India

പുതുമുഖ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പരാതി നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ നടനും സംവിധായകനുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഹര്‍ജി തള്ളിയത്.

അതേസമയം ബലാത്സംഗ കേസില്‍ ഇന്നും വാദം തുടരും. ഇന്നലെ സര്‍ക്കാര്‍ വാദം പൂര്‍ത്തിയായിരുന്നു. സര്‍ക്കാരിന് വേണ്ടി പ്രോസിക്യൂഷന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് ഹാജരായത്. വിജയ് ബാബുവിന്റെ അഭിഭാഷകന്റെ വാദമാണ് ഇന്ന് തുടരുക. കേസിലെ നടപടി ക്രമങ്ങള്‍ ഇന്നലെ രഹസ്യമായാണു നടത്തിയത്. വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവിന്റെ കാലാവധിയും ഇന്നുവരെ നീട്ടിയിട്ടുണ്ട്.

ഏപ്രില്‍ 22നാണ് പീഡിപ്പിച്ചുവെന്നാരേപിച്ച് നടി പരാതി നല്‍കിയത്. മാര്‍ച്ച് 16ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ചും മാര്‍ച്ച് 22ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി. ഇതേ തുടര്‍ന്ന് സമൂഹമാധ്യമത്തിലൂടെ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു.

പരാതിക്കാരിക്ക് പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ലൈഗംക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നുവെന്നുമാണ് വിജയ് ബാബു പറയുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തിൽ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. ധ്യാന്‍ ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിയായിരുന്നു നായകൻ. ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതുകയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന പ്രകാശന്‍ പറക്കട്ടെ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ വെച്ച് ധ്യാന്‍ ശ്രീനിവാസനോട് നയന്‍താര കല്യാണമൊന്നും വിളിച്ചില്ലേ എന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ചു, ഇതിനു മറുപടിയായി ധ്യാൻ നൽകിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

വിളിച്ചു. പക്ഷെ, ഞാന്‍ പോയില്ല, വേണ്ടെന്ന് വെച്ചു. തിരക്കല്ലേടാ. പ്രസ് മീറ്റിന്റെ തിരക്കൊക്കെ ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഇന്റര്‍വ്യൂവിന്റെ തിരക്കുമുണ്ട്,ധ്യാന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ കോണ്‍ഗ്രസ് പ്രതിനിധി ഉമ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. അന്ത്രിച്ച മുന്‍ എം എല്‍ എ പി ടി തോമസിന്റെ ഭാര്യയാണ് ഉമ തോമസ്.

ഇന്നലെ രാത്രിയോടെ ഉമ തോമസ് തിരുവനന്തപുരത്ത് എത്തി. പി ടി തോമസിന്റെ ഓര്‍മകളുമായാണ് സത്യപ്രതിജ്ഞക്ക് പോകുന്നത്. വോട്ടര്‍മാര്‍ക്ക് നല്‍കിയ എല്ലാ ഉറപ്പുകളും പാലിക്കുമെന്നും ഉമ തോമസ് പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക്് ശേഷം ഈ മാസം 27 മുതല്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തിലും ഉമാതോമസ് പങ്കെടുക്കും.

പിടി തോമസിന്റെ മരണത്തെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉമ തോമസിലൂടെ മിന്നും വിജയമാണ് യുഡിഎഫ് നേടിയത്. 72767 വോട്ടുകള്‍ നേടിയാണ് ഉമാ തോമസ് വിജയം നേടിയത്. മെയ് 31നായിരുന്നു തിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടന്നു. ജോ ജോസഫ് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എ എന്‍ രാധാകൃഷ്ണന്‍ ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി.

തൃക്കാക്കരയില്‍ യുഡിഎഫിന് 2021നെക്കാള്‍ 12,928 വോട്ടുകള്‍ കൂടുതല്‍ ലഭിച്ചു. 2021ല്‍ 59,839 വോട്ടുകളായിരുന്നു പി.ടി തോമസ് നേടിയത്. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി ജോ ജോസഫ് 47,752 വോട്ട് നേടി. 2021 ല്‍ എല്‍.ഡി.എഫിന് ലഭിച്ചത് 45510 വോട്ടായിരുന്നു. ഇത്തവണ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. എ.എന്‍ രാധാകൃഷ്ണന്‍ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി 15483 വോട്ടുകള്‍ നേടിയിരുന്നു.

