India

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടക സംഘത്തിന് നേരെ യുവാവിന്റെ ആക്രമണം. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ യുവാവ് കല്ലെറിഞ്ഞു. ആലപ്പുഴ കളര്‍കോട് ജംഗ്ഷനില്‍ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. യുവാവ് വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും സംഘത്തിലുണ്ടായിരുന്ന 9 വയസുകാരിയെ തള്ളിയിടുകയും ചെയ്തു. കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

യുവാവിന്റെയും യുവതിയുടെയും ഫോട്ടോ എടുത്തെന്ന് ആരോപിച്ച് ആയിരുന്നു അതിക്രമമെന്നാണ് തീര്‍ത്ഥാടക സംഘം പറയുന്നത്. മലപ്പുറം ചുങ്കത്തറ സ്വദേശികളായ അയ്യപ്പഭക്തര്‍ ശബരിമല സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെ ചായ കുടിക്കാന്‍ കളര്‍കോട് ജംഗഷനില്‍ ഇറങ്ങിയിരുന്നു. സംഘത്തിലുണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികള്‍ ഈ സമയം ഹോട്ടലിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു ബൈക്കിന് സമീപത്ത് നിന്ന് ഫോട്ടോയെടുത്തു. യുവാവിനൊപ്പമുണ്ടായിരുന്ന യുവതി ടിവി റിയാലിറ്റി ഷോ താരമാണ്. കുട്ടികൾ ഈ യുവതിയുടെ ഫോട്ടോ ആണ് എടുത്തതെന്നാണ് സൂചന.

ഇതോടെ തന്റെയും കൂടെയുണ്ടായിരുന്ന യുവതിയുടെയും ഫോട്ടോ എടുത്തു എന്ന് പറഞ്ഞ് യുവാവ് വൃന്ദാവന എന്ന 9 വയസ്സുകാരിയെ തള്ളിയിടുകയായിരുന്നു. ഇതോടെ സംഘത്തിലുള്ളവരും യുവാവും തമ്മില്‍ വാക്കേറ്റമായി. മടങ്ങിപ്പോയ യുവാവ് കൈക്കോടാലി കൊണ്ടുവന്ന് അക്രമം നടത്തുകയായിരുന്നു. ബസിന്റെ ചില്ല് കോടാലി കൊണ്ട് അടിച്ചു തകര്‍ത്തു. സംഭവത്തിൽ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തു. അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.

കൊല്ലം ചെമ്മാമുക്കില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതിയുടെ നഗ്ന മൃതദേഹം അഴുകിയ നിലയില്‍ ആളൊഴിഞ്ഞ റെയില്‍വെ കെട്ടിടത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ചല്‍ സ്വദേശി നാസുവിന്റെ (24) അറസ്റ്റ് രേഖപ്പെടുത്തി. തെളിവ് നശിപ്പിച്ചതിനാണ് അറസ്റ്റ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നാണ് സൂചന. പൊലീസ് കസ്റ്റഡിയിലെടുത്ത് ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

കൊല്ലം ബീച്ചില്‍ വച്ച് കഴിഞ്ഞ മാസം 29ന് യുവതിയെ പരിചയപ്പെട്ടുവെന്നാണ് യുവാവിന്റെ മൊഴി. ബീച്ചില്‍വച്ച് പരിചയപ്പെട്ട യുവതിയെ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുപോയതായും ഇവിടെവച്ച് ഇവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും യുവാവ് പറയുന്നു. ഇതിനിടെ യുവതിക്ക് അപസ്മാരം വന്നുവെന്നും ഇതിനെത്തുടര്‍ന്ന് ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

