India

പുതുവത്സരം ആഘോഷിക്കുന്നതിനിടയിൽ കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. അഞ്ചാലമൂട് സ്വദേശി അഖിൽ രാജേന്ദ്രൻ (26) നെയാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം കൊല്ലം ബീച്ചിൽ പുതുവത്സര ആഘോഷത്തിനെത്തിയതായിരുന്നു അഖിൽ.

ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് അഖിൽ തിരയിൽ പെട്ടത്. അതേസമയം അഖിൽ തിരയിൽപെട്ട കാര്യം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അറിഞ്ഞിരുന്നില്ല. ഏറെ നേരം കഴിഞ്ഞാണ് കൂടെയുള്ള സുഹൃത്തിനെ കാണാനില്ലെന്ന വിവരം സുഹൃത്തുക്കൾ അറിഞ്ഞത്.

കടലിന്റെ കരയിൽ പോകുമ്പോൾ അഖിൽ ഉണ്ടായിരുന്നതായും തിരിച്ചെത്തിയപ്പോൾ കണ്ടില്ലെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്‌മെന്റും അഖിലിനായി തിരച്ചിൽ നടത്തി വരികയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്നലെ കാലം ചെയ്ത ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതിക ശരീരം നാളെ തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വയ്ക്കും. അദ്ധ്യാത്‌മിക വിശുദ്ധിയുടെയും ദൈവശാസ്ത്രത്തിന്റെയും വിളനിലമായിരുന്ന ബനഡിക്ട് പതിനാറാമൻ മാർപാപ്പ കത്തോലിക്കാ സഭയുടെ 265-ാം മാർപാപ്പയായിരുന്നു. 2005 ഏപ്രിൽ 19 -നാണ് ജർമ്മൻകാരനായ കർദ്ധിനാൾ ജോസഫ് റാറ്റ്സിങ്ങർ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായത് .

കേരള കത്തോലിക്കാ സഭയുടെ വളർച്ചയിൽ ഏറ്റവും താങ്ങായി നിന്ന ആളാണ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ. ഭാരത കത്തോലിക്കാ സഭയിലെ ആദ്യ വിശുദ്ധയായി സിസ്റ്റർ അൽഫോൻസാമ്മയെ പ്രഖ്യാപിച്ചത് ബനഡിക്ട് പാപ്പയാണ്. മേജർ ആർച്ച് ബിഷപ്പുമാരായ മാർ ജോർജ് ആലഞ്ചേരിയേയും മാർ ബസേലിയോസ് ക്ലിമീസ് കത്തോലിക്കാ ബാവയേയും കർദിനാൾ പദവി നൽകിയത് ബനഡിക്ട് പാപ്പയുടെ കാലഘട്ടത്തിലാണ്. കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ബസോലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ കേരള കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് പാപ്പയുടെ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കും.

എല്ലാ ലോക രാഷ്ട്രങ്ങളുമായി സൗമ്യമായ ബന്ധം സഭയ്ക്കും വത്തിക്കാനും ഉണ്ടാക്കിയെടുക്കുന്നതിൽ പാപ്പ വഹിച്ച പങ്ക് നിസ്തുലമാണ്. ക്യൂബയടക്കമുള്ള രാജ്യങ്ങളിൽ തൻറെ അനാരോഗ്യം വകവയ്ക്കാതെ നടത്തിയ സന്ദർശനം വളരെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 600 വർഷത്തിനിടെ സ്ഥാന ത്യാഗം ചെയ്ത ആദ്യ മാർപാപ്പയായ ബനഡിക്ട് പതിനാറാമൻ എപ്പോഴും കർമ്മനിരതനായിരുന്നു. സഭയിൽ ഒട്ടേറെ പുരോഗമന നടപടികൾക്ക് തുടക്കമിട്ട പാപ്പ 65 ദൈവശാസ്ത്ര ഗ്രന്ഥങ്ങളാണ് രചിച്ചത്.

ബനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് മലയാളം യുകെ ന്യൂസിന്റെ ഹൃദയാഞ്ജലി

തിങ്കൾക്കാടിന് സമീപം കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. മലപ്പുറം സ്വദേശി മിൻഹാജ് എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. വളാഞ്ചേരിയിൽനിന്നുള്ള കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

വിദ്യാർഥികൾ വാഗമൺ സന്ദർശിച്ച് മടങ്ങവെ പുലർച്ചെ 1.15-ഓടെയാണ് അപകടം നടന്നത്. തിങ്കൾക്കാട്ടെ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും പോലീസും ചേർന്നാണ് വാഹനത്തിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. 41 യാത്രിക്കാർ ആണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

രണ്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് എല്ലാവരെയും രക്ഷപ്പെടുത്താനായത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ബസിനടിയിൽപ്പെട്ടാണ് മിൻഹാജ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് മിൻഹാജിന്റെ മൃതദേഹം കണ്ടെടുത്തത്.

