India

നടിയെ ആക്രമിച്ച കേസിലെ ദ്യശ്യങ്ങള്‍ വീണ്ടും പരിശോധിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിനു ഹൈക്കോടതിയുടെ വിമര്‍ശനം. ദൃശ്യങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ ആരോ കണ്ടിട്ടുണ്ടെന്നും അത് വ്യക്തമാവാന്‍ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിനെതിരെ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. സര്‍ക്കാരിന്റെയും അതിജീവിതയുടേയും ഹര്‍ജികള്‍ ജസ്റ്റിസ് ബച്ചു കുരിയന്‍ തോമസാണ് പരിഗണിച്ചത്.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നും എന്നാല്‍ ദൃശ്യങ്ങള്‍ അടങ്ങിയ ക്ലിപ്പിങ്ങുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിന്നെയെങ്ങനെ ദൃശ്യം ചോര്‍ന്നെന്ന് പറയാനാകുമെന്ന് കോടതി ആരാഞ്ഞു. വിചാരണക്കോടതിയെ ആക്രമിക്കുന്നതു നോക്കി നില്‍ക്കാനാകില്ലെന്നു പറഞ്ഞ കോടതി, വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്നും ചോദിച്ചു.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നു പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു. ഇതില്‍ അന്വേഷണം ആവശ്യപ്പെടാന്‍ അവകാശമുണ്ട്. പരിശോധനയയ്ക്കു രണ്ടോ മൂന്നോ ദിവസം മതിയെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജൂലൈ 15 വരെ സമയമുണ്ടെന്നും ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.

മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തുവെന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കോടതി ആരാഞ്ഞു.ദൃശ്യം ചോര്‍ത്തിയത് ആരാണെന്ന് അറിയണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. കോടതിയിലുള്ളത് തന്നെ പീഡിപ്പിക്കുന്ന ദൃശ്യമാണ്. അതു പുറത്ത് പോയാല്‍ എന്റെ ഭാവി എന്താകും? കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യം ആരോ പരിശോധിച്ചു. അതില്‍ അന്വേഷണം വേണമെന്നും അതിജീവിത ആവശ്യപ്പെട്ടു.

എന്നാല്‍, മെമ്മറി കാര്‍ഡില്‍നിന്ന് ദൃശ്യം ചോര്‍ന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കോടതി അതിജീവിതയോട് വ്യക്തമാക്കി. കേസില്‍ വാദം നാളെയും തുടരും. വിചാരണക്കോടതിയില്‍ ഹാജരാക്കിയ ഫോറന്‍സിക് പരിശോധനാ ഫലം പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി വൃക്ക കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കാന്‍ കാലതാമസമെടുത്തിട്ടില്ലെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അനസ്. പോലീസ് സംരക്ഷണത്തോടെയാണ് വൃക്ക തിരുവനന്തപുരത്ത് എത്തിച്ചതെന്നും അനസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ ഗുരുതര അനാസ്ഥയെ തുടര്‍ന്ന് ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ചുവെന്നാണ് ആരോപണം.

വൃക്ക തകരാറിലായ രോഗിക്ക് മസ്തിഷ്‌കമരണം സംഭവിച്ച ആളില്‍നിന്ന് എടുത്ത വൃക്കയുമായി എറണാകുളത്തുനിന്നാണ് കൃത്യസമയത്ത് എത്തിയത്. എന്നാല്‍, ശസ്ത്രക്രിയ മണിക്കൂറുകള്‍ വൈകി. പിന്നീട് ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി മരിച്ചു.

എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് എറണാകുളത്തെ ആശുപത്രിയില്‍നിന്ന് തിരിച്ചത്. രണ്ട് ഡോക്ടര്‍മാരും കൂടെയുണ്ടായിരുന്നു. വൈകുന്നേരം അഞ്ചരയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തി. എത്തിയ ഉടന്‍ അവയവുമായി അവര്‍ കയറിപ്പോയി.

