ബാലഭാസ്കറിന്റെ കാറിൽ നിന്ന് കണ്ടെടുത്ത സ്വർണത്തിന്റെ ഉറവിടം അന്വേഷിക്കുന്നു. അപകടത്തിൽപ്പെട്ട ബാലഭാസ്കറിന്റെ കാറിൽ നിന്ന് കണ്ടെടുത്തത് നാൽപതോളം പവൻ സ്വര്‍ണവും രണ്ട് ലക്ഷത്തിലേറെ രൂപയും .
പൊലീസ് കണ്ടെടുത്ത സ്വര്‍ണാഭരണങ്ങളുടെയും പണത്തിന്റെയും ദൃശ്യം മനോരമ ന്യൂസിന് ലഭിച്ചു. ക്ഷേത്രദർശനം കഴിഞ്ഞുള്ള യാത്രയിൽ ഇത്രയുമധികം സ്വർണവും പണവും കണ്ടതിലാണ് സംശയം.വീട്ടിലുള്ള ആഭരണങ്ങളെന്ന് കുടുംബം മൊഴി നൽകിയിരുന്നു.
വിമാനത്താവളത്തിലൂടെയുള്ള സ്വർണക്കടത്ത് കേസിൽ കാക്കനാട് ജയിലിൽ റിമാൻഡിൽ കഴിയുന്ന ബാലഭാസ്കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററും സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായ പ്രകാശന്‍ തമ്പിയുടെ ഇടപെടല്‍ മരണത്തില്‍ ദുരൂഹതയുണര്‍ത്തുന്നൂവെന്നാണ് പിതാവ് അടക്കമുള്ളവര്‍ പരാതി ഉയർത്തിയിരുന്നു. ഇതോടെയാണ് സജീവ അന്വേഷണം ആരംഭിച്ചത്. രണ്ടു ബാഗുകളില്‍നിന്നാണ് കാറിൽ നിന്നും ആഭരണങ്ങളും പണവും കണ്ടെടുത്തത്.ലോക്കറ്റ്, മാല, വള, സ്വര്‍ണനാണയം, മോതിരം എന്നിവയ്ക്കു പുറമേ താക്കോലുകളും ഒരു ബാഗുകളിലുണ്ടായിരുന്നു.
രണ്ടു ലക്ഷത്തോളം രൂപയും കാറിൽ നിന്നും കണ്ടെടുത്തിരുന്നു.
ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെടുമ്പോൾ വാഹനം ഓടിച്ചത് അർജുൻ ആയിരുന്നെന്നാണ് പ്രകാശൻ തമ്പിയുടെ മൊഴി. പരുക്കേറ്റ് ആശുപത്രിയിലായിരിക്കുമ്പോൾ അര്‍ജുന്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നും പറഞ്ഞു. മൊഴിമാറ്റിയത് എന്തിനെന്ന് ചോദിച്ചെങ്കിലും പറഞ്ഞില്ല. മൂന്നുമാസത്തിലേറെയായി അര്‍ജുനുമായി ബന്ധമില്ലെന്നും പ്രകാശന്‍ തമ്പി പൊലീസിനോട് പറഞ്ഞു. അപകടത്തിന് മുന്‍പ് ബാലഭാസ്കര്‍ കയറിയ ജ്യൂസ് കടയില്‍നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും പ്രകാശന്‍ തമ്പി സമ്മതിച്ചു.
അപകടസമയത്ത് വാഹനമോടിച്ചത് ആരാണെന്ന് അറിയാനായിരുന്നു ദൃശ്യങ്ങള്‍. പാലക്കാട്ടെ ആയുര്‍വേദ ഡോക്ടറാണ് അപകടവിവരം വിളിച്ചറിയിച്ചത്. ആശുപത്രിയില്‍ ആദ്യം എത്തിയത് താനും ഡോക്ടറുടെ മകന്‍ ജിഷ്ണുവുമാണ്. പാലക്കാട്ടെ കുടുംബവുമായി ബാലഭാസ്കറിന് സാമ്പത്തികബന്ധം ഉണ്ടെന്നും പ്രകാശന്‍ മൊഴി നൽകി. കാക്കനാട് ജയിലില്‍ പ്രകാശന്‍ തമ്പിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.
