ന്യുഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കുമെന്ന സൂചന നല്‍കി സുപ്രീം കോടതി. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ പരസ്പരം ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമല്ലെന്ന് കോടതി വ്യക്തമാക്കി. ഐപിസി സെക്ഷന്‍ 377ന്റെ നിയമസാധുത സംബന്ധിച്ച കേസില്‍ വാദം തുടരവേയാണ് ഭരണഘടനാബെഞ്ചിന്റെ പരാമര്‍ശം.
അതേസമയം, കേസില്‍ കോടതിക്ക് യുക്തിപൂര്‍വ്വമായ തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സര്‍ക്കാരിന് വേണ്ടി ഇന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ഹാജരായില്ല. എഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയില്‍ എത്തിയത്. മനുഷ്യവും മൃഗങ്ങളും തമ്മിലുള്ള പ്രകൃതി വിരുദ്ധ ബന്ധത്തില്‍ വ്യക്തമായ നിര്‍വചനം വേണമെന്ന നിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമാക്കുന്ന സെക്ഷന്‍ 377 റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നര്‍ത്തകനായ നവ്‌തേജ് സിംഗ് ജോഹാര്‍ ആണ് കോടതിയെ സമീപിച്ചത്. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് ഹര്‍ജിക്കാരനു വേണ്ടി ഹാജരായത്. പ്രസ്തുത അനുഛേദം ക്രിമിനല്‍ കുറ്റമല്ലാതാക്കുക മാത്രമല്ല, ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം സംബന്ധിച്ച് വ്യക്തമായ വിധി വേണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. സ്വകാര്യതയ്ക്കും തെരഞ്ഞെടുക്കാനുമുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്നും വാദിച്ചു.
സെക്ഷന്‍ 377ന്റെ നിയമപരമായ സാധുത മാത്രമേ പരിഗണിക്കൂവെന്ന് തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയ കോടതി, മറ്റു വിഷയങ്ങള്‍ പരിഗണിക്കില്ലെന്നും അറിയിച്ചിരുന്നു.
കൊടുങ്ങൂര്‍ സ്വദേശിയായ ഷെമീര്‍ (38) ആണ് അറസ്റ്റിലായത്. മേസ്തിരി പണിക്കാരനായ ഷെമീറിനൊപ്പം ജോലി ചെയ്യുന്ന വീട്ടമ്മയെ ഇയാള്‍ കുമളിയില്‍ കൊണ്ടു പോയി പീഡിപ്പിച്ച ശേഷം നഗ്‌ന ഫോട്ടോയും വീഡിയോയും മകളുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചു കൊടുത്തു എന്നാണ് പരാതി. ഒരു വര്‍ഷം മുന്‍പാണ് പീഡനം നടന്നത്. പിന്നീട് ഇയാള്‍ പലതവണ വീട്ടമ്മയെ വശീകരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ അകന്നു. ഇതോടെയാണ് മേസ്തിരി വീട്ടമ്മയുടെ പഴയ നഗ്‌ന ഫോട്ടോയും വീഡിയോയും മകളുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചു കൊടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് മകളുടെ ഫോണിലേക്ക് അമ്മയുടെ നഗ്‌ന ഫോട്ടോയും മറ്റും എത്തിയത്. ഇതോടെ വീട്ടമ്മ പോലീസില്‍ പരാതി നല്കുകയായിരുന്നു.കറുകച്ചാല്‍ പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കും.
കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വത്തിക്കാനിലേക്ക് കടക്കാന്‍ സാധ്യതയുള്ളതായി അന്വേഷണസംഘം. ഇന്ത്യയില്‍ നിന്ന് കടക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു. വിമാനത്താവളങ്ങളില്‍ ഇതു സംബന്ധിച്ച് വിവരങ്ങള്‍ നല്‍കണമെന്നാണ് ആവശ്യം.
ബിഷപ്പിന് വിദേശ രാജ്യങ്ങളില്‍ ബന്ധങ്ങളുള്ള ജലന്ധര്‍ ബിഷപ്പ് അറസ്റ്റ് ഉറപ്പായ സാഹചര്യത്തില്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണം സംഘം കരുതുന്നത്. ബിഷപ്പിനെതിരെ ശക്തമായ തെൡവുകള്‍ ലഭിച്ചതിനാല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘത്തിന് രഹസ്യവിവരം ലഭിച്ചതായും സൂചനയുണ്ട്.
കേസിന്റെ ഇതുവരെയുള്ള പുരോഗതി കോട്ടയം എസ്പിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ജലന്ധറിലേക്ക് പോകാനാണ് പദ്ധതി. അറസ്റ്റിനായി പഞ്ചാബ് പോലീസിന്റെ സഹായവും തേടും.
