India

കോട്ടയം മെഡിക്കല്‍ കോളജ് ജീവനക്കാരിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തിരുവഞ്ചൂര്‍ പറമ്പുകര ഞാറയ്ക്കല്‍ രാജന്റെ ഭാര്യ സിസിലി ആണ് മരിച്ചത്. അമ്പത്തിമൂന്ന് വയസ്സായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ഭര്‍ത്താവിന്റെ സ്‌കൂട്ടറില്‍ കയറുന്നതിനിടെയായിരുന്നു അപകടം.’

അപകടത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് രാജനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.45ന് തിരുവഞ്ചൂര്‍ തൂത്തൂട്ടി കവലയ്ക്ക് സമീപമായിരുന്നു അപകടം. സിസിലി ജോലി കഴിഞ്ഞ് ഏറ്റുമാനൂര്‍ വഴി സ്വകാര്യ ബസില്‍ തൂത്തൂട്ടി ബസ്സ്‌റ്റോപ്പില്‍ ഇറങ്ങിയതായിരുന്നു.

സിസിലിയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഇവിടെ സ്‌കൂട്ടറുമായി ഭര്‍ത്താവ് രാജന്‍ കാത്തുനിന്നിരുന്നു. സിസിലി സ്‌കൂട്ടറില്‍ കയറുവാന്‍ തുടങ്ങവേ പിന്നില്‍ നിന്ന് അമിതവേഗത്തിലെത്തിയ കാര്‍ ഇരുവരെയും ഇടിച്ചിടുകയായിരുന്നു.

അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഇവരെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രാത്രിയോടെ സിസിലി മരിച്ചു. രാജന്റെ നില ഗുരുതരമായി തുടരുന്നു. സിസിലിയുടെ മൃതദേഹം മോര്‍ച്ചറിയില്‍.

ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയ പ്രവാസി യുവാവിന്റെ വീഡിയോ പുറത്ത്. എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന് ആവശ്യപ്പെടുന്ന വീഡിയോയാണ് പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫി(38)യുടേതായി പുറത്തെത്തിയിരിക്കുന്നത്.

സൗദിയിൽനിന്ന് കടത്തിക്കൊണ്ടു വന്ന സ്വർണത്തിന് പങ്ക് ആവശ്യപ്പെട്ടാണ് തന്നെ കടത്തിക്കൊണ്ടു വന്നതെന്നും എത്രയും പെട്ടെന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും ഷാഫി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ആരാണ് തന്നെ തട്ടിക്കൊണ്ടു വന്നതെന്നോ എവിടെയാണെന്നോ ഷാഫി വിഡിയോയിൽ വ്യക്തമാക്കുന്നില്ല.

‘325 കിലോ സ്വർണം ഞാനും സഹോദരനും സൗദിയിൽനിന്ന് കൊണ്ടുവന്നതിന്റെ പേരിലാണ് എന്നെ തട്ടിക്കൊണ്ടുവന്നത്. അത് ഏകദേശം 80 കോടിയോളം രൂപയുടേതാണ്. അതിന്റെ ബാക്കിയുള്ള വിവരങ്ങളെല്ലാം ഇവരുടെ അടുത്ത് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ കാര്യങ്ങൾ നടന്നിട്ടില്ലെങ്കിൽ അവർ കേസും കൂട്ടവും പൊലീസും പ്രശ്നവും കാര്യങ്ങളുമൊക്കെ ആകും. പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ചിന്തിച്ചിട്ടോ അല്ലെങ്കിൽ വേറൊരു വഴിയോ കാര്യങ്ങളോ ഒന്നും ഉണ്ടാകില്ല.’- എന്ന് ഷാഫി പറയുന്നു.

‘അതുകൊണ്ട് എത്രയും പെട്ടെന്ന് എന്നെ റിലീസാക്കാനുള്ള കാര്യങ്ങൾ ചെയ്യുക. പോലീസ് സ്റ്റേഷനിലേക്ക് പ്രകടനമോ ജാഥയോ നടത്തിയിട്ട് കാര്യമില്ല.’എന്നാണ് ഷാഫി പറയുന്നത്. അതേസമയം, ഇത് ഷാഫിയെ തട്ടിക്കൊണ്ടു പോയവർ ഭീഷണിപ്പെടുത്തി ചിത്രീകരിച്ച വിഡിയോയാണ് പുറത്തുവന്നതെന്നാണ് പോലീസിന്റെ നിഗമനം. ഇത് എവിടെനിന്നാണ് ചിത്രീകരിച്ചത് എന്നു കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏപ്രിൽ ഏഴാം തീയതി രാത്രിയാണ് രണ്ടു വാഹനങ്ങളിലായി എത്തിയ സംഘം ഷാഫിയെ തട്ടിക്കൊണ്ടു പോയത്. ഇത് തടയാൻ ശ്രമിച്ച ഭാര്യയേയും വാഹനത്തിൽ വലിച്ചു കയറ്റിയെങ്കിലും പിന്നീട് ഇറക്കിവിടുകയായിരുന്നു.

