പുണെ: ആദ്യരാത്രിയില്‍ വധുവിന്റെ കന്യകാത്വം പരിശോധിക്കാന്‍ തീരുമാനിച്ച നാട്ടുപഞ്ചായത്തിന്റെ നടപടി ചോദ്യം ചെയ്ത യുവാക്കള്‍ക്ക് മര്‍ദ്ദനം. കഞ്ചര്‍ഭട്ട് ഗോത്രത്തിലാണ് കന്യകാത്വ പരിശോധനയെന്ന പ്രാകൃത നിയമം നിലനില്‍ക്കുന്നത്. പൂണെയിലെ പിംപ്രിയിയില്‍ അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയായ സ്റ്റോപ് ദ വി-റിച്വലിലെ അംഗങ്ങള്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. യുവാക്കളെ അക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
സ്റ്റോപ് ദ വി-റിച്വല്‍ കൂട്ടായ്മയിലെ പ്രവര്‍ത്തകരായ പ്രശാന്ത് അങ്കുഷ് ഇന്ദ്രേകറിനും സുഹൃത്തുക്കള്‍ക്കും നേരെയാണ് അക്രമം ഉണ്ടായത്. ഞായറാഴ്ച്ച രാത്രി ഒരു വിവാഹത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍. രാത്രി 9 മണിയോട വിവാഹച്ചടങ്ങുകള്‍ അവസാനിച്ചു, തുടര്‍ന്ന് നാട്ടു പഞ്ചായത്തിന് വിവാഹ നടന്ന കുടുംബം നല്‍കേണ്ട പണത്തിനെക്കുറിച്ചും കന്യകാത്വ പരിശോധനയെക്കുറിച്ചും ചര്‍ച്ച നടക്കുകയായിരുന്നു.
കന്യകാത്വ പരിശോധഘന ചടങ്ങുകളുടെ ഭാഗമാണെന്നും ഗ്രാമത്തിലെ ആചാരങ്ങളില്‍ പ്രധാനപ്പെട്ടതാണെന്നും ചിലര്‍ വാദിച്ചു. തുടര്‍ന്ന് അവിടെ നില്‍ക്കുകയായിരുന്ന തന്റെ സുഹൃത്തുക്കളോട് ഇനിയുമിവിടെ നില്‍ക്കുന്നതെന്തിനെന്ന് ചോദിച്ച് ഗ്രാമത്തിലെ ചിലര്‍ തട്ടിക്കയറി. പിന്നീട് അവരെ കയ്യേറ്റം ചെയ്തതോടെ താന്‍ ഇടപെട്ടു. അപ്പോള്‍ വധുവിന്റെ സഹോദരനടക്കമുള്ളവര്‍ ചേര്‍ന്ന് തന്നെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആക്രമണത്തിന് ഇരയായ ഇന്ദ്രേകര്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
കന്യകാത്വ പരിശോധന ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് കയ്യേറ്റവും മര്‍ദ്ദനവും നടന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ ഗണേഷ് ഷിന്‍ഡെ പറഞ്ഞു. കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: ശ്രീജീവിന്റെ മരണത്തില്‍ സിബിഐ നാളെ കേസ് രജിസ്റ്റര്‍ ചെയ്യും. സിബിഐ തിരുവനന്തപുരം യൂണിറ്റ് കേസ് അന്വേഷിക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങി.
ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കുന്നത് സംബന്ധിച്ച ഉത്തരവിന്റെ കരട് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചത്. തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ സമരപ്പന്തലിലെത്തി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനാണ് വിജ്ഞാപനം ശ്രീജിത്തിന് കൈമാറിയത്. വി.ശിവൻകുട്ടിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
മുഖ്യമന്ത്രി കുടുംബത്തിനു നൽകിയ ഉറപ്പുകൾ പാലിച്ചുവെന്ന് എം.വി.ജയരാജൻ പറഞ്ഞിരുന്നു. ആരോപണവിധേയർ നേടിയ സ്റ്റേ അവസാനിപ്പിക്കാൻ കോടതിയെ സമീപിച്ചിട്ടുണ്ട്. ശ്രീജിത്ത് സമരം അവസാനിപ്പിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സിബിഐ അന്വേഷണം തുടങ്ങിയാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് ശ്രീജിത്ത് പറഞ്ഞിരുന്നു. സംസ്ഥാന സർക്കാർ നടപടികളിൽ തൃപ്തിയില്ല. സർക്കാരിന് നേരത്തെ തന്നെ നടപടികളെടുക്കാമായിരുന്നു. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടായിരുന്നു സർക്കാരിന്റേത്. അന്വേഷണത്തിന്റെ നടപടികൾ ആരംഭിച്ചാൽ മാത്രമേ സമരം നിർത്തുകയുള്ളൂ. വിജ്ഞാപനം ഇറങ്ങിയതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു.
