India

രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. കടുത്ത ദാരിദ്ര്യം മൂലം കുഞ്ഞിനെ വളര്‍ത്താന്‍ കഴിയില്ലെന്നാണ് കൊലപാതകത്തിന് കാരണമായി പെണ്‍കുട്ടി പറയുന്നതെന്ന് പോലീസ് അറിയിച്ചു.

പെണ്‍കുട്ടി കുറ്റം സമ്മതിച്ചതായും അറസ്റ്റു രേഖപ്പെടുത്തിയതായും എഡിസിപി രാജേഷ് വ്യാസ് അറിയിച്ചു. ബലാത്സംഗത്തിന് ഇരയായതിനെ തുടര്‍ന്നാണ് ഇവര്‍ ഗര്‍ഭിണിയായതും കുഞ്ഞിന് ജന്മം നല്‍കിയതും. പ്രസവത്തിനു ശേഷവും ഇവര്‍ ലൈംഗികാതിക്രമം നേരിട്ടിരുന്നുവെന്ന് പോലീസ് പറയുന്നു.

വിവാഹത്തിനായി വീട്ടുകാര്‍ നിര്‍ബന്ധിച്ചതും കടുത്ത ദാരിദ്ര്യവും ഇവരെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതും പെണ്‍കുട്ടി അറസ്റ്റിലായതും.

സോഷ്യല്‍ ലോകത്ത് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് തിരുവനന്തപുരം നാവായിക്കുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ജീവാ മോഹന്റെ വിയോഗത്തില്‍. മൊബൈല്‍ ഫോണിനടിമയായെന്ന വിഷമം ആറ് താളുകള്‍ നീണ്ട ആത്മഹത്യാക്കുറിപ്പിലെഴുതി വച്ചാണ് ജീവ ജീവിതം അവസാനിപ്പിച്ചത്.

നാവായിക്കുളം സ്വദേശി ജീവ മോഹനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണിന്റെ ഉപയോഗത്തില്‍ അടിമപ്പെട്ടുവെന്നും പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും ഉള്ള ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

പഠനത്തില്‍ മിടുക്കിയായിരുന്ന ജീവ മോഹനെ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിക്കാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്ന ജീവ പ്ലസ് വണ്‍ എത്തിയപ്പോള്‍ പഠനത്തില്‍ പിന്നോക്കം പോയിരുന്നു. കൊറിയന്‍ യൂടൂബ് വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാരിയായിരുന്നു. മൊബൈല്‍ ഫോണിന്റെ ഉപയോഗത്തില്‍ അടിമപ്പെട്ടെന്നും പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയില്ലെന്നുമുള്ള ആത്മഹത്യ കുറിപ്പാണ് കണ്ടെത്തിയിരിക്കുന്നത്.

പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നാണ് മൂന്ന് പേജുള്ള ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. അടുത്തിടെ നടന്ന ക്ലാസ് ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞിരുന്നു. ഇതിനു കാരണം തന്റെ മൊബൈല്‍ അഡിഷനാണെന്ന് തിരിച്ചറിഞ്ഞ് ആത്മഹത്യ ചെയ്യുന്നുവെന്നാണ് ആത്മഹത്യ കുറിപ്പ്.

”അമ്മേ, പഠിക്കാന്‍ ഫോണ്‍ വാങ്ങിയിട്ട് അമ്മയെ താന്‍ പറ്റിക്കുകയായിരുന്നു. പഠിക്കുന്നതിന് പകരം മ്യൂസിക് ബാന്‍ഡുകള്‍ കേള്‍ക്കുകയായിരുന്നു ഞാന്‍. എനിക്ക് പശ്ചാത്താപമുണ്ട്. അമ്മ തന്റെ കയ്യില്‍ നിന്ന് ഫോണ്‍ പിടിച്ചു വാങ്ങുമ്പോള്‍ ദേഷ്യം വരാറുണ്ട്”, സങ്കടത്തോടെ ജീവ എഴുതുന്നു.