നൈറ്റ് പട്രോളിങ്ങിനിടെ ഡിസംബര്‍ 31ന് ഇയാളെ കൊട്ടിയം പൊലീസ് ഇയാളെ പിടികൂടിയിരുന്നു. സംശയാസ്പദമായ നിലയില്‍ ഇയാളുടെ കൈവശം ഫോണ്‍ കണ്ടെത്തിയതോടെയാണ് പൊലീസ് പിടികൂടിയത്. എന്നാല്‍ ഫോണ്‍ കളഞ്ഞു കിട്ടിയതാണെന്നായിരുന്നു ഇയാള്‍ ആദ്യം മൊഴി നല്‍കിയത്. ഈ ഫോണില്‍നിന്നു പൊലീസ് നമ്പറെടുത്ത് വിളിച്ചപ്പോള്‍ കാണാതായ യുവതിയുടെ വീട്ടിലേക്കാണു കോള്‍ പോയത്. ഫോണിന്റെ ഉടമയെ കാണാനില്ലെന്നും പരാതി നല്‍കിയിട്ടുണ്ടെന്നുമുള്ള വിവരം യുവതിയുടെ വീട്ടുകാര്‍ പൊലീസിനോടു പറഞ്ഞു. തുടര്‍ന്ന് ഫോണ്‍ പിടിച്ചെടുത്തശേഷം ഇയാളെ പൊലീസ് വിട്ടയച്ചു. പിന്നീട് യുവതിയുടെ വീട്ടുകാര്‍ യുവതിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് യുവതിയുടെ മൃതദേഹം കിട്ടിയപ്പോള്‍ നേരത്തെ കസ്റ്റഡിയിലെടുത്ത യുവാവിനെ വീണ്ടും പൊലീസ് അന്വേഷിച്ചു കണ്ടെത്തുകയും തുടര്‍ന്ന് ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. കഴിഞ്ഞ ദിവസം രാവിലെ ആളൊഴിഞ്ഞ റെയില്‍വെ കെട്ടിടത്തില്‍നിന്നും ദുര്‍ഗന്ധം വന്നതോടെ പ്രദേശവാസികള്‍ നടത്തിയ തെരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ചില വസ്ത്രഭാഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി.

മലയാള ചലച്ചിത്ര ഗാനരചയിതാവ് ബീയാര്‍ പ്രസാദ് (61) അന്തരിച്ചു. മസ്തിഷ്‌കാഘാതം സംഭവിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. കുറച്ചുനാളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു കഴിഞ്ഞിരുന്നത്.

രണ്ടുവര്‍ഷം മുമ്പ് വൃക്ക മാറ്റിവെച്ചതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. ഇതിനിടെ ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വസ്ഥ്യമുണ്ടായ തോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചു. ഒരു നോവലെഴുത്തിന്റെ അവസാനഘട്ടത്തിലായിരുന്നു ബീയാര്‍ പ്രസാദ്.

2003-ല്‍ കിളിച്ചുണ്ടന്‍ മാമ്പഴമെന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഗാനങ്ങള്‍ രചിച്ചാണ് സിനിമാ ലോകത്ത് ഗാനരചയിതാവെന്ന നിലയില്‍ ശ്രദ്ധേയനായത്. ‘ഒന്നാംകിളി പൊന്നാണ്‍കിളി…’, ‘കേരനിരകളാടും ഒരുഹരിത ചാരുതീരം…’, ‘മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി…’ തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് കവിയും നാടക സംവിധായകനുമായിരുന്ന പ്രസാദ് സിനിമാലോകത്തെത്തുന്നത്. ഭാര്യ സനിതാ പ്രസാദ്.

ഭക്ഷ്യ വിഷബാധമൂലം സംസ്ഥാനത്ത് ഓരോ മരണവും സംഭവിക്കുമ്പോൾ മാത്രമാണ് അധികാരികൾക്ക് അൽപമെങ്കിലും ചൂടുപിടിക്കുന്നത്. അതിന്റെ മറവിൽ നടത്തുന്ന കർശന പരിശോധനകളെല്ലാം വെറും പ്രഹസനങ്ങൾ മാത്രമാണ് ഇതുണ്ടാകാം തന്നെ വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ ഏറ്റവും ഒടുവിലായി ഭക്ഷ്യവിഷബാധ നഴ്‌സ്‌ രശ്‌മിരാജിന്റെ ജീവൻ കവർന്നപ്പോൾ നഷ്ടം ആ കുടുംബത്തിന് മാത്രമാവുകയാണ്. രശ്മിയുടെ വേർപാട് താങ്ങാനാവാതെ പാടത്തിനരികിലെ ആ കൊച്ചുവീട്ടിൽ ഇനിയും തേങ്ങലുകൾ അടങ്ങുന്നില്ല. ആ കുടുംബത്തിന്റെ അത്താണിയും ഏക പ്രതീക്ഷയും. അവളിനി തിരിച്ചു വരുത്തില്ലെന്ന സത്യം ഉൾകൊള്ളാൻ ആ കുടുംബത്തിന്റെ മനസ്സ് ഇനിയും പാകപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത.

