പ്രസവവേദനയെ തുടർന്ന് കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ട കാറിന് തീപിടിച്ച് പൂർണ ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് ആശുപത്രിയിലേക്ക് പുറപ്പെട്ട കുറ്റിയാട്ടൂർ സ്വദേശി പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവർ കാറിന് തീ പിടിച്ച് വെന്തുമരിച്ചത്. പൂർണ ഗർഭിണിയായ റീഷയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവർ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. ആശുപത്രിക്ക് നൂറു മീറ്റർ അകലെവെച്ചാണ് കാർ അഗ്നിക്കിരയായത്.
അപകടസമയത്ത് കാറിലെ പിൻസീറ്റിൽ യാത്രചെയ്യുകയായിരുന്ന കുട്ടികളടക്കം നാല് പേർ പരിക്കുകളോടെ രക്ഷപെട്ടു. മുൻ വശത്തെ ഡോറുകൾ ലോക്ക് ആയതിനെ തുടർന്ന് മുൻസീറ്റിലിരുന്ന റീഷയ്ക്കും,പ്രജിത്തിനും ഡോർ തുറന്ന് പുറത്ത് കടക്കാൻ സാധിച്ചില്ല. പെട്ടെന്ന് തീ പടർന്നത് കൊണ്ട് ഓടിയെത്തിയ നാട്ടുകാർക്കും നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു.
കാർ ഓടിച്ചിരുന്ന പ്രജിത്തിന്റെ കാലിലാണ് തീ ആദ്യം പടർന്നത്. ഇത് കണ്ടപ്പോൾ പ്രജിത്ത് തന്നെയാണ് പുറകിലുള്ള ഡോർ തുറന്ന് കൊടുത്തത്. എന്നാൽ മുൻവശത്തെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അപ്പോഴേക്കും കാർ തീ വിഴുങ്ങിയിരുന്നു. അതേസമയം കാറിൽ സ്ഥാപിച്ച റിവേഴ്‌സ് ക്യാമറയുടെ അനുബന്ധ ഉപകരണത്തിൽ നിന്നുണ്ടായ ഷോർട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.
മൂന്നാറിൽ ഗവൺമെന്റ് ടിടിസി കോളേജിലെ വിദ്യാർത്ഥിനിയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പരിശിക്കൽ സ്വദേശി ആൽവിൻ ജെറാൾഡ് (23) ആണ് അറസ്റ്റിലായത്. നേരത്തെ ഇയാൾ പെൺകുട്ടിയുടെ സുഹൃത്ത് ആയിരുന്നു. ഇടയ്‌ക്കുവെച്ച് പെൺകുട്ടി ഇയാളുമായുള്ള സൗഹൃദത്തിൽ നിന്നും പിന്മാറിയിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ കോളേജിൽ നിന്ന് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ നല്ലതണ്ണി റോഡിൽവെച്ച് യുവാവ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ പിന്തുടർന്ന് എത്തിയ പ്രതി കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് തലയിൽ വെട്ടുകയായിരുന്നു. അക്രമത്തിൽ പരിക്കേറ്റ പെൺകുട്ടിയെ അതിലൂടെ കടന്ന് പോകുകയായിരുന്ന യുവാക്കളാണ് ആശുപത്രിയിൽ എത്തിച്ചത്.
അതേസമയം ഇന്നലെ ആരാണ് ആക്രമിച്ചതെന്ന് വ്യക്തമായിരുന്നില്ല. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പെറ്റ് ഷോപ്പിൽ നിന്ന് പട്ടികുട്ടിയെ മോഷ്ടിച്ച സംഭവത്തിൽ എൻജിനീയറിങ് വിദ്യാർത്ഥികൾ അറസ്റ്റിൽ. കർണാടക സ്വദേശികളായ നിഖിൽ,ശ്രേയ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച നെട്ടൂരിലെ പെറ്റ് ഷോപ്പിൽ നിന്നുമാണ് ഹെൽമെറ്റിൽ ഒളിപ്പിച്ച് നായക്കുട്ടിയെ മോഷ്ടിച്ചത്.