സ്വർണക്കടത്ത് കേസിൽ ബാലുവിന്റെ സുഹൃത്തുക്കൾ പിടിയിലായതോടെയാണ് കേസിന് വഴിത്തിരിവുണ്ടാകുന്നത്. മകൻ അറിയപ്പെടുന്ന വലിയ സംഗീതജ്ഞനായി വളർന്നു കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മരണം എത്തുന്നത. കുടുംബത്തിനു താങ്ങും തണലുമാകുമെന്നു പ്രതീക്ഷിച്ച മകന്റെ വിയോഗം കുടുംബത്തെ വല്ലാതെ തളർത്തി. രോഗിയായ സഹോദരിയുടെ കാര്യം പോലും അവഗണിച്ചായിരുന്നു ബാലഭാസ്കർ വിവാഹത്തിലേക്ക് എടുത്തുചാടിയെന്ന് കുടുംബം പറയുന്നു. ഇതോടെ ബാലഭാസ്കർ മാതാപിതാക്കളുമായി അകന്നു. വിവാഹം നടത്തിക്കൊടുക്കാൻ മുന്നിട്ടുനിന്ന കൂട്ടൂകാർ മാത്രമായി പിന്നെ താങ്ങും തണലും.
പാലക്കാട്ടെ ഡോക്ടറുടെ കുടുംബവുമായിട്ടായിരുന്നു ബാലഭാസ്കറിന് ഏറ്റവുമടുത്ത സൗഹൃദം. ചികിൽസയ്ക്കായിട്ടായിരുന്നു അവിടേക്കുള്ള ആദ്യ യാത്ര. പിന്നെ അവർ അടുത്ത സുഹൃത്തുക്കളായി. ബാലഭാസ്കർ വിദേശത്തു സംഗീതപരിപാടിക്കായി പോകുമ്പോൾ ഭാര്യ ലക്ഷ്മി, ഡോക്ടറുടെ കുടുംബത്തിനൊപ്പമാണു താമസിച്ചിരുന്നത്. ഡ്രൈവറായി അർജുൻ എത്തിപ്പെടുന്നതും ഇൗ കുടുംബത്തിൽ നിന്നാണ്.അച്ഛനുമായി നല്ല ബന്ധമുണ്ടായിരുന്നെങ്കിലും അമ്മയുമായി ബാലഭാസ്കർ അത്ര അടുത്തിരുന്നില്ല. എന്നാൽ, അപകടത്തിൽ മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കു മുൻപു ബാലഭാസ്കർ അച്ഛന്റെയും അമ്മയുടെയും അടുക്കല്‍ മടങ്ങിയെത്തി. ഇരുകുടുംബങ്ങളും തമ്മിൽ രമ്യതയിലായി. ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ ഒരു വശത്തും കുടുംബം മറുവശത്തും നിന്നു നടത്തുന്ന പോരാട്ടമാണോ ആരോപണങ്ങൾക്കു പിന്നിലെന്നു ചോദിക്കുന്നവരുമുണ്ട്. ഉത്തരം കിട്ടണമെങ്കിൽ അന്വേഷണം പൂർത്തിയാകണം. അതുവരെ ഇതെല്ലാം വേദനയോടെ കണ്ടുനിൽക്കാൻ മാത്രമാണ് ലക്ഷ്മിയുടെ വിധി എന്നതും മലയാളിയെ വല്ലാതെ വേദനിപ്പിക്കുന്നു.
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള വഴിപാടുകൾ പൂർത്തിയാക്കി ബാലഭാസ്കർ ഭാര്യ ലക്ഷ്മിയും മകൾ തേജസ്വിനിയുമൊത്തു തന്റെ കെഎൽ 01 ബിജി 6622 കാറിൽ തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് അപകടത്തിൽപ്പെടുന്നത്. തിരുവനന്തപുരത്തിന് 14 കിലോമീറ്റർ മുൻപു പള്ളിപ്പുറം സിആർപിഎഫ് ജംക്‌ഷൻ കഴിഞ്ഞു വലത്തേക്കുള്ള വളവു തിരിഞ്ഞു കാർ അതിവേഗത്തിൽ റോഡിനു വലതുവശത്തേക്കു നീങ്ങി. വളവിൽ നിന്ന് 100 മീറ്റർ അകലെ റോഡരികിലെ മരത്തിലിടിച്ച് അപകടം സംഭവിച്ചത്.
നാട്ടുകാരും വഴിയാത്രക്കാരും പൊലീസും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. മകൾ തേജസ്വിനിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും തലച്ചോറിനും സാരമായി പരുക്കേറ്റ ബാലഭാസ്കറിനെയും ശരീരമാസകലം ഗുരുതര പരുക്കേറ്റ ലക്ഷ്മിയെയും കാലുകൾ തകർന്ന അർജുനെയും നഗരത്തിലെ അനന്തപുരി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ഒരാഴ്ചയ്ക്കു ശേഷം ചികിൽസയിലിരിക്കെ ബാലഭാസ്കറും മരിച്ചു. പരസഹായമില്ലാതെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ തിരുമലയിലെ ‘ഹിരൺമയി’ എന്ന വീട്ടിലുണ്ട് ലക്ഷ്മിയിപ്പോൾ.