മുക്കൂട്ടുത്തറയില്‍ നിന്നും കാണാതായ ജെസ്‌നാ കേസില്‍ നിര്‍ണായകമായേക്കാവുന്ന തെളിവാണ് പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍. മാര്‍ച്ച് 22 ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിപോയ ജസ്നയെ അവസാനമായി കണ്ടത് എരുമേലിയില്‍ വെച്ചാണെന്ന ആരോപണങ്ങളില്‍ പോലീസ് തട്ടിതടഞ്ഞ് നില്‍ക്കുമ്പോഴാണ് മുണ്ടക്കയത്ത് ജസ്ന എത്തിയെന്ന് സംശയിക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചത്. ദൃശ്യങ്ങളില്‍ ആണ്‍സുഹൃത്തിനേയും കൂടെ കണ്ടെത്തിയതോടെ ജസ്ന തിരോധാനം മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. കാണാതായ ദിവസം 11.44 ന് ജസ്‌ന മുണ്ടക്കയത്തെ കടകള്‍ക്ക് മുമ്പിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ദൃശ്യങ്ങളില്‍ തട്ടം ധരിച്ച് മുഖം മറച്ച രീതിയിലാണ് ജസ്‌നയെ പോലെ തോന്നുന്ന പെണ്‍കുട്ടിയെ കാണുന്നത്. ജീന്‍സും തട്ടവും ധരിച്ച നിലയില്‍ കയ്യില്‍ രണ്ടു ബാഗുകളുമായി പോകുന്നതാണ് ദൃശ്യത്തിലുളളത്. കൈയ്യില്‍ രണ്ടു ബാഗുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒന്ന് കൈയ്യില്‍ പിടിക്കുന്ന ലഗേജ് ബാഗും മറ്റൊന്നും ഹാന്റ് ബാഗുമാണ്.
കാണാതായ ദിവസം ചൂരിദാറാണ് ധരിച്ചിരുന്നത് എന്നായിരുന്നു ജസ്‌നയെ അവസാനമായി കണ്ടെന്ന് പറഞ്ഞവര്‍ പോലീസിന് നല്‍കിയ മൊഴി. ബാഗുകള്‍ ജസ്‌ന ഏതെങ്കിലും യാത്രയ്ക്ക് പോകാന്‍ ഒരുങ്ങിയതാണോ എന്ന സംശയവും പോലീസിന് ഉയര്‍ത്തുന്നുണ്ട്. മുണ്ടക്കയത്തെ ഒരു കടയിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് കിട്ടിയത്. എന്നാല്‍ ദൃശ്യത്തിലുള്ളത് ജസ്‌നയെ പോലെയുള്ള അലിഷയാണ് എന്ന സംശയം ഉയര്‍ന്നതോടെ ആശങ്കയിലായ പോലീസ് പിന്നീട് അലിഷയേയും മാതാവിനേയും നേരില്‍ കണ്ട് സംസാരിച്ചതോടെയാണ് കേസിന് വീണ്ടും ജീവന്‍ വെച്ചത്. ദൃശ്യങ്ങളില്‍ കാണുന്ന തരം ടോപ്പ് തന്റെ മകള്‍ക്കില്ലെന്നായിരുന്നു അലീഷയുടെ മാതാവ് റംലത്ത് പറഞ്ഞത്. ഇതോടെ ദൃശ്യങ്ങളില്‍ ഉള്ളത് ജസ്‌ന തന്നെയാവാമെന്ന സംശയം ഇവര്‍ പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെ ദൃശ്യത്തില്‍ കാണുന്നത് ജസ്‌ന തന്നെയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് പോലീസ്.
ദൃശ്യങ്ങള്‍ കടയില്‍ നിന്ന് നഷ്ടമായിരുന്നെങ്കിലും ഹൈടെക് സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് ദൃശ്യങ്ങള്‍ വീണ്ടെടുത്തത്. ജസ്‌ന ചൂരിദാര്‍ ധരിച്ചാണ് ഇറങ്ങിയതെങ്കില്‍ എന്തിനാണ് ജസ്‌ന വസ്ത്രം മാറിയത്. എവിടെ നിന്ന് വസ്ത്രം മാറി തുടങ്ങിയ കാര്യങ്ങളില്‍ പോലീസിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. ആണ്‍സുഹൃത്ത് എങ്ങനെയാണ് ദൃശ്യങ്ങളില്‍ എത്തിയതെന്ന സംശയവും പോലീസ് ഉയര്‍ത്തുന്നുണ്ട്. ജസ്‌നയാണെന്ന് ഉറപ്പായതോടെ ദൃശ്യത്തിലെ കുട്ടിക്കായുള്ള തിരച്ചിലിലാണ് പോലീസ്.
അടിമാലി: ഹോട്ടല്‍ ശൗചാലയത്തിനു മുകളിലേക്കു മണ്ണിടിഞ്ഞതിനേത്തുടര്‍ന്ന് ഉള്ളിലകപ്പെട്ട യുവതിയെ ഒന്നര മണിക്കൂറിനു ശേഷം രക്ഷിച്ചു. ഇന്നലെ രാവിലെ ഒന്‍പതരയോടെ അമ്പലപ്പടിയിലാണു സംഭവം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്ത് ഹോട്ടല്‍ നടത്തിയിരുന്ന കാംകോ ജങ്ഷനില്‍ വില്ലേജ് ഓഫീസിനു സമീപം താമസിക്കുന്ന വാഴയില്‍ ശ്രീജേഷിന്റെ ഭാര്യ പ്രമീത (27) യെയാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്.