ബൈക്കിലെത്തിയ ഇരുവരും കൊച്ചിയിയിലെ തന്നെ മറ്റൊരു കടയിൽ നിന്ന് പട്ടിക്ക് ആവിശ്യമായ ഫുഡും മോഷ്ടിച്ചിരുന്നു. ഉഡുപ്പിയിൽ നിന്നും ബൈക്കിലാണ് ഇരുവരും കൊച്ചിയിലെത്തിയത്. മോഷണത്തിന് ശേഷം ഇരുവരും ഉഡുപ്പിയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ഉഡുപ്പിയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. വൈറ്റിലയിലെ കടയിലെത്തിയ ഇവർ കന്നടയിൽ സംസാരിച്ചതായി കടയിലെ ജീവനക്കാരൻ പോലീസിനോട് പറഞ്ഞു. എന്നാൽ നെട്ടൂരിലെ കടയിൽ ഇരുവരും ഹിന്ദിയിലാണ് സംസാരിച്ചത്.
വിനുമോഹൻ നായകനായ നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ഭാമ. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതി നേടിയെടുത്ത താരം പിന്നീട് ഹരീന്ദ്രൻ ഒരു നിഷ്ക്കളങ്കൻ, കളേഴ്സ്, സൈക്കിൾ, നാക്കു പെന്റാ നാക്കുട്ടാക്ക തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിനു പുറമെ ചില കന്നഡ, തമിഴ്, തെലുങ് ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്. 2020ൽ ആയിരിന്നു ഗൾഫിൽ ബിസിനെസ്സുകാരനായ അരുണുമായുള്ള താരത്തിന്റെ വിവാഹം. ഈ അടുത്തിടെ താരത്തിന്റെ വിവാഹമോചന വാർത്തകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരുന്നു. വിവാഹം ശേഷം അഭിനയത്തിൽ നിന്നും മാറി നിന്ന താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഭർത്താവും കുഞ്ഞുമൊത്തുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഈ അടുത്ത ദിവസങ്ങളിലായി താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലും ഭർത്താവിനെ കാണാറില്ല. ഇതിനെ തുടർന്നാണ് താരത്തിന്റെ വിവാഹ മോചന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. തന്റെ സോഷ്യൽ മീഡിയ പേജിൽ അരുണിന്റെ ചിത്രങ്ങൾ നീക്കം ചെയ്യുകയും സ്വന്തം പേരിൽ മാറ്റംവരുത്തുകയും ചെയ്തതോടെയാണ് സോഷ്യൽ മീഡിയയിൽ ഈ വാർത്ത കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്.
ഇപ്പോഴിതാ ഭാമയുടെ വിവാഹ മോചന വാർത്തയുമായി ബന്ധപെട്ട് സന്തോഷ് വർക്കി പങ്കുവച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സിനിമ നടിമാരെ വിവാഹം കഴിച്ചാൽ സന്തോഷമുള്ള കുടുംബ ജീവിതം ഉണ്ടാകില്ലെന്നാണ് സന്തോഷ് വർക്കി പറയുന്നത്. നടിമാരിൽ പലരും രണ്ടുമൂന്നു വിവാഹം കഴിച്ചവരാണ്. പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്നും സന്തോഷ് പറയുന്നു.
വിവാഹം കഴിഞ്ഞതിനു ശേഷം ഭാമ മൊഴിമാറ്റി പറയുകയാണ് ചെയ്തത്. കുടുംബ മായിട്ട് ജീവിക്കണം എന്നായിരുന്നു തീരുമാനം എന്നാൽ അവർക്ക് അതിന് പറ്റില്ല. അപ്പോൾ പിന്നെ ദൈവം കൊടുത്ത ശിക്ഷയാണ് ഡിവോഴ്സ് എന്ന് സന്തോഷ് വർക്കി പറയുന്നു. ഒരാളുടെ ഇത്തരം അവസ്ഥകളിൽ ഇങ്ങനെ സംസാരിക്കുന്നത് ശരിയല്ലെന്ന തരത്തിലാണ് സന്തോഷ് വർക്കിയുടെ വീഡിയോയ്ക്ക് വരുന്ന കമെന്റുകൾ.
കാസർകോട് ബദിയടുക്ക ഏൽക്കാനത്ത് യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിനി നീതു കൃഷ്ണയാണ് മരിച്ചത്. ഇവരുടെ ഭർത്താവിനെ കാണാതായിട്ടുണ്ട്. 28 വയസുകാരിയായ നീതുവിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു കണ്ടെത്തിയത്. കഴുത്തിൽ തുണി കൊണ്ട് കുരുക്കിട്ടിരുന്നു. ഇവർ താമസിക്കുന്ന വീട്ടിലെ തറയിലായിരുന്നു ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ പോയി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
നീതുവിന്‍റെ ഭർത്താവ് വയനാട് പുൽപ്പള്ളി സ്വദേശി ആന്‍റോയെ കാണാതായിട്ടുണ്ട്. ഒന്നര മാസം മുമ്പാണ് ഏൽക്കാനത്തെ ഒരു റബ്ബർ തോട്ടത്തിൽ ടാപ്പിംഗ് ജോലിക്കായി നീതുവും ആന്‍റോയും എത്തിയത്. തിങ്കളാഴ്ച ആന്‍റോ പ്രദേശത്ത് നിന്ന് മുങ്ങിയെന്നാണ് പൊലീസ് നിഗമനം. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബദിയടുക്ക പൊലീസ്.