സി.പി.എമ്മിന്റെ സമുന്നത നേതാവും എൽ ഡി എഫ് കൺവീനറുമായ ഇ പി ജയരാനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് വരുന്നു. പിണറായിക്കൊപ്പം യാത്ര ചെയ്യവേ ഇൻഡിഗോ വിമാനത്തിൽ വെച്ച് യാത്രക്കാരേ ചവിട്ടി വീഴ്ത്തുകയും കഴുത്തിനു കുത്തി പിടിക്കുകയും ചെയ്ത സംഭവത്തിലാണ്‌ പി ജയരാജൻ അഴിക്കുള്ളിലാകാനുള്ള സാധ്യത തെളിയുന്നത്. കേരള പോലീസിനു ഈ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാം. കാരണം സിവിൽ ഏവിയേഷൻ വകുപ്പുകൾ അനുസരിച്ചും കേസ് അന്വേഷിക്കണം. വിമാനത്തിൽ ആക്രമണം നടത്തി എന്ന് സിവിൽ ഏവിയേഷൻ വകുപ്പ് കണ്ടെത്തിയാൽ ഇ പി ജയരാജനെതിരേ സ്വമേധയാ കേന്ദ്ര വ്യോമയാന വകുപ്പിനും കേസെടുക്കാം എന്നാണ് നിയമ വിദഗർ ചൂണ്ടിക്കാട്ടുന്നത്.

ഒന്നുകിൽ കേരളാ പോലീസ് എഫ് ഐ ആർ ഇട്ട് ഈ സംഭവം കേന്ദ്രത്തിന് റിപോർട്ട് ചെയ്യണം. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച് സുരക്ഷാ വീഴ്ച്ച ഉണ്ടായി എന്നും ഇ പി ജയരാജൻ അക്രമാസക്തനായി എന്നും കണ്ടെത്തിയാൽ അദ്ദേഹത്തേ കസ്റ്റഡിയിൽ എടുക്കേണ്ടി വരും. മാത്രമല്ല ഇ പി ജയരാജൻ മേലിൽ ലോകത്തെ ഒരു വിമാനത്തിലും കയറുന്നത് തടഞ്ഞ് കൊണ്ട് യാത്രാ വിലക്കും ഉണ്ടാവും. ഇതോടെ ഇ.പി ജയരാജന്റെ പതിവ് പരിപാടിയായ സർക്കാരിന്റെയും പാർട്ടിയുടേയും ചിലവിലെ കണ്ണൂർ- തിരുവനന്തപുരം ‘ഓസ്’ യാത്രയും എന്നേക്കുമായി അവസാനിക്കും. നിയമം അനുസരിച്ച്, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായ വിവരം തിങ്കളാഴ്ച തന്നെ വിമാനത്താവള അധികൃതർ ബിസിഎഎസിനെയും വ്യോമയാന മന്ത്രാലയ അധികൃതരെയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെയും അറിയിക്കണം. സംഭവം ഉണ്ടായി ഒരു മണിക്കൂറിനുള്ളിൽ റിപ്പോർട്ടു നൽകണമെന്നാണ് നിയമം.

നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കേണ്ടത് ബിസിഎഎസ് (ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി) ആണ്. 1994 ലെ നിയമഭേദഗതി അനുസരിച്ച്, വിചാരണ വേളയിൽ ദേശവിരുദ്ധപ്രവർത്തനങ്ങൾ തെളിഞ്ഞാൽ വിമാനം തട്ടിയെടുക്കുന്നവർക്ക് വധശിക്ഷവരെ ലഭിക്കാം.