അടുത്തിടെ സമരത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലെ പ്രചാരണം ശക്തമായതോടെ ആയിരക്കണക്കിനു പേരാണ് പിന്തുണയുമായെത്തിയത്. സർക്കാരിനെതിരെയും പൊലീസിനെതിരെയുമുള്ള വിമർശനങ്ങൾ ശക്തമാകുകയും ചെയ്തിരുന്നു. കേസിൽ സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കോൺഗ്രസ് എംപിമാരായ ശശി തരൂരും കെ.സി.വേണുഗോപാലും കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിനെ സമീപിച്ചിരുന്നു. അന്വേഷണം നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു.
പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ 2014 മേയ് 21നാണ് നെയ്യാറ്റിൻകര കുളത്തൂർ വെങ്കടമ്പ് പുതുവൽ പുത്തൻവീട്ടിൽ ശ്രീജിവ് മരിച്ചത്. സ്റ്റേഷനിലെ സെല്ലിൽ കഴിഞ്ഞിരുന്ന ശ്രീജിവ് അടിവസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന വിഷം കഴിച്ചുവെന്നായിരുന്നു പൊലീസിന്റെ നിലപാട്. എന്നാൽ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവിനെ പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷംനല്‍കിയും കൊലപ്പെടുത്തിയെന്നാണു പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയത്.
കോട്ടയം: സുപ്രീം കോടതിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഹാദിയയുടെ പിതാവ് അശോകന്. ഹാദിയയുടെ വിവാഹം എന്‍ഐഎ അന്വേഷിക്കേണ്ടതില്ലെന്ന കോടതി നിരീക്ഷണത്തോട് യോജിക്കാനാവില്ലെന്ന് അശോകന് പറഞ്ഞു. പ്രായപൂര്‍ത്തിയായി എന്നു കരുതി ആരെയെങ്കിലും ബോംബ് വച്ച് കൊല്ലണമെന്നുണ്ടോ. തന്റെ മകള്‍ക്ക് നാളെ എന്തു സംഭവിക്കുമെന്നു അറിയില്ല. അതു കൂടി കണക്കാക്കി തീരുമാനം വേണമെന്നും അശോകന് പറഞ്ഞു.
ഹാദിയ-ഷെഫിന് ജഹാന് വിവാഹം എന്‍ഐഎ അന്വേഷിക്കേണ്ടതില്ലെന്ന് രാവിലെ കോടതി നിരീക്ഷിച്ചിരുന്നു. വിവാഹവും അന്വേഷണവും രണ്ടും രണ്ടാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. സ്വന്തം ജീവിതം തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ നിയമ സാധുത ചോദ്യം ചെയ്യാനാവില്ല. ആരുടെ കൂടെയാണോ ജീവിക്കേണ്ടതെന്ന് ഹാദിയക്ക് തന്നെ തീരുമാനിക്കാം. മാതാപിതാക്കള്‍ക്ക് ഒപ്പം ജീവിക്കണമെന്ന് പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെ നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
മാതാപിതാക്കളുടെ സംരക്ഷണയില്‍ നിന്ന് മോചിപ്പിച്ച് സേലത്ത് തുടര്‍പഠനം അനുവദിച്ചതിന് ശേഷമുള്ള വാദമാണ് ഇന്ന് കോടതിയില്‍ നടന്നത്. കഴിഞ്ഞ നവംബര്‍ ഇരുപത്തിയേഴിനാണ് സുപ്രീംകോടതി ഹാദിയയെ തുടര്‍പഠനത്തിന് കോയമ്പത്തൂരിലേക്ക് അയച്ചത്.