കടയ്ക്കലിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. മരിച്ച സ്ത്രീയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കടയ്ക്കൽ കോട്ടപ്പുറം, പച്ചയിൽ സ്വദേശിനി ഷീലയെയാണ്(50) വീടിനു സമീപത്തെ റബ്ബർതോട്ടത്തിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ബന്ധുക്കളുമായി ഷീല വസ്തു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ശേഷം വീടുവിട്ടിറങ്ങിയ ഷീലയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കടയ്ക്കൽ പോലീസിൽ വിവരമറിയിച്ചു. രാവിലെ നടത്തിയ തിരച്ചിലിലാണ് റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ഷീലയുടെ മൃതദേഹം കണ്ടത്.
തർക്കത്തിന് ശേഷം ഷീലയെ ബന്ധു കൊലപ്പെടുത്തിയതാണെന്നാണ് മാതാവ് മൻമണി ആരോപിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യാ ആണെന്നാണ് പോലീസിന്റെ നിഗമനം. കൃത്യമായ അന്വഷണം നടത്തണമെന്നാണ് ഷീലയുടെ വീട്ടുകാർ ആവശ്യപ്പെടുന്നത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. അതിനിടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പരാമർശിച്ചിട്ടുള്ളവരെയും സമീപവാസികളെയും വിളിച്ചുവരുത്തി മൊഴിയെടുക്കാനും പൊലീസ് നീക്കം തുടങ്ങി. സംഭവത്തിലെ ദുരൂഹത നീക്കാനാകുമെന്നാണ് പൊലീസ് കരുതുന്നത്.
ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പറന്ന വിമാനത്തിലെ ടോയ്‌ലെറ്റിൽ സിഗരറ്റ് വലിച്ച 62 കാരന്‍ അറസ്റ്റില്‍. തൃശൂര്‍ മാള സ്വദേശിയായ സുകുമാരൻ (62) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി സ്‌പൈസ് ജെറ്റ് എയർവേയ്‌സ് എസ്‌ജി-17 വിമാനത്തിൽ കൊച്ചി എയർപോർട്ടിലെത്തിയ സുകുമാരനെ കൊച്ചി എയർപോർട്ട് സെക്യൂരിറ്റി ഓഫീസറുടെ പരാതിയിൽ നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തു.
വിമാനം പറക്കുന്നതിനിടെ ടോയ്‌ലെറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ട ജീവനക്കാർ ഈയാളെ ഉടൻ തന്നെ തടയുകയായിരുന്നു. വിമാനം കൊച്ചിയിൽ ഇറങ്ങിയപ്പോൾ കാര്യങ്ങൾ എയർപോർട്ട് സെക്യൂരിറ്റി ഓഫീസറെ അറിയിക്കുകയും ഓഫീസറുടെ നിര്‍ദേശത്തെ തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളില്‍ നിന്നും സിഗരറ്റുകളും ലൈറ്ററും കണ്ടെടുക്കുകയും ചെയ്തു.
സുകുമാരനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു,
പാലായിൽ ഓട്ടോറിക്ഷയിൽ കെഎസ്എസ്ആര്ടിസി ബസ് ഇടിച്ച് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം. വള്ളിച്ചിറ നെല്ലിയാനി സ്വദേശി സുധീഷിന്റെ മകൾ വിഷ്ണുപ്രിയ (12) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ വിഷ്ണുപ്രിയയുടെ പിതാവ് സുധീഷ് (42), മാതാവ് അമ്പിളി (39), സഹോദരൻ കൃഷ്ണദേവ് (5) വല്ല്യമ്മ ഭാർഗവി (70) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം ചേർപ്പുങ്കൽ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഞ്ചുവയസുകാരൻ കൃഷ്ണദേവിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അപകടം നടന്നത്. അമ്പിളിയുടെ കയ്യൂരിലെ വീട്ടിൽ പോയി ഓട്ടോയിൽ മടങ്ങുമ്പോഴാണ് അപകടം സംഭവച്ചത്.
