നിക്ഷേപ തട്ടിപ്പ് കേസില്‍ തൃശൂര്‍ സ്വദേശി സ്വാതി റഹിം അറസ്റ്റില്‍. ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തനായിരുന്ന സ്വാതി റഹീം. മൂന്നുപരാതികളിലാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതികള്‍ നല്‍കുമെന്നാണ് സൂചന.
ഓണ്‍ലൈന്‍ ലേല സ്ഥാപനമായ സേവ് ബോക്‌സിന്റെ ഉടമയായ സ്വാതി റഹിം സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞാണ് ഒട്ടേറെ പേരില്‍ നിന്നായി നിക്ഷേപങ്ങള്‍ വാങ്ങിയത്. നിക്ഷേപകരെയെല്ലാം പ്രതിമാസം വലിയൊരു തുക കിട്ടുമെന്ന് വിശ്വസിപ്പിച്ചു.
എന്നാല്‍ ലാഭം കിട്ടിയില്ല. ഇയാള്‍ക്കെതിരെ മൂന്നു വര്‍ഷത്തിനിടെ പരാതികളുണ്ട്. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനില്‍ മാത്രം മൂന്നു കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. തൃശ്ശൂരില്‍ വെച്ചായിരുന്നു സേവ് ബോക്‌സിന്റെ ലോഞ്ചിങ്ങ് . വലിയ പരിപാടിയായിരുന്നു. ഒട്ടേറെ സിനിമാ താരങ്ങള്‍ പങ്കെടുത്തിരുന്നു.
പരിപാടിയില്‍ വെച്ച് പുതിയ ഐ ഫോണുകളെന്ന പേരില്‍ സിനിമാ താരങ്ങള്‍ക്ക് സമ്മാനം നല്‍കിയിരുന്നു. എന്നാല്‍ ഈ സമ്മാനം തട്ടിപ്പായിരുന്നു. ആളുകള്‍ ഉപേക്ഷിച്ച ഐ ഫോണുകള്‍ പൊടി തട്ടി പുതിയ കവറില്‍ നല്‍കിയാണ് അന്ന് ചലച്ചിത്ര താരങ്ങളെ പറ്റിച്ചത്.
സേവ് ബോക്‌സിന്റെ പേര് പറഞ്ഞ് ഒട്ടേറെ സിനിമാ താരങ്ങളുമായി സ്വാതി ബന്ധം ഊട്ടിയുറപ്പിച്ചു. സ്വാതിയുടെ വാക്‌സാമര്‍ഥ്യത്തില്‍ വീണ് പണം നിക്ഷേപിച്ചവരാണ് ഭൂരിഭാഗവും. നിക്ഷേപ തട്ടിപ്പുകാരന്‍ പ്രവീണ്‍ റാണ, സ്വാതിയുടെ പക്കല്‍ നിന്ന് അഞ്ചു ലക്ഷം രൂപ നിക്ഷേപമായി വാങ്ങിയിട്ടുണ്ട്.
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ. ‘ആരാണ് ഈ ഷാരൂഖ് ഖാന്‍, അയാളെ കുറിച്ച് തനിക്കൊന്നും അറിയില്ല’, എന്നാണ് അസം മുഖ്യമന്ത്രി പറഞ്ഞത്. പത്താന്‍ സിനിമയെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അദ്ദേഹം ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ പറഞ്ഞു.
പത്താന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന നരേംഗിയിലെ തിയേറ്ററിനുള്ളില്‍ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരെത്തി പോസ്റ്ററുകള്‍ വലിച്ചു കീറുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രശ്‌നവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിന്ന് പലരും വിളിച്ചെങ്കിലും ഷാരൂഖ് ഖാന്‍ എന്നെ വിളിച്ചിട്ടില്ല. പക്ഷെ അയാള്‍ എന്നെ വിളിച്ചാല്‍ ഇക്കാര്യം നോക്കാമെന്നും ഹിമാന്ത ബിശ്വ പറഞ്ഞു.
ക്രമസമാധാനം തകര്‍ന്നാലോ കേസെടുക്കുകയോ ചെയ്താല്‍ അപ്പോള്‍ നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനാവുന്ന പത്താന്‍ ജനുവരി 25ന് തിയറ്ററുകളില്‍ എത്തും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.
ദുബൈയിൽ നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ കണ്ണൂർ സ്വദേശിയായ യുവാവ് എയർപോർട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു.പഴയങ്ങാടി താവം പള്ളിക്കര സുബുലുസ്സലാം മദ്രസക്ക് സമീപത്തുള്ള വി പി മുനീർ (33) ആണ് മരിച്ചത്.
