ഖത്തർ ലോകകപ്പിൽ റണ്ണേഴ്സ് അപ്പായ ഫ്രാൻസ് ടീമിലെ താരങ്ങളെ വംശീയമായി അധിക്ഷേപിച്ച് സംസ്ഥാന ബിജെപി ബൗദ്ധിക സെല് മുന് കണ്വീനര് ടി ജി മോഹന്ദാസ്. ഫ്രഞ്ചുകാർ വെളുത്ത് തുടുത്ത സായിപ്പന്മാരായിരിക്കും എന്നാണ് വിചാരിച്ചതെന്ന് മോഹൻദാസ് ട്വിറ്ററിൽ കുറിച്ചു. തന്നെക്കാൾ കറുത്ത പ്രേതങ്ങളാണെന്നും എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കുമെന്നും ടി ജി മോഹൻദാസ് പറഞ്ഞു.
ട്വിറ്റിന് താഴെ വലിയ വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്.
ഫ്രഞ്ച്കാര് വെളുത്ത് തുടുത്ത സായ്പൻമാരായിരിക്കും എന്നാണ് ഞാൻ വിചാരിച്ചത്! ഇതിപ്പോ…
എന്നേക്കാൾ കറുത്ത പ്രേതങ്ങൾ!! ആ എംബാപ്പെയെ രാത്രിയിലെങ്ങാൻ വഴിയിൽ കണ്ടാൽ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും! ഹൊ! 👹— TG Mohandas (@mohandastg) December 19, 2022
കള്ളനോട്ടുകേസില് പ്രമുഖ സീരിയല് നടന് അടക്കം മൂന്നുപേര് അറസ്റ്റില്. നടന് നേമം കാരയ്ക്കാമണ്ഡപം സാഹിത് വീട്ടില് ഷംനാദ് (ശ്യാം ആറ്റിങ്ങല്- 40), കൊട്ടാരക്കര വാളകം പാണക്കാട് ശ്യാം ശശി (29), ചുനക്കര കോമല്ലൂര് വേളൂര് വീട്ടില് രഞ്ജിത്ത് (49) എന്നിവരാണ് പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ കല്ലട സ്വദേശിയും പഞ്ചായത്ത് മുന് പ്രസിഡന്റുമായ കൊല്ലം ഈസ്റ്റ് കല്ലട ഷാജി ഭവനില് ക്ലീറ്റസ് (45), താമരക്കുളം പേരൂര് കാരായ്മ അക്ഷയ നിവാസില് ലേഖ (48) എന്നിവര് അറസ്റ്റിലായിരുന്നു. ഇപ്പോള് പിടിയിലായ സീരിയല് നടന്റെ വാഹനത്തില് നിന്ന് നാലരലക്ഷം രൂപയുടെ കള്ളനോട്ടും പിടിച്ചു.
ലേഖ 500 രൂപയുടെ നോട്ട് നല്കി സൂപ്പര്മാര്ക്കറ്റില് നിന്നും സാധനങ്ങള് വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്. ക്ലീറ്റ്സാണ് തനിക്ക് പണം നല്കിയതെന്നായിരുന്നു ലേഖ പറഞ്ഞത്. ക്ളീറ്റസ് റിയല് എസ്റ്റേറ്റ് മേഖലയിലുള്ള രഞ്ജിത്തിന്റെ പങ്ക് വെളിപ്പെടുത്തി.
രഞ്ജിത്തിനെയും ക്ലീറ്റസിനെയും ചോദ്യം ചെയ്തപ്പോള് നടന് ഷംനാദ് ആണ് നോട്ടുകള് എത്തിച്ചു നല്കുന്നതെന്ന് മൊഴി നല്കി. അങ്ങനെയാണ് ഷംനാദ് അറസ്റ്റിലായത്. ഇയാളുടെ കാറില് നിന്നും നാലര ലക്ഷം രൂപയുടെ 2000, 500, 200 കള്ളനോട്ടുകള് കണ്ടെത്തി. കാറിന്റെ രഹസ്യ അറയിലായിരുന്നു നോട്ടുകള്.