ചെയർമാൻ സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസ്സിൽ ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിൽ പോർവിളി രൂക്ഷമായ സാഹചര്യത്തിൽ പാർട്ടി പിളർപ്പിലേക്ക് തന്നെ എന്ന് വ്യക്തമായതോടെ ഇരുപക്ഷങ്ങളിലും കരുനീക്കങ്ങൾ ഊർജിതപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന് ജോസ് വിഭാഗം ഒപ്പുവെച്ച കത്തിൽ എംഎൽഎമാരായ റോഷി അഗസ്റ്റിനും എൻ ജയരാജനും മാത്രമാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സി എഫ് തോമസ് ജോസ് വിഭാഗത്തിൽ നിന്നും അകന്നതായി ഇതോടെ വ്യക്തമായി. ജോസഫ് പക്ഷത്ത് മോൻസ് ജോസഫ്, സി എഫ് തോമസ് എന്നിവർ നിലയുറപ്പിച്ചതോടെ ഇവർക്ക് മൂന്ന് എംഎൽഎമാരുടെ പിന്തുണയായി.
ചെയർമാന് തന്നെ പാർട്ടി ഭരണഘടനയിൽ വ്യക്തമായ അധികാരങ്ങൾ ഉറപ്പിച്ചിട്ടുള്ളതിനാൽ ജോസ് വിഭാഗം പാർട്ടി പിളർത്തിയാൽ കൂറുമാറ്റ നിയമം ഉപയോഗിച്ച് തിരിച്ചെടുക്കാനുള്ള നീക്കം നിയമവിദഗ്ധരുമായി ജോസഫ് വിഭാഗം നേതാക്കൾ ഇതിനോടകം ചർച്ചകൾ നടത്തിക്കഴിഞ്ഞു. ജോസഫ് ചെയർമാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് സ്പീക്കർക്ക് നൽകിയാൽ ജോസ് വിഭാഗം ഇത് അംഗീകരിക്കാൻ സാധ്യതയില്ല. നിയമസഭയിൽ രണ്ട് അംഗങ്ങൾ പ്രത്യേക ബ്ലോക്ക് ആവശ്യപ്പെടാനും ജോസ് വിഭാഗം നീക്കം നടത്തുന്നുണ്ട്. ഇത് പാർട്ടിയിൽ പിളർപ്പിന് തുല്യമായി വരുന്നതാണ്. ജോസഫ് കൂറ് മാറ്റ നിയമപ്രകാരം ജോസ് വിഭാഗത്തിലെ എംഎൽഎമാരെ അയോഗ്യർ ആക്കാനുള്ള നീക്കം നടത്താനാണ് സാധ്യത.
എന്നാൽ ഈ കാര്യത്തിൽ സ്പീക്കറുടെ നിലപാടാണ് നിർണായകം. ജോസ് വിഭാഗവുമായി ചില സിപിഎം ഉന്നതനേതാക്കൾ കഴിഞ്ഞദിവസം ബന്ധപ്പെട്ടിരുന്നു. കേരള കോൺഗ്രസ് പിളർത്തി ശക്തി ക്ഷയിപ്പിക്കണമെന്ന കോൺഗ്രസിന്റെ എക്കാലത്തെയും സ്വപ്നം നടപ്പാക്കാനാണ് പ്രശ്നങ്ങളിൽ ഇടപെടാതെ മാറി നിൽക്കുന്നത്. കോട്ടയം ജില്ലയിലെ സീനിയർ നേതാക്കൾ പോലും.
പാർലമെൻറ് തിരഞ്ഞെടുപ്പിൽ ജോസഫിനു സീറ്റ് നൽകണമെന്ന് ഈ മുതിർന്ന നേതാക്കൾ ജോസ് കെ മാണിയോട് ആവശ്യപ്പെട്ടിട്ടും അദ്ദേഹം കൂട്ടാക്കാത്തതിന്റെ നീരസം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ജോസഫിനു സീറ്റ് നൽകി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ പല കോൺഗ്രസ് നേതാക്കളും ജോസിനോട് വ്യക്തിപരമായി തന്നെ ആവശ്യപ്പെട്ടു. അതിനു തയ്യാറാകാത്തതിന്റെ അമർഷമാണ് കോൺഗ്രസ് പ്രശ്നങ്ങളോട് നിസ്സംഗത പുലർത്താൻ കാരണം.