പോലീസ് ജീപ്പിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച ബൈക്കിൽ തലവടി തണ്ണീർ മുക്കത്ത് വെച്ച് പോലീസ് ജീപ്പ് ഇടിക്കുകയായിരുന്നു. ഞായറാഴ്‌ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്.

പോലീസ് ജീപ്പ് ഓടിച്ച ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് ഡ്രൈവർ മാത്രമാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ആലപ്പുഴ ഡിസിആർബി ഡിവൈഎസ്‌പിയുടെ ജീപ്പാണ് അപകടത്തിൽപെട്ടത്.

ആലപ്പുഴ ബീച്ചിൽ നടന്ന പുതുവത്സര ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടൻ തന്നെ യുവാക്കളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

പുതുവത്സരദിനം ആഘോഷിക്കാന്‍ തിരുവനന്തപുരത്തെത്തിയ ബാംഗ്ലൂര്‍ സ്വദേശി കടലില്‍ മുങ്ങിമരിച്ചു. മുപ്പത്തിമൂന്നുകാരനായ അരൂപ് ഡെയാണ് വര്‍ക്കലയില്‍ തിരയില്‍പ്പെട്ട് മുങ്ങി മരിച്ചത്.

ഇന്ന് രാവിലെ 9 30 ഓടെ ആണ് സംഭവം. അരൂപ് ഡെ ഭാര്യയും സുഹൃത്തുക്കളും അടങ്ങുന്ന 11 അംഗസംഘത്തിനൊപ്പമാണ് ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി വര്‍ക്കലയില്‍ എത്തിയത്. ഇവര്‍ വര്‍ക്കല ഓടയം ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന മിറക്കിള്‍ ബെ റിസോര്‍ട്ടില്‍ ആണ് താമസിച്ചിരുന്നത്.

സുഹൃത്തുക്കളോടൊപ്പം റിസോര്‍ട്ടിന് സമീപത്തെ ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് തിരയിലകപ്പെടുകയായിരുന്നു. ഏകദേശം കരയില്‍ നിന്നും 50 മീറ്ററോളം അകലെയായിരുന്നു അപകടം സംഭവിച്ചത്. യുവാവ് തിരയില്‍പ്പെട്ടത് സുഹൃത്തുക്കളും മത്സ്യത്തൊഴിലാളികളും കാണുന്നുണ്ടായിരുന്നു.

ഇവര്‍ ഉടന്‍ തന്നെ യുവാവിനെ രക്ഷിച്ച് കരയ്ക്ക് എത്തിച്ചെങ്കിലും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അരൂപ് ഡെ ആസ്മാ രോഗിയാണെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

പ്രളയത്തെയും വെള്ളപ്പൊക്കത്തേയും നേരിടാനുള്ള മോക്ക്ഡ്രില്ലിനിടെ കല്ലൂപ്പാറ പടുതോട്ടില്‍ യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് ഗുരുതര വീഴ്ചയെന്ന് നാട്ടുകാര്‍. തകരാറുള്ള സാധനങ്ങളുമായാണു രക്ഷാപ്രവര്‍ത്തനം അനുകരിക്കാനെത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബോട്ട് പ്രവര്‍ത്തിച്ചിരുന്നില്ലെന്നും കെട്ടിവലിച്ചാണ് കരയ്ക്ക് എത്തിച്ചതെന്നും നാട്ടുകാര്‍ പറയുന്നു.

കൂടാതെ വെള്ളത്തില്‍ ചാടി മുങ്ങിപ്പോയ ബിനുവിനെ അരമണിക്കൂറിനു ശേഷമാണ് കണ്ടെത്തിയതെന്നും ഒപ്പമിറങ്ങിയവര്‍ ആരോപിച്ചു. ബിനുവിനെ ആശുപത്രിയിലെത്തിച്ച് നടത്തിയത് ചികിത്സാ നാടകം ആയിരുന്നെന്നും ബിനു സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടിരുന്നു എന്നും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.