ഷംനാദിന്റെ വീട് റെയ്ഡ് ചെയ്തപ്പോള് ലാപ്ടോപ്പ്, സ്കാനര്, പ്രിന്റര്, ലാമിനേറ്റര്, നോട്ടുകള് മുറിക്കുന്നതിനുള്ള ഉപകരണങ്ങള്, ഉണക്കി സൂക്ഷിക്കാന് വച്ചിരുന്ന നിരവധി നോട്ടുകള് എന്നിവ കണ്ടെത്തി. പാതി നിര്മ്മാണത്തിലിരുന്ന നോട്ടുകള്ക്കൊപ്പം 25,000 രൂപയുടെ കള്ളനോട്ടുകളും കണ്ടെത്തി. വാളകം സ്വദേശി ശ്യാമാണ് ബുദ്ധികേന്ദ്രമെന്ന് ഷംനാദ് വെളിപ്പെടുത്തി. തുടര്ന്ന് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
കാലിക്കറ്റ് സര്വകലാശാലയിലെ സ്വിമ്മിങ് പൂളില് വിദ്യാര്ത്ഥിയെ മുങ്ങിമരിച്ച നിലയില് കണ്ടെത്തി. എടവണ്ണ സ്വദേശി ഷെഹനെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. ആശുപത്രിയില് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കാലിക്കറ്റ് സര്വ്വകലാശാല വിദ്യാര്ത്ഥിയാണ് മരിച്ച ഷെഹന്. കൂട്ടുകാരോടൊപ്പമാണ് പുലര്ച്ചെ അഞ്ച് മണിക്ക് ഷെഹന് സ്വിമ്മിങ് പൂളിലെത്തിയതെന്നാണ് സൂചന.
അതേസമയം സംഭവത്തില് അധികൃതര് കൂടുതല് വിവരങ്ങള് പുറത്ത് വന്നിട്ടില്ല. ഷെഹിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല് കോളെജില് സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു.
ലോകകപ്പ് ആഘോഷത്തെ നിരാശയിലാക്കി കണ്ണൂര് പള്ളിയാന്മൂലയില് സംഘര്ഷം. ആഘോഷരാത്രിയ്ക്കിടെയാണ് മൂന്നുപേര്ക്ക് വെട്ടേറ്റത്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. അനുരാഗ്, ആദര്ശ്, അലക്സ് ആന്റണി എന്നിവര്ക്കാണ് പരിക്കേറ്റത്. അനുരാഗിന്റെ നിലയാണ് ഗുരുതരമയി തുടരുന്നത്. നേരത്തെ ലോകകപ്പ് മത്സരത്തില് ബ്രസീല് തോറ്റപ്പോഴും ഇതേ സ്ഥലത്ത് സംഘര്ഷമുണ്ടായിരുന്നു. എന്നാല് അന്ന് ആര്ക്കും പരിക്കേറ്റിരുന്നില്ല.
പുലര്ച്ചെയുണ്ടായ സംഘര്ഷത്തില് ആറുപേരെ പോലീസ് കസ്റ്റഡിയില് എടുത്തിട്ടുണ്ട്. പരിക്കേറ്റ മൂന്നുപേരെയും രണ്ട് സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ലോകകപ്പ് ഫൈനല് കഴിഞ്ഞ് തിങ്കളാഴ്ച പുലര്ച്ചെ 12.40 ഓടെയായിരുന്നു സംഭവം.
ആദ്യം വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘര്ഷത്തിലേക്കും ആക്രമണത്തിലേക്കും കടക്കുകയുമായിരുന്നു. പോലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില് എത്തിച്ചത്.ഫൈനലിലെ തോല്വിയില് ഫ്രാന്സ് ആരാധകരെ ഒരുസംഘം കളിയാക്കുകയതാണ് പ്രശ്നങ്ങള്ക്ക് തുടക്കമിട്ടത്. ഇവര് ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.
