ന്യൂഡല്‍ഹി: തന്ത്രപരമായി പ്രാധാന്യമുള്ള അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. അരുണാചലിലെ ടൂറ്റിംഗില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും വലിയ യുദ്ധേതര വിമാനമായ സി 17 ഗ്ലോബ്മാസ്റ്റര്‍ ഇറക്കിക്കൊണ്ടാണ് ഈ ദൗത്യത്തിന് തുടക്കമിട്ടിരിക്കുന്നത്. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന വ്യോമസേനാ കേന്ദ്രമാണ് ടൂറ്റിംഗ്. വന്‍മലകള്‍ക്കും ഇടുങ്ങിയ താഴ്‌വരകള്‍ക്കുമിടയിലുള്ള ഈ വ്യോമത്താവളം വിമാനങ്ങളുടെ ലാന്‍ഡിംഗിന് ഏറ്റവും വിഷമം പിടിച്ച പ്രദേശങ്ങളിലൊന്നാണ്. ചൈനയുടെ പ്രകോപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കമെന്ന് ശ്രദ്ധേയമാണ്.
ലാന്‍ഡിംഗിനെ ചരിത്രപരം എന്നാണ് വ്യോമസേന ട്വിറ്റര്‍ സന്ദേശത്തില്‍ വിശേഷിപ്പിച്ചത്. തന്ത്രപ്രാധാന്യമുള്ള മേഖലയില്‍ ഈ വിധത്തിലുള്ള പ്രകടനത്തെ തന്ത്രപരമായ കുതിച്ചുചാട്ടമാണെന്നും എയര്‍ഫോഴ്‌സ് വിശേഷിപ്പിക്കുന്നു. പരീക്ഷണ ലാന്‍ഡിംഗിനു ശേഷം 18 ടണ്‍ വസ്തുക്കളും സി17 വിമാനത്തില്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഈ വ്യോമത്താവളത്തില്‍ എത്തിച്ചു. അരുണാചലിലെ വെസ്റ്റ് സിയാങ് ജില്ലയിലെ മെചുകയിലുള്ള അഡ്വാന്‍ഡ്‌സ് ലാന്‍ഡിംഗ് ഗ്രൗണ്ട്‌സില്‍ 2016 നവംബറില്‍ സി17 വിമാനം ലാന്‍ഡ് ചെയ്തിരുന്നു.
ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെയാണ് മെചുക വ്യോമത്താവളം. 2013 മുതല്‍ പ്രവര്‍ത്തനരഹിതമായിരുന്ന മെചുക, ആലോ, സിറോ, ടൂറ്റിംഗ്, പാസിഘട്ട്, തേസു തുടങ്ങിയ വ്യോമത്താവളങ്ങള്‍ക്കൊപ്പം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. 1962ലെ ചൈനാ യുദ്ധത്തില്‍ മെചുക വ്യോമത്താവളം പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു. ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷനായ ദിബ്രുഗഡില്‍ നിന്ന് രണ്ട് ദിവസം യാത്ര ചെയ്താല്‍ മാത്രമേ മെചുകയില്‍ എത്താന്‍ സാധിക്കൂ.
കൊച്ചി: ഒരു വര്‍ഷം മുമ്പ് കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി പിറവം പെരിയപ്പുറം സ്വദേശി എണ്ണയ്ക്കാപ്പിള്ളില്‍ മിഷേല്‍ ഷാജി(18) യുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസ് നിയമസാധ്യത തേടി. മകളുടെ മരണം ആത്മഹത്യയാക്കി ചിത്രീകരിക്കുന്ന അന്വേഷണ സംഘത്തിന്റെ നടപടിയെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് ഷാജിയും ബന്ധുക്കളും.മിഷേലിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ആവര്‍ത്തിക്കുന്ന ബന്ധുക്കള്‍ സിബിഐ അന്വേഷണം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തി കൂടുതല്‍ സമഗ്രമായ അന്വേഷണം നടത്തിയാല്‍ മരണത്തിലെ ദുരൂഹത നീങ്ങുമെന്ന് ഷാജി പറയുന്നു. മിഷേലിന്റെ മരണം ആത്മഹത്യയാക്കി മാറ്റാനുള്ള വ്യഗ്രത തുടക്കം മുതലേ അന്വേഷണ സംഘത്തിനുണ്ടായിരുന്നതായി ഷാജി ആരോപിക്കുന്നു. കഴിഞ്ഞ മാര്‍ച്ച് 5 ന് എറണാകുളം കച്ചേരിപ്പടിയിലുള്ള ഹോസ്റ്റലില്‍ നിന്നും വൈകിട്ട് മിഷേലിനെ കാണാതാവുകയും പിറ്റേന്ന് വൈകിട്ട് മിഷേലിന്റെ മൃതദേഹം കൊച്ചി കായലില്‍ കണ്ടെത്തുകയുമായിരുന്നു. മകളെ കാണാതായതു മുതല്‍ മൃതദേഹം കണ്ടെത്തുന്നതു വരെയുള്ള മണിക്കൂറുകളില്‍ നടന്ന കാര്യങ്ങളാണു വെളിച്ചത്തു വരേണ്ടതെന്നു പിതാവ് ഷാജി പറയുന്നു. കൊച്ചി കായലില്‍ 22 മണിക്കൂര്‍ മൃതദേഹം കിടന്നതായാണു പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ മൃതദേഹത്തില്‍ യാതൊരുവിധ തകരാറും സംഭവിക്കാത്തതു മരണത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നതായി ഷാജി ചൂണ്ടിക്കാട്ടുന്നു.