എയർപോർട്ടിലെത്തിയപ്പോൾ ദേഹാസ്വസ്ഥ്യമുണ്ടായി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയും ഒരു മകളും അടങ്ങിയതാണ് കുടുംബം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു
ഇലന്തൂർ നരബലി കേസിൽ ലോട്ടറി വില്പനക്കാരിയായ റോസ്‌ലിയെ കൊലപ്പെടുത്തിയതിന് കുറ്റപത്രം ഇന്ന് സമർപ്പിക്കും. പെരുമ്പാവൂർ കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. നരബലി കേസിലെ ഏറ്റവും ക്രൂരവും പ്രൈശാചികവുമായ കൊലപാതകമാണ് റോസ്‌ലിയുടേത്. നരബലി കേസിൽതമിഴ്നാട് സ്വദേശി പത്മ കൊല്ലപ്പെട്ടതിന്റെ കുറ്റപത്രം ജനുവരി ആറിന് സമർപ്പിച്ചിരുന്നു.
റോസ്‌ലിയെ നരബലിക്കായി കട്ടിലിൽ കെട്ടിയിട്ടതിന്റെ തെളിവുകൾ ഫേസ്‌ബുക്ക് ചാറ്റിൽ നിന്നും പൊലീസിന് ലഭിച്ചു. റോസ്‌ലിയെ കൊലപ്പെടുത്തുന്നതിന് മുൻപ് എടുത്ത ചിത്രമാണ് ഫേസ്‌ബുക്ക് ചാറ്റിൽ നിന്നും പോലീസ് വീണ്ടെടുത്തത്. എറണാകുളത്ത് ലോട്ടറി വിൽപ്പന നടത്തിയിരുന്ന റോസ്‌ലിയെ 2022 ജൂൺ എട്ടാം തീയതി മുതലാണ് കാണാതായത്. റോസ്‌ലിയെ നരബലിക്കായി ഷാഫി തട്ടികൊണ്ട് പോകുകയായിരുന്നു. റോസ്‌ലിയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹത്തിന്റെ ഭാഗങ്ങൾ പാകം ചെയ്ത് കഴിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വളരെ ക്രൂരവും പൈശാചികവുമായാണ് പ്രതികൾ റോസ്‌ലിനോട് പെരുമാറിയത്.
അതേസമയം കൊല്ലപ്പെട്ടവർ ഇലന്തൂരിലുള്ള ഭഗൽസിങ്ങിന്റെ വീട്ടിൽ എത്തിയതിന് ദൃക്‌സാക്ഷികൾ ഇല്ലാത്തത് അന്വേഷണത്തെ ബാധിച്ചിരുന്നു. എന്നാൽ പ്രതികളുടെ മൊഴിയും ഡിഎൻഎ ഫിംഗർ പ്രിന്റ് തുടങ്ങിയവയെ പോലീസ് ആശ്രയിക്കുകയായിരുന്നു. കേസിൽ കിട്ടാവുന്ന എല്ലാ തെളിവുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ,വാട്സാപ്പ് ഫേസ്‌ബുക്ക് ചാറ്റുകൾ, തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടത്. റോസ്‌ലിയെ പൂർണ നഗ്നയാക്കി കട്ടിലിൽ കെട്ടിയിട്ടാണ് കൊലപാതകം നടത്തിയത്. ജീവനോടെ റോസ്‌ലിയുടെ അവയവങ്ങൾ മുറിച്ചെടുത്തതായി പ്രതികൾ പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു.
മകളോട് അപമര്യദയായി പെരുമാറിയത് ചോദ്യം ചെയ്ത പിതാവിനെ മദ്യപസംഘം ആക്രമിച്ചു. തൊട്ടുപിന്നാലെ പിതാവ് ജീവനൊടുക്കി. ആയുർ സ്വദേശി അജയകുമാറാണ് മദ്യപസംഘത്തിന്റെ ആക്രമണത്തിന് പിന്നാലെ ആത്മഹത്യ ചെയ്തത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.
ട്യൂഷൻ കഴിഞ്ഞ് മകൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ നാല് പേരടങ്ങുന്ന സംഘം വഴിയിൽ നിന്ന് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇത് ചോദ്യം ചെയ്ത അജയകുമാറിനെ മകളുടെ മുന്നിൽവെച്ച് സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ അജയകുമാർ ആത്മഹത്യ ചെയ്യുകയായിരുന്നു. അക്രമികളുടെ മർദ്ദനത്തിൽ അജയകുമാറിന്റെ മുഖത്ത് പരിക്കേറ്റിരുന്നു.