യുഡിഎഫ് വിട്ട് മാണി ഗ്രൂപ്പ് പുറത്തുപോയതും കോട്ടയം ഡിസിസിയുമായുള്ള തർക്കങ്ങൾ തെരഞ്ഞെടുപ്പിൽ പ്രശ്നമായില്ലെങ്കിലും ജോസഫിനെ വിട്ടുവീഴ്ചയ്ക്കു പിൻവാങ്ങാതെ നിർത്തിയതിനു പിന്നിൽ ഈ കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്നാണ് ജോസ് വിഭാഗത്തിന്റെ ആക്ഷേപം. യുഡിഎഫിൽ ഉറച്ചു നിൽക്കണം എന്ന് പലവട്ടം ജോസഫ് പ്രഖ്യാപിക്കുന്നത് തന്നെ കോൺഗ്രസുമായുള്ള അടുത്തബന്ധം ഉള്ളതുകൊണ്ടാണ് .ജോസഫ് വിഭാഗം യുഡിഎഫിൽ ഉറച്ചു നിന്നാൽ ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കളെ അടർത്തി എടുക്കാനും തൽഫലമായി ജോസഫ് ഗ്രൂപ്പ് പുനർജീവിപ്പിക്കാനാണ് അദ്ദേഹത്തിന്റെ നീക്കമെന്നും പറയപ്പെടുന്നു. കൂറുമാറ്റം പ്രഖ്യാപിച്ചാൽ ജോസ് വിഭാഗം എൽഡിഎഫിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. നിലപാടുകൾ ശക്തമായതോടെ ജോസും ജോസഫും ഒരു പാർട്ടിയായി തുടരാനുള്ള സാധ്യത മങ്ങിയതോടെ പിളർപ്പിലേക്ക് പോകാനാണ് ഇരുവിഭാഗങ്ങളുടെയും നീക്കം.
ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന മലയാളി സിറിയയില്‍ നിന്ന് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ച് വീട്ടുകാരെ ബന്ധപ്പെട്ടതായി റിപ്പോര്‍ട്ട്. പട്ടിണിയും കഷ്ടപ്പാടും താങ്ങാനാവുന്നില്ലെന്ന് പറഞ്ഞ് കാസറഗോഡ് എലമ്പാച്ചി സ്വദേശിയായ ഫിറോസ് ഖാന്‍ വീട്ടുകാരെ ഫോണില്‍ വിളിച്ചെന്ന് സുരക്ഷാവൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്‌സ്‌പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
2016ലാണ് ഐഎസില്‍ ചേരാനായി ഫിറോസ് അഫ്‌ഗാനിസ്ഥാനിലേക്ക് പോയത്. പിന്നീട് ഇയാള്‍ സിറിയയിലേക്ക് കടന്നു. കഴിഞ്ഞമാസമാണ് മാതാവ് ഹബീബയെ വിളിച്ച് തനിക്ക് തിരികെവരണമെന്ന് ഫിറോസ് ആഗ്രഹം പ്രകടിപ്പിച്ചത്. നാട്ടിലെത്തി കീഴടങ്ങിക്കോളാം എന്നാണ് ഫിറോസ് പറഞ്ഞത്. സിറിയയില്‍ ഐഎസ് അംഗങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലാണ്. കഴിക്കാന്‍ ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും ഫിറോസ് പറഞ്ഞതായി ബന്ധുക്കളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നാട്ടിലേക്ക് മടങ്ങിയെത്തിയാല്‍ തനിക്കെതിരെ എന്തൊക്കെ കേസുകളാണ് ഉണ്ടാവുക എന്ന് ഫിറോസ് അന്വേഷിച്ചതായാണ് വിവരം. ഐഎസ് മുന്‍കയ്യെടുത്ത് ഒരു മലേഷ്യന്‍ സ്വദേശിനിയുമായി തന്റെ വിവാഹം നടത്തിയെന്നും യുവതി പിന്നീട് തന്നെ ഉപേക്ഷിച്ച് പോയെന്നും ഫിറോസ് പറഞ്ഞു. ഫോണ്‍സംഭാഷണങ്ങളുടെ ആധികാരികത സുരക്ഷാഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കാലവര്‍ഷം ഇന്ന് എത്തിയേക്കും. 2016ന് ശേഷം ഇതാദ്യമായാണ് കേരളത്തില്‍ കാലവര്‍ഷം വൈകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷവും ജൂണ്‍ പിറക്കുന്നതിന് മുന്‍പ് കേരളത്തില്‍ കാലവര്‍ഷം എത്തിയിരുന്നു. 2016ല്‍ ജൂണ്‍ 8നാണ് കാലവര്‍ഷം തുടങ്ങിയത്. നാളെ മുതല്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ മുതല്‍ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തൃശ്ശൂരില്‍ തിങ്കളാഴ്ചയും എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ചൊവ്വാഴ്ചയും റെഡ് അലര്‍ട്ടായിരിക്കും. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന എമര്‍ജിന്‍സി കിറ്റ് തയ്യാറാക്കി വെക്കണം. അടിയന്തര സാഹചര്യം വന്നാല്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.