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍ഐഎക്ക് തിരിച്ചടി. ഹാദിയ-ഷെഫിന് ജഹാന് വിവാഹം എന്‍ഐഎ അന്വേഷിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്ന് ഹാദിയ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ എന്‍ഐഎക്ക് ഇടപെടനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ ഷെഫിന് ജഹാനുമായി ബന്ധപ്പെട്ട് എന്‍ഐഎ തുടരുന്ന അന്വേഷണം മുന്നോട്ടു കൊണ്ടു പോകാം.
വിവാഹവും അന്വേഷണവും രണ്ടും രണ്ടാണെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്വന്തം ജീവിതം തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ നിയമ സാധുത ചോദ്യം ചെയ്യാനാവില്ല. ആരുടെ കൂടെയാണോ ജീവിക്കേണ്ടതെന്ന് ഹാദിയക്ക് തന്നെ തീരുമാനിക്കാം. മാതാപിതാക്കള്‍ക്ക് ഒപ്പം ജീവിക്കണമെന്ന് പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയെ നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ ഹാദിയക്ക് കക്ഷി ചേരാമെന്നും വ്യക്തമാക്കിയ കോടതി ഫെബ്രുവരി 22ന് കേസ് വീണ്ടും പരിഗണിക്കും.
വേ ടു നിക്കാഹ് എന്ന വെബ് സൈറ്റ് വഴിയാണ് വിവാഹം നടന്നെതെന്ന ഷെഫിന് ജഹാന്റെ വാദം കള്ളമാണെന്ന് എന്‍ഐഎ കോടതിയില്‍ വാദിച്ചിരുന്നു. വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷമാണ് വേ ടു നിക്കാഹില്‍ ഷെഫിന് അക്കൗണ്ട് എടുത്തതെന്നും എന്‍ഐഎ കോടതിയില്‍ വാദിച്ചു. മാതാപിതാക്കളുടെ സംരക്ഷണയില്‍ നിന്ന് മോചിപ്പിച്ച് സേലത്ത് തുടര്‍പഠനം അനുവദിച്ചതിന് ശേഷമുള്ള വാദമാണ് ഇന്ന് കോടതിയില്‍ നടന്നത്. കഴിഞ്ഞ നവംബര്‍ ഇരുപത്തിയേഴിനാണ് സുപ്രീംകോടതി ഹാദിയയെ തുടര്‍പഠനത്തിന് കോയമ്പത്തൂരിലേക്ക് അയച്ചത്.
നാലു ബ്രാൻഡുകളിലുള്ള വെളിച്ചെണ്ണയ്ക്കു നിരോധനമേർപ്പെടുത്തി എറണാകുളം ഫുഡ് സേഫ്റ്റി അസി. കമ്മീഷണർ ഉത്തരവിറക്കി. കേര ഫൈൻ കോക്കനട്ട് ഓയിൽ, കേര പ്യൂവർ ഗോൾഡ്, ആഗ്രോ കോക്കനട്ട് ഓയിൽ, കുക്ക്സ് പ്രൈഡ് കോക്കനട്ട് ഓയിൽ എന്നീ നാല് ബ്രാൻഡുകളിലെ വെളിച്ചെണ്ണയ്ക്കാണു നിരോധനം.
വെളിച്ചെണ്ണയുടെ പരിശോധനാ ഫലം വിലയിരുത്തിയ ശേഷം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് – 2006 സെക്ഷൻ 36(3)(ബി) പ്രകാരം പൊതുജനാരോഗ്യം കണക്കിലെടുത്താണു നിരോധനമെന്ന് അസി. കമ്മീഷണർ അറിയിച്ചു.