അഞ്ജു റ്റിജി
കേരളാ ഗവൺമെന്റ് സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിൻെറ (ഐഎച്ച്ആർഡി) നേതൃത്വത്തിലുള്ള കോളേജുകളുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 3,4,5 തീയതികളിൽ നാഷണൽ ടെക് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇതിൻെറ ഭാഗമായി “മീമാംസ” എന്ന പേരിലുള്ള പ്രഭാഷണ പരമ്പരയ്ക്ക് തുടക്കമായി. സമൂഹത്തിന്റെ നാനാതലങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അറിവും അനുഭവ സമ്പത്തുമുള്ള വ്യക്തികളുമായി യുവ തലമുറയ്ക്ക് ആശയസംവാദത്തിനുള്ള വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മീമാംസ പ്രഭാഷണ പരമ്പര ആരംഭിച്ചിരിക്കുന്നത്. മീമാംസയുടെ ഉത്ഘാടന പ്രഭാഷണം മുൻ ഐഎഎസ് ഉദ്യോഗസ്ഥനും അന്താരാഷ്ട്ര തൊഴിൽ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്തിരുന്ന എം പി ജോസഫ് ആണ് നിർവഹിച്ചത്. യുകെയിലെ വിക്ടോറിയ യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററിലേയും കുസാറ്റിലെയും അക്കാഡമിക് മികവുമായി ഐഎഎസിൻറെ പടി ചവിട്ടിയ എം പി ജോസഫ് തൻറെ സേവന കാലഘട്ടത്തിൽ ഭരണചക്രത്തിന്റെ ഒട്ടേറെ സുപ്രധാന സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. കുവൈറ്റിലെ ഇറാഖ് അധിനിവേശത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ഒട്ടേറെ പ്രവാസികളെ ഇന്ത്യയിൽ തിരിച്ചെത്തിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തൂലമാണ്. കംബോഡിയയിലെ തന്റെ സേവനകാലഘട്ടത്തിലെ അനുഭവങ്ങളെ ആസ്പദമാക്കി അദ്ദേഹം രചിച്ച ‘My Driver Tulong and other Tall Tales from a Post Pol Pot Contemporary Cambodia’ എന്ന കൃതി ശ്രദ്ധേയമാണ്.
കേരളത്തിലെ വിദ്യാർത്ഥികൾ യുകെ, കാനഡ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമായി ചേക്കേറുന്ന ഈ കാലഘട്ടത്തിൽ യുകെയിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ ഉന്നത വിദ്യാഭ്യാസം നടത്തി സ്വന്തം മാതൃരാജ്യത്തെ സേവിക്കാൻ കേരളത്തിൽ തിരിച്ചെത്തിയ എം പി ജോസഫ് സാർ “വിദേശത്തേക്ക് ചേക്കേറുന്ന കേരളത്തിന്റെ യുവത്വം” എന്ന വിഷയത്തെ പറ്റി തൻെറ അനുഭവ സമ്പത്തിൽ നിന്നാണ് വിദ്യാർഥികളുമായി സംവേദിച്ചത്. ഗോ ബട്ട് പ്ലീസ് കം ബാക്ക് എന്നതാണ് അദ്ദേഹം വിദ്യാർത്ഥികൾക്ക് നൽകിയ സന്ദേശം.
ഐഎച്ച്ആർഡി തരംഗ് നാഷണൽ ടെക്ഫെസ്റ്റിന് ആതിഥ്യം അരുളുന്നത് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂർ ആണ്. തരംഗിന്റെ വിജയത്തിനായി പ്രിൻസിപ്പൽ ഡോ. സ്മിതാ ധരൻ, ടെക് ഫെസ്റ്റ് ജനറൽ കൺവീനർ ഡോ. ദീപ ജെ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും അടങ്ങിയ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
രാജ്യത്തെ നടുക്കിയ വ്യവസായ പ്രമുഖന് സൈറസ് മിസ്ത്രിയുടെ മരണത്തില് നിര്ണായക വെളിപ്പെടുത്തലുമായി മുംബൈ പോലീസ്. മുംബൈ-അഹമ്മദാബാദ് ഹൈവേയില് കാര് അപകടത്തിലാണ് മിസ്ത്രി മരണപ്പെട്ടത്.
ഈ അപകടത്തിനിടയാക്കിയ മെര്സിഡീസ് ബെന്സ് ഓടിച്ചിരുന്നത് ഡോ. അനാഹിത പാണ്ഡോളെയാണ്. ഇവര്ക്കെതിരെയാണ് മഹാരാഷ്ട്ര പോലീസ് പുതിയ വെളിപ്പെടുത്തല് നടത്തിയിരിക്കുന്നത്. പുതുതായി കോടതിയില് ഫയല് ചെയ്യാന് ഒരുങ്ങുന്ന കുറ്റപത്രത്തിലാണ് നിര്ണായക വെളിപ്പെടുത്തലുകള് ഉള്ളത്.