അതേസമയം പോലീസിൽ പരാതി നൽകാൻ വീട്ടുകാരും ബന്ധുക്കളും അജയകുമാറിനോട് ആവശ്യപ്പെട്ടെങ്കിലും സംഘം വീണ്ടും മർദ്ധിക്കുമോ എന്ന ഭയം കാരണം പോലീസിൽ പരാതി നൽകിയില്ല. പിറ്റേദിവസം രാവിലെ അജയകുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മർദ്ദനത്തിൽ മനം നൊന്താണ് അജയകുമാർ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു.
ജോഷിമഠിൽ റേഷൻ വിതരണവും മറ്റും നടത്തി സഹായം ചെയ്ത മലയാളി വൈദികൻ മടക്ക യാത്രയിലുണ്ടായ അപകടത്തിൽ മരിച്ചു. ബിജ്നോർ രൂപതാംഗവും കോഴിക്കോട്ട് ചക്കിട്ടപാറ സ്വദേശിയുമായ ഫാ. മെൽവിൻ പള്ളിത്താഴത്ത് ആണ് മരിച്ചത്. 31 വയസായിരുന്നു. കാർ കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് മെൽവിൻ മരിച്ചത്.
ജോഷിമഠിൽ റേഷൻ ഉൾപ്പെടെയുള്ള സാധനങ്ങൾ വിതരണം ചെയ്ത് മടങ്ങുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം നടന്നത്. അപകടസമയത്ത് മെൽവിനൊപ്പം രണ്ട് വൈദികരും കാറിലുണ്ടായിരുന്നു. റോഡിലെ മഞ്ഞിൽ തെന്നിയ കാർ പിന്നിലേക്ക് പോകുകയായിരുന്നു.
ഉടൻതന്നെ രണ്ട് വൈദികർ പുറത്തിറങ്ങി ടയറിന് താഴെ കല്ലുകൾ ഇട്ട് വാഹനം തടയാൻ ശ്രമം നടത്തി. പക്ഷേ, കാർ അപ്പോഴേയ്ക്കും 500 അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു. രാത്രി പത്ത് മണിയോടെയാണ് രക്ഷാപ്രവർത്തകർ മെൽവിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ഋഷികേശിലെ ആശുപത്രിയിലേക്ക് മാറ്റി.
എറണാകുളം ലോ കോളജ് പരിപാടിക്കിടെ നടി അപർണ ബാലമുരളിയോട് ഒരു വിദ്യാർത്ഥി മോശമായി പെരുമാറിയ സംഭവം വൻ വിവാദമായിരുന്നു. പുതിയ ചിത്രം തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായി ലോ കോളജ് യൂണിയൻ ഉദ്ഘാടനത്തിന് ഇടയിലാണ് സംഭവമുണ്ടായത്. പൂ നൽകാനായി അപർണയുടെ അടുത്തെത്തിയ വിദ്യാർത്ഥി താരത്തിന്റെ കയ്യിൽ കടന്നു പിടിക്കുകയും തോളിൽ കയ്യിടാൻ ശ്രമിക്കുകയുമായിരുന്നു. തോളിൽ കയ്യിടുന്നതിൽ നിന്ന് ഒഴിഞ്ഞുമാറിയ അപർണ തന്റെ അതൃപ്തി വ്യക്തമാക്കുകയും ചെയ്തു. അതിനു പിന്നാലെ ക്ഷമാപണം നടത്തിയ വിദ്യാർത്ഥി വീണ്ടും അപർണയുടെ അടുത്തെത്തി കൈകൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വിഡിയോ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായിരുന്നു.
അപര്‍ണയ്ക്ക് ഉണ്ടായ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ തനിക്ക് ഉണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നടി സജിത മഠത്തില്‍. അറിയപ്പെടുന്ന ഒരു ബുദ്ധിജീവിയില്‍ നിന്ന് അത്തരമൊരു അനുഭവം ഉണ്ടായപ്പോള്‍ ഞെട്ടിപ്പോയെന്ന് സജിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സജിത മഠത്തിലിന്റെ കുറിപ്പ്
ഈ അടുത്ത് ഒരു അറിയപ്പെടുന്ന ബുദ്ധിജീവിയോട് ഒരു പരിപാടിയില്‍ വെച്ച് കുറച്ചുനേരം സംസാരിച്ചു. അതിനിടയില്‍ ഒരു ഫോട്ടോ എടുത്താലോ എന്നു അയാള്‍ ചോദിക്കുന്നു. ആവാം എന്നു മറുപടി പറയും മുമ്പ് കക്ഷി തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് പിടിച്ചു ക്ലിക്കുന്നു. ഒന്നു പ്രതികരിക്കാന്‍ പോലും സമയമില്ല.