22 മണിക്കൂറിലധികം സമയം വെള്ളത്തില്‍ കിടന്നിട്ടും തകരാര്‍ സംഭവിക്കാത്ത ഒരു മൃതദേഹമെങ്കിലുമുണ്ടോയെന്നു തങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ഷാജി പറയുന്നു. മിഷേലിന്റെ ജഡം കായല്‍ കരയിലെടുത്തുവച്ചപ്പോള്‍ മൃതദേഹത്തിന്റെ വയറ്റില്‍ പോലും വെള്ളം നിറഞ്ഞ് വീര്‍ത്തിട്ടില്ലായിരുന്നുവെന്നും പിതാവ് ചൂണ്ടിക്കാട്ടി. സാധാരണ ഗതിയില്‍ മണിക്കൂറുകള്‍ സമയം വെള്ളത്തില്‍ കിടക്കുന്ന മൃതശരീരം കടല്‍ ജീവികളുടെ ആക്രമണത്തിനു ഇരയാവാറുള്ളതായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടവര്‍ പറയുന്നുണ്ട്. കൊച്ചി കായലില്‍ പല രീതിയിലുള്ള മൃതദേഹം കണ്ടെത്തുന്ന മത്സ്യതൊഴിലാളികളുടെ അനുഭവജ്ഞാനം അന്വേഷണ സംഘം ഉപയോഗിക്കാത്തത് വലിയ വീഴ്ചയായി മാറിയെന്നും ഷാജിക്ക് ആക്ഷേപമുണ്ട്.
മിഷേലിന്റെ മൃതദേഹം കായലില്‍ നിന്നും കിട്ടിയതു മുതല്‍ അടക്കം ചെയ്യുന്നതു വരെയുള്ള ചിത്രങ്ങള്‍ തങ്ങളുടെ കൈവശമുണ്ട്. ഇതിന് സമാന രീതിയില്‍ മരണപ്പെട്ട വ്യക്തികളുടെ ചിത്രങ്ങളും പരിശോധിക്കുമ്പോള്‍ വൈരുദ്ധ്യം മനസിലാക്കാന്‍ കഴിയുമെന്നും ബന്ധുക്കള്‍ പറയുന്നു. മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലാതിരിക്കെ ഗോശ്രീ പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്‌തെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ വിചിത്രമാണ്. ശരീരത്തിലുണ്ടായിരുന്ന, വാച്ച്, ഷോള്‍, ബാഗ്, മൊബൈല്‍ ഫോണ്‍ മുതലായ വസ്തുക്കള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. ഇതെല്ലാം ഗോശ്രീ പാലത്തിലെ ഉയരത്തില്‍ നിന്നും കായലിലേക്ക് ചാടിയപ്പോള്‍ അപ്രത്യക്ഷമായെന്ന് എങ്ങനെ വിശ്വസിക്കുമെന്നും പിതാവ് ചോദിക്കുന്നു.
മാര്‍ച്ച് 5 ന് വൈകിട്ട് 6.10 ന് കലൂര്‍ പള്ളിയില്‍ നിന്നും ഇറങ്ങിയ മിഷേലിനെ നിരീക്ഷിക്കുന്ന ബൈക്ക് യാത്രികരെ ഇനിയും പിടികൂടിയിട്ടില്ലാത്ത സാഹചര്യത്തില്‍ മിഷേലിന്റെ മരണം ആത്മഹത്യ തന്നെയെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണ കാലയളവില്‍ തങ്ങള്‍ അക്കമിട്ട് സമര്‍പ്പിച്ച സംശയങ്ങളും ആശങ്കകളും മുഖവിലയ്ക്കുപോലും എടുത്തില്ലെന്ന് പിതാവ് ഷാജിയുടെ തുറന്നു പറച്ചിൽ. മിഷേലിന്റെ മരണം ഉയര്‍ത്തുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ നിയമപരമായ എല്ലാ സാധ്യതകളും തേടുമെന്നും പിതാവ് കൂട്ടിച്ചേർത്തു.
കരിക്കിനേത്ത് സില്‍ക്ക്‌സിന്റെ കോട്ടയം ഷോറൂം യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടി. ഇന്നലെ വരെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് ഇന്ന് രാവിലെ തുറക്കാതിരുന്നത്. മുന്നറിയിപ്പില്ലാതെ കടപൂട്ടിയ മാനേജ്‌മെന്റിന്റെ ക്രൂരതയ്‌ക്കെതിരെ സ്ഥാപനത്തിലെ 140 ഓളം ജീവനക്കാര്‍ സമരം ചെയ്യുകയാണ്. അടച്ചിട്ട കടയുടെ മുന്നില്‍ കുത്തിയിരുന്നാണ് ജീവനക്കാരുടെ സമരം.