സംഭവത്തില്‍ വീഴ്ചയില്ലെന്നാണ് റവന്യൂ മന്ത്രി പ്രതികരിച്ചത്. അതേസമയം, മരണത്തില്‍ വീഴ്ചയില്ലെന്നും ബിനു കുഴഞ്ഞു വീണതാണെന്നും റവന്യൂ മന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം അനുകരിക്കാനായി മരിച്ച ബിനു സോമനടക്കം നാലു പേരാണ് വെള്ളത്തിലേക്ക് ചാടിയത്. തുടര്‍ന്ന് ബോട്ടിലെത്തിയ എന്‍ഡിആര്‍എഫ് സംഘം ലൈഫ്‌ബോയ് ട്യൂബ് ഇട്ടു കൊടുക്കുന്നതും ബിനു മുങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

ബിനുവിന്റെ മരണത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. ആറ്റിന്‍തീരത്തുനിന്നു ബിനുവിന്റെ വസ്ത്രങ്ങള്‍ പോലീസ് ശേഖരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം. വിദേശത്തുള്ള സഹോദരി നാട്ടിലെത്തിയശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും.

യുഎസിൽ ശൈത്യം പിടിമുറുക്കുന്ന വേളയിൽ മരണങ്ങളും കൂടി വരികയാണ്. ഏകദേശം 60ഓളം മനുഷ്യ ജീവനുകളാണ് ഇതുവരെ കൊടുംതണുപ്പിൽ ഇല്ലാതായത്. കഴിഞ്ഞ ദിവസമാണ് തണുത്തുറഞ്ഞ തടാകത്തിൽ വീണ് ഇന്ത്യൻ ദമ്പതികൾ മരണപ്പെട്ടത്. ഇവരുടെ വിയോഗത്തിന് പിന്നാലെ ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളുടെ ചുമതല സർക്കാർ ഏറ്റെടുത്തു.

അരിസോന സംസ്ഥാനത്തിലെ ബാല സുരക്ഷാ വകുപ്പ് ആണ് പന്ത്രണ്ടും ഏഴും വയസ്സുള്ള കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത്. ചാൻഡ്ലറിൽ താമസിച്ചിരുന്ന ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത (47), കുടുംബ സുഹൃത്ത് ഗോകുൽ മെദിസെറ്റി (47) എന്നിവരാണ് അരിസോനയിലെ വുഡ്‌സ് കാന്യോൻ തടാകത്തിലെ മഞ്ഞുപാളികൾക്കിടയിൽ വീണു മരിച്ചത്. ക്രിസ്മസിന് തലേന്ന് ചിത്രങ്ങളെടുക്കാൻ തടാകത്തിന് സമീപത്തെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിത അപകടം സംഭവിച്ചത്.

ആറു മുതിർന്നവരും അഞ്ചു കുട്ടികളുമുള്ള സംഘം മഞ്ഞിലെ കാഴ്ചകൾ കാണാനാണ് ഇവിടെയെത്തിയത്. സംഘത്തിലുണ്ടായിരുന്ന നാരായണ മുദ്ദാന, ഹരിത, ഗോകുൽ മെദിസെറ്റി എന്നിവർ തണുത്തുറഞ്ഞ തടാകത്തിലിറങ്ങി നടന്ന് ചിത്രങ്ങളെടുക്കുമ്പോഴായിരുന്നു മഞ്ഞുപാളികൾ തകർന്ന് തടാകത്തിലേയ്ക്ക് പതിച്ചത്. ഹരിതയെ അപ്പോൾതന്നെ വെള്ളത്തിൽനിന്നു പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. മൈനസ് 30 ഡിഗ്രിയായിരുന്നു ഈ സമയത്ത് തടാകത്തിലെ തണുപ്പെന്നാണ് റിപ്പോർട്ട്.

വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ച സംഭവം നടന്ന് നാളുകൾക്ക് ശേഷം വിശദീകരണവുമായി നടൻ ഷൈൻ ടോം ചാക്കോ. കോക്പീറ്റിൽ കയറിയത് വിമാനം എങ്ങനെയാണ് ഓടിക്കുന്നതെന്ന് അറിയാനായിരുന്നു എന്ന് ഷൈൻ ടോം ചാക്കോ പറയുന്നു. വിമാനം അവർ പൊന്തിക്കുന്നുണ്ടോയെന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും അതുകൊണ്ട് ഓടിക്കുന്നത് കാണിച്ചു തരുമോയെന്ന് റിക്വസ്റ്റ് ചെയ്യാനാണ് താൻ ഉള്ളിലേക്ക് കയറാൻ ശ്രമിച്ചതെന്നും താരം കൂട്ടിച്ചേർത്തു.

ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ;

”കോക്പിറ്റീൽ കയറിയ അനുഭവത്തെക്കുറിച്ച് നിങ്ങൾ എന്നോടാണോ ചോദിക്കുന്നത്. അതിനെക്കുറിച്ച് ഘോരഘോരം സംസാരിക്കുന്നവരോട് പോയി ചോദിക്കണം. ശരിക്കും കോക്പീറ്റ് എന്ന് പറഞ്ഞാൽ എന്താണ് സംഭവമെന്ന് നോക്കാനാണ് ഞാൻ പോയത്. നമ്മളെ ഒരു കോർണറിലൂടെ കയറ്റി ഒരു സീറ്റിലിരുത്തുന്നു, ഇത് പൊന്തിക്കുന്നുണ്ടോയെന്ന കാര്യത്തെക്കുറിച്ച് എനിക്ക് വലിയ ഉറപ്പില്ല.