ദേശീപാതയോരത്തു പ്രവര്‍ത്തിക്കുന്ന ഹോട്ടലിലെ ശൗചാലയത്തില്‍ കയറിയ ഉടന്‍ കെട്ടിടത്തിനു പിന്‍ഭാഗത്തെ കൂറ്റന്‍ മണ്‍തിട്ട ഇടിഞ്ഞ് കോണ്‍ക്രീറ്റ് സ്ലാബടക്കം പ്രമീതയുടെ ദേഹത്തേക്കു വീഴുകായിരുന്നു. ഇവരുടെ നിലവിളി കേട്ടു കടയിലെ ജീവനക്കാര്‍ വിവരം ഫയര്‍ഫോഴ്‌സിലും പോലീസിലും അറിയിച്ചു. മൂന്നു മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ ഒന്നര മണിക്കൂര്‍ കഠിന പരിശ്രമത്തിനൊടുവിലാണ് യുവതിയെ പുറത്തെടുത്തത്. ഇടതു കാലിന്റെ അസ്ഥിക്കു പൊട്ടലും തലയ്ക്കും ശരീരഭാഗങ്ങള്‍ക്കും ചതവുമേറ്റ പ്രമീതയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. െഹെവേ ജാഗ്രതാ സമിതി പ്രവര്‍ത്തകരും നാട്ടുകാരും രക്ഷാദൗത്യത്തില്‍ പങ്കാളികളായി.
ഓട്ടോറിക്ഷാ ്രൈഡവറായ ശ്രീജേഷും കുടുംബവും മാസങ്ങള്‍ക്കുമുമ്പാണ് ഈ ഹോട്ടല്‍ വാടക വ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്തി വന്നിരുന്നത്. ഹോട്ടല്‍ കെട്ടിടത്തിനു സമീപം പുറത്തായിരുന്നു ശൗചാലയം നിര്‍മിച്ചിരുന്നത്. കെട്ടിടനിര്‍മാണത്തിനായി അന്‍പത് അടിയോളം ഉയരത്തില്‍ മണ്ണ് അരിഞ്ഞു മാറ്റിയ കട്ടിങ് നിലനിന്നിരുന്നു. ഇവിടെ നിന്നാണ് ശൗചാലയത്തിനു മുകളിലേക്കു മണ്ണിടിഞ്ഞത്. സംഭവ സ്ഥലത്ത് ജനം തടിച്ചുകൂടിയതുമൂലം ദേശീയപാതയില്‍ ഏറെ നേരം ഗതാഗതവും സ്തംഭിച്ചു.
മരണത്തെ മുഖാമുഖം കണ്ടാണ് മണ്ണിനടിയില്‍ ഒന്നര മണിക്കൂറോളം തള്ളി നീക്കിയതെന്നു പറയുമ്പോഴും പ്രമീതയുടെ കണ്ണുകളില്‍ ഭീതിയുടെ നിഴലാട്ടം. ഇന്നലെ രാവിലെ ശൗചാലയത്തിനു മുകളിലേക്കു മണ്ണിടിഞ്ഞ് മണ്ണിനടിയില്‍ അകപ്പെട്ട വാഴയില്‍ ശ്രീജേഷിന്റെ ഭാര്യ പ്രമീത ആശുപത്രിക്കിടക്കയില്‍ കഴിയുമ്പോഴും തന്റെ രണ്ടാം ജന്മമാണിതെന്നാണ് ആശ്വസിക്കുന്നത്. ആറു മാസം മുമ്പാണ് ശ്രീജേഷും കുടുംബവും ടൗണിനു സമീപം അമ്പലപ്പടിയില്‍ തുരങ്കം ഹോട്ടല്‍ എന്നറിയപ്പെട്ടിരുന്ന ഭക്ഷണശാല വാടകയ്‌ക്കെടുത്ത് നടത്താന്‍ ആരംഭിച്ചത്. ഉച്ചവരെ പ്രമീതയും ഒരു ജീവനക്കാരിയുമാണ് കടയിലുള്ളത്. ഉച്ചയോടെ ഭര്‍ത്താവും അമ്മയും സഹായത്തിനെത്തും.
പതിവുപോലെ ഇന്നലെയും രാവിലെ കടയിലെത്തി. ഒന്‍പതരയോടെ ജീവനക്കാരിയോട് ശൗചാലയത്തില്‍ പോവുകയാണെന്നു പറഞ്ഞ് അകത്തു കയറി. നിമിഷങ്ങള്‍ക്കുള്ളിലാണ് വന്‍ ശബ്ദത്തോടെ അന്‍പത് അടിയോളം ഉയരത്തില്‍ നിന്നും മണ്ണിടിഞ്ഞ് കെട്ടിടത്തിനു മുകളില്‍ പതിച്ചത്. പ്രമീതയുടെ മുകളിലേക്ക് കോണ്‍ക്രീറ്റ് സ്ലാബും ഭിത്തിയും തകര്‍ന്നു വീണു. എന്തു ചെയ്യണമെന്നറിയാതെ അലറിക്കരയുകയായിരുന്നു ആദ്യ നിമിഷങ്ങളില്‍. അനങ്ങാന്‍ പോലുമാകാതെ മുട്ടുകുത്തിയ നിലയില്‍ ഒന്നര മണിക്കൂര്‍.