സ്ഥാപനത്തിന് സാമ്പത്തിക പ്രാരാബ്ധങ്ങള്‍ ഉള്ളതായുള്ള സൂചനകള്‍ നേരത്തെ മാനേജ്‌മെന്റിന്റെ ഭാഗത്ത്‌നിന്ന് ഉണ്ടായിരുന്നെങ്കിലും കടപൂട്ടുമെന്ന കാര്യത്തില്‍ മുന്നറിയിപ്പോ നോട്ടീസോ മാനേജ്‌മെന്റ് ജീവനക്കാര്‍ക്ക് നല്‍കിയിരുന്നില്ല. ശമ്പളം, പിഎഫ് ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് നല്‍കാനുള്ള സാമ്പത്തിക ഇടപാടുകള്‍ മുടക്കം വരുത്തിയാണ് ഇപ്പോള്‍ ഷോറൂം അടച്ചു പൂട്ടിയിരിക്കുന്നത്. ഇന്ന് രാവിലെ ജോലിക്ക് വന്നപ്പോള്‍ മാത്രമാണ് കട അടച്ചിട്ടിരിക്കുകയാണെന്ന കാര്യം ജീവനക്കാര്‍ അറിയുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണിത്. ആദ്യ കാലങ്ങളില്‍ പിഎഫ് അടച്ചിരുന്നെങ്കിലും കഴിഞ്ഞ ഒന്നര വര്‍ഷമായി ജീവനക്കാരുടെ പിഎഫ് അടച്ചിരുന്നില്ല.
ഓര്‍ത്തഡോക്‌സ് സഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് കരിക്കിനേത്ത് സില്‍ക്ക് വില്ലാജിയോ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി സഭയ്ക്ക് വാടക നല്‍കിയിട്ടില്ല. വാടകയിനത്തില്‍ 15 ലക്ഷത്തോളം രൂപയാണ് കരിക്കിനേത്ത് സഭയ്ക്ക് നല്‍കാനുള്ളത്. ഇത്തരം സാമ്പത്തിക പ്രതിസന്ധികള്‍ കൂടി വന്നപ്പോഴാണ് ഷോറൂം അടച്ചത്.
തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഫലം മോഡി സര്‍ക്കാരിന്റെ പതനം ആരംഭിച്ചു കഴിഞ്ഞതിന്റെ സൂചനയെന്ന് പിണറായി വിജയന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ ജനവിധി വന്നതോടെ ബിജെപിയുടെ ഭരണത്തുടര്‍ച്ച എന്ന സ്വപ്നമാണ് അസ്തമിച്ചികരിക്കുന്നതെന്ന് പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.
അധികാരത്തിന്റെയും സമ്പത്തിന്റെയും വര്‍ഗീയതയുടെയും ആയുധങ്ങള്‍ കൊണ്ട് എക്കാലത്തും ജനവിധി നിര്‍മ്മിച്ചെടുക്കാന്‍ കഴിയില്ല എന്ന് ബിജെപിയെ പഠിപ്പിക്കുന്ന ഫലമാണത്. ജീര്‍ണ്ണ രാഷ്ട്രീയവും പാപ്പരായ നയങ്ങളും കൊണ്ട് കൂടുതല്‍ വലിയ നാശത്തിലേക്കു പോകുന്ന കോണ്‍ഗ്രസ്സിന്റെ ദയനീയമായ ചിത്രവും ഈ ഫലങ്ങളില്‍ തെളിഞ്ഞിരിക്കുന്നതെന്നും പിണറായി പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ബി ജെ പി ഭരണത്തില്‍ നിന്ന് കുതറി മാറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ജനതയുടെ വികാരത്തിന്റെ പ്രതിഫലനമാണ് ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പു ഫലം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഈ ജനവിധി വന്നതോടെ ബിജെപിയുടെ ഭരണത്തുടര്‍ച്ച എന്ന സ്വപ്നമാണ് അസ്തമിച്ചത്. രാജ്യം കാല്‍ക്കീഴിലാക്കാനുള്ള സംഘപരിവാര്‍ മോഹ പദ്ധതിയുടെ അടിത്തറ ഇളകിയിരിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്ന് ലക്ഷത്തിലേറെ ഭൂരിപക്ഷമുണ്ടായിരുന്ന രണ്ടു മണ്ഡലങ്ങളിലാണ് കനത്ത തോല്‍വി ഉണ്ടായത്.