കാരണം ഇത്രയും വലുപ്പമുള്ള സാധനമാണ് അവർ പൊന്തിക്കുന്നത്. കോക്പീറ്റ് എന്ന് പറയുമ്പോൾ കോർപീറ്റ് എന്നാണ് ഞാൻ കേൾക്കുന്നത്. അവരോട് കോക്പീറ്റ് കാണിച്ച് തരുമോയെന്ന് ചോദിച്ചാൽ അവർ കാണിച്ച് തരും പക്ഷെ റിക്വസ്റ്റ് ചെയ്യാൻ അവരെ കാണണ്ടേ. ഞാൻ അതിനുള്ളിലേക്ക് അവരെ കാണാനായാണ് പോയത്. അവർ ഏത് സമയവും അതിനുളള്ളിലാണ്.

അങ്ങോട്ട് ചെന്നല്ലാതെ കാണാൻ കഴിയില്ലല്ലോ. ഫ്ളൈറ്റ് ഓടിക്കാനൊന്നും എനിക്ക് അപ്പോൾ തോന്നിയില്ല. അവർ ഇത് എങ്ങനെയാണ് ഓടിക്കുന്നത് എന്ന് ചെക്ക് ചെയ്യാനാണ് ഞാൻ പോയി നോക്കിയത്. അതിൽ ഒരു എയർഹോസ്റ്റസും ഇല്ലായിരുന്നു. എനിക്ക് ആകെ ദേഷ്യം വന്നു,”

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്ക്. ഋഷഭ് പന്ത് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. ഉത്തരാഖണ്ഡില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. വെള്ളിയാഴ്ച രാവിലെ ആണ് സംഭവം.

താരം തന്നെയാണ് അപകടം നടക്കുന്ന സമയത്തു വാഹനമോടിച്ചിരുന്നതെന്നാണു പ്രാഥമികമായ വിവരം. ഉത്തരാഖണ്ഡിലെ റൂർക്കിക്കു സമീപത്തുവച്ചാണ് അപകടമുണ്ടായത്.

ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഋഷഭ് കാര്‍ അപകടത്തില്‍പ്പെട്ടത്. ഋഷഭ് പന്തിനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഋഷഭ് പന്തിന്റെ പ്ലാസ്റ്റിക് സര്‍ജറി അവിടെ വെച്ച് നടത്തുമെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാ ബെന്‍ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജി ആന്റ് റിസര്‍ച്ച് സെന്ററില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. അനാരോഗ്യത്തെത്തുടര്‍ന്നു ബുധനാഴ്ചയാണ് ഹീരാബെന്‍ മോദിയെ ഇവിടെ പ്രവേശിപ്പിച്ചത്. നൂറ്റാണ്ട് നീണ്ട ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. മഹത്തായ ഒരു നൂറ്റാണ്ട് ദൈവത്തിന്റെ പാദങ്ങളില്‍ കുടികൊള്ളുന്നുവെന്ന് പ്രധാനമന്ത്രി കുറിച്ചു.

ബംഗാളിലെ പരിപാടികള്‍ റദ്ദാക്കി പ്രധാനമന്ത്രി അഹമ്മദാബാദിലേക്ക് തിരിച്ചു. കാര്‍ഡിയോളജി ആന്റ് റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ച മാതാവിനെ കാണാന്‍ പ്രധാനമന്ത്രി ആശുപത്രിയിലെത്തിയിരുന്നു. 1923 ജൂണ്‍ 18 നാണ് ഹീരാബെന്‍ മോദി ജനിച്ചത്. ഗുജറാത്തിലെ മെഹ്‌സാനയിലെ വഡ്‌നഗറാണ് സ്വദേശം. നരേന്ദ്രമോദി, പങ്കജ് മോദി, സോമ മോദി, അമൃത് മോദി, പ്രഹ്ലാദ് മോദി, വാസന്തിബെന്‍ ഹസ്മുഖ്‌ലാല്‍ മോദി എന്നിവരാണ് മക്കള്‍. പ്രധാനമന്ത്രിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിയ്‌ക്കൊപ്പം ഗാന്ധിനഗറിനടുത്തുള്ള റെയ്‌സന്‍ ഗ്രാമത്തിലാണ് ഹീരാബെന്‍ മോദി താമസിച്ചിരുന്നത്.

RECENT POSTS
Copyright © . All rights reserved