അപകടസമയത്ത് കാരില് സൈറസ് മിസ്ത്രിയോടൊപ്പം ജഹാംഗീര് പണ്ഡോളെ, ഡോ അനാഹിത, ഭര്ത്താവ് ഡാരിയസ് പണ്ഡോളെ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. മുന് സീറ്റില് യാത്ര ചെയ്ത അനാഹിതയും ഡാരിയസും പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും പിന്സീറ്റിലായിരുന്ന സൈറസ് മിസ്ത്രിയും ജഹാംഗീര് പണ്ഡോളെയും മരണപ്പെടുകയായിരുന്നു.
നേരത്തെ, അനാഹിതയും ഡാരിയസും സീറ്റ് ബെല്റ്റ് ധരിച്ചിരുന്നതിനാലാണ് രക്ഷപ്പെട്ടതെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥര് പറഞ്ഞിരുന്നത്. എന്നാല് ഇപ്പോള് അപകടസമയത്ത് അനാഹിത ശരിയായ രീതിയില് സീറ്റ് ബെല്റ്റ് ധരിച്ചിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
മരണകാരണമാകും വിധം അശ്രദ്ധമായി വാഹനമോടിക്കല് അടക്കമുള്ള കുറ്റങ്ങള് ചുമത്തിയാണ് അനാഹിതയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. തുടര്ച്ചയായി ഇവര് അമിത വേഗതയില് വാഹനമോടിച്ചിരുന്നു. മുന്പും നിരവധി തവണ നിമലംഘനം നടത്തിയിട്ടുണ്ട്.
അനാഹിതയ്ക്ക് എതിരെ 2019 മുതല് 19 തവണയാണ് നിയമലംഘനത്തിന് നോട്ടീസ് നല്കിയിട്ടുള്ളത് എല്ലാം അമിതവേഗതയില് വാഹനമോടിച്ചതിനാണ്.
ഇവര് ഈ അപകടത്തില്പ്പെട്ട കാര് തന്നെയാണ് 19 തവണയും നിയമലംഘനത്തിന് ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
തിരുവനന്തപുരം പേരൂര്ക്കടയില് പങ്കാളിയെ നടുറോഡിൽ വെട്ടിക്കൊന്ന കേസിലെ പ്രതി രാജേഷിനെ ജയിലില് തൂങ്ങിമരിച്ച നിലയില്. പുലർച്ചെ രണ്ടു മണിയോടെ സെല്ലിലെ ശുചിമുറിയിലാണ് രാജേഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഡിസംബര് 15ന് തിരുവനന്തപുരം പേരൂര്ക്കടയ്ക്ക് സമീപം വഴയിലയില് നടുറോഡില് വച്ചാണ് നന്ദിയോട് സ്വദേശി സിന്ധുവിനെ രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത്.
റോഡിലൂടെ നടന്നു പോകുകയായിരുന്ന സിന്ധുവിനെ രാജേഷ് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ നാട്ടുകാർ മെഡിക്കല് കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. തിരക്കേറിയ വഴയില റോഡിലൂടെ നടക്കുകയായിരുന്ന സിന്ധുവിനെ പിന്തുടർന്ന രാജേഷ് കഴുത്തിലും തലയ്ക്കും വെട്ടുകയായിരുന്നു. രണ്ടിലധികം തവണ വെട്ടി. രാജേഷിനെ നാട്ടുകാർ ചേര്ന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും 12 വർഷമായി വഴയിലയിൽ ഒരുമിച്ചായിരുന്നു താമസം. ഭാര്യയും കുട്ടികളുമുളള രാജേഷ് സിന്ധുവുമായി ഏറെ കാലമായി അടുപ്പത്തിലായിരുന്നു. അടുത്തിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് രാജേഷ് മറ്റൊരു വീട്ടിലേക്ക് മാറി. സിന്ധു അകന്ന് പോകുന്നു എന്ന സംശമാണ് കൊലക്ക് കാരണമെന്നാണ് പ്രതി നൽകിയ മൊഴി.
ബ്രിട്ടനില് കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ചുവിന്റെയും രണ്ട് മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാന് സാമ്പത്തിക സഹായം അഭ്യര്ത്ഥിച്ച് കുടുംബം. മൃതദേഹം നാട്ടില് എത്തിക്കാന് മുപ്പത് ലക്ഷം രൂപ വേണമെന്ന് അഞ്ജുവിന്റെ അച്ഛന് അശോകന് പറയുന്നു.