മുഖ്യമന്ത്രി ആദിത്യനാഥ് അഞ്ചുവട്ടം ജയിച്ച ഗോരഖ്പുരില്‍ സമാജ്വാദി പാര്‍ടി 21,881 വോട്ടിനാണ് ജയിച്ചത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫൂല്‍പുരില്‍ സമാജ്വാദി പാര്‍ട്ടി 59,613 വോട്ടിന് ബിജെപിയെ തോല്‍പ്പിച്ചു. ബിജെപി ഭരണത്തെ നിലനിര്‍ത്തുന്നത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിമാരുടെ എണ്ണമാണ്. അതുകൊണ്ടാണ് മോഡി സര്‍ക്കാരിന്റെ പതനം തുടങ്ങിയെന്ന് പറയാനാവുന്നത്. എസ്പിയും ബിഎസ്പിയും ഒന്നിച്ചപ്പോഴാണ് ബിജെപിയെ തറപറ്റിക്കാനായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി കോണ്‍ഗ്രസ്സുമായി സഖ്യത്തിലായിരുന്നു. അന്ന് ദയനീയ പരാജയമാണ് ആ സഖ്യം ഏറ്റുവാങ്ങിയത്. കോണ്‍ഗ്രസിന് മത്സരിക്കാന്‍ 105 സീറ്റു നല്‍കി സഖ്യമുണ്ടാക്കിയ സമാജ്വാദി പാര്‍ട്ടി അന്ന് ഭരണത്തില്‍ നിന്ന് പുറത്തായി. കോണ്‍ഗ്രസിന് കിട്ടിയത് ഏഴു സീറ്റാണ്. ഇന്ന് കോണ്‍ഗ്രസ്സ് യു പി യില്‍ അതിലും ദയനീയമായ നിലയില്‍ എത്തിയിരിക്കുന്നു.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗോരഖ്പുരില്‍ കോണ്‍ഗ്രസിന് 4.39 % വോട്ടുകിട്ടിയിടത്ത് ഇപ്പോള്‍ 2.02 ശതമാനമാണ്. ഫൂല്‍പുരില്‍ 6.05ല്‍ നിന്ന് 2.65 ശതമാനത്തിലേക്കാണ് കോണ്‍ഗ്രസ്സ് ചുരുങ്ങിയത്. അറുപതു ശതമാനമാണ് വോട്ടു ചോര്‍ച്ച. ത്രിപുരയിലെന്നപോലെ കോണ്‍ഗ്രസ്സ് തുടച്ചു നീക്കപ്പെടുകയാണുണ്ടായത്. ബിജെപിയോടുള്ള എതിര്‍പ്പും കോണ്‍ഗ്രസ്സിനോടുള്ള വിപ്രതിപത്തിയുമാണ് യു പിയില്‍ ഒരേ സമയം പ്രകടമായത്. വര്‍ഗീയതയോടും ജനവിരുദ്ധ സാമ്പത്തിക നയങ്ങളോടും പൊരുത്തപ്പെടാന്‍ കഴിയില്ല എന്ന പ്രഖ്യാപനമാണത്.
അധികാരത്തിന്റെയും സമ്പത്തിന്റെയും വര്‍ഗീയതയുടെയും ആയുധങ്ങള്‍ കൊണ്ട് എക്കാലത്തും ജനവിധി നിര്‍മ്മിച്ചെടുക്കാന്‍ കഴിയില്ല എന്ന് ബിജെപിയെ പഠിപ്പിക്കുന്ന ഫലമാണത്. ജീര്‍ണ്ണ രാഷ്ട്രീയവും പാപ്പരായ നയങ്ങളും കൊണ്ട് കൂടുതല്‍ വലിയ നാശത്തിലേക്കു പോകുന്ന കോണ്‍ഗ്രസ്സിന്റെ ദയനീയമായ ചിത്രവും ഈ ഫലങ്ങളില്‍ തെളിഞ്ഞിരിക്കുന്നു. മഹാരാഷ്ട്രയിലും യുപിയിലും രാജസ്ഥാനിലും മറ്റും ഉയര്‍ന്നു വരുന്ന കര്‍ഷക പ്രക്ഷോഭങ്ങളും തൊഴിലാളികളുടെ ഉജ്ജ്വല മുന്നേറ്റങ്ങളും യു പിയിലെ ഉപതെരഞ്ഞെടുപ്പ് ഫലവും ഒരേ ദിശയിലേക്കുള്ള സൂചനയാണ് നല്‍കുന്നത്. ആര്‍എസ്എസ് നയിക്കുന്ന ബിജെപിയെയും അതിന്റെ ഭരണത്തെയും തൂത്തെറിയാന്‍ ഇന്ത്യന്‍ ജനത തയാറെടുക്കുകയാണ്. ആ ജനവികാരം ജനവിരുദ്ധ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അവശിഷ്ട കോണ്‍ഗ്രസ്സിന് എതിരുമാണ്. യു പി യില്‍ വിജയം നേടിയവരെ അഭിനന്ദിക്കുന്നു.