തോളില്‍ കയ്യിടാനുള്ള ഒരു സൗഹൃദവും ഞങ്ങള്‍ തമ്മിലില്ല. പിന്നെ അന്നു മുഴുവന്‍ ആ അസ്വസ്ഥത എന്നെ പിന്തുടര്‍ന്നു. അടുത്ത കൂട്ടുകാരോട് പറഞ്ഞ് സങ്കടം തീര്‍ത്തു. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള ശരികേട് നമ്മള്‍ എങ്ങിനെയാണ് മനുഷ്യരെ പറഞ്ഞു മനസ്സിലാക്കുക? അപര്‍ണ്ണ ബാലമുരളിയുടെ അസ്വസ്ഥമായ മുഖം കണ്ടപ്പോള്‍ ഓര്‍ത്തത്!
ഭർതൃഗൃഹത്തിൽ വെച്ച് ജീവനൊടുക്കിയ ആശയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആശയെ ആവാസനായി ഒന്ന് കാണാൻ പോലും ഭർതൃവീട്ടുകാർ മക്കളെ അനുവദിച്ചില്ലായിരുന്നു. ഇതേത്തുടർന്നു അഞ്ചുമണിക്കൂറോളമാണ് ആശയുടെ അന്ത്യകർമ്മങ്ങൾ നീണ്ടുപോയത്. പിന്നീട്ട് പോലീസും രാഷ്ട്രീയ പ്രവർത്തകരും ഇടപെട്ടതിനെ തുടർന്നാണ് ആശയുടെ രണ്ടു മക്കളെ മൃതദേഹം കാണിക്കാനായി എത്തിച്ചത്.
അമ്മയെ അവസാനമായി ഒരുനോക്ക് കാണണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും അച്ഛൻ്റെയും കുടുംബത്തിൻ്റെയും ശാസനയ്ക്കു മുന്നിൽ നിസഹായരായി നിൽക്കാനേ ഏഴുവയസുകാരൻ സഞ്ജയ്ക്കും നാലുവയസുകാരൻ ശ്രീറാമിനും കഴിഞ്ഞുള്ളു. നൊമ്പരക്കാഴ്ചയായി. കുട്ടികളെ വിട്ടുനൽകാൻ കുട്ടികളുടെ അച്ഛൻ സന്തോഷും കുടുംബവും സമ്മതിക്കാതെ വന്നതോടെയാണ് സംസ്‌കാരം നീണ്ടത്. ഇതോടെ ജില്ലാ ഭരണകൂടവും സ്ഥലം എംഎൽഎയും ഇടപെടുകയായിരുന്നു. അമ്മയുടെ മൃതദേഹം കാണിക്കാതിരിക്കാൻ കഴിയില്ലെന്നും കർശന നടപടി സ്വീകരിക്കാനും കളക്ടർ ഹരിത വി കുമാർ പൊലീസിന് നിർദ്ദേശം നൽകിയതോടെയാണ് കാര്യങ്ങൾക്ക് ഒരു തീരുമാനമുണ്ടായത്. കുട്ടികളെ എത്തിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ ചൈൽഡ് ലൈനിനോടും കളക്ടർ നിർദ്ദേശിക്കുകയായിരുന്നു.
മുരളി പെരുനെല്ലി എംഎൽഎയും പാവറട്ടിയിലുള്ള യുവതിയുടെ വീട്ടിലെത്തി കുട്ടികളെ എത്തിക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്തു. ഒടുവിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ബന്ധുക്കളുമായി സംസാരിച്ച് ഉച്ചയ്ക്കാണ് കുട്ടികളെ പാവറട്ടിയിലെ വീട്ടിൽ എത്തിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് വീട്ടുമുറ്റത്ത് തന്നെ ഒരുക്കിയ ചിതയിൽ സംസ്‌കാരം നടത്തിയത്. മക്കൾ രണ്ടു പേരും ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. സംസ്കാരം നടന്നശേഷം കുട്ടികളെ ഭർതൃവീട്ടുകാർ തിരികെ കൊണ്ടുപോകുകയായിരുന്നു. ആശയുടെ ഭർത്തൃവീട്ടുകാരുടെ പ്രവർത്തികൾക്ക് എതിരെ വൻ ജനരോഷമാണ് ഉയർന്നത്. സ്വന്തം അമ്മയുടെ മൃതദേഹം കാണേണ്ട എന്ന് കുട്ടികളുടെ അച്ഛനും അയാളുടെ കുടുംബത്തിനും തീരുമാനിക്കാൻ എന്താണ് അവകാശമെന്നാണ് ജനങ്ങൾ ചോദിക്കുന്നതും.