വൈക്കം മറവന്തുരുത്തിനടുത്ത് കുലശേഖരമംഗലം സ്വദേശിനിയായ നഴ്സ് അഞ്ജു, ആറു വയസുകാരന് മകന് ജീവ, നാല് വയസുകാരിയായ മകള് ജാന്വി എന്നിവരാണ് മരിച്ചത്. ബ്രിട്ടനിലെ കെറ്ററിംഗിലെ ആശുപത്രിയില് നഴ്സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു.
ജോലിക്ക് എത്താഞ്ഞതിനെ തുടര്ന്ന് സഹപ്രവര്ത്തകര് താമസ സ്ഥലത്ത് അന്വേഷിച്ചപ്പോള് വീട് അടഞ്ഞുകിടക്കുകയായിരുന്നു. തുടര്ന്ന് പോലീസെത്തി വാതില് പൊളിച്ച് അകത്തു കയറിയപ്പോള് രക്തം വാര്ന്ന് മരിച്ചു കിടക്കുകയായിരുന്നു അഞ്ജു. കുഞ്ഞുങ്ങള്ക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയില് എത്തിച്ചപ്പോഴേക്കും മരിച്ചു.
പിന്നാലെ അഞ്ജുവിന്റെ ഭര്ത്താവായ കണ്ണൂര് സ്വദേശി സാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ജുവിനെ ഭര്ത്താവ് സാജു ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം വൈക്കത്തുള്ള അഞ്ജുവിന്റെ ബന്ധുക്കളെ പോലീസ് അറിയിച്ചു.
സാജുവിനെ 72 മണിക്കൂര് കൂടി പോലീസ് കസ്റ്റഡിയില് സൂക്ഷിക്കും. കുട്ടികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്ട്ടം ചെയ്യും. സാജുവിനെതിരെ കൊലക്കുറ്റം ചുമത്തുമെന്നും നിയമനടപടികള് സ്വീകരിക്കുമെന്നും പോലീസ് അഞ്ജുവിന്റെ കോട്ടയത്തുള്ള കുടുംബത്തെ അറിയിച്ചു.
അതേസമയം, ഫോണില് വിളിച്ച് സംസാരിക്കുമ്പോഴെല്ലാം മകള് ദുഖിതയായിരുന്നെന്ന് അഞ്ജുവിന്റെ പിതാവ് പറഞ്ഞു. ജോലി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ബ്രിട്ടനില് പോയ സാജുവിന് ജോലി കിട്ടാത്തതിന്റെ നിരാശയുണ്ടായിരുന്നു. നാട്ടിലേക്ക് പണം അയക്കാന് കഴിയാത്തതില് അഞ്ജുവും സാജുവും ദുഖിതരായിരുന്നെന്നും അശോകന് പറഞ്ഞു.
അഞ്ജുവിനെ മുമ്പും ഭര്ത്താവ് സാജു ക്രൂരമായി മര്ദ്ദിച്ചിരുന്നുവെന്ന് അഞ്ജുവിന്റെ അമ്മ. മകളെ ഉപദ്രപിച്ചിരുന്നത് നേരില് കണ്ടിട്ടുണ്ടെന്നും അന്ന് വസ്ത്രത്തില് കുത്തിപ്പിടിച്ച് മര്ദിക്കുകയായിരുന്നുവെന്നും കൃഷ്ണാമ്മ കരച്ചിലടക്കാനാവാതെ പറയുന്നു.
ഇക്കാര്യം അച്ഛനോട് പറയരുതെന്നും ആത്മഹത്യ ചെയ്യില്ലെന്നും അഞ്ജു പറഞ്ഞിരുന്നുവെന്നും കൃഷ്ണാമ്മ പറഞ്ഞു. ഇരുവരും സൗദിയിലായിരുന്നപ്പോള് സാജുവിനെ ഭയന്നാണ് താനും കഴിഞ്ഞിരുന്നതെന്നും കൃഷ്ണാമ്മ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അഞ്ജുവിനെയും മക്കളായ ജീവയെയും ജാന്വിയെയും കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്.