സംഭവം നടന്ന ആറു ദിവസത്തോളം ആയിട്ടും ഷാഫിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പിന്നിൽ സ്വർണക്കടത്തു സംഘമാണെന്ന് പോലീസ് തുടക്കം മുതൽ സംശയിച്ചിരുന്നു.

പ്രവാസി മലയാളി റിയാദില്‍ ബഹുനില കെട്ടിടത്തിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട എരുമക്കാട് സ്വദേശി സരസന്‍ ദാമോദരന്‍ (69) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പിരിക്കേറ്റ ദാമോദരന്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.

റിയാദിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞത്. 30 വര്‍ഷമായി റിയാദ് നസീമിലെ സ്വകാര്യ സ്‌കൂളിലായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് ഇഖാമ പുതുക്കാതെയും ശമ്പളം ലഭിക്കാതെയുമായി.

തുടര്‍ന്ന് ഇന്ത്യന്‍ എംബസി വഴി ഫൈനല് എക്‌സിറ്റില് നാട്ടില്‍ പോയി. ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് സന്ദര്‍ശക വിസയില്‍ തിരിച്ചെത്തിയത്. മുമ്പ് പരിചയമുള്ള സൗദി പൗരെന്റ വീട്ടിലെ വാട്ടര്‍ ടാങ്കിന്റെ അറ്റകുറ്റപണിക്കായി ദാമോദരന്‍ പോയിരുന്നു.

അപ്പോഴാണ് ദുരന്തമുണ്ടായത്. മൂന്നാം നിലയിലായിരുന്നു ടാങ്ക്. ഇവിടെ നിന്ന് അദ്ദേഹം കാലുവഴുതി താഴേക്ക് വീണു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. മാര്‍ച്ച് 23-നായിരുന്നു സംഭവം. അബോധാവസ്ഥയില്‍ തുടരുന്നതിനിടെ വെള്ളിയാഴ്ചയാണ് മരിച്ചത്.

യുവതിയ്ക്ക് നേരെ നിരന്തരം ലൈംഗിക ചൂഷണം നടത്തുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത യുവാവ് പോലീസ് പിടിയിലായി. പരവൂർ പൂതക്കുളം ബി.എസ് വില്ലയിൽ സുബീറാണ് (36) പരവൂർ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഭീഷണിയില്‍ മാനസികമായി തകര്‍ന്ന യുവതി പരവൂര്‍ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടിയത്.

കേസില്‍പ്പെട്ട ഭര്‍ത്താവിനെ രക്ഷിക്കാന്‍ സഹായവാഗ്ദാനം നടത്തിയാണ് ഇയാള്‍ യുവതിയുമായി അടുപ്പം കൂടിയത്. യുവതിയുമായി അടുത്ത ശേഷം ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തിയാണ് ആദ്യം പീഡനം നടത്തിയത്. യുവതിയുടെ നഗ്നചിത്രങ്ങൾ എടുത്ത സുബീര്‍ പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി. പീഡനവിവരം പുറത്ത് പറഞ്ഞാൽ ഇവ പ്രചരിപ്പിക്കുമെന്നും യുവതിയെയും മകളെയും അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.

യുവതിക്ക് സർവീസ് സഹകരണ ബാങ്കിൽ ജോലി വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് വീണ്ടും അടുത്ത സുബീര്‍ ജോലിക്കെന്ന വ്യാജേന പത്തുലക്ഷത്തോളം രൂപ പലപ്പോഴായി തട്ടിയെടുത്തു. ജോലിയുടെ അഭിമുഖത്തിനെന്ന് പറഞ്ഞ് എറണാകുളത്തെ ഹോട്ടൽ മുറിയിൽ എത്തിച്ച് യുവതി പീഡിപ്പിച്ചു. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും എതിർപ്പ് വകവയ്ക്കാതെ നിരവധി തവണയാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്.

.ഇൻസ്‌പെക്ടർ നിസാർ, എസ്‌.ഐ നിതിൻ നളൻ, എ.എസ്‌.ഐ രമേശൻ, എസ്.സി.പി.ഒമാരായ റലേഷ്‌കുമാർ, സിപിഒ പ്രേംലാൽ, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് മകളെ ബലാത്സംഗം ചെയ്തു. തൊടുപുഴ കരിങ്കുന്നത്താണ് നാൽപത്തിയാറുകാരി പീഡനത്തിന് ഇരയായത്. സംഭവത്തിൽ കരിങ്കുന്നം സ്വദേശി മനു(45) അറസ്റ്റിൽ.