”ഫോണില്‍ നിന്ന് മോചനം കിട്ടുന്നില്ല, പഠനത്തില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. പാട്ടുകള്‍ കേള്‍ക്കാന്‍ മാത്രമേ തോന്നുന്നുള്ളൂ. എനിക്കെന്തായാലും ഇങ്ങനെ സംഭവിച്ചു, തന്റെ അനിയത്തിക്ക് മൊബൈല്‍ കൊടുക്കരുത്. അവള്‍ക്കിങ്ങനെ സംഭവിക്കരുത്, ജീവ കുറിപ്പില്‍ പറയുന്നു.

ടെന്‍ഷന്‍ വരുമ്പോള്‍ ബിടിഎസ് അടക്കമുള്ള കൊറിയന്‍ സംഗീതബാന്‍ഡുകളില്‍ അഭയം തേടുമായിരുന്നു ജീവ. വേറെ വഴിയില്ല. കൂട്ടുകാരില്ല. ഒറ്റപ്പെട്ടുപോയെന്ന ദുഃഖമാണ് ജീവ എഴുതിയ കുറിപ്പുകളില്‍ നിറയെ.

സാധാരണ കാണും പോലെ ഓണ്‍ലൈന്‍ സൗഹൃദങ്ങളോ ഓണ്‍ലൈന്‍ ഗെയിം അഡിക്ഷനോ പരിധിവിട്ട സാമൂഹിക മാധ്യമ ഉപയോഗമോ ജീവയ്ക്കില്ലെന്ന് മൊബൈല്‍ ഫോണ്‍ പ്രാഥമികമായി പരിശോധിച്ച പോലീസ് പറയുന്നു. കൂടുതല്‍ വ്യക്തത വരുത്താന്‍ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിക്കും.

തൃക്കാക്കര തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നടനും എംഎല്‍എയുമായ മുകേഷ് വോട്ട് അഭ്യര്‍ഥിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ട്രോള്‍ പേജുകളില്‍ ഏറ്റെടുത്തിരിക്കുകയാണ് എംഎല്‍എയുടെ വോട്ട് അഭ്യര്‍ഥന വീഡിയോ.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോക്ടര്‍ ജോ ജോസഫിന് വോട്ടുചെയ്യണം എന്ന് അഭ്യര്‍ഥിക്കുന്ന വിഡിയോയാണ് ഇപ്പോള്‍ ട്രെന്റിങ്. ഭാഗ്യക്കുറി എടുത്ത ആളോട് വോട്ടുചോദിക്കുകയാണ് മുകേഷ്.

‘ഭാഗ്യക്കുറിയൊക്കെ എടുത്തിട്ടുണ്ടല്ലോ, അടിച്ചത് തന്നെ..’ ലോട്ടറിക്ക് കൂടി ആശംസ നേര്‍ന്നാണ് മുകേഷ് അടുത്ത വ്യക്തിയോട് വോട്ടുചോദിക്കാന്‍ പോയത്. ആ അടിച്ചത് തന്നെ എന്ന മറുപടിയാണ് ട്രോള്‍ പേജുകളില്‍ ചിരി ഉണര്‍ത്തുന്നത്.ആശംസിച്ചതാണോ അതോ ആക്കിയതാണോ എന്ന് ചോദിച്ചാണ് ട്രോളന്‍മാര്‍ വീഡിയോ എറ്റെടുത്തിരിക്കുന്നത്.

താരസംഘടനയായ അമ്മയില്‍ നിന്നും രാജി വയ്ക്കുന്നെന്ന തീരുമാനത്തില്‍ ഉറച്ച് നിന്ന് നടന്‍ ഹരീഷ് പേരടി. ഇടവേള ബാബു തന്നെ ഫോണില്‍ ബന്ധപ്പെട്ടത് അടക്കമുള്ള കാര്യങ്ങള്‍ തുറന്നു പറഞ്ഞാണ് ഹരീഷ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കിട്ടിരിക്കുന്നത്.

വിജയ് ബാബുവിനെ പുറത്താക്കുന്ന പ്രശ്‌നമേയില്ലെന്നും A.M.M.A യെ ഞാന്‍ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാല്‍ വിശദീകരണം തരേണ്ടി വരുമെന്നും ഇടവേള ബാബു പറഞ്ഞതായും അദ്ദേഹം കുറിച്ചു. താന്‍ രാജിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും എത്രയും വേഗം അത് അംഗീകരിക്കണമെന്നും നടന്‍ ആവശ്യപ്പെടുന്നു.