ഇ പി ജയരാജനെതിരേ കേസെടുക്കില്ലെന്ന് പോലീസിന് വാശിപിടിക്കാൻ ആവില്ല. കാരണം പോലീസ് നിയമ പ്രകാരം കേരളത്തിലെ വിമാനത്താവളത്തിൽ നടന്ന കാര്യം വ്യോമയാന ഉദ്യോഗസ്ഥർക്ക് റിപോർട്ട് ചെയ്തേ മതിയാകൂ. ഈ കാര്യത്തിൽ അവസാന വാക്കും അന്വേഷണവും കേന്ദ്ര ഏജൻസിയാണ്‌ തീരുമാനിക്കുന്നത്. വീഴ്ച്ച ഉണ്ടായോ എന്ന് നിശ്ചയിക്കുന്നതും അവർ ആയിരിക്കും. അതിനാൽ തന്നെ ഇ പി ജയരാജനെ മുഖ്യമന്ത്രി എത്ര സംരക്ഷിച്ചാലും പണി ഉറപ്പാണ്‌ എന്ന് സാരം.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ ഉണ്ടായ പ്രതിഷേധം കേരളത്തിൽ രാഷ്ട്രീയ വിവാദമാണെങ്കിൽ, കേന്ദ്ര ഏജൻസികൾ ഏറെ ഗൗരവത്തോടെയാണ് വിഷയത്തെ കൈകാര്യം ചെയ്യുന്നത്. നിസാരമായ കേസല്ല ഇതെന്നും ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ രാജ്യാന്തരതലത്തിൽ രൂപീകരിച്ച നിയമവ്യവസ്ഥകളുണ്ടെന്നും വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ നിർദേശങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് അൺലാഫുൾ ആക്ട്സ് എഗൈൻസ്റ്റ് സേഫ്റ്റി ഓഫ് സിവിൽ ഏവിയേഷൻ ആക്ട് രൂപീകരിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങളുൾപ്പെടുത്തിയ വാർഷിക റിപ്പോർട്ടുകൾ ഇന്ത്യ ഐസിഎഒയ്ക്കു കൈമാറാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധം നടത്തിയ സംഭവം ക്രൈം ബ്രാഞ്ചിലെ പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമായിരിക്കും കേസ് അന്വേഷിക്കുക. അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് എഡിജിപി മേൽനോട്ടം വഹിക്കും.

അതേസമയം, വിമാനത്തിനുള്ളിൽ നടന്ന സംഭവ വികാസങ്ങളിൽ ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് ആവർത്തിച്ച് ആവശ്യപ്പെട്ടു. ജയരാജന് എതിരെ കേസെടുത്തില്ലെങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിട്ടുണ്ട്. ആകാശത്തും ഭൂമിയിലും പ്രതിഷേധം ഒരു പോലെയാണെന്നും സംസ്ഥാനത്ത് ഭീകരപ്രവർത്തനം നടത്തുന്നത് സിപിഎമ്മാണെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിലെ പ്രതിഷേധം തെറ്റാണെന്ന് പറയുന്നവർ പണ്ട് ട്രെയിനിൽ മന്ത്രിയുടെ തലയിൽ കരി ഓയിൽ ഒഴിച്ചിട്ടുണ്ടെന്നും സതീശൻ ഓർമ്മിപ്പിക്കുന്നു.

എന്നാൽ, രാഷ്‌ട്രീയവൈരാഗ്യം കൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. വലിയതുറ പോലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വധശ്രമത്തിനുള്ള വകുപ്പുകൾക്ക് പുറമെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എയർക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകൾ കൂടി ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഗൺമാൻ അനിലിനേയും ആക്രമിച്ചതായി എഫ്‌ഐആറിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, ഇൻഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്ത് എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്തില്‍ നടത്തിയ പ്രതിഷേധവും ഇപി ജയരാജന്റെ പ്രതിരോധവും ചർച്ചയാകുന്നു സമയം, 1978ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിമാനം റാഞ്ചിയ സംഭവം ചര്‍ച്ചയാക്കി സൈബര്‍ സിപിഐഎം.