സിആര്‍ നീലകണ്ഠന്‍
മഹാരാഷ്ട്രയിലെ കര്‍ഷകസമരം ഉജ്ജ്വലമായി നടത്തി വലിയൊരു ജനസമൂഹത്തിന്റെ പിന്തുണ നേടുകയും ആഗോളതലത്തില്‍ വരെ പ്രശസ്തമാകുകയും ചെയ്ത അഖിലേന്ത്യ കിസാന്‍ സഭയും അതിന് നേതൃത്വം നല്‍കുന്ന സി.പി.ഐ(എം)ഉം അതിന്റെ എല്ലാ നേട്ടങ്ങളും കീഴാറ്റൂര്‍ എന്ന സ്വന്തം പാര്‍ട്ടി ഗ്രാമത്തില്‍ അവസാനിപ്പിച്ചിരിക്കുന്നു. ഭരണം കിട്ടുമ്പോള്‍ എല്ലാ പാര്‍ട്ടികള്‍ക്കും ഒരേ സ്വഭാവമാണ് എന്ന രൂപത്തിലുള്ള പൊതുതത്വം നമുക്കിവിടെ കാണാം. ഒരു തരി നെല്‍വയല്‍ പോലും നികത്താന്‍ അനുവദിക്കില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട്, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മെത്രാന്‍ കായലടക്കം നികത്താനുള്ള ശ്രമങ്ങളെ അപലപിച്ചുകൊണ്ട് അതിനെതിരായി പ്രചരണം നടത്തി വലിയ വിജയം നേടി അധികാരത്തിലെത്തിയവര്‍, കഴിഞ്ഞ രണ്ട് കൊല്ലമായി കേരളത്തിലെ നെല്‍വയല്‍ സംരക്ഷത്തിന് എന്ത് ചെയ്തു എന്ന ചോദ്യത്തിന് ഒരു ഉത്തരമില്ല. എന്നാല്‍ നെല്‍വയല്‍ എങ്ങിനെയും നികത്താന്‍ മടിക്കില്ല എന്ന് കാണിക്കുന്നതാണ് കീഴാറ്റൂരിലെ അവരുടെ പ്രകടനം.
സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ഒത്തുചേര്‍ന്നുള്ള ഈ രീതി നാം മുന്‍പ് നന്ദിഗ്രാമില്‍ കണ്ടതാണ്. പോലീസിന്റെ വേഷമിട്ട് ഡി.വൈ.എഫ്.ഐക്കാര്‍ വന്ന് വെടിവെച്ച് കൊന്നു നന്ദിഗ്രാമില്‍ എന്നാണ് അവിടുത്തെ കേസ്. ഇവിടെ അല്‍പ്പം വ്യത്യാസം വെടിവെപ്പിലേക്ക് എത്തിയില്ല എന്നുള്ളതാണ്. ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചാല്‍, അതിന് എതിര്‍പ്പ് ഉള്ള ആളുകളുടെ അഭിപ്രായം കേട്ടതിന് ശേഷം മാത്രമെ നടപടികളുമായി മുന്നോട്ട് പോകാവൂ എന്നാണ് നിയമം. പക്ഷെ അത്തരം നിയമങ്ങളൊന്നും പാര്‍ട്ടി ഗ്രാമങ്ങള്‍ക്ക് ബാധകമല്ല എന്നാതാണ് നാം ഇവിടെ കാണുന്നത്. കീഴാറ്റൂരിലെ വയല്‍ നികത്തി ദേശീയപാതയുടെ ബൈപാസ് പണിയണം എന്ന തീരുമാനം യഥാര്‍ത്ഥത്തില്‍ ഉണ്ടായത് സി.പി.ഐ.(എം)ല്‍ നിന്നാണ് എന്ന് വ്യക്തമാക്കുന്നു.
അവരുടെ പാര്‍ട്ടി ഗ്രാമത്തില്‍ ഇത്തരത്തില്‍ ഒരു കാര്യം ചെയ്യുമ്പോള്‍ ആരും അതിനെ ചോദ്യം ചെയ്യാന്‍ പാടില്ല. പക്ഷെ സജീവ പാര്‍ട്ടി പ്രവര്‍ത്തകരായ സഹോദരികളും സഹോദരന്മാരും, നോക്കൂ എല്ലാ അര്‍ത്ഥത്തിലും കര്‍ഷകതൊഴിലാളികളായി ഈ സമരത്തിന്റെ മുമ്പിലുണ്ട്. ജാനകിചേച്ചിയുടെ മുഖത്ത് നോക്കി നിങ്ങള്‍ വര്‍ഗ്ഗ സമരത്തിന് എതിരാണ് എന്ന് പറയാന്‍ ധൈര്യമുള്ള ഏത് ജയരാജനാണ് കണ്ണൂരുള്ളത്. പക്ഷെ ജയരാജന്‍ എന്തും ചോദിക്കും. ഇവിടെ വയല്‍ക്കിളികള്‍ എന്ന വയല്‍ സംരക്ഷിക്കാന്‍ വേണ്ടി നടത്തുന്ന ആ സമരത്തിനെ അടിച്ചമര്‍ത്താന്‍ എല്ലാ ആയുധങ്ങളും പ്രയോഗിക്കുന്ന കണ്ണൂരിലെ സി.പി.ഐ(എം)ഉം അതിനെ സഹായിക്കുന്ന സര്‍ക്കാരും പോലീസും ഒരു കാര്യം മനസ്സിലാക്കുക, ലോകത്ത് ഒരു സമരത്തെയും അടിച്ചമര്‍ത്താന്‍ അധികാരവര്‍ഗ്ഗത്തിന് കഴിയില്ല.