ഇതിനിടെ സമചിത്തത വീണ്ടെടുത്ത് ഒരു െകെ മാത്രം ചലിപ്പിച്ച് ഒരു വശത്ത് ചെറിയ ദ്വാരമുണ്ടാക്കി ശ്വാസം കിട്ടാന്‍ അവസരമൊരുക്കി. ദ്വാരത്തിലൂടെ െകെ പുറത്തേക്ക് നീട്ടി നിലവിളിച്ചു. സംഭവം അറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും പാഞ്ഞെത്തി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി ദ്വാരത്തിലൂടെ ഓക്‌സിജന്‍ ട്യൂബ് അകത്തേക്കു നല്‍കിയത് ആശ്വാസം പകര്‍ന്നു. ഇതിനിടെ വീണ്ടും മണ്ണിടിയാനുള്ള സാധ്യതയുണ്ടെന്ന് ആരൊക്കെയോ വിളിച്ചു പറയുന്നതു നേര്‍ത്ത ശബ്ദത്തില്‍ കേട്ടതോടെ പകുതി ജീവന്‍ പോയ നിലയിലായി. രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും മനസില്‍ കണ്ട് പ്രാര്‍ത്ഥനയോടെ മനഃശക്തി വീണ്ടെടുക്കുകയായിരുന്നെന്ന് പ്രമീത ഓര്‍മിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ വീണ്ടും പാകിസ്താന്‍ നീക്കം. ഗുജറാത്തിലെ അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശത്ത് വ്യോമതാവളം തുറന്നാണ് പാകിസ്താൻ പുതിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. ഗൂജറാത്തിലെ സൗരാഷ്ട്ര-കച്ച് മേഖലയ്ക്ക് സമീപമാണ് താവളം തുറന്നിരിക്കുന്നത്.
ഇന്ത്യയോട് ചേര്‍ന്ന് കിടക്കുന്ന പാകിസ്താന്റെ സിന്ദ് പ്രവശ്യയിലെ ഹൈദരാബാദ് ജില്ലയിലെ ഭോലാരിയില്‍ അത്യാധുനിക എയര്‍ ഫീല്‍ഡും തുറന്നിട്ടുണ്ട്. ഇവിടെ ചൈനയില്‍ വികസിപ്പിച്ചെടുത്ത ജെ.എഫ്-17 യുദ്ധവിമാനങ്ങള്‍ വിന്യസിക്കുമെന്നാണ് സൂചന.
വ്യോമതാവളം ഒരുങ്ങിയിട്ട് ഏറെ നാളായെങ്കിലും അടുത്തിടെയാണ് യുദ്ധവിമാനങ്ങള്‍ വിന്യസിക്കാന്‍ ആരംഭിച്ചത്. ഇന്ത്യന്‍ വ്യോമസേനയെ വെല്ലുവിളിക്കാന്‍ കൂടുതല്‍ ജെഎഫ്-17 വിമാനങ്ങള്‍ ഇവിടെ എത്തിക്കാനാണ് പാകിസ്താന്‍ നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്.
ജലമാര്‍ഗമുള്ള ആക്രമണങ്ങള്‍ക്ക് ലഷ്‌കര്‍ ഇ തയ്ബ ഭീകരര്‍ക്ക് പരീശലനം നല്‍കുന്നെന്ന ആരോപണമുള്ള പാക് നേവിയുടെ പ്രത്യേക ദൗത്യസേനയേയും ഇവിടെ വിന്യസിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണി വിവാദം ഒത്തുതീര്‍ക്കാന്‍ നീക്കം.പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിനോട് മാപ്പ് പറയാന്‍ ഒരുക്കമാണെന്ന് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിക്ത. അഭിഭാഷക തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സ്നിഗ്ധ മാപ്പ് പറയാന്‍ സന്നദ്ധത അറിയിച്ചത്.
എന്നാല്‍, യാതൊരുവിധ ഒത്തുതീര്‍പ്പിനും തയാറല്ലെന്നാണ് ഗവാസ്‌കറിന്റെ കുടുംബം പ്രതികരിച്ചതെന്നാണ് സൂചന. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഗാവാസ്‌കറിന്റെ അഭിഭാഷകന്‍ എഡിജിപിയുടെ മകളുടെ അഭിഭാഷകനെ അറിയിച്ചു.
ഈ കേസ് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തിലാണ് എഡിജിപിയുടെ മകള്‍ മാപ്പ് പറഞ്ഞ് തടി തപ്പാന്‍ ശ്രമിക്കുന്നത്. കേസ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തെളിവുകള്‍ സ്നിഗ്ധക്കെതിരാണെന്ന സൂചനകളുണ്ട്.
രാവിലെ വ്യായാമത്തിനായി എ.ഡി.ജി.പിയുടെ ഭാര്യയേയും മകള്‍ സ്നിക്തയേയും കനകക്കുന്നില്‍ കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം. തലേ ദിവസം സ്നിഗ്ധയുടെ കായിക പരിശീലകനുമായി ഗവാസ്‌കര്‍ സൗഹൃദ സംഭാഷണം നടത്തിയതില്‍ അനിഷ്ടം പ്രകടിപ്പിച്ച സ്നിഗ്ധ അപ്പോള്‍ മുതല്‍ ഗവാസ്‌കറിനെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തിരുന്നു.