പിന്നീടാണ് ശസ്ത്രക്രിയ വൈകിയതും രോഗി മരിച്ചതുമറിഞ്ഞത്. കേട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. ഞാനും കൂടെയുണ്ടായിരുന്നവരും പോലീസുകാരും ആംബുലന്‍സ് അസോസിയേഷന്റെ ആള്‍ക്കാരുമെല്ലാം ഏറെ പണിപ്പെട്ടാണ് കൃത്യസമയത്ത് അവയവം സുഗമമായി തിരുവനന്തപുരത്ത് എത്തിച്ചത്. ഇതിന് മുന്‍പും അവയവം എത്തിക്കാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടിരുന്നെങ്കിലും ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും അനസ് പ്രതികരിച്ചു.

കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ എഐവൈഎഫ് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിലുണ്ടായ കല്ലേറിൽ പരിക്കേറ്റ് ചോരയൊലിപ്പിച്ച് പുഞ്ചിരിയോടെ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ നിറഞ്ഞത്. പത്തനംതിട്ട ഡിവൈ.എസ്.പി. ഓഫീസിലെ സിവിൽ പോലീസ് ഓഫീസർ എം.എസ്. അജിത്താണ് തന്റെ വേദന ഒരു ചിരിയിലൊതുക്കിയത്.

തിരുവനന്തപുരം പാലോട് സ്വദേശിയാണ് അജിത്. ചുണ്ടിനും കവിളിനും പരിക്കേറ്റ അജിത്തിന് പത്തുദിവസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. ഇപ്പോൾ വൈറലാകുന്ന ചിരിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തുകയാണ് അജിത്ത്

അജിത്തിന്റെ വാക്കുകൾ;

‘ സംഘർഷമൊന്നുമുണ്ടാകാൻ സാധ്യതയില്ലാത്ത മാർച്ചെന്നാണ് കരുതിയിരുന്നത്. പോലീസിന്റെ ഭാഗത്തുനിന്നു യാതൊരു പ്രകോപനവുമുണ്ടായതുമില്ല. പ്രതിഷേധക്കാരിൽ ചിലർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി കല്ല് മുഖത്തുപതിച്ചത്.

കല്ലേറുകൊണ്ടെങ്കിലും ആരെയും ആദ്യമറിയിക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു. എന്നാൽ, എന്റെ മുഖത്ത് ചോര നിറയുന്നതുകണ്ട് പത്രഫോട്ടോഗ്രാഫർ ചിത്രം പകർത്തുകയായിരുന്നു. ചോരയൊലിക്കുന്നതുകണ്ട് എ.ഐ.വൈ.എഫ്. നേതാക്കളും അമ്പരന്നു. സഹതാപത്തോടെയായിരുന്നു അവരുടെ നോട്ടം. എന്തിനാണ് കല്ലേറുണ്ടായതെന്ന അമ്പരപ്പിലായിരുന്നു അവരും. അതുതന്നെയോർത്താണ് ഞാനും ചിരിച്ചുപോയത്.”

വരനായ എം.എൽ.എ. വിവാഹത്തിന് എത്താതെ വഞ്ചിച്ചെന്ന പരാതിയുമായി പ്രതിശ്രുത വധു. ഒഡീഷയിലെ ബി.ജെ.ഡി. എം.എൽ.എയായ ബിജയ് ശങ്കർ ദാസിനെതിരെയാണ് യുവതി പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.ജൂൺ 17-ാം തീയതി സബ് രജിസ്ട്രാർ ഓഫീസിൽവെച്ച് വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നതാണെന്നും എന്നാൽ വരനും ബന്ധുക്കളും വിവാഹത്തിന് എത്തിയില്ലെന്നും ഇവർ പരാതിയിൽ ആരോപിക്കുന്നു.

നിശ്ചയിച്ച ദിവസം യുവതിയും ബന്ധുക്കളും സബ് രജിസ്ട്രാർ ഓഫീസിൽ എത്തിയിരുന്നു. എന്നാൽ മൂന്നുമണിക്കൂറോളം കാത്തിരുന്നിട്ടും വരനായ എം.എൽ.എയോ കുടുംബമോ എത്തിയില്ല. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതിനും ഉപദ്രവിച്ചതിനുമാണ് എം.എൽ.എക്കെതിരേ പ്രതിശ്രുത വധു പരാതി നൽകിയിരിക്കുന്നത്. എം.എൽ.എയെ അദ്ദേഹത്തിന്റെ അമ്മാവനും ബന്ധുക്കളും തടങ്കലിലാക്കിയിരിക്കുകയാണെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.