അടിയന്തരാവസ്ഥയ്ക്ക് ശേഷം ജയിലില്‍ അടയ്ക്കപ്പെട്ട ഇന്ദിരാ ഗാന്ധിയുടെ മോചനം ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിമാനം റാഞ്ചിയത്. 1978 ഡിസംബര്‍ ഇരുപതിന് ഉത്തര്‍പ്രദേശ് സ്വദേശികളായ കോണ്‍ഗ്രസ് നേതാക്കളായ ഭോലാനാഥ് പാണ്ഡെയും ദേവേന്ദ്ര പാണ്ഡെയുമാണ് വിമാനം റാഞ്ചിയത്. കൊല്‍ക്കത്തയില്‍നിന്ന് ലഖ്നൗവിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് 410 വിമാനമാണ് ഇരുവരും റാഞ്ചിയത്. ഇന്ദിരാ ഗാന്ധിയെ മോചിപ്പിക്കുക, മകന്‍ സഞ്ജയ് ഗാന്ധിക്കെതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വിമാനറാഞ്ചല്‍.

സംഭവസമയത്ത് 130 യാത്രക്കാരും ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. കളിത്തോക്കുകളുമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തി ബന്ദിക്കളാക്കിയത്. മണിക്കൂറുകള്‍ക്ക് ശേഷം വിമാനം വാരാണസിയില്‍ ഇറക്കി മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഇരുവരും കീഴടങ്ങുകയും ചെയ്തു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന 1980ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കുകയും ഇരുവരും വിജയിച്ച് എംഎല്‍എയാവുകയും ചെയ്തു.

ഈ സംഭവമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വിമാനത്തിനുള്ളില്‍ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍മീഡിയ ചര്‍ച്ചയാക്കുന്നത്. വിമാനത്തിനുള്ളില്‍ അതിക്രമം പണ്ടുമുതലേ കോണ്‍ഗ്രസുകാര്‍ തുടങ്ങിയെന്നാണ് സിപിഐഎം അനുഭാവികള്‍ വിമാനറാഞ്ചല്‍ ചൂണ്ടിക്കാണിച്ച് പറയുന്നത്.

മധ്യപ്രദേശില്‍ വിചിത്ര ഡൈനോസര്‍ മുട്ടകള്‍ കണ്ടെത്തി ഗവേഷകര്‍. ഥാര്‍ ജില്ലയിലെ ഡൈനോസര്‍ ഫോസില്‍ നാഷണല്‍ പാര്‍ക്കില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് മുട്ടകള്‍ കണ്ടെത്തിയത്. ഒന്ന് മറ്റൊന്നിനുള്ളില്‍ കൂടുണ്ടാക്കിയ നിലയില്‍ അപൂര്‍വ രീതിയിലാണ് മുട്ടകള്‍.

ടൈറ്റനോസോയ്ഡ് വിഭാഗത്തില്‍ പെടുന്ന ഡൈനോസറുകളുടെ ഫോസിലൈസ്ഡ് മുട്ടകളാണ് കണ്ടെത്തിയിരിക്കുന്നത്. സാധാരണ പക്ഷികളിലും മറ്റുമാണ് ഇത്തരത്തില്‍ ഒരു മുട്ടയ്ക്കുള്ളില്‍ മറ്റൊന്ന് എന്ന നിലയില്‍ മുട്ടകളുണ്ടാവാറുള്ളത്. ഡൈനോസര്‍ മുട്ടകള്‍ ഇതേ രീതിയില്‍ കണ്ടെത്തിയതോടെ ഉരഗങ്ങളുടെയും പക്ഷി വര്‍ഗങ്ങളുടെയും പരിണാമത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഇത് പുതിയ തലങ്ങള്‍ നല്‍കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

സോറോപോഡ് ഫാമിലിയിലുള്ള ഡൈനോസര്‍ വിഭാഗമാണ് ടൈറ്റനോസോയ്ഡ്. ഇന്ന് ഇന്ത്യയുള്‍പ്പെടുന്ന പ്രദേശത്തായിരുന്നു ഇവയുടെ വാസം. ഡൈനോസര്‍ വിഭാഗങ്ങളില്‍ ഏറ്റവും വലിപ്പമേറിയ ഇവയുടെ ഫോസിലുകള്‍ ഗുജറാത്ത്, മധ്യപ്രദേശ്, മേഘാലയ എന്നിവിടങ്ങളില്‍ നിന്ന് നേരത്തേ തന്നെ കണ്ടെത്തിയിട്ടുണ്ട്.