രാവിലെ കനകക്കുന്നില്‍വച്ചും സ്നിഗ്ധ അസഭ്യം പറയല്‍ തുടര്‍ന്നു. ഇത് ഗവാസ്‌കര്‍ എതിര്‍ക്കുകയും അസഭ്യം പറയല്‍ തുടര്‍ന്നാല്‍ വാഹനം എടുക്കില്ലെന്നും പറഞ്ഞു. ഇതില്‍ പ്രകോപിതയായ സ്നിഗ്ധ ഗവാസ്‌കറിനോട് വാഹനത്തിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗവാസ്‌കര്‍ ഔദ്യോഗിക വാഹനം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ സ്നിഗ്ധ ഓട്ടോയില്‍ കയറി പോയി.
വീണ്ടും വാഹനത്തിനടുത്തേക്ക് തിരിച്ചെത്തിയ സ്നിഗ്ധ വാഹനത്തില്‍ മറന്നു വച്ച മൊബൈല്‍ ഫോണ്‍ എടുക്കുകയും ഗവാസ്‌കറിന്റെ അടുത്ത് വന്ന് പ്രകോപനമില്ലാതെ മൊബൈല്‍ വച്ച് കഴുത്തിന് താഴെ മുതുകിലായി ഇടിക്കുകയുമായിരുന്നു.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പോലീസുകാരെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥർ ദാസ്യപ്പണി ചെയ്യിക്കുകയാണെന്ന വിവരങ്ങൾ പുറത്തുവന്നതും നടപടിയിലേക്ക് നീങ്ങിയതും.
സോണി കെ. ജോസഫ്
വിദ്യാര്‍ത്ഥികള്‍ക്ക് കൃഷി സംബന്ധമായ കാര്യങ്ങള്‍ സൗകര്യപ്രദവും വേഗത്തിലും പഠിക്കാന്‍ സഹായിക്കുന്ന കൃഷി പഠനോപകരണ കിറ്റ് സ്വയം തയാറാക്കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആദിത്യ ജിനോ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ‘ബോട്ടണി ലാബ് ഫോര്‍ കിഡ്‌സ്’ എന്നാണ് കിറ്റിന്റെ പേര്. മാന്നാനം കെ.ഇ സ്‌ക്കുളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആദിത്യ ജിനോ. എങ്ങനെയാണ് വിത്ത് കിളിര്‍ത്തു വരുന്നത്, വളരാനായി ചെടികള്‍ക്ക് എന്തെല്ലാം വേണം, വിത്ത് പാകുന്നത്, ചെടികളുടെ നന, ചെടിയുടെ വേരുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്, ചെടികള്‍ വെളിച്ചം കിട്ടുന്ന ഭാഗത്തേക്കു വളരുന്നതെന്തുകൊണ്ട്, ചെടിയുടെ വേരും തൈയും കാഴ്ചയില്‍ എങ്ങനെയിരിക്കും തുടങ്ങിയവ പരീക്ഷണത്തിലൂടെ കുട്ടികള്‍ക്കു സ്വയം പഠിക്കാനാവുന്ന രീതിയിലാണ് കിറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ മണ്ണിനങ്ങള്‍, കൃഷികള്‍ ഏതെല്ലാം, കൃഷിക്കനുകൂലമായ കാലാവസ്ഥ, ഫലങ്ങള്‍ ഉണ്ടാകുന്ന സമയം തുടങ്ങിയ വിവരങ്ങളും പരീക്ഷണങ്ങള്‍ ചെയ്യേണ്ട രീതികള്‍ അടങ്ങിയ പുസ്തകവും ഏഴ് തരം വിത്തിനങ്ങളും, പരീക്ഷണങ്ങള്‍ക്കായുള്ള ചെറിയ പാത്രങ്ങള്‍, ഡ്രോപ്പര്‍, മരത്തവി, മണ്‍കുട്ട, മോണാ ബോക്‌സ് എന്നിവയും കിറ്റിലുണ്ടാകും. ഈ ആശയം ആദിത്യ തന്റെ പിതാവ് ഡോ. ജിനോ ശ്രീനിവാസയുമായി പങ്കുവെച്ചപ്പോള്‍ ഡോ.ജിനോ ആദിത്യയ്ക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നല്‍കി കൂടെ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കൃഷിയും അവയുടെ വിവരങ്ങളും ചേര്‍ത്ത് കുട്ടികള്‍ക്ക് പഠനോപകരണ കിറ്റ് തയാറാക്കാമെന്ന് ഇരുവരും ചേര്‍ന്ന് തീരുമാനിക്കുകയും ‘ബോട്ടണി ലാബ് ഫോര്‍ കിഡ്‌സ്’ എന്ന ആശയം വിദഗ്ധരുമായി ചര്‍ച്ചചെയ്തു നടപ്പാക്കുകയുമായിരുന്നു.