പ്രതിശ്രുധ വരനെ നിരവധി തവണ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ബന്ധുക്കൾ തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മേയ് 17-ാം തീയതിയാണ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയത്.

അതേസമയം, പ്രതിശ്രുത വധുവിന്റെ ആരോപണങ്ങൾ നിഷേധിച്ച് എംഎൽഎ രംഗത്ത് വന്നു. യുവതിയുടെ ആരോപണങ്ങൾ കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു. ജൂൺ 17–ാം തീയതിയാണ് വിവാഹം രജിസ്റ്റർ ചെയ്യേണ്ട ദിവസമെന്ന് തന്നെ ആരും അറിയിച്ചിരുന്നില്ലെന്നും നിയമപ്രകാരം അപേക്ഷ നൽകി 90 ദിവസത്തിനകം വിവാഹം രജിസ്റ്റർ ചെയ്താൽ മതിയെന്നും ഇനിയും 60 ദിവസം കൂടി ബാക്കിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് വിചാരണാക്കോടതി മറച്ചുവെച്ചെന്ന് പ്രോസിക്യൂഷന്‍. മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നടിയെ ആക്രമിച്ച കേസില്‍ ഫൊറന്‍സിക് ലാബ് ഡയറക്ടറെ വിസ്തരിച്ചപ്പോഴും മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ വിവരം പ്രോസിക്യൂഷന്‍ അറിഞ്ഞിരുന്നില്ല. പിന്നീട് തുടരന്വേഷണത്തിലാണ് ഇക്കാര്യം വിചാരണാക്കോടതിയെ അറിയിച്ചിരുന്നതായി കണ്ടെത്തിയത്. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയല്ല. മറിച്ച് ഇതിന്റെ നിജസ്ഥിതി വിദഗ്ധരില്‍നിന്ന് അറിയണമെന്നതാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

അതേസമയം, മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയത് അതീവ ഗൗരവതരമാണെന്ന് നടിയുടെ അഭിഭാഷകയും ഹൈക്കോടതിയെ അറിയിച്ചു. കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത്. ഇത് അതീവഗൗരവതരമാണ്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ തന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ടതാണ്. അത് പുറത്തുപോയാല്‍ ജീവിതത്തെ ബാധിക്കുമെന്നും ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും നടിയുടെ അഭിഭാഷക കോടതിയില്‍ വാദിച്ചു.

നേരത്തെ മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം വിചാരണാക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് സമാന ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്.

വനിതാ ഡോക്‌ടറെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചകേസില്‍ അറസ്‌റ്റിലായ യുവാവ്‌ ആശുപത്രിയില്‍ സിനിമാ ശൈലിയില്‍ ഭീഷണി മുഴങ്ങി. മണ്ണഞ്ചേരി പഞ്ചായത്ത്‌ ആപ്പൂര്‍ സ്വദേശി അമ്പാടി കണ്ണനെ(27)യാണു നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മണ്ണഞ്ചേരി പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
സംഭവത്തെക്കുറിച്ചു പോലീസ്‌ പറയുന്നതിങ്ങനെ: മണ്ണഞ്ചേരി കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം. ഇന്നലെ പുലര്‍ച്ചെ രണ്ടിനാണു കാലിനു സുഖമില്ലെന്നു പറഞ്ഞ്‌ അമ്പാടി ആശുപത്രിയിലെത്തിയത്‌. വനിതാഡോക്‌ടര്‍ പരിശോധിക്കാനെത്തിയപ്പോഴാണു ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചത്‌. ആശുപത്രി ജീവനക്കാരെ മര്‍ദിക്കാനും ശ്രമിച്ചു.