ആശ ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങളായിരുന്നു അനുഭവിച്ചിരുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. പലപ്പോഴും വീട്ടിലെ കാര്യങ്ങൾ തീരുമാനിച്ചിരുന്നത് ഭർത്താവിൻ്റെ അനുജനായിരുന്നു. അയാൾ പറയാതെ ആശയ്ക്ക് അനങ്ങാനുള്ള സ്വാതന്ത്ര്യമില്ലായിരുന്നെന്നും ആശയുടെ വീട്ടുകാർ പറയുന്നു. ഇതിനെല്ലാം സമ്മതം മൂളി ഭർത്താവിന്റെ അമ്മയും സന്തോഷിൻ്റെ അനുജനൊപ്പം നിന്നിരുന്നു എന്നും ആശയുടെ ബന്ധുക്കൾ പറയുന്നു. പലതവണ സന്തോഷിനോട് ഇക്കാര്യങ്ങൾ ആശ വിളിച്ചു പറഞ്ഞുവെന്നും എന്നാൽ അയാൾ അത് കാര്യമാക്കി എടുക്കാതെ നിസാരവത്കരിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. ആശ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായതിനു പിന്നാലെ സന്തോഷ് ഗൾഫിൽ നിന്ന് തിരിച്ചെത്തിയിരുന്നു. അതിനുശേഷം ഇയാൾ ആശയെ കാണാൻ ആശുപത്രിയിലെത്തുകയും ചെയ്തിരുന്നു. എന്നാൽ ആശ മരണപ്പെട്ടതിനു പിന്നാലെ സന്തോഷും ബന്ധുക്കളും ആശുപത്രിയിൽ നിന്ന് മടങ്ങുകയായിരുന്നു എന്നാണ് വിവരം.
ഭർത്താവ് സന്തോഷിൻ്റെ നാട്ടികയിലുള്ള വീട്ടിൽ വച്ചാണ് ആശ വിഷക്കായ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 17നാണ് മരിച്ചത്. തുടർനടപടികൾക്ക് ശേഷം പോസ്റ്റ് മോർട്ടം കഴിഞ്ഞ് വ്യാഴാഴ്ച വൈകീട്ട് തന്നെ മൃതദേഹം പാവറട്ടിയിലെ ആശയുടെ വീട്ടിൽ എത്തിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ പത്തിനാണ് സംസ്‌കാരം നിശ്ചയിച്ചിരുന്നത്. കുട്ടികളെ അതിനു മുമ്പ് എത്തിക്കാമെന്ന തീരുമാനത്തെ തുടർന്നായിരുന്നു സമയം നിശ്ചയിച്ചത്. എന്നാൽ പിന്നീട് സന്തോഷും കുടുംബവും ആ തീരുമാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു. കുട്ടികളെ സംസ്കാരത്തിന് എത്തിക്കാൻ കഴിയില്ലെന്ന് അവർ തീർത്തുപറഞ്ഞതോടെയാണ് സംഭവത്തിൽ വിവാദങ്ങൾ ആരംഭിച്ചതും. ആശയും സന്തോഷും 12 വർഷം മുമ്പാണ് വിവാഹിതരായത്. മരണത്തിന് കാരണക്കാർ സന്തോഷിൻ്റെ കുടുംബമാണെന്നും ആശ വന്ന ശേഷം വീട്ടിൽ ഐശ്വര്യമില്ലെന്ന് പറഞ്ഞ് പീഡിപ്പിച്ചിരുന്നതായും ആശയുടെ ബന്ധുക്കൾ ആരോപണങ്ങൾ കൂടി ഉന്നയിച്ചതോടെ വിവാദങ്ങൾ മൂച്ഛിക്കുകയാണ്.
സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. രക്ഷിതാക്കള്‍ വധുവിനു നല്‍കുന്ന സമ്മാനം പരമാവധി ഒരു ലക്ഷം രൂപയും 10 പവനും മാത്രമേ ആകാവൂ എന്നു നിബന്ധന വയ്ക്കുന്നതും ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് സ്ത്രീധന നിരോധനച്ചട്ടങ്ങള്‍ പരിഷ്‌കരിക്കുക.
കേന്ദ്ര സ്ത്രീധന നിരോധനനിയമത്തിലെ ചട്ടങ്ങളും കേരള വിവാഹ റജിസ്റ്റര്‍ ചെയ്യല്‍ ചട്ടങ്ങളും ഭേദഗതി ചെയ്യും. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചു. തദ്ദേശഭരണവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അനുബന്ധവകുപ്പുകളുമായും ചര്‍ച്ചകള്‍ നടത്തിയശേഷം ഭേദഗതിയുടെ കരട് നിയമ വകുപ്പിന് അയയ്ക്കും. വനിതാ കമ്മിഷന്‍ നല്‍കിയ ചില ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നിയമം ഭേദഗതി ചെയ്യേണ്ടിവരും. അവ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയച്ചുകൊടുക്കും.