പിരമല്‍ ഹെല്‍ത്ത് സെന്ററുമായി ചേര്‍ന്നാണ് ഇപ്പോള്‍ കിറ്റിന് രൂപം നല്‍കിയിരിക്കുന്നത്. അബുദാബിയിലെ സ്‌ക്കുളില്‍ പഠിക്കുമ്പോള്‍ ജൂനിയര്‍ സയന്റിസ്റ്റ് എന്ന നിലയില്‍ ആദിത്യയ്ക്ക് യുഎസിലെ നാസയില്‍ പോകാന്‍ അവസരം കിട്ടിയിട്ടുണ്ട്. ആദിത്യ ജിനോയുടെ കൃഷിയെക്കുറിച്ച് കുട്ടികള്‍ക്ക് അറിവ് പകരുന്ന ഈ പഠനോപകരണ കിറ്റ് കേന്ദ്രമന്ത്രി കൃഷ്ണ രാജയ്ക്ക് കൈമാറി. മന്ത്രി കൃഷി വിജ്ഞാന കേന്ദ്രത്തിലെത്തിയപ്പോഴാണ് കിറ്റ് നല്‍കിയത്. മന്ത്രി എല്ലാ പിന്തുണയും ആദിത്യയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിലെ സ്‌കുളുകളില്‍ കൃഷിയുമായി ബന്ധപ്പെട്ട ഈ കിറ്റ് കുട്ടികളുടെ പ്രോജക്ടായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ജിനോ ശ്രിനിവാസയുടെയും മകന്‍ ആദിത്യയുടെയും ആഗ്രഹം.
മുംബൈ: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അത്ര നല്ല നിലയിലല്ലെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. താന്‍ ധനകാര്യ മന്ത്രിയല്ലല്ലോ എന്നായിരുന്നു ഇതിനോട് ചേര്‍ത്ത് അദ്ദേഹം പറഞ്ഞത്. എങ്കിലും എന്‍ഡിഎ സര്‍ക്കാരിന് വാഗ്ദാനങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ അഞ്ച് വര്‍ഷം കൂടി ആവശ്യമുണ്ടെന്നും സ്വാമി പറഞ്ഞു.
മുംബൈയില്‍ വിരാട് ഹിന്ദുസ്ഥാന്‍ സംഘം സംഘടിപ്പിച്ച ‘ഇന്ത്യാസ് ഗ്രാന്‍ഡ് നരേറ്റീവ്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പുരോഗതി വോട്ട് കൊണ്ടുവരാന്‍ പോകുന്നില്ല. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിജി തന്റെ സര്‍ക്കാരിന്റെ നേട്ടമായി ഇന്ത്യ തിളങ്ങുന്നു എന്ന കാമ്പയിന്‍ നടത്തി. പക്ഷേ അത് ഏറ്റില്ല, പരാജയപ്പെട്ടു. ഹിന്ദുത്വ അജണ്ടയിലൂന്നിയും അഴിമതിരഹിത ഭരണം വാഗ്ദാനം ചെയ്തതുമാണ് 2014 ലില്‍ ഇത്രയധികം സീറ്റ് കിട്ടാന്‍ സഹായിച്ചത്.
തുടര്‍ന്നും ഹിന്ദുത്വ അജണ്ട ബിജെപിയെ സഹായിക്കാന്‍ പോകുകയാണ്. 2014 ലില്‍ ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിച്ചുവെന്ന ഞാന്‍ പറയില്ല, പക്ഷേ ജനത്തെ മാനിച്ച് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം കൂടി വേണം അത് പൂര്‍ണമായും പാലിക്കാന്‍.
ഉദ്യോഗസ്ഥവൃന്ദം സര്‍ക്കാരിന്റെ നേട്ടങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അഴിമതി നടത്തിയതിന് ഇത്രയധികം പേര്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്. ചില പേരുകള്‍ പറയാമെന്ന് ഞാന്‍ ഉറപ്പ് നല്‍കിയിരുന്നു. പക്ഷേ പാര്‍ലമെന്റ് സമ്മേളനം നടക്കാന്‍ പോകുന്നതിനാല്‍ കോണ്‍ഗ്രസിന് അത് ആയുധം നല്‍കുമെന്നതിനാല്‍ തത്കാലം പേരുകള്‍ പറയുന്നില്ല. സമ്മേളനം കഴിഞ്ഞാല്‍ വാര്‍ത്താസമ്മേളനം നടത്തി പേരുകള്‍ പറയും-സ്വാമി കൂട്ടിച്ചേര്‍ത്തു
കൊച്ചി: താരസംഘടനയായ ‘അമ്മ’ ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെയാണെന്ന് വ്യക്തമാക്കി സംഘടന പ്രസിഡന്റ് മോഹന്‍ലാല്‍. ദിലീപ് സംഘടനയിലേക്ക് തിരിച്ചുവരുന്നില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ അദ്ദേഹം സംഘടനയ്ക്ക് പുറത്തുതന്നെയാണ്. ദിലീപിനെ അറസ്റ്റു ചെയ്ത സാഹചര്യത്തില്‍ പെട്ടെന്നെടുത്ത തീരുമാനമാണ് പുറത്താക്കല്‍. അന്ന് അങ്ങനെ ചെയ്തിരുന്നില്ലായിരുന്നുവെങ്കില്‍ അമ്മ പിളര്‍ന്നേനെ എന്നും മോഹന്‍ലാല്‍ എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അമ്മ ജനറല്‍ ബോഡി യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനം വിളിക്കാതിരുന്നത് തെറ്റായി പോയി. തിരക്കുകള്‍ മൂലമാണ് കഴിയാതിരുന്നത്. ഇന്നലെയാണ് നാട്ടില്‍ എത്തിയത്. വനിതകളെ കൂടുതല്‍ സംഘടനയില്‍ ഉള്‍പ്പെടുത്തണം എന്നാണ് നിലപാട്. സംഘടനയില്‍ ഒരു സിനിമയില്‍ പോലും അഭിനയിക്കാത്തവര്‍ ഉണ്ട്. അത് പാടില്ല. വര്‍ഷത്തില്‍ ഒരു സിനിമയില്‍ എങ്കിലും അവര്‍ അഭിനയിക്കണം. 488 അംഗങ്ങളില്‍ പകുതിയും സ്ത്രീകളാണ്. പുരുഷ മേധാവിത്വത്തിന്റെ ഇടമല്ല.