മരിക്കാന്‍ വരെ തയ്യാറായ സമരപ്രവര്‍ത്തകരെ അതിക്രൂരമായ മര്‍ദ്ദനത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി എന്നതിലൂടെ സമരം പരാജയപ്പെട്ടു എന്നാണോ നിങ്ങള്‍ മനസ്സിലാക്കുന്നത്. അവിടെ പോലീസ് അറസ്റ്റ് ചെയ്യുന്നത് നമുക്ക് മനസ്സിലാക്കാം, പക്ഷെ ഉടനെ തന്നെ പോലീസിനെ നോക്കി നിര്‍ത്തിക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമരപന്തലിന് തീയിടുമ്പോള്‍ നിങ്ങള്‍ തീയിടുന്നത് പി.കൃഷ്ണപ്പിള്ള മുതല്‍ ഈ രാജ്യത്ത് സൃഷ്ടിച്ച സമരത്തിന്റെ പാരമ്പര്യത്തിനാണ്. എ.കെ.ജിയുടെ പാരമ്പര്യം അവകാശപ്പെടുന്നവര്‍ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്കൊപ്പം നിന്നത് ശരി, എന്നാല്‍ കീഴാറ്റൂരിലെ സമരപ്പന്തല്‍ കത്തിക്കുമ്പോള്‍ അവരോര്‍ക്കണം, എ.കെ.ജി ഉണ്ടായിരുന്നുവെങ്കില്‍ ആ സമരപ്പന്തല്‍ അവിടെ ഉയരുമായിരുന്നില്ല എന്ന്, അല്ലെങ്കില്‍ അങ്ങിനെ ഉയര്‍ന്നിരുന്നുവെങ്കില്‍ ആ സമരപ്പന്തലില്‍ എ.കെ.ജി ഉണ്ടാകുമായിരുന്നു. ഇതിന് നിങ്ങള്‍ മറുപടി പറയേണ്ടി വരും. അത് ബംഗാളിലേയും ത്രിപുരയിലേയും പോലെയും ആണെങ്കില്‍ പോലും അത് ഉണ്ടായേ പറ്റൂ. കാരണം ഇനി നിങ്ങള്‍ക്ക് ജനങ്ങള്‍ മാപ്പ് തരില്ല
മുളന്തുരുത്തി: അന്ധനായ മുളന്തുരുത്തി അവിരാപ്പറമ്പില്‍ വാസുവിന് സിനിമാതാരവും എം.പി.യുമായ സുരേഷ് ഗോപിയുടെ സഹായമെത്തി. ജപ്തിഭീഷണിയിലായിരുന്ന വാസുവിന്റെ കുടുംബത്തിന്റെ കടം സുരേഷ് ഗോപി എം.പി. വീട്ടുകയായിരുന്നു. ബാങ്കില്‍ നിന്ന് 2009-ല്‍ എടുത്ത വായ്പയില്‍ ബാക്കിയുണ്ടായിരുന്ന ഒന്നര ലക്ഷം രൂപ വെള്ളിയാഴ്ച രാവിലെ സ്റ്റേറ്റ് ബാങ്ക് വഴി സുരേഷ് ഗോപി എം.പി. മുളന്തുരുത്തി സഹകരണ ബാങ്കിലെത്തിച്ചു. വാസുവിന്‍റെ ദുരവസ്ഥയെ കുറിച്ച് മാധ്യമങ്ങള്‍ വഴി അറിഞ്ഞ സുരേഷ് ഗോപി സഹായം നല്‍കുകയായിരുന്നു.
വീടുനിര്‍മിക്കാന്‍ മുളന്തുരുത്തി സഹകരണ ബാങ്കില്‍ നിന്ന് മുളന്തുരുത്തി അവിരാപ്പറമ്പില്‍ വാസുവും ഭാര്യ സാവിത്രിയും ചേര്‍ന്ന് 2009-ലാണ് വായ്പയെടുത്തത്. ഭാര്യ മരിച്ചതോടെ കുടുംബത്തിനു നേരിടേണ്ടി വന്ന കടുത്ത പ്രതിസന്ധികളില്‍ വായ്പാ തിരിച്ചടവു മുടങ്ങി. കുടിശ്ശിക കുന്നുകൂടിയതോടെ അന്ധനായ വാസുവും അവിവാഹിതയായ മകളും ജപ്തിഭീഷണിയിലായി. വീട് ബാങ്കുകാരെടുക്കുമെന്ന ഭീഷണിയില്‍ മാനസിക സമ്മര്‍ദത്തിലായി കുടുംബം. മാധ്യമ വാര്‍ത്തകളിലൂടെ വാസുവിന്റെയും കുടുംബത്തിന്റെയും കരളലിയിക്കുന്ന സ്ഥിതിയറിഞ്ഞ സുരേഷ് ഗോപി എം.പി. സഹായമെത്തിക്കാന്‍ മുന്നോട്ടു വരികയായിരുന്നു.
