യാറാകും. ആയുധവിൽപനയിലൂടെ കൊയ്യുന്ന കോടികൾ, ഒരു കാരണവശാലും നഷ്ടപ്പെടുത്താൻ അമേരിക്ക തയ്യാറാകില്ല. അതുകൊണ്ടാണ് വിവരങ്ങൾ സ്ഥിരീകരിക്കാനായി അമേരിക്ക പാകിസ്ഥാനിൽ നിന്ന് വിശദാംശങ്ങൾ തേടിയിരിക്കുന്നത്.

‘ആഭ്യന്തരകലാപങ്ങളും തീവ്രവാദപ്രവർത്തനങ്ങളും തടയാനാണ്’ എഫ് 16 വിമാനങ്ങൾ വാങ്ങുന്നതെന്നാണ് പാകിസ്ഥാൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ അയൽരാജ്യത്തേക്ക് കടന്നുകയറി മിസൈൽ വർഷിക്കാൻ ഈ യുദ്ധവിമാനം ഉപയോഗിച്ചതിലൂടെ കുരുക്കിലായിരിക്കുകയാണ് പാകിസ്ഥാൻ

ബിഡിജെഎസ് ഇന്ന് പിളരും. രാഷ്ട്രീയ പാര്‍ട്ടികളുടെ രൂപംകൊള്ളലും പിളര്‍പ്പും പതിവായ കേരള രാഷ്ട്രീയത്തില്‍ ബിഡിജെഎസും രണ്ടാവും. എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ബിഡിജെഎസ് രണ്ടാവുന്ന പ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പിളര്‍പ്പിനെ ശ്രദ്ധയോടെയാണ് രാഷ്ട്രീയ കേരളം വീക്ഷിക്കുന്നത്. എന്‍ഡിഎയുടെ ഘടകകക്ഷിയായി നില്‍ക്കുന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസ് പിളര്‍ന്ന് ബിഡിജെഎസും ബിഡിജെഎസ് ഡെമോക്രാറ്റിക്കും ആവും. ബിഡിജെഎസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ചൂഴാല്‍ നിര്‍മ്മലിന്റെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി. പരസ്പരം സഹായം ചെയ്ത് നില്‍ക്കുന്ന വെള്ളാപ്പള്ളിയും എല്‍ഡിഎഫ് സര്‍ക്കാരും തമ്മിലുള്ള ധാരണയാണ് പുതിയ പാര്‍ട്ടി രൂപം കൊള്ളുന്നതിന് പിന്നിലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുതുതായി രൂപംകൊള്ളുന്ന ബിഡിജെഎസ് ഡെമോക്രാറ്റിക്കിന്റെ ചരട് വെള്ളാപ്പള്ളിയുടെ കൈകളിലായിരിക്കുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ രഹസ്യമായി പങ്കുവയ്ക്കുന്ന വിവരം.

കഴിഞ്ഞയാഴ്ച ചൂഴാല്‍ നിര്‍മ്മലിന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മറ്റി ചേര്‍ന്ന് മോദിയുടെ തുടര്‍ഭരണത്തിനായി ശക്തമായ പ്രചരണ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി പത്രക്കുറിപ്പിറക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിച്ച നിലപാട് മാറ്റത്തിന് പിന്നില്‍ വെള്ളാപ്പള്ളി നടേശന്റെ തന്ത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എസ്എന്‍ഡിപി യോഗം പാറശാല യൂണിയന്‍ സെക്രട്ടറിയും ബിഡിജെഎസ് ജില്ലാ പ്രസിഡന്റുമായ ചൂഴാല്‍ നിര്‍മ്മല്‍ എസ്എന്‍ഡിപി നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് എന്നതാണ് ഈ വിലയിരുത്തിലിന് പിന്നില്‍. ഇതിനിടെ നിര്‍മ്മലിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതാണ് പിളര്‍പ്പിലേക്ക് വഴിവക്കുന്നതെന്ന വാദം ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഇത് ബാലിശമായ വാദം മാത്രമാണെന്ന് മറ്റൊരു കൂട്ടം പ്രവര്‍ത്തകര്‍ പറയുന്നു. കാര്യമായ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലാതെ ഇത്തരമൊരു പിളര്‍പ്പിലേക്ക് പോവുന്ന സാഹചര്യത്തെ സംശയത്തോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കാണുന്നത്. എന്‍ഡിഎയുടെ ഘടകകക്ഷിയായ തങ്ങളെ ബിജെപി വഞ്ചിക്കുകയായിരുന്നു എന്നാണ് നിര്‍മ്മല്‍ അടക്കമുള്ളവരുടെ ആരോപണം. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഈ നിലപാട് മാറ്റം എങ്ങനെയുണ്ടായി എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന ചോദ്യം.