ഈ മാസം അവസാനമോ അടുത്ത മാസത്തിന്റെ തുടക്കത്തിലോ എക്‌സിക്യുട്ടീവ് വിളിക്കും. ദിലീപുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡബ്ല്യൂസിസി കത്ത് അയച്ചിരുന്നു. അടുത്ത എക്‌സിക്യുട്ടീവിന് ശേഷം അവരുമായി യോഗം വിളിക്കും. അവര്‍ക്ക് കൂടുതല്‍ എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ അതും ചര്‍ച്ച ചെയ്യും.
ദിലീപിനെ തിരിച്ചെടുത്തു എന്നതില്‍ തെറ്റിദ്ധാരണ ഉണ്ടായി. തനിക്ക് അറിയാവുന്ന കാര്യം വ്യക്തമാക്കാം. ദിലീപിനെ അറസ്റ്റു ചെയ്ത സാഹചര്യത്തില്‍ എന്തു ചെയ്യണമെന്ന് പോലും അറിയില്ല. പുറത്താക്കണം, സസ്‌പെന്റു ചെയ്ണം എന്നൊക്കെ അഭിപ്രായം ഉയര്‍ന്നു. അമ്മ പിളരുമെന്ന ഘട്ടം വരെ എത്തി. നിര്‍മ്മാതാക്കളുടെ സംഘടന ദിലീപിനെ പുറത്താക്കി എന്നു കണ്ടു. അതോടെയാണ് ദിലീപിനെ പുറത്താക്കിയത്. എന്നാല്‍ അതിന് സാധുതയില്ലെന്ന് പിന്നീട് ബോധ്യമായി.
അതോടെയാണ് ജനറല്‍ ബോഡിയില്‍ ചര്‍ച്ചയ്ക്ക് വന്നത്. എന്നാല്‍ യോഗത്തിനുണ്ടായിരുന്ന ആരും തീരുമാനത്തെ എതിര്‍ത്തില്ല. പിന്നീട് വിയോജിപ്പ് പ്രകടിപ്പിച്ചവര്‍ പോലും ഒരു വനിത പോലും എഴുന്നേറ്റ് എതിര്‍പ്പ് പറഞ്ഞില്ല. അന്ന് താന്‍ സംസാരിച്ചില്ല. മറ്റു പലരും സംസാരിച്ചതിനാല്‍ തനിക്ക് പിന്നീട് സംസാരിക്കേണ്ട കാര്യമുണ്ടായില്ല. ദിലീപ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടില്ലല്ലോ പിന്നെയെന്തിനാണ് പുറത്താക്കിയതെന്നും അംഗങ്ങളില്‍ നിന്ന് ചോദ്യമുയര്‍ന്നു. അതോടെയാണ് അന്നത്തെ തീരുമാനം മരവിപ്പിച്ചത്. ജനറല്‍ ബോഡിയില്‍ ആരെങ്കിലും എതിര്‍പ്പ് ഉന്നയിച്ചിരുന്നുവെങ്കില്‍ തീരുമാനം മറ്റൊന്നാകുമായിരുന്നു.
ദിലീപിനെ പുറത്താക്കിയതായി നിയമപരമായി അദ്ദേഹത്തെ അറിയിക്കുകയോ അദ്ദേഹത്തില്‍ നിന്ന് പ്രതികരണം ലഭിക്കുകയോ ചെയ്തിട്ടില്ല. അമ്മയിലേക്ക് വരുന്നില്ലെന്ന് ദിലീപ് കത്ത് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് ദിലീപ് സാങ്കേതികമായും നിയമപരമായും സംഘടനയ്ക്ക് പുറത്താണ്. സംഘടനയിലേക്ക് വരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞാല്‍ സംഘടനയ്ക്ക് അദ്ദേഹത്തിനും വേണ്ട. നാളെ തെറ്റുകാരനല്ലെന്ന് കണ്ടെത്തി അദ്ദേഹം തിരിച്ചെത്തിയാല്‍ സ്വീകരിക്കും. സത്യം എപ്പോഴായാലും തെളിയട്ടെ.
കേസില്‍ നിങ്ങള്‍ക്കൊക്കെ അറിയാവുന്നപോലെയെ തനിക്കും അറിവുള്ളു. അമ്മ ആ കുട്ടിയ്ക്ക് ഒപ്പമാണ്. അവര്‍ക്കുണ്ടായ ദുരനുഭവത്തില്‍ അമ്മയ്ക്ക് ദുഃഖമുണ്ട്. അമ്മ തുടക്കം മുതല്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. നടിക്ക് ഒപ്പമാണ് താനെന്ന് വ്യക്തമാക്കിയ മോഹന്‍ലാല്‍ അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതായും അറിയിച്ചു.