ജീവനക്കാര്‍ വിവരം അറിയിച്ചതോടെ പോലീസ്‌ എത്തി കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. പോലീസ്‌ കസ്‌റ്റഡിയിലും ബഹളം തുടര്‍ന്നു. ഇതിന്റെ ദൃശ്യം പകര്‍ത്തിയ പോലീസുകാരെ അയാള്‍ ഭീഷണിപ്പെടുത്തി. പോലീസിനോട്‌ അമ്പാടി കയര്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്‌. പ്രതി ലഹരിക്ക്‌ അടിമയാണോയെന്ന കാര്യവും പോലീസ്‌ പരിശോധിക്കുന്നുണ്ട്‌. ആശുപത്രിയെയും ജീവനക്കാരെയും കുറിച്ച്‌ വ്യക്‌തമായ ധാരണയോടെയാണു പുലര്‍ച്ചെ രണ്ടിന്‌ ആശുപത്രിയില്‍ അമ്പാടി എത്തിയതെന്ന്‌ അന്വേഷണ ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.

18കാരിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കല്ലറ പഴവിള സ്വദേശി സുമിയെ (18) കൊലപ്പെടുത്തിയ ശേഷം വെഞ്ഞാറമൂട് കീഴായിക്കോണം സ്വദേശി ഉണ്ണി(21)യാണ് ആത്മഹത്യ ചെയ്തത്. സുമിയും ഉണ്ണിയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. സുമിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ചാണ് ഉണ്ണി കൃത്യം നടത്തിയതെന്ന് പോലീസിന് സൂചന ലഭിച്ചു. മുന്‍പും സമാന പ്രശ്‌നങ്ങള്‍ കാരണം ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ഞായറാഴ്ച്ച രാവിലെ ഒമ്പത് മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. സുമിയുടെ വീടിനടുത്തെത്തിയ ഉണ്ണി പെണ്‍കുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരികെയെത്താതിരുന്നതോടെ അമ്മയും സഹോദരിയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അടുത്ത റബ്ബര്‍ തോട്ടത്തില്‍ സുമി ബോധരഹിതയായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തൊട്ടടുത്തായി ഉണ്ണിയെ തൂങ്ങിയ നിലയിലും കണ്ടെത്തി. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുമിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഉണ്ണി റബ്ബറില്‍ കയറി തുങ്ങിയതാവാം എന്നാണ് പോലീസിന്റ പ്രാഥമിക നിഗമനം. സുമിയുടെ വായില്‍ മണ്ണ് പറ്റിയിട്ടുണ്ട്, കൈ മുട്ട് മുറിഞ്ഞിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാവു. പാങ്ങോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

വിമാനത്തിന്റെ ചിറകിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തിരമായി ലാൻഡ് ചെയ്ത് സ്‌പൈസ്‌ജെറ്റ് എയർക്രാഫ്റ്റ്. പക്ഷി ഇടിച്ചതിനെ തുടർന്നായിരുന്നു വിമാനത്തിന്റെ ചിറകിന് തീപിടിച്ചത്. സംഭവത്തിന് പിന്നാലെ പാറ്റ്‌നയിലെ ബിഹ്ത എർഫോഴ്‌സ് സ്‌റ്റേഷനിൽ സ്‌പൈസ്‌ജെറ്റ് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു.

യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് സ്‌പൈസ്‌ജെറ്റ് വ്യക്തമാക്കി. 185 യാത്രക്കാരാണ് ബോയിങ് 727 എന്ന സ്‌പൈസ് ജെറ്റ് വിമാനത്തിൽ പാറ്റ്‌നയിൽ നിന്ന് ഡൽഹിയിലേക്ക് പോയിരുന്നത്. പക്ഷി ഇടിച്ചതിന് പിന്നാലെ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചുവെന്നും ഒരു എഞ്ചിന് ഓഫായെന്നുമാണ് പാറ്റ്‌ന എയർപോർട്ട് അധികൃതരും ഡിജിസിഎയും നൽകുന്ന വിവരം. വിമാനത്തിന്റെ ഇടത്തെ ചിറകിലാണ് തീപിടിത്തമുണ്ടായത്.

ഉച്ചയ്‌ക്ക് 12.30ന് പാറ്റ്‌നയിൽ നിന്നും പറന്നുയർന്നതിന് തൊട്ടുപിന്നാലെ അപകടം സംഭവിച്ചിരുന്നു. എന്നാൽ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞതിനാൽ ഒഴിവായത് വൻ ദുരന്തമാണെന്നാണ് എയർപോർട്ട് അധികൃതർ വിലയിരുത്തിയത്.