ഏപ്രിൽ നാലിനാണ് സംഭവം ഉണ്ടായത്. വീട്ടിലെ അറ്റകുറ്റിപ്പണിക്കായി എത്തിയതായിരുന്നു മനു. ഇയാൾ വീട്ടിലെത്തിയപ്പോൾ വൃദ്ധയായ അമ്മയും ഭിന്നശേഷിക്കാരിയായ മകളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അമ്മയെ അടുത്ത മുറിയിൽ പൂട്ടിയിട്ട ശേഷം മകളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

അവശനിലയിലായ മകളെ അമ്മ തന്നെ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ തൊടുപുഴ ഡിവൈഎസ്പിക്ക് അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിനു പിന്നാലെ കടന്നുകളഞ്ഞ ഇയാളെ പിടികൂടിയത്. തുടർന്ന മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി ഇന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

 

മാവേലിക്കരയില്‍ പന്ത്രണ്ടു വയസുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കൊല്ലം മരുതൂര്‍കുളങ്ങര മങ്ങാട്ട് തെക്കേ വീട്ടില്‍ സുകു ഭവാനന്ദന്‍ ആണ് അറസ്റ്റിലായത്.

ശരീരമാകെ മുറിവേറ്റ നിലയില്‍ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തലയിലും മുഖത്തും ഗുരുതര പരിക്കുണ്ട്. പല്ലാരിമംഗലത്തു വാടകയ്ക്കു താമസിക്കുകയാണ് കുടുംബം.

സുകു ഇളയമകനെ ക്രൂരമായി മര്‍ദിക്കുന്നതായി അയല്‍വാസികളാണ് പൊലീസിനെ അറിയിച്ചത്. എന്നാല്‍ തനിയെ വീണ് പരിക്കേറ്റു എന്നായിരുന്നു കുട്ടിയുടെ മൊഴി. പിന്നീട് കുട്ടിക്ക് ക്രൂര മര്‍ദനമേറ്റെന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതോടെയാണ് സുകുവിനെ കസ്റ്റഡിയില്‍ എടുത്തത്.

കുട്ടിയുടെ അമ്മ സുകുവിന്റെ മര്‍ദനം കാരണം കഴിഞ്ഞദിവസം സ്വന്തം വീട്ടിലേക്കു പോയിരുന്നു. ചവറ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിലും പ്രതിയാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സുകു.

വില്‍പ്പത്രം തയ്യാറാക്കാനായി മരിച്ച സ്ത്രീയുടെ വിരലടയാളം പകര്‍ത്തി ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ വൈറലാണ്. 2021–ല്‍ നടന്ന സംഭവത്തിന്റെ വിഡിയോ ആണിതെന്നാണ് പൊലീസ് പറയുന്നത്. മരിച്ച സ്ത്രീയുടെ

ചെറുമകൻ ജിതേന്ദ്ര ശർമ്മ പോലീസിൽ പരാതിപ്പെടുകയും കുറ്റകൃത്യം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.തന്റെ അമ്മയുടെ അമ്മായിയായ കമലാ ദേവി 2021 മെയ് 8 ന് മരിച്ചു. അവരുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നുവെന്നും ദമ്പതികൾക്ക് കുട്ടികളുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വൃദ്ധ മരിച്ചതിന് ശേഷം, ആഗ്ര ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുവെന്ന് അവകാശപ്പെട്ട് അവരുടെ ഭർതൃസഹോദരന്റെ മക്കൾ മൃതദേഹം കൊണ്ടുപോയി.

അൽപ്പം മുമ്പിൽ, അവർ കാർ നിർത്തി ഒരു അഭിഭാഷകനെ വിളിച്ച് തള്ളവിരലടയാളം വ്യാജ വിൽപ്പത്രത്തില്‍ എടുക്കാൻ ശ്രമിച്ചു. വ്യാജരേഖയുടെ അടിസ്ഥാനത്തിൽ വീടും കടയും ഉൾപ്പെടെയുള്ള സ്വത്തുക്കൾ കൈക്കലാക്കി.കമലാദേവി ഒരിക്കലും തള്ളവിരലടയാളം ഉപയോഗിച്ചിരുന്നില്ല. ഒപ്പാണ് ഉപയോഗിച്ചിരുന്നത്. ഇതിലാണ് മറ്റ് ബന്ധുക്കള്‍ക്ക് സംശയം തോന്നിയത്. സംശയത്തെ ഉറപ്പിക്കുന്ന തരത്തിലുള്ള വിഡിയോ ആണ് പുറത്ത് വന്നത്.