നടിക്ക് എല്ലാ സഹായവും അമ്മ നല്‍കുന്നുണ്ട്. അവരുടെ അവസരങ്ങള്‍ ഒരിക്കലും നിഷേധിച്ചിട്ടില്ല. അമ്മ അടുത്തിടെ മസ്‌ക്കറ്റിലെ പരിപാടിക്കു പോയപ്പോള്‍ പോലും അവരെ ക്ഷണിച്ചിരുന്നു. അവരുടെ അവസരങ്ങള്‍ ആരെങ്കിലും നിഷേധിച്ചു എന്ന് കാണിച്ച് തനിക്കോ സംഘടനയിലെ മറ്റാര്‍ക്കുമോ കത്ത് നല്‍കിയിട്ടില്ല. ആരോടെങ്കിലും പറഞ്ഞോ എന്നറിയില്ല. കത്ത് നല്‍കിയിരുന്നുവെങ്കില്‍ മറുപടി നല്‍കിയേനെ.
അമ്മയില്‍ നിന്നും രാജിവച്ചത് രണ്ട് വനിത അംഗങ്ങള്‍ മാത്രമാണ്. ഡബ്ല്യൂസിസി അംഗങ്ങളായ ഭാവനയും രമ്യാ നമ്പീശനും. അവരെ തിരിച്ചെടുക്കുമോ എന്ന് തനിക്ക് ഇപ്പോള്‍ പറയാനാവില്ല. തിരിച്ചെടുക്കണമെങ്കില്‍ അവര്‍ എന്തുകൊണ്ട് രാജിവച്ചു എന്നുകാണിച്ച് കത്ത് നല്‍കണം. ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്തശേഷമേ അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ. താന്‍ പറയുന്ന രീതിയില്‍ സംഘടന പ്രവര്‍ത്തിക്കണമെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായമാണ്. അതെല്ലാം പരിഗണിച്ചേ തീരുമാനമെടുക്കാന്‍ കഴിയൂ.
തിലകന്‍ തനിക്ക് പരാതി നല്‍കിയിട്ടില്ല. വിലക്ക് എന്നു പറയുന്ന സമയത്തുപോലും അദ്ദേഹം തങ്ങളുടെ കൂടെ സിനിമയില്‍ അഭിനയിച്ചു. ‘കിളിച്ചുണ്ടന്‍ മാമ്പഴം’ എന്ന സിനിമയുടെ കാലത്ത് അദ്ദേഹത്തിന് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. അദ്ദേഹത്തെ വടിയൂന്നി നടക്കുന്ന കഥാപാത്രമായി അവതരിപ്പിച്ചു. തിലകന്‍ മഹാനായ നടനാണ്. അദ്ദേഹത്തിനു വേണ്ടി കോടതിയില്‍ സാക്ഷിയായി വരെ താന്‍ പോയിട്ടുണ്ട്. മരിച്ചുപോയ ആളുടെ പേരില്‍ ഇനിയും വിവാദങ്ങള്‍ ഉണ്ടാക്കിയിട്ട് കാര്യമില്ല.
താരസംഘടന നടത്തിയ പരിപാടിയിലെ സ്‌കിറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തിലും ലാല്‍ മറുപടി നല്‍കി. സംഘടനയിലെ വനിതകള്‍ തന്നെ തയ്യാറാക്കിയ സ്‌കിറ്റ് ആണ്. ആരെയും മനഃപൂര്‍വ്വം കളിയാക്കാനോ അപമാനിക്കാനോ തയ്യാറാക്കിയതല്ല. ഡബ്ല്യൂസിസിയില്‍ നിരവധി കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
അമ്മയിലെ നേതൃത്വത്തിലേക്ക് വനിതകളെ കൊണ്ടുവരാന്‍ താല്‍പര്യമുണ്ട്. സംഘടന നേതൃത്വത്തിലേക്ക് വരാന്‍ പാര്‍വ്വതിക്ക് താല്‍പര്യമുണ്ടായിരുന്നുവെങ്കില്‍ അവര്‍ കത്ത് നല്‍കിയാല്‍ അത് പരിഗണിച്ചേനെ. സംഘടനയില്‍ പറയേണ്ട കാര്യങ്ങള്‍ അവിടെയാണ് പറയേണ്ടതെന്നും പുറത്ത് പറഞ്ഞിട്ട് കാര്യമില്ലെന്നും മോഹന്‍ലാല്‍ അറിയിച്ചു.
അമ്മയിലെ പ്രായമായ അംഗങ്ങള്‍ക്ക് കൈനീട്ടമായി 5000 രൂപ വീതം മാസം നല്‍കുന്നുണ്ട്. വീടില്ലാത്ത അംഗങ്ങള്‍ക്ക് വീട് വച്ച് നല്‍കും. ചികിത്സാ സഹായവും മരണപ്പെടുന്നവരുടെ കുടുംബത്തിന് സാമ്പത്തിക സഹായവും നല്‍കുന്നു. വീടില്ലാത്ത നിരവധി പേര്‍ക്ക് വീട് വച്ചുനല്‍കുന്നുണ്ട്. മറ്റ് നിരവധി ചാരിറ്റി പ്രവര്‍ത്തനവും നടത്തുന്നു. അത്തരമൊരു സംഘടന പിരിച്ചുവിടണമെന്ന് തനിക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.