താഴെപ്പറയുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ കൈയിൽ എമർജൻസി കിറ്റ് കരുതുകയും മാറേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ തയ്യാറാവുകയും വേണം.
1. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ
2. പ്രളയത്തിലും ഉരുൾപൊട്ടലിലുമായി പൂർണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂർത്തീകരിക്കാത്തതുമായ വീടുകളിൽ താമസിക്കുന്നവർ
3. പ്രളയത്തിൽ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും അറ്റകുറ്റപ്പണികൾ ഇത് വരെ നടത്തിത്തീർക്കാത്തതുമായ വീടുകളിൽ താമസിക്കുന്നവർ
ഇത്തരം ആളുകൾക്ക് വേണ്ടി സ്ഥിതിഗതികൾ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്പുകൾ ആരംഭിക്കുന്നതിന് വേണ്ടിയുള്ള നിർദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ട വസ്തുക്കൾ (ഒരു വ്യക്തിക്ക് എന്ന കണക്കിൽ):
– ടോര്‍ച്ച്
– റേഡിയോ
– 500 ml വെള്ളം
– ORS പാക്കറ്റ്
– അത്യാവശ്യം വേണ്ടുന്ന മരുന്ന്
– മുറിവിന് പുരട്ടാവുന്ന മരുന്ന്
– ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷൻ
– 100 ഗ്രാം കപ്പലണ്ടി
– 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില് ഈന്തപ്പഴം
– ചെറിയ ഒരു കത്തി
– 10 ക്ലോറിന് ടാബ്ലെറ്റ്
– ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോർച്ചിൽ ഇടാവുന്ന ബാറ്ററി
– ബാറ്ററിയും, കോൾ പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈല് ഫോണ്
– അത്യാവശ്യം കുറച്ച് പണം, എടിഎം കാര്‍ഡ്
പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയർന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക.
എമർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും അത് വീട്ടിൽ എല്ലാവർക്കും എടുക്കാൻ പറ്റുന്ന തരത്തിൽ സുരക്ഷിതമായ ഒരിടത്ത് വെക്കുകയും വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തിൽ ആരെയും കാത്ത് നിൽക്കാതെ എമെർജൻസി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാനുതകുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യുക.
നിപ വൈറസ് ബാധിതനായ യുവാവിന്റെ ആരോഗ്യനിലയിലും പുരോഗതിയുണ്ട്. ഇന്നലെ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്
സംസ്ഥാനത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നിപ ഭീഷണി ഒഴിയുന്നതായ വിലയിരുത്തലുകൾ. നിപ ബാധിതനായ യുവാവിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഇടക്ക് ചെറിയ പനി ഉണ്ടാകുന്നുണ്ടെങ്കിലും നന്നായി ഭക്ഷണം കഴിക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ട്. മാതാവുമായി യുവാവ് സംസാരിക്കുകയും ചെയ്തു. ചികിൽസയ്ക്ക് നേതൃത്വം നൽകുന്ന ഡോക്ടർമാർ യോഗം ചേര്‍ന്ന് തുടര്‍ചികിത്സ നടപടികള്‍ ചര്‍ച്ച ചെയ്തു. രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 318 പേരില്‍ 52 പേര്‍ ഇപ്പോഴും തീവ്രനിരീക്ഷണത്തിലാണ്. ബാക്കി 266 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുള്ളവരാണ്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി തുടരുകയാണ്. ഐസലേഷേൻ വാർഡിലെ കിടക്കകളുടെ എണ്ണം എട്ടിൽ നിന്ന് മുപ്പത്തിരണ്ടായി ഉയർത്തിയിട്ടുണ്ട്.
പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 10000 ത്രീ ലെയര്‍ മാസ്‌കുകള്‍ കൂടി എത്തിച്ചു. 450 പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. സൈബര്‍ മോണിറ്ററിങ് ടീം നിപയെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരായ നടപടികളും ശക്തമാക്കിയിട്ടുണ്ട്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പഞ്ചായത്ത് വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ജാഗ്രതാ പരിശീലനവും തുടരുകയാണ്.