വധുവിനു നല്‍കുന്ന മറ്റു സാധനങ്ങള്‍ 25,000 രൂപയില്‍ കൂടാന്‍ പാടില്ലെന്നും ബന്ധുക്കള്‍ പരമാവധി 25,000 രൂപയോ തുല്യവിലയ്ക്കുള്ള സാധനങ്ങളോ മാത്രമേ നല്കാവൂ എന്നും വധുവിനു ലഭിക്കുന്ന സമ്മാനങ്ങളുടെ വിനിയോഗാവകാശം വധുവിനു മാത്രമായിരിക്കുമെന്നുമൊക്കെയാണ് വനിതാ കമ്മിഷന്റെ പ്രധാന ശുപാര്‍ശകള്‍.
കൂടാതെ വിവാഹസമ്മാനങ്ങളുടെ പട്ടിക നോട്ടറിയോ ഗസറ്റഡ് ഓഫിസറോ സാക്ഷ്യപ്പെടുത്തണം. വിവാഹ റജിസ്‌ട്രേഷന്‍ അപേക്ഷയോടൊപ്പം സാക്ഷ്യപ്പെടുത്തിയ പട്ടിക നല്‍കണമെന്നും വിവാഹത്തിനു മുന്‍പായി വധൂവരന്മാര്‍ക്കു തദ്ദേശസ്ഥാപന തലത്തില്‍ കൗണ്‍സലിങ് നിര്‍ബന്ധമാക്കണമെന്നും ശുപാര്‍ശ ചെയ്യും.
ഷെറിൻ പി യോഹന്നാൻ
അപ്രതീക്ഷിത കഥാസന്ദർഭങ്ങളുടെ കുത്തൊഴുക്കാവുന്ന എൽ. ജെ. പി പടങ്ങൾ അത്ഭുതത്തോടെ നോക്കികാണുന്ന ആളാണ് ഞാൻ. മലയാള സിനിമ രൂപപ്പെടുത്തിയ ജോണറിലേക്ക് (Genre) തന്റെ കഥയെയും കഥാപാത്രങ്ങളെയും കൂട്ടിച്ചർക്കുകയല്ല ലിജോ, മറിച്ച് തന്റേതായൊരു ജോണർ രൂപപ്പെടുത്തുകയാണ്. അത് സുതാര്യമാകണമെന്നില്ല. ജനകീയമോ ജനപ്രിയമോ ആകണമെന്നില്ല. എങ്കിലും തന്റെ പാത പിന്തുടരാൻ കഥാപാത്രങ്ങളോട് ആവശ്യപ്പെടുകയാണ് ലിജോ. മമ്മൂട്ടി കമ്പനിയുമായി കൈകോർക്കുമ്പോൾ ആ ശീലത്തിന് അല്പം അയവ് വരുന്നതായി തോന്നാം. എങ്കിലും ആത്യന്തികമായി ഇതൊരു എൽ.ജെ.പി പടമാണ്. മമ്മൂട്ടി എന്ന താരത്തെ, എന്തിന് മമ്മൂട്ടി എന്ന അഭിനേതാവിനെ ജെയിംസിനും സുന്ദരത്തിനുമുള്ളിൽ മറച്ചുപിടിക്കുകയാണ് ലിജോ.
വേളാങ്കണ്ണി യാത്ര കഴിഞ്ഞ് മൂവാറ്റുപുഴയിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന നാടകസംഘത്തെ സ്ക്രീനിലെത്തിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. ജെയിംസ് ആണ് അവരുടെ നേതാവ്. തമിഴ് ഭക്ഷണത്തോട് താത്പര്യമില്ലാത്ത, ബസിലെ തമിഴ് ഗാനം മാറ്റാൻ ആവശ്യപ്പെടുന്ന ജെയിംസിനൊപ്പം ഭാര്യയും മകനുമുണ്ട്. ഉച്ചഭക്ഷണത്തിന്റെ ആലസ്യത്തിൽ ഉച്ചമയക്കത്തിലേക്ക് വീണുപോകുന്ന ആ സംഘത്തിൽ നിന്ന് ജെയിംസ് ഞെട്ടിയുണരുന്നു. വണ്ടി നിർത്താൻ ആവശ്യപ്പെട്ട് അയാൾ എങ്ങോട്ടോ ഇറങ്ങിപോകുന്നു.