ഈരാറ്റുപേട്ടയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന കെഎസ്എസ്ആർടിസി ബസ് ഇവർ സഞ്ചരിച്ച ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷ പ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണുപ്രിയയുടെ ജീവൻ രക്ഷിക്കാനായില്ല.
മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. സീരിയലിലൂടെ അഭിനയ രംഗത്തെത്തിയ താരം ഇപ്പോൾ സിനിമയിൽ സജീവമാണ്. മലയാളത്തിൽ ഈ അടുത്ത കാലത്ത് ഇറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളിലും സ്വാസിക അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ സ്വാസ്വിക സ്വന്തമായി ഒരു യൂട്യൂബ് വ്‌ളോഗും ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ വസ്ത്രധാരണത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. പിടി ഉഷയും സാനിയ മിർസയും ഷോർട് ഇട്ടാൽ ആർക്കും കുഴപ്പമില്ല. എന്നാൽ സിനിമ താരങ്ങൾ ഷോർട്സ് ഇട്ടാൽ മാത്രമാണ് ആളുകൾക്ക് പ്രശ്നമെന്ന് സ്വാസിക പറയുന്നു. പിടി ഉഷയും സാനിയ മിർസയും ഇടുന്നത് തന്നെയാണ് തങ്ങളും ഇടുന്നത് അവർക്കുള്ളതൊക്കെ തന്നെ ഞങ്ങൾക്കും ഉള്ളു താരം പറയുന്നു. എന്നാൽ സിനിമ താരങ്ങൾ ഷോർട്സ് ഇടുമ്പോൾ മാത്രമാണ് ആളുകൾ നെഗറ്റീവ് ചിന്ത വെച്ച് പുലർത്തുന്നതെന്ന് സ്വാസിക പറയുന്നു.
എന്നാൽ സ്പോർട്സ് താരങ്ങൾ ഷോർട്സ് ഇട്ടാൽ അത് ജോലിയുടെ ഭാഗമാണെന്ന് പറയും. സിനിമ താരങ്ങളും ജോലിയുടെ ഭാഗമായാണ് ഷോർട്സ് ധരിക്കാറുള്ളതെന്നും സ്വാസിക പറയുന്നു. യുട്യൂബിൽ നൽകിയ അഭിമുഖത്തിലാണ് സ്വാസിക ഇക്കാര്യം വ്യക്തമാക്കിയത്. ചില സിനിമ താരങ്ങൾ ഷോർട്സ് ഇട്ടതിന്റെ പേരിൽ സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ട് താൻ ഷോർട്സ് ഇടാത്തത് കൊണ്ട് ഇതുവരെ സൈബർ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും താരം പറയുന്നു.
സിനിമ താരങ്ങളും ജോലിയുടെ ഭാഗമായാണ് ഷോർട്സ് ധരിക്കുന്നതെന്ന് കണ്ടാൽ പ്രശ്നം ഇല്ലെന്നും എന്നാൽ ആരും ആ ഒരു സെൻസിൽ കാണില്ലെന്നും അതെന്ത് കൊണ്ടാണ് എന്ന് ചോദിച്ചാൽ തനിക്കറിയില്ലെന്നും സ്വാസിക പറയുന്നു.
ചലച്ചിത്രതാരം ബാല വരുന്ന ലോക്സഭ ഇലക്ഷനിൽ മത്സരിച്ചേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാക്കളുമായി ചർച്ച നടത്തിയതായാണ് ലഭിക്കുന്ന വിവരം. സ്വതന്ത്ര സ്ഥാനാർത്ഥിയായോ പാർട്ടി ചിഹ്നത്തിലോ ആയിരിക്കും ബാല മത്സരിക്കുകയെന്നാണ് വിവരം. എന്നാൽ മത്സരിക്കുന്നതെവിടെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.
അതേസമയം ജനങ്ങൾക്കിടയിൽ സ്വീകാര്യത നേടുന്നതിനായി പ്രവർത്തിക്കാൻ പ്രമുഖ പാർട്ടി നേതാക്കൾ നിർദേശം നൽകിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടിൽ പറയുന്നു. സിനിമയിൽ സജീവമല്ലാത്ത താരം കഴിഞ്ഞ കുറച്ച് നാളുകളായി നിരവധി വിഷയങ്ങളിൽ ഇടപെട്ട് ജനശ്രദ്ധ നേടുന്നുണ്ട്. കൂടാതെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളും താരത്തിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.