‘‘ആശുപത്രിയിൽ ചെല്ലുമ്പോഴും ഇറങ്ങുമ്പോഴും ഒക്കെ വിളിക്കുമായിരുന്നു. ഉടനെ ഹെഡ്‌ നഴ്‌സ്‌ ആകും, നമുക്ക്‌ കുറച്ച്‌ സ്‌ഥലം വാങ്ങണം, എന്നൊക്കെ പറയും. ഒത്തിരി മോഹങ്ങളുണ്ടായിരുന്നു അവൾക്ക്‌. പോയില്ലേ എന്റെ കൊച്ച്‌ ’’- അമ്മ അംബികയുടെ കണ്ണീരിന്‌ മറുപടിപറയാൻ ആർക്കും കഴിയുന്നില്ല. രശ്‌മിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ബന്ധുക്കളും നാട്ടുകാരുമെല്ലാം അവസാനമായി കാണാൻ അവിടെയെത്തി. നാലുമാസം മുമ്പായിരുന്നു രശ്‌മിയുടെ വിവാഹം.

ഭർത്താവ്‌ തിരുവനന്തപുരം സ്വദേശി വിനോദ്‌കുമാർ ഇലക്‌ട്രീഷ്യനാണ്‌. പുതിയ ജീവിതം സന്തോഷത്തോടെ തുടങ്ങിയതേയുള്ളു. എട്ടുവർഷമായി കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചിട്ട്‌. അസ്ഥിരോഗ തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സിങ് ഓഫീസറായിരുന്നു.

സഹോദരൻ വിഷ്‌ണുരാജ്‌ മർച്ചന്റ്‌ നേവിയുമായി ബന്ധപ്പെട്ട കോഴ്‌സ്‌ പൂർത്തിയാക്കിയശേഷം ജോലിക്ക്‌ ശ്രമിച്ചുകൊണ്ടിരിക്കുന്നു. രശ്‌മിയുടെ വരുമാനമായിരുന്നു ആ കുടുംബത്തിന്റെ വലിയ ആശ്രയം.

ഒരുമാസം മുമ്പ്‌ വീടിന്റെ അറ്റകുറ്റപ്പണി തുടങ്ങിവെച്ചതാണ്‌. പൂർത്തിയാക്കിയിട്ടില്ല. വയറിങ്ങും പ്ലംബിങ്ങും ബാക്കിയുണ്ട്‌. അമ്മ അംബിക ജില്ലാ ആശുപത്രിയിൽ നഴ്‌സിങ്‌ അസിസ്‌റ്റന്റായാണ്‌ വിരമിച്ചത്‌.

ചൊവ്വാഴ്ച ഉച്ചയോടെയാണ്‌ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്‌റ്റ്‌മോർട്ടം നടപടി പൂർത്തിയായത്‌. തുടർന്ന്‌ അവിടെ പൊതുദർശനത്തിനുവെച്ചു. അതിനുശേഷമാണ്‌ തിരുവാർപ്പ്‌ കിളിരൂരിലെ പാലത്തറ വീട്ടിലെത്തിച്ചത്‌. നാലുമണിയോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ.