മൃതദേഹത്തെ കാറിന്റെ പിന്‍സീറ്റില്‍ കിടത്തി അഭിഭാഷകന്‍ കമലാദേവിയുടെ തള്ളവിരല്‍ സ്റ്റാമ്പ് പാഡില്‍ പതിപ്പിക്കുന്നു. പിന്നീട് നിരവധി പേപ്പറുകളിലേക്ക് അത് പകര്‍ത്തുന്നു. ഇതാണ് വിഡിയോയില്‍ കാണുന്നത്. സംഭവത്തില്‍ ആഗ്ര പൊലീസ് അന്വേഷണം ആരംഭിച്ചു.

അഡൂർ പുഴയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. അഡൂർ ദേവറഡുക്കയിലെ ഷാഫിയുടെ മകൻ മുഹമ്മദ് ആഷിഖ് (ഏഴ്), യൂസഫ് എന്ന ഹസൈനാറിൻ്റെ മകൻ മുഹമ്മദ് ഫാസിൽ (ഒമ്പത്) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 1.15 മണിയോടെ അഡൂർ ദേവറഡുക്കയിലാണ് അപകടം.

കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. കുട്ടികൾ മുങ്ങിത്താഴുന്നത് കണ്ട് പുഴക്കരയിൽ ഉണ്ടായിരുന്ന മറ്റുകുട്ടികൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ആഷിഖിനെ ആദ്യം വെള്ളത്തിൽ നിന്നും പുറത്തെടുത്തുവെങ്കിലും മുഹമ്മദ് ഫാസിലിനെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ഉടൻ മുള്ളേരിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യക്കടയില്‍ നിന്ന് ബാങ്കിലടച്ച തുകയില്‍ 10.76 ലക്ഷം രൂപ എത്തിയത് കാട്ടാക്കടയിലുള്ള സ്ത്രീയുടെ അക്കൗണ്ടില്‍. അബദ്ധം തിരിച്ചറിഞ്ഞ് ബാങ്ക് അധികൃതര്‍ എത്തിയപ്പോഴേക്കും പണം മുഴുവന്‍ ഉപയോഗിച്ച് ചെലവഴിച്ചു.

സംഭവത്തില്‍ ബാങ്ക് അധികൃതര്‍ വട്ടിയൂര്‍ക്കാവ് പോലീസില്‍ പരാതി നല്‍കി. ബിവറേജസ് കോര്‍പ്പറേഷന്റെ നെട്ടയം മുക്കോലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യക്കടയുടെ പണമാണ് നെട്ടയത്തെ പൊതുമേഖലാ ബാങ്ക് ശാഖയില്‍ നിന്ന് ആളുമാറി ക്രഡിറ്റ് ചെയ്തത്.

പണം നഷ്ടമായ വിവരം മാര്‍ച്ച് 18-നാണ് ബാങ്ക് അധികൃതര്‍ തിരിച്ചറിഞ്ഞത്. ബാങ്ക് നടത്തിയ പരിശോധനയില്‍ കാട്ടാക്കടയിലുള്ള ഒരു സ്ത്രീയുടെ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് കണ്ടെത്തി.

ഉടനെ തന്നെ ബാങ്ക് അധികൃതര്‍ ഈ സ്ത്രീയെ സമീപിച്ചെങ്കിലും പണം ചെലവഴിച്ചതിനാല്‍ തിരിച്ചുപിടിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്. പണം പൂര്‍ണമായും ചെലവഴിച്ചതായാണ് സ്ത്രീ പോലീസിനോടു പറഞ്ഞത്.

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശി മരിച്ചു. ചേര്‍ത്തല കുറ്റിയത്തോട് തറയില്‍ അബ്ദുല്‍ സലാം (56) ആണ് മരിച്ചത്. തെക്കന്‍ പ്രവിശ്യയിലെ ബിഷക്കടുത്ത് ഖൈബര്‍ ജനൂബില്‍ ചൊവ്വാഴ്ച രാവിലെ ആയിരുന്നു അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ ഹൈലക്‌സ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

കഴിഞ്ഞ 20 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്ത് വരികയായിരുന്നു അബ്ദുല്‍ സലാം. അറേബ്യന്‍ ട്രേഡിങ്ങ് സപ്ലൈസ് കമ്പനിയില്‍ ഗാലക്‌സി വിഭാഗം സെയില്‍സ്മാനായിരുന്നു. രണ്ട് മക്കളടങ്ങിയ കുടുംബം സൗദിയില്‍ കഴിഞ്ഞ് വരികയായിരുന്നു. അടുത്തിടെയാണ് മകന്‍ നാട്ടില്‍ തുടര്‍പഠനത്തിനായി പോയത്. മൃതദേഹം ഖമീസ് മുശൈത്ത് മദനി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനം.

 

RECENT POSTS
Copyright © . All rights reserved