പത്തു വര്‍ഷം മുന്‍പാണ് നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയത്. അന്ന്, ഗുജറാത്തിന്‍റെ മുഖ്യമന്ത്രിയായിരുന്നു. ഗുജറാത്തില്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥരാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശന പുണ്യത്തെക്കുറിച്ച് വിവരിച്ചു കൊടുത്തത്. അങ്ങനെ, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴാനായി തലേന്നുതന്നെ മോദിയെത്തിയിരുന്നു. ശ്രീവല്‍സം ഗസ്റ്റ് ഹൗസില്‍ താമസിച്ചു. പുലര്‍ച്ചെ ക്ഷേത്രത്തില്‍ എത്തി വഴിപാടുകള്‍ നടത്തി.
പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു അന്ന് വാര്‍ത്താസമ്മേളനം നടത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്ഥലപരിമിതി തിരിച്ചറിഞ്ഞ അദ്ദേഹം വാഹന പാര്‍ക്കിങ്ങിനായി ആധുനിക സാങ്കേതിക സംവിധാനം ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശിച്ചാണ് മടങ്ങിയത്. ബി.ജെ.പി. ജില്ലാ പ്രസിഡന്റായി അന്ന് ആതിഥ്യമൊരുക്കിയ ശ്രീശന്‍ അടിയാട്ട് ഇന്നു പാര്‍ട്ടിയില്‍ ഇല്ല. പത്തു വര്‍ഷമായി പാര്‍ട്ടിക്കു പുറത്താണ്.
അധികാരത്തിലിരിക്കേ ഗുരുവായൂരിലെത്തുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഇതിനു മുമ്പ് വന്ന മൂന്നുപേരും ഈ പുണ്യവഴികളിലൂടെ നടന്നെത്തുന്നതിന് വഴികാട്ടാന് ഗുരുവായൂര് കണ്ണനെ മനസില് വച്ചു പൂജിച്ച കെ.കരുണാകരനുണ്ടായിരുന്നു. ഇന്ദിരാഗാന്ധി മുതല് പി.വി.നരസിംഹറാവു വരെ. 1980 ജനുവരി 11ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഗുരുവായൂര് നടയിലെത്തിയത് തിരഞ്ഞെടുപ്പ് കാലത്താണ്.
തുലാഭാരം നടത്തുന്നതിനെ സുരക്ഷാകാരണം ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര് തടഞ്ഞെങ്കിലും തന്റെ സുരക്ഷ കരുണാകരന് നോക്കുമെന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ മറുപടി. പ്രധാനമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി 1987 ഡിസംബര് 17ന് ഗുരുവായൂരില് എത്തിയത്
നാരായണീയം ശതവാര്ഷികം സമാപനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ്. രണ്ട് കദളിപ്പഴക്കുലകളും അയ്യായിരം രൂപയും അദ്ദേഹം കാണിക്ക അര്പ്പിച്ചു. 1994 ജനുവരി 9ന് പ്രധാനമന്ത്രി പി.വി.നരസിംഹറാവുവിന്റെ വരവ് തൃശൂര് ഗുരുവായൂര് റയില്പാത രാഷ്ട്രത്തിനു സമര്പ്പിക്കുന്നതിനായിരുന്നു. കദളിപ്പഴക്കുലകളും നെയ്യും സമര്പ്പിച്ച അദ്ദേഹം ഉത്രാടം നക്ഷത്രത്തില് സഹസ്രനാമപുഷ്പാഞ്ജലിയും നടത്തി.
ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പ്രധാനമന്ത്രിയായ ശേഷം മോദി എത്തുമ്പോള്‍ ഭക്തരെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയുണ്ട്. കൂടുതല്‍ വികസന പദ്ധതികള്‍ ലഭിക്കാന്‍ മോദിയുടെ സന്ദര്‍ശനം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഗുരുപവനപുരി.
പൊലീസിനെയും പ്രത്യേക സുരക്ഷാ സംഘത്തെയും (എസ്പിജി) വെള്ളം കുടിപ്പിച്ച് വയനാട് മണ്ഡല പര്യടനത്തിനിടെ രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത നീക്കങ്ങൾ. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ ഒഴിവാക്കണമെന്ന് നിർദേശിച്ച റോഡ് തന്നെ തിരഞ്ഞെടുത്തും ഇടയ്ക്ക് ചായക്കടയിൽ കയറിയും ആരാധകർക്കിടയിൽ ഇറങ്ങിയും റോഡ് ഷോ രാഹുൽ ആഘോഷമാക്കിയപ്പോൾ ചങ്കിടിച്ചത് സുരക്ഷാ ഉദ്യോഗസ്ഥർക്കാണ്. ആവേശക്കെട്ടു പൊട്ടിച്ച ആൾക്കൂട്ടത്തെ ഏറെ പാടുപെട്ടാണ് നിയന്ത്രിച്ചത്.