ഇന്നലെ A.M.M.Aയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നെ വിളിച്ചിരുന്നു…ഇന്നലെ അവരുടെ എക്സികൂട്ടിവ് മീറ്റിംഗിൽ എന്റെ രാജി ചർച്ച ചെയ്തിരുന്നു എന്നും എന്റെ രാജിയിൽ വല്ല മാറ്റവുമുണ്ടോ എന്നറിയാൻ…വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിൻവലിച്ച് അയാളെ A.M.MA. പുറത്താക്കിയാതാണെന്ന തിരത്തലുകൾക്ക് തയ്യാറുണ്ടോ എന്ന് ഞാനും ചോദിച്ചു..വിജയ്ബാബുവിനെ പുറത്താക്കുന്ന പ്രശനമേയില്ലെന്നും I.C കമ്മറ്റി തങ്ങൾ പറഞ്ഞതു കേൾക്കാതെ ചാടിപിടിച്ച് നിലപാടെടുത്തതാണെന്നും ഇടവേളബാബു ഉറക്കെ പ്രഖ്യാപിച്ചു…അതുകൊണ്ടുതന്നെ എന്റെ രാജിയിൽ ഉറച്ച് നിൽക്കുമെന്ന് ഞാനും ഉറക്കെ പ്രഖ്യാപിച്ചു…പിന്നെ ഇടവേളയുടെ മറ്റൊരു മുന്നറിയിപ്പ്..A.M.M.A യെ ഞാൻ അമ്മ എന്ന വിളിക്കാത്തതിന് തിരിച്ചുവന്നാലും അതിന് വിശദീകരണം തരേണ്ടി വരുമത്രേ…ക്വീറ്റ് ഇൻഡ്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്യസമര പെൻഷൻ വാങ്ങാൻ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാൻ …എന്റെ പേര് ഹരീഷ് പേരടി …അമ്മ..മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്..ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരിൽ അഭിസംബോധന ചെയ്യാൻ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ല എന്ന് ഖേദപൂർവ്വമറിയിക്കട്ടെ…A.M.M.A ഒരു തെറിയല്ല..അത് ആ അസോസിയേഷന്റെ ഒറജിനൽ ചുരക്കപേരാണ്…15ാം തിയ്യതിയിലെ കാര്യക്കാരുടെ ഒത്തുചേരലിൽ(Executive Meeting) എന്റെ രാജി എത്രയും പെട്ടന്ന് നിങ്ങൾ അംഗീകരിക്കുക…ഞാനും നിങ്ങളും രണ്ട് ദിശയിലാണ്…ഞാൻ ഇവിടെ തന്നെയുണ്ടാവും…വീണ്ടും കാണാം…💪💪💪💪💪💪

ചെന്നൈ ∙ തമിഴ്‌നാട് കടലൂരിൽ 7 പെൺകുട്ടികൾ മുങ്ങിമരിച്ചു. കുച്ചിപാളയത്തെ കെഡിലം പുഴയിലെ തടയണയിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. എ.മോനിഷ (16), ആർ.പ്രിയദർശിനി (15) ആർ ദിവ്യ ദർശിനി (10), എം.നവനീത (18), കെ.പ്രിയ (18), എസ്.സംഗവി (16). എം.കുമുദ (18) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം. ചുഴിയിൽപ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ചു പേർ കൂടി മുങ്ങുകയായിരുന്നു എന്നാണു പ്രാഥമിക വിവരം. സംഭവത്തിൽ നെല്ലിക്കുപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.