അഞ്ജുവിനെ സാജു ശ്വാസംമുട്ടിച്ചാണ് കൊന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു. അഞ്ജുവിന്റെയും സാജുവിന്റെയും പ്രണയവിവാഹമായിരുന്നു. 2012 ഓഗസ്റ്റ് 10ന് ഇരുവീട്ടുകാരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. തുടര്ന്ന് 7 വര്ഷം അഞ്ജു സൗദിയില് ജോലി ചെയ്തു. കഴിഞ്ഞ വര്ഷമാണ് ബ്രിട്ടനിലേക്ക് പോയത്.
ദമ്പതികള്ക്കിടയിലെ വഴക്കിനെ തുടര്ന്ന് നടുറോഡില് ഭര്ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കന്യാകുമാരി ജില്ലയിലെ തക്കലയില് ഇന്നലെ രാത്രി 11 ഓടെയായിരുന്നു സംഭവം. സംഭവത്തിന് ശേഷം വീട്ടില് പോയി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്ത്താവ് ആശുപത്രിയില് ചികിത്സയിലാണ്.
തക്കല അഴകിയ മണ്ഡപം തച്ചലോട് സ്വദേശി എബിനേസറാണ് (35), ഭാര്യ ജെബ ബെര്നിഷയെ (31) വെട്ടിക്കൊലപ്പെടുത്തിയത്. ഇവര്ക്ക് ജെബ ശോഭന്, ജെബ ആകാശ് എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്. എബിനേസര് ടെമ്പോ ഡ്രൈവറാണ്. ബെര്നിഷയെ കൊലപ്പെടുത്തിയ ശേഷം എബിനേസര് വീട്ടിലെത്തി ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശേഷം ഇയാള് തന്നെ കുഴിത്തുറ സര്ക്കാര് ആശുപത്രിയിലെത്തി ചികിത്സ തേടി. അവിടെ നിന്ന് തുടര്ചികിത്സയ്ക്കായി മാര്ത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ബെര്നിഷ കഴിഞ്ഞ മൂന്ന് മാസമായി തിരുവനന്തപുരത്തുള്ള സ്വകാര്യ സ്ഥാപനത്തില് ബ്യൂട്ടീഷന് കോഴ്സ് പഠിക്കുകയാണ്. ട്രെയിനില് ദിനവും തിരുവനന്തപുരത്ത് പോയി മടങ്ങി വരുന്നതായിരുന്നു പതിവ്. ബ്യൂട്ടീഷന് കോഴ്സ് പഠിക്കാന് പോയതിന് ശേഷം ബെര്നിഷയുടെ വസ്ത്രരീതിയില് മാറ്റം വന്നതിനെച്ചൊല്ലി ദമ്പതികള്ക്കിടയില് നിരന്തരം വഴക്കുണ്ടാകുന്നത് പതിവായിരുന്നു.
ഇതു സംബന്ധിച്ചുള്ള ഒത്തുതീര്പ്പിനായി ഇരുവരെയും ബെര്നിഷയുടെ പിതാവ് ജെബസിംഗ് മൂലച്ചലിലുള്ള ഇവരുടെ വീട്ടിലേക്ക് വിളിപ്പിച്ചു. ഒത്തുതീര്പ്പിന് ശേഷം എബിനേസറും ജെബ ബെര്നിഷയും ഒരുമിച്ച് വീട്ടിലേക്ക് പോകാനായി ഇറങ്ങിയെങ്കിലും പാരയ്ക്കോട് റോഡില് വച്ച് വീണ്ടും ഇവര്ക്കിടയില് വാക്കുതര്ക്കമുണ്ടാകുകയായിരുന്നു.
തുടര്ന്ന് ക്ഷുഭിതനായ എബിനേസര് ഷര്ട്ടിനുള്ളില് മറച്ച് വച്ചിരുന്ന അരിവാള് കൊണ്ട് ബെര്നിഷയെ വെട്ടുകയായിരുന്നു. ബെര്നിഷയുടെ നിലവിളി കേട്ട് നാട്ടുകാര് എത്തിയപ്പോഴേക്കും എബിനേസര് രക്ഷപ്പെട്ടിരുന്നു. തലയില് വെട്ടേറ്റ ബെര്നിഷ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തക്കല പോലീസ് മൃതദേഹം കൈപ്പറ്റി ഇന്ക്വസ്റ്റിനായി നാഗര്കോവില് ആശാരിപ്പള്ളം മെഡിക്കല് കോളേജ് ആശുപത്രിയില് എത്തിച്ചു. പ്രതി ആശുപത്രി വിട്ടയുടനെ അറസ്റ്റ് ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട് തക്കല പോലീസ് കേസെടുത്തു.