 

കാറ് സ്ത്രീധനമായി നൽകിയില്ലെന്ന് ആരോപിച്ച് ഭാര്യയെ യുവാവ് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുക്കൊന്നു. തമിഴ്‌നാട് സേലത്താണ് യുവാവ് പണത്തിനോടും സ്വർണ്ണത്തിനോടുമുള്ള അത്യാർത്തിയിൽ ക്രൂരത നടത്തിയത്. തലക്കടിച്ചു കൊലപ്പെടുത്തിയതിനുശേഷം കെട്ടിത്തൂക്കിയ ശേഷം കൊലപാതകം ആത്മഹത്യയാക്കി മാറ്റാനും യുവാവ് ശ്രമം നടത്തുകയും ചെയ്തു.

സേലം മുല്ലൈ നഗർ സ്വദേശികളായ കീർത്തിരാജും ധനശ്രീയും മൂന്നുകൊല്ലം മുൻപാണു വിവാഹിതരായത്. അടുത്തിടെയാണ് ഇവർ കുടുംബ വീട്ടിൽ നിന്നും മാറിതാമസിച്ചത്. ഇതോടെ സ്ത്രീധനം ആവശ്യപ്പെട്ടു കീർത്തിരാജിന്റെ പീഡനം തുടങ്ങി. കാറും കൂടുതൽ ആഭരണങ്ങളും ആവശ്യപ്പെട്ടായിരുന്നു ഇയാൾ ധനശ്രീയെ ആക്രമിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം ധനശ്രീ ആത്മഹത്യ ചെയ്‌തെന്നു കീർത്തിരാജ് ഭാര്യവീട്ടുകാരെ അറിയിച്ചു. മാതാപിതാക്കൾ ആശുപത്രിയിലെത്തിയപ്പോഴാണു ധനശ്രീയുടെ തലയിൽ മുറിവ് കണ്ടത്.

തുടർന്ന് പൊലീസിൽ പരാതി നൽകി. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും തലക്കടിയേറ്റാണു മരണമെന്നു സ്ഥിരീകരിച്ചു. തുടർന്ന് കീർത്തിരാജിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെയാണു ക്രൂരതയുടെ മുഖം പുറംലോകം അറിഞ്ഞത്. സ്ത്രീധനമായി കാറുകിട്ടാത്തതിനെ ചൊല്ലി ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായി. വഴക്കിനിടെ ക്രിക്കറ്റ് ബാറ്റെടുത്തു കീർത്തിരാജ് ധനശ്രീയെ അടിക്കുകയായിരുന്നു. മരിച്ചവീണ ധനശ്രീയുടെ കഴുത്തിൽ കയറു കുരുക്കി കെട്ടിത്തൂക്കിയ ശേഷമാണു ഇയാൾ അയൽവാസികളെ വിവരമറിയിച്ചത്.

തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാന കൊല. മിശ്രവിവാഹിതരായ ദമ്പതികളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കുംഭകോണത്തിനടുത്ത് ചോളപുരം തുളുക്കാവേലിയിലാണ് ദാരുണമായ കൊലപാതകം റിപ്പോർട്ട് ചെയ്തത്. തിരുവണ്ണാമലൈ ജില്ലയിലെ പൊന്നൂർ സ്വദേശിയായ മോഹനും (31),തുളുക്കാവേലി സ്വദേശിനി ശരണ്യയു (22) മാണ് കൊല്ലപ്പെട്ടത്.

വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെ അഞ്ച് ദിവസം മുമ്പാണ് ഇരുവരും ചെന്നൈയിൽ വെച്ച് വിവാഹിതരായത്. ശരണ്യ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായിരുന്നു. ഇതിനിടയിലാണ് മോഹനുമായി പ്രണയത്തിലായത്. ഇവരുടെ വിവാഹത്തിന് ശരണ്യയുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. സ്വന്തം സമുദായത്തിൽപ്പെട്ടവരെ മാത്രമേ വിവാഹം കഴിക്കാവൂവെന്ന് ബന്ധുക്കൾ പലതവണ മുന്നറിയിപ്പ് നൽകി.