പാറശാലയിൽ ഏഴുമാസം ഗർഭിണിയായ യുവതിക്ക് പൊള്ളലേറ്റതിനെ തുടർന്ന് ഗർഭസ്ഥ ശിശുവിന് ദാരുണാന്ത്യം. പാറശാല മുരിയങ്കര സ്വദേശി അജയ് പ്രകാശിന്റെ ഭാര്യ അരുണിമ (27) നെ പൊള്ളലേറ്റ നിലയിൽ വീട്ടിൽ കണ്ടെത്തുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

രണ്ട് ദിവസം മുൻപാണ് അരുണിമയെ മണ്ണെണ്ണ ഒഴിച്ച് തീ പൊള്ളലേറ്റ നിലയിൽ വീട്ടിൽ നിന്നും കണ്ടെത്തിയത്. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് അരുണിമയ്ക്ക് പൊള്ളലേറ്റത്. സൈനികനായ ഭർത്താവ് അജയ് പ്രകാശ് ലീവ് കഴിഞ്ഞ് തിരിച്ച് പോകാനിരിക്കെയാണ് സംഭവം നടന്നത്. ഏഴുമാസം ഗർഭിണിയായ അരുണിമ ഭർത്താവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. അജയ് പ്രകാശ് അവധിക്ക് നാട്ടിൽ വരുമ്പോൾ കൂടെ വരികയായിരുന്നു അരുണിമ.

കുടുംബ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നാണ് വീട്ടുകാർ പറയുന്നത്. അറുപത് ശതമാനത്തോളം പൊള്ളലേറ്റ അരുണിമയുടെ ഗർഭസ്ഥ ശിശു മരണപെട്ടു. എന്നാൽ കുഞ്ഞിനെ പുറത്തെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. നിലവിൽ അരുണിമ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് അരുണിമയുടെ ബന്ധുക്കൾ ആരോപിച്ചു.

തൊട്ടിൽപ്പാലത്ത് നിന്ന് രണ്ടുദിവസം മുൻപ് കാണാതായ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോതോട് അമ്പലക്കാവ് ചാരുമേൽ മഹേഷിന്റെ ഭാര്യ സുഗിഷയാണ് ( 35 ) മരിച്ചത്.

ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് തൊട്ടിൽപാലം പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ വീടിന് അര കിലോമീറ്റർ അകലെയായി ആളൊഴിഞ്ഞ പറമ്പിലെ കവുങ്ങിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ജനുവരി രണ്ടിന് രാത്രിയാണ് സുഗിഷയെ കാണാതായത്. മൂന്നു മക്കളുണ്ട്. തൊട്ടിൽപ്പാലം പോലീസ് സ്ഥലത്തെത്തി.

ആയിരക്കണക്കിന് പാട്ടെഴുതിയിട്ടുണ്ടെങ്കിലും എന്നാല്‍ ഒരിക്കല്‍ പോലും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. 61ാമത് സ്‌കൂള്‍ കലോത്സവ വേദിയിലായിരുന്നു കൈതപ്രത്തിന്റെ തുറന്നുപറച്ചില്‍.

”ഞാന്‍ എന്റെ കാര്യം പറയാം. നൂറുകണക്കിന് സിനിമകളിലായി, ആയിരക്കണക്കിന് പാട്ടെഴുതിയിട്ടുള്ള ആളാണ് ഞാന്‍. പക്ഷേ ഞാന്‍ ഒരിക്കലും ലഹരി ഉപയോഗിച്ചിട്ടില്ല. ഒരു ലഹരിയുടെയും ആവശ്യമില്ലെന്നു കൈതപ്രം പറഞ്ഞു.

450ൽ അധികം സിനിമയിൽ താൻ പ്രവർത്തിച്ചു എന്നത് മലയാളത്തിന്റെ ചരിത്രമാണ്. ഏറ്റവും കൂടുതൽ കാലം ഈ കാലത്തു ജീവിച്ചിരുന്ന ഭാസ്കരൻമാഷിനു പോലും സാധിച്ചിരുന്നില്ല. ഇത് അമ്മയുടെ കാരുണ്യമാണെന്നാണ് കരുതുന്നത്. സംഗീതത്തിനു വേണ്ടി നമ്മൾ സമർപ്പിക്കുക മാത്രമാണ് ചെയ്യേണ്ടത്.