കടയ്ക്കാവൂരിൽ യുവതി ട്രെയിനിന് മുന്നിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ. മണമ്പൂർ പന്തടിവിള ഓംങ്കാരത്തിൽ ശശാങ്കന്റെയും അജിതയുടെയും മകൾ ശരണ്യയുടെ മരണത്തിലാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയത്. ഭർത്താവിന്റെ മാനസികപീഡനം മൂലമാണ് ശരണ്യ മരിച്ചതെന്നാണ് അവർ ആരോപിക്കുന്നത്. ശരണ്യയുടെ മൃതദേഹം ഇക്കഴിഞ്ഞ തിങ്കളാഴ്ച കടയ്ക്കാവൂരിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു.
2022 മെയ് 12നാണ് ചിറക്കര സ്വദേശി വിനോദുമായി ശരണ്യയുടെ വിവാഹം നടക്കുന്നത്. പാർതുകോണം ഭാരതീമംഗലം ഭഗവതി ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നത്. ശരണ്യയുടെ രണ്ടാം വിവാഹമായിരുന്നു. എന്നാൽ വിവാഹ ശേഷം ശരണ്യയെ സ്ത്രീധന കാര്യം പറഞ്ഞും അവിഹിത ബന്ധങ്ങൾ ആരോപിച്ചും ഭർത്താവ് മാനസികമായും ശരീരികമായും പീഡിപ്പിക്കാറുണ്ടായിരുന്നെന്നും ശരണ്യക്ക് സ്വന്തം വീട്ടിലേക്ക് വിളിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലായിരുന്നുവെന്നും ശരണ്യയുടെ മാതാവ് പറയുന്നു.
ശരണ്യയുടെ ആത്മഹത്യയ്ക്ക് തലേ ദിവസം ഭർത്താവിന്റെ ഫോണിൽ കണ്ട മറ്റൊരു സ്ത്രീയുമായുള്ള ചിത്രത്തെ കുറിച്ച് ശരണ്യ ചോദ്യം ചെയ്യുകയും അതുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടായെന്നും അമ്മ അജിത പറയുന്നു.
28 കാരിയായ ശരണ്യ പഠിത്തത്തിൽ ഏറെ മിടുക്കിയായിരുന്നു. എംബിഎ മികച്ച മാർക്കോടെ പൂർത്തിയാക്കിയ ശരണ്യ കൊല്ലത്ത് ഐ.എൽ.ടി.എസ് കോച്ചിങ്ങിനു പോകുകയായിരുന്നു. സംഭവ ദിവസം പതിവ് പോലെ കൊല്ലത്ത് പോകാൻ ചാത്തന്നൂരിൽ ഭർത്താവുമായി എത്തിയ ശേഷം ശരണ്യ ബസിൽ കയറി പോയി.
എന്നാൽ ഫോൺ സ്വിച്ചു ഓഫ് ആക്കി ശരണ്യ നേരെ വക്കത്തുള്ള കൊച്ചച്ചന്റെ വീട്ടിലേക്ക് പോയി. എന്നാൽ വീട്ടിൽ ആളില്ലായിരുന്നു. പിന്നീടാണ് ശരണ്യയുടെ മരണ വാർത്ത വീട്ടിൽ എത്തുന്നത്. ശരണ്യയുടെ പിതാവും സഹോദരനും വിദേശത്ത് ജോലി നോക്കുന്നവരാണ്. വിവാഹത്തിന് ഇരുവരും നാട്ടിൽ ഇല്ലായിരുന്നു. ഇപ്പോൾ മരണവാർത്ത അറിഞ്ഞാണ് സഹോദരൻ നാട്ടിൽ എത്തിയത്. വിവാഹശേഷം തന്നെ ഒന്ന് വിളിക്കാൻ പോലും ശരണ്യക്ക് ഭർത്താവ് അനുവാദം നൽകിയിരുന്നില്ല എന്ന് സഹോദരൻ ശരത് പറയുന്നു
മരണത്തിൽ ദുരൂഹത ഉണ്ടെന്നും അതിനാൽ അന്വേഷണം നടത്തി നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.