വിമാനത്താവളത്തിൽനിന്ന് കാളികാവിലേക്കുള്ള യാത്രയ്ക്കിടെ തിരുവാലിയിൽ എത്തിയപ്പോഴായിരുന്നു ആദ്യ ‘ട്വിസ്റ്റ്’. ഇവിടെ സ്വീകരണം ഉദ്ദേശിച്ചിരുന്നില്ലെങ്കിലും മണിക്കൂറുകളോളം കാത്തുനിന്ന വൻ ജനക്കൂട്ടത്തെ നിരാശരാക്കാതെ വാഹനവ്യൂഹം നിർത്തി. പ്രത്യേക വാഹനത്തിന്റെ മേൽമൂടി നീക്കി ആദ്യം രാഹുൽ കൈ വീശി. പിന്നെ വാഹനത്തിൽനിന്നിറങ്ങി ആരവങ്ങൾക്കിടയിലേക്ക്. എസ്പിജി ഇടപെട്ടാണ് തിരിച്ചുകയറ്റിയത്.
മാവോയിസ്‌റ്റ് ഭീഷണിയെന്ന പേരിൽ കാളികാവിലെ റോഡ് ഷോ പൊലീസും സുരക്ഷാ വിഭാഗവും ആദ്യം എതിർത്തിരുന്നു. തുടർന്ന് യുഡിഎഫ് നേതാക്കൾ ഇടപെട്ട് കാളികാവിലെ പരിപാടി നടത്താൻ തീരുമാനിച്ചു. ഇതോടെ നിലമ്പൂരിലേക്ക് പോകുന്നത് തിരികെ വണ്ടൂരിൽ വന്നശേഷം ആകാമെന്നു തീരുമാനിച്ചു. എന്നാൽ കാളികാവിൽ ജനക്കൂട്ടത്തിലേക്കിറങ്ങിയ രാഹുൽ ചോക്കാട്, പൂക്കോട്ടുംപാടം വഴി തന്നെ നിലമ്പൂരിലേക്കു പോയി.
ചോക്കാട്ടും പൂക്കോട്ടുംപാടത്തും മാവോയിസ്‌റ്റ് സാന്നിധ്യമുള്ള കോളനികളുണ്ടെന്ന പേരിലാണ് ഈ വഴി ഉപേക്ഷിച്ചിരുന്നത്. പോകുംവഴി ചോക്കാട്ടെ കോൺഗ്രസ് പ്രവർത്തകന്റെ ചായക്കടയിൽ രാഹുലും നേതാക്കളും കയറിയതോടെ പൊലീസ് ശരിക്കും ഞെട്ടി. ഇവിടെനിന്ന് ചായയും ചെറുപലഹാരവും കഴിച്ചാണ് നിലമ്പൂരിലേക്കു നീങ്ങിയത്.
ചാർജ് ചെയ്യാനിട്ട ബാറ്ററി പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ഫോണിലെ ബാറ്ററി ഊരി മാറ്റി പ്രത്യേകം ചാർജറിൽ ഘടിപ്പിച്ച് ചാർജ് ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്.
കുട്ടിയുടെ മുഖത്തും നെഞ്ചിലുമാണ് പരുക്കേറ്റത്. പരുക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.
പൊട്ടിത്തെറി ശബ്ദം കേട്ടെത്തിയ ബന്ധുക്കൾ ബോധരഹിതനായി നിലത്ത് കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. മൊബൈൽ ബാറ്ററിയും ചാർജറും പൂർണമായും തകർന്നിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് ഹൈദരാബാദിൽ സ്കൂട്ടർ യാത്രക്കിടെ മൊബൈൽ ഫോൺ പെട്ടിത്തെറിച്ച് യുവാവിന് പരുക്കേറ്റിരുന്നു
ബാലഭാസ്കറിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന പ്രകാശന്‍ തമ്പിയെ ഇന്ന് ചോദ്യം ചെയ്യും. അപകടത്തിന് മുന്‍പുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചതിലടക്കം നിര്‍ണായകമായ വിവരങ്ങളാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്.
ബാലഭാസ്കറിന്റെ പ്രോഗ്രാം കോര്‍ഡിനേറ്ററും സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായ പ്രകാശന്‍ തമ്പിയുടെ ഇടപെടല്‍ മരണത്തില്‍ ദുരൂഹതയുണര്‍ത്തുന്നൂവെന്നാണ് പിതാവ് അടക്കമുള്ളവരുടെ പ്രധാന പരാതി. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സംശയകരമായ ഇടപെടലുകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ആ സാഹചര്യത്തിലാണ് സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന തമ്പിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് കോടതിയുടെ അനുമതി തേടിയത്. അനുമതി ലഭിച്ചതോടെ ഡിവൈ.എസ്.പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിലെ സംഘം ഇന്ന് രാവിലെ ജയിലിലെത്തി ചോദ്യം ചെയ്യും.