എന്നാൽ, എല്ലാ എതിർപ്പുകളെയും അവഗണിച്ച് കഴിഞ്ഞാഴ്ച ഇരുവരും വിവാഹിതരായി. തുടർന്ന് ശരണ്യയുടെ സഹോദരൻ ശക്തിവേൽ (31) സ്നേഹം നടിച്ച്, വിരുന്നിനായി ഇവരെ വീട്ടിലേക്ക് ക്ഷണിച്ചു. ദമ്പതികൾ വീട്ടിലേക്ക് കയറാനൊരുങ്ങിയപ്പോൾ ശക്തിവേലും ബന്ധു രഞ്ജിത്തും ആക്രമിക്കുകയായിരുന്നു.

സംഭവസ്ഥലത്തുവച്ചുതന്നെ ശരണ്യയും മോഹനും മരണപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ചോളപുരം പൊലീസ് സ്ഥലത്തെത്തി കൊലയാളികളെ അറസ്റ്റ് ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു യാത്രക്കാരില്‍ നിന്നായി 1.80 കോടിയുടെ സ്വര്‍ണം എയര്‍കസ്‌റ്റംസ്‌ ഇന്റലിജന്‍സും പോലീസും പിടികൂടി. കോഴിക്കോട്‌ നാദാപുരം കണ്ണോത്തുകണ്ടി കെ.കെ ജുനൈദ്‌ (28), കോഴിക്കോട്‌ കുറ്റ്യാടി എടക്കാട്ടുകണ്ടിയില്‍ മുഹമ്മദ്‌ ഹനീസ്‌ (26), കോഴിക്കോട്‌ കുന്ദമംഗലം നടുവംഞ്ചാലില്‍ കബീര്‍ (34) എന്നിവരാണ്‌ സ്വര്‍ണവുമായി പിടിയിലായത്‌.

കസ്‌റ്റംസിനെ വെട്ടിച്ച്‌ പുറത്തുകടത്തിയ സ്വര്‍ണമാണ്‌ ജുനൈദില്‍നിന്ന്‌ കരിപ്പൂര്‍ പോലീസ്‌ കണ്ടെടുത്തത്‌. 1822 ഗ്രാം സ്വര്‍ണം ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു. 80 ലക്ഷം രൂപ വിലവരും. അബുദാബിയില്‍നിന്ന്‌ ഇഡിഗോ വിമാനത്തിലാണ്‌ ജുനൈദ്‌ കരിപ്പൂരിലെത്തിയത്‌.

ഹനീസ്‌, കബീര്‍ (34) എന്നിവരെ സ്വര്‍ണം കടത്തുന്നതിനിടെ എയര്‍ കസ്‌റ്റംസ്‌ ഇന്റലിജന്‍സ്‌ പിടികൂടുകയായിരുന്നു. മസ്‌കറ്റില്‍നിന്ന്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിലാണ്‌ ഹനീസ്‌ കരിപ്പൂരിലെത്തിയത്‌. 1132 ഗ്രാം സ്വര്‍ണമാണ്‌ ഇയാള്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്‌. ദോഹയില്‍ നിന്ന്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിലെത്തിയ കബീര്‍ 1012 ഗ്രാം സ്വര്‍ണമാണ്‌ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്‌.

ചലച്ചിത്ര താരം നയന്‍താരയും ഭര്‍ത്താവ്‌ വിഘ്‌നേഷ്‌ ശിവയും ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രത്തില്‍ ചാന്താട്ടം ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തി. മേല്‍ശാന്തി വിഷ്‌ണു നമ്പൂതിരിയില്‍നിന്നും പ്രസാദം സ്വീകരിച്ചു. സമയം കിട്ടുമ്പോഴെല്ലാം ചെട്ടികുളങ്ങര ഭഗവതിയുടെ തിരുസന്നിധിയിലെത്തുമെന്നു താരദമ്പതികള്‍ പറഞ്ഞു. ദര്‍ശനത്തിനു ശേഷം ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്റെ ഓഫീസില്‍ എത്തിയ താരദമ്പതിമാരെ കണ്‍വന്‍ഷന്‍ പ്രസിഡന്റ്‌ എം.കെ. രാജീവ്‌, സെക്രട്ടറി എം. മനോജ്‌ കുമാര്‍ എന്നിവര്‍ സ്വീകരിച്ചു.

RECENT POSTS
Copyright © . All rights reserved