പത്മശ്രീ ലഭിച്ചപ്പോഴും അമിതമായി ആഹ്ലാദിച്ചില്ല, അത് അമ്മ തന്നതാണ് എന്നാണ് വിശ്വസിക്കുന്നത്. പത്മശ്രീ കലാകാരൻമാർക്കു മാത്രമുള്ളതല്ല, രാജ്യം മുഴുവൻ അരിച്ചു പറക്കിയ ശേഷം നൽകുന്ന അവാർഡാണ്. അത് അമ്മ തന്നതാണ് എന്നു തന്നെയാണ് വിശ്വസിക്കുന്നത്. സാധാരണ നിലയിൽ സിനിമക്കാർക്കു പോലും എന്നെ വേണ്ട, ഞാൻ അവശനാണ് എന്നാണ് അവർ കരുതുന്നത്. എനിക്ക് അങ്ങനെയൊന്നുമില്ല, കാരണം അമ്മ കൂടെയുണ്ടെങ്കിൽ എനിക്ക് ഒരു അവശതയുമില്ല, ഒരു അധൈര്യവുമില്ല, ഭയവുമില്ല. ഞാൻ ദൈവത്തെ ഭയപ്പെടുന്ന ആളല്ല, സ്നേഹിക്കുന്ന ആളാണ്.

ധാരാളിത്തത്തിന്റെ ധൂർത്തിന്റെ കേന്ദ്രമായ സിനിമയിൽ 35 കൊല്ലം ജോലി ചെയ്തിട്ടും ഒരിക്കലും മദ്യപിക്കാത്ത ആളാണ് ഞാൻ. ആളുകൾ തെറ്റിദ്ധരിക്കാറുണ്ട്, ഞാൻ അഹങ്കാരിയാണെന്ന്. അതൊക്കെ എന്റെ കഥാപാത്രങ്ങളാണ് പറയുന്നത്. പല പടങ്ങളിലും എന്റെ കഥാപാത്രങ്ങൾ ധിക്കാരിയാണ്. ഞാൻ ഒരിക്കലും ധിക്കാരിയല്ല, ഞാൻ ഏറ്റവും ലളിതമായി ജീവിക്കുന്ന ആളാണെന്നും അദ്ദേഹം പറയുന്നു.

61ാമത് സ്‌കൂള്‍ കലോത്സവം കോഴിക്കോട്ട് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. രണ്ടു വര്‍ഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷം കുട്ടികള്‍ വേദിയിലെത്തുകയാണ്.

മാറുന്ന കാലത്തിലേക്കു പിടിച്ച കണ്ണാടിയാവുകയാണ് സ്‌കൂള്‍ കലോത്സവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലോത്സവത്തില്‍ വിജയിക്കുന്നതല്ല, പങ്കെടുക്കുന്നതാണ് വലിയ അംഗീകാരമെന്ന സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ പുതുതലമുറയ്ക്ക് കഴിയണം. ആരുടെ കുട്ടി ജയിച്ചാലും സന്തോഷിക്കാന്‍ എല്ലാ മാതാപിതാക്കള്‍ക്കും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

യുഎസിലെ ടെക്സസ് സംസ്ഥാനത്തുള്ള ഫോർട്ട് ബെൻഡ് കൗണ്ടിയി‍ൽ ജഡ്ജിമാരായി മലയാളികളായ ജൂലി എ. മാത്യു, കെ.പി.ജോർജ്, സുരേന്ദ്രൻ കെ.പട്ടേൽ എന്നിവർ സ്ഥാനമേറ്റു. ജൂലിയും ജോർജും രണ്ടാം വട്ടമാണു തിരഞ്ഞെടുക്കപ്പെടുന്നത്. തിരുവല്ല വെണ്ണിക്കുളം സ്വദേശിയായ ജൂലിയുടെ ശ്രമഫലമായാണു മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പ്രശ്നപരിഹാരത്തിനായി കൗണ്ടിയിൽ പ്രത്യേക കോടതി ആരംഭിച്ചത്. 15 വർഷം അറ്റോർണിയായിരുന്നു.