എന്‍ഡിഎ വിടാതെ തന്നെ എല്‍ഡിഎഫിനൊപ്പം നില്‍ക്കാനുള്ള വെള്ളാപ്പള്ളിയുടേയും തുഷാര്‍ വെള്ളാപ്പള്ളിയുടേയും തന്ത്രമാണ് ഈ പിളര്‍പ്പെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. വിയോജിപ്പുകള്‍ ധാരാളമുണ്ടായെങ്കിലും എന്‍ഡിഎയില്‍ തുടരാനാണ് തുഷാര്‍ വെള്ളാപ്പള്ളി തീരുമാനിച്ചത്. ശബരിമല യുവതീ പ്രവേശന വിഷയം ഉയര്‍ത്തി എന്‍ഡിഎ നടത്തിയ രഥയാത്ര മുന്നില്‍ നിന്ന് നയിച്ചതും തുഷാര്‍ വെള്ളാപ്പള്ളിയാണ്. തുഷാര്‍ മത്സരിച്ചാല്‍ ആലപ്പുഴ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും താന്‍ മത്സരത്തിനില്ലെന്ന് തുഷാര്‍ തീരുമാനിക്കുകയായിരുന്നു. വൈകിയാണെങ്കിലും ബിഡിജെഎസിനോടുണ്ടായിരുന്ന രണ്ടാംകിട സമീപനം ബിജെപി മാറ്റിയതില്‍ പ്രവര്‍ത്തകരും സംതൃപ്തരാണ്. ഏത് സമയവും സെന്‍ട്രല്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പിടി വീഴാന്‍ സാധ്യതയുള്ളതിനാല്‍ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും എന്‍ഡിഎയുമായി ഒന്നിച്ച് പോവുക എന്ന സമീപനമാണ് തുഷാര്‍ വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്ന വിമര്‍ശനം ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുമുണ്ട്. ഇതിനിടെയാണ് നിര്‍മ്മലിന്റെ നേതൃത്വത്തില്‍ പുതിയൊരു പാര്‍ട്ടി രൂപം കൊള്ളുന്നത്. എട്ട് ജില്ലകളില്‍ നിന്നുള്ള ബിഡിജെഎസ് ഭാരവാഹികള്‍ പുതിയ പാര്‍ട്ടിയിലേക്കെത്തുമന്നാണ് നിര്‍മ്മലിന്റെയും കൂട്ടരുടേയും അവകാശവാദം.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ആചാരലംഘനത്തിന് എതിരായിരുന്നെങ്കിലും സര്‍ക്കാര്‍ അനുകൂല നിലപാടാണ് വെള്ളാപ്പള്ളി ആദ്യം മുതല്‍ സ്വീകരിച്ചത്. സര്‍ക്കാരിനെ വിമര്‍ശിക്കുകയോ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയോ ചെയ്യാതെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവനകളും പ്രതികരണങ്ങളും. പിന്നീട് നവോഥാന സംഘടനകളുടെ യോഗം മുഖ്യമന്ത്രി മുന്‍കയ്യെടുത്ത് സംഘടിപ്പിച്ചപ്പോഴും മുന്‍നിരയില്‍ നിന്നത് വെള്ളാപ്പള്ളിയായിരുന്നു. നവോഥാന സംരക്ഷണ സമിതി ചെയര്‍മാനായി വെള്ളാപ്പള്ളിയെ യോഗം തീരുമാനിച്ചു. വനിതാ മതില്‍ സംഘടിപ്പിച്ചതുള്‍പ്പെടെ സര്‍ക്കാരിനെ പ്രതിസന്ധിഘട്ടത്തില്‍ സഹായിച്ച വെള്ളാപ്പള്ളിക്ക് സര്‍ക്കാര്‍ തിരിച്ചും സഹായങ്ങള്‍ നല്‍കി. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിനായി അനുവദിച്ച നാല് കോടി രൂപ വെള്ളാപ്പള്ളിക്ക് സര്‍ക്കാര്‍ നല്‍കിയ പ്രത്യുപകാരമായാണ് കണക്കാക്കപ്പെട്ടത്. ക്ഷേത്രത്തിലെ ബഹുനിലക്കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് മുഖ്യമന്ത്രി നേരിട്ടെത്തി. വെള്ളാപ്പള്ളിയുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അന്ന് മടങ്ങിയത്.

ഇതിന് പിന്നാലെയാണ് ബിഡിജെഎസ് പിളര്‍പ്പ് തീരുമാനം വരുന്നത്. ഈഴവ വോട്ടുകള്‍ ബിഡിജെഎസ് വഴി എന്‍ഡിഎയിലേക്ക് പോവാതെ പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ പാര്‍ട്ടി രൂപീകരണം എന്ന സൂചനയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. എന്‍എസ്എസ് ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സമുദായ വോട്ടുകള്‍ എല്‍ഡിഎഫിന് പ്രധാനമാണ്. ബിഡിജെഎസ് ഡെമോക്രാറ്റിക് എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന സൂചനയാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

RECENT POSTS
Copyright © . All rights reserved