കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തനിക്ക് വെല്ലുവിളിയല്ലെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ഡി.ജെ.എസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളി. മണ്ഡലത്തില്‍ നാളെ മുതല്‍ സജീവ പ്രചാരണം ആരംഭിക്കാനിരിക്കുകയാണ് ബി.ജെ.പി. മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ് ബി.ജെ.പിയും ഘടകകക്ഷികളുമെങ്കിലും വോട്ട് ശതമാനത്തില്‍ ഏറെ പിന്നിലാണ്. 2009ല്‍ വെറും 3.89 ശതമാനം വോട്ടാണ് ഇവിടെ ബി.ജെ.പിക്ക് ലഭിച്ചത്. തുഷാര്‍ വെള്ളാപ്പള്ളി ശക്തനായ സ്ഥാനാര്‍ത്ഥിയാണെന്ന് ബി.ജെ.പി അവകാശപ്പെടുന്നുണ്ടെങ്കിലും വയനാട്ടില്‍ ദയനീയ പരാജയമേറ്റുവാങ്ങുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി വെല്ലുവിളിയാകുമെന്ന് കരുതുന്നില്ല. വയനാട്ടില്‍ ഇത്തവണ തെരഞ്ഞെടുപ്പ് വിഷയം വികസനമില്ലായ്മ ആയിരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറയുന്നു. നേരത്തെ തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന തുഷാര്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമെന്ന് വ്യക്തമായതോടെ മണ്ഡലം മാറ്റുകയായിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ടാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നത്. തുഷാര്‍ വെള്ളിപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കിയത് ബി.ജെ.പിക്ക് പരാജയം ഭയം മൂലമാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ നേതാവിനെ ബി.ജെ.പി ഇറക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അതേസമയം തൃശൂര്‍ സീറ്റില്‍ നിന്ന് തുഷാര്‍ വെള്ളാപ്പള്ളി മാറുന്നത് ശുഭകരമല്ലെന്ന് ബി.ഡി.ജെ.എസ് നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. തുഷാറിന്റെ അഭാവത്തില്‍ തൃശൂരില്‍ ബിഡിജെഎസ് വനിതാ നേതാവ് സംഗീത മത്സരിക്കുമെന്നാണ് സൂചന. അതേസമയം സീറ്റ് ബി.ജെ.പി ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുഷാര്‍ വെള്ളാപ്പള്ളിയുടെ അവകാശവാദങ്ങളെ കളിയാക്കി സോഷ്യല്‍ മീഡിയയും രംഗത്ത് വന്നിട്ടുണ്ട്.