കോന്നി കൊക്കാത്തോട് സ്വദേശിയായ കെ.പി.ജോർജ് ഫിനാൻഷ്യൽ കൺസൽറ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. കാസർകോട് ബളാൽ സ്വദേശിയായ സുരേന്ദ്രൻ ടെക്സസിൽ 25 വർഷം അറ്റോർണിയായിരുന്നു. ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥികളായാണ് 3 പേരും ജയിച്ചത്.

യുഎസ് കൗണ്ടി ജഡ്ജിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് മലയാളിയായ ജൂലി എ. മാത്യു.   കാസര്‍കോട് വീട്ടില്‍ വച്ചായിരുന്നു ജൂലിയുടെ സത്യപ്രതിജ്ഞ.രണ്ടാംതവണയാണ് ജൂലി എ. മാത്യു യുഎസ് കൗണ്ടി ജഡ്ജിയാവുന്നത്. സത്യപ്രതിജ്ഞ ചടങ്ങ് ഓണ്‍ലൈനായിട്ടായിരുന്നു നടത്തിയിരുന്നത്. കാസര്‍കോട് ഭീമനടിയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. 15 വര്‍ഷം അറ്റോര്‍ണിയായിരുന്നു ജൂലി.

തിരുവല്ല സ്വദേശിയാണ് ജൂലി. ഭര്‍ത്താവ് ജിമ്മി മാത്യു യുഎസില്‍ ഇന്റീരിയര്‍ ഡിസൈനിങ് കമ്പനി നടത്തുകയാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരും നാട്ടിലെത്തിയത് ജൂലിക്ക് പുറമെ കാസര്‍കോട് ബളാല്‍ സ്വദേശി സുരേന്ദ്രന്‍ കെ.പട്ടേല്‍, കോന്നി കൊക്കാത്തോട് സ്വദേശി കെ.പി.ജോര്‍ജ് എന്നിവരും ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ജഡ്ജിമാരായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മദ്യലഹരിയിൽ വിമാനത്തിലെ വനിത യാത്രക്കാരിയ്ക്കു നേരെ മൂത്രമൊഴിച്ച് സഹയാത്രികൻ. ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എഐ-102 വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം. സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് യാത്രക്കാരി പരാതിപ്പെട്ടു. വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയപ്പോള്‍ അക്രമം നടത്തിയയാള്‍ യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തില്‍നിന്നു പുറത്തുപോയി.

യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന് പരാതി നല്‍കിയതിനു ശേഷം മാത്രമാണ് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചതെന്നും പരാതിയുണ്ട്. അപമര്യാദയായി പെരുമാറിയ യാത്രക്കാരന് യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് എയർ ഇന്ത്യ ആവശ്യപ്പെട്ടു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ റിപ്പോർട്ട് തേടി.

വിമാന ജീവനക്കാര്‍ യാതൊരു തരത്തിലും സഹകരിച്ചില്ലെന്ന് പരാതിക്കാരി എന്‍. ചന്ദ്രശേഖരനുള്ള കത്തില്‍ പറയുന്നു. ‘ഉച്ചയ്ക്ക് ആഹാരം നല്‍കിയ ശേഷം വിളക്കുകള്‍ അണച്ച ശേഷമായിരുന്നു സംഭവം. പൂര്‍ണമായും മദ്യലഹരിയിലായിരുന്ന ഒരു യാത്രക്കാരന്‍ എന്റെ സീറ്റിനടുത്തേക്ക് വരികയായിരുന്നു. തുടര്‍ന്ന് പാന്റിന്റെ സിപ്പ് അഴിച്ച ശേഷം സ്വകാര്യ ഭാഗങ്ങള്‍ എന്റെ നേരെ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് മൂത്രമൊഴിച്ച ശേഷം അവിടെ തന്നെ നില്‍ക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരനെത്തി മാറാന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് അയാള്‍ അവിടെനിന്നു പോയത്.