സുരേഷ് ഗോപി പണം എത്തിച്ച് നല്‍കിയതിനെ തുടര്‍ന്ന് ബാങ്കധികൃതര്‍ വീടിന്റെയും പുരയിടത്തിന്റെയും ആധാരം വാസുവിന്റെ വീട്ടിലെത്തി തിരിച്ചുനല്‍കി. മൊത്തം കടബാധ്യത ആയിരുന്ന രണ്ടര ലക്ഷം രൂപയില്‍ അന്‍പതിനായിരം രൂപ ബാങ്കധികൃതര്‍ ഇളവ് ചെയ്തു നല്‍കുകയും ചെയ്തു. പുറത്തുനിന്നാരെങ്കിലും ചെന്നാല്‍ ബാങ്കുകാര്‍ ജപ്തിക്കായി വന്നതാണെന്ന് ഭയപ്പെട്ടിരുന്ന കുടുംബം, വെള്ളിയാഴ്ച ബാങ്കില്‍ നിന്ന് ആധാരം തിരിച്ചുനല്‍കാനെത്തിയവരെ ആനന്ദാശ്രുക്കളോടെ മടക്കി.
ബാങ്ക് പ്രസിഡന്റ് സി.ജെ കുര്യാക്കോസ്, സെക്രട്ടറി വിജി കെ.പി, ഡയരക്ടര്‍ ബോര്‍ഡംഗം രതീഷ് കെ ദിവാകരന്‍, എന്നിവര്‍ ചേര്‍ന്ന് ആണ് വാസുവിനും കുടുംബത്തിനും ആധാരം തിരികെ നല്‍കിയത്. ബാങ്ക് സെക്രട്ടറിയായ വിജി കെ.പി. യുകെയില്‍ നടത്തിയിട്ടുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ യുകെ മലയാളികള്‍ക്ക് സുപരിചിതനാണ്. വിജി കെപി യുക്മയുടെ പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിലാണ് ശക്തമായ അടിത്തറയില്‍ വളര്‍ന്നു വന്ന യുക്മ യുകെ മലയാളികള്‍ക്കിടയില്‍ കൂടുതല്‍ ജനകീയമായിരുന്നത്.
ന്യൂഡല്‍ഹി: നയതന്ത്ര ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഡല്‍ഹിയില്‍ അധിക്ഷേപിക്കപ്പെടുകയാണെന്ന് ആരോപിച്ച് ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാകിസ്ഥാന്‍ തിരികെ വിളിച്ചു. പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ കാര്‍ പിന്തുടര്‍ന്ന് ചിലര്‍ അസഭ്യം പറഞ്ഞുവെന്ന്‌ന കഴിഞ്ഞ് ദിവസം പാകിസ്ഥാന്‍ പരാതിപ്പെട്ടിരുന്നു. വിഷയത്തില്‍ ഇന്ത്യ നടപടികളൊന്നും സ്വീകരിക്കാത്തതിനാല്‍ അഭിപ്രായ രൂപീകരണത്തിനാണ് ഹൈക്കമ്മീഷണര്‍ സൊഹെയ്ല്‍ മഹമൂദിനെ തിരികെ വിളിച്ചതെന്നാണ് പാക് വിശദീകരണം.
ഈ വിധത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥരെ വിളിക്കുന്നത് പതിവാണെന്നും പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പ് വരുത്തിയിട്ടുണ്ടെന്നുമാണ് ഇന്ത്യ പ്രതികരിച്ചത്. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പാകിസ്ഥാനില്‍ അപമാനിക്കപ്പെടുന്നത് പതിവ് സംഭവമാണ്. നയതന്ത്രപരമായാണ് തങ്ങള്‍ അതിനെ കൈകാര്യം ചെയ്യുന്നതെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നല്‍കുന്ന വിശദീകരണം.
പാകിസ്ഥാനി ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങളെന്ന പേരില്‍ കുറച്ചു ദിവസങ്ങളായി ചിത്രങ്ങളും വീഡിയോകളും പാക് ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തു വരുന്നുണ്ട്.
ന്യൂദല്‍ഹി: അമിത് ഷായുടെ മകന്‍ ജയ് ഷാ ദ വയറിനെതിരെ നല്‍കിയ അപകീര്‍ത്തി കേസില്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്തതിനു ശേഷം ജയ് ഷായുടെ കമ്പനിയുടെ ലാഭം ഗണ്യമായി വര്‍ദ്ധിച്ചുവെന്ന റിപ്പോര്‍ട്ടിനെതിരെ 2017 ഒക്ടോബറിലാണ് കേസ് ഫയല്‍ ചെയ്യപ്പെടുന്നത്. റിപ്പോര്‍ട്ട് നല്‍കിയ രോഹിണി സിങ്, സിദ്ധാര്‍ത്ഥ് വരദരാജ്, വേണു എന്നിവര്‍ക്കെതിരെയാണ് ജയ് ഷാ കോടതിയെ സമീപിച്ചത്.