വന്ധ്യതാ ചികിത്സയ്ക്കായി 16കാരിയുടെ അണ്ഡം സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റ അമ്മയും രണ്ടാനച്ഛനും പിടിയില്‍. ഇന്ദ്രാണി(33), സെയ്ദ് അലി (40) എന്നിവരാണ് തമിഴ്‌നാട്ടിലെ ഈറോഡില്‍ അറസ്റ്റിലായത്. ഇവരുടെ സഹായി മാലതിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സേലത്തെ ബന്ധുവിന്റെ വീട്ടിലേക്ക് കുട്ടി രക്ഷപെട്ട് എത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. നാല് വര്‍ഷത്തിനിടെ 8 തവണ അണ്ഡം വിറ്റതായാണ് പെണ്‍കുട്ടിയുടെ മൊഴി. ഈറോഡ്, സേലം,പെരുന്തുറ,ഹൊസൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ വന്ധ്യതാ ചികിത്സയ്ക്കായാണ് കുട്ടിയുടെ അണ്ഡം വിറ്റിരുന്നത്. ഒരു അണ്ഡത്തിന് 20000 രൂപ വരെ ലഭിക്കുന്നതായാണ് വിവരം. ഇതില്‍ 5000 രൂപ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കണം. ഇത്തരത്തില്‍ വന്‍ സംഘങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്.

ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളാണ് പെണ്‍കുട്ടി. പ്രായപൂര്‍ത്തിയായപ്പോള്‍ മുതല്‍ അണ്ഡം വില്‍ക്കുന്നതിന് കുട്ടിയെ ഇവരും സെയ്ദും നിര്‍ബന്ധിക്കുമായിരുന്നു. ഇക്കാര്യം പറഞ്ഞ് സെയ്ദ് പലപ്പോഴായി ഉപദ്രവിച്ചിരുന്നുവെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.

ഉരുളക്കിഴങ്ങ് ചിപ്സ് ബ്രാന്‍ഡായ ലെയ്സിന്റെ പാക്കറ്റില്‍ തൂക്കം കുറഞ്ഞതില്‍ കമ്പനിയ്‌ക്കെതിരെ നടപടിയെടുത്ത് സംസ്ഥാന സര്‍ക്കാര്‍. പാക്കറ്റില്‍ കാണിച്ചതിനേക്കാള്‍ കുറഞ്ഞ അളവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലെയ്സ് ബ്രാന്‍ഡിന്റെ ഉടമകളായ പെപ്സികോ ഇന്ത്യ ഹോള്‍ഡിങ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ നടപടിയെടുത്തത്. 85,000 രൂപയാണ് പിഴ.

തൃശൂര്‍ ലീഗല്‍ മെട്രോളജി ഫ്ലയിങ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളറാണ് പെപ്സി കമ്പനിക്ക് പിഴ ചുമത്തിയത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്റ് പിഡി ജയശങ്കറിന്റെ പരാതിയിലാണ് നടപടി.

കാഞ്ഞാണിലെ തൃശൂര്‍ താലൂക്ക് ചെത്തുതൊഴിലാളി മള്‍ട്ടി പര്‍പ്പസ് സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് തൂക്കം കുറവുള്ള ലെയ്സ് പിടികൂടിയത്. 115 ഗ്രാമാണ് ഒരു പാക്കറ്റ് ലെയ്സിന്റെ തൂക്കം. എന്നാല്‍, മൂന്ന് പാക്കറ്റുകളില്‍ 50.930 ഗ്രാം, 72.730 ഗ്രാം, 86.380 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ് പരാതിയില്‍ പറയുന്നത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ പുകഴ്ത്തിയും ക്ഷമ ചോദിച്ചും കോണ്‍ഗ്രസ് സൈബര്‍ ടീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ജോസഫ് ഒരു പച്ചയായ മനുഷ്യനാണെന്നും, നിഷ്‌കളങ്കനാണെന്നും ഞങ്ങളുടെ വശത്തു നിന്ന് വിഷമം ഉണ്ടാക്കി എങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. അപമാന ഭാരത്താല്‍ തല കുനിച്ചല്ല തല നിവര്‍ത്തി അഭിമാനത്തോടെ ജീവിക്കുക. ഈ മണ്ണ് ജയിച്ചവന്റെ മാത്രമല്ല തോറ്റവന്റേത് കൂടിയാണെന്നും സൈബര്‍ ടീം ഫേസ്ബുക്കില്‍ കുറിച്ചു.