കോട്ടയം: തിരുവല്ലയിൽ സ്കൂൾ വിദ്യാർഥിനിയുടെ മരണത്തിനു കാരണമായത് ഷോർട്ട് സർക്യൂട്ടെന്നു ബന്ധുക്കളുടെ മൊഴി. പെണ്‍കുട്ടി വേഷം മാറാൻ മുറിക്കുള്ളിൽ കയറി വാതിലടച്ച ശേഷം സ്വിച്ച് ഓണ്‍ ചെയ്തപ്പോൾ ഷോർട്ട് സർക്യൂട്ടുണ്ടായതിനേത്തുടർന്ന് തീപടരുകയായിരുന്നെന്നു കരുതുന്നതായാണ് വീട്ടുകാർ പോലീസിൽ മൊഴി നൽകിയത്. തിരുവല്ല മീന്തലക്കര തെങ്ങണാം കുളത്തിൽ ടി.കെ. അജിയുടെ മകളും മഞ്ഞാടി നിക്കോൾ സണ്‍ സിറിയൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയുമായ ടി.എ. അഭിരാമി (15) യാണ് ദാരുണമായി മരിച്ചത്.
തിങ്കളാഴ്ച രാവിലെ 10.45 നായിരുന്നു സംഭവം. വിദ്യാഭ്യാസ ബന്ദായിരുന്നതിനാൽ സ്കൂളിൽ പോയ വിദ്യാർഥിനി തിരികെ വീട്ടിലെത്തിയിരുന്നു. എന്നാൽ വീണ്ടും സ്പെഷൽ ക്ലാസിനായി സ്കൂളിലെത്താൻ അധ്യാപിക ഫോണിലൂടെ ആവശ്യപ്പെട്ടതനുസരിച്ച് വേഷം മാറാൻ മുറിക്കുള്ളിൽ കയറി വാതിലടച്ചതിനു പിന്നാലെ തീ പടരുകയായിരുന്നു. സംഭവസമയം വീട്ടിലുണ്ടായിരുന്ന മാതാവ് സുധയുടെയും ഏക സഹോദരൻ അഭിജിത്തിന്റെയും നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും വീടിന്റെ മേൽക്കൂര ഉൾപ്പെടെ കത്തിയമർന്നു താഴേക്കു പതിച്ചു.
ഉടൻ തന്നെ തിരുവല്ല ഫയർ ഫോഴ്സ് യൂണിറ്റെത്തി തീയണച്ച ശേഷം വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറിയപ്പോഴേക്കും വീടിന്റെ കത്തിയമർന്ന മേൽക്കൂരയ്ക്ക് അടിയിൽ അഭിരാമി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മീന്തലക്കര പരുത്തിക്കാട്ടിൽ ഉണ്ണൂണ്ണിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ കഴിഞ്ഞ ആറ് വർഷമായി നഗരത്തിലെ ചുമട്ടു തൊഴിലാളിയായ അജിയും കുടുംബവും വാടകയ്ക്ക് താമസിച്ചു വരികയാണ്. അതേസമയം, മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തതിൽ പെണ്‍കുട്ടിയുടെ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയതിന്റെ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.
ന്യൂഡല്‍ഹി: ഡാര്‍വിന്റെ പരിണാമ സിദ്ധാതം മിത്താണെന്ന് പറഞ്ഞ കേന്ദ്ര മന്ത്രിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് തമിഴ് സിനിമാ താരം പ്രകാശ് രാജ്. കേന്ദ്രമന്ത്രി സത്യപാല്‍സിങിന്റെ അഭിപ്രായത്തെയാണ് പ്രകാശ് രാജ് ട്വിറ്ററിലൂടെ പരിഹസിച്ചത്. കുരങ്ങന് മനുഷ്യനാവുന്നതിന് ആരും സാക്ഷ്യം വഹിച്ചിട്ടില്ലന്നെും അതിനാല്‍ തന്നെ പരിണാമ സിദ്ധാന്തം തെറ്റെന്നുമായിരുന്നു മന്ത്രിയുടെ വാദം.