ഒരു തമിഴ് ഗ്രാമത്തിലെത്തുന്ന ജെയിംസിന് അയാളെ നഷ്ടമായിരിക്കുന്നു. രൂപത്തിലല്ലെങ്കിലും ഭാവത്തിലും നടത്തത്തിലും അയാൾ ഇപ്പോൾ സുന്ദരമാണ്. ആ ഗ്രാമത്തിൽ നിന്നും രണ്ട് വർഷങ്ങൾക്കുമുമ്പ് കാണാതായ സുന്ദരം. തികച്ചും പരിചിതമായ വഴികളിലൂടെ നടന്ന് സുന്ദരത്തിന്റെ വീട്ടിലെത്തുന്ന അയാൾ അവിടെയുള്ളവരോട് കുശലാന്വേഷണങ്ങൾ നടത്തുന്നു. അതേസമയം മയക്കത്തിൽ നിന്ന് എണ്ണീറ്റവർ ജെയിംസിനെ തേടി ഇറങ്ങിയിട്ടുമുണ്ട്. സുന്ദരത്തിന്റെ വീട്ടുകാരും, നാട്ടുകാരും, ജെയിംസിന്റെ വീട്ടുകാരും കൂടെവന്നവരും ഇതെന്തെന്നറിയാതെ ആത്മസംഘർഷത്തിലാകുന്നു. തമിഴ് ഗാനങ്ങളോട് വിരക്തിയുള്ള അയാൾ “അതോ ഇന്ത പറവ പോലെ ആട വേണ്ടും’ എന്ന് പാട്ടുംപാടി ഒരു ലൂണയിൽ ഗ്രാമം ചുറ്റുന്നു. ഈ രസകരമായ, വ്യത്യസ്തമായ കഥാസന്ദർഭത്തിലേക്ക് പ്രേക്ഷകരെ എത്തിച്ച് ലിജോ കഥപറച്ചിൽ തുടരുന്നു. രണ്ട് മയക്കത്തിനിടയിലെ 24 മണിക്കൂറാണ് ചിത്രം. ആ 24 മണിക്കൂറിലേക്ക് മാത്രമായി സുന്ദരം പുനർജനിക്കുന്നു എന്നും പറയാം.
ഈ.മ.യൗ വിൽ തീരപ്രദേശം, ജല്ലിക്കെട്ടിൽ മലയോരം, ചുരുളിയിൽ വനം…ഇവിടെ തമിഴ് കർഷക ഗ്രാമം. ലിജോയുടെ സിനിമകൾ വ്യത്യസ്തമാകുന്നത് ഈ കഥാപരിസരങ്ങളിലൂടെയുമാണ്. കാഴ്ചക്കാരെ അന്യരായി കാണാതെ കഥാപരിസരങ്ങളിലേക്ക് ആനയിക്കുന്ന ലിജോ ശൈലി ഇവിടെയും പുതുമയുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. ജെയിംസിലേക്കും സുന്ദരത്തിലേക്കും ആ ഗ്രാമത്തിലേക്കും, സുന്ദരമായ ആ ആശയക്കുഴപ്പത്തിലേക്കും നാമും അകപ്പെടുന്നു. ഉറക്കം മരണം പോലെയും ഉണരുന്നത് ജനനവും ആണെന്ന തിരുക്കുറൽ സന്ദേശത്തോടെയാണ് സിനിമ തുടങ്ങുന്നത്. സിനിമയുടെ കാതലും ഇതുതന്നെ. നമ്മുടെ പെരുമാറ്റം വ്യത്യസ്തമാകുമ്പോൾ ചുറ്റുമുള്ളവരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന യാഥാർത്ഥ്യം കൂടി സിനിമ പറയുന്നു.