അദ്ദേഹം ഒരു നിഷ്‌കളങ്കനായത് കൊണ്ടായിരിക്കാം വാക്കുകളില്‍ പിഴവും പെരുമാറ്റത്തില്‍ തിടുക്കവും ആവലാതിയും കാണാന്‍ സാധിച്ചത്. രാഷ്ട്രീയ എതിരാളി എന്നതില്‍ കവിഞ്ഞ് ഒരു കോണ്‍ഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത ഒരു മനുഷ്യനാണ് ജോ ജോസഫ്. എന്തെങ്കിലും ഞങ്ങളുടെ വശത്തു നിന്ന് വിഷമം ഉണ്ടാക്കി എങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു’, സൈബര്‍ ടീം ഫേസ്ബുക്കില്‍ കുറിച്ചു.

ഡോ. ജോ ജോസഫ് ഒരു നിഷ്‌കളങ്കന്‍ ആയിരുന്നിരിക്കാം. കാരണം അദ്ദേഹത്തിന്റെ വാക്കുകളില്‍ നാക്ക് പിഴകള്‍ ഉണ്ടായിരുന്നു, അദ്ദേഹത്തിന്റെ സംസാരങ്ങളില്‍ പെരുമാറ്റങ്ങളില്‍ ഒരു തിടുക്കം ആവലാതി നമ്മള്‍ കണ്ടിട്ടുണ്ട്. താങ്കള്‍ നല്ലൊരു മനുഷ്യനാണ്, പച്ചയായ മനുഷ്യന്‍.

രാഷ്ട്രീയ എതിരാളി എന്നതില്‍ കവിഞ്ഞു ഒരു കോണ്‍ഗ്രസുകാരനും വ്യക്തി വിരോധമില്ലാത്ത ഒരു മനുഷ്യന്‍. അപമാന ഭാരത്താല്‍ തല കുനിച്ചല്ല തല നിവര്‍ത്തി അഭിമാനത്തോടെ ജീവിക്കുക. ഈ മണ്ണ് ജയിച്ചവന്റെ മാത്രമല്ല തോറ്റവന്റേത് കൂടിയാണ്. എന്തെങ്കിലും ഞങ്ങളുടെ വശത്തു നിന്ന് വിഷമം ഉണ്ടാക്കി എങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു ,അതാണ് ഞങ്ങളുടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്‌കാരവും ഞങ്ങളെ പഠിപ്പിച്ചതും . ദൈവം നിങ്ങളുടെ കുടുംബത്തെയും നിങ്ങളുടെ പ്രവര്‍ത്തങ്ങളെയും അനുഗ്രഹിക്കട്ടെ.

 

ഡൽഹി എയർപോർട്ടിലെ കാർഗോ ബേയിൽ തീപിടിത്തം. പുഷ്ബാക്ക് ടോവിംഗ് വാഹനത്തിനാണ് തീപിടിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5:25 നാണ് അപകടമുണ്ടായത്.

ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കി. 5:48ന് തന്നെ തീ പൂർണമായും നിയന്ത്രണ വിധേയമാക്കാൻ ഫയർഫോഴ്‌സിന് സാധിച്ചു.

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തം ഉണ്ടായ സമയത്ത് നിരവധി വിമാനങ്ങൾ കാർഗോ ബേയ്ക്ക് സമീപം ഉണ്ടായിരുന്നു. വലിയ അപകടമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്. അപകടത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

 

അഞ്ചുതെങ്ങ് കോട്ടയും കണ്ടൽക്കാടുകളുമെല്ലാം സഞ്ചാരികൾക്ക് കൗതുകക്കാഴ്ചയാക്കി അഞ്ചുതെങ്ങിൽ ഇനി ടൂറിസത്തിന്റെ ഹരിതവനം ഒരുങ്ങും. തീരപ്രദേശത്തെയും കണ്ടൽച്ചെടികളെയും സംരക്ഷിക്കുന്നതിനുള്ള ഹരിതവനം പദ്ധതിയിലൂടെ ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് അഞ്ചുതെങ്ങ് പഞ്ചായത്ത്.