കുരങ്ങന് മനുഷ്യനാവുന്നതിന് തെളിവില്ലെന്ന പറഞ്ഞ മന്ത്രിക്ക് മനുഷ്യന് കുരങ്ങനാവുന്നതും ശിലായുഗത്തിലേക്ക് കൊണ്ടു പോകുന്നതും നിഷേധിക്കാനാവുമോ എന്നാണ് പ്രകാശ് രാജ് ട്വിറ്ററിലൂടെ ചോദിച്ചത്. നേരത്തെ വിഷയത്തില്‍ സോഷ്യല്‍ മീഡിയകളില്‍ കേന്ദ്രമന്ത്രി സത്യപാല്‍സിങിനെതിരെ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്.
‘കുരങ്ങന് മനുഷ്യനാവുന്നത് നമ്മുടെ പൂര്‍വ്വികര്‍ കണ്ടിട്ടില്ലെന്ന് മന്ത്രി പറയുന്നു. പക്ഷെ പ്രിയപ്പെട്ട സാറെ, വിപരീത കാര്യത്തിനാണ് നമ്മള് സാക്ഷ്യം വഹിക്കുന്നതെന്ന കാര്യം താങ്കള്‍ക്ക് നിഷേധിക്കാനാവുമോ. അതായത് മനുഷ്യന് കുരങ്ങനായി പരിണമിക്കുകയും ഭൂതകാലം ചികഞ്ഞ് ശിലാ യുഗത്തിലേക്ക് നമ്മെ കൊണ്ടു പോവുകയും ചെയ്യുകയാണ്’, പ്രകാശ് രാജ് തന്റെ ട്വിറ്ററില്‍ കുറിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബിന്‍ ലാദന് എന്നറിയപ്പെടുന്ന കൊടും ഭീകരന് അബ്ദുള്‍ സുബ്ഹാന് ഖുറേഷിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്ഫോടന പരമ്പരയുള്‍പ്പെടെ രാജ്യത്ത് നടന്ന നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഇയാളാണെന്ന് പൊലീസ് പറഞ്ഞു. രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിലാണ് ഇയാളെ പിടികൂടാനായത്. ഇന്ത്യന്‍ മൂജാഹിദ്ദീന്‍ എന്ന ഭീകരവാദ സംഘടനയുടെ സഹസ്ഥാപകനും കൂടിയാണ് ഇയാള്‍.
2008 ജൂലൈയിലും സെപ്റ്റംബറിലുമായാണ് 56 പേരുടെ ജീവനെടുത്ത ഗുജറാത്ത് സ്ഫോടന പരമ്പര നടന്നത്. 21 സ്ഫോടനങ്ങളിലായി 200ല്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ മുജാഹിദീന്‍ സംഘടനയ്ക്ക് വേണ്ടി ബോംബ് നിര്‍മ്മിച്ചു നല്കുന്നവരില് പ്രധാനിയാണ് ഖുറേഷി. 2007നും 2008നും ഇടയില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ജയ്പൂര്‍, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലെ ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ഇന്ത്യന്‍ മുജാഹിദീന്‍ രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ഭീകര സംഘടനകളില്‍ ഒന്നാമതാണ്.
നേരത്തെ ഖുറേഷിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍.ഐ.എ നാല് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സിമിയുമായി അടുത്ത ബന്ധമുള്ള ഖുറേഷി കേരളത്തില്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. വാഗമണ്ണില്‍ നടന്ന സിമിയുടെ രഹസ്യ ക്യാംപില്‍ ഇയാള്‍ പങ്കെടുത്തതായാണ് വിവരം.
ന്യൂഡല്‍ഹി: ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്താനുള്ള പാക്-ചൈനീസ് ഹാക്കര്‍മാരുടെ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍ സൈന്യം. ഒരു സൈനിക ഉദ്യോഗസ്ഥനും കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ജവാനും ചേര്‍ന്നാണ് സൈബര്‍ ആക്രമണം നടത്താനുള്ള പാക്-ചൈനീസ് ഹാക്കര്‍മാരുടെ നീക്കത്തെ തകര്‍ത്തത്. ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടുള്ള അക്കൗണ്ടുകളില്‍ കടന്നു കയറാന്‍ ശ്രമം നടക്കുന്നതായി മനസ്സിലാക്കിയ സൈനികന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ഹാക്കിംഗ് ശ്രമം പരജയപ്പെടുത്താനായത്.
തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈനയില്‍ നിന്നും പാകിസ്ഥാനില്‍ ഇത്തരം ശ്രമങ്ങള്‍ നിരന്തരം നടക്കുന്നതായിട്ടാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഹാക്കിംഗ് ശ്രമം മനസ്സിലാക്കിയ സൈനികന് മറ്റോരു റിട്ടയര്‍ഡ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ഹാക്കര്‍മാരെ തുരത്തിയത്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത് വിശിഷ്ടസേവാ മെഡല്‍ നേടിയ ജവാനാണ് ഉദ്യോഗസ്ഥന്റെ സഹായത്തിന് എത്തിയത്. ഇരുവരുടെയും പേരുവിവരങ്ങള്‍ സൈനിക വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇലക്ട്രിക്കല്‍ ഗ്രിഡുകള്‍ വിഛേദിക്കാനും ഇന്റര്‍നെറ്റ് ബന്ധം താറുമാറാക്കാനും ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് വന്‍ തോതില്‍ പണം തട്ടിയെടുക്കാനും ഹാക്കര്‍മാര്‍ ശ്രമിച്ചുവരികയായിരുന്നു.
ജമ്മു അതിര്‍ത്തിയില്‍ പാകിസ്ഥാന് നിരന്തരം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലുണ്ടായ സൈബര്‍ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ മലയാളി ജവാന് ഉള്‍പ്പെടെ 8 പേര്‍ക്കാണ് ജീവന് നഷ്ടമായത്. പ്രശ്ന ബാധിത മേഖലയില്‍ നിന്ന് നിരവധി പേരെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്.
കൊച്ചി: പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന എന്റെ പ്രിയപ്പെട്ട കുഞ്ഞനുജത്തിക്ക് എല്ലാ മംഗളാശംസകളും നേരുന്നു.. സ്നേഹത്തോടെ സിദ്ദിഖ് എന്നാണ് ഫേസ്ബുക്കില്‍ സിദ്ദിഖ് എഴുതിയിരിക്കുന്നത്.
ഇന്ന് വിവാഹിതയായ നടി ഭാവനയ്ക്കും നവീനും ആശംസകള്‍ നേര്‍ന്ന് നടന് സിദ്ദിഖ്. പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന എന്റെ പ്രിയപ്പെട്ട കുഞ്ഞനുജത്തിക്ക് എല്ലാ മംഗളാശംസകളും നേരുന്നുവെന്ന് സിദ്ദിഖ് ഫേസ്ബുക്കില്‍ കുറിച്ചു.
ഏറെ അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ ഇന്ന് രാവിലെയാണ് നടി ഭാവന വിവാഹിതയായത്. കന്നഡ നിര്‍മ്മാതാവ് നവീന്‍ ആണ് വരന്. രാവിലെ 9.30 നും 10നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്. തിരുവമ്ബാടി ക്ഷേത്രത്തില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ഇരുവരുടെയും കുടുംബത്തിലെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്നു ബന്ധുക്കള്‍ക്കായുള്ള വിരുന്ന് ജവഹര്‍ലാല്‍ കണ്വെന്ഷന് സെന്ററില്‍ നടന്നു.
ചലച്ചിത്ര മേഖലയില്‍ നിന്നും മഞ്ജു വാര്യര്‍, രമ്യ നമ്ബീശന്‍, നവ്യ നായര്‍, ലെന, മിയ, മിഥുന്, സിദ്ദിഖ്, ഭാഗ്യ ലക്ഷ്മി, ശരണ്യ മോഹന്‍ തുടങ്ങിയവര്‍ റിസെപ്ഷനില്‍ പങ്കെടുത്തു. സിനിമയിലെ സുഹൃത്തുക്കള്‍ക്കായി ലുലു കണ്വെന്ഷന് സെന്റരില്‍ റിസപ്ഷെന്‍ നടത്തും. ലുലു കണ്വന്ഷന് സെന്ററില്‍ നടക്കാനിരിക്കുന്ന റിസെപ്ഷനില്‍ സിനിമാ മേഖലയില്‍ നിന്നുള്ള പല പ്രമുഖരേയും ക്ഷണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.