എന്റെ വസ്ത്രവും ഷൂവും ബാഗും മുഴുവനും മൂത്രം വീണ് നനഞ്ഞു. തുടര്‍ന്ന് വിമാനജീവനക്കാരെത്തി അണുനാശിനിയും മറ്റും തളിക്കുകയായിരുന്നു.’– പരാതിക്കാരിയുടെ കത്തില്‍ പറയുന്നു. ക്യാബിന്‍ ക്രൂവാണ് പിന്നീട് യാത്രക്കാരിക്ക് പൈജാമയും ചെരിപ്പും നല്‍കിയത്. നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാരുടെ സീറ്റ് നല്‍കുകയായിരുന്നു. വിമാനത്തിന്റെ ഫസ്റ്റ് ക്ലാസില്‍ സീറ്റുകള്‍ ഒഴിവുണ്ടായിട്ടും നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു. രണ്ട് മണിക്കൂറിനു ശേഷമാണ് മറ്റൊരു സീറ്റ് നല്‍കിയത്.

ലഹരി മാഫിയായുടെ കുരുക്കിൽ അറിയാതെ വീണുപോകുന്ന കൗമാരങ്ങളുടെ പ്രതീകാത്മകമായ പാത്രസൃഷ്ടിയിലൂടെ ജീവിത വഴിയിൽ വീട് നഷ്ടപ്പെടുന്നവരുടെ കഥ പറയുന്നു ഒറ്റവരി ജീവിതം.
മാസ്‌ലൈവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലോങ് സൈറ്റ് മീഡിയാ റിലീസ് ചെയ്ത ഒറ്റവരി ജീവിതത്തിന്റെ കഥകവിത തിരക്കഥ സംഗീതം സംവിധാനം നിർവ്വഹിച്ചത് അഭിലാഷ്.കെ.വി യാണ്.

ഗാനരചന മുരളീദേവ്, കൊറിയോഗ്രാഫി ശാലിനി രാജേഷ്, യൂണീറ്റ് ക്യാമറാ ആർട്ട്, മേക്കപ്പ് ക്ലിന്റ് പവിത്രൻ , ഡിസൈൻ രാജേന്ദ്രൻ ചിറക്കടവ്, ആർട്ട് വിജയകൃഷ്ണൻ , സ്റ്റിൽസ് ഷാനവാസ് വാഴൂർ , അസോസിയേറ്റ് ഡയറക്ടർ അഭിജിത് മണിമല ,ക്യാമറാ അബിൻ ഐസക് , പാടിയത് രൂപേഷ് എം ബി , നയനാ സിബി, എഡിറ്റിംഗ് ശ്രീജേഷ് ബാക്ക്ഗ്രൗണ്ട് സ്കോർ റോബിൻ .സി . ജോസഫ് ജയദേവ് ആലക്കൽ, പള്ളിക്കത്തോട് അരവിന്ദാ വിദ്യാമന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും സാംസ്ക്കാരിക പ്രവർത്തകനുമായ സജി നന്ത്യായാട്ട് ഒറ്റവരി ജീവിതം യൂട്യൂബിൽ റിലീസ് ചെയ്തു നിർമ്മാതാവ് രഞ്ജിത്ത് . ആർ, കവി രാജു.എൻ. വാഴൂർ എന്നിവർ പങ്കെടുത്തു. ഗോപിനാഥ് വെൺ കുറിഞ്ഞി ,സുനിൽ സുരേഷ്, മഹേഷ് കെ.എം, സ്നേഹ, ശാലിനിരാജേഷ്, വിജയകൃഷ്ണൻ ,രഞ്ജിത്ത് R, ബാലാജി മണർകാട് , ജയൻ ചേനപ്പാടി, മനു പൊൻകുന്നം സ്മിതാ സിബി ദിയാബിജു, ജയൻ ഏന്തയാർ എന്നിവർ കഥാപാത്രങ്ങളായ് വേഷമിട്ടു.

https://youtu.be/dG2m3bVuXTU

RECENT POSTS
Copyright © . All rights reserved