വിഴിഞ്ഞത്ത് ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. തിരുവല്ലം ബൈപ്പാസ് റോഡിലാണ് അപകടമുണ്ടായത്. ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. അപകടമുണ്ടായ ഉടന്‍ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഏതാണ്ട് അഞ്ചേകാലോടെയാണ് വിഴിഞ്ഞം ബൈപ്പാസില്‍ അപകടമുണ്ടായത്. ബൈക്ക് റേസിംഗ് തന്നെയാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് വിഴിഞ്ഞം സിഐ സ്ഥിരീകരിച്ചു. അപകടമുണ്ടായ ഉടന്‍ തന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു.

ബൈപ്പാസ് മേഖലയില്‍ ബൈക്ക് റേസിംഗ് സ്ഥിരമായി നടക്കാറുണ്ട്. ഇതിനെതിരെ പൊലീസില്‍ സ്ഥിരം പരാതി എത്താറുണ്ടെന്നും വിഴിഞ്ഞം സിഐ പറയുന്നു.

മുട്ട കോഴിയുടെ ആർത്തവ രക്തം കൊണ്ട് നിർമിതമായതാണെന്ന് ബിജെപി എംപി‌ മനേക ​ഗാന്ധി. മുട്ട കോഴിയുടെ ആർത്തവ രക്തം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മുട്ട കുട്ടികൾ കഴിക്കാൻ അനുയോജ്യമല്ല. ഒരു മുട്ടയിൽ ഉള്ളതിനേക്കാൾ കൂടുതൽ പ്രോട്ടീൻ രണ്ട് സ്പൂൺ പരിപ്പിൽ ഉണ്ട്.

മുട്ട ശരീരത്തിലെ കൊളസ്ട്രോൾ വർധിപ്പിക്കുകയും മലിനീകരണത്തിന് കാരണമാവുകയും ചെയ്യും. മുട്ടയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ പരിപാടികൾ നിർത്തണമെന്ന് മനേക ​ഗാന്ധി പറഞ്ഞു. ജൂൺ എട്ടിന് ബെം​ഗളൂരുവിൽ ശ്രീ ജൈന സേവാസംഘം സംഘടിപ്പിച്ച പരിപാടിയിലാണ് മനേക ​ഗാന്ധി ഇക്കാര്യം പറഞ്ഞത്. ദ ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

കുട്ടികളുടെ പോഷകാഹാരത്തിനുള്ള സർക്കാർ പദ്ധതികളിൽ മുട്ട ആരോഗ്യകരമായ ഭക്ഷണമായി പ്രോത്സാഹിപ്പിക്കുന്നതിൽ പ്രതിഷേധിക്കണമെന്നും മനേകാ ഗാന്ധി വേ​ദിയിൽ പറഞ്ഞു. നിങ്ങളുടെ കുട്ടികൾ മുട്ട കഴിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും അവർ ഉപദേശിച്ചു.

തുറസ്സായ സ്ഥലത്ത് മീൻ വിൽക്കുന്നതിനെതിരെയും മാംസത്തിന്റെ പ്രദർശനം, എയർ കണ്ടീഷനിംഗും ഗ്ലാസ് ചുമരുമില്ലാത്ത ഔട്ട്‌ലെറ്റുകളിലെ ഇറച്ചി വിൽപന, തുറസ്സായ സ്ഥലത്ത് മൃഗങ്ങളെ കശാപ്പ് ചെയ്യൽ, കൂട്ടിൽ സൂക്ഷിക്കുന്ന കോഴികൾ എന്നിവ നിയമവിരുദ്ധമായ പ്രവൃത്തികളാണെന്നും അവർ പറഞ്ഞു. പീപ്പിൾ ഫോർ ആനിമൽസിന്റെ (പിഎഫ്എ) എന്ന മൃ​ഗസംരക്ഷ സംഘടനക്ക്ധ നസഹായം നൽകാൻ ജൈന സമൂഹത്തോട് അഭ്യർത്ഥിച്ചു.

RECENT POSTS
Copyright © . All rights reserved