നമ്മൾ കണ്ടുമറക്കാതിരിക്കുന്ന മമ്മൂട്ടി പ്രകടനങ്ങൾ തന്നെയാണ് ഇവിടെയുമെങ്കിലും കഥാഗതിയിലേക്ക് ആ നടന്റെ ഭാവപ്രകടനങ്ങളെ അനിതരസാധാരണമായി ചേർത്തുവയ്ക്കുന്നുണ്ട് ലിജോ. ഇവിടെ മമ്മൂട്ടിയില്ല, ജെയിംസും സുന്ദരവുമാണ് മിന്നിമറയുന്നത്. ട്രാൻസിഷൻ സീനുകളിലടക്കം ഗംഭീര ഭാവപ്രകടനങ്ങൾക്ക് നാം സാക്ഷിയാവുന്നു. മറ്റുള്ള അഭിനേതാക്കളും പ്രകടനങ്ങളിൽ മികവുപുലർത്തുന്നു. തേനി ഈശ്വറിന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ മുഖ്യാകർഷണങ്ങളിൽ ഒന്നാണ്. ഇവിടെ ആളുകൾക്ക് പിന്നാലെ നടക്കാൻ ലിജോ തയ്യാറാവുന്നില്ല. ഭൂരിഭാഗവും സ്റ്റെഡി മിഡ് റേഞ്ച് ഷോട്ടുകളാണ്, ഒരു നാടകത്തിന് അരങ്ങ് ഒരുക്കിയതുപോലെ. ആ അരങ്ങിലേക്ക് കഥാപാത്രങ്ങൾ കടന്നുവരികയാണ്. ഗ്രാമത്തെ അതീവ സുന്ദരമാക്കുന്നതിൽ ഛായാഗ്രഹണവും കളറിങും എഡിറ്റിംഗും ഒരുപോലെ മികവുപുലർത്തുന്നു. വെയിലും മയക്കവും ഇരുട്ടും മൃഗങ്ങളുമെല്ലാം ഇവിടെ പ്രാധാന്യമർഹിക്കുന്നു,
ബഹളങ്ങളില്ലാത്ത ശാന്തമായ ആഖ്യാന ഭാഷയാണ് ചിത്രത്തിന്. ഒരുപക്ഷേ ആമേന് ശേഷം കവിത ഒഴുകുംപോലെ കഥപറയുന്ന ലിജോ ചിത്രവും ഇതാകാം. സിനിമയിലെ ഗാനങ്ങളെല്ലാം കടംകൊണ്ടവയാണ്. പഴയ തമിഴ് ഗാനങ്ങളും പരസ്യവുമാണ് നാം തുടർച്ചയായി കേൾക്കുന്നത്. ചിലത് കഥയോട് ചേർന്നു പോകുമ്പോൾ മറ്റുചിലത് അലോസരപ്പെടുത്തുന്നുണ്ട്. സിനിമയുടെ പശ്ചാത്തല സംഗീതം സ്വഭാവിക ചുറ്റുപാടിൽ നിന്ന് ഉടലെടുത്തവയാണ്. ജീവനും ജീവിതവും ഭാഷയുടെ അതിർവരമ്പുകൾക്കുള്ളിൽ ഒതുങ്ങുന്നില്ല എന്നതിന് ഉദ്ദാഹരണമാവുന്നുണ്ട് ചിത്രം. മലയാളം ഉൾപ്പെടുന്ന തമിഴ് സിനിമ പോലെയോ തമിഴ് ഉൾപ്പെടുന്ന മലയാളം സിനിമ പോലെയോ ഇത് ആസ്വദിക്കാം. ലിജോയുടെ ബാല്യകാല അനുഭവവും ഒരു പരസ്യത്തിൽ നിന്നുണ്ടായ ആശയവും ചിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. ഹരീഷിന്റെ തിരക്കഥ ഇതിലും മികച്ചതാക്കാമായിരുന്നു. തമാശ നിറയുന്ന മികച്ച ആദ്യപകുതി ഉണ്ടെങ്കിലും രണ്ടാം പകുതിയിൽ പ്രേക്ഷക ചിന്തയ്ക്ക് അതീതമായി ഒന്നും സംഭവിക്കുന്നില്ലെന്നത് ഒരു കുറവായി അനുഭവപ്പെട്ടു.
✨️Bottom Line – ഉച്ചമയക്കത്തിനിടയിലെ ദൈർഘ്യമാണ് ‘നൻപകൽ നേരത്ത് മയക്കം’. ലിജോയുടെ ഏറ്റവും മികച്ച സിനിമയായി എനിക്ക് കാണാനാകില്ല. എന്നാൽ മികച്ച പ്രകടനങ്ങളാലും റിച്ചായ ഫ്രെയിമുകളാലും കഥപറച്ചിലിലെ മിതത്വം കൊണ്ടും സുന്ദര കാഴ്ചയാവുന്നുണ്ട് ചിത്രം. ആ നിലയിൽ തിയേറ്ററിൽ ആസ്വദിക്കാം. ആവർത്തിച്ചുള്ള കാഴ്ചയിൽ പല ലെയറുകളും ചിത്രത്തിന് വന്നുചേരുമെന്ന് ഉറപ്പാണ്. സ്വപ്നാടനമെന്നോ വിഭ്രാന്തിയെന്നോ ആശയെന്നോ ഒക്കെ പറയാവുന്ന തരത്തിൽ അർത്ഥതലം സമ്മാനിക്കുന്ന ചിത്രം. പടത്തിലെ ഒരു പാട്ടുപോലെ…
“മയക്കമാ… കലക്കമാ
മനതിലെ കുഴപ്പമാ
വാഴ്‌കയിൽ നടുക്കമാ……’
ആകെതുകയിൽ ഇതാണ് ചിത്രം.