പ്രകാശന്‍ തമ്പിയുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമായതിന് പിന്നാലെ സംശയമുണര്‍ത്തുന്ന ഇടപെടലുകളുടെ പട്ടിക ക്രൈംബ്രാഞ്ച് തയാറാക്കിയിട്ടുണ്ട്. അപകടത്തിന് മുന്‍പ് ബാലഭാസ്കറും കുടുംബവും ജ്യൂസ് കുടിച്ച കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചതെന്തിനെന്നതാണ് പ്രധാന സംശയം.
അപകടസ്ഥലത്തെ ദുരൂഹതകളേക്കുറിച്ച് കലാഭവന്‍ സോബി അറിയിച്ചപ്പോള്‍ മോശമായി പെരുമാറിയതും സംശയകരമാണ്. അപകടവിവരം ഏറ്റവും ആദ്യം അറിഞ്ഞ് സ്ഥലത്തെത്തിയ സാഹചര്യവും വ്യക്തമാക്കണം. മരണം നടന്ന് എട്ട് മാസമായിട്ടും ബാലഭാസ്കറിന്റെ മൊബൈല്‍ കുടുംബത്തിന് നല്‍കാത്തത് എന്തുകൊണ്ട്? കൂടാതെ കുടുംബം സംശയമുനയില്‍ നിര്‍ത്തുന്ന പാലക്കാട്ടെ പൂന്തോട്ടം കുടുംബവുമായി തമ്പിക്ക് സാമ്പത്തിക ഇടപാടുകളുളളതായും കണ്ടെത്തിയിട്ടുണ്ട്. ഇതിനൊപ്പം ബാലഭാസ്കറിനെ മറയാക്കി സ്വര്‍ണകടത്തിയോയെന്നതിലടക്കം നിര്‍ണായക വിവരങ്ങളാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്.
ദുബായിൽ വാഹനാപകടത്തിൽ അച്ഛനും മകനും അടക്കം ആറു മലയാളികള്‍ ഉള്‍പെടെ പതിനേഴു പേർ മരിച്ചു. തലശ്ശേരി സ്വദേശിയായ അച്ഛൻ ഉമ്മർ, മകൻ നബീൽ, തിരുവനന്തപുരം സ്വദേശി ദീപകുമാർ, തൃശൂർ സ്വദേശി ജമാലുദീൻ, വാസുദേവൻ, തിലകൻ എന്നിവരെ തിരിച്ചറിഞ്ഞു. മസ്ക്കറ്റിൽ നിന്നും ദുബായിലേക്കു വന്ന ബസാണ് അപകടത്തിൽപെട്ടത്.
ഇന്നലെ വൈകിട്ട് യുഎഇ സമയം 5.40 നാണ് ഷെയ്ഖ് സായിദ് റോഡിൽ റാഷിദിയ എക്സിറ്റിനു സമീപം അപകടമുണ്ടായത്. ബസിനു പ്രവേശനമില്ലാത്ത റോഡിൽ ഹൈറ്റ് ബാരിയറിലിടിച്ചായിരുന്നു അപകടം. മരിച്ച പതിനേഴു പേരിൽ പത്തുപേർ ഇന്ത്യക്കാരാണ്. 31 പേരായിരുന്നു ബസിലുണ്ടായിരുന്നത്. രണ്ടു പാക് സ്വദേശികൾ, അയർലൻഡ്, ഒമാൻ സ്വദേശികളും മരിച്ചു. മൂന്നുപേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. തൃശൂർ തളിപ്പറമ്പ് സ്വദേശി ജമാലുദീൻ അറക്കവീട്ടിൽ ദുബായിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു.
തിരുവനന്തപുരം മാധവപുരം സ്വദേശി ദീപ കുമാർ, ദുബായിൽ അക്കൗണ്ടന്റ് ജനറലായിരുന്നു. ദീപ കുമാറിന്‍റെ ഭാര്യയും മകളും ഉൾപ്പെടെ അഞ്ചുപേർ പരുക്കേറ്റു ചികിൽസയിലാണ്. ദുബായ് ഇന്ത്യൻ കോണസുൽ ജനറൽ വിപുലിന്‍റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങി. ഇന്നു അവധിയായതിനാൽ നാളെയായിരിക്കും നിയമപരമായ നടപടികൾ. മലയാളി സാമൂഹ്യപ്രവർത്തകരായ അഷ്റഫ് താമരശ്ശേരി, നന്തി നാസർ, നാസർ വാടാനപ്പള്ളി തുടങ്ങിയവരും ആശുപത്രിയിലെത്തി നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.