എന്നാല്‍ ദ വയറിനെതിരെ നടക്കുന്ന എല്ലാ നിയമ നടപടിക്രമങ്ങളും നിര്‍ത്തിവെക്കണമെന്ന് കേസ് പരിഗണിക്കുന്ന ഗുജറാത്ത് ഹൈക്കോടതിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. നേരത്തെ തങ്ങള്‍ക്കെതിരായ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ദ വയര്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പക്ഷേ പരാതിയില്‍ കഴമ്പുണ്ടെന്ന് പറഞ്ഞ് കോടതി മാധ്യമ സ്ഥാപനം വിചാരണ നേരിടണമെന്ന് വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് വയര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
റോബര്‍ട്ട് വാദ്രയുമായി ബന്ധപ്പെട്ട ഡി.എല്‍.എഫ് അഴിമതിക്കേസ് പുറത്തുകൊണ്ടു വന്ന മാധ്യമ പ്രവര്‍ത്തകരിലൊരാളാണ് രോഹിണി സിങ്. കേസ് തള്ളണമെന്ന വയറിന്റെ ഹര്‍ജി ഏപ്രില്‍ 12ന് സുപ്രീം കോടതി പരിഗണിക്കും. നരേന്ദ്ര മോഡി അധികാരത്തിലെത്തി ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ ജയ് ഷായുടെ കമ്പനിയുടെ ലാഭം 16,000 മടങ്ങ് വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്ത വയറിന്റെ വാര്‍ത്ത വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് കാരണമായിരുന്നു.
മംഗളൂരു: ബിജെപിക്കെതിരെ ശക്തമായ നിലപാടുമായി തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജ്. ഒരു രാഷ്ട്രീയ കക്ഷിയിലും അംഗത്വം ഇല്ലെങ്കിലും കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മംഗളൂരു പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കര്യം വ്യക്തമാക്കിയത്.
മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ സംഘടനകള്‍ക്കെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചവരില്‍ പ്രധാനിയാണ് പ്രകാശ് രാജ്. ”ഒരു പാര്‍ട്ടിക്കുവേണ്ടിയും പ്രചാരണത്തിനിറങ്ങില്ല. എന്നാല്‍, വര്‍ഗീയത പടര്‍ത്തി രാജ്യത്തിനുതന്നെ അപകടമാകുന്ന കക്ഷിക്കെതിരെ പ്രചാരണം നടത്തും.” അദ്ദേഹം മംഗുളൂരുവില്‍ പറഞ്ഞു.
ഒരു ഹിന്ദു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയാല്‍ 10 മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരണമെന്ന് പറയുന്ന യോഗി ആദിത്യനാഥിനെയും ദളിതരെ നായകളോട് ഉപമിക്കുന്ന കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെയെയും നേതാക്കളായി കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി-സിനിമാസ് തീയേറ്റര്‍ ഭൂമി കയ്യേറിയല്ല നിര്‍മിച്ചതെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. ഭൂമി കയ്യേറ്റത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലാണ് ഭൂമി കയ്യേറ്റം നടന്നിട്ടില്ലെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചത്.
ദിലീപ്, തൃശൂര്‍ മുന്‍ കലക്ടര്‍ എം.എസ് ജയ എന്നിവരെ എതിര്‍ കക്ഷികളാക്കി പൊതുപ്രവര്‍ത്തകന്‍ പി.ഡി. ജോസഫ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് ഉത്തരവ്. തീയേറ്റര്‍ സമുച്ചയം നിര്‍മിക്കാന്‍ പുറമ്പോക്ക് ഭൂമി കയ്യേറിയിട്ടില്ലെന്നും അനധികൃത നിര്‍മാണം നടന്നിട്ടില്ലെന്നുമാണ് വിജിലന്‍സ് റിപ്പോര്‍ട്ട് പറയുന്നത്.
എന്നാല്‍ തീയേറ്ററിനു സമീപമുള്ള സ്വകാര്യ ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമി മാത്രമാണ് ചാലക്കുടി ഡി സിനിമാസിന്റെ കൈവശമുള്ളതെന്നും ക്ഷേത്രം അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് പരാതിയില്ലെന്നുമുള്ള ജില്ല സര്‍വേയറുടെ റിപ്പോര്‍ട്ട് പകര്‍ത്തിയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നത്.
സംസ്ഥാന രൂപവത്കരണത്തിന് മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ സ്ഥലം 2005ല്‍ എട്ട് ആധാരങ്ങളുണ്ടാക്കി ദിലീപ് കൈവശപ്പെടുത്തി എന്നായിരുന്നു ആരോപണം.