കായൽത്തീരങ്ങളിൽ വച്ചുപിടിപ്പിക്കുന്ന കണ്ടൽച്ചെടികൾ കാണാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നതിനൊപ്പം പ്രദേശത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് പൈതൃക വിനോദസഞ്ചാര പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. നേരത്തെ അഞ്ചുതെങ്ങ് തീരത്തുണ്ടായിരുന്ന കണ്ടൽച്ചെടികൾ തീരത്തിന് സ്വാഭാവിക സംരക്ഷണമൊരുക്കിയിരുന്നു. ഇവ നശിപ്പിക്കപ്പെട്ടത് കായലോരം ഇടിയുന്നതിനും പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കും കാരണമായതോടെയാണ് തൊഴിലുറപ്പ് പദ്ധതിയിൽ കണ്ടൽച്ചെടികൾ വച്ചുപിടിപ്പിക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്.

അഞ്ചുതെങ്ങ് കോട്ട, പൊന്നുംതുരുത്ത്, കായിക്കര, ചെമ്പകത്തറ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച് പൈതൃക വിനോദസഞ്ചാരപദ്ധതി നടപ്പിലാക്കാനും ആലോചനയുണ്ട്. വ്യാപാര ആവശ്യത്തിനായി ആറ്റിങ്ങൽ റാണി നൽകിയ സ്ഥലത്ത് ബ്രിട്ടീഷുകാർ നൂറ്റാണ്ടുകൾക്ക് മുമ്പ് പണിതതാണ് അഞ്ചുതെങ്ങ് കോട്ട. സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് പൈതൃക വൃക്ഷമായി അംഗീകരിച്ചതും 260 വർഷം പഴക്കമുള്ളതുമായ രണ്ട് ചെമ്പകമരങ്ങളാണ് ചെമ്പകത്തറയിലെ പ്രധാന ആകർഷണം.

ഇവിടെ ഒരു ചിത്രശലഭ പാർക്കും ഔഷധസസ്യത്തോട്ടവും കായലിന് സമാന്തരമായി നടപ്പാതയും അടിയന്തരമായി ഒരുക്കും. മഹാകവി കുമാരനാശാന്റെ ജന്മസ്ഥലമായ കായിക്കരയിലെത്തിയാൽ സ്‌മാരകവും കായൽഭംഗിയും ആസ്വദിക്കാം. ഈ സ്ഥലങ്ങൾ ഒറ്റ ദിവസം കൊണ്ടുതന്നെ കാണാനുള്ള പ്രത്യേക പാക്കേജും പദ്ധതിയുടെ ഭാഗമായി ഉടൻ ആരംഭിക്കും.

കായൽ തീരങ്ങളിൽ 2,800 ചതുരശ്രമീറ്റർ കയർ ഭൂവസ്ത്രം വിരിച്ച് അതിനുതാഴെ കണ്ടൽച്ചെടികൾ നടാനാണ് പദ്ധതി. സർക്കാർ സ്ഥാപനമായ കുഫോസാണ് വിത്തുകൾ ലഭ്യമാക്കുന്നത്. ഇവ മുളപ്പിക്കുന്നത് മുതൽ കണ്ടലുകളുടെ പരിപാലനം വരെ തൊഴിലുറപ്പ് പ്രവർത്തകർക്കാണ്. രണ്ട് മുതൽ എട്ടുവരെ വാർഡുകളിൽ മൂന്ന് കിലോമീറ്ററോളം നീളത്തിലാണ് ചെടികൾ വളർത്തുന്നത്.
പ്രകൃതി സംരക്ഷണത്തിലുപരി പദ്ധതിയിലൂടെ തൊഴിലുറപ്പ് പ്രവർത്തകർക്ക് കൂടുതൽ തൊഴിൽദിനങ്ങൾ നൽകാൻ കഴിയുമെന്നും അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു പറഞ്ഞു.

മൂന്നുവർഷം കൊണ്ട് കണ്ടൽച്ചെടികളുടെ പരിപാലനം ഘട്ടം ഘട്ടമായി പൂർത്തിയാക്കുന്നതോടെ അഞ്ചുതെങ്ങിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായി ഹരിതവനം മാറും.

RECENT POSTS